വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു”

“യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു”

“യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു”

“യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു.”​—⁠സെഫന്യാവു 1:14.

1, 2. (എ) മഹത്തായ ഏതു ദിവസത്തിനായി ക്രിസ്‌ത്യാനികൾ കാത്തിരിക്കുന്നു? (ബി) ഏതു ചോദ്യങ്ങൾക്കു നാം ഉത്തരം കണ്ടെത്തണം, എന്തുകൊണ്ട്‌?

വിവാഹദിനത്തിന്റെ സന്തോഷം മനസ്സിലൊളുപ്പിച്ച്‌ നാളുകൾ എണ്ണിക്കഴിയുന്ന പെൺകുട്ടി; തന്റെ പൊന്നോമന പിറക്കുന്ന ദിവസത്തിനായി ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുന്ന സ്‌ത്രീ; കാത്തുകാത്തിരിക്കുന്ന അവധിക്കാലം വന്നെത്താൻ വാഞ്‌ഛിക്കുന്ന തൊഴിലാളി​—⁠ഇവരുടെയെല്ലാം കാര്യത്തിൽ പൊതുവായി ഒന്നുണ്ട്‌. ജീവിതത്തിന്‌ അർഥം പകരുന്ന, അവിസ്‌മരണീയമായ ഒരു ദിവസത്തിൽ കണ്ണുംനട്ടിരിക്കുകയാണ്‌ അവരെല്ലാം. വികാരങ്ങൾ വ്യത്യസ്‌തമാണെങ്കിലും മൂവരും ആകാംക്ഷാനിർഭരരാണ്‌. അവർ കാണാനാശിക്കുന്ന ദിവസം ഒടുവിൽ വന്നുചേരും, അതിനായി അവർ തയ്യാറുമായിരിക്കും.

2 സമാനമായി ഇന്നു സത്യക്രിസ്‌ത്യാനികൾ ഒരു പ്രത്യേക ദിവസത്തിനായി​—⁠“യഹോവയുടെ [മഹാ]ദിവസ”ത്തിനായി​—⁠അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്‌. (യെശയ്യാവു 13:9; യോവേൽ 2:1; 2 പത്രൊസ്‌ 3:11) അടുത്തുവന്നുകൊണ്ടിരിക്കുന്ന “യഹോവയുടെ [ഈ] ദിവസം” എന്താണ്‌, അതിന്റെ വരവ്‌ മനുഷ്യവർഗത്തിന്‌ എന്ത്‌ അർഥമാക്കും? ആ ദിവസത്തെ വരവേൽക്കാൻ നാം സജ്ജരാണെന്ന്‌ എങ്ങനെ ഉറപ്പുവരുത്താൻ കഴിയും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇപ്പോൾ കണ്ടെത്തേണ്ടത്‌ അടിയന്തിരമാണ്‌. കാരണം, “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു” എന്ന വാക്കുകൾ അക്ഷരംപ്രതി സത്യമാണെന്നു തെളിവുകൾ സാക്ഷ്യപ്പെടുത്തുന്നു.​—⁠സെഫന്യാവു 1:14.

“യഹോവയുടെ മഹാദിവസം”

3. “യഹോവയുടെ മഹാദിവസം” എന്താണ്‌?

3 എന്താണ്‌ “യഹോവയുടെ മഹാദിവസം”? ശത്രുക്കൾക്കെതിരെ ന്യായവിധി നടത്തിക്കൊണ്ട്‌ യഹോവ തന്റെ അത്യുന്നത നാമത്തെ മഹത്ത്വപ്പെടുത്തിയ സവിശേഷ സന്ദർഭങ്ങളെക്കുറിക്കാൻ “യഹോവയുടെ ദിവസം” എന്ന പ്രയോഗം തിരുവെഴുത്തുകളിൽ കൂടെക്കൂടെ ഉപയോഗിച്ചിട്ടുണ്ട്‌. യഹോവയുടെ ന്യായവിധി നിർവഹണത്തിനു വിധേയരായപ്പോൾ യെഹൂദായിലെയും യെരൂശലേമിലെയും അവിശ്വസ്‌ത ജനങ്ങളും ബാബിലോണിലെയും ഈജിപ്‌തിലെയും നിഷ്‌ഠുരരായ നിവാസികളുമെല്ലാം ‘യഹോവയുടെ ദിവസങ്ങൾ’ നേരിടുകയുണ്ടായി. (യെശയ്യാവു 2:1, 10-12; 13:1-6; യിരെമ്യാവു 46:7-10) എന്നാൽ “യഹോവയുടെ മഹാദിവസം” വരാനിരിക്കുന്നതേയുള്ളൂ. തന്റെ നാമത്തെ നിന്ദിക്കുന്ന സകലർക്കുമെതിരെ യഹോവ ന്യായവിധി നടപ്പാക്കുന്ന “ദിവസ”മാണത്‌. വ്യാജമത ലോകസാമ്രാജ്യമായ ‘മഹാബാബിലോണിന്റെ’ നാശത്തോടെ അത്‌ ആരംഭിക്കുകയും ഈ ദുഷ്ട വ്യവസ്ഥിതി സമ്പൂർണമായി നശിപ്പിക്കപ്പെടുന്ന അർമഗെദ്ദോൻ യുദ്ധത്തിൽ പര്യവസാനിക്കുകയും ചെയ്യും.​—⁠വെളിപ്പാടു 16:14, 16; 17:5, 15-17; 19:11-21.

4. അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ‘യഹോവയുടെ ദിവസത്തെ’ മനുഷ്യവർഗത്തിൽ ബഹുഭൂരിപക്ഷവും ഭയപ്പെടേണ്ടത്‌ എന്തുകൊണ്ട്‌?

4 ഇതു തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും മനുഷ്യവർഗത്തിൽ ബഹുഭൂരിപക്ഷവും, അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഈ ദിവസത്തെ ഭയപ്പെടേണ്ടതാണ്‌. എന്തുകൊണ്ട്‌? സെഫന്യാ പ്രവാചകനിലൂടെ യഹോവ ഉത്തരം നൽകുന്നു: “ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം.” എത്ര ഭയാനകം! പ്രവാചകൻ തുടരുന്നു: “ഞാൻ അവർക്കു കഷ്ടത വരുത്തും; അവർ യഹോവയോടു പാപം ചെയ്‌തുവല്ലോ.”​—⁠സെഫന്യാവു 1:15, 17.

5. ദശലക്ഷങ്ങൾ യഹോവയുടെ ദിവസത്തിന്റെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നത്‌ എന്തുകൊണ്ട്‌?

5 എന്നാൽ ദശലക്ഷങ്ങൾ യഹോവയുടെ ദിവസത്തിന്റെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. നീതിസ്‌നേഹികൾക്കു രക്ഷയും വിടുതലും പ്രദാനം ചെയ്യുന്ന, യഹോവ അത്യന്തം മഹത്ത്വീകരിക്കപ്പെടുകയും അവന്റെ മഹനീയ നാമം വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു ദിവസമായിരിക്കും അതെന്ന്‌ അവർക്കറിയാം എന്നതാണ്‌ അതിനു കാരണം. (യോവേൽ 3:16, 17; സെഫന്യാവു 3:12-17) ആളുകൾ ആ ദിവസത്തെ ഭയപ്പെടുമോ അല്ലെങ്കിൽ അതിനായി നോക്കിപ്പാർത്തിരിക്കുമോ എന്നത്‌ മുഖ്യമായും അവർ ഇപ്പോൾ എങ്ങനെ ജീവിതം നയിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ആ ദിവസത്തിന്റെ ആഗമനത്തെ നിങ്ങൾ എങ്ങനെയാണു വീക്ഷിക്കുന്നത്‌? അതിനെ വരവേൽക്കാൻ നിങ്ങൾ സജ്ജരാണോ? യഹോവയുടെ ദിവസം ചക്രവാളത്തിൽ ദൃശ്യമായിരിക്കുന്നുവെന്ന വസ്‌തുത നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടോ?

‘പരിഹാസികൾ പരിഹാസത്തോടെ വരും’

6. അനേകരും ‘യഹോവയുടെ ദിവസത്തെ’ എങ്ങനെ വീക്ഷിക്കുന്നു, സത്യക്രിസ്‌ത്യാനികൾക്ക്‌ അതിൽ അതിശയം തോന്നാത്തത്‌ എന്തുകൊണ്ട്‌?

6 സാഹചര്യം അടിയന്തിരമായിട്ടും, അടുത്തുകൊണ്ടിരിക്കുന്ന “യഹോവയുടെ ദിവസ”ത്തിനു ഭൂരിപക്ഷം മനുഷ്യരും ശ്രദ്ധകൊടുക്കുന്നില്ല. അതു പെട്ടെന്നുതന്നെ എത്തുമെന്നു മുന്നറിയിപ്പു കൊടുക്കുന്നവരെ അവർ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. സത്യക്രിസ്‌ത്യാനികൾ അതിൽ അതിശയിക്കുന്നില്ല. കാരണം, പത്രൊസ്‌ അപ്പൊസ്‌തലന്റെ പിൻവരുന്ന മുന്നറിയിപ്പ്‌ അവർ ഓർക്കുന്നു: “അവന്റെ പ്രത്യക്ഷതയുടെ വാഗ്‌ദത്തം എവിടെ? പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ.”​—⁠2 പത്രൊസ്‌ 3:3, 4.

7. അടിയന്തിരതാബോധം നിലനിറുത്താൻ നമ്മെ എന്തു സഹായിക്കും?

7 നിഷേധാത്മകമായ അത്തരം ചിന്താഗതി ഒഴിവാക്കാനും അങ്ങനെ അടിയന്തിരതാബോധം നിലനിറുത്താനും നമ്മെ എന്തു സഹായിക്കും? “വിശുദ്ധ പ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്‌തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്‌പനയും ഓർത്തുകൊള്ളേണമെന്നു . . . ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തി നിങ്ങളുടെ പരമാർത്ഥമനസ്സു ഉണർത്തുന്നു [“ചിന്താപ്രാപ്‌തികൾ ഉണർത്തുന്നു,” NW]” എന്ന്‌ പത്രൊസ്‌ നമ്മോടു പറയുന്നു. (2 പത്രൊസ്‌ 3:​2) പ്രവാചകന്മാരുടെ മുന്നറിയിപ്പുകൾക്കു ചെവികൊടുക്കുന്നത്‌ “ചിന്താപ്രാപ്‌തികൾ ഉണർത്തു”വാൻ നമ്മെ സഹായിക്കും. ഈ ഓർമിപ്പിക്കലുകൾ നാം പലപ്രാവശ്യം കേട്ടിട്ടുണ്ടായിരിക്കാം. എന്നാൽ ഇപ്പോൾ നാം അവയ്‌ക്കു ശ്രദ്ധകൊടുക്കേണ്ടതു മുമ്പെന്നത്തെക്കാളും അടിയന്തിരമാണ്‌.​—⁠യെശയ്യാവു 34:1-4; ലൂക്കൊസ്‌ 21:34-36.

8. അനേകരും ബൈബിളിന്റെ ഓർമിപ്പിക്കലുകൾ അവഗണിക്കുന്നത്‌ എന്തുകൊണ്ട്‌?

8 ചിലർ ഈ ഓർമിപ്പിക്കലുകൾ അവഗണിക്കുന്നത്‌ എന്തുകൊണ്ടാണ്‌? പത്രൊസ്‌ തുടർന്നു പറയുന്നതു ശ്രദ്ധിക്കുക: “ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും . . . അവർ മനസ്സോടെ മറന്നുകളയുന്നു.” (2 പത്രൊസ്‌ 3:5-7) വ്യക്തമായും, യഹോവയുടെ ദിവസം വന്നുകാണാൻ ആഗ്രഹമില്ലാത്തവരാണ്‌ അവർ. തങ്ങളുടെ ദൈനംദിന ജീവിതത്തിനു ഭംഗംവരാനോ സ്വാർഥ ജീവിതരീതിക്കു യഹോവയോടു കണക്കുബോധിപ്പിക്കാനോ അവർ ആഗ്രഹിക്കുന്നില്ല. പത്രൊസ്‌ പറയുന്നപ്രകാരം “സ്വന്തമോഹങ്ങളെ അനുസരിച്ചു” ജീവിക്കുന്നവരാണ്‌ അവർ.

9. നോഹയുടെയും ലോത്തിന്റെയും നാളിലെ ആളുകളുടെ മനോഭാവം എന്തായിരുന്നു?

9 കഴിഞ്ഞ കാലത്ത്‌ യഹോവ മനുഷ്യരുടെ കാര്യത്തിൽ ഇടപെട്ടിട്ടുള്ള കാര്യം ഈ പരിഹാസികൾ “മനസ്സോടെ” അവഗണിച്ചുകളയുന്നു. അത്തരം രണ്ടു സന്ദർഭങ്ങളെക്കുറിച്ച്‌​—⁠“നോഹയുടെ കാല”ത്തെയും “ലോത്തിന്റെ കാല”ത്തെയും കുറിച്ച്‌​—⁠യേശുക്രിസ്‌തുവും പത്രൊസ്‌ അപ്പൊസ്‌തലനും പറയുന്നു. (ലൂക്കൊസ്‌ 17:26-30; 2 പത്രൊസ്‌ 2:5-9) പ്രളയത്തിനുമുമ്പു നോഹ നൽകിയ മുന്നറിയിപ്പിനു ജനം ശ്രദ്ധകൊടുത്തില്ല. സമാനമായി, സൊദോമിന്റെയും ഗൊമോരയുടെയും നാശത്തിനുമുമ്പ്‌ ലോത്തിന്റെ മരുമക്കൾ അവനെ “കളി പറയുന്ന” ഒരു മനുഷ്യനായിട്ടാണു വീക്ഷിച്ചത്‌.​—⁠ഉല്‌പത്തി 19:14.

10. മുന്നറിയിപ്പിനു ചെവികൊടുക്കാത്തവരോടു യഹോവ എങ്ങനെ പ്രതികരിക്കും?

10 ഇന്നും സ്ഥിതി വ്യത്യസ്‌തമല്ല. മുന്നറിയിപ്പിനു ചെവികൊടുക്കാത്തവരോടു യഹോവ എങ്ങനെ പ്രതികരിക്കുന്നുവെന്നു ശ്രദ്ധിക്കുക: “ആ കാലത്തു ഞാൻ[,] . . . മട്ടിന്മേൽ ഉറെച്ചുകിടന്നു: യഹോവ ഗുണമോ ദോഷമോ ചെയ്‌കയില്ല എന്നു ഹൃദയത്തിൽ പറയുന്ന പുരുഷന്മാരെ സന്ദർശിക്കയും ചെയ്യും. അങ്ങനെ അവരുടെ സമ്പത്തു കവർച്ചയും അവരുടെ വീടുകൾ ശൂന്യവും ആയ്‌തീരും; അവർ വീടു പണിയും, പാർക്കയില്ലതാനും; അവർ മുന്തിരിത്തോട്ടം ഉണ്ടാക്കും വീഞ്ഞു കുടിക്കയില്ലതാനും.” (സെഫന്യാവു 1:12, 13) സാധാരണമായുള്ള ദൈനംദിന പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നേക്കാമെങ്കിലും ആളുകൾക്ക്‌ അവരുടെ കഠിനാധ്വാനത്തിൽനിന്നു നിലനിൽക്കുന്ന യാതൊരു പ്രയോജനവും നേടാനാവില്ല. എന്തുകൊണ്ടെന്നാൽ യഹോവയുടെ ദിവസം അപ്രതീക്ഷിതമായി വന്നെത്തുമ്പോൾ, അവർക്കുണ്ടായിരുന്നേക്കാവുന്ന വൻ സമ്പാദ്യങ്ങളൊന്നും അവരെ രക്ഷിക്കുകയില്ല.​—⁠സെഫന്യാവു 1:18.

“അതിന്നായി കാത്തിരിക്ക”

11. ഏത്‌ ഉദ്‌ബോധനം നാം സദാ ഓർക്കണം?

11 ചുറ്റുമുള്ള ദുഷ്ട ലോകത്തെപ്പോലെ ആയിരിക്കുന്നതിനു പകരം നാം പ്രവാചകനായ ഹബക്കൂക്കിന്റെ പിൻവരുന്ന ഉദ്‌ബോധനം സദാ ഓർക്കണം: “ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്‌തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.” (ഹബക്കൂക്‌ 2:3) അപൂർണരായ നമ്മുടെ വീക്ഷണത്തിൽ ആ ദിവസം വൈകുന്നതായി തോന്നിയാലും യഹോവ അമാന്തമുള്ളവനല്ല. കൃത്യസമയത്തുതന്നെ, മനുഷ്യർ പ്രതീക്ഷിക്കാത്ത ഒരു നാഴികയിൽ അവന്റെ ദിവസം വരും.​—⁠മർക്കൊസ്‌ 13:33; 2 പത്രൊസ്‌ 3:9, 10.

12. എന്തു സംബന്ധിച്ച്‌ യേശു മുന്നറിയിപ്പു നൽകി, അവന്റെ വിശ്വസ്‌ത അനുഗാമികളുടെ പ്രവർത്തനങ്ങൾ അതിനു വിപരീതമായിരിക്കുന്നത്‌ എങ്ങനെ?

12 യഹോവയുടെ ദിവസത്തിനായി കാത്തിരിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയവേ, തന്റെ അനുഗാമികളിൽ ചിലർക്കുപോലും അടിയന്തിരതാബോധം നഷ്ടമാകുമെന്ന്‌ യേശു മുന്നറിയിപ്പു നൽകി. അവരെക്കുറിച്ച്‌ അവൻ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “അവൻ ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു, കൂട്ടുദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ ആ ദാസൻ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു അവനെ ദണ്ഡിപ്പിക്കും.” (മത്തായി 24:48-51) അതിനു വിപരീതമായി, വിശ്വസ്‌തനും വിവേകിയുമായ അടിമ വർഗം അർപ്പണബോധത്തോടെ തങ്ങളുടെ അടിയന്തിരതാബോധം കാത്തുസൂക്ഷിക്കുന്നു. ജാഗരൂകരായിരുന്നുകൊണ്ട്‌ തങ്ങൾ ഒരുങ്ങിയിരിക്കുന്നുവെന്ന്‌ അവർ തെളിയിച്ചിരിക്കുന്നു. ഭൂമിയിൽ “തനിക്കുള്ള സകലത്തിന്മേലും” യേശു അവരെ നിയമിച്ചിരിക്കുന്നു.​—⁠മത്തായി 24:42-47.

അടിയന്തിരത അനിവാര്യം

13. ആദിമ ക്രിസ്‌ത്യാനികൾ എത്രമാത്രം അടിയന്തിരതയോടെ പ്രവർത്തിക്കേണ്ടിയിരുന്നുവെന്ന കാര്യം യേശു ഊന്നിപ്പറഞ്ഞത്‌ എങ്ങനെ?

13 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ അടിയന്തിരതാബോധം കാത്തുസൂക്ഷിക്കേണ്ടത്‌ അനുപേക്ഷണീയമായിരുന്നു. “സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു” കാണുമ്പോൾ ഉടൻതന്നെ അവർ മലകളിലേക്ക്‌ ഓടിപ്പോകണമായിരുന്നു. (ലൂക്കൊസ്‌ 21:20, 21) പൊ.യു. 66-ൽ ഈ സംഭവം അരങ്ങേറി. അന്നുണ്ടായിരുന്ന ക്രിസ്‌ത്യാനികൾ എത്രമാത്രം അടിയന്തിരതയോടെ പ്രവർത്തിക്കേണ്ടിയിരുന്നുവെന്ന കാര്യം യേശു ഊന്നിപ്പറഞ്ഞത്‌ എങ്ങനെയെന്നു നോക്കുക: “വീട്ടിൻമേൽ ഇരിക്കുന്നവൻ വീട്ടിലുള്ളതു എടുക്കേണ്ടതിന്നു ഇറങ്ങരുതു; വയലിലുള്ളവൻ വസ്‌ത്രം എടുപ്പാൻ മടങ്ങിപ്പോകരുത്‌.” (മത്തായി 24:17, 18) യെരൂശലേം നാലു വർഷംകൂടി അതിജീവിച്ചുവെന്ന ചരിത്രവസ്‌തുതയുടെ പശ്ചാത്തലത്തിൽ പൊ.യു. 66-ൽത്തന്നെ ക്രിസ്‌ത്യാനികൾ യേശുവിന്റെ ആ വാക്കുകൾ അടിയന്തിരമായി അനുസരിക്കേണ്ടിയിരുന്നത്‌ എന്തുകൊണ്ടായിരുന്നു?

14, 15. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ, സൈന്യം യെരൂശലേമിനെ വളഞ്ഞിരിക്കുന്നതായി കാണുന്നമാത്രയിൽ നടപടി സ്വീകരിക്കേണ്ടിയിരുന്നതു ജീവത്‌പ്രധാനമായിരുന്നത്‌ എന്തുകൊണ്ട്‌?

14 റോമൻ സൈന്യം പൊ.യു. 70 വരെയും യെരൂശലേമിനെ നശിപ്പിക്കാതിരുന്നുവെന്നതു സത്യമാണെങ്കിലും അതുവരെയുള്ള നാലു വർഷം സ്ഥിതിഗതികൾ ശാന്തമായിരുന്നില്ല. അക്രമവും രക്തച്ചൊരിച്ചിലും നിറഞ്ഞ ഒരു സമയമായിരുന്നു അത്‌. “കൊടും ക്രൂരത നടമാടിയ, ഭയാനകവും രക്തരൂഷിതവുമായ ആഭ്യന്തരയുദ്ധത്തിന്‌” അന്നു യെരൂശലേം സാക്ഷിയായി എന്ന്‌ ഒരു ചരിത്രകാരൻ പറയുന്നു. രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്താനും യുദ്ധം ചെയ്യാനും ചെറുപ്പക്കാരെ കൂട്ടമായി സൈന്യത്തിൽ ചേർത്തു. അവർക്കായി ദിവസവും പരിശീലന ക്ലാസ്സുകൾ നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ രാജ്യം കൈക്കൊണ്ട നടപടികളെ അനുകൂലിക്കാത്തവരെ രാജ്യദ്രോഹികളായി മുദ്രകുത്തിയിരുന്നു. സ്‌പഷ്ടമായും, നഗരം വിട്ട്‌ ഓടിപ്പോകാൻ ക്രിസ്‌ത്യാനികൾ വൈകിയിരുന്നെങ്കിൽ അവർ അപകടകരമായ ഈ സാഹചര്യങ്ങളിലെല്ലാം പെട്ടുപോകുമായിരുന്നു.​—⁠മത്തായി 26:52; മർക്കൊസ്‌ 12:17.

15 യെരൂശലേമിലുള്ളവർ മാത്രമല്ല, “യെഹൂദ്യ”യിലെങ്ങുമുള്ളവർ ഓടിപ്പോകണമെന്ന്‌ യേശു പറഞ്ഞതു ശ്രദ്ധേയമാണ്‌. അവർ അങ്ങനെ ചെയ്യുന്നതു പ്രധാനമായിരുന്നു. കാരണം, യെരൂശലേമിൽനിന്നു പിൻവാങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ റോമൻ സൈന്യം തങ്ങളുടെ ആക്രമണം പുനരാരംഭിക്കുകയുണ്ടായി. ആദ്യമായി, പൊ.യു. 67-ൽ അവർ ഗലീല പിടിച്ചടക്കി, പിറ്റേ വർഷം യെഹൂദ്യയെ ഘട്ടംഘട്ടമായി കീഴടക്കാനും തുടങ്ങി. നാട്ടിൻപുറങ്ങളിലെല്ലാം ജനം വലിയ കഷ്ടത്തിലായി. യെരൂശലേമിലുള്ള യെഹൂദന്മാർക്കും രക്ഷപ്പെടുക അത്യന്തം പ്രയാസമായിത്തീർന്നു. നഗരവാതിലുകളിൽ കാവൽ ശക്തമാക്കപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിക്കുന്നവരെല്ലാം റോമാക്കാരുടെ പക്ഷത്തേക്കു കൂറുമാറുന്നതായി വീക്ഷിക്കപ്പെട്ടു.

16. ആപത്തുകാലം അതിജീവിക്കാൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക്‌ എന്തു മനോഭാവം ഉണ്ടായിരിക്കേണ്ടിയിരുന്നു?

16 ഇക്കാര്യങ്ങളെല്ലാം വെച്ചുനോക്കുമ്പോൾ, യേശു ആ സാഹചര്യത്തിന്റെ അടിയന്തിരത ഊന്നിപ്പറഞ്ഞത്‌ എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ നമുക്കു കഴിയും. ക്രിസ്‌ത്യാനികൾ ത്യാഗംചെയ്യാൻ ഒരുക്കമുള്ളവർ ആയിരിക്കേണ്ടിയിരുന്നു. സമ്പത്തും ആസ്‌തികളുമൊന്നും നിർണായക നടപടി സ്വീകരിക്കുന്നതിനു തടസ്സമാകാൻ അവർ അനുവദിക്കരുതായിരുന്നു. യേശുവിന്റെ മുന്നറിയിപ്പിനു ചേർച്ചയിൽ പ്രവർത്തിക്കാൻ കഴിയേണ്ടതിന്‌ “[തങ്ങൾക്കുള്ളത്‌] ഒക്കെയും വിട്ടുപിരി”യാൻ അവർ മനസ്സുള്ളവർ ആയിരിക്കണമായിരുന്നു. (ലൂക്കൊസ്‌ 14:33) അനുസരണപൂർവം പെട്ടെന്നുതന്നെ യോർദ്ദാൻ നദിക്കുമപ്പുറത്തേക്ക്‌ ഓടിപ്പോയവർക്കു ജീവൻ രക്ഷിക്കാനായി.

അടിയന്തിരതാബോധം കാത്തുസൂക്ഷിക്കുക

17. നാം അടിയന്തിരതാബോധം ശക്തമാക്കേണ്ടത്‌ എന്തുകൊണ്ട്‌?

17 നാം ഈ വ്യവസ്ഥിതിയുടെ അന്ത്യത്തോട്‌ അത്യന്തം അടുത്തിരിക്കുന്നുവെന്ന്‌ ബൈബിൾ പ്രവചനങ്ങൾ വ്യക്തമാക്കുന്നു. നമ്മുടെ അടിയന്തിരതാബോധം മുമ്പെന്നത്തേതിലും ശക്തിപ്പെടുത്തേണ്ട സമയമാണ്‌ ഇത്‌. യുദ്ധകാലത്തുള്ള ആശങ്കയും ഭീതിയുമൊന്നും സമാധാനകാലത്ത്‌ ഒരു പട്ടാളക്കാരനില്ല. എന്നാൽ ജാഗ്രത പാലിക്കാതിരിക്കുകയും യുദ്ധം പെട്ടെന്നു പൊട്ടിപ്പുറപ്പെടുകയുമാണെങ്കിൽ, ഫലകരമായി പോരാടാൻ അദ്ദേഹത്തിനു കഴിയാതെ പോകും. അതു വിപത്‌കരമായിരുന്നേക്കാം. ക്രിസ്‌ത്യാനികളെന്ന നിലയിൽ നമ്മുടെ കാര്യത്തിലും ഇതു സത്യമാണ്‌. അടിയന്തിരതാബോധം കുറഞ്ഞുപോകാൻ അനുവദിച്ചാൽ ആക്രമണങ്ങൾ ഫലകരമായി ചെറുത്തുനിൽക്കാൻ നമുക്കു കഴിയാതെവന്നേക്കാം, യഹോവയുടെ ദിവസം അപ്രതീക്ഷിതമായി നമ്മുടെമേൽ വരുകയും ചെയ്‌തേക്കാം. (ലൂക്കൊസ്‌ 21:36; 1 തെസ്സലൊനീക്യർ 5:4) ആരെങ്കിലും “യഹോവയെ വിട്ടു പിന്മാറി”യിട്ടുണ്ടെങ്കിൽ വീണ്ടും അവനെ അന്വേഷിക്കാനുള്ള സമയം ഇതാണ്‌.​—⁠സെഫന്യാവു 1:3-6; 2 തെസ്സലൊനീക്യർ 1:8, 9.

18, 19. “ദൈവദിവസത്തിന്റെ വരവ്‌” മനസ്സിൽ അടുപ്പിച്ചുനിറുത്താൻ നമ്മെ എന്തു സഹായിക്കും?

18 “ദൈവദിവസത്തിന്റെ വരവ്‌” മനസ്സിൽ അടുപ്പിച്ചുനിറുത്താൻ പത്രൊസ്‌ അപ്പൊസ്‌തലൻ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്‌ എന്തുകൊണ്ടാണെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ! നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാനാകും? “[നാം] എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ” ആണെന്നു തെളിയിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നതാണ്‌ ഒരു വഴി. (2 പത്രൊസ്‌ 3:11, 12) അത്തരം പ്രവർത്തനങ്ങളിൽ തിരക്കുള്ളവരായിരിക്കുന്നത്‌ “യഹോവയുടെ ദിവസം” വരുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കാൻ നമ്മെ സഹായിക്കും. ആ ദിവസം വന്നെത്തുന്നതുവരെയുള്ള സമയം അതിവേഗം കടന്നുപോകാൻ ഇടയാക്കിക്കൊണ്ട്‌ അക്ഷരാർഥത്തിൽ “ദൈവദിവസത്തിന്റെ വരവു . . . ബദ്ധപ്പെടു”ത്താൻ അഥവാ ത്വരിതപ്പെടുത്താൻ നമുക്കാവില്ല. എന്നാൽ ആ ദിവസത്തിനായി കാത്തിരിക്കവേ, നാം ദൈവസേവനത്തിൽ തിരക്കുള്ളവർ ആണെങ്കിൽ സമയം വളരെ വേഗം കടന്നുപോകുന്നതായി നമുക്ക്‌ അനുഭവപ്പെടും.​—⁠1 കൊരിന്ത്യർ 15:58.

19 അതുപോലെതന്നെ, “ദൈവദിനത്തിന്റെ ആഗമനം കാത്തിരിക്കയും അതു ത്വരിതപ്പെടുത്തുകയും” ചെയ്യാൻ അല്ലെങ്കിൽ “ആ ദിവസം വരുവാൻ . . . അതിയായാഗ്രഹി”ക്കാൻ ദൈവവചനത്തെയും അതിലുള്ള ഓർമിപ്പിക്കലുകളെയും കുറിച്ചു ധ്യാനിക്കുന്നതു നമ്മെ സഹായിക്കും. (2 പത്രൊസ്‌ 3:​12, ഓശാന ബൈബിൾ; പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ്‌ വേർഷൻ) ഈ ഓർമിപ്പിക്കലുകളിൽ, യഹോവയുടെ ദിവസത്തിന്റെ വരവും അവനായി ‘കാത്തിരിക്കുന്നവർക്കു’ ലഭിക്കാനിരിക്കുന്ന സമൃദ്ധമായ അനുഗ്രഹങ്ങളും മുൻകൂട്ടിപ്പറയുന്ന അനേകം പ്രവചനങ്ങളും ഉൾപ്പെട്ടിരിക്കുന്നു.​—⁠സെഫന്യാവു 3:⁠8.

20. ഏത്‌ ഉദ്‌ബോധനം നാമേവരും ഗൗരവമായെടുക്കണം?

20 നിസ്സംശയമായും, സെഫന്യാ പ്രവാചകനിലൂടെ നൽകപ്പെട്ടിരിക്കുന്ന ഉദ്‌ബോധനം നാമെല്ലാം ഗൗരവമായെടുക്കാനുള്ള സമയം ഇതാണ്‌. അവൻ ഇങ്ങനെ എഴുതി: “യഹോവയുടെ ഉഗ്രകോപം നിങ്ങളുടെ മേൽ വരുന്നതിന്നു മുമ്പെ, യഹോവയുടെ കോപദിവസം നിങ്ങളുടെ മേൽ വരുന്നതിന്നു മുമ്പെ, . . . യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.”​—⁠സെഫന്യാവു 2:1-3.

21. വാർഷികവാക്യത്തിനു ചേർച്ചയിൽ ദൈവജനത്തിന്റെ ദൃഢനിശ്ചയം എന്തായിരിക്കും?

21 രണ്ടായിരത്തിയേഴിലേക്കായി തിരഞ്ഞെടുത്തിരിക്കുന്ന, “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു” എന്ന വാർഷികവാക്യം എത്ര അവസരോചിതമാണ്‌! ആ ദിവസം “അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു” എന്ന്‌ ദൈവജനത്തിന്‌ ഉറച്ച ബോധ്യമുണ്ട്‌. (സെഫന്യാവു 1:14) ‘അതു താമസിക്കുകയില്ല.’ (ഹബക്കൂക്‌ 2:​3) അതിനായി കാത്തിരിക്കവേ, ഈ പ്രവചനങ്ങളുടെ അന്തിമ നിവൃത്തി അത്യന്തം അടുത്തിരിക്കുന്നുവെന്നു ഗ്രഹിച്ചുകൊണ്ട്‌ നമുക്കു ജാഗരൂകരായിരിക്കാം!

നിങ്ങൾക്ക്‌ ഉത്തരം പറയാമോ?

• “യഹോവയുടെ മഹാദിവസം” എന്താണ്‌?

• അനേകരും കാലത്തിന്റെ അടിയന്തിരത അവഗണിക്കുന്നത്‌ എന്തുകൊണ്ട്‌?

• ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ ഒരു ഘട്ടത്തിൽ അടിയന്തിരതാബോധത്തോടെ പ്രവർത്തിക്കേണ്ടിയിരുന്നത്‌ എന്തുകൊണ്ട്‌?

• അടിയന്തിരതാബോധം ശക്തമാക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[19-ാം പേജിലെ ആകർഷകവാക്യം]

2007-ലേക്കുള്ള വാർഷികവാക്യം: “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു.”​—⁠സെഫന്യാവു 1:14.

[16, 17 പേജുകളിലെ ചിത്രങ്ങൾ]

യഹോവ പ്രവർത്തിക്കുമ്പോൾ, നോഹയുടെ നാളിലെന്നപോലെതന്നെ പരിഹാസികൾ സ്‌തബ്ധരാകും

[18-ാം പേജിലെ ചിത്രം]

സൈന്യം “യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു” കാണുന്നമാത്രയിൽ ക്രിസ്‌ത്യാനികൾ നടപടി സ്വീകരിക്കേണ്ടിയിരുന്നു