വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചോ? എങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:

• പ്രിയപ്പെട്ട ഒരാൾ യഹോവയെ ഉപേക്ഷിച്ചു പോകുന്നെങ്കിൽ ഒരു സത്യക്രിസ്‌ത്യാനിയെ സഹായിക്കാൻ എന്തിനു കഴിയും?

നിങ്ങളെത്തന്നെയും വിശ്വസ്‌തരായ മറ്റു കുടുംബാംഗങ്ങളെയും കെട്ടുപണിചെയ്യുക. ആത്മീയ പ്രവർത്തനങ്ങളിൽ മുഴുകുക. മറ്റുള്ളവരെ സഹായിക്കാൻ നിങ്ങളെത്തന്നെ ലഭ്യമാക്കുക. ആ വ്യക്തി തിരിച്ചുവരുമെന്ന പ്രത്യാശ കൈവിടാതിരിക്കുക. സ്വയം പഴിക്കുന്നത്‌ ഒഴിവാക്കുക. ശിക്ഷണത്തിനുള്ള യഹോവയുടെ ക്രമീകരണത്തോട്‌ ആദരവു കാണിക്കുകയും സുഹൃത്തുക്കളോടു നിങ്ങളുടെ വികാരങ്ങൾ തുറന്നു സംസാരിക്കുകയും ചെയ്യുക.​—⁠9/1, പേജുകൾ 18-21.

• “അന്ത്യകാല”ത്തെ തിരിച്ചറിയാൻ തിരുവെഴുത്തുകൾ നമ്മെ സഹായിക്കുന്ന രണ്ടു വിധങ്ങൾ ഏവ?

അന്ത്യകാലത്ത്‌ അഥവാ “ലോകാവസാന”കാലത്ത്‌ അരങ്ങേറുന്ന സംഭവങ്ങളെക്കുറിച്ച്‌ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്‌. (മത്തായി 24:3, 7, 8; ലൂക്കൊസ്‌ 21:11) അതുപോലെ, “അന്ത്യകാല”ത്ത്‌ ആളുകളുടെ മനോഭാവത്തിലും പ്രവൃത്തിയിലും ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ബൈബിൾ പ്രവചിച്ചിട്ടുണ്ട്‌. (2 തിമൊഥെയൊസ്‌ 3:1-5) രാജ്യസുവാർത്ത പ്രസംഗിക്കപ്പെടേണ്ടത്‌ ഇക്കാലത്താണ്‌ എന്നതു ശ്രദ്ധേയമാണ്‌.​—⁠9/15, പേജുകൾ 4-6.

• ഒരു ക്രിസ്‌ത്യാനി വാഹനം ഓടിക്കവേ അപകടം സംഭവിക്കുകയും ആരെങ്കിലും മരിക്കാൻ ഇടയാകുകയും ചെയ്യുന്നെങ്കിൽ സഭ എന്തു നടപടി സ്വീകരിക്കണം?

മരണത്തിനിടയാക്കിയ സാഹചര്യങ്ങൾ ഡ്രൈവറുടെ നിയന്ത്രണത്തിനപ്പുറമായിരുന്നെന്നും അതിനാൽ അദ്ദേഹത്തിനു രക്തപാതകക്കുറ്റമില്ലെന്നും പ്രസ്‌തുത സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന മൂപ്പന്മാർ കണ്ടെത്തിയേക്കാം. എന്നാൽ രക്തപാതകക്കുറ്റമുണ്ടെന്നു കാണപ്പെടുകയും അതേസമയം കുറ്റക്കാരൻ അനുതാപം പ്രകടമാക്കുകയും ചെയ്യുന്നപക്ഷം അദ്ദേഹത്തിന്‌ തിരുവെഴുത്തുപരമായ ശാസന നൽകുകയും സഭയിലെ പദവികളോടുള്ള ബന്ധത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.​—⁠9/15, പേജ്‌ 30.

• എന്നേക്കുമുള്ള ജീവിതത്തിന്റെ അടിസ്ഥാനം ശാസ്‌ത്രീയ മുന്നേറ്റങ്ങളല്ലാത്തത്‌ എന്തുകൊണ്ട്‌?

മനുഷ്യായുസ്സ്‌ ദീർഘിപ്പിക്കാനായി ശാസ്‌ത്രജ്ഞർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. കോശങ്ങളുടെ വിഭജനശേഷി ദീർഘിപ്പിക്കുന്നതു മുഖേനയോ തെറാപ്യൂട്ടിക്‌ ക്ലോണിങ്ങിലൂടെ അവയവം മാറ്റിവെക്കൽ ശസ്‌ത്രക്രിയകൾക്കാവശ്യമായ പുതിയതും രോഗിയുടെ ശരീരത്തിനു തികച്ചും സ്വീകാര്യവുമായ അവയവങ്ങൾ പ്രദാനം ചെയ്യുന്നതു മുഖേനയോ ഇതു സാധ്യമാകുമെന്ന്‌ അവർ കരുതുന്നു. എന്നാൽ എന്നേക്കുമുള്ള ജീവിതം മനുഷ്യർക്ക്‌ സാധ്യമാക്കുന്ന ഒരേയൊരു മാർഗം യേശുവിന്റെ മറുവിലയാണെന്ന്‌ ബൈബിൾ പറയുന്നു.​—⁠10/1, പേജുകൾ 3-5.

• യഹൂദ മതാചാര സ്‌നാനം സ്‌നാപനത്തിന്റെ ഒരു മുന്നോടിയായിരുന്നോ?

അല്ല. യോഹന്നാൻ നടത്തിയ സ്‌നാപനത്തിൽനിന്നു വ്യത്യസ്‌തമായി, യഹൂദന്മാർക്ക്‌ അവർ സ്വയം നടപ്പാക്കിയിരുന്ന ശുദ്ധീകരണ ചടങ്ങുകൾ ഉണ്ടായിരുന്നു. മോശൈക ന്യായപ്രമാണം അനുസരിച്ചുള്ള ശുദ്ധീകരണം ആവർത്തിക്കപ്പെടേണ്ടിയിരുന്നു. എന്നാൽ ക്രിസ്‌തീയ സ്‌നാപനം ഒരിക്കൽ മാത്രം ചെയ്യുന്നതാണ്‌.​—⁠10/15, പേജുകൾ 12-13.

• എന്താണ്‌ ശുശ്രൂഷാ പരിശീലന സ്‌കൂൾ?

ആവശ്യം കൂടുതലുള്ള സ്ഥലത്ത്‌ സേവിക്കാൻ സാധിക്കുന്ന അവിവാഹിതരായ മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും വേണ്ടിയുള്ള എട്ട്‌ ആഴ്‌ച നീളുന്ന ഒരു കോഴ്‌സാണിത്‌. അതിനുശേഷം അവരുടെ മാതൃ സഭയിലേക്കോ സ്വദേശത്തോ വിദേശത്തോ ഉള്ള മറ്റൊരു സഭയിലേക്കോ അവരെ നിയമിക്കുന്നു.​—⁠11/15, പേജുകൾ 10-11.

1 യോഹന്നാൻ 2:​18-ലും 4:​3-ലും പ്രസ്‌താവിച്ചിരിക്കുന്ന എതിർക്രിസ്‌തു ആരാണ്‌ അല്ലെങ്കിൽ എന്താണ്‌?

ക്രിസ്‌തുവിനെ എതിർക്കുകയോ ക്രിസ്‌തുവെന്നോ ക്രിസ്‌തുവിന്റെ പ്രതിപുരുഷന്മാരെന്നോ വ്യാജമായി അവകാശവാദം നടത്തുകയോ ചെയ്യുന്നവരെയാണ്‌ സാധാരണഗതിയിൽ “എതിർക്രിസ്‌തു” എന്ന പദം സൂചിപ്പിക്കുന്നത്‌. മതപരമായ വഞ്ചന പ്രചരിപ്പിക്കുകയും ദൈവരാജ്യത്തെ തള്ളിക്കളയുകയും ചെയ്യുന്നവരുടെ ഒരു കൂട്ടത്തെയാണ്‌ എതിർക്രിസ്‌തു ചിത്രീകരിക്കുന്നതെന്ന്‌ യേശുവിന്റെയും യോഹന്നാന്റെയും വാക്കുകൾ സ്‌പഷ്ടമാക്കുന്നു.​—⁠12/1, പേജുകൾ 4-6.