വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്കു വിജയിക്കാനാകുന്ന വിധം

നിങ്ങൾക്കു വിജയിക്കാനാകുന്ന വിധം

നിങ്ങൾക്കു വിജയിക്കാനാകുന്ന വിധം

കുട്ടികൾക്കായി കരുതാത്ത, അവരുടെ വിജയം ആഗ്രഹിക്കാത്ത ഏതു മാതാപിതാക്കളാണുള്ളത്‌? അതുപോലെതന്നെയാണ്‌ നമ്മുടെ സ്വർഗീയ പിതാവും. അവൻ നമുക്കായി കരുതുകയും നാം വിജയിച്ചു കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. തന്റെ ആർദ്രപരിപാലനത്തിന്റെ ഭാഗമായി വിജയത്തെയും പരാജയത്തെയും കുറിച്ച്‌ അവൻ ഒട്ടനവധി നിർദേശങ്ങൾ നൽകുന്നു. വാസ്‌തവത്തിൽ ദൈവത്തിന്റെ വാക്കുകൾക്കു ചെവികൊടുക്കുന്ന ഒരു വ്യക്തിയെക്കുറിച്ച്‌ ബൈബിൾ വ്യക്തമായി ഇങ്ങനെ പ്രസ്‌താവിക്കുന്നു: “അവൻ ചെയ്യുന്നതൊക്കെയും സാധിക്കും,” അഥവാ വിജയിക്കും.​—⁠സങ്കീർത്തനം 1:⁠3.

അങ്ങനെയെങ്കിൽ, വിജയകരവും സന്തുഷ്ടിദായകവും സംതൃപ്‌തികരവുമായ ഒരു ജീവിതം അനേകർക്കും കൈയെത്താദൂരത്ത്‌ ആയിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? പ്രസ്‌തുത സങ്കീർത്തനം അൽപ്പം ഗഹനമായി പരിശോധിക്കുന്നത്‌ അതിനുള്ള ഉത്തരം നൽകും, അതോടൊപ്പംതന്നെ നമുക്ക്‌ എങ്ങനെ വിജയം വരിക്കാനാകുമെന്ന്‌ അത്‌ കാണിച്ചു തരികയും ചെയ്യും.

“ദുഷ്ടന്മാരുടെ ആലോചന”

“ദുഷ്ടന്മാരുടെ ആലോചനപ്രകാരം” നടക്കുന്നതിന്റെ അപകടത്തെക്കുറിച്ച്‌ സങ്കീർത്തനക്കാരൻ മുന്നറിയിപ്പു നൽകുന്നു. (സങ്കീർത്തനം 1:1) “ദുഷ്ടന്മാ”രിൽ മുഖ്യൻ പിശാചായ സാത്താനാണ്‌. (മത്തായി 6:13) അവൻ “ഈ ലോകത്തിന്റെ പ്രഭു” ആണെന്നും “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു”വെന്നും തിരുവെഴുത്തുകൾ പറയുന്നു. (യോഹന്നാൻ 16:11; 1 യോഹന്നാൻ 5:19) അതുകൊണ്ട്‌, ഇന്നു ലോകത്തിൽ ലഭ്യമായ മാർഗനിർദേശങ്ങളിൽ അധികവും ആ ദുഷ്ടനായവന്റെ ചിന്തയെയാണു പ്രതിഫലിപ്പിക്കുന്നത്‌ എന്നത്‌ അതിശയമല്ല.

ഏതുതരം മാർഗനിർദേശമാണ്‌ ദുഷ്ടന്മാർ പ്രദാനം ചെയ്യുന്നത്‌? അവർ പൊതുവേ ദൈവത്തെ നിന്ദിക്കുന്നു. (സങ്കീർത്തനം 10:13) ദൈവത്തെ അവഗണിക്കുകയും നിന്ദിക്കുകയും ചെയ്‌തുകൊണ്ടുള്ള അവരുടെ മാർഗനിർദേശങ്ങൾ എവിടെയും കാണാം. “ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം” എന്നിവയാണ്‌ ആധുനിക സമൂഹം ഉന്നമിപ്പിക്കുന്നത്‌. (1 യോഹന്നാൻ 2:16) “ഭൗതികാസക്ത ജീവിതത്തിലൂടെ വിജയം കൈവരിക്കൂ” എന്ന തത്ത്വശാസ്‌ത്രമാണ്‌ മാധ്യമങ്ങൾ നിരന്തരം നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നത്‌. ലോകവ്യാപകമായി, പരസ്യ കമ്പനികൾ തങ്ങളുടെ സാധനങ്ങൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനായി​—⁠ആളുകൾക്ക്‌ അവ ആവശ്യമാണെങ്കിലും അല്ലെങ്കിലും​—⁠പ്രതിവർഷം 50 കോടി ഡോളർ (ഏകദേശം 2,300 കോടി രൂപ) ചെലവഴിക്കുന്നു. ഇത്തരം പ്രചാരണങ്ങൾ ആളുകളുടെ വാങ്ങൽ ശീലത്തിൽ മാറ്റം വരുത്തുക മാത്രമല്ല ചെയ്‌തിരിക്കുന്നത്‌. അത്‌ വിജയത്തെക്കുറിച്ചുള്ള ലോകത്തിന്റെ സങ്കൽപ്പംതന്നെ മാറ്റിമറിച്ചിരിക്കുന്നു.

തത്‌ഫലമായി, വർഷങ്ങൾക്കു മുമ്പ്‌ സ്വപ്‌നം കാണാൻ മാത്രം കഴിഞ്ഞിരുന്ന സാധനങ്ങൾ ഇന്ന്‌ ആളുകളുടെ കൈവശമുണ്ടെങ്കിലും കൂടുതൽകൂടുതൽ ഭൗതിക വസ്‌തുക്കൾ വാരിക്കൂട്ടാനുള്ള അഭിനിവേശം അവർക്ക്‌ ഇപ്പോഴും ഉള്ളതായിക്കാണാം. അവയൊന്നും ഇല്ലെങ്കിൽ സന്തോഷമോ വിജയമോ കൈവരിക്കാനാവില്ല എന്നതാണ്‌ അവരുടെ ധാരണ. ആ ചിന്താഗതി ശരിയല്ല, കാരണം അത്‌ “പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ” ഉത്ഭവിക്കുന്നത്‌.​—⁠1 യോഹന്നാൻ 2:16.

നമ്മെ യഥാർഥ വിജയത്തിലേക്കു നയിക്കുന്നത്‌ എന്താണെന്ന്‌ സ്രഷ്ടാവിനറിയാം. അവന്റെ ആലോചന ദുഷ്ടന്മാരുടേതിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമാണ്‌. ആ സ്ഥിതിക്ക്‌, ലോകത്തിന്റെ വഴികൾ പിൻപറ്റിക്കൊണ്ട്‌ വിജയം നേടാൻ ശ്രമിക്കുകയും ഒപ്പം ദൈവത്തിന്റെ അനുഗ്രഹം നേടാൻ ശ്രമിക്കുകയും ചെയ്യുന്നത്‌, ഒരേസമയം രണ്ട്‌ വ്യത്യസ്‌ത വഴികളിലൂടെ നടക്കാൻ ശ്രമിക്കുന്നതിനു തുല്യമാണ്‌. അത്‌ തീർത്തും അസാധ്യമാണ്‌. “ഈ ലോകവ്യവസ്‌ഥയ്‌ക്ക്‌ അനുരൂപരാക”രുത്‌ എന്നു ബൈബിൾ പറയുന്നതിൽ അതിശയിക്കാനില്ല.​—⁠റോമർ 12:⁠2, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം, NIBV.

നിങ്ങളെ പരുവപ്പെടുത്താൻ ലോകത്തെ അനുവദിക്കരുത്‌

സാത്താന്റെ അധീനതയിലുള്ള ലോകം നമ്മുടെ ക്ഷേമത്തെ ലാക്കാക്കിയാണു പ്രവർത്തിക്കുന്നത്‌ എന്ന തോന്നൽ ഉളവാക്കിയേക്കാം. എന്നിരുന്നാലും നാം ജാഗരൂകരായിരിക്കണം. സാത്താൻ ആദ്യ സ്‌ത്രീയായ ഹവ്വായെ സ്വാർഥപരമായി വഞ്ചിച്ചത്‌ സ്വന്തം താത്‌പര്യങ്ങൾക്കു വേണ്ടിയാണ്‌ എന്ന കാര്യം ഓർക്കുക. അതിനുശേഷം അവളെ ഉപയോഗിച്ചാണ്‌ അവൻ ആദാമിനെ തെറ്റിലേക്കു നയിച്ചത്‌. അതുപോലെതന്നെ ഇന്നും സാത്താൻ തന്റെ ദുഷ്ട പദ്ധതികൾ പ്രചരിപ്പിക്കുന്നത്‌ മനുഷ്യരിലൂടെയാണ്‌.

ഉദാഹരണത്തിന്‌, നാം നേരത്തേ പരിചിന്തിച്ച ഡേവിഡിന്‌ സാധാരണയിൽ കൂടുതൽ സമയം ജോലി ചെയ്യുകയും കൂടെക്കൂടെ ബിസിനസ്‌ സംബന്ധമായ യാത്രകൾ നടത്തുകയും ചെയ്യണമായിരുന്നു. “തിങ്കളാഴ്‌ച അതിരാവിലെ പോകുമായിരുന്ന ഞാൻ മടങ്ങിയെത്തുന്നത്‌ വ്യാഴാഴ്‌ച വൈകുന്നേരം ആയിരുന്നു,” ഡേവിഡ്‌ പറഞ്ഞു. ലോകത്തിൽ വിജയം നേടാൻ അത്തരം ത്യാഗങ്ങൾ ആവശ്യമാണെന്ന്‌ അറിയാമായിരുന്ന ആത്മാർഥ സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഹജോലിക്കാരും “സ്വന്തം കുടുംബത്തിനായി അപ്രകാരം ചെയ്യാൻ” ഡേവിഡിനെ പ്രോത്സാഹിപ്പിച്ചു. അത്തരം ഒരു തിരക്കുപിടിച്ച ജീവിതവൃത്തി കുറച്ചുവർഷത്തേക്ക്‌, അതായത്‌ ഒന്നു ‘പച്ചപിടിക്കുന്നതുവരെ’ മതി എന്ന്‌ അവർ ന്യായവാദം ചെയ്‌തു. ഡേവിഡ്‌ പറയുന്നു: “അതിലൂടെ എനിക്ക്‌ കുടുംബത്തിനുവേണ്ടി ധാരാളം പണം സമ്പാദിക്കാനും ജീവിതവിജയം കൈവരിക്കാനും കഴിയും എന്നു പറഞ്ഞ്‌ അവർ അതിനെ ന്യായീകരിച്ചു. ഞാൻ കുടുംബത്തോടൊപ്പം ഇല്ലെങ്കിലും യഥാർഥത്തിൽ കുടുംബത്തിനുവേണ്ടി കൂടുതൽ ചെയ്യുകയാണെന്ന്‌ സുഹൃത്തുക്കൾ എന്നെ വിശ്വസിപ്പിച്ചു.” ഡേവിഡിനെപ്പോലെ ഒട്ടനവധി ആളുകൾ തങ്ങളുടെ കുടുംബത്തിന്‌ ആവശ്യമാണെന്ന്‌ അവർക്കു തോന്നുന്നതെല്ലാം വാരിക്കോരിക്കൊടുക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്നു. ഇത്തരത്തിലുള്ള മാർഗനിർദേശങ്ങൾ പിൻപറ്റുന്നത്‌ വിജയത്തിലേക്കു നയിക്കുന്നുവോ? ഒരു കുടുംബത്തിന്‌ യഥാർഥത്തിൽ എന്താണ്‌ ആവശ്യം?

ഒരു ബിസിനസ്‌ യാത്രയിലായിരിക്കവേ തന്റെ കുടുംബത്തിന്‌ എന്താണാവശ്യമെന്ന്‌ ഡേവിഡ്‌ തിരിച്ചറിഞ്ഞു. “എന്റെ മകൾ അഞ്ചലിക്കയുമായി ഫോണിൽ സംസാരിക്കുമ്പോൾ അവൾ ചോദിച്ചു: ‘ഡാഡിക്ക്‌ എന്താ ഞങ്ങളോടൊപ്പം താമസിക്കാൻ ഇഷ്ടമില്ലാത്തത്‌?’ അതെന്റെ ഉള്ളിൽത്തട്ടി.” മകളുടെ ആ ചോദ്യം രാജിവെക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിന്‌ ഒന്നുകൂടി ആക്കംകൂട്ടി. തന്റെ കുടുംബത്തിന്‌ യഥാർഥത്തിൽ ആവശ്യമായിരുന്നത്‌ എന്തോ അതുതന്നെ നൽകാൻ, അതായത്‌ തന്നെത്തന്നെ വിട്ടുകൊടുക്കാൻ ഡേവിഡ്‌ തീരുമാനിച്ചു.

ദിവ്യമാർഗനിർദേശം പിൻപറ്റൂ, വിജയം കൈവരിക്കൂ

ഈ ലോകത്തിൽ പ്രബലമായിരിക്കുന്നതും വഴിതെറ്റിക്കുന്നതുമായ പ്രചാരണങ്ങളെ നിങ്ങൾക്ക്‌ എങ്ങനെ ചെറുത്തുനിൽക്കാൻ കഴിയും? “യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ” വിജയം വരിക്കുമെന്നും സന്തുഷ്ടനായിരിക്കുമെന്നും സങ്കീർത്തനക്കാരൻ നമ്മോടു പറയുന്നു.​—⁠സങ്കീർത്തനം 1:⁠2.

യോശുവയെ ഇസ്രായേൽ ജനതയുടെ നായകനായി നിയമിച്ചപ്പോൾ ദൈവം അവനോട്‌ ഇപ്രകാരം പറയുകയുണ്ടായി: “നീ രാവും പകലും അതു [ദൈവവചനം] ധ്യാനിച്ചുകൊണ്ടിരിക്കേണം.” ദൈവവചനത്തിന്റെ വായനയും ധ്യാനവും പ്രാധാന്യമുള്ള സംഗതിയായിരുന്നെങ്കിലും അവൻ “അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനട”ക്കുകയും ചെയ്യേണ്ടിയിരുന്നു. വെറുതെ ബൈബിൾ വായിക്കുന്നു എന്നു കരുതി അതു നിങ്ങളെ അത്ഭുതകരമായി വിജയത്തിലെത്തിക്കുകയില്ല. നിങ്ങൾ വായിക്കുന്നത്‌ ബാധകമാക്കണം. യോശുവയോട്‌ ഇപ്രകാരം പറഞ്ഞിരുന്നു: “അപ്പോൾ നീ അഭിവൃദ്ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും.” (പി.ഒ.സി. ബൈബിൾ)​—⁠യോശുവ 1:⁠8.

സ്‌നേഹനിധിയായ ഒരു പിതാവിന്റെ മടിയിൽ ഇരുന്ന്‌ തന്റെ ഇഷ്ടപ്പെട്ട കഥ വായിച്ചുകേൾക്കുന്ന കുട്ടിയുടെ സന്തോഷം ഒന്നു വിഭാവന ചെയ്‌തുനോക്കൂ. അവർ ഒരുമിച്ച്‌ അത്‌ എത്രതവണ വായിച്ചിട്ടുണ്ടെങ്കിലും ശരി, ആ അമൂല്യ നിമിഷങ്ങളെ അവർ അത്യന്തം വിലമതിക്കുന്നു. സമാനമായി ദൈവത്തെ സ്‌നേഹിക്കുന്ന ഒരുവൻ ദൈനംദിന ബൈബിൾ വായനയെ സന്തോഷകരമായ ഒരു അനുഭവമായി, തന്റെ സ്വർഗീയ പിതാവിനോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞ ആനന്ദകരമായ സമയമായി കരുതുന്നു. യഹോവയുടെ ബുദ്ധിയുപദേശങ്ങളും മാർഗനിർദേശങ്ങളും അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തി “ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്‌ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും,” അഥവാ വിജയിക്കും.​—⁠സങ്കീർത്തനം 1:⁠3.

സങ്കീർത്തനക്കാരൻ പറഞ്ഞിരിക്കുന്ന വൃക്ഷം തഴച്ചുവളരുന്നത്‌ കേവലം ഒരു യാദൃച്ഛിക പ്രവർത്തനമല്ല. പകരം ഒരു കർഷകൻ അതിനെ വളരെ ശ്രദ്ധാപൂർവം ആറ്റിനരികെ നടുകയും പരിപാലിക്കുകയും ചെയ്യുന്നു. സമാനമായി നമ്മുടെ സ്വർഗീയ പിതാവ്‌ തിരുവെഴുത്തു ബുദ്ധിയുപദേശങ്ങളിലൂടെ നമ്മുടെ ചിന്തയെ പരുവപ്പെടുത്തുകയും തിരുത്തുകയും ചെയ്യുന്നു. അതിന്റെ ഫലമായി നാം തഴച്ചുവളരുകയും ദൈവിക ഗുണങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു.

എന്നാൽ, “ദുഷ്ടന്മാർ അങ്ങനെയല്ല.” അവർ ഒരു പരിധിവരെ തഴെക്കുന്നതായി കാണപ്പെട്ടേക്കാമെന്നത്‌ ശരിതന്നെ. എന്നിരുന്നാലും ആത്യന്തികമായി അവർക്ക്‌ ഒരു വിനാശക ഭാവിയാണുള്ളത്‌. അവർ ‘ന്യായവിസ്‌താരത്തിൽ നിവിർന്നുനില്‌ക്കയില്ല,’ പകരം ‘ദുഷ്ടന്മാരുടെ വഴി നാശകരം ആണ്‌.’​—⁠സങ്കീർത്തനം 1:4-6.

അതുകൊണ്ട്‌ നിങ്ങളുടെ ലക്ഷ്യങ്ങളെയും മൂല്യങ്ങളെയും പരുവപ്പെടുത്താൻ ലോകത്തെ അനുവദിക്കരുത്‌. ലോകത്തിൽ വിജയിക്കുന്നതിന്‌ ആവശ്യമായ കഴിവുകളും അവസരങ്ങളും നിങ്ങൾക്ക്‌ ഉണ്ടായിരുന്നേക്കാം. എന്നാൽ ആ കഴിവുകൾ നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതു സംബന്ധിച്ച്‌ അല്ലെങ്കിൽ അത്‌ ഉപയോഗപ്പെടുത്താൻ ലോകത്തെ എത്രത്തോളം അനുവദിക്കുന്നു എന്നതു സംബന്ധിച്ച്‌ ജാഗ്രത പാലിക്കുക. വ്യർഥമായ ഭൗതിക അനുധാവനങ്ങൾ ഒരു വ്യക്തി ‘വാടാൻ’ ഇടയാക്കിയേക്കാം. എന്നാൽ ദൈവവുമായി നല്ലൊരു ബന്ധമുണ്ടായിരിക്കുന്നത്‌ യഥാർഥ വിജയത്തിലേക്കും സന്തുഷ്ടിയിലേക്കും നയിക്കുന്നു.

നിങ്ങൾക്കു വിജയിക്കാൻ കഴിയുന്നവിധം

ഒരു വ്യക്തി ദൈവത്തിന്റെ മാർഗനിർദേശങ്ങൾ പിൻപറ്റുമ്പോൾ അവൻ ചെയ്യുന്നതെല്ലാം വിജയിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ലോകത്തിൽ വിജയം നേടുന്നതിനെക്കുറിച്ചല്ല സങ്കീർത്തനക്കാരൻ പറഞ്ഞത്‌. ഒരു ദൈവിക വ്യക്തിയുടെ വിജയം എല്ലായ്‌പോഴും ദൈവേഷ്ടം ചെയ്യുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു, ദൈവത്തിന്റെ ഇഷ്ടം എല്ലായ്‌പോഴും വിജയിക്കുകയും ചെയ്യുന്നു. ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നത്‌ നിങ്ങളെ വിജയത്തിലേക്കു നയിക്കുന്നത്‌ എങ്ങനെയെന്നു നമുക്കു നോക്കാം.

കുടുംബം: ഭർത്താക്കന്മാർ, “തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്‌നേഹി”ക്കാനും, ക്രിസ്‌തീയ ഭാര്യമാർ “ഭർത്താക്കന്മാർക്ക്‌ ആഴമായ ബഹുമാനം കൊടുക്കാനും” തിരുവെഴുത്തുകൾ നിർദേശിക്കുന്നു. (എഫെസ്യർ 5:28, 32ബി) കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നതിനും അവരോടൊപ്പം ചിരിക്കുന്നതിനും ജീവിതത്തിൽ സുപ്രധാനമായിരിക്കുന്ന കാര്യങ്ങൾ അവരെ പഠിപ്പിക്കുന്നതിനും ദൈവവചനം മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. (ആവർത്തനപുസ്‌തകം 6:6, 7; സഭാപ്രസംഗി 3:4) കൂടാതെ, അത്‌ മാതാപിതാക്കളെ ഇങ്ങനെയും ബുദ്ധിയുപദേശിക്കുന്നു: ‘നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത്‌.’ ഈ ബുദ്ധിയുപദേശം ബാധകമാക്കുമ്പോൾ കുട്ടികൾക്കു തങ്ങളുടെ ‘അമ്മയപ്പന്മാരെ അനുസരിക്കുന്നതും’ ‘അപ്പനെയും അമ്മയെയും ബഹുമാനിക്കുന്നതും’ എളുപ്പമായിത്തീരും. (എഫെസ്യർ 6:1-4) ഈ ദിവ്യ മാർഗനിർദേശങ്ങൾ പിൻപറ്റുന്നത്‌ വിജയകരമായ കുടുംബജീവിതം സാധ്യമാക്കും.

സുഹൃത്തുക്കൾ: മിക്കവരും സുഹൃത്തുക്കളുണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഉള്ള മാനസികവും വൈകാരികവുമായ പ്രാപ്‌തി നമുക്കുണ്ട്‌. “നിങ്ങൾ തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം” എന്ന്‌ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. (യോഹന്നാൻ 13:34, 35) സ്‌നേഹിക്കാനും വിശ്വാസമർപ്പിക്കാനും കഴിയുന്ന, അതായത്‌ നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തകളും വികാരങ്ങളും പങ്കുവെക്കാൻപോലും കഴിയുന്ന സുഹൃത്തുക്കളെ അവർക്കിടയിൽ കണ്ടെത്താനാകും. (സദൃശവാക്യങ്ങൾ 18:24) സർവോപരി, ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിലൂടെ നമുക്ക്‌ “ദൈവത്തോടു അടുത്തു ചെല്ലു”ന്നതിനും അബ്രാഹാമിനെപ്പോലെ “ദൈവത്തിന്റെ സ്‌നേഹിതൻ” എന്നു വിളിക്കപ്പെടുന്നതിനും ഉള്ള അവസരമുണ്ട്‌.​—⁠യാക്കോബ്‌ 2:23; 4:⁠8.

ഉദ്ദേശ്യപൂർണമായ ജീവിതം: യഥാർഥ വിജയികളുടെ ജീവിതം ഉദ്ദേശ്യരഹിതമായ ഒന്നല്ല, മറിച്ച്‌ അർഥസമ്പുഷ്ടവും ഉദ്ദേശ്യപൂർണവും ആണ്‌. ആടിയുലയുന്ന ഈ വ്യവസ്ഥിതിയെ കേന്ദ്രീകരിച്ചല്ല അവരുടെ ജീവിതം. അവരുടെ ജീവിതലക്ഷ്യങ്ങൾ ശാശ്വതവും യഥാർഥവുമായ സംതൃപ്‌തി കൈവരുത്തുന്നു, കാരണം ജീവിതത്തിന്റെ യഥാർഥ ഉദ്ദേശ്യത്തിൽ അധിഷ്‌ഠിതമാണ്‌ അവ. ഒരുവന്റെ ജീവിതത്തെ ഉദ്ദേശ്യപൂർണമാക്കുന്നത്‌ എന്താണ്‌? “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്‌.”​—⁠സഭാപ്രസംഗി 12:13.

പ്രത്യാശ: ദൈവം സുഹൃത്തായുണ്ടായിരിക്കുന്നത്‌ ഭാവിയിലേക്കു പ്രത്യാശയോടെ നോക്കാനുള്ള വകനൽകുകയും ചെയ്യുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌ ക്രിസ്‌ത്യാനികളെ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചു: “നിശ്ചയമില്ലാത്ത ധനത്തിലല്ല, . . . ദൈവത്തിൽ ആശ”വെക്കുക. ഈ വിധത്തിൽ അവർ “സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപി”ക്കുകയായിരിക്കും ചെയ്യുന്നത്‌. (1 തിമൊഥെയൊസ്‌ 6:17-19) ദൈവത്തിന്റെ സ്വർഗീയ രാജ്യം ഭൂമിയിൽ പറുദീസ പുനഃസ്ഥാപിക്കുമ്പോൾ സാക്ഷാലുള്ള ജീവിതം ഒരു യാഥാർഥ്യമായിത്തീരും.​—⁠ലൂക്കൊസ്‌ 23:43.

ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിയാൽപ്പോലും നിങ്ങളുടെ ജീവിതം പൂർണമായി പ്രശ്‌നവിമുക്തമായിരിക്കില്ല. എന്നാൽ ദുഷ്ടന്മാർ സ്വയം വരുത്തിവെക്കുന്ന പല ഹൃദയവേദനകളും സങ്കടങ്ങളും നിങ്ങൾക്ക്‌ ഒഴിവാക്കാൻ സാധിക്കും. നേരത്തേ പരിചിന്തിച്ച ഡേവിഡും അദ്ദേഹത്തെപ്പോലെയുള്ള മറ്റു ദശലക്ഷങ്ങളും ജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ അനുസരിക്കുന്നതിന്റെ മൂല്യം തിരിച്ചറിഞ്ഞിരിക്കുന്നു. അനുയോജ്യ സമയപ്പട്ടികയുള്ള ഒരു ജോലി കണ്ടെത്തിയ ശേഷം ഡേവിഡ്‌ ഇപ്രകാരം പറഞ്ഞു: “ഭാര്യയും മക്കളുമായി നല്ലൊരു ബന്ധം ആസ്വദിക്കാൻ കഴിയുന്നതിലും ഒരു സഭാമൂപ്പനെന്ന നിലയിൽ യഹോവയാം ദൈവത്തെ സേവിക്കാൻ സാധിക്കുന്നതിലും ഞാൻ അത്യധികം നന്ദിയുള്ളവനാണ്‌.” ദൈവിക മാർഗനിർദേശങ്ങൾ പിൻപറ്റുന്ന ഒരുവനെക്കുറിച്ച്‌ സങ്കീർത്തനം പിൻവരുന്നപ്രകാരം പറയുന്നതിൽ അതിശയിക്കാനില്ല: “അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.”​—⁠സങ്കീർത്തനം 1:⁠3.

[6-ാം പേജിലെ ചാർട്ട്‌]

വിജയത്തിലേക്കു നയിക്കുന്ന അഞ്ചു പടികൾ

1 ഈ ലോകത്തിന്റെ മൂല്യങ്ങൾ നിങ്ങളെ സ്വാധീനിക്കാൻ അനുവദിക്കരുത്‌.

സങ്കീർത്തനം 1:1; റോമർ 12:2

2 ദൈവവചനം ദൈനംദിനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക.

സങ്കീർത്തനം 1:2, 3

3 ബൈബിൾ ബുദ്ധിയുപദേശങ്ങൾ ജീവിതത്തിൽ ബാധകമാക്കുക.

യോശുവ 1:7-9

4 ദൈവത്തെ നിങ്ങളുടെ സ്‌നേഹിതനാക്കുക.

യാക്കോബ്‌ 2:23; 4:⁠8

5 സത്യദൈവത്തെ ഭയപ്പെട്ട്‌ അവന്റെ കൽപ്പനകളെ പ്രമാണിക്കുക.

സഭാപ്രസംഗി 12:13

[7-ാം പേജിലെ ചിത്രങ്ങൾ]

വിജയത്തിലേക്കു നയിക്കുന്ന ഈ പടികൾ നിങ്ങൾ പിൻപറ്റുന്നുവോ?