യഹോവ നിശ്ചയമായും “നീതി നടത്തി”ത്തരും
യഹോവ നിശ്ചയമായും “നീതി നടത്തി”ത്തരും
“രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ?”—ലൂക്കൊസ് 18:7, പി.ഒ.സി. ബൈബിൾ.
1. ആർ നിങ്ങൾക്കു പ്രോത്സാഹനത്തിന്റെ ഒരു ഉറവാണ്, എന്തുകൊണ്ട്?
ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾക്കിടയിൽ, വർഷങ്ങളായി യഹോവയെ വിശ്വസ്‌തതയോടെ സേവിക്കുന്ന ക്രിസ്‌തീയ സഹോദരീസഹോദരന്മാരുണ്ട്. അവരിൽ ചിലരെ നിങ്ങൾക്കു വ്യക്തിപരമായി അറിയാമോ? വളരെ വർഷങ്ങൾക്കുമുമ്പു സ്‌നാപനമേറ്റ, ക്രിസ്‌തീയ യോഗങ്ങളിൽ പതിവായി സംബന്ധിക്കുന്ന പ്രായമായ ഒരു സഹോദരിയെ നിങ്ങൾ ഓർത്തേക്കാം. അല്ലെങ്കിൽ, സഭയുടെ വാരംതോറുമുള്ള വയൽസേവന പ്രവർത്തനങ്ങളെ വർഷങ്ങളോളം വിശ്വസ്‌തമായി പിന്തുണച്ചിരിക്കുന്ന പ്രായംചെന്ന ഒരു സഹോദരനെക്കുറിച്ചു നിങ്ങൾ ചിന്തിച്ചേക്കാം. നിശ്ചയമായും, വിശ്വസ്‌തരായ ഇവരിൽ പലരും അർമഗെദ്ദോൻ വളരെമുമ്പുതന്നെ വരുമെന്നു പ്രതീക്ഷിച്ചവരാണ്. എന്നാൽ ഈ അഭക്ത ലോകം ഇപ്പോഴും നിലനിൽക്കുന്നുവെന്ന സത്യം, യഹോവയുടെ വാഗ്‌ദാനങ്ങളിലുള്ള അവരുടെ വിശ്വാസം ദുർബലമാക്കുകയോ “അവസാനത്തോളം സഹിച്ചു”നിൽക്കാനുള്ള അവരുടെ ദൃഢനിശ്ചയത്തിനു മങ്ങലേൽപ്പിക്കുകയോ ചെയ്‌തിട്ടില്ല. (മത്തായി 24:13) വിശ്വസ്‌തരായ ഈ പ്രിയ സഹോദരങ്ങൾ പ്രകടമാക്കുന്ന ആഴമായ വിശ്വാസം സഭയിലുള്ള എല്ലാവർക്കും അളവറ്റ പ്രോത്സാഹനം പകരുന്നു.—സങ്കീർത്തനം 147:11.
2. ഏതു സ്ഥിതിവിശേഷം നമ്മെ ദുഃഖിപ്പിക്കുന്നു?
2 എന്നാൽ നേർവിപരീതമായ ഒരു സ്ഥിതിവിശേഷം നാം ചിലപ്പോൾ കണ്ടേക്കാം. ചില സാക്ഷികൾ വർഷങ്ങളോളം യഹോവയെ സേവിച്ചിരുന്നെങ്കിലും കാലക്രമത്തിൽ അവരുടെ വിശ്വാസം ദുർബലമായിത്തീരുകയും ക്രിസ്‌തീയ സഭയുമായുള്ള സഹവാസം അവർ നിറുത്തിക്കളയുകയും ചെയ്‌തിരിക്കുന്നു. നമ്മുടെ ഈ പൂർവകാല സുഹൃത്തുക്കൾ യഹോവയെ വിട്ടുപോയിരിക്കുന്നതിൽ നമുക്കു ദുഃഖമുണ്ട്, ആട്ടിൻകൂട്ടത്തിലേക്കു മടങ്ങിവരുന്നതിന് “കാണാതെപോയ” ഓരോ ‘ആടിനെയും’ തുടർച്ചയായി സഹായിക്കാൻ നാം ഹൃദയംഗമമായി ആഗ്രഹിക്കുന്നു. (സങ്കീർത്തനം 119:176; റോമർ 15:1) എങ്കിലും, ചിലർ വിശ്വസ്‌തരായിത്തുടരുകയും മറ്റു ചിലർ കാലാന്തരത്തിൽ വീണുപോകുകയും ചെയ്യുന്ന ഈ വിപരീത സ്ഥിതിവിശേഷം ചില ചോദ്യങ്ങൾ ഉയർത്തുന്നു. സാക്ഷികളിൽ ചിലർക്ക് യഹോവയുടെ വാഗ്‌ദാനങ്ങളിലുള്ള വിശ്വാസം നഷ്ടമാകുമ്പോൾ മറ്റനേകർക്ക് അതു നിലനിറുത്താൻ കഴിയുന്നത് എങ്ങനെ? “യഹോവയുടെ മഹാദിവസം” അടുത്തെത്തിക്കൊണ്ടിരിക്കുകയാണെന്ന നമ്മുടെ ബോധ്യം ഇന്നും ശക്തമാണെന്ന് ഉറപ്പുവരുത്താൻ വ്യക്തിപരമായി നമുക്ക് എന്തു ചെയ്യാനാകും? (സെഫന്യാവു 1:14) ലൂക്കൊസിന്റെ സുവിശേഷത്തിലുള്ള ഒരു ദൃഷ്ടാന്തം നമുക്കിപ്പോൾ പരിചിന്തിക്കാം.
“മനുഷ്യപുത്രൻ വരു”ന്ന സമയത്തു ജീവിച്ചിരിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പ്
3. വിധവയെയും ന്യായാധിപനെയും കുറിച്ചുള്ള ദൃഷ്ടാന്തം വിശേഷാൽ ആർക്കു പ്രയോജനം ചെയ്യും, എന്തുകൊണ്ട്?
3 ലൂക്കൊസ് 18-ാം അധ്യായത്തിൽ ഒരു വിധവയെയും ന്യായാധിപനെയും കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം നാം കാണുന്നു. കഴിഞ്ഞ ലേഖനത്തിൽ ചർച്ച ചെയ്‌ത, ആഗ്രഹിച്ചതു ലഭിക്കുന്നതുവരെ അപേക്ഷിച്ചുകൊണ്ടിരുന്ന ആതിഥേയന്റെ ദൃഷ്ടാന്തംപോലുള്ള ഒന്നാണിത്. (ലൂക്കൊസ് 11:5-13) എന്നിരുന്നാലും വിധവയെയും ന്യായാധിപനെയും കുറിച്ചുള്ള ദൃഷ്ടാന്തം, “മനുഷ്യപുത്രൻ [രാജ്യാധികാരത്തിൽ] വരുമ്പോൾ” ജീവിച്ചിരിക്കുന്നവർക്കു വിശേഷാൽ ബാധകമാകുന്നതായി സന്ദർഭം പ്രകടമാക്കുന്നു; 1914-ലാണ് ആ കാലഘട്ടം ആരംഭിച്ചത്.—ലൂക്കൊസ് 18:8. *
4. ലൂക്കൊസ് 18-ലെ ദൃഷ്ടാന്തം പറയുന്നതിനു മുമ്പായി യേശു ഏതു കാര്യം ചർച്ച ചെയ്‌തു?
ലൂക്കൊസ് 17:24; 21:10, 29-33) എന്നിരുന്നാലും ‘അന്ത്യകാലത്തു’ ജീവിച്ചിരിക്കുന്ന അനേകരും അതിനു ശ്രദ്ധ നൽകുമായിരുന്നില്ല. (ദാനീയേൽ 12:4) എന്തു കാരണത്താൽ? നോഹയുടെയും ലോത്തിന്റെയും നാളിലെ ആളുകൾ യഹോവയുടെ മുന്നറിയിപ്പുകൾ അവഗണിച്ച അതേ കാരണത്താൽ. അന്നുള്ളവർ തങ്ങൾ നശിപ്പിക്കപ്പെട്ട നാൾവരെയും “തിന്നും കുടിച്ചും . . . വിറ്റും നട്ടും പണിതും പോന്നു.” (ലൂക്കൊസ് 17:26-29) ദൈവേഷ്ടത്തിനു ശ്രദ്ധകൊടുക്കാൻ കഴിയാതവണ്ണം ജീവിതത്തിലെ സാധാരണ പ്രവർത്തനങ്ങളിൽ മുഴുകിപ്പോയതിനാൽ അവർക്കു ജീവൻ നഷ്ടമായി. (മത്തായി 24:39) ഈ അഭക്ത ലോകത്തിന്റെ അന്ത്യം ആസന്നമാണെന്നതിന്റെ തെളിവു കാണാനാകാത്തവിധം ഇന്നും പൊതുവേ മനുഷ്യർ ദൈനംദിന കാര്യാദികളിൽ മുഴുകിയിരിക്കുന്നു.—ലൂക്കൊസ് 17:30.
4 ഈ ദൃഷ്ടാന്തം പറഞ്ഞുതുടങ്ങുന്നതിനുമുമ്പായി, “മിന്നൽ ആകാശത്തിങ്കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതു” ആർക്കും മറവല്ലാതിരിക്കുന്നതുപോലെ രാജ്യാധികാരത്തിലുള്ള തന്റെ സാന്നിധ്യത്തിന്റെ തെളിവും വ്യക്തമായി ഗ്രഹിക്കാനാകുന്നതാണെന്ന് യേശു പറഞ്ഞു. (5. (എ) യേശു ആർക്കു മുന്നറിയിപ്പു നൽകി, എന്തുകൊണ്ട്? (ബി) ചിലർക്കു വിശ്വാസം നഷ്ടമായിരിക്കുന്നത് എന്തുകൊണ്ട്?
5 വ്യക്തമായും, തന്റെ അനുഗാമികളും സാത്താന്റെ ലോകത്താൽ വഴിതെറ്റിക്കപ്പെട്ടേക്കാമെന്നും വിട്ടുപോന്ന കാര്യങ്ങളിലേക്കു ‘തിരിയുക’പോലും ചെയ്‌തേക്കാമെന്നും യേശു ഉത്‌കണ്‌ഠപ്പെട്ടിരുന്നു. (ലൂക്കൊസ് 17:22, 31) ചില ക്രിസ്‌ത്യാനികളുടെ കാര്യത്തിൽ അതുതന്നെ സംഭവിച്ചിരിക്കുന്നു. യഹോവ ഈ ദുഷ്ടലോകത്തിന് അന്തംവരുത്തുന്ന ദിവസം കാണാൻ വർഷങ്ങളോളം അവർ കാത്തിരുന്നു. എന്നാൽ അവർ പ്രതീക്ഷിച്ച സമയത്ത് അർമഗെദ്ദോൻ വരാതിരുന്നപ്പോൾ അവർ നിരാശരായിത്തീർന്നു, യഹോവയുടെ ന്യായവിധിനാൾ സമീപമാണെന്ന അവരുടെ ബോധ്യത്തിനു മങ്ങലേറ്റു. ശുശ്രൂഷയിൽ മന്ദീഭവിച്ചുപോയ അവർ ക്രമേണ ആത്മീയ കാര്യങ്ങൾക്കു സമയമില്ലാതവണ്ണം ഭൗതിക കാര്യങ്ങളിൽ ആമഗ്നരായിത്തീർന്നു. (ലൂക്കൊസ് 8:11, 13, 14) കാലക്രമത്തിൽ അവർ ‘പിന്നിലുള്ള കാര്യങ്ങളിലേക്കു തിരിഞ്ഞു.’ എത്ര പരിതാപകരം!
‘എപ്പോഴും പ്രാർത്ഥിക്കേണ്ടതിന്റെ’ പ്രാധാന്യം
6-8. (എ) വിധവയെയും ന്യായാധിപനെയും കുറിച്ചുള്ള ദൃഷ്ടാന്തം വിവരിക്കുക. (ബി) യേശു ഈ ദൃഷ്ടാന്തത്തിന്റെ പൊരുൾ വ്യക്തമാക്കിയത് എങ്ങനെ?
6 യഹോവയുടെ വാഗ്‌ദാനങ്ങൾ നിവൃത്തിയേറുമെന്നുള്ള നമ്മുടെ അടിയുറച്ച ബോധ്യം ദുർബലമാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ നമുക്ക് എന്തു ചെയ്യാനാകും? (എബ്രായർ 3:14) സാത്താന്റെ ദുഷ്ടലോകത്തിലേക്കു തിരിയുന്നതിനെതിരെ ശിഷ്യന്മാർക്കു മുന്നറിയിപ്പു നൽകിയതിനുശേഷം ഉടനെ യേശു പറഞ്ഞ വാക്കുകളിൽ ആ ചോദ്യത്തിനുള്ള മറുപടി കാണാൻ കഴിയും.
7 “മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേണം എന്നുള്ളതിന്നു അവൻ അവരോടു ഒരുപമ പറഞ്ഞത്,” എന്നു പറഞ്ഞുകൊണ്ടാണ് ലൂക്കൊസ് ആരംഭിക്കുന്നത്. “ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു. ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ അവന്റെ അടുക്കൽ ചെന്നു: എന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ [“എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ,” പി.ഒ.സി.] എന്നു പറഞ്ഞു. അവന്നു കുറേ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാൻ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും [“ഞാനവൾക്കു നീതി നടത്തിക്കൊടുക്കും,” പി.ഒ.സി.]; അല്ലെങ്കിൽ അവൾ ഒടുവിൽ വന്നു എന്നെ മുഖത്തടിക്കും എന്നു ഉള്ളുകൊണ്ടു പറഞ്ഞു.”
8 ഇത്രയും പറഞ്ഞശേഷം യേശു ദൃഷ്ടാന്തത്തിന്റെ പൊരുൾ വ്യക്തമാക്കി: “അനീതിയുള്ള ന്യായാധിപൻ പറയുന്നതു കേൾപ്പിൻ. ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ [“തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ,” പി.ഒ.സി.]? വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും [“വേഗം നീതി നടത്തിക്കൊടുക്കും,” പി.ഒ.സി.] എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?”—“എനിക്കു നീതി നടത്തിത്തരണമേ”
9. വിധവയെയും ന്യായാധിപനെയും സംബന്ധിച്ച ദൃഷ്ടാന്തത്തിന്റെ അന്തഃസത്ത എന്ത്?
9 ശക്തമായ ഈ ദൃഷ്ടാന്തത്തിന്റെ അന്തഃസത്ത സുവ്യക്തമാണ്. ദൃഷ്ടാന്തത്തിലെ രണ്ടു കഥാപാത്രങ്ങളും യേശുവും അതു പരാമർശിക്കുകയുണ്ടായി. വിധവ ഇങ്ങനെ യാചിച്ചു: “എനിക്കു നീതി നടത്തിത്തരണമേ.” ന്യായാധിപൻ “ഞാനവൾക്കു നീതി നടത്തിക്കൊടുക്കും” എന്നു പറഞ്ഞു. “ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ” എന്ന് യേശുവും ചോദിച്ചു. യഹോവ “വേഗം നീതി നടത്തിക്കൊടുക്കും” എന്നും യേശു പറഞ്ഞു. (ലൂക്കൊസ് 18:3, 5, 7, 8) വിശേഷാൽ എപ്പോഴാണ് ദൈവം “നീതി നടത്തി”ത്തരുന്നത്?
10. (എ) ഒന്നാം നൂറ്റാണ്ടിൽ നീതി നടപ്പാക്കപ്പെട്ടത് എപ്പോഴായിരുന്നു? (ബി) ഇന്നുള്ള ദൈവദാസരുടെ കാര്യത്തിൽ നീതി നടപ്പാക്കപ്പെടുന്നത് എപ്പോൾ, എങ്ങനെ?
10 ഒന്നാം നൂറ്റാണ്ടിൽ “പ്രതികാരകാലം” അഥവാ “നീതി നടപ്പാക്കേണ്ട കാലം” (NW) വന്നെത്തിയത് പൊ.യു. 70-ലാണ്; അന്ന് യെരൂശലേമും അവിടത്തെ ആലയവും നശിപ്പിക്കപ്പെട്ടു. (ലൂക്കൊസ് 21:22) ഇന്നുള്ള ദൈവജനത്തോടുള്ള ബന്ധത്തിൽ നീതി നടപ്പാക്കപ്പെടുന്നത് “യഹോവയുടെ മഹാദിവസ”ത്തിലായിരിക്കും. (സെഫന്യാവു 1:14; മത്തായി 24:21) “ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും [യേശുക്രിസ്‌തു] പ്രതികാരം കൊടുക്കുമ്പോൾ” തന്റെ ജനത്തെ “പീഡിപ്പിക്കുന്നവർക്കു [യഹോവ] പീഡ . . . പകരം നല്‌കു”ന്ന സമയമാണത്.—2 തെസ്സലൊനീക്യർ 1:6-8; റോമർ 12:19.
11. ഏതു വിധത്തിലാണ് നീതി “വേഗം” നടപ്പാക്കപ്പെടുന്നത്?
11 യഹോവ “വേഗം” നീതി നടത്തിത്തരുമെന്നുള്ള യേശുവിന്റെ വാഗ്‌ദാനം നാം എങ്ങനെയാണു മനസ്സിലാക്കേണ്ടത്? “ദീർഘക്ഷമയുള്ളവൻ” ആണെങ്കിലും തക്ക സമയം വന്നെത്തുമ്പോൾ യഹോവ വേഗത്തിൽ നീതി നടപ്പിലാക്കുമെന്ന് അവന്റെ വചനം പ്രകടമാക്കുന്നു. (ലൂക്കൊസ് 18:7, 8; 2 പത്രൊസ് 3:9, 10) നോഹയുടെ നാളിൽ ജലപ്രളയം വന്നപ്പോൾ ദുഷ്ടമനുഷ്യർ പെട്ടെന്നുതന്നെ നശിപ്പിക്കപ്പെട്ടു. സമാനമായി ലോത്തിന്റെ നാളിൽ ആകാശത്തുനിന്നു തീയിറങ്ങിയപ്പോൾ ദുഷ്ടന്മാർ കൊല്ലപ്പെട്ടു. “മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിൽ അവ്വണ്ണം തന്നേ ആകും” എന്ന് യേശു പറഞ്ഞു. (ലൂക്കൊസ് 17:27-30) ഇവിടെയും ദുഷ്ടന്മാർക്കു “പെട്ടെന്നു നാശം വന്നു ഭവിക്കും.” (1 തെസ്സലൊനീക്യർ 5:2, 3) അതേ, നീതി ആവശ്യപ്പെടുന്നതിലും ഒരു ദിവസംകൂടി സാത്താന്റെ ഈ വ്യവസ്ഥിതി നിലനിൽക്കാൻ യഹോവ അനുവദിക്കുകയില്ലെന്ന് നമുക്കു പൂർണ ബോധ്യമുള്ളവരായിരിക്കാൻ കഴിയും.
അവൻ “വേഗം നീതി നടത്തി”ത്തരും
12, 13. (എ) വിധവയെയും ന്യായാധിപനെയും സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തത്തിൽ എന്തു പാഠം അടങ്ങിയിരിക്കുന്നു? (ബി) യഹോവ നമ്മുടെ പ്രാർഥന കേൾക്കുമെന്നും നീതി നടത്തിത്തരുമെന്നും നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
12 വിധവയെയും ന്യായാധിപനെയും കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം സുപ്രധാനമായ വേറെയും സത്യങ്ങൾ പ്രദീപ്‌തമാക്കുന്നു. ആ ദൃഷ്ടാന്തം വിശദീകരിക്കവേ അവൻ ഇങ്ങനെ പറഞ്ഞു: “നീതിരഹിതനായ ആ ന്യായാധിപൻ പറഞ്ഞതെന്തെന്നു ശ്രദ്ധിക്കുവിൻ. അങ്ങനെയെങ്കിൽ . . . തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ?” (ലൂക്കൊസ് 18:6, 7, പി.ഒ.സി.) തീർച്ചയായും, നീതികെട്ട ആ ന്യായാധിപനെപ്പോലെ യഹോവ തന്റെ ദാസരോട് ഇടപെടുമെന്നല്ല യേശു സൂചിപ്പിച്ചത്. മറിച്ച് ന്യായാധിപനും യഹോവയും തമ്മിലുള്ള വ്യത്യാസം എടുത്തുകാണിച്ചുകൊണ്ട് യഹോവയെ സംബന്ധിച്ച് ഒരു പാഠം അവൻ തന്റെ അനുഗാമികളെ പഠിപ്പിക്കുകയായിരുന്നു. ഇരുവർക്കുമിടയിലുള്ള ചില വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
13 യേശു പറഞ്ഞ ദൃഷ്ടാന്തത്തിലെ ന്യായാധിപൻ “അനീതിയുള്ള”വനാണ്. എന്നാൽ “ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു.” (സങ്കീർത്തനം 7:11; 33:5) ആ വിധവയുടെ ക്ഷേമത്തിൽ ന്യായാധിപനു യാതൊരു താത്‌പര്യവും ഉണ്ടായിരുന്നില്ല. യഹോവയോ ഓരോ വ്യക്തിയിലും തത്‌പരനാണ്. (2 ദിനവൃത്താന്തം 6:29-31) വിധവയെ സഹായിക്കാൻ ന്യായാധിപനു മനസ്സില്ലായിരുന്നു. എന്നാൽ, തന്നെ സേവിക്കുന്നവരെ സഹായിക്കാൻ മനസ്സൊരുക്കവും വ്യഗ്രതയും ഉള്ളവനാണു യഹോവ. (യെശയ്യാവു 30:18, 19) ഇതു നമ്മെ എന്തു പഠിപ്പിക്കുന്നു? അനീതിയുള്ള ന്യായാധിപൻ വിധവയുടെ അപേക്ഷ കേട്ട് നീതി നടത്തിക്കൊടുത്തെങ്കിൽ, തന്നോടു പ്രാർഥിക്കുന്ന തന്റെ ജനത്തിനു യഹോവ എത്രയധികം നീതി നടത്തിക്കൊടുക്കും!—സദൃശവാക്യങ്ങൾ 15:29.
14. ദൈവത്തിന്റെ ന്യായവിധി ദിവസം സമീപമാണെന്ന വിശ്വാസം നാം കൈവിടരുതാത്തത് എന്തുകൊണ്ട്?
ഇയ്യോബ് 9:12) നാം വിശ്വസ്‌തരായി നിലകൊള്ളുമോയെന്നതാണു ഗൗരവാർഹമായ ചോദ്യം—വിധവയെയും ന്യായാധിപനെയും കുറിച്ചുള്ള ദൃഷ്ടാന്തത്തിന്റെ ഒടുവിൽ യേശു പ്രദീപ്‌തമാക്കിയതും അതുതന്നെയാണ്.
14 അതുകൊണ്ട് ദൈവത്തിന്റെ ന്യായവിധി ദിവസം സമീപമാണെന്ന വിശ്വാസം ഉപേക്ഷിക്കുന്നവർ ഗുരുതരമായ ഒരു തെറ്റു ചെയ്യുന്നു. എന്തുകൊണ്ട്? “യഹോവയുടെ മഹാദിവസം” അടുത്തെത്തിയിരിക്കുന്നുവെന്ന അടിയുറച്ച വിശ്വാസം കൈവിടുന്നതിലൂടെ ഫലത്തിൽ അവർ, വാഗ്‌ദാനങ്ങൾ കൃത്യമായി നിറവേറ്റുന്നതിൽ യഹോവയെ വിശ്വസിക്കാനാകുമോയെന്നു സംശയിക്കുകയാണു ചെയ്യുന്നത്. എന്നാൽ യഹോവയുടെ വിശ്വസ്‌തതയെ ചോദ്യം ചെയ്യാൻ ആർക്കുമാകില്ല. (“അവൻ ഭൂമിയിൽ ഈ വിശ്വാസം കണ്ടെത്തുമോ?”
15. (എ) യേശു ഏതു ചോദ്യം ഉന്നയിച്ചു, എന്തുകൊണ്ട്? (ബി) നാം നമ്മോടുതന്നെ എന്തു ചോദിക്കണം?
15 “മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ ഈ വിശ്വാസം കണ്ടെത്തുമോ?”, യേശു ചോദിച്ചു. (ലൂക്കൊസ് 18:8, NW) പൊതുവിലുള്ള ഒരു വിശ്വാസത്തെയല്ല മറിച്ച് വളരെ പ്രത്യേകതയുള്ള—ആ വിധവയ്‌ക്കുണ്ടായിരുന്നതുപോലുള്ള—ഒരു വിശ്വാസത്തെയാണ് യേശു ഇവിടെ പരാമർശിക്കുന്നതെന്ന് “ഈ വിശ്വാസം” എന്ന പ്രയോഗം വ്യക്തമാക്കുന്നു. ആ ചോദ്യത്തിന് യേശു ഉത്തരം നൽകിയില്ല. ശിഷ്യന്മാർക്കു തങ്ങളുടെ വിശ്വാസം എങ്ങനെയുള്ളതാണെന്നു ചിന്തിക്കാൻ കഴിയേണ്ടതിനാണ് അവൻ അതു ചോദിച്ചത്. അതു ക്രമേണ ദുർബലമായിക്കൊണ്ടിരിക്കുകയായിരുന്നോ? തന്നിമിത്തം, വിട്ടുകളഞ്ഞ കാര്യങ്ങളിലേക്കു തിരിഞ്ഞേക്കാവുന്ന അപകടകരമായ അവസ്ഥയിലായിരുന്നോ അവർ? അതോ വിധവയ്‌ക്കുണ്ടായിരുന്നതുപോലുള്ള പ്രശംസനീയമായ വിശ്വാസം അവർക്കുണ്ടായിരുന്നോ? സമാനമായി ഇന്ന് ‘“മനുഷ്യപുത്രൻ” എന്നിൽ എങ്ങനെയുള്ള വിശ്വാസമാണു കണ്ടെത്തുന്നത്?’ എന്ന് നാം നമ്മോടുതന്നെ ചോദിക്കണം.
16. വിധവയുടെ വിശ്വാസം എങ്ങനെയുള്ളതായിരുന്നു?
16 നമ്മുടെ കാര്യത്തിൽ യഹോവ നീതി നടത്തിത്തരണമെങ്കിൽ നാം ആ വിധവയെപ്പോലെ പ്രവർത്തിക്കേണ്ടതുണ്ട്. അവളുടെ വിശ്വാസം എങ്ങനെയുള്ളതായിരുന്നു? കൂടെക്കൂടെ ന്യായാധിപന്റെ അടുക്കൽചെന്ന് “എനിക്കു നീതി നടത്തിത്തരണമേ” എന്നപേക്ഷിച്ചുകൊണ്ട് അവൾ തന്റെ വിശ്വാസം പ്രകടമാക്കി. അശ്രാന്ത പരിശ്രമത്താൽ, അനീതിയുള്ള ഒരു ന്യായാധിപനെക്കൊണ്ട് നീതി നടപ്പാക്കാൻ ആ വിധവയ്‌ക്കു കഴിഞ്ഞു. സമാനമായി, യഹോവ നീതി നടത്തിത്തരുമെന്ന് ഇന്ന് അവന്റെ ദാസർക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും, അവർ പ്രതീക്ഷിച്ചതിലും കൂടുതൽ സമയം അതിനു വേണ്ടിവരുന്നുവെങ്കിൽപ്പോലും. കൂടാതെ, ഇടവിടാതെ യഹോവയോടു പ്രാർഥിച്ചുകൊണ്ട്—“രാപ്പകൽ [അവനോടു] നിലവിളി”ച്ചുകൊണ്ട്—അവൻ തന്റെ വാഗ്‌ദാനങ്ങൾ നിറവേറ്റുമെന്ന ബോധ്യം തങ്ങൾക്കുണ്ടെന്ന് അവർ പ്രകടമാക്കുന്നു. (ലൂക്കൊസ് 18:7) നീതി ലഭിക്കാനായുള്ള പ്രാർഥന ഒരു ക്രിസ്‌ത്യാനി നിറുത്തിക്കളയുന്നെങ്കിൽ, യഹോവ തന്റെ ദാസർക്കുവേണ്ടി പ്രവർത്തിക്കാനിരിക്കുകയാണെന്ന ബോധ്യം തനിക്കില്ലെന്ന് ആ വ്യക്തി പ്രകടമാക്കുകയായിരിക്കും ചെയ്യുന്നത്.
17. പ്രാർഥനയിൽ ഉറ്റിരിക്കുന്നതിനും യഹോവയുടെ ന്യായവിധി ദിവസം നിശ്ചയമായും വരുമെന്ന കാര്യത്തിൽ ശക്തമായ വിശ്വാസം ഉള്ളവരായിരിക്കുന്നതിനും നമുക്ക് എന്തെല്ലാം കാരണങ്ങളുണ്ട്?
17 നാം പ്രാർഥനയിൽ ഉറ്റിരിക്കേണ്ടതിനു കൂടുതലായ കാരണങ്ങളുണ്ടെന്ന് ആ വിധവയുടെ ചില പ്രത്യേക സാഹചര്യങ്ങൾ പ്രകടമാക്കുന്നു. അവളുടെയും നമ്മുടെയും സാഹചര്യങ്ങളിലുള്ള ചില വ്യത്യാസങ്ങൾ നോക്കുക. ആരും ഒരുതരത്തിലുമുള്ള പ്രോത്സാഹനം നൽകാതിരുന്നിട്ടും വിധവ കൂടെക്കൂടെ ന്യായാധിപന്റെയടുക്കൽ ചെന്നുകൊണ്ടിരുന്നു; നമ്മെയാകട്ടെ, “പ്രാർത്ഥനയിൽ ഉറ്റിരി”ക്കാൻ ദൈവവചനം നിർലോപം പ്രോത്സാഹിപ്പിക്കുന്നു. (റോമർ 12:13) തന്റെ അപേക്ഷ കൈക്കൊള്ളുമോയെന്ന കാര്യത്തിൽ വിധവയ്‌ക്കു യാതൊരു ഉറപ്പും ഇല്ലായിരുന്നു, എന്നാൽ നീതി നടത്തിത്തരുമെന്ന് യഹോവ നമുക്ക് ഉറപ്പുനൽകിയിരിക്കുന്നു. തന്റെ പ്രവാചകനിലൂടെ അവൻ ഇങ്ങനെ പറഞ്ഞു: “അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.” (ഹബക്കൂക് 2:3; സങ്കീർത്തനം 97:10) സങ്കടം ബോധിപ്പിക്കുന്നതിൽ വിധവയെ സഹായിക്കാനോ അവൾക്കുവേണ്ടി വാദിക്കാനോ ആരുമുണ്ടായിരുന്നില്ല, എന്നാൽ നമുക്ക് ശക്തനായ ഒരു സഹായിയുണ്ട്—“ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്ന” യേശുക്രിസ്‌തു. (റോമർ 8:34; എബ്രായർ 7:25) സാഹചര്യം പ്രതികൂലമായിരുന്നിട്ടും നീതി നടത്തിക്കിട്ടുമെന്ന പ്രതീക്ഷയിൽ ആ വിധവ ന്യായാധിപനോടു മുട്ടിപ്പായി കെഞ്ചിക്കൊണ്ടിരുന്നെങ്കിൽ, യഹോവയുടെ ന്യായവിധി ദിവസം നിശ്ചയമായും വരുമെന്ന കാര്യത്തിൽ നമുക്ക് എത്ര ശക്തമായ വിശ്വാസം ഉണ്ടായിരിക്കേണ്ടതാണ്!
18. പ്രാർഥന നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും ദൈവത്തിന്റെ നീതി ലഭിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നത് എങ്ങനെ?
18 പ്രാർഥനയും വിശ്വാസവും പരസ്‌പരം അടുത്തു ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിശ്വാസത്തെ ദുർബലമാക്കുന്ന സ്വാധീനങ്ങളെ നിർവീര്യമാക്കാൻ നിരന്തരമുള്ള പ്രാർഥനകൾക്കു കഴിയുമെന്നും വിധവയുടെ ദൃഷ്ടാന്തം നമ്മെ പഠിപ്പിക്കുന്നു. നിശ്ചയമായും, ആത്മാർഥതയില്ലാത്ത പ്രാർഥനകൾ വിശ്വാസനഷ്ടത്തിന് ഒരു പരിഹാരമാണെന്ന് ഇത് അർഥമാക്കുന്നില്ല. (മത്തായി 6:7, 8) ദൈവത്തിലുള്ള സമ്പൂർണ ആശ്രയമാണു നമ്മെ നിലനിറുത്തുന്നതെന്നു തിരിച്ചറിഞ്ഞുകൊണ്ട് അവനോടു പ്രാർഥിക്കാൻ നാം പ്രേരിതരാകുമ്പോൾ അത്തരം പ്രാർഥന നമ്മെ അവനോട് അടുപ്പിക്കുകയും നമ്മുടെ വിശ്വാസം ശക്തമാക്കുകയും ചെയ്യും. രക്ഷയ്‌ക്കു വിശ്വാസം കൂടിയേതീരൂ. അതുകൊണ്ടുതന്നെ, “മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥി”ക്കാൻ ശിഷ്യന്മാരെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണെന്ന് യേശു തിരിച്ചറിഞ്ഞു. (ലൂക്കൊസ് 18:1; 2 തെസ്സലൊനീക്യർ 3:13) “യഹോവയുടെ മഹാദിവസ”ത്തിന്റെ വരവ് നമ്മുടെ പ്രാർഥനയെ ആശ്രയിച്ചിരിക്കുന്നില്ലെന്നതു ശരിതന്നെ—നാം അതിനായി പ്രാർഥിച്ചാലും ഇല്ലെങ്കിലും അതു വരും. എന്നാൽ ദൈവം നീതി നടത്തുമ്പോൾ നാം അതിൽനിന്നു വ്യക്തിപരമായി പ്രയോജനം നേടുകയും അവന്റെ യുദ്ധത്തെ അതിജീവിക്കുകയും ചെയ്യുമോയെന്നത് നമുക്കുള്ള വിശ്വാസത്തെയും പ്രാർഥനാനിർഭരവും നേരുള്ളതുമായ നമ്മുടെ ജീവിതത്തെയും ആശ്രയിച്ചിരിക്കും.
19. ദൈവം “നീതി നടത്തി”ത്തരുമെന്നു നാം ഉറച്ചു വിശ്വസിക്കുന്നുവെന്ന് നമുക്ക് എങ്ങനെ തെളിയിക്കാം?
19 യേശുവിന്റെ ഈ ചോദ്യം ഓർക്കുക: “മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ ഈ വിശ്വാസം കണ്ടെത്തുമോ?” സുപ്രധാനമായ ആ ചോദ്യത്തിനുള്ള ഉത്തരം എന്താണ്? യഹോവയുടെ ഭൂവ്യാപകമായുള്ള ലക്ഷക്കണക്കിനു വിശ്വസ്‌ത ദാസർക്ക് അത്തരം വിശ്വാസമുണ്ടെന്ന് തങ്ങളുടെ സഹിഷ്‌ണുതയാലും ദീർഘക്ഷമയാലും പ്രാർഥനയാലും അവർ തെളിയിച്ചുകൊണ്ടിരിക്കുന്നതിൽ നാം എത്ര സന്തോഷമുള്ളവരാണ്! അങ്ങനെ യേശുവിന്റെ ആ ചോദ്യത്തിന് ഉവ്വ് എന്ന് ഉത്തരം പറയാനാകും. സാത്താന്റെ ഈ ലോകത്തിൽ നാം ഇന്നു പല തരത്തിലുള്ള അനീതിക്ക് ഇരയാകുന്നുണ്ടെങ്കിലും, “തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നീതി നടത്തിക്കൊടുക്കു”മെന്നു നമുക്ക് ഉറച്ച വിശ്വാസമുണ്ട്.
[അടിക്കുറിപ്പ്]
^ ഖ. 3 ഈ ദൃഷ്ടാന്തത്തിന്റെ അർഥം പൂർണമായി മനസ്സിലാക്കാൻ ലൂക്കൊസ് 17:22-33 വായിക്കുക. 22, 24, 30 എന്നീ വാക്യങ്ങളിലെ, മനുഷ്യപുത്രന്റെ വരവിനോടു ബന്ധപ്പെട്ട പരാമർശങ്ങൾ ലൂക്കൊസ് 18:8-നോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു ശ്രദ്ധിക്കുക.
നിങ്ങൾ ഓർമിക്കുന്നുവോ?
• ചില ക്രിസ്‌ത്യാനികൾക്കു വിശ്വാസം നഷ്ടമായിരിക്കുന്നത് എന്തുകൊണ്ട്?
• യഹോവയുടെ ന്യായവിധി ദിവസം വരുമെന്ന കാര്യത്തിൽ നമുക്ക് അടിയുറച്ച വിശ്വാസം ഉണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
• പ്രാർഥനയിൽ ഉറ്റിരിക്കാൻ നമുക്ക് ഏതു കാരണങ്ങൾ ഉണ്ട്?
• വിശ്വാസം നഷ്ടമാകാതെ സൂക്ഷിക്കാൻ ഇടവിടാതെയുള്ള പ്രാർഥന നമ്മെ എങ്ങനെ സഹായിക്കും?
[അധ്യയന ചോദ്യങ്ങൾ]
[26-ാം പേജിലെ ചിത്രം]
വിധവയെയും ന്യായാധിപനെയും കുറിച്ചുള്ള ദൃഷ്ടാന്തം എന്തു പ്രദീപ്‌തമാക്കുന്നു?
[29-ാം പേജിലെ ചിത്രങ്ങൾ]
ദൈവം “നീതി നടത്തി”ത്തരുമെന്ന് ദശലക്ഷങ്ങൾ ഇന്ന് അടിയുറച്ചു വിശ്വസിക്കുന്നു