വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതത്തെയും മനുഷ്യരെയും സ്‌നേഹിച്ച ഒരു മനുഷ്യൻ

ജീവിതത്തെയും മനുഷ്യരെയും സ്‌നേഹിച്ച ഒരു മനുഷ്യൻ

ജീവിതത്തെയും മനുഷ്യരെയും സ്‌നേഹിച്ച ഒരു മനുഷ്യൻ

ദീർഘകാലമായി യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരംഗമായിരുന്ന ഡാനിയേൽ സിഡ്‌ലിക്‌ 2006 ഏപ്രിൽ 18-ന്‌ തന്റെ ഭൗമിക ജീവിതം പൂർത്തിയാക്കി, 87-ാം വയസ്സിൽ. ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ബെഥേൽ കുടുംബത്തിലെ ഒരംഗമെന്ന നിലയിൽ അദ്ദേഹം 60-ഓളം വർഷം സേവിച്ചു.

ഉറ്റ സുഹൃത്തുക്കൾ അദ്ദേഹത്തെ സ്‌നേഹപൂർവം ഡാൻ സഹോദരൻ എന്നാണ്‌ വിളിച്ചിരുന്നത്‌. 1946-ലാണ്‌ ബെഥേലിൽ എത്തുന്നത്‌. അതിനു മുമ്പ്‌ അദ്ദേഹം കാലിഫോർണിയായിൽ ഒരു പ്രത്യേക പയനിയറായിരുന്നു; കൂടാതെ രണ്ടാം ലോക മഹായുദ്ധകാലത്ത്‌ ക്രിസ്‌തീയ നിഷ്‌പക്ഷത നിമിത്തം കുറച്ചുകാലം തടവിൽ കഴിഞ്ഞിട്ടുമുണ്ട്‌. അക്കാലത്തെ അനുഭവങ്ങൾ അദ്ദേഹത്തിന്റെ ജീവിതകഥയിൽ കാണാം. 1985 ജൂൺ 1 ലക്കം വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്‌) “ദൈവമേ, അങ്ങയുടെ സഖിത്വം എത്ര വിലയേറിയത്‌!” എന്ന തലക്കെട്ടോടുകൂടിയ ലേഖനമാണത്‌.

ആർക്കും സമീപിക്കാവുന്ന, ഭൂമിയോളം താഴുന്ന പ്രകൃതക്കാരനായിരുന്നു സിഡ്‌ലിക്‌ സഹോദരൻ. ബെഥേലിൽ പ്രഭാത ആരാധന നടത്തുമ്പോഴുള്ള അദ്ദേഹത്തിന്റെ പ്രാരംഭവാക്കുകളിൽ ജീവിതത്തോടുള്ള ക്രിയാത്മക മനോഭാവവും സ്‌നേഹവും മിക്കപ്പോഴും പ്രകടമായിരുന്നു: “ജീവനുള്ള സത്യദൈവത്തെ സേവിക്കാനായി ജീവനോടിരിക്കുന്നത്‌ എത്ര മഹത്തായ ഒരു കാര്യമാണ്‌!” ഇതേ കാഴ്‌ചപ്പാടുണ്ടായിരിക്കാൻ തന്റെ പ്രസംഗങ്ങളിലൂടെ അദ്ദേഹം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുമായിരുന്നു. “യഹോവ ദൈവമായിരിക്കുന്ന ജനം സന്തുഷ്ടർ,” “യഹോവയിങ്കലെ സന്തോഷം പ്രതിഫലിപ്പിക്കൽ,” “ദൈവാത്മാവാകുന്ന അഗ്നി ജ്വലിപ്പിച്ചുനിറുത്തുക,” “ഏറ്റവും മികച്ചതു വരാനിരിക്കുന്നതേ ഉള്ളൂ” എന്നിങ്ങനെയുള്ള പ്രസംഗങ്ങൾ അതിനു ചില ഉദാഹരണങ്ങളാണ്‌.

1970-ൽ ഇംഗ്ലണ്ടുകാരിയായ മരീന ഹോഡ്‌സണിനെ അദ്ദേഹം വിവാഹം കഴിച്ചു. “ദൈവദാനം” എന്നാണ്‌ അദ്ദേഹം അവരെ വിശേഷിപ്പിച്ചിരുന്നത്‌. 35 വർഷത്തിലധികം അവർ ഇരുവരും ഒന്നിച്ച്‌ യഹോവയെ സേവിച്ചു.

അച്ചടി, റൈറ്റിങ്‌ എന്നിവയുൾപ്പെടെ ബെഥേലിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ അദ്ദേഹം സേവിച്ചിട്ടുണ്ട്‌. ഡബ്ലിയുബിബിആർ എന്ന റേഡിയോ സ്റ്റേഷനിലും പ്രവർത്തിച്ചിട്ടുണ്ട്‌. തുടർന്ന്‌ 1974 നവംബറിൽ ഭരണസംഘാംഗമായി നിയമിതനായ അദ്ദേഹം പേഴ്‌സണൽ കമ്മിറ്റിയിലും റൈറ്റിങ്‌ കമ്മിറ്റിയിലും സേവനമനുഷ്‌ഠിച്ചു.

പേഴ്‌സണൽ കമ്മിറ്റിയിൽ 30-ലധികം വർഷത്തോളമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ നിഴലിച്ചുനിന്നത്‌ ആളുകളോടുള്ള അതിയായ സ്‌നേഹമാണ്‌. യഹോവയെ സേവിക്കാൻ നമുക്കു ലഭിച്ചിരിക്കുന്ന വിലയേറിയ പദവിയിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട്‌ അദ്ദേഹം തന്റെ ഘനഗാംഭീര്യമുള്ള ശബ്ദത്തിൽ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുമായിരുന്നു. യഥാർഥ സന്തോഷത്തിനുള്ള അടിസ്ഥാനം യഹോവയുമായുള്ള ബന്ധവും ജീവിതത്തോടുള്ള നമ്മുടെ മനോഭാവവും ആണെന്നും ഒരിക്കലും ബാഹ്യമായ ഘടകങ്ങളല്ലെന്നും ഉള്ള വസ്‌തുത അദ്ദേഹം എല്ലായ്‌പോഴും എടുത്തുപറയുമായിരുന്നു.

വ്യക്തിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം ബെഥേൽ കുടുംബത്തിന്‌ ഒരു തീരാനഷ്ടമായി നിലനിൽക്കുമെങ്കിലും ജീവിതത്തെയും മനുഷ്യരെയും യഥാർഥത്തിൽ സ്‌നേഹിച്ചിരുന്ന ഒരു മനുഷ്യനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മാതൃക എല്ലാവരും എന്നെന്നും സ്‌മരിക്കും. വെളിപ്പാടു 14:​13-ൽ പിൻവരുംവിധം പറഞ്ഞിരിക്കുന്നവരോടൊപ്പം അദ്ദേഹവും ഉണ്ടെന്ന്‌ നമുക്ക്‌ ഉറപ്പുണ്ട്‌: “ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്‌നങ്ങളിൽനിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു.”