വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തുമസ്സ്‌ അതിന്റെ പോക്ക്‌ എങ്ങോട്ട്‌?

ക്രിസ്‌തുമസ്സ്‌ അതിന്റെ പോക്ക്‌ എങ്ങോട്ട്‌?

ക്രിസ്‌തുമസ്സ്‌ അതിന്റെ പോക്ക്‌ എങ്ങോട്ട്‌?

പത്തു വർഷം മുമ്പ്‌, ഇതേ മാസത്തെ യു.എസ്‌.ന്യൂസ്‌ & വേൾഡ്‌ റിപ്പോർട്ട്‌ മാസികയിൽ “ക്രിസ്‌തുമസ്സിന്റെ വേരുകൾ തേടി” എന്ന ആമുഖ ലേഖനം പ്രത്യക്ഷപ്പെടുകയുണ്ടായി. ക്രിസ്‌തുമസ്സ്‌ “ഏറെ വിശുദ്ധമായ, അത്ര വാണിജ്യപരമല്ലാത്ത” ഒന്നായി മാറിക്കൊണ്ടിരിക്കുന്നുവോ എന്നതിനെക്കുറിച്ചായിരുന്നു ആ ലേഖനം. എന്നാൽ കാര്യങ്ങൾ ആ വഴിക്കാണോ പോകുന്നത്‌?

നാം അതു പ്രതീക്ഷിക്കരുതാത്തതിന്റെ കാരണങ്ങൾ ആ ലേഖനം വിശകലനം ചെയ്‌തു. അത്‌ ഇപ്രകാരം പ്രസ്‌താവിച്ചു: “നാലാം നൂറ്റാണ്ടിൽ . . . കോൺസ്റ്റന്റയ്‌ൻ റോമിന്റെ ചക്രവർത്തിയാകുന്നതുവരെ, ക്രിസ്‌തുവിന്റെ ജന്മദിനം ഔദ്യോഗികമായി ആഘോഷിച്ചതായുള്ള രേഖകളൊന്നുമില്ല. . . .  യേശു ജനിച്ചത്‌ എപ്പോഴെന്ന്‌ കൃത്യമായി ആർക്കും അറിയില്ലായിരുന്നു എന്നതിന്റെ ഒരു സൂചനയാണിത്‌.” “വർഷം ഏതാണെന്നു സുവിശേഷങ്ങൾ വെളിപ്പെടുത്താത്ത സ്ഥിതിക്ക്‌ മാസത്തിന്റെയും ദിവസത്തിന്റെയും കാര്യം പറയേണ്ടതില്ലല്ലോ?” എന്ന്‌ ഈ ലേഖനം കൂട്ടിച്ചേർക്കുന്നു. ടെക്‌സാസ്‌ സർവകലാശാലയിലെ ഒരു ചരിത്രകാരി പറയുന്നതനുസരിച്ച്‌ “ആദിമ ക്രിസ്‌ത്യാനികൾ ക്രിസ്‌തുവിന്റെ ജനനം ആഘോഷിക്കുന്നതിൽ യാതൊരു താത്‌പര്യവും കാണിച്ചിരുന്നില്ല.”

“മെനഞ്ഞെടുത്ത ഒന്ന്‌” എന്ന ഉപതലക്കെട്ടിൻ കീഴിൽ “സഭ എങ്ങനെയാണ്‌ ഡിസംബർ 25 തിരഞ്ഞെടുത്തത്‌” എന്നു ചർച്ച ചെയ്‌തിട്ടുണ്ട്‌. ആ ലേഖനം ഇങ്ങനെ സമ്മതിച്ചു പറയുന്നു: “സാറ്റർനേലിയയും മറ്റു വിജാതീയ ആഘോഷങ്ങളും ‘ക്രിസ്‌തീയവത്‌കരി’ച്ചതിന്റെ ഫലമാണ്‌ ഈ വിശുദ്ധ ദിവസം എന്ന വീക്ഷണമാണു പരക്കെ അംഗീകരിക്കപ്പെടുന്നത്‌.” “ആളുകൾ ആഘോഷങ്ങൾ കൊണ്ടാടി ശീലിച്ച ഡിസംബർ അവസാനത്തോടെ ക്രിസ്‌തുമസ്സ്‌ ക്രമീകരിച്ചുകൊണ്ട്‌ രക്ഷകന്റെ ജനനം വ്യാപകമായി ആഘോഷിക്കപ്പെടുന്നു എന്ന്‌ മത നേതാക്കൾ ഉറപ്പു വരുത്തി.” 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, സമ്മാനങ്ങൾ കൈമാറുന്നത്‌ ക്രിസ്‌തുമസ്സിന്റെ മുഖ്യ സവിശേഷതയായിത്തീർന്നു. “ക്രിസ്‌തുമസ്സ്‌ കാലത്തെ, സമ്മാനം നൽകുന്ന ഈ രീതി വൻതോതിലുള്ള കച്ചവടത്തിനു വേദിയൊരുക്കി, അങ്ങനെ കച്ചവടക്കാരും പരസ്യക്കാരും താമസംവിനാ ഈ ആഘോഷത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു.”

അതുകൊണ്ടുതന്നെ ക്രിസ്‌തുമസ്സ്‌ വിശുദ്ധമായ ക്രിസ്‌ത്യാനിത്വത്തിന്റെ പാതയിൽനിന്ന്‌ അകലേക്കല്ലാതെ മറ്റെവിടേക്കെങ്കിലും പോകുമെന്നു വിശ്വസിക്കാൻ യാതൊരു കാരണവുമില്ല. അതേ, ആധുനിക ക്രിസ്‌തുമസ്സ്‌, “വാണിജ്യത്തിമർപ്പിൽ” മതിമറന്നിരിക്കുകയാണ്‌. എന്നാൽ സത്യക്രിസ്‌ത്യാനികൾ ഒരിക്കലും യേശുവിന്റെ ജനനം ആഘോഷിക്കാൻ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണു വാസ്‌തവം. മരിച്ച്‌, സ്വർഗത്തിലേക്ക്‌ ഉയിർപ്പിക്കപ്പെടുകവഴി ക്രിസ്‌തു പ്രദാനംചെയ്‌ത മറുവിലയ്‌ക്കാണു ബൈബിൾ ഊന്നൽ നൽകുന്നത്‌. (മത്തായി 20:28) വരുംകാലങ്ങളിലെല്ലാം, പ്രാധാന്യമർഹിക്കുന്ന ഒന്നായി അതു നിലകൊള്ളും.