വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിന്റെ ജനനം സമാധാനം കൈവരുത്തുന്ന വിധം

യേശുവിന്റെ ജനനം സമാധാനം കൈവരുത്തുന്ന വിധം

യേശുവിന്റെ ജനനം സമാധാനം കൈവരുത്തുന്ന വിധം

“സന്മനസ്സുള്ള മനുഷ്യർക്കിടയിൽ സമാധാനം” എന്നതു മാത്രമായിരുന്നില്ല യേശുവിന്റെ ജനനത്തോടു ബന്ധപ്പെട്ട പ്രവചനം. ആശ്ചര്യഭരിതരായ ഇടയന്മാരോട്‌ ആ സദ്വാർത്ത അറിയിച്ചതിനു മുമ്പുതന്നെ, സ്വർഗീയ സന്ദേശവാഹകർ യേശുവെന്ന നവജാത ശിശുവിനെക്കുറിച്ചുള്ള ദിവ്യനിശ്വസ്‌ത സന്ദേശങ്ങൾ മറിയയോടും അവളുടെ ഭർത്താവായ യോസെഫിനോടും അറിയിച്ചിരുന്നു. ഈ സന്ദേശങ്ങളുടെ പരിചിന്തനം, യേശുവിന്റെ ജനനത്തോടു ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യം വർധിപ്പിക്കാനും മനുഷ്യർക്കിടയിൽ സമാധാനം എന്ന ദൂതവാഗ്‌ദാനത്തിന്റെ യഥാർഥ അർഥം മനസ്സിലാക്കാനും നമ്മെ സഹായിക്കും.

യേശുവിന്റെ ജനനത്തിനു മുമ്പ്‌, എന്തിന്‌, മറിയ ഗർഭിണിയാകുന്നതിനുപോലും മുമ്പ്‌ ഗബ്രീയേൽ എന്നു ബൈബിൾ പരാമർശിക്കുന്ന ഒരു ദൂതൻ അവളെ സന്ദർശിക്കുകയുണ്ടായി. “കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ട്‌” എന്നിങ്ങനെ ദൂതൻ അവളെ അഭിവാദ്യം ചെയ്‌തു. മറിയയ്‌ക്ക്‌ ആകെപ്പാടെ പരിഭ്രമം തോന്നിയിരിക്കണം. ഒരുപക്ഷേ അൽപ്പം ഭയവും. എന്തായിരിക്കാം ഇത്തരമൊരു അഭിവാദ്യത്തിന്റെ അർഥം?

ഗബ്രീയേൽ തുടർന്നു വിവരിച്ചു: “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും. അവൻ യാക്കോബ്‌ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല.” അതെങ്ങനെ സംഭവിക്കും എന്നായി മറിയ. കാരണം അവൾ ഒരു കന്യകയാണ്‌, ഒരു പുരുഷനുമായി ഒരിക്കലും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്തവൾ. എന്നാൽ അവൾ ഗർഭിണിയാകുന്നത്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാലായിരിക്കും എന്ന്‌ ഗബ്രീയേൽ അവളോടു പറഞ്ഞു. അത്‌ ഒരു സാധാരണ കുട്ടിയായിരിക്കുമായിരുന്നില്ല.​—⁠ലൂക്കൊസ്‌ 1:28-35.

മുൻകൂട്ടിപ്പറയപ്പെട്ട രാജാവ്‌

തനിക്ക്‌ ജനിക്കാൻ പോകുന്നത്‌ പുരാതന പ്രവചനങ്ങളിൽ പരാമർശിച്ചിട്ടുള്ള കുട്ടിയാണെന്നു തിരിച്ചറിയാൻ ഗബ്രീയേലിന്റെ വാക്കുകൾ മറിയയെ സഹായിച്ചിരിക്കണം. മറിയയുടെ മകന്‌ യഹോവ “അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം” കൊടുക്കുമെന്നുള്ള ആ വെളിപ്പെടുത്തൽ ഇസ്രായേലിലെ ദാവീദ്‌ രാജാവിനോടു ദൈവം ചെയ്‌ത വാഗ്‌ദാനം അവളുടെ മനസ്സിലേക്കു കൊണ്ടുവന്നിരിക്കാം​—⁠തിരുവെഴുത്തുകളെക്കുറിച്ച്‌ അറിയാവുന്ന ഏതൊരു യഹൂദനും തീർച്ചയായും അങ്ങനെയേ ചിന്തിക്കുമായിരുന്നുള്ളൂ.

നാഥാൻ പ്രവാചകൻ മുഖാന്തരം യഹോവ ദാവീദിനോട്‌ ഇപ്രകാരം പറഞ്ഞിരുന്നു: “നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.” (2 ശമൂവേൽ 7:4, 16) ദാവീദിനെക്കുറിച്ച്‌ യഹോവ ഇപ്രകാരം പ്രസ്‌താവിച്ചു: “ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. . . . അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും.” (സങ്കീർത്തനം 89:20, 29, 35, 36) അതുകൊണ്ട്‌ മറിയയും യോസേഫും ദാവീദിന്റെ വംശപരമ്പരയിൽപ്പെട്ടവരായിരുന്നു എന്നത്‌ വെറും യാദൃച്ഛികമായി സംഭവിച്ചതായിരുന്നില്ല.

ദാവീദിന്റെ രാജകീയ സന്തതിയെക്കുറിച്ച്‌ എബ്രായ തിരുവെഴുത്തുകളിൽ കാണുന്ന പ്രവചനങ്ങൾ ഇവ മാത്രമായിരുന്നില്ല. യെശയ്യാവിന്റെ പ്രവചനവും മറിയയ്‌ക്ക്‌ അറിയാമായിരുന്നിരിക്കണം: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്‌കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്‌ണത അതിനെ നിവർത്തിക്കും.”​—⁠യെശയ്യാവു 9:6, 7.

ഇതിന്റെയെല്ലാം വെളിച്ചത്തിൽ നോക്കുമ്പോൾ ഗബ്രീയേൽ മറിയയോട്‌ അറിയിച്ച ദൂതിൽ ഒരു ആൺകുട്ടിയുടെ അത്ഭുതകരമായ ജനനത്തെക്കാൾ അധികം ഉൾപ്പെട്ടിരുന്നു. അവളുടെ മകൻ ദാവീദ്‌ രാജാവിന്റെ രാജകീയ അവകാശി ആയിരിക്കുമായിരുന്നു, അതായത്‌ ദൈവത്താൽ സ്ഥാപിതമായ ഒരു രാജ്യത്തിന്റെ സ്ഥിരമായ, നിത്യമായ അവകാശി. യേശു ഭാവിയിൽ ആരായിത്തീരും എന്നതു സംബന്ധിച്ച ഗബ്രീയേലിന്റെ പ്രവചനങ്ങൾക്ക്‌ നമ്മിൽ ഓരോരുത്തരുടെയും കാര്യത്തിൽ വലിയ പ്രാധാന്യമുണ്ട്‌.

തന്റെ ഭാവി വധു ഗർഭിണിയാണെന്ന്‌ അറിഞ്ഞ യോസേഫ്‌ നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹത്തിൽനിന്ന്‌ പിന്മാറാൻ തീരുമാനിച്ചു. കുട്ടി തന്റേതല്ലെന്ന്‌ അവനറിയാമായിരുന്നു, കാരണം അവർ തമ്മിൽ ഒരിക്കലും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ല. മറിയ തന്റെ ഗർഭത്തെക്കുറിച്ച്‌ നൽകുന്ന വിശദീകരണം വിശ്വസിക്കാൻ യോസേഫിന്‌ എത്ര ബുദ്ധിമുട്ടായിരുന്നിരിക്കണം എന്നത്‌ ഊഹിക്കാവുന്നതേയുള്ളൂ. സുവിശേഷ വിവരണം ഇപ്രകാരം പറയുന്നു: “കർത്താവിന്റെ ദൂതൻ അവന്നു സ്വപ്‌നത്തിൽ പ്രത്യക്ഷനായി; ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്‌പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം.”​—⁠മത്തായി 1:20, 21.

ജനിക്കാനിരിക്കുന്ന ഈ കുട്ടി, എങ്ങനെ “ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷി”ക്കും എന്നതു സംബന്ധിച്ച്‌ യോസേഫിന്‌ എത്രത്തോളം മനസ്സിലായി എന്ന്‌ ബൈബിൾ പറയുന്നില്ല. എന്നിരുന്നാലും ഗർഭിണിയായിരിക്കുന്ന മറിയ യാതൊരു തെറ്റും ചെയ്‌തിട്ടില്ല എന്ന്‌ ബോധ്യമാകാൻ അതു സഹായിച്ചു. ദൂതൻ ആവശ്യപ്പെട്ടപ്രകാരം തന്നെ അവൻ ചെയ്‌തു. മറിയയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു, വിവാഹച്ചടങ്ങിനു തുല്യമായ ഒരു നടപടിയായിരുന്നു അത്‌.

ഇതര തിരുവെഴുത്തുകളുടെ സഹായത്തോടെ ദൂതന്റെ വാക്കുകളുടെ അർഥം നമുക്കു ഗ്രഹിക്കാനാകും. മനുഷ്യചരിത്രത്തിന്റെ ആരംഭത്തിൽ മത്സരിയായ ഒരു ദൂതൻ യഹോവയുടെ പരമാധികാരത്തെ വെല്ലുവിളിച്ചു. എബ്രായ തിരുവെഴുത്തുകൾ വ്യക്തമാക്കുന്നതനുസരിച്ച്‌ ആ മത്സരിയുടെ അവകാശവാദത്തിൽ രണ്ടു സുപ്രധാന കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്‌. ദൈവത്തിന്റെ ഭരണവിധം നീതിരഹിതമാണെന്നും അതുപോലെ പരിശോധിക്കപ്പെട്ടാൽ ഒരു മനുഷ്യനും യഹോവയോടു ദൃഢവിശ്വസ്‌തത പാലിക്കില്ലെന്നും. (ഉല്‌പത്തി 3:2-5; ഇയ്യോബ്‌ 1:6-12) അങ്ങനെ ചെയ്യാതിരുന്ന ഒരാൾ ആദാമായിരുന്നു. അവന്റെ പാപത്തിന്റെ ഫലമായി എല്ലാ മനുഷ്യരും പാപം അവകാശപ്പെടുത്തുന്നു, പാപത്തിന്റെ ഫലമായി മരണവും. (റോമർ 5:12; 6:23) എന്നിരുന്നാലും യേശു പാപരഹിതനായാണു ജനിച്ചത്‌, കാരണം ഒരു മാനുഷപിതാവിനാലല്ല അവൻ ഉളവായത്‌. ആദാം നഷ്ടപ്പെടുത്തിയതിനു തുല്യമറുവിലയായി മനസ്സോടെ തന്റെ പൂർണമനുഷ്യജീവൻ അർപ്പിച്ചതിലൂടെ മനുഷ്യരെ പാപത്തിൽനിന്നു രക്ഷിക്കുന്നതിനും അവർക്ക്‌ നിത്യജീവന്റെ പ്രത്യാശ പ്രദാനം ചെയ്യുന്നതിനും യേശുവിനു സാധിക്കുമായിരുന്നു.​—⁠1 തിമൊഥെയൊസ്‌ 2:3-6; തീത്തൊസ്‌ 3:6, 7; 1 യോഹന്നാൻ 2:⁠25.

യേശു തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത്‌, പാപത്തിന്റെ ഫലം നീക്കം ചെയ്‌താൽ എന്താണു സംഭവിക്കുക എന്നതിന്റെ ഒരു പൂർവവീക്ഷണം പ്രദാനംചെയ്യുകയുണ്ടായി. എല്ലാത്തരം ശാരീരിക രോഗങ്ങളിൽനിന്നും അവൻ ആളുകളെ സ്വതന്ത്രരാക്കി, മരിച്ചവരെ തിരികെ ജീവനിലേക്കു കൊണ്ടുവരുകപോലും ചെയ്‌തു. (മത്തായി 4:23; യോഹന്നാൻ 11:1-44) ഭാവിയിൽ അവൻ ചെയ്യാൻ പോകുന്നതിന്റെ ഒരു നിഴൽമാത്രമായിരുന്നു ആ അത്ഭുതങ്ങൾ. യേശുതന്നെ ഇപ്രകാരം പറഞ്ഞു: ‘കല്ലറകളിൽ ഉള്ളവർ എല്ലാവരും എന്റെ ശബ്ദം കേട്ടു, പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.’​—⁠യോഹന്നാൻ 5:28, 29.

യേശുവിന്റെ ജനനം​—⁠അതിലുപരിയായി മരണം​—⁠നമ്മെ സംബന്ധിച്ചിടത്തോളം ഇത്ര പ്രാധാന്യമുള്ളതായിരിക്കുന്നതിന്റെ കാരണം ഭാവി പുനരുത്ഥാനത്തെക്കുറിച്ചുള്ള ആ വാഗ്‌ദാനം വിശദീകരിക്കുന്നു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക്‌ അയച്ചത്‌ “ലോകം അവനാൽ രക്ഷിക്കപ്പെടുവാ”നാണ്‌ എന്ന്‌ യോഹന്നാൻ 3:17 പറയുന്നു. ഈ മഹത്തായ വാർത്ത, യേശു ജനിച്ച രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാത്തുകൊണ്ട്‌ കഴിഞ്ഞിരുന്ന ഇടയന്മാരോടുള്ള പ്രഖ്യാപനം നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു.

‘മഹാസന്തോഷത്തിന്റെ സുവിശേഷം’

“കർത്താവായ ക്രിസ്‌തു എന്ന രക്ഷിതാ”വിന്റെ ജനനത്തെക്കുറിച്ച്‌ ദൂതന്മാർ അറിയിച്ചപ്പോൾ അത്‌ മനുഷ്യവർഗത്തെ സംബന്ധിച്ചിടത്തോളം ‘മഹാസന്തോഷത്തിന്റെ സുവിശേഷം’ ആയിരുന്നു. (ലൂക്കൊസ്‌ 2:10, 11) ആ കുട്ടി, ദൈവജനം വളരെക്കാലമായി പ്രതീക്ഷയോടെ കാത്തിരുന്ന മിശിഹായും വലിയ പ്രവാചകനും അധിപതിയും ആയിത്തീരുമായിരുന്നു. (ആവർത്തനപുസ്‌തകം 18:18; മീഖാ 5:2) അവന്റെ ജീവിതവും മരണവും, യഹോവയുടെ അഖിലാണ്ഡപരമാധികാരത്തിന്റെ സംസ്ഥാപനത്തിൽ ഒരു സുപ്രധാന പങ്കുവഹിക്കുമായിരുന്നു. അതുകൊണ്ടാണ്‌ ദൂതന്‌ ഇപ്രകാരം പറയാനായത്‌: “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം.”​—⁠ലൂക്കൊസ്‌ 2:⁠14.

കഠിന പരിശോധനകൾ ഉണ്ടാകുമ്പോൾപ്പോലും മനുഷ്യർക്ക്‌ യഹോവയോടു വിശ്വസ്‌തരായിരിക്കാനാകുമെന്ന്‌ “ഒടുക്കത്തെ ആദാം” എന്നു ബൈബിൾ വിളിക്കുന്ന യേശു കാണിച്ചുകൊടുത്തു. (1 കൊരിന്ത്യർ 15:45) അങ്ങനെ അവൻ സാത്താൻ ഒരു ദുഷ്ടഭോഷ്‌കാളിയാണെന്ന്‌ തെളിയിച്ചു. ഇത്‌ സ്വർഗത്തിൽ വിശ്വസ്‌ത ദൂതന്മാർക്ക്‌ സന്തോഷിക്കുന്നതിനുള്ള കാരണമേകി.

നമുക്കിപ്പോൾ നമ്മുടെ ചോദ്യത്തിലേക്കു മടങ്ങിവരാം: “യേശുവിന്റെ ജനനസമയത്ത്‌ ദൂതന്മാർ ഉദ്‌ഘോഷിച്ച സംഗതി എപ്പോഴെങ്കിലും യാഥാർഥ്യമാകും എന്നു പ്രത്യാശിക്കുന്നതിനു വസ്‌തുനിഷ്‌ഠമായ എന്തെങ്കിലും കാരണമുണ്ടോ?” തീർച്ചയായും ഉണ്ട്‌! പറുദീസാ അവസ്ഥകൾ പുനഃസ്ഥാപിക്കുന്നത്‌ ഉൾപ്പെടെ ഭൂമിയെ സംബന്ധിച്ചുള്ള ദിവ്യോദ്ദേശ്യം നിവൃത്തിയേറുമ്പോൾ സമാധാനപൂർണമായ ഒരു അവസ്ഥ വരുമെന്നുള്ളത്‌ ഉറപ്പാണ്‌. ഭൂവ്യാപകമായി അതു സ്ഥാപിതമാകുമ്പോൾ സകലരുടെയും പ്രവർത്തനങ്ങളെ ഭരിക്കുന്നത്‌ സ്‌നേഹവും വിശ്വസ്‌തതയും ആയിരിക്കും. കൂടാതെ യഹോവയുടെ ഉദ്ദേശ്യത്തിന്റെ നിവൃത്തി ദിവ്യപരമാധികാരത്തിന്‌ എതിരായുള്ള എല്ലാ ഘടകങ്ങളുടെയും സമ്പൂർണനാശത്തെയും അർഥമാക്കും. യഹോവയുടെ നിലവാരങ്ങൾ മോശമാണ്‌ എന്ന സാത്താന്റെ വാദത്തെ അനുകൂലിക്കുന്ന ആർക്കും ഇതൊരു സുവാർത്തയല്ല. അവർക്ക്‌ അത്‌ നാശത്തെ അർഥമാക്കും.​—⁠സങ്കീർത്തനം 37:11; സദൃശവാക്യങ്ങൾ 2:21, 22.

സമാധാനവും ദൈവപ്രസാദവും അല്ലെങ്കിൽ സന്മനസ്സും എല്ലാ മനുഷ്യർക്കും ഉണ്ടായിരിക്കും എന്ന്‌ ദൂതന്മാർ ഇടയന്മാരോടു പറഞ്ഞില്ല എന്നതു ശ്രദ്ധിക്കുക. പകരം അവർ പറഞ്ഞത്‌, “ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” അഥവാ കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ “സന്മനസ്സുള്ള മനുഷ്യർക്കിടയിൽ സമാധാനം” എന്നാണ്‌. അതിന്റെയർഥം ദൈവാംഗീകാരം ഉള്ള, അവന്റെ പ്രീതിയിലുള്ള ആളുകൾക്കിടയിൽ എന്നാണ്‌. യഹോവയിൽ യഥാർഥ വിശ്വാസം പ്രകടമാക്കുന്നവർ യേശുവിന്റെ വിശ്വസ്‌ത അനുഗാമികളും അനുകാരികളും ആയിത്തീരുന്നു. അത്തരം ആളുകൾ മറ്റുള്ളവരോട്‌ ഔദാര്യവും സമാനുഭാവവും പ്രകടമാക്കാൻ മനസ്സൊരുക്കമുള്ളവരായിരിക്കും, അത്‌ വർഷത്തിലെ ഏതാനും ദിവസം മാത്രമല്ല, മറിച്ച്‌ എല്ലാ ദിവസവും.

ക്രിസ്‌തീയ മനോഭാവം​—⁠വർഷം മുഴുവൻ?

യേശു പ്രസംഗിച്ച സുവാർത്ത അസംഖ്യം ആളുകളുടെ ജീവിതത്തിൽ പ്രഭാവം ചെലുത്തിയിട്ടുണ്ട്‌. അനേകമാളുകൾ ക്രിസ്‌തീയ തത്ത്വങ്ങൾ തങ്ങളുടെ ജീവിതത്തിന്റെ സമസ്‌ത മണ്ഡലങ്ങളിലും പ്രാവർത്തികമാക്കിയിരിക്കുന്നു. മുമ്പ്‌ വളരെ സ്വാർഥതത്‌പരരായിരുന്ന ആളുകൾ തങ്ങളുടെ ചിന്താഗതിക്കു മാറ്റം വരുത്തിയിട്ടുണ്ട്‌. വ്യത്യസ്‌ത സാഹചര്യങ്ങളെ നേരിടുമ്പോൾ അവർ, ഈ സാഹചര്യത്തിൽ യേശുവായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു എന്നു ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഭൗതികവസ്‌തുക്കളിലും ഉല്ലാസങ്ങളിലും തങ്ങളുടെ ജീവിതത്തെ കേന്ദ്രീകരിച്ചിരുന്ന ചിലർ ആത്മീയ മൂല്യങ്ങളുടെയും അവ തങ്ങളുടെ അയൽക്കാരുമായി പങ്കുവെക്കുന്നതിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ളവർ വർഷത്തിലുടനീളം ഔദാര്യവും ദയയും പ്രകടമാക്കാൻ ശ്രമിക്കുന്നു. യഥാർഥ ക്രിസ്‌ത്യാനികളിൽനിന്ന്‌ നിങ്ങൾ അതല്ലേ പ്രതീക്ഷിക്കുക?

ആത്മാർഥഹൃദയരായ എല്ലാവരും സമാധാനത്തെ സംബന്ധിച്ച ദൂതസന്ദേശത്തിന്റെ പ്രാധാന്യവും അർഥവും പരിചിന്തിക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്‌തിരുന്നെങ്കിൽ ഈ ലോകത്തിന്റെ സ്ഥിതി തികച്ചും വ്യത്യസ്‌തമായിരിക്കുമായിരുന്നു.

ദൈവത്തിന്റെ പ്രസാദം അല്ലെങ്കിൽ സന്മനസ്സ്‌ ഉള്ളവർക്ക്‌ എന്നേക്കും യഥാർഥ സമാധാനം ആസ്വദിക്കാനാകുമെന്ന്‌ യേശുവിന്റെ ജനനത്തെ കേന്ദ്രീകരിച്ചുള്ള പ്രവചനങ്ങൾ ഉറപ്പുനൽകുന്നു. അതല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്‌? യേശുവിന്റെ ജനനസമയത്ത്‌ ദൂതന്മാർ അറിയിച്ച, സമാധാനത്തെ സംബന്ധിച്ച മഹത്തായ പ്രവചനം തീർച്ചയായും നിവൃത്തിയേറും. സമാധാനം എന്നത്‌ ക്രിസ്‌തുമസ്സ്‌ കാലത്തെ ഒരു വെറുംവാക്ക്‌ ആയിരിക്കുന്നതിനു പകരം ഒരു നിത്യയാഥാർഥ്യമായിത്തീരും.

[7-ാം പേജിലെ ചിത്രങ്ങൾ]

ക്രിസ്‌തീയ മനോഭാവം വർഷം മുഴുവൻ പ്രകടമാക്കാനാകും, പ്രകടമാക്കുകയും വേണം