വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“തന്നോടു യാചിക്കുന്നവർക്കു” യഹോവ “പരിശുദ്ധാത്മാവിനെ” കൊടുക്കുന്നു

“തന്നോടു യാചിക്കുന്നവർക്കു” യഹോവ “പരിശുദ്ധാത്മാവിനെ” കൊടുക്കുന്നു

“തന്നോടു യാചിക്കുന്നവർക്കു” യഹോവ “പരിശുദ്ധാത്മാവിനെ” കൊടുക്കുന്നു

“ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.”​—⁠ലൂക്കൊസ്‌ 11:13.

1. പരിശുദ്ധാത്മാവിന്റെ സഹായം നമുക്കു വിശേഷാൽ ആവശ്യമായിരിക്കുന്നത്‌ എപ്പോൾ?

‘തനിയെ എനിക്കിതു നേരിടാനാവില്ല. പരിശുദ്ധാത്മാവിന്റെ സഹായത്താൽ മാത്രമേ ഈ പരിശോധന സഹിച്ചുനിൽക്കാൻ എനിക്കു കഴിയൂ!’ നിങ്ങൾ എന്നെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടോ? മിക്ക ക്രിസ്‌ത്യാനികളും ആത്മാർഥമായ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്‌. ഗുരുതരമായ ഒരു രോഗം പിടിപെട്ടപ്പോഴോ എല്ലാമെല്ലാമായിരുന്ന ജീവിതസഖി മരണമടഞ്ഞപ്പോഴോ സന്തോഷഭരിതമായിരുന്ന ജീവിതത്തിൽ വിഷാദത്തിന്റെ കാർമേഘങ്ങൾ നിഴൽ വീഴ്‌ത്തിയപ്പോഴോ ആയിരിക്കാം നിങ്ങൾ അങ്ങനെ പറഞ്ഞിട്ടുള്ളത്‌. യഹോവയുടെ പരിശുദ്ധാത്മാവ്‌ “അത്യന്തശക്തി” പ്രദാനം ചെയ്‌തതുകൊണ്ടുമാത്രമാണ്‌ വിഷമസന്ധികളിൽ പിടിച്ചുനിൽക്കാനായതെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടാകാം.​—⁠2 കൊരിന്ത്യർ 4:7-9; സങ്കീർത്തനം 40:1, 2.

2. (എ) സത്യക്രിസ്‌ത്യാനികൾ ഏതു വെല്ലുവിളികൾ നേരിടുന്നു? (ബി) ഈ ലേഖനത്തിൽ നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?

2 ഈ അഭക്ത ലോകത്തിൽ സത്യക്രിസ്‌ത്യാനികൾ നേരിടുന്ന സമ്മർദവും എതിർപ്പും അനുദിനം വർധിക്കുകയാണ്‌. (1 യോഹന്നാൻ 5:19) കൂടാതെ, “ദൈവകല്‌പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായ”വർക്കെതിരെ ഉഗ്രമായി യുദ്ധംചെയ്യുന്ന പിശാചായ സാത്താനിൽനിന്നും അവർ ആക്രമണം നേരിടുന്നു. (വെളിപ്പാടു 12:12, 17) അതുകൊണ്ടുതന്നെ നമുക്കു ദൈവാത്മാവിന്റെ സഹായം മുമ്പെന്നത്തേതിലും ആവശ്യമാണ്‌. തുടർന്നും ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ സമൃദ്ധമായി ലഭിക്കുന്നുവെന്ന്‌ ഉറപ്പുവരുത്താൻ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും? പരിശോധനാഘട്ടങ്ങളിൽ, ആവശ്യമായ ശക്തി പ്രദാനം ചെയ്യാൻ യഹോവ അങ്ങേയറ്റം മനസ്സൊരുക്കമുള്ളവനാണെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌? യേശു പറഞ്ഞ രണ്ടു ദൃഷ്ടാന്തങ്ങളിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനാകും.

മടുത്തുപോകാതെ തുടർച്ചയായി പ്രാർഥിക്കുക

3, 4. യേശു ഏതു ദൃഷ്ടാന്തം പറഞ്ഞു, പ്രാർഥനയുടെ കാര്യത്തിൽ അവൻ അതു ബാധകമാക്കിയത്‌ എങ്ങനെ?

3 ‘കർത്താവേ ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ’ എന്ന്‌ യേശുവിന്റെ ഒരു ശിഷ്യൻ ഒരിക്കൽ അവനോട്‌ അഭ്യർഥിച്ചു. (ലൂക്കൊസ്‌ 11:⁠1) മറുപടിയായി, പരസ്‌പരം ബന്ധപ്പെട്ട രണ്ടു ദൃഷ്ടാന്തങ്ങൾ അവൻ ശിഷ്യന്മാരോടു പറഞ്ഞു. ആദ്യത്തേത്‌ ഒരു അതിഥിക്ക്‌ ആതിഥ്യമരുളുന്ന വ്യക്തിയെക്കുറിച്ചും രണ്ടാമത്തേത്‌ മകൻ ചോദിക്കുന്ന കാര്യങ്ങൾ കൊടുക്കുന്ന ഒരു പിതാവിനെക്കുറിച്ചും ഉള്ളതായിരുന്നു. ഇവയോരോന്നും നമുക്കിപ്പോൾ പരിചിന്തിക്കാം.

4 യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്‌നേഹിതൻ ഉണ്ടു എന്നിരിക്കട്ടെ; അവൻ അർദ്ധരാത്രിക്കു അവന്റെ അടുക്കൽ ചെന്നു: സ്‌നേഹിതാ, എനിക്കു മൂന്നപ്പം വായ്‌പ തരേണം; എന്റെ ഒരു സ്‌നേഹിതൻ വഴിയാത്രയിൽ എന്റെ അടുക്കൽ വന്നു; അവന്നു വിളമ്പിക്കൊടുപ്പാൻ എന്റെ പക്കൽ ഏതും ഇല്ല എന്നു അവനോടു പറഞ്ഞാൽ: എന്നെ പ്രയാസപ്പെടുത്തരുതു; കതകു അടെച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാൻ എനിക്കു കഴികയില്ല എന്നു അകത്തുനിന്നു ഉത്തരം പറഞ്ഞാലും അവൻ സ്‌നേഹിതനാകകൊണ്ടു എഴുന്നേറ്റു അവന്നു കൊടുക്കയില്ലെങ്കിലും അവൻ ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റു അവന്നു വേണ്ടുന്നെടത്തോളം കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” തുടർന്ന്‌ പ്രാർഥനയുടെ കാര്യത്തിൽ ഈ ദൃഷ്ടാന്തം ബാധകമാകുന്നത്‌ എങ്ങനെയെന്നു വിശദീകരിച്ചുകൊണ്ട്‌ യേശു പറയുന്നു: “യാചിച്ചുകൊണ്ടിരിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിച്ചുകൊണ്ടിരിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടിരിപ്പിൻ എന്നാൽ നിങ്ങൾക്കു തുറക്കും. യാചിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കപ്പെടും.”​—⁠ലൂക്കൊസ്‌ 11:5-10, NW.

5. യേശു പറഞ്ഞ ദൃഷ്ടാന്തത്തിലെ മനുഷ്യനിൽനിന്ന്‌ പ്രാർഥിക്കുമ്പോൾ നമുക്കുണ്ടായിരിക്കേണ്ട മനോഭാവത്തെക്കുറിച്ചു നാം എന്തു പഠിക്കുന്നു?

5 പ്രാർഥിക്കുമ്പോൾ നമുക്കുണ്ടായിരിക്കേണ്ട മനോഭാവം എന്തായിരിക്കണമെന്ന്‌, ആഗ്രഹിച്ചതു ലഭിക്കുന്നതുവരെയും അപേക്ഷിച്ചുകൊണ്ടിരുന്ന ഒരു മനുഷ്യനെക്കുറിച്ചുള്ള ജീവസ്സുറ്റ ഈ ദൃഷ്ടാന്തം പ്രകടമാക്കുന്നു. “ലജ്ജകൂടാതെ മുട്ടിക്കനിമിത്തം” തനിക്ക്‌ ആവശ്യമായതു നേടുന്നതിൽ ആ മനുഷ്യൻ വിജയിക്കുന്നുവെന്ന്‌ യേശു പറയുന്നതു ശ്രദ്ധിക്കുക. (ലൂക്കൊസ്‌ 11:8) “ലജ്ജകൂടാതെ” എന്നതിനു സാധാരണഗതിയിൽ മോശമായ ഒരു ധ്വനിയാണുള്ളത്‌. എന്നിരുന്നാലും നല്ലൊരു കാര്യത്തിനായി ലജ്ജകൂടാതെ നിർബന്ധം പിടിക്കുന്നത്‌ അഭിനന്ദനാർഹമാണ്‌. ദൃഷ്ടാന്തത്തിലെ ആതിഥേയന്റെ കാര്യത്തിൽ ഇതു സത്യമാണ്‌. ആവശ്യമുള്ള ഒരു കാര്യത്തിനുവേണ്ടി വീണ്ടുംവീണ്ടും ചോദിക്കുന്നതിൽ അവനു തെല്ലും ലജ്ജ തോന്നുന്നില്ല. യേശു ഈ വ്യക്തിയെ നമുക്കുള്ള ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കുന്നതിനാൽ, അതേപോലെ മടുത്തുപോകാതെ തുടർച്ചയായി നാം പ്രാർഥിക്കേണ്ടതുണ്ട്‌. നാം തുടർച്ചയായി ‘യാചിക്കുകയും അന്വേഷിക്കുകയും മുട്ടുകയും’ ചെയ്യണമെന്നാണ്‌ യഹോവയുടെ ആഗ്രഹം. അപ്പോൾ അവൻ “തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ” കൊടുക്കും.

6. യേശുവിന്റെ നാളിൽ, ആതിഥ്യമരുളുന്ന രീതി എങ്ങനെ വീക്ഷിക്കപ്പെട്ടിരുന്നു?

6 നാം മടുത്തുപോകാതെ തുടർച്ചയായി പ്രാർഥിക്കണമെന്നു മാത്രമല്ല, എന്തുകൊണ്ട്‌ അങ്ങനെ ചെയ്യണമെന്നും യേശു നമുക്കു കാണിച്ചുതരുന്നു. ആ ദൃഷ്ടാന്തം ശ്രദ്ധിച്ചവർ, ആതിഥ്യമരുളുന്ന സമ്പ്രദായത്തെ എങ്ങനെ വീക്ഷിച്ചിരുന്നുവെന്നു മനസ്സിലാക്കിയാൽ മാത്രമേ ഇതു പൂർണമായി ഗ്രഹിക്കാൻ നമുക്കു കഴിയൂ. അതിഥികളെ സത്‌കരിക്കുകയെന്നത്‌ ബൈബിൾ കാലങ്ങളിൽ, പ്രത്യേകിച്ചു ദൈവദാസർക്കിടയിൽ സുപ്രധാനമായ ഒരു സമ്പ്രദായമായിരുന്നുവെന്ന്‌ അനേകം തിരുവെഴുത്തു ഭാഗങ്ങൾ പ്രകടമാക്കുന്നു. (ഉല്‌പത്തി 18:2-5; എബ്രായർ 13:2) അങ്ങനെ ചെയ്യാതിരിക്കുന്നത്‌ അപമാനകരമായിരുന്നു. (ലൂക്കൊസ്‌ 7:36-38, 44-46) ഇതു മനസ്സിൽ പിടിച്ചുകൊണ്ട്‌ ഈ കഥ നമുക്ക്‌ ഒന്നുകൂടി പരിശോധിക്കാം.

7. ദൃഷ്ടാന്തത്തിലെ ആതിഥേയന്‌ അവന്റെ സ്‌നേഹിതനെ വിളിച്ചെഴുന്നേൽപ്പിക്കുന്നതിൽ ലജ്ജ തോന്നാഞ്ഞത്‌ എന്തുകൊണ്ട്‌?

7 യേശു പറഞ്ഞ ദൃഷ്ടാന്തത്തിലെ ആതിഥേയന്റെ സ്‌നേഹിതൻ എത്തുന്നത്‌ പാതിരാത്രിയിലാണ്‌. എങ്ങനെയും അതിഥിക്കു ഭക്ഷണം നൽകണമെന്ന്‌ അവന്റെ മനസ്സു പറയുന്നു. എന്നാൽ “വിളമ്പിക്കൊടുപ്പാൻ [അവന്റെ] പക്കൽ ഏതും ഇല്ല”​—⁠അവനെ സംബന്ധിച്ചിടത്തോളം, അടിയന്തിരമായ ഒരു സാഹചര്യംതന്നെ! എങ്ങനെയും ഭക്ഷണം കണ്ടെത്തിയേ തീരൂ. അതുകൊണ്ട്‌ അവൻ ഒരു സുഹൃത്തിന്റെ അടുത്തുചെന്ന്‌ നിസ്സങ്കോചം അവനെ വിളിച്ചെഴുന്നേൽപ്പിക്കുന്നു. “സ്‌നേഹിതാ, എനിക്കു മൂന്നപ്പം വായ്‌പ തരേണം,” അവൻ വിളിച്ചുപറയുന്നു. അപ്പം ലഭിക്കുന്നതുവരെയും അവൻ ചോദിച്ചുകൊണ്ടിരിക്കുന്നു. അതു കിട്ടിക്കഴിഞ്ഞാൽ മാത്രമേ ആതിഥേയനെന്ന നിലയിൽ അവനു തലയുയർത്തി നിൽക്കാനാവൂ!

അധികം ആവശ്യമുള്ളതിനായി അധികം ചോദിക്കുന്നു

8. പരിശുദ്ധാത്മാവിനായി തുടർച്ചയായി യാചിക്കാൻ നമ്മെ എന്തു പ്രേരിപ്പിക്കും?

8 നാം മടുത്തുപോകാതെ തുടർച്ചയായി പ്രാർഥിക്കേണ്ടതിന്റെ കാരണം എന്താണെന്നാണ്‌ ഈ ദൃഷ്ടാന്തം പ്രകടമാക്കുന്നത്‌? വിളമ്പിക്കൊടുക്കാൻ തന്റെ പക്കൽ ഭക്ഷണം ഉണ്ടെങ്കിൽമാത്രമേ, ആതിഥേയനെന്ന നിലയിലുള്ള കടമ നിറവേറ്റാൻ തനിക്കാവു എന്നു വ്യക്തമായി അറിയാമായിരുന്നതിനാൽ അവൻ കൂട്ടുകാരനോട്‌ അപ്പം ചോദിച്ചുകൊണ്ടേയിരുന്നു. (യെശയ്യാവു 58:5-7) അതില്ലാതിരിക്കുന്നത്‌ അവന്‌ അപമാനമാണ്‌. സമാനമായി, സത്യക്രിസ്‌ത്യാനികളെന്ന നിലയിൽ നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ ദൈവത്തിന്റെ ആത്മാവ്‌ അത്യന്താപേക്ഷിതമാണെന്നു തിരിച്ചറിയുന്നതിനാൽ അതിനായി നാം ദൈവത്തോടു നിരന്തരം പ്രാർഥിക്കുന്നു. (സെഖര്യാവു 4:6) അതില്ലാഞ്ഞാൽ നമുക്കു വിജയിക്കാനാവില്ല. (മത്തായി 26:41) ഈ ദൃഷ്ടാന്തത്തിൽനിന്നു പഠിക്കാനാകുന്ന സുപ്രധാന ആശയം നിങ്ങൾക്കിപ്പോൾ കാണാൻ കഴിയുന്നുണ്ടോ? ദൈവത്തിന്റെ ആത്മാവ്‌ നമുക്ക്‌ അടിയന്തിരമായി ആവശ്യമായിരിക്കുന്ന ഒന്നായി നാം വീക്ഷിക്കുന്നപക്ഷം, അതു ലഭിക്കുന്നതുവരെ തുടർച്ചയായി യാചിക്കാൻ നാം മനസ്സുള്ളവരായിരിക്കും.

9, 10. (എ) പരിശുദ്ധാത്മാവിനായി യാചിക്കുന്നതിൽ നാം മടുത്തുപോകരുതെന്നു കാണിക്കുന്ന ഒരു ദൃഷ്ടാന്തം പറയുക. (ബി) നമ്മോടുതന്നെ നാം ഏതു ചോദ്യം ചോദിക്കണം, എന്തുകൊണ്ട്‌?

9 ഈ ആശയം ഏറെ മെച്ചമായി മനസ്സിലാക്കാൻ, സുപരിചിതമായ ഒരു സാഹചര്യമെടുക്കുക. അർധരാത്രിയിൽ കുടുംബത്തിൽ ഒരാൾക്കു സുഖമില്ലാതാകുന്നുവെന്നു കരുതുക. ഉടൻതന്നെ നിങ്ങൾ പോയി ഒരു ഡോക്ടറെ വിളിച്ചെഴുന്നേൽപ്പിക്കുമോ? അസുഖം ഗുരുതരമല്ലെങ്കിൽ നിങ്ങൾ അതിനു മുതിരുകയില്ല. എന്നാൽ ഹൃദയാഘാതമാണെങ്കിലോ? ഡോക്ടറെ എഴുന്നേൽപ്പിക്കാൻ നിങ്ങൾക്കു യാതൊരു സങ്കോചവും തോന്നുകയില്ല. എന്തുകൊണ്ട്‌? സാഹചര്യം അത്ര അടിയന്തിരമാണ്‌. വൈദ്യസഹായം അത്യാവശ്യമാണെന്നു നിങ്ങൾക്കറിയാം. ഡോക്ടറെ കാണിച്ചില്ലെങ്കിൽ രോഗി മരിച്ചുപോയേക്കാം. സമാനമായി, ഇന്നു ക്രിസ്‌ത്യാനികൾ ഒരർഥത്തിൽ എപ്പോഴും ഒരു അടിയന്തിര സാഹചര്യത്തിലാണ്‌. “അലറുന്ന സിംഹം എന്നപോലെ” സാത്താൻ നമ്മെ വിഴുങ്ങാൻ ചുറ്റിനടക്കുന്നു. (1 പത്രൊസ്‌ 5:8) ആത്മീയമായി ഉണർവുള്ളവരായിരിക്കാൻ ദൈവാത്മാവിന്റെ സഹായം അനിവാര്യമാണ്‌. ദൈവത്തിന്റെ സഹായത്തിനായി യാചിക്കാതിരിക്കുന്നതു വിപത്‌കരമായിരിക്കും. അതുകൊണ്ട്‌ അവന്റെ ആത്മാവിനായി നാം തുടർച്ചയായി പ്രാർഥിക്കുന്നു. (എഫെസ്യർ 3:14-16) അങ്ങനെ ചെയ്‌താൽ മാത്രമേ, “അവസാനത്തോളം സഹിച്ചു”നിൽക്കാൻ ആവശ്യമായ ശക്തി നമുക്കുണ്ടായിരിക്കുകയുള്ളൂ.​—⁠മത്തായി 10:22; 24:13.

10 അതുകൊണ്ട്‌ ‘ഞാൻ മടുത്തുപോകാതെ പ്രാർഥിക്കുന്നുണ്ടോ?’ എന്ന്‌ ഇടയ്‌ക്കൊക്കെ നാം ചിന്തിക്കുന്നതു പ്രധാനമാണ്‌. ദൈവസഹായം ആവശ്യമാണെന്നു ബോധ്യമുള്ളപ്പോൾ, പരിശുദ്ധാത്മാവിനുവേണ്ടി നാം തുടർച്ചയായി പ്രാർഥിക്കും.

ബോധ്യത്തോടെ പ്രാർഥിക്കാൻ നമ്മെ എന്തു പ്രേരിപ്പിക്കുന്നു?

11. ഒരു പിതാവിന്റെയും പുത്രന്റെയും ദൃഷ്ടാന്തം യേശു പ്രാർഥനയുടെ കാര്യത്തിൽ ബാധകമാക്കിയത്‌ എങ്ങനെ?

11 ആഗ്രഹിച്ചതു ലഭിക്കുന്നതുവരെയും അപേക്ഷിച്ചുകൊണ്ടിരുന്ന ആതിഥേയനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം, പ്രാർഥിക്കുന്ന വ്യക്തിക്ക്‌​—⁠വിശ്വാസിക്ക്‌​—⁠ഉണ്ടായിരിക്കേണ്ട മനോഭാവം എടുത്തുകാട്ടുന്നു. അടുത്ത ദൃഷ്ടാന്തമാകട്ടെ, പ്രാർഥന കേൾക്കുന്നവന്റെ​—⁠യഹോവയാം ദൈവത്തിന്റെ​—⁠മനോഭാവം പ്രദീപ്‌തമാക്കുന്നു. യേശു ഇങ്ങനെ ചോദിച്ചു: “എന്നാൽ നിങ്ങളിൽ ഒരു അപ്പനോടു മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ? മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ?” ആശയം വ്യക്തമാക്കിക്കൊണ്ട്‌ അവൻ തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.”​—⁠ലൂക്കൊസ്‌ 11:11-13.

12. പിതാവ്‌ മകന്റെ അപേക്ഷ കേൾക്കുന്നതു സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തം, നമ്മുടെ പ്രാർഥനകൾ കേൾക്കാനുള്ള യഹോവയുടെ മനസ്സൊരുക്കം പ്രദീപ്‌തമാക്കുന്നത്‌ എങ്ങനെ?

12 പുത്രന്റെ അപേക്ഷ കേൾക്കുന്ന പിതാവിനെക്കുറിച്ചുള്ള ഈ ദൃഷ്ടാന്തത്തിന്റെ സഹായത്താൽ, യഹോവയോടു പ്രാർഥിക്കുന്നവരോട്‌ അവൻ എങ്ങനെയാണു പ്രതികരിക്കുന്നതെന്ന്‌ യേശു വെളിപ്പെടുത്തുന്നു. (ലൂക്കൊസ്‌ 10:22) ആദ്യംതന്നെ രണ്ടു ദൃഷ്ടാന്തങ്ങൾക്കുമിടയിലുള്ള വ്യത്യാസങ്ങൾ നോക്കുക. ആദ്യത്തെ ദൃഷ്ടാന്തത്തിലെ, തന്നെ സമീപിച്ച സ്‌നേഹിതനെ സഹായിക്കാൻ വിമുഖത കാണിച്ച വ്യക്തിയെപ്പോലെയല്ല യഹോവ. ഒരു കുട്ടിയുടെ ആവശ്യങ്ങൾ സസന്തോഷം നിറവേറ്റുന്ന കരുതലുള്ള ഒരു പിതാവിനെപ്പോലെയാണ്‌ അവൻ. (സങ്കീർത്തനം 50:15) ഈ വിധത്തിൽ ഒരു മാനുഷ പിതാവിനെ യഹോവയുമായി വിപരീത താരതമ്യം ചെയ്‌തുകൊണ്ട്‌ നമ്മെ സഹായിക്കാനുള്ള യഹോവയുടെ മനസ്സൊരുക്കം യേശു തുറന്നുകാട്ടുന്നു. അവകാശപ്പെടുത്തിയ പാപം മൂലം ‘ദോഷി’യാണെങ്കിൽകൂടി ഒരു മനുഷ്യൻ തന്റെ മകനു നല്ല ദാനം നൽകുന്നുവെങ്കിൽ, ഉദാരമതിയായ സ്വർഗീയ പിതാവ്‌ തന്നെ ആരാധിക്കുന്ന തന്റെ മക്കൾക്കു പരിശുദ്ധാത്മാവിനെ നൽകുമെന്നു നമുക്ക്‌ എത്രയധികം പ്രതീക്ഷിക്കാൻ കഴിയുമെന്ന്‌ അവൻ പറയുന്നു!​—⁠യാക്കോബ്‌ 1:17.

13. പ്രാർഥിക്കുമ്പോൾ ഏതു കാര്യത്തിൽ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും?

13 ഇതു നൽകുന്ന പാഠം എന്താണ്‌? പരിശുദ്ധാത്മാവിനുവേണ്ടി നാം നമ്മുടെ സ്വർഗീയ പിതാവിനോടു യാചിക്കുമ്പോൾ നമ്മുടെ അപേക്ഷ സാധിച്ചുതരാൻ അവൻ അങ്ങേയറ്റം മനസ്സൊരുക്കമുള്ളവനാണെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. (1 യോഹന്നാൻ 5:14) വീണ്ടും വീണ്ടും നാം അവനോടു പ്രാർഥിക്കുമ്പോൾ, “എന്നെ പ്രയാസപ്പെടുത്തരുതു; കതകു അടെച്ചിരിക്കുന്നു” എന്നൊന്നും അവൻ ഒരിക്കലും നമ്മോടു പറയുകയില്ല. (ലൂക്കൊസ്‌ 11:7) യഥാർഥത്തിൽ മറിച്ചാണു സംഭവിക്കുക. “യാചിച്ചുകൊണ്ടിരിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിച്ചുകൊണ്ടിരിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടിരിപ്പിൻ എന്നാൽ നിങ്ങൾക്കു തുറക്കും” എന്ന്‌ യേശു പറഞ്ഞത്‌ ഓർക്കുക. (ലൂക്കൊസ്‌ 11:9, 10, NW) അതേ, “[നമ്മൾ] വിളിക്കും നാളിൽ” യഹോവ നമുക്ക്‌ ‘ഉത്തരം തരും’.​—⁠സങ്കീർത്തനം 20:​9, ഗുണ്ടർട്ട്‌ ബൈബിൾ; സങ്കീർത്തനം 145:18.

14. (എ) പരിശോധനകൾ നേരിടുന്ന ചിലരെ തെറ്റായ ഏതു ചിന്ത വേട്ടയാടുന്നു? (ബി) പരിശോധനകൾ നേരിടുമ്പോൾ നമുക്കു യഹോവയോടു ബോധ്യത്തോടെ പ്രാർഥിക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

14 ഏതൊരു മാനുഷ പിതാവു പ്രകടമാക്കുന്ന നന്മയെക്കാൾ അത്യന്തം വലുതാണ്‌ യഹോവയുടെ നന്മയെന്നും, കരുതലുള്ള പിതാവിനെ സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തം ഊന്നിപ്പറയുന്നു. അതുകൊണ്ട്‌, നാം ഒരുപക്ഷേ നേരിട്ടുകൊണ്ടിരിക്കുന്ന പരിശോധനകൾ ദൈവത്തിനു നമ്മോടുള്ള അപ്രീതിയുടെ പ്രകടനമാണെന്നു നമ്മിലാരും ഒരിക്കലും വിചാരിക്കരുത്‌. നാം ആ വിധത്തിൽ ചിന്തിക്കാൻ ആഗ്രഹിക്കുന്നത്‌ നമ്മുടെ മുഖ്യ ശത്രുവായ സാത്താനാണ്‌. (ഇയ്യോബ്‌ 4:1, 7, 8; യോഹന്നാൻ 8:44) സ്വയം കുറ്റപ്പെടുത്തുന്ന അത്തരമൊരു മനോഭാവം പ്രകടമാക്കുന്നതിന്‌ തിരുവെഴുത്തുകളിൽ യാതൊരു അടിസ്ഥാനവുമില്ല. യഹോവ നമ്മെ “ദോഷങ്ങളാൽ” പരീക്ഷിക്കുന്നില്ല. (യാക്കോബ്‌ 1:13) ഒരു പിതാവ്‌ തന്റെ മകന്‌ ഉപദ്രവകാരികളായ പാമ്പിനെയോ തേളിനെയോ കൊടുക്കുകയില്ലാത്തതുപോലെ യഹോവ നമുക്കു ദ്രോഹകരമായ പരിശോധനകളും മറ്റും വരുത്തുന്നില്ല. “തന്നോട്‌ അപേക്ഷിക്കുന്നവർക്കു നല്ല ദാനങ്ങൾ” നൽകുന്നവനാണ്‌ നമ്മുടെ സ്വർഗീയ പിതാവ്‌. (മത്തായി 7:​11, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം; ലൂക്കൊസ്‌ 11:13) യഹോവയുടെ നന്മയും നമ്മെ സഹായിക്കാനുള്ള അവന്റെ മനസ്സൊരുക്കവും നാം എത്രയധികം വിലമതിക്കുന്നുവോ അത്രയധികം ബോധ്യത്തോടെ പ്രാർഥിക്കാൻ നാം പ്രേരിതരായിത്തീരും. അപ്പോൾ, “ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു” എന്ന്‌ എഴുതിയ സങ്കീർത്തനക്കാരന്റെ വാക്കുകൾ ഏറ്റുപറയാൻ നമുക്കും കഴിയും.​—⁠സങ്കീർത്തനം 10:17; 66:19.

പരിശുദ്ധാത്മാവ്‌ നമ്മെ സഹായിക്കുന്ന വിധം

15. (എ) പരിശുദ്ധാത്മാവിനോടുള്ള ബന്ധത്തിൽ യേശു എന്തു വാഗ്‌ദാനം ചെയ്‌തു? (ബി) പരിശുദ്ധാത്മാവ്‌ നമ്മെ സഹായിക്കുന്ന ഒരു വിധം ഏത്‌?

15 മേൽപ്പറഞ്ഞ രണ്ടു ദൃഷ്ടാന്തങ്ങളിലും യേശു നൽകിയ ഉറപ്പ്‌ മരണത്തിനു തൊട്ടുമുമ്പ്‌ അവൻ ആവർത്തിക്കുകയുണ്ടായി. പരിശുദ്ധാത്മാവിനെക്കുറിച്ച്‌ അവൻ അപ്പൊസ്‌തലന്മാരാട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ പിതാവിനോടു ചോദിക്കും; അവൻ . . . മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.” (യോഹന്നാൻ 14:16) അങ്ങനെ പരിശുദ്ധാത്മാവ്‌ എന്ന സഹായി വരും കാലങ്ങളിലെല്ലാം തന്റെ അനുഗാമികളോടൊപ്പം ഉണ്ടായിരിക്കുമെന്ന്‌ യേശു വാഗ്‌ദാനം ചെയ്‌തു. ആ സഹായം നാം ഇന്ന്‌ അനുഭവിക്കുന്ന ഒരു സവിശേഷ വിധം ഏതാണ്‌? വിവിധ പരിശോധനകൾ സഹിച്ചുനിൽക്കാൻ പരിശുദ്ധാത്മാവ്‌ നമ്മെ സഹായിക്കുന്നു. എങ്ങനെ? പരിശോധനകൾക്കു വിധേയനായ പൗലൊസ്‌ അപ്പൊസ്‌തലൻ പരിശുദ്ധാത്മാവ്‌ തന്നെ പിന്തുണച്ചത്‌ എങ്ങനെയെന്ന്‌ കൊരിന്ത്യ ക്രിസ്‌ത്യാനികൾക്കുള്ള ഒരു ലേഖനത്തിൽ വിശദീകരിച്ചു. അവൻ എഴുതിയത്‌ നമുക്കു ചുരുക്കമായി പരിശോധിക്കാം.

16. നമ്മുടെ സാഹചര്യം പൗലൊസിന്റേതുപോലെ ആയിരുന്നേക്കാവുന്നത്‌ എങ്ങനെ?

16 തന്റെ “ജഡത്തിൽ ഒരു ശൂലം” ഉണ്ടെന്ന്‌ അതായത്‌ താൻ ഏതോ ഒരു പരിശോധന നേരിട്ടുകൊണ്ടിരിക്കുകയാണെന്ന്‌ ആദ്യംതന്നെ അവൻ സഹവിശ്വാസികളോടു തുറന്നു പറഞ്ഞു. തുടർന്ന്‌, “അതു എന്നെ വിട്ടു നീങ്ങേണ്ടതിന്നു ഞാൻ മൂന്നു വട്ടം കർത്താവിനോടു [യഹോവയോട്‌] അപേക്ഷിച്ചു” എന്ന്‌ അവൻ പറഞ്ഞു. (2 കൊരിന്ത്യർ 12:7, 8) തന്റെ കഷ്ടത നീക്കംചെയ്യാൻ പൗലൊസ്‌ ദൈവത്തോട്‌ അപേക്ഷിച്ചിട്ടും അതു നിലനിന്നു. സമാനമായ ഒരു സാഹചര്യം നിങ്ങൾ ഇന്നു നേരിടുന്നുണ്ടാകാം. നിങ്ങളുടെ ക്ലേശം നീങ്ങിക്കിട്ടാൻ പൗലൊസിനെപ്പോലെ തുടർച്ചയായും ബോധ്യത്തോടെയും നിങ്ങൾ യഹോവയോടു പ്രാർഥിച്ചിട്ടുണ്ടായിരിക്കാം. എന്നാൽ ആവർത്തിച്ചുള്ള അപേക്ഷകൾക്കുശേഷവും പ്രശ്‌നം നിലനിൽക്കുന്നു. യഹോവ നിങ്ങളുടെ പ്രാർഥനയ്‌ക്ക്‌ ഉത്തരം നൽകുന്നില്ലെന്നും അവന്റെ ആത്മാവ്‌ നിങ്ങളെ സഹായിക്കുന്നില്ലെന്നുമാണോ അതിന്റെ അർഥം? ഒരിക്കലുമല്ല! (സങ്കീർത്തനം 10:​1, 18) പൗലൊസ്‌ അപ്പൊസ്‌തലൻ തുടർന്നു പറഞ്ഞത്‌ എന്താണെന്നു നോക്കുക.

17. പൗലൊസിന്റെ പ്രാർഥനകൾക്ക്‌ യഹോവ ഉത്തരം നൽകിയത്‌ എങ്ങനെ?

17 പൗലൊസിന്റെ പ്രാർഥനയ്‌ക്കു മറുപടിയായി ദൈവം അവനോട്‌ “എന്റെ കൃപ നിനക്കു മതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്നു പറഞ്ഞു. അതുകൊണ്ട്‌ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “ആകയാൽ ക്രിസ്‌തുവിന്റെ ശക്തി എന്റെമേൽ [“ഒരു കൂടാരമെന്നപോലെ എന്റെമേൽ,” NW] ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.” (2 കൊരിന്ത്യർ 12:9; സങ്കീർത്തനം 147:5) ദൈവത്തിന്റെ ശക്തമായ സംരക്ഷണം ക്രിസ്‌തുവിലൂടെ ഒരു കൂടാരമെന്നപോലെ തന്റെമേൽ നിലകൊള്ളുന്നതായി പൗലൊസിന്‌ അനുഭവപ്പെട്ടു. സമാനമായ വിധത്തിൽ യഹോവ ഇന്നു നമ്മുടെ പ്രാർഥനകൾക്ക്‌ ഉത്തരമരുളുന്നു​—⁠ഒരു കൂടാരം സംരക്ഷണം നൽകുന്നതുപോലെ അവൻ തന്റെ ദാസരെ സംരക്ഷിക്കുന്നു.

18. പരിശോധനകൾ സഹിച്ചുനിൽക്കാൻ നമുക്കു കഴിയുന്നത്‌ എന്തുകൊണ്ട്‌?

18 മഴ പെയ്യുന്നതും കാറ്റു വീശുന്നതും തടുക്കാൻ ഒരു കൂടാരത്തിനു കഴിയില്ലെങ്കിലും അതിൽനിന്നെല്ലാം സംരക്ഷണം പ്രദാനം ചെയ്യാൻ തീർച്ചയായും അതിനു കഴിയും. സമാനമായി, ഒരു കൂടാരമെന്നപോലെ നമ്മുടെമേൽ വസിക്കുന്ന ക്രിസ്‌തുവിന്റെ ശക്തി, പരിശോധനകളും ക്ലേശങ്ങളും ഉണ്ടാകുന്നതു തടയുന്നില്ലെങ്കിലും ലോകത്തിന്റെ ഹാനികരമായ ഘടകങ്ങളിൽനിന്നും അതിന്റെ ഭരണാധിപനായ സാത്താന്റെ ആക്രമണങ്ങളിൽനിന്നും തീർച്ചയായും നമുക്ക്‌ ആത്മീയ സംരക്ഷണം പ്രദാനം ചെയ്യുന്നു. (വെളിപ്പാടു 7:9, 15, 16) അതുകൊണ്ട്‌ ഒരു പരിശോധന ‘വിട്ടു നീങ്ങാതിരിക്കുന്നുവെങ്കിൽ’പ്പോലും നിങ്ങളുടെ സാഹചര്യം യഹോവയ്‌ക്ക്‌ അറിയാമെന്നും “നിങ്ങളുടെ നിലവിളിയുടെ ശബ്ദ”ത്തോട്‌ അവൻ പ്രതികരിച്ചിട്ടുണ്ടെന്നും ഉറപ്പുണ്ടായിരിക്കാൻ കഴിയും. (യെശയ്യാവു 30:19; 2 കൊരിന്ത്യർ 1:3, 4) “ദൈവം വിശ്വസ്‌തൻ; നിങ്ങൾക്കു കഴിയുന്നതിന്നുമീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും,” പൗലൊസ്‌ എഴുതി.​—⁠1 കൊരിന്ത്യർ 10:13; ഫിലിപ്പിയർ 4:6, 7.

19. എന്തു ചെയ്യാൻ നിങ്ങൾ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു, എന്തുകൊണ്ട്‌?

19 ഈ അഭക്ത ലോകത്തിന്റെ “അന്ത്യ”നാളുകൾ “ദുർഘടസമയങ്ങൾ” നിറഞ്ഞതാണെന്നതു ശരിതന്നെ. (2 തിമൊഥെയൊസ്‌ 3:1) എങ്കിലും ദൈവദാസർക്കു പിടിച്ചുനിൽക്കാൻ അസാധ്യമായ ഒരു കാലമല്ല ഇത്‌. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ അവർക്ക്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായവും സംരക്ഷണവുമുണ്ട്‌. തുടർച്ചയായും ബോധ്യത്തോടെയും തന്നോടു ചോദിക്കുന്നവർക്കെല്ലാം യഹോവ തന്റെ ആത്മാവിനെ സന്തോഷത്തോടെയും സമൃദ്ധമായും കൊടുക്കുന്നു. അതുകൊണ്ട്‌ പരിശുദ്ധാത്മാവിനുവേണ്ടി ദിവസവും പ്രാർഥിക്കാൻ നമുക്കു ദൃഢനിശ്ചയമുള്ളവർ ആയിരിക്കാം.​—⁠സങ്കീർത്തനം 34:6; 1 യോഹന്നാൻ 5:14, 15.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• ദൈവത്തിന്റെ പരിശുദ്ധാത്മാവു ലഭിക്കാൻ നാം എന്തു ചെയ്യണം?

• പരിശുദ്ധാത്മാവിനുവേണ്ടിയുള്ള നമ്മുടെ പ്രാർഥനകൾക്കു യഹോവ ഉത്തരമരുളുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

• പരിശോധനകൾ സഹിച്ചുനിൽക്കാൻ പരിശുദ്ധാത്മാവു നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[21-ാം പേജിലെ ചിത്രം]

ആഗ്രഹിച്ചതു ലഭിക്കുന്നതുവരെയും അപേക്ഷിച്ചുകൊണ്ടിരുന്ന ആതിഥേയനെ സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്നു നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

[22-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ പരിശുദ്ധാത്മാവിനുവേണ്ടി നിങ്ങൾ മടുത്തുപോകാതെ തുടർച്ചയായി പ്രാർഥിക്കുന്നുണ്ടോ?

[23-ാം പേജിലെ ചിത്രം]

കരുതലുള്ള ഒരു പിതാവിന്റെ ദൃഷ്ടാന്തത്തിൽനിന്ന്‌ യഹോവയെക്കുറിച്ചു നാം എന്തു പഠിക്കുന്നു?