കൊടുങ്കാറ്റിലും ഉലയാതെ
കൊടുങ്കാറ്റിലും ഉലയാതെ
ഈ ദുർഘടസമയങ്ങളിൽ പലരും കൊടുങ്കാറ്റു സമാനമായ പ്രശ്‌നങ്ങളോടു മല്ലിട്ടാണ് ജീവിതം മുന്നോട്ടു നയിക്കുന്നത്. എന്നിരുന്നാലും ക്രിസ്‌ത്യാനികളുടെ കാര്യത്തിൽ ദൈവത്തോടുള്ള സ്‌നേഹവും അവന്റെ തത്ത്വങ്ങളോടുള്ള വിശ്വസ്‌തതയും അത്തരം പ്രശ്‌നങ്ങളെ നേരിടാൻ സഹായിക്കുന്നു. എങ്ങനെ? യേശുക്രിസ്‌തു പറഞ്ഞ ഒരു ഉപമയിൽ അതിനുള്ള ഉത്തരം കാണാവുന്നതാണ്. യേശു തന്റെ അനുസരണമുള്ള ശിഷ്യന്മാരെ “പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോട്” ഉപമിച്ചു. അവൻ പറഞ്ഞു: “വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.”—മത്തായി 7:24, 25.
ഉപമയിലെ മനുഷ്യൻ ബുദ്ധിമാനാണ് എന്നതു ശരിതന്നെ. എങ്കിലും അയാൾക്കും ശക്തമായ മഴ, വെള്ളപ്പൊക്കം, നാശകരമായ കാറ്റ് എന്നിങ്ങനെയുള്ള ദുരന്തങ്ങൾ അനുഭവിക്കേണ്ടി വരുന്നു. അതുകൊണ്ട് തന്റെ ശിഷ്യന്മാർക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകുകയില്ലെന്നോ ശാന്തിയും സമാധാനവുമുള്ള ഒരു ജീവിതം ആസ്വദിക്കാനാകുമെന്നോ യേശു സൂചിപ്പിച്ചില്ല. (സങ്കീർത്തനം 34:19; യാക്കോബ് 4:13-15) എന്നിരുന്നാലും യേശു ഒരു കാര്യം വ്യക്തമാക്കി, ദൈവത്തിന്റെ വിശ്വസ്‌ത ദാസന്മാർക്ക് കൊടുങ്കാറ്റു സമാനമായ വിപത്തുകളെയും ദുരന്തങ്ങളെയും നേരിടാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കാനും അവയെ വിജയകരമായി തരണംചെയ്യാനും കഴിയുമെന്ന്.
യേശു ഇപ്രകാരം പറഞ്ഞുകൊണ്ട് തന്റെ ഉപമ തുടങ്ങി: “എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.” യേശു ഇവിടെ അക്ഷരീയ വീടു പണിയെക്കുറിച്ചല്ല, പകരം ക്രിസ്‌തീയ ജീവിതഗതി വളർത്തിയെടുക്കുന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. ക്രിസ്‌തുവിന്റെ വചനം അനുസരിക്കുന്നവർ വിവേകവും ന്യായബോധവും പ്രകടിപ്പിക്കും. അവർ തങ്ങളുടെ ജീവിതഗതി പണിതുയർത്തുന്നത് ക്രിസ്‌തുവിന്റെ പഠിപ്പിക്കലുകളാകുന്ന ഉറപ്പുള്ള പാറമേൽ ആണ്, അതായത് പഠിക്കുന്ന കാര്യങ്ങൾ പ്രവൃത്തിപഥത്തിൽ വരുത്തിക്കൊണ്ട്. രസകരമായ ഒരു സംഗതി ഈ ആലങ്കാരിക പാറ പുറമേ കാണാനാകില്ല എന്നതാണ്. ഉപമയിലെ മനുഷ്യൻ ‘ആഴത്തിൽ കുഴിക്കേണ്ടത്’ ആവശ്യമായിരുന്നു. (ലൂക്കൊസ് 6:48) സമാനമായി, ദൈവവുമായി ഉറ്റ ബന്ധത്തിലേക്കു വരാൻ സഹായിക്കുന്ന നിലനിൽക്കുന്ന ഗുണങ്ങൾ വളർത്തിയെടുക്കാൻ യേശുവിന്റെ അനുഗാമികൾ കഠിനശ്രമം ചെയ്യുന്നു.—മത്തായി 5:5-7; 6:33.
കൊടുങ്കാറ്റു സമാന പ്രശ്‌നങ്ങൾ, യേശുവിന്റെ അനുഗാമികളുടെ ക്രിസ്‌തീയ അടിസ്ഥാനത്തിന്റെ സ്ഥിരതയുടെ മാറ്റുരയ്‌ക്കുമ്പോൾ എന്തു സംഭവിക്കുന്നു? അവർ ക്രിസ്‌തുവിന്റെ പഠിപ്പിക്കലുകൾ മനസ്സോടെ അനുസരിക്കുകയും ക്രിസ്‌തീയ ഗുണങ്ങൾ പ്രകടമാക്കുകയും ചെയ്യുന്നത് അത്തരം പ്രയാസങ്ങളിന്മധ്യേയും അതിലുപരിയായി വരാൻപോകുന്ന അർമഗെദോൻ എന്ന വലിയ കൊടുങ്കാറ്റിൻ മധ്യേയും പിടിച്ചുനിൽക്കാൻ ആവശ്യമായ ശക്തിയുടെ ഉറവായി വർത്തിക്കുന്നു. (മത്തായി 5:10-12; വെളിപ്പാടു 16:15, 16) ക്രിസ്‌തുവിന്റെ പഠിപ്പിക്കലുകൾ പിൻപറ്റിക്കൊണ്ട് അനേകർ കൊടുങ്കാറ്റു സമാനമായ പരിശോധനകളെ വിജയകരമായി നേരിടുന്നു. നിങ്ങൾക്കും അതുതന്നെ ചെയ്യാവുന്നതാണ്.—1 പത്രൊസ് 2:21-23.