“ഒന്നാമത്തെ പുനരുത്ഥാനം”—ഇപ്പോൾ നടക്കുന്നു!
“ഒന്നാമത്തെ പുനരുത്ഥാനം”—ഇപ്പോൾ നടക്കുന്നു!
‘ക്രിസ്‌തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കും.’—1 തെസ്സലൊനീക്യർ 4:16.
1, 2. (എ) മരിച്ചവർക്കുള്ള പ്രത്യാശ എന്താണ്? (ബി) നിങ്ങൾ പുനരുത്ഥാനത്തിൽ വിശ്വസിക്കാനുള്ള കാരണം എന്താണ്? (അടിക്കുറിപ്പ് കാണുക.)
“ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു.” ആദാം പാപം ചെയ്‌തതുമുതൽ ഇന്നോളം അതു സത്യമായിരുന്നിട്ടുണ്ട്. ജനിച്ചാൽ ഒരിക്കൽ മരിക്കണം എന്ന വസ്‌തുത പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. എന്നാൽ അനേകരും ഇപ്രകാരം ചിന്തിച്ചിട്ടുണ്ട്: ‘മരണാനന്തരം എന്തു സംഭവിക്കുന്നു? മരിച്ചവരുടെ അവസ്ഥ എന്താണ്?’ ബൈബിൾ ഇപ്രകാരം മറുപടി നൽകുന്നു: “മരിച്ചവരോ ഒന്നും അറിയുന്നില്ല.”—സഭാപ്രസംഗി 9:5.
2 അങ്ങനെയെങ്കിൽ, മരിച്ചവർക്ക് എന്തെങ്കിലും പ്രത്യാശയുണ്ടോ? ഉണ്ട്. വാസ്‌തവത്തിൽ, ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം നിറവേറണമെങ്കിൽ അവർക്കു പ്രത്യാശ ഉണ്ടായിരുന്നേ തീരൂ. സാത്താനെ നശിപ്പിക്കുകയും അവന്റെ ദ്രോഹപ്രവൃത്തികളെ അഴിക്കുകയും ചെയ്യുന്ന ഒരു സന്തതിയെ സംബന്ധിച്ച യഹോവയുടെ വാഗ്‌ദാനത്തിൽ നൂറ്റാണ്ടുകളിലുടനീളം ദൈവത്തിന്റെ വിശ്വസ്‌ത ദാസന്മാർ വിശ്വാസം പ്രകടമാക്കിയിട്ടുണ്ട്. ഉല്‌പത്തി 3:15) അവരിൽ മിക്കവരും മരിച്ചിരിക്കുന്നു. യഹോവ നൽകിയിരിക്കുന്ന ആ വാഗ്‌ദാനത്തിന്റെയും മറ്റുള്ളവയുടെയും നിവൃത്തി കാണാൻ അവർ ഉയിർപ്പിക്കപ്പെടേണ്ടതുണ്ട്. (എബ്രായർ 11:13) അതു സാധ്യമാണോ? തീർച്ചയായും. “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും” എന്ന് അപ്പൊസ്‌തലനായ പൗലൊസ് പറഞ്ഞു. (പ്രവൃത്തികൾ 24:15) മൂന്നാം നിലയിൽനിന്നു വീണു ‘മരിച്ച’ യൂത്തിക്കൊസ് എന്ന യുവാവിനെ ഒരിക്കൽ അവൻ ഉയിർപ്പിച്ചു. ഇത് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പുനരുത്ഥാനങ്ങളിൽ ഒമ്പതാമത്തേത് ആണ്.—പ്രവൃത്തികൾ 20:7-12. *
(3. യോഹന്നാൻ 5:28, 29-ലെ യേശുവിന്റെ വാക്കുകൾ വ്യക്തിപരമായി നിങ്ങൾക്ക് എന്ത് ആശ്വാസം പകർന്നിരിക്കുന്നു, എന്തുകൊണ്ട്?
3 ആ ഒമ്പത് പുനരുത്ഥാനങ്ങൾ പൗലൊസിന്റെ വാക്കുകളിൽ വിശ്വാസം അർപ്പിക്കുന്നതിനുള്ള അടിസ്ഥാനം നൽകുന്നു. അവ യേശുവിന്റെ വാഗ്‌ദാനത്തിലുള്ള നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നവയുമാണ്. അവൻ പറഞ്ഞു: “കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ [യേശുവിന്റെ] ശബ്ദം കേട്ടു, നന്മ ചെയ്‌തവർ ജീവന്നായും തിന്മ ചെയ്‌തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.” (യോഹന്നാൻ 5:28, 29) എത്ര ഹൃദയോഷ്‌മളമായ വാക്കുകൾ! പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടമായ ദശലക്ഷങ്ങൾക്ക് എത്ര ആശ്വാസദായകം!
4, 5. ബൈബിൾ ഏതെല്ലാം വ്യത്യസ്‌ത പുനരുത്ഥാനങ്ങളെക്കുറിച്ചു പറയുന്നു, അതിൽ ഏതാണ് ഇപ്പോൾ ചർച്ച ചെയ്യാൻ പോകുന്നത്?
4 പുനരുത്ഥാനം പ്രാപിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ദൈവരാജ്യത്തിൻ കീഴിലെ സമാധാനപൂർണമായ ഭൂമിയിലേക്കായിരിക്കും വരുന്നത്. (സങ്കീർത്തനം 37:10, 11, 29; യെശയ്യാവു 11:6-9; 35:5, 6; 65:21-23) എന്നിരുന്നാലും, അതിനുമുമ്പ് മറ്റു പുനരുത്ഥാനങ്ങൾ നടക്കേണ്ടിയിരുന്നു. ആദ്യമായി, നമുക്കുവേണ്ടി തന്റെ ബലിയുടെ മൂല്യം ദൈവത്തിനു സമർപ്പിക്കാൻ ക്രിസ്‌തു പുനരുത്ഥാനം പ്രാപിക്കേണ്ടതുണ്ടായിരുന്നു. പൊതുയുഗം (പൊ.യു.) 33-ൽ അവൻ മരിക്കുകയും ഉയിർപ്പിക്കപ്പെടുകയും ചെയ്‌തു.
5 അടുത്തതായി, ‘ദൈവത്തിന്റെ ഇസ്രായേലായ’ അഭിഷിക്തർ സ്വർഗീയ മഹത്ത്വത്തിൽ കർത്താവായ യേശുക്രിസ്‌തുവിനോടു ചേർക്കപ്പെടണം, അവിടെ അവർ “എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.” (ഗലാത്യർ 6:16; 1 തെസ്സലൊനീക്യർ 4:17) അതിനെയാണ് “നേരത്തേയുള്ള പുനരുത്ഥാനം,” അഥവാ “ഒന്നാമത്തെ പുനരുത്ഥാനം” എന്നു വിളിച്ചിരിക്കുന്നത്. (ഫിലിപ്പിയർ 3:10, 11, NW; വെളിപ്പാടു 20:6) പ്രസ്‌തുത പുനരുത്ഥാനം പൂർത്തിയാകുമ്പോൾ, പറുദീസാ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയുള്ള ദശലക്ഷങ്ങളുടെ പുനരുത്ഥാനം ആരംഭിക്കും. അതുകൊണ്ട്, നമ്മുടെ പ്രത്യാശ സ്വർഗീയമായിരുന്നാലും ഭൗമികമായിരുന്നാലും നമുക്കെല്ലാം “ഒന്നാമത്തെ പുനരുത്ഥാന”ത്തിൽ ആഴമായ താത്‌പര്യമുണ്ട്. അത് ഏതുതരം പുനരുത്ഥാനമാണ്? അത് എപ്പോഴാണു നടക്കുന്നത്?
“ഏതുവിധം ശരീരത്തോടെ വരുന്നു”?
6, 7. (എ) അഭിഷിക്ത ക്രിസ്‌ത്യാനികൾ സ്വർഗത്തിൽ പോകുന്നതിനുമുമ്പ് എന്തു സംഭവിക്കണം? (ബി) ഏതുതരം ശരീരത്തോടെയായിരിക്കും അവർ പുനരുത്ഥാനം പ്രാപിക്കുന്നത്?
6 പൗലൊസ് കൊരിന്ത്യർക്കുള്ള തന്റെ ആദ്യ ലേഖനത്തിൽ ഒന്നാമത്തെ പുനരുത്ഥാനത്തെക്കുറിച്ച് ഇപ്രകാരം ചോദിക്കുന്നു: “മരിച്ചവർ എങ്ങനെ ഉയിർക്കുന്നു . . . ഏതുവിധം ശരീരത്തോടെ വരുന്നു”? തുടർന്ന് ഇങ്ങനെ പറഞ്ഞുകൊണ്ട് അവൻ ഉത്തരം നൽകുന്നു: “വിതെക്കുന്നതു ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല. . . . ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരം . . . കൊടുക്കുന്നു. സ്വർഗ്ഗീയശരീരങ്ങളുടെ തേജസ്സു വേറെ, ഭൌമശരീരങ്ങളുടെ തേജസ്സു വേറെ.”—1 കൊരിന്ത്യർ 15:35-40.
7 പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുന്ന ക്രിസ്‌ത്യാനികൾ തങ്ങളുടെ സ്വർഗീയ പ്രതിഫലം നേടുന്നതിനായി മരിക്കണം എന്നാണ് പൗലൊസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. മരണത്തിങ്കൽ അവരുടെ ഭൗമശരീരം പൊടിയിലേക്കു തിരികെ ചേരുന്നു. (ഉല്‌പത്തി 3:19) ദൈവത്തിന്റെ നിയമിത സമയത്ത്, സ്വർഗീയ ജീവന് അനുയോജ്യമായ ശരീരത്തോടുകൂടെ അവർ പുനരുത്ഥാനം പ്രാപിക്കുന്നു. (1 യോഹന്നാൻ 3:2) ദൈവം അവർക്ക് അമർത്യതയും കൊടുക്കുന്നു. അത് അമർത്യമായ ആത്മാവെന്നോ ദേഹിയെന്നോ പറയപ്പെടുന്ന ഒന്ന് നൽകിയാലെന്നതുപോലെ അവർക്കു ജന്മനാ ലഭിക്കുന്നതല്ല. “മർത്യമായതു അമർത്യത്വത്തെ . . . ധരിക്കേണം,” പൗലൊസ് പറയുന്നു. അമർത്യത ദൈവത്തിന്റെ ദാനമാണ്, ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവർ അതു ‘ധരിക്കുന്നു’.—1 കൊരിന്ത്യർ 15:50, 53; ഉല്‌പത്തി 2:7; 2 കൊരിന്ത്യർ 5:1, 2, 8.
8. ദൈവം 1,44,000 പേരെ വ്യത്യസ്‌ത മതങ്ങളിൽനിന്നല്ല തിരഞ്ഞെടുക്കുന്നത് എന്ന് നമുക്കെങ്ങനെ അറിയാം?
8 ഒന്നാമത്തെ പുനരുത്ഥാനം 1,44,000 പേർക്കു മാത്രമേ ലഭിക്കുന്നുള്ളൂ. യേശുവിനെ ഉയിർപ്പിച്ച് അധികം താമസിയാതെ പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ യഹോവ അവരെ തിരഞ്ഞെടുക്കാൻ തുടങ്ങി. അവരുടെയെല്ലാം “നെറ്റിയിൽ അവന്റെ [യേശുവിന്റെ] നാമവും പിതാവിന്റെ നാമവും എഴുതി”യിട്ടുണ്ട്. (വെളിപ്പാടു 14:1, 3) ആയതിനാൽ, പല മതങ്ങളിൽനിന്നല്ല അവരെ തിരഞ്ഞെടുക്കുന്നത്. എല്ലാവരും ക്രിസ്‌ത്യാനികളാണ്, അതോടൊപ്പം അഭിമാനപൂർവം പിതാവായ യഹോവയുടെ നാമം വഹിക്കുന്നവരും. പുനരുത്ഥാനം പ്രാപിക്കുമ്പോൾ അവർക്കു സ്വർഗത്തിൽ ഒരു നിയമനം ലഭിക്കുന്നു. ആ വിധത്തിൽ ദൈവത്തെ നേരിട്ടു സേവിക്കാനുള്ള പ്രത്യാശ അവരെ അത്യന്തം ആവേശഭരിതരാക്കുന്നു.
ഇപ്പോൾ നടക്കുന്നുവോ?
9. ഒന്നാമത്തെ പുനരുത്ഥാനം നടക്കുന്ന ഏകദേശ കാലയളവ് കണക്കാക്കാൻ വെളിപ്പാടു 12:7-ഉം 17:14-ഉം സഹായിക്കുന്നത് എങ്ങനെ?
9 ഒന്നാമത്തെ പുനരുത്ഥാനം എപ്പോഴാണു നടക്കുന്നത്? അത് ഇപ്പോൾ നടക്കുന്നുവെന്നതിന് ശക്തമായ തെളിവുണ്ട്. ഉദാഹരണത്തിന്, വെളിപ്പാടിലെ രണ്ട് അധ്യായങ്ങൾ ഒന്നു താരതമ്യം ചെയ്‌തു നോക്കൂ. ആദ്യം നമുക്ക് വെളിപ്പാടു 12-ാം അധ്യായം നോക്കാം. അവിടെ, പുതുതായി സിംഹാസനസ്ഥനായ യേശു തന്റെ വിശുദ്ധ ദൂതന്മാരോടൊപ്പം സാത്താനും അവന്റെ ഭൂതങ്ങൾക്കും എതിരെ യുദ്ധം ചെയ്യുന്നതായി നാം വായിക്കുന്നു. (വെളിപ്പാടു 12:7-9) ഈ മാസിക പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളതുപോലെ, ആ യുദ്ധം 1914-ൽ ആരംഭിച്ചു. * എന്നാൽ, ആ സ്വർഗീയ യുദ്ധത്തിൽ യേശുവിനോടൊപ്പം അവന്റെ അഭിഷിക്താനുഗാമികളിൽ ആരും ഉണ്ടായിരിക്കുന്നതായി പറയുന്നില്ല എന്നത് ശ്രദ്ധിക്കുക. നമുക്ക് ഇനി വെളിപ്പാടു 17-ാം അധ്യായം നോക്കാം. “മഹാബാബിലോ”ന്റെ നാശത്തിനുശേഷം കുഞ്ഞാട് ജാതികളുടെമേൽ ജയം പ്രാപിക്കുന്നതായി അവിടെ നാം വായിക്കുന്നു. തുടർന്ന്, ഇപ്രകാരം പറയുന്നു: “വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്‌തരു”മായവർ അവനോടൊപ്പം “അവരെ ജയിക്കും.” (വെളിപ്പാടു 17:5, 14) യേശുവിനോടൊപ്പം സാത്താന്റെ ലോകത്തിനെതിരായുള്ള അന്തിമയുദ്ധത്തിൽ പങ്കുചേരണമെങ്കിൽ, “വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്‌തരു”മായവർ അതിനോടകംതന്നെ പുനരുത്ഥാനം പ്രാപിച്ചിരിക്കണം. അപ്പോൾ ന്യായമായും, അർമഗെദോനുമുമ്പു മരിക്കുന്ന അഭിഷിക്തർ, 1914-നും അർമഗെദോനും ഇടയ്‌ക്ക് പുനരുത്ഥാനം പ്രാപിച്ചിരിക്കും.
10, 11. (എ) 24 മൂപ്പന്മാർ ആരാണ്, അവരിലൊരാൾ യോഹന്നാന് എന്തു വെളിപ്പെടുത്തുന്നു? (ബി) ഇതു നമ്മെ ഏതു നിഗമനത്തിലേക്കു നയിക്കുന്നു?
10 ഒന്നാമത്തെ പുനരുത്ഥാനം എപ്പോൾ തുടങ്ങുന്നുവെന്ന് കുറെക്കൂടെ കൃത്യമായി നമുക്കു പറയാനാകുമോ? അതിനു സഹായകമായ ഒരു സൂചന വെളിപ്പാടു -ൽ കാണാം. അവിടെ അപ്പൊസ്‌തലനായ യോഹന്നാൻ “ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാര”ത്തെക്കുറിച്ചുള്ള തന്റെ ദർശനം വിവരിക്കുന്നു. ആ മഹാപുരുഷാരം ആരാണെന്ന കാര്യം യോഹന്നാന് വെളിപ്പെടുത്തിക്കൊടുക്കുന്നത് 24 മൂപ്പന്മാരിൽ ഒരാളാണ്. ക്രിസ്‌തുവിനോടൊപ്പം സ്വർഗീയമഹത്ത്വത്തിലുള്ള 1,44,000 കൂട്ടവകാശികളെയാണ് ഈ മൂപ്പന്മാർ പ്രതിനിധീകരിക്കുന്നത്. 7:9-15 * (ലൂക്കൊസ് 22:28-30; വെളിപ്പാടു 4:4) യോഹന്നാൻതന്നെ സ്വർഗീയ പ്രത്യാശയുള്ള ഒരു വ്യക്തിയായിരുന്നു. എന്നാൽ മൂപ്പൻ യോഹന്നാനോടു സംസാരിച്ചപ്പോൾ അവൻ അപ്പോഴും ഭൂമിയിൽ ആയിരുന്ന സ്ഥിതിക്ക് ദർശനത്തിൽ അവൻ, സ്വർഗീയ പ്രതിഫലം ഇനിയും ലഭിച്ചിട്ടില്ലാത്ത ഭൂമിയിലുള്ള അഭിഷിക്തരെ പ്രതിനിധാനം ചെയ്യണമായിരുന്നു.
11 മഹാപുരുഷാരത്തെ യോഹന്നാനു തിരിച്ചറിയിച്ചു കൊടുത്തത് 24 മൂപ്പന്മാരിൽ ഒരാളാണെന്ന വസ്‌തുതയിൽനിന്ന് നമുക്ക് എന്തു നിഗമനത്തിലെത്താവുന്നതാണ്? പുനരുത്ഥാനം പ്രാപിച്ച 24 മൂപ്പന്മാരുടെ ഗണത്തിൽപ്പെട്ടവർ ഇന്ന് ദിവ്യ സത്യങ്ങൾ അറിയിക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ടാകാം. അതിന്റെ പ്രസക്തി എന്താണ്? ഭൂമിയിലുള്ള അഭിഷിക്ത ദാസന്മാർക്ക് മഹാപുരുഷാരം ആരാണെന്നു കൃത്യമായി വെളിപ്പെടുത്തപ്പെട്ടത് 1935-ലാണ്. സുപ്രധാനമായ ആ സത്യം അറിയിക്കാൻ 24 മൂപ്പന്മാരിൽ ഒരുവനെ ഉപയോഗിച്ച സ്ഥിതിക്ക് കുറഞ്ഞപക്ഷം 1935-ഓടെ എങ്കിലും അവനു സ്വർഗീയ പുനരുത്ഥാനം ലഭിച്ചിരിക്കണം. അതിന്റെയർഥം ഒന്നാമത്തെ പുനരുത്ഥാനം 1914-നും 1935-നും ഇടയ്‌ക്ക് ആരംഭിച്ചിരിക്കണം എന്നാണ്. ഇതു സംബന്ധിച്ച് കുറെക്കൂടെ കൃത്യമായ ഒരു നിഗമനത്തിൽ നമുക്ക് എത്താനാകുമോ?
12. ഒന്നാമത്തെ പുനരുത്ഥാനം 1918-ലെ വസന്തത്തിൽ ആരംഭിച്ചിരിക്കാൻ സാധ്യതയുണ്ട് എന്നു പറയാവുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കുക.
12 ഇത്തരുണത്തിൽ, ബൈബിൾ ചരിത്രത്തിലെ ഒരു സമാന്തര സാഹചര്യം പരിചിന്തിക്കുന്നതു സഹായകമായിരുന്നേക്കാം. യേശുക്രിസ്‌തു ദൈവരാജ്യത്തിന്റെ ഭാവി രാജാവായി അഭിഷേകം ചെയ്യപ്പെട്ടത് പൊ.യു. 29-ലെ ശരത്‌കാലത്താണ്. മൂന്നര വർഷത്തിനുശേഷം, പൊ.യു. 33-ലെ വസന്തത്തിൽ അവൻ ശക്തനായ ഒരു ആത്മവ്യക്തിയായി പുനരുത്ഥാനം പ്രാപിച്ചു. അപ്പോൾ ചിന്തിക്കുക, യേശുക്രിസ്‌തു 1914-ലെ ശരത്‌കാലത്ത് സിംഹാസനസ്ഥനായ സ്ഥിതിക്ക് അവന്റെ വിശ്വസ്‌തരായ അഭിഷിക്താനുഗാമികളുടെ പുനരുത്ഥാനം മൂന്നര വർഷത്തിനുശേഷം 1918-ലെ വസന്തത്തിൽ ആരംഭിച്ചു എന്ന് അനുമാനിക്കുന്നതു ന്യായമല്ലേ? അത് തള്ളിക്കളയാനാവാത്ത ഒരു സാധ്യതയാണ്. ബൈബിൾ ഇതു സംബന്ധിച്ച് നേരിട്ട് ഒന്നും പ്രതിപാദിക്കുന്നില്ലെങ്കിലും, ക്രിസ്‌തുവിന്റെ സാന്നിധ്യം ആരംഭിച്ച് ഏറെ താമസിയാതെ ഒന്നാമത്തെ പുനരുത്ഥാനം തുടങ്ങി എന്നു സൂചിപ്പിക്കുന്ന മറ്റു തിരുവെഴുത്തുകളുമായി ഇതു തികച്ചും യോജിപ്പിലാണ്.
13. ഒന്നാമത്തെ പുനരുത്ഥാനം ക്രിസ്‌തുവിന്റെ സാന്നിധ്യത്തിന്റെ പ്രാരംഭഭാഗത്തു തുടങ്ങിയെന്ന് 1 തെസ്സലൊനീക്യർ 4:15-17 സൂചിപ്പിക്കുന്നതെങ്ങനെ?
13 ഉദാഹരണത്തിന്, “കർത്താവിന്റെ പ്രത്യക്ഷതവരെ,” അഥവാ സാന്നിധ്യംവരെ [സാന്നിധ്യത്തിന്റെ അവസാനംവരെയല്ല] “ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല . . . കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്‌തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേല്‌ക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്‌പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും” എന്ന് പൗലൊസ് എഴുതി. (1 തെസ്സലൊനീക്യർ 4:15-17) അതുകൊണ്ട്, ക്രിസ്‌തുവിന്റെ സാന്നിധ്യത്തിനുമുമ്പു മരിച്ചുപോയ അഭിഷിക്ത ക്രിസ്‌ത്യാനികൾ അവന്റെ സാന്നിധ്യകാലത്തു ജീവിച്ചിരിക്കുന്ന അഭിഷിക്തർക്കുമുമ്പേ സ്വർഗീയ ജീവനിലേക്ക് ഉയർപ്പിക്കപ്പെട്ടിരുന്നു. അതിനർഥം, ഒന്നാമത്തെ പുനരുത്ഥാനം ക്രിസ്‌തുവിന്റെ സാന്നിധ്യത്തിന്റെ പ്രാരംഭഭാഗത്തു തുടങ്ങിയിരിക്കണം എന്നാണ്. കൂടാതെ, “അവന്റെ വരവിങ്കൽ” [“സാന്നിധ്യകാലത്ത്,” NW] അതു തുടരുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 15:23) എല്ലാവരും ഒരേസമയം പുനരുത്ഥാനം പ്രാപിക്കുന്നതിനു പകരം, ഒരു കാലഘട്ടംകൊണ്ടാണ് ഒന്നാമത്തെ പുനരുത്ഥാനം നടക്കുന്നത്.
“അവരിൽ ഓരോരുത്തന്നും വെള്ളനിലയങ്കി കൊടുത്തു”
14. (എ) വെളിപ്പാടു 6-ാം അധ്യായത്തിലെ ദർശനങ്ങൾ നിവൃത്തിയേറിയത് എപ്പോൾ? (ബി) വെളിപ്പാടു 6:9-ൽ ചിത്രീകരിച്ചിരിക്കുന്നത് എന്താണ്?
14 വെളിപ്പാടു 6-ാം അധ്യായത്തിൽ കാണപ്പെടുന്ന തെളിവുകളും പരിശോധിക്കുക. അവിടെ, യേശുവിനെ വിജയ ശ്രീലാളിതനായി മുന്നേറുന്ന രാജാവായി ചിത്രീകരിച്ചിരിക്കുന്നു. (വെളിപ്പാടു 6:2) ജനതകൾ യുദ്ധത്തിൽ അത്യധികം മുഴുകിയിരിക്കുന്നു. (വെളിപ്പാടു 6:4) വ്യാപകമായ ഭക്ഷ്യക്ഷാമവും ഉണ്ട്. (വെളിപ്പാടു 6:5, 6) മനുഷ്യവർഗത്തെ മാരകമായ പകർച്ചവ്യാധികൾ ഗ്രസിച്ചിരിക്കുന്നു. (വെളിപ്പാടു 6:8) മുൻകൂട്ടിപ്പറഞ്ഞ പ്രസ്‌തുത സംഭവങ്ങളെല്ലാം 1914 മുതൽ കൃത്യമായി നിവൃത്തിയേറിക്കൊണ്ടാണിരിക്കുന്നത്. എന്നാൽ മറ്റു ചിലതും സംഭവിക്കുന്നുണ്ട്. തിരുവെഴുത്തുകൾ അടുത്തതായി ഒരു യാഗപീഠത്തെക്കുറിച്ചു പറയുന്നു. അതിനുകീഴെ, “ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ” കാണുകയുണ്ടായി. (വെളിപ്പാടു 6:9) ഇവിടെ ‘ആത്മാക്കൾ’ എന്നു തെറ്റായി പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം അറുക്കപ്പെട്ടവരുടെ ജീവനെയാണു സൂചിപ്പിക്കുന്നത്. “മാംസത്തിന്റെ ജീവൻ രക്തത്തിൽ” ആയതിനാൽ യാഗപീഠത്തിനുകീഴിൽ ഉള്ളതായി യഥാർഥത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് ധീരവും ഉത്സാഹപൂർവകവുമായ സാക്ഷീകരണത്തിന്റെ ഫലമായി അറുക്കപ്പെട്ട അഭിഷിക്താനുഗാമികളുടെ രക്തമാണ്.—ലേവ്യപുസ്‌തകം 17:11.
15, 16. വെളിപ്പാടു 6:10, 11-ലെ വാക്കുകൾ ഒന്നാമത്തെ പുനരുത്ഥാനത്തെ പരാമർശിക്കുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കുക.
15 നീതിമാനായ ഹാബേലിന്റെ രക്തംപോലെ, ഈ ക്രിസ്‌തീയ രക്തസാക്ഷികളുടെ രക്തവും നീതിക്കുവേണ്ടി നിലവിളിക്കുകയാണ്. (ഉല്‌പത്തി 4:10) “വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയിൽ വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവർ ഉറക്കെ നിലവിളിച്ചു.” അടുത്തതായി എന്താണു സംഭവിക്കുന്നത്? “അപ്പോൾ അവരിൽ ഓരോരുത്തന്നും വെള്ളനിലയങ്കി കൊടുത്തു; അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്‌പകാലം കൂടെ സ്വസ്ഥമായി പാർക്കേണം എന്നു അവർക്കു അരുളപ്പാടുണ്ടായി [“വിശ്രമിക്കാൻ അവർക്കു നിർദേശം കിട്ടി,” പി.ഒ.സി. ബൈബിൾ].”—വെളിപ്പാടു 6:10, 11.
16 ഈ വെള്ളനിലയങ്കികൾ യാഗപീഠത്തിങ്കലുള്ള രക്തപ്പൊയ്‌കകൾക്കാണോ നൽകുന്നത്? ഒരിക്കലുമല്ല! യാഗപീഠത്തിന്മേൽ രക്തം അർപ്പിച്ചാലെന്നതുപോലെ രക്തം ചൊരിഞ്ഞ വ്യക്തികൾക്കാണ് നിലയങ്കികൾ നൽകുന്നത്. അവർ യേശുവിന്റെ നാമത്തെപ്രതി തങ്ങളുടെ ജീവൻ വെടിയുകയും ആത്മശരീരത്തോടെ ഇപ്പോൾ ഉയിർപ്പിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു. നമുക്ക് അതെങ്ങനെ അറിയാം? “ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്‌തകത്തിൽനിന്നു മാച്ചുകള”യുകയില്ല എന്ന് വെളിപ്പാടു പുസ്‌തകത്തിലെ ഇതിനു മുമ്പുള്ള വിവരണത്തിൽ നാം വായിക്കുന്നു. 24 മൂപ്പന്മാർ ‘വെള്ളയുടുപ്പു ധരിച്ചിരിക്കുന്നതായും’ “അവരുടെ തലയിൽ പൊൻകിരീടം” ഉള്ളതായും പറഞ്ഞിരിക്കുന്നതും ശ്രദ്ധിക്കുക. (വെളിപ്പാടു 3:5; 4:4) അതുകൊണ്ട് യുദ്ധം, ഭക്ഷ്യക്ഷാമം, പകർച്ചവ്യാധി എന്നിവ ഭൂമിയിൽ നാശം വിതയ്‌ക്കാൻ തുടങ്ങിയതിനെ തുടർന്ന്, യാഗപീഠത്തിങ്കലെ രക്തം പ്രതിനിധീകരിക്കുന്ന 1,44,000-ത്തിലെ മരിച്ച വ്യക്തികൾ സ്വർഗീയ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുകയും ആലങ്കാരിക വെള്ളനിലയങ്കി ധരിക്കുകയും ചെയ്‌തു.
17. വെള്ളനിലയങ്കി ലഭിച്ചവർ ‘വിശ്രമിക്കണം’ എന്നു പറയുന്നത് ഏതർഥത്തിലാണ്?
17 പുതുതായി പുനരുത്ഥാനം പ്രാപിച്ച ആ വ്യക്തികൾ ‘വിശ്രമിക്കേണ്ടതുണ്ട്’. ദൈവത്തിന്റെ പ്രതികാരദിവസത്തിനായി അവർ ക്ഷമാപൂർവം കാത്തിരിക്കണം. അവരുടെ “സഹഭൃത്യന്മാ”രായ ഭൂമിയിലെ അഭിഷിക്ത ക്രിസ്‌ത്യാനികൾ പരിശോധനയിന്മധ്യേയുള്ള തങ്ങളുടെ നിർമലത പൂർണമായി തെളിയിക്കാനിരിക്കുന്നതേയുള്ളൂ. ദിവ്യന്യായവിധിക്കുള്ള സമയം ആഗതമാകുമ്പോൾ അവരുടെ ‘വിശ്രമം’ പൂർത്തിയാകും. (വെളിപ്പാടു 7:3) ആ സമയത്ത്, നിഷ്‌കളങ്കരായ ക്രിസ്‌ത്യാനികളുടെ രക്തം ചൊരിഞ്ഞവർ ഉൾപ്പെടെ സകല ദുഷ്ടന്മാർക്കും എതിരെ ശിക്ഷാവിധി നടപ്പാക്കുന്നതിൽ കർത്താവായ യേശുക്രിസ്‌തുവിനോടൊപ്പം, ഉയിർപ്പിക്കപ്പെട്ട അഭിഷിക്തരും പങ്കുചേരും.—2 തെസ്സലൊനീക്യർ 1:7-10.
നമുക്കുള്ള അർഥം
18, 19. (എ) ഒന്നാമത്തെ പുനരുത്ഥാനം ഇപ്പോൾ നടക്കുന്നു എന്നു നിങ്ങൾക്ക് പറയാൻ കഴിയുന്നത് എന്തുകൊണ്ട്? (ബി) ഒന്നാമത്തെ പുനരുത്ഥാനത്തെക്കുറിച്ചുള്ള അറിവ് നിങ്ങളുടെമേൽ എന്തു ഫലം ഉളവാക്കുന്നു?
18 ഒന്നാമത്തെ പുനരുത്ഥാനം നടക്കുന്ന കൃത്യമായ ഒരു തീയതി ദൈവവചനം വെളിപ്പെടുത്തുന്നില്ല. എന്നാൽ ക്രിസ്‌തുവിന്റെ സാന്നിധ്യകാലത്ത് ഒരു കാലഘട്ടംകൊണ്ടാണ് അതു നടക്കുന്നതെന്ന് ബൈബിൾ പറയുകതന്നെ ചെയ്യുന്നു. ക്രിസ്‌തുവിന്റെ സാന്നിധ്യകാലം ആരംഭിച്ചതിനു മുമ്പേ മരിച്ചുപോയ അഭിഷിക്ത ക്രിസ്‌ത്യാനികളാണ് ആദ്യം പുനരുത്ഥാനം പ്രാപിക്കുന്നത്. ക്രിസ്‌തുവിന്റെ സാന്നിധ്യകാലത്ത് വിശ്വസ്‌തമായി തങ്ങളുടെ ഭൗമിക ജീവിതഗതി അവസാനിപ്പിക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാനികൾ “കണ്ണിമെക്കുന്നിടയിൽ” ശക്തരായ ആത്മജീവികളായി രൂപാന്തരപ്പെടുന്നു. (1 കൊരിന്ത്യർ 15:52) അഭിഷിക്തരിൽപ്പെട്ട എല്ലാവർക്കും അർമഗെദോൻ യുദ്ധത്തിനുമുമ്പേ തങ്ങളുടെ സ്വർഗീയ പ്രതിഫലം ലഭിക്കുമോ? നമുക്കറിയില്ല. എന്നാൽ, ദൈവത്തിന്റെ തക്കസമയത്ത് 1,44,000-ത്തിലെ എല്ലാവരും സ്വർഗീയ സീയോൻ മലയിൽ നിൽക്കുന്നതായി കാണപ്പെടുമെന്ന് നമുക്കു വ്യക്തമായി അറിയാം.
19 ഇതിനോടകംതന്നെ 1,44,000-ത്തിലെ ഭൂരിഭാഗം അംഗങ്ങളും ക്രിസ്‌തുവിനോടുകൂടെ ഐക്യപ്പെട്ടിരിക്കുന്നുവെന്നും നമുക്കറിയാം. താരതമ്യേന കുറച്ചു പേരേ ഭൂമിയിൽ ശേഷിച്ചിരിപ്പുള്ളൂ. ന്യായവിധി നിർവഹിക്കാനുള്ള ദൈവത്തിന്റെ സമയം സത്വരം സമീപിക്കുകയാണ് എന്നതിന്റെ എത്ര വ്യക്തമായ സൂചന! പെട്ടെന്നുതന്നെ സാത്താന്റെ മുഴു ലോകവ്യവസ്ഥിതിയും നശിപ്പിക്കപ്പെടും. സാത്താനെ അഗാധത്തിൽ അടയ്‌ക്കുകയും ചെയ്യും. അതോടെ, പൊതുമനുഷ്യവർഗത്തിന്റെ പുനരുത്ഥാനം തുടങ്ങാറാകും, യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ വിശ്വസ്‌തരായ മനുഷ്യർ ആദാം നഷ്ടപ്പെടുത്തിയതിനു തുല്യമായ പൂർണതയിലേക്കു വരുത്തപ്പെടും. ഉല്‌പത്തി 3:15-ൽ രേഖപ്പെടുത്തിയിരിക്കുന്ന യഹോവയുടെ പ്രവചനത്തിന് അത്ഭുതകരമായ നിവൃത്തിയുണ്ടാകും. ഇങ്ങനെയൊരു കാലത്ത് ജീവിക്കുന്നത് എത്ര മഹത്തായ ഒരു പദവിയാണ്!
[അടിക്കുറിപ്പുകൾ]
^ ഖ. 2 മറ്റ് എട്ട് പുനരുത്ഥാന വിവരണങ്ങൾക്കായി 1 രാജാക്കന്മാർ 17:21-23; 2 രാജാക്കന്മാർ 4:32-37; 13:21; മർക്കൊസ് 5:35, 41-43; ലൂക്കൊസ് 7:11-17; 24:34; യോഹന്നാൻ 11:43-45; പ്രവൃത്തികൾ 9:36-42 എന്നിവ കാണുക.
^ ഖ. 9 ക്രിസ്‌തുവിന്റെ സാന്നിധ്യം 1914-ൽ തുടങ്ങിയെന്നതിനുള്ള തിരുവെഴുത്തു തെളിവുകൾക്കായി, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 215-18 പേജുകൾ കാണുക.
^ ഖ. 10 24 മൂപ്പന്മാർ സ്വർഗീയ അധികാരത്തിലുള്ള അഭിഷിക്ത ക്രിസ്‌ത്യാനികളെ പ്രതിനിധാനം ചെയ്യുന്നുവെന്ന് നമുക്കെങ്ങനെ അറിയാം എന്നതു സംബന്ധിച്ച വിവരങ്ങൾക്കായി, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്‌തകത്തിന്റെ 77-ാം പേജു കാണുക.
നിങ്ങൾക്കു വിശദീകരിക്കാമോ?
“ഒന്നാമത്തെ പുനരുത്ഥാന”ത്തിന്റെ സമയം കണക്കാക്കാൻ താഴെക്കൊടുത്തിരിക്കുന്ന തിരുവെഴുത്തുകൾ നമ്മെ സഹായിക്കുന്നത് എങ്ങനെ?
• 1 കൊരിന്ത്യർ 15:23; 1 തെസ്സലൊനീക്യർ 4:15-17
[അധ്യയന ചോദ്യങ്ങൾ]
[26-ാം പേജിലെ ചിത്രങ്ങൾ]
പൊതുമനുഷ്യവർഗം ഉയിർപ്പിക്കപ്പെടുന്നതിനുമുമ്പ് ഏതെല്ലാം പുനരുത്ഥാനങ്ങളാണ് നടക്കുന്നത്?
[29-ാം പേജിലെ ചിത്രം]
മരണനിദ്രയിൽ ആയിരുന്ന ചിലർക്ക് ഒരു വെള്ളനിലയങ്കി ലഭിക്കുന്നത് എങ്ങനെ?