ജീവിതവിജയം നിങ്ങൾ അത് എങ്ങനെ അളക്കുന്നു?
ജീവിതവിജയം നിങ്ങൾ അത് എങ്ങനെ അളക്കുന്നു?
ജെസി ലിവർമോർ, പലരുടെയും വീക്ഷണത്തിൽ വാൾ സ്‌ട്രീറ്റ് ഓഹരിവിപണിയിൽ അങ്ങേയറ്റം വിജയംകൊയ്‌തയാൾ. ബിസിനസ് രംഗത്തെ അതികായൻ. കൈനിറയെ പണം. അണിയുന്നത് കൈകൊണ്ടു നെയ്‌തെടുത്ത മേത്തരം കുപ്പായം. താമസം 29 മുറികളുള്ള ഒരു കൂറ്റൻ ബംഗ്ലാവിൽ. യാത്ര ചെയ്യുന്നതാകട്ടെ കറുത്ത റോൾസ്-റോയ്‌സ് കാറിലും.
സമാനമായ ഒരു പാതയിലായിരുന്നു ഡേവിഡും *. ഒരു വലിയ ഗ്രാഫിക്‌സ് കമ്പനിയുടെ വൈസ് പ്രസിഡന്റും ജനറൽ മാനേജരും ആയിരുന്ന അദ്ദേഹത്തിന് ആ സ്ഥാപനത്തിന്റെ ഡിവിഷണൽ പ്രസിഡന്റ്‌വരെ ആയിത്തീരാനാകുമായിരുന്നു. ധനവും സ്ഥാനമാനങ്ങളും അദ്ദേഹത്തെ മാടിവിളിച്ചു. എന്നിരുന്നാലും ആ കമ്പനിയിൽനിന്നു രാജിവെക്കാനായിരുന്നു ഡേവിഡിന്റെ തീരുമാനം. “ഇത്രയേറെ അന്തസ്സും വരുമാനവുമുള്ള ഒരു ജീവിതം ഇനിയൊരിക്കലും തിരിച്ചു ലഭിക്കില്ലെന്ന് എനിക്കറിയാം” എന്ന് ഡേവിഡ്. അദ്ദേഹം കാണിച്ചത് വലിയൊരു അബദ്ധമാണെന്ന് നിങ്ങൾക്കു തോന്നുന്നുവോ?
പേരുംപെരുമയും സ്ഥാനമാനങ്ങളും പണവും ഒക്കെ നേടുന്നതാണ് വിജയത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നാണ് അനേകരും കരുതുന്നത്. എന്നിരുന്നാലും, ഭൗതിക സമൃദ്ധി ഉള്ളവർക്കുപോലും ചിലപ്പോൾ ശൂന്യതാബോധം അനുഭവപ്പെടുകയും ജീവിതത്തിന് യാതൊരു അർഥവും ഉദ്ദേശ്യവും ഇല്ലെന്ന തോന്നൽ ഉണ്ടാകുകയും ചെയ്‌തേക്കാം. ശ്രീ. ലിവർമോറിന്റെ സാഹചര്യവും ഒരുപക്ഷേ അതായിരുന്നു. ധാരാളം പണം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ജീവിതം ഹൃദയവേദനകളും ദുരന്തങ്ങളും സങ്കടങ്ങളും നിറഞ്ഞതായിരുന്നു. ഒരു വിഷാദരോഗിയായി മാറിയ അദ്ദേഹത്തിന്റെ വിവാഹബന്ധങ്ങൾ തകർന്നു, മക്കളുമായുള്ള ബന്ധവും സ്‌നേഹശൂന്യമായിരുന്നു. അവസാനം, മിക്കവാറും എല്ലാം നശിച്ച അദ്ദേഹം ഒരു ആഡംബര ഹോട്ടലിന്റെ ബാറിൽ ഇരുന്ന് തന്റെ
നഷ്ടത്തെക്കുറിച്ചോർത്തു വിലപിച്ചു. തന്റെ ലെതർ കവറിട്ട നോട്ടുബുക്കിൽ ഭാര്യക്ക് ഒരു വിടവാങ്ങൽ കുറിപ്പ് എഴുതിയിട്ട് താൻ ഓർഡർ ചെയ്‌ത മദ്യം കുടിച്ചു തീർത്തു. എന്നിട്ട് അദ്ദേഹം സാധനങ്ങൾ സൂക്ഷിക്കുന്ന അരണ്ടവെളിച്ചമുള്ള ഒരു മുറിയിൽ കയറി സ്വയം നിറയൊഴിച്ചു.ആത്മഹത്യക്കുള്ള കാരണം എന്തുതന്നെയായിരുന്നാലും ഈ സംഭവം ബൈബിൾ പറയുന്നതിന്റെ സത്യതയ്‌ക്ക് അടിവരയിടുന്നു: “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ . . . ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.”—1 തിമൊഥെയൊസ് 6:9, 10.
വിജയത്തെ ധനം, പ്രശസ്‌തി, സ്ഥാനമാനങ്ങൾ എന്നിവകൊണ്ട് അളക്കുന്നവർ തെറ്റായ അളവുകോലാണോ ഉപയോഗിക്കുന്നത്? നിങ്ങൾ ജീവിതത്തിൽ വിജയം കണ്ടെത്തിയ ഒരാളാണോ? ആണെങ്കിൽ എന്തുകൊണ്ട്? അതിനുള്ള നിങ്ങളുടെ മാനദണ്ഡം എന്താണ്? വിജയത്തെ സംബന്ധിച്ച നിങ്ങളുടെ കാഴ്‌ചപ്പാടിനെ സ്വാധീനിക്കുന്നതെന്ത്? ദശലക്ഷങ്ങളെ വിജയം വരിക്കാൻ സഹായിച്ചിരിക്കുന്ന ആശ്രയയോഗ്യമായ മാർഗനിർദേശങ്ങൾ അടുത്ത ലേഖനത്തിൽ പരിചിന്തിക്കുന്നതായിരിക്കും. നിങ്ങൾക്കും വിജയം വരിക്കാനാകുന്നതെങ്ങനെ എന്നറിയാൻ തുടർന്നു വായിക്കുക.
[അടിക്കുറിപ്പ്]
^ ഖ. 3 പേര് മാറ്റിയിട്ടുണ്ട്.