വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നീ വേണ്ടുംവണ്ണം സന്തോഷിക്കേണം”

“നീ വേണ്ടുംവണ്ണം സന്തോഷിക്കേണം”

“നീ വേണ്ടുംവണ്ണം സന്തോഷിക്കേണം”

“യഹോവെക്കു . . . പെരുനാൾ ആചരിക്കേണം; . . . നീ വേണ്ടുംവണ്ണം സന്തോഷിക്കേണം.”​—⁠ആവർത്തനപുസ്‌തകം 16:15.

1. (എ) സാത്താൻ ഏതെല്ലാം വിവാദവിഷയങ്ങൾ ഉന്നയിച്ചു? (ബി) ആദാമിന്റെയും ഹവ്വായുടെയും മത്സരത്തെത്തുടർന്ന്‌ യഹോവ എന്തു മുൻകൂട്ടിപ്പറഞ്ഞു?

സാത്താൻ ആദാമിനെയും ഹവ്വായെയും തങ്ങളുടെ സ്രഷ്ടാവിനെതിരായ മത്സരത്തിലേക്കു നയിച്ചപ്പോൾ സുപ്രധാനമായ രണ്ടു വിവാദവിഷയങ്ങളാണ്‌ ഉന്നയിച്ചത്‌. ഒന്നാമതായി, യഹോവയുടെ സത്യതയെയും അവന്റെ ഭരണവിധത്തിന്റെ ഔചിത്യത്തെയും അവൻ വെല്ലുവിളിച്ചു. രണ്ടാമതായി, സ്വാർഥകാരണങ്ങളാൽ മാത്രമേ മനുഷ്യർ ദൈവത്തെ സേവിക്കുകയുള്ളൂ എന്നും അവൻ സൂചിപ്പിച്ചു. രണ്ടാമത്തെ വിവാദം കൂടുതൽ വ്യക്തമായി അവതരിപ്പിക്കപ്പെട്ടത്‌ ഇയ്യോബിന്റെ നാളുകളിലാണ്‌. (ഉല്‌പത്തി 3:1-6; ഇയ്യോബ്‌ 1:9, 10; 2:4, 5) എന്നിരുന്നാലും, യഹോവ സാഹചര്യത്തെ അടിയന്തിരതയോടെതന്നെ നേരിട്ടു. ഈ വിവാദവിഷയങ്ങൾക്ക്‌ എങ്ങനെ പരിഹാരം ഉണ്ടാക്കുമെന്ന്‌ ആദാമും ഹവ്വായും ഏദെൻതോട്ടത്തിൽ ആയിരിക്കെത്തന്നെ അവൻ മുൻകൂട്ടിപ്പറഞ്ഞു. ഒരു “സന്തതി”യുടെ വരവിനെക്കുറിച്ച്‌ അവൻ പറയുകയുണ്ടായി. കുതികാൽ തകർക്കപ്പെട്ട ശേഷം പ്രസ്‌തുത സന്തതി സാത്താന്റെ തല തകർക്കുമായിരുന്നു.​—⁠ഉല്‌പത്തി 3:15.

2. ഉല്‌പത്തി 3:​15-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം താൻ നിവർത്തിക്കുന്ന വിധം സംബന്ധിച്ച്‌ യഹോവ എന്തു വെളിപ്പെടുത്തി?

2 കാലം കടന്നുപോകവേ, യഹോവ ആ പ്രവചനം സംബന്ധിച്ച്‌ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. അങ്ങനെ അതിന്റെ നിവൃത്തി സംബന്ധിച്ച്‌ അവൻ ഉറപ്പു നൽകുകയായിരുന്നു. ഉദാഹരണത്തിന്‌, ആ “സന്തതി” അബ്രാഹാമിന്റെ പരമ്പരയിലൂടെ വരുമെന്ന്‌ യഹോവ അവനോടു പറഞ്ഞു. (ഉല്‌പത്തി 22:15-18) അബ്രാഹാമിന്റെ കൊച്ചുമകനായ യാക്കോബ്‌ ഇസ്രായേലിന്റെ 12 ഗോത്രങ്ങൾക്കു പിതാവായിത്തീർന്നു. പൊതുയുഗത്തിനു മുമ്പ്‌ (പൊ.യു.മു.) 1513-ൽ ആ ഗോത്രങ്ങൾ ഒരു ജനതയായിത്തീർന്നപ്പോൾ യഹോവ അവർക്കു ഒരു നിയമസംഹിത നൽകി, അതിൽ വാർഷികമായി അവർ ആഘോഷിക്കേണ്ട വ്യത്യസ്‌ത പെരുന്നാളുകളെക്കുറിച്ചും പറഞ്ഞിരുന്നു. അവ “വരുവാനിരുന്നവയുടെ നിഴ”ലായിരുന്നുവെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ വ്യക്തമാക്കി. (കൊലൊസ്സ്യർ 2:16, 17; എബ്രായർ 10:1) സന്തതിയെ സംബന്ധിച്ചുള്ള യഹോവയുടെ ഉദ്ദേശ്യത്തിന്റെ നിവൃത്തിയുടെ പൂർവവീക്ഷണങ്ങളാണ്‌ അവയിൽ അടങ്ങിയിരുന്നത്‌. അത്തരം പെരുന്നാളുകളുടെ ആചരണം ഇസ്രായേല്യർക്ക്‌ അത്യധികം സന്തോഷം പ്രദാനം ചെയ്‌തു. അവയുടെ ഹ്രസ്വമായ ഒരു പരിചിന്തനം യഹോവയുടെ വാഗ്‌ദാനങ്ങളിലുള്ള നമ്മുടെ വിശ്വാസം ബലിഷ്‌ഠമാക്കും.

സന്തതി പ്രത്യക്ഷപ്പെടുന്നു

3. വാഗ്‌ദത്ത സന്തതി ആരായിരുന്നു, അവന്റെ കുതികാൽ തകർക്കപ്പെട്ടത്‌ എങ്ങനെ?

3 യഹോവ ആ ആദ്യപ്രവചനം ഉച്ചരിച്ച്‌ 4,000-ത്തിലേറെ വർഷങ്ങൾക്കു ശേഷമാണ്‌ വാഗ്‌ദത്ത സന്തതി പ്രത്യക്ഷപ്പെട്ടത്‌. അത്‌ യേശുവായിരുന്നു. (ഗലാത്യർ 3:16) ഒരു പൂർണ മനുഷ്യനെന്ന നിലയിൽ യേശു മരണത്തോളം നിർമലത കാത്തു, അങ്ങനെ സാത്താന്റെ ആരോപണങ്ങൾ തെറ്റാണെന്ന്‌ അവൻ തെളിയിച്ചു. കൂടാതെ, യേശു പാപരഹിതനായിരുന്നതിനാൽ അവന്റെ മരണം വലിയ മൂല്യമുള്ള ഒരു യാഗമായിരുന്നു. അതിലൂടെ ആദാമിന്റെയും ഹവ്വായുടെയും വിശ്വസ്‌ത പിൻഗാമികൾക്ക്‌ അവൻ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുതൽ പ്രദാനം ചെയ്‌തു. ദണ്ഡന സ്‌തംഭത്തിലെ യേശുവിന്റെ മരണം വാഗ്‌ദത്ത ‘സന്തതിയുടെ കുതികാൽ തകർക്കൽ’ ആയിരുന്നു.​—⁠എബ്രായർ 9:11-14.

4. യേശുവിന്റെ യാഗം മുൻനിഴലാക്കപ്പെട്ടത്‌ എങ്ങനെ?

4 പൊതുയുഗം (പൊ.യു.) 33 നീസാൻ 14-ന്‌ യേശു മരിച്ചു. * ഇസ്രായേല്യർ പെസഹാ ആഘോഷിച്ചിരുന്നതും നീസാൻ 14-നാണ്‌. ആണ്ടുതോറും അന്നേദിവസം ഇസ്രായേൽ കുടുംബങ്ങൾ ഊനമില്ലാത്ത ഒരു ആട്ടിൻകുട്ടിയെ അറുത്തു ഭക്ഷിക്കുമായിരുന്നു. ഈ വിധത്തിൽ, പൊ.യു.മു. 1513 നീസാൻ 14-ന്‌ യഹോവയുടെ സംഹാരദൂതൻ ഈജിപ്‌തിലെ ആദ്യജാതന്മാരെ നിഗ്രഹിച്ചപ്പോൾ ഇസ്രായേല്യ കടിഞ്ഞൂലുകളുടെ ജീവൻ രക്ഷിക്കുന്നതിൽ ആട്ടിൻകുട്ടിയുടെ രക്തം വഹിച്ച പങ്ക്‌ അവർ അനുസ്‌മരിച്ചു. (പുറപ്പാടു 12:1-14) പെസഹാക്കുഞ്ഞാട്‌ യേശുവിനെയാണ്‌ മുൻനിഴലാക്കിയത്‌. അവനെക്കുറിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഇപ്രകാരം പറഞ്ഞു: “നമ്മുടെ പെസഹക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്‌തു തന്നേ.” (1 കൊരിന്ത്യർ 5:7) പെസഹാക്കുഞ്ഞാടിന്റെ രക്തംപോലെതന്നെ യേശുവിന്റെ ചൊരിയപ്പെട്ട രക്തവും അനേകർക്കു രക്ഷ പ്രദാനം ചെയ്യുന്നു.​—⁠യോഹന്നാൻ 3:16, 36.

‘മരിച്ചവരിൽ ആദ്യഫലം’

5, 6. (എ) യേശു ഉയിർപ്പിക്കപ്പെട്ടത്‌ എപ്പോൾ, ന്യായപ്രമാണത്തിൽ ആ സംഭവം മുൻനിഴലാക്കപ്പെട്ടത്‌ എങ്ങനെ? (ബി) യേശുവിന്റെ പുനരുത്ഥാനം ഉല്‌പത്തി 3:​15-ന്റെ നിവൃത്തി സാധ്യമാക്കിയത്‌ എങ്ങനെ?

5 യാഗത്തിന്റെ മൂല്യം തന്റെ പിതാവിനു സമർപ്പിക്കുന്നതിനായി മൂന്നാം നാൾ യേശു ഉയിർപ്പിക്കപ്പെട്ടു. (എബ്രായർ 9:24) മറ്റൊരു പെരുന്നാളിലൂടെ അവന്റെ ഈ പുനരുത്ഥാനവും മുൻനിഴലാക്കപ്പെട്ടു. നീസാൻ 14-ന്റെ പിറ്റേന്ന്‌ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിന്റെ തുടക്കമായിരുന്നു. അതിനടുത്ത ദിവസം, അതായത്‌ നീസാൻ 16-ന്‌ ഇസ്രായേല്യർ യവക്കൊയ്‌ത്തിലെ ആദ്യത്തെ കറ്റ യഹോവയ്‌ക്ക്‌ നീരാജനം ചെയ്യേണ്ടതിനു പുരോഹിതന്റെ അടുക്കൽ കൊണ്ടുവന്നിരുന്നു, വർഷത്തിലെ ആദ്യവിളവെടുപ്പായിരുന്നു അത്‌. (ലേവ്യപുസ്‌തകം 23:6-14) പൊ.യു. 33-ൽ അതേദിവസംതന്നെ യഹോവ, തന്റെ “വിശ്വസ്‌തനും സത്യവാനുമായ സാക്ഷി”യെ എന്നേക്കുമായി നശിപ്പിക്കാനുള്ള സാത്താന്റെ ശ്രമങ്ങളെ നിഷ്‌ഫലമാക്കിയത്‌ എത്ര ഉചിതമായിരുന്നു! പൊ.യു. 33-ലെ നീസാൻ 16-ന്‌ യഹോവ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്ന്‌ അമർത്യ ആത്മീയ ജീവനിലേക്ക്‌ ഉയിർപ്പിച്ചു.​—⁠വെളിപ്പാടു 3:14; 1 പത്രൊസ്‌ 3:18.

6 യേശു “നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു.” (1 കൊരിന്ത്യർ 15:20) മുമ്പ്‌ ഉയിർപ്പിക്കപ്പെട്ട മറ്റുള്ളവരെപ്പോലെ അവൻ വീണ്ടും മരിച്ചില്ല. പകരം, അവൻ തന്റെ പിതാവിന്റെ വലത്തുഭാഗത്തിരിക്കാൻ സ്വർഗത്തിലേക്കു പോയി. അവിടെ യഹോവയുടെ സ്വർഗീയ രാജ്യത്തിന്റെ രാജാവായി അവരോധിക്കപ്പെടുന്നതുവരെ അവൻ കാത്തിരുന്നു. (സങ്കീർത്തനം 110:1; പ്രവൃത്തികൾ 2:32, 33; എബ്രായർ 10:12, 13) രാജാവായുള്ള തന്റെ അവരോധംമുതൽ, വലിയ ശത്രുവായ പിശാചിന്റെ തല തകർത്തുകൊണ്ട്‌ എന്നെന്നേക്കുമായി അവനെയും ഒപ്പം അവന്റെ സന്തതിയെയും നശിപ്പിക്കാവുന്ന ഒരു സ്ഥാനത്താണ്‌ യേശു ഇപ്പോൾ.​—⁠വെളിപ്പാടു 11:15, 18; 20:1-3, 10.

അബ്രാഹാമിന്റെ സന്തതിയിൽ കൂടുതൽ അംഗങ്ങൾ

7. വാരോത്സവം എന്തായിരുന്നു?

7 ഏദെനിൽ വാഗ്‌ദാനം ചെയ്യപ്പെട്ട സന്തതി യേശുവായിരുന്നു. അവനിലൂടെയാണ്‌ യഹോവ “പിശാചിന്റെ പ്രവൃത്തികളെ അഴി”ക്കുമായിരുന്നത്‌. (1 യോഹന്നാൻ 3:8) എന്നിരുന്നാലും, അബ്രാഹാമിനോട്‌ സംസാരിച്ചപ്പോൾ അവന്റെ “സന്തതി”യിൽ ഒന്നിലധികം അംഗങ്ങൾ ഉണ്ടായിരിക്കുമെന്നു യഹോവ സൂചിപ്പിച്ചു. അത്‌ “ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്‌ക്കരയിലെ മണൽപോലെയും” ആയിരിക്കുമായിരുന്നു. (ഉല്‌പത്തി 22:17) “സന്തതി”യിലെ മറ്റംഗങ്ങൾ പ്രത്യക്ഷപ്പെടുന്നത്‌ സന്തോഷകരമായ വേറൊരു പെരുന്നാളിലൂടെ മുൻനിഴലാക്കപ്പെട്ടു. നീസാൻ 16-നെ തുടർന്ന്‌ അമ്പത്‌ ദിവസത്തിനു ശേഷം ഇസ്രായേൽ വാരോത്സവം ആഘോഷിച്ചു. അതു സംബന്ധിച്ച്‌ ന്യായപ്രമാണം ഇപ്രകാരം പറയുന്നു: “ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾവരെ അമ്പതു ദിവസം എണ്ണി യഹോവെക്കു പുതിയ ധാന്യംകൊണ്ടു ഒരു ഭോജനയാഗം അർപ്പിക്കേണം. നീരാജനത്തിന്നു രണ്ടിടങ്ങഴി മാവുകൊണ്ടു രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളിൽനിന്നു കൊണ്ടു വരേണം; അതു നേരിയ മാവുകൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കേണം; അതു യഹോവെക്കു ആദ്യവിളവ്‌.” *​—⁠ലേവ്യപുസ്‌തകം 23:16, 17, 20.

8. പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ ശ്രദ്ധേയമായ ഏതു സംഭവം നടന്നു?

8 യേശു ഭൂമിയിലായിരുന്നപ്പോൾ പെന്തെക്കൊസ്‌ത്‌ (“അമ്പതാമത്തേത്‌” എന്നർഥമുള്ള ഗ്രീക്ക്‌ പദത്തിൽനിന്ന്‌) എന്നാണ്‌ വാരോത്സവം അറിയപ്പെട്ടിരുന്നത്‌. വലിയ മഹാപുരോഹിതനായ പുനരുത്ഥാനംപ്രാപിച്ച യേശുക്രിസ്‌തു പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ യെരൂശലേമിൽ കൂടിവന്നിരുന്ന 120 ശിഷ്യന്മാരുടെമേൽ പരിശുദ്ധാത്മാവിനെ പകർന്നു. അങ്ങനെ ശിഷ്യന്മാരുടെ ആ ചെറിയകൂട്ടം ദൈവത്തിന്റെ അഭിഷിക്ത പുത്രന്മാരും യേശുക്രിസ്‌തുവിന്റെ സഹോദരന്മാരും ആയിത്തീർന്നു. (റോമർ 8:15-17) അവർ “ദൈവത്തിന്റെ യിസ്രായേൽ” എന്ന ഒരു പുതിയ ജനതയായിത്തീർന്നു. (ഗലാത്യർ 6:16) ചെറിയ ആ തുടക്കത്തിൽനിന്ന്‌ അവർ 1,44,000 പേരടങ്ങുന്ന ഒരു ജനതയായിത്തീരുമായിരുന്നു.​—⁠വെളിപ്പാടു 7:1-4.

9, 10. പെന്തെക്കൊസ്‌ത്‌ പെരുന്നാളിൽ അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സഭ മുൻനിഴലാക്കപ്പെട്ടത്‌ എങ്ങനെ?

9 ഓരോ പെന്തെക്കൊസ്‌തിലും യഹോവയുടെ മുമ്പാകെ അർപ്പിക്കപ്പെട്ട പുളിപ്പുള്ള രണ്ട്‌ അപ്പം അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സഭയെയാണ്‌ മുൻനിഴലാക്കിയത്‌. അവകാശപ്പെടുത്തിയ പാപമാകുന്ന പുളിപ്പ്‌ അഭിഷിക്ത ക്രിസ്‌ത്യാനികളിൽ അപ്പോഴും ഉണ്ട്‌ എന്നതിന്റെ സൂചനയായിരുന്നു പുളിപ്പുള്ള അപ്പം. എങ്കിലും, യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ അവർക്ക്‌ യഹോവയെ സമീപിക്കാമായിരുന്നു. (റോമർ 5:1, 2) രണ്ട്‌ അപ്പം എന്തിനുവേണ്ടിയായിരുന്നു? ദൈവത്തിന്റെ അഭിഷിക്ത പുത്രന്മാർ കാലക്രമത്തിൽ രണ്ടു വ്യത്യസ്‌ത കൂട്ടങ്ങളിൽനിന്നു ചേർക്കപ്പെടുമായിരുന്നു എന്നതിനെയായിരിക്കാം അതു സൂചിപ്പിച്ചത്‌, അതായത്‌ ആദ്യം യഹൂദന്മാരിൽനിന്നും പിന്നീട്‌ വിജാതീയരിൽനിന്നും.​—⁠ഗലാത്യർ 3:26-29; എഫെസ്യർ 2:13-18.

10 പെന്തെക്കൊസ്‌തിൽ അർപ്പിക്കപ്പെട്ട രണ്ടപ്പം ഗോതമ്പു വിളവെടുപ്പിലെ ആദ്യഫലത്തിൽനിന്ന്‌ ഉണ്ടാക്കിയതായിരുന്നു. സമാനമായി, ആത്മാഭിഷിക്ത ക്രിസ്‌ത്യാനികളെ “സൃഷ്ടികളിൽ ഒരുവിധം ആദ്യഫല”മെന്നു വിളിച്ചിരിക്കുന്നു. (യാക്കോബ്‌ 1:18) അവരാണ്‌ യേശുക്രിസ്‌തുവിന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ അടിസ്ഥാനത്തിൽ പാപങ്ങളുടെ മോചനം ലഭിക്കുന്നതിൽ ആദ്യത്തവർ. അത്‌ അവർക്ക്‌ സ്വർഗീയ അമർത്യ ജീവൻ ലഭിക്കുക സാധ്യമാക്കിത്തീർക്കുന്നു. അങ്ങനെ അവർ യേശുവിനോടുകൂടെ അവന്റെ രാജ്യത്തിൽ ഭരിക്കുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 15:53; ഫിലിപ്പിയർ 3:20, 21; വെളിപ്പാടു 20:6) ആ നിലയിൽ, അവർ സമീപഭാവിയിൽത്തന്നെ ജനതകളെ “ഇരിമ്പുകോൽകൊണ്ടു . . . മേയിക്കു”കയും ‘സാത്താനെ തങ്ങളുടെ കാൽക്കീഴെ ചതച്ചുകളയുന്നതു’ കാണുകയും ചെയ്യും. (വെളിപ്പാടു 2:26, 27; റോമർ 16:20) അപ്പൊസ്‌തലനായ യോഹന്നാൻ ഇപ്രകാരം പറഞ്ഞു: “കുഞ്ഞാടു പോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നു.”​—⁠വെളിപ്പാടു 14:⁠4.

വിടുതലിന്‌ ഊന്നൽനൽകുന്ന ഒരു നാൾ

11, 12. (എ) പാപപരിഹാരദിവസത്തിൽ എന്താണു സംഭവിച്ചിരുന്നത്‌? (ബി) കാളക്കുട്ടിയുടെയും കോലാട്ടുകൊറ്റന്മാരുടെയും യാഗങ്ങൾ ഇസ്രായേൽ ജനത്തിന്‌ എന്തെല്ലാം പ്രയോജനങ്ങൾ കൈവരുത്തി?

11 ഏഥാനീം മാസത്തിന്റെ (പിന്നീട്‌ തിസ്രി എന്നറിയപ്പെട്ടു) * പത്താം നാളിൽ ഇസ്രായേല്യർ ആചരിച്ച പെരുന്നാൾ യേശുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ എങ്ങനെ ലഭ്യമാകും എന്നതിന്റെ പൂർവവീക്ഷണം നൽകുകയുണ്ടായി. പാപപരിഹാരദിവസമായ അന്ന്‌ മുഴു ഇസ്രായേൽ ജനതയും തങ്ങളുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനായി യാഗം അർപ്പിക്കാൻ കൂടിവന്നിരുന്നു.​—⁠ലേവ്യപുസ്‌തകം 16:29, 30.

12 പാപപരിഹാരദിവസത്തിൽ, മഹാപുരോഹിതൻ ഒരു കാളക്കുട്ടിയെ അറക്കുകയും അതിന്റെ രക്തത്തിൽ കുറെ അതിവിശുദ്ധത്തിൽ കൃപാസനത്തിന്റെ (പെട്ടകത്തിന്റെ മൂടിയുടെ) മുമ്പിൽ ഏഴു പ്രാവശ്യം തളിക്കുകയും ചെയ്യുമായിരുന്നു. രക്തം യഹോവയുടെ മുമ്പാകെ അർപ്പിക്കുന്നതിനെയാണ്‌ അത്‌ അർഥമാക്കിയത്‌. തനിക്കുതന്നെയും സഹപുരോഹിതന്മാരും ലേവ്യരും ഉൾപ്പെടെയുള്ള തന്റെ “കുടുംബത്തിന്നും” വേണ്ടിയുള്ള പാപയാഗമായിരുന്നു അത്‌. അടുത്തതായി, മഹാപുരോഹിതൻ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്ന്‌ അവയിലൊന്നിനെ “ജനത്തിന്നുവേണ്ടിയുള്ള” പാപയാഗമായി അറുത്തിരുന്നു. ആ രക്തത്തിൽനിന്നും കുറച്ച്‌ അതിവിശുദ്ധത്തിലെ കൃപാസനത്തിനു മുമ്പിൽ തളിച്ചിരുന്നു. അതിനുശേഷം, മഹാപുരോഹിതൻ രണ്ടാമത്തെ ആട്ടുകൊറ്റന്റെ തലയിൽ കൈവെച്ച്‌ ഇസ്രായേൽ മക്കളുടെ പാപങ്ങൾ ഏറ്റുപറഞ്ഞിരുന്നു. തുടർന്ന്‌, ആലങ്കാരികമായി ജനത്തിന്റെ അകൃത്യങ്ങൾ വഹിച്ചുകൊണ്ടുപോകുന്നതിന്‌ അവൻ ആ കോലാട്ടുകൊറ്റനെ മരുഭൂമിയിലേക്ക്‌ അയച്ചിരുന്നു.​—⁠ലേവ്യപുസ്‌തകം 16:3-16, 21, 22.

13. പാപപരിഹാരദിവസത്തിലെ സംഭവങ്ങൾ യേശു വഹിക്കുന്ന പങ്ക്‌ മുൻനിഴലാക്കിയത്‌ എങ്ങനെ?

13 ആ പ്രവൃത്തികൾ മുൻനിഴലാക്കിയതുപോലെ, വലിയ മഹാപുരോഹിതനായ യേശു പാപമോചനത്തിനായി തന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ മൂല്യം ഉപയോഗിക്കുന്നു. ആദ്യമായി, അവന്റെ രക്തത്തിന്റെ മൂല്യം “ആത്മീയ ഗൃഹ”മായ 1,44,000 അഭിഷിക്ത ക്രിസ്‌ത്യാനികൾക്കായി ഉപയോഗിക്കപ്പെട്ടു. അതിലൂടെ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടാനും യഹോവയുടെ മുമ്പാകെ ശുദ്ധമായ ഒരു നില ആസ്വദിക്കാനും അവർക്കു കഴിയുന്നു. (1 പത്രൊസ്‌ 2:5; 1 കൊരിന്ത്യർ 6:11) കാളക്കുട്ടിയുടെ യാഗത്താലാണ്‌ ഇതു മുൻനിഴലാക്കപ്പെട്ടത്‌. അങ്ങനെ അത്‌ സ്വർഗീയ അവകാശം നേടാനുള്ള വഴി അവർക്കു തുറന്നുകൊടുത്തു. രണ്ടാമതായി, യേശുവിന്റെ രക്തത്തിന്റെ മൂല്യം ക്രിസ്‌തുവിൽ വിശ്വാസം അർപ്പിക്കുന്ന മറ്റു ദശലക്ഷങ്ങൾക്കുവേണ്ടി ഉപയോഗിക്കപ്പെടുന്നു, കോലാട്ടുകൊറ്റന്റെ യാഗത്താൽ സൂചിപ്പിച്ചത്‌ അതാണ്‌. ഈ ഗണത്തിൽപ്പെട്ടവർക്ക്‌ അനുഗ്രഹമായി ലഭിക്കുന്നത്‌ ആദാമും ഹവ്വായും നഷ്ടപ്പെടുത്തിയ ആ പൈതൃകമായ ഭൂമിയിലെ നിത്യജീവൻ ആയിരിക്കും. (സങ്കീർത്തനം 37:10, 11) തന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ അടിസ്ഥാനത്തിൽ യേശു മനുഷ്യവർഗത്തിന്റെ പാപങ്ങൾ വഹിച്ചുകൊണ്ടുപോകുന്നു, ഒരു കോലാട്ടുകൊറ്റൻ പ്രതീകാത്മകമായി ഇസ്രായേല്യരുടെ പാപങ്ങൾ മരുഭൂമിയിലേക്കു വഹിച്ചുകൊണ്ടുപോയതുപോലെതന്നെ.​—⁠യെശയ്യാവു 53:4, 5.

യഹോവയുടെ മുമ്പാകെ സന്തോഷിക്ക

14, 15. കൂടാരപ്പെരുന്നാളിൽ എന്താണ്‌ ഉൾപ്പെട്ടിരുന്നത്‌, അത്‌ ഇസ്രായേല്യരെ എന്ത്‌ അനുസ്‌മരിപ്പിച്ചു?

14 പാപപരിഹാരദിവസത്തിനുശേഷം, ഇസ്രായേല്യർ കൂടാരപ്പെരുന്നാൾ ആഘോഷിച്ചിരുന്നു. യഹൂദന്മാരുടെ ഏറ്റവും സന്തോഷകരമായ പെരുന്നാളായിരുന്നു അത്‌. (ലേവ്യപുസ്‌തകം 23:34-43) ഏഥാനീം മാസം 15 മുതൽ 21 വരെയായിരുന്നു ആ ആഘോഷം, 22-ാം തീയതിയിലെ ഒരു വിശുദ്ധ സഭായോഗത്തോടെയാണ്‌ അത്‌ അവസാനിച്ചിരുന്നത്‌. വിളവെടുപ്പിന്റെ സമാപനത്തെ കുറിച്ചിരുന്ന അത്‌ ദൈവത്തിൽനിന്നുള്ള അളവറ്റ നന്മയ്‌ക്കുള്ള നന്ദിപ്രകടത്തിനുള്ള ഒരു സമയവും ആയിരുന്നു. അക്കാരണത്താൽ, യഹോവ ആഘോഷകരോട്‌ ഇപ്രകാരം കൽപ്പിച്ചു: “നിന്റെ അനുഭവത്തിൽ ഒക്കെയും നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ടു നീ വേണ്ടുംവണ്ണം സന്തോഷിക്കേണം.” (ആവർത്തനപുസ്‌തകം 16:15) എത്ര സന്തോഷകരമായ ഒരു സമയമായിരുന്നിരിക്കണം അത്‌!

15 ഈ പെരുന്നാളിന്റെ സമയത്ത്‌, ഇസ്രായേല്യർ ഏഴു ദിവസം കൂടാരങ്ങളിൽ താമസിച്ചിരുന്നു. അത്‌ മരുഭൂമിയിലായിരിക്കെ കൂടാരങ്ങളിൽ താമസിച്ചിരുന്നതിനെക്കുറിച്ച്‌ അവരെ ഓർമിപ്പിച്ചു. യഹോവയുടെ പിതൃതുല്യമായ കരുതലിനെക്കുറിച്ചു ധ്യാനിക്കാനുള്ള ധാരാളം അവസരങ്ങളാണ്‌ ഇതിലൂടെ അവർക്കു ലഭിച്ചത്‌. (ആവർത്തനപുസ്‌തകം 8:15, 16) ധനികരെന്നോ ദരിദ്രരെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരും ഒരേപോലുള്ള കൂടാരങ്ങളിൽ കഴിഞ്ഞത്‌ ആ ആഘോഷത്തോടുള്ള ബന്ധത്തിൽ എല്ലാവരും തുല്യരാണെന്ന്‌ അവരെ അനുസ്‌മരിപ്പിച്ചു.​—⁠നെഹെമ്യാവു 8:14-16.

16. കൂടാരപ്പെരുന്നാൾ എന്തിനെ മുൻനിഴലാക്കി?

16 കൂടാരപ്പെരുന്നാൾ അഥവാ കായ്‌കനിപ്പെരുന്നാൾ ഒരു വിളവെടുപ്പ്‌ ഉത്സവം, അതായത്‌ സന്തോഷകരമായ ഫലശേഖര ഉത്സവമായിരുന്നു. യേശുക്രിസ്‌തുവിൽ വിശ്വാസമർപ്പിക്കുന്നവരുടെ സന്തോഷകരമായ കൂട്ടിച്ചേർക്കലിനെ അത്‌ മുൻനിഴലാക്കി. പൊ.യു. 33-ൽ ആ കൂട്ടിച്ചേർക്കൽ ആരംഭിച്ചു. യേശുവിന്റെ 120 ശിഷ്യന്മാർ ഒരു “വിശുദ്ധപുരോഹിതവർഗ്ഗ”മാകേണ്ടതിനു അഭിഷേകം ചെയ്യപ്പെട്ടപ്പോഴായിരുന്നു അത്‌. ഇസ്രായേല്യർ കുറച്ചുനാൾ കൂടാരങ്ങളിൽ വസിച്ചതുപോലെ, ഈ അഭക്ത ലോകത്ത്‌ തങ്ങൾ വെറും “പരദേശി”കളാണെന്ന്‌ അഭിഷിക്തർക്ക്‌ അറിയാം. സ്വർഗീയ പ്രത്യാശയാണ്‌ അവർക്കുള്ളത്‌. (1 പത്രൊസ്‌ 2:5, 11) അഭിഷിക്ത ക്രിസ്‌ത്യാനികളുടെ കൂട്ടിച്ചേർക്കൽ ഈ “അന്ത്യകാലത്ത്‌” അതിന്റെ പൂർത്തീകരണത്തിലെത്തുന്നു. 1,44,000-ത്തിലെ അവസാന അംഗങ്ങളുടെ കൂട്ടിച്ചേർക്കലോടെയാണ്‌ അതു പൂർത്തിയാകുന്നത്‌.​—⁠2 തിമൊഥെയൊസ്‌ 3:⁠1.

17, 18. (എ) അഭിഷിക്ത ക്രിസ്‌ത്യാനികൾക്കു പുറമേ മറ്റുള്ളവരും യേശുവിന്റെ മറുവിലയിൽനിന്ന്‌ പ്രയോജനം നേടുമെന്ന്‌ എന്തു സൂചിപ്പിക്കുന്നു? (ബി) പ്രതിമാതൃകയിലുള്ള കൂടാരപ്പെരുന്നാളിൽനിന്ന്‌ ഇന്ന്‌ ആരാണ്‌ പ്രയോജനം നേടുന്നത്‌, സന്തോഷകരമായ ആ പെരുന്നാൾ എന്ന്‌ പാരമ്യത്തിലെത്തും?

17 ഈ പുരാതന ആഘോഷത്തിൽ 70 കാളകളെ യാഗം ചെയ്‌തത്‌ ശ്രദ്ധാർഹമാണ്‌. (സംഖ്യാപുസ്‌തകം 29:12-34) 70 എന്ന സംഖ്യ 7-ന്റെ 10 ഇരട്ടിയാണ്‌. അവയാകട്ടെ സ്വർഗീയവും ഭൗമികവുമായ പൂർണതയെ കുറിക്കാൻ ബൈബിൾ ഉപയോഗിക്കുന്ന സംഖ്യകളും. അതുകൊണ്ട്‌ യേശുവിന്റെ മറുവില നോഹയിൽനിന്ന്‌ ഉത്ഭവിച്ച 70 കുടുംബങ്ങളിലെയും, അതായത്‌ മുഴുമനുഷ്യവർഗത്തിലെയും വിശ്വസ്‌തരായവർക്കു പ്രയോജനം ചെയ്യും. (ഉല്‌പത്തി 10:1-29) അതിനോടുള്ള ചേർച്ചയിൽ ഈ കൂട്ടിച്ചേർക്കൽ ഇന്ന്‌, സകല ജനതകളിൽനിന്നുള്ളവരും യേശുവിൽ വിശ്വാസമർപ്പിക്കുകയും ഭൂമിയിലെ പറുദീസയിൽ ജീവിക്കാൻ പ്രത്യാശിക്കുകയും ചെയ്യുന്നവരുമായ ആളുകളെ ഉൾപ്പെടുത്തത്തക്കവിധം വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു.

18 അപ്പൊസ്‌തലനായ യോഹന്നാൻ ഈ ആധുനികകാല കൂട്ടിച്ചേർക്കലിന്റെ ഒരു ദർശനം കാണുകയുണ്ടായി. ആദ്യം, 1,44,000-ത്തിലെ അവസാന അംഗങ്ങളുടെ മുദ്രയിടലിനെക്കുറിച്ചുള്ള ഒരു അറിയിപ്പ്‌ അവൻ കേട്ടു. അടുത്തതായി, “ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം” “കയ്യിൽ കുരുത്തോലയുമായി” യഹോവയ്‌ക്കും യേശുവിനും മുമ്പാകെ നിൽക്കുന്നത്‌ അവൻ കണ്ടു. ഇവർ “മഹാകഷ്ടത്തിൽനിന്നു” പുതിയ ലോകത്തിലേക്കു വരുന്നവരാണ്‌. ഇവരും ഈ പഴയ വ്യവസ്ഥിതിയിൽ ഇന്ന്‌ വെറും പരദേശികൾ, അഥവാ താത്‌കാലിക നിവാസികളാണ്‌. “കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തു”ന്ന സമയത്തിനായി അവർ ആത്മവിശ്വാസത്തോടെ നോക്കിപ്പാർത്തിരിക്കുകയാണ്‌. അന്നു ദൈവം “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകള”യും. (വെളിപ്പാടു 7:1-10, 14-17) ക്രിസ്‌തുവിന്റെ ആയിരംവർഷ വാഴ്‌ചയെ തുടർന്ന്‌ അവർക്കും പുനരുത്ഥാനശേഷം വിശ്വസ്‌തരായി നിലകൊള്ളുന്നവർക്കും നിത്യജീവൻ ലഭിക്കുന്നതോടെ പ്രതിമാതൃകയിലുള്ള കൂടാരപ്പെരുന്നാൾ അതിന്റെ പാരമ്യത്തിലെത്തും.​—⁠വെളിപ്പാടു 20:⁠5.

19. ഇസ്രായേലിൽ ആഘോഷിച്ചിരുന്ന പെരുന്നാളുകളുടെ പരിചിന്തനത്തിൽനിന്ന്‌ നാം എങ്ങനെ പ്രയോജനം നേടുന്നു?

19 പുരാതന യഹൂദ പെരുന്നാളുകൾ എന്ത്‌ അർഥമാക്കുന്നു എന്നതിനെക്കുറിച്ച്‌ ധ്യാനിക്കവേ നമുക്കും അത്യന്തം “സന്തോഷി”ക്കാനാകും. യഹോവയാം ദൈവം ഏദെനിൽവെച്ച്‌ നൽകിയ പ്രവചനത്തിന്റെ നിവൃത്തി സംബന്ധിച്ച്‌ അവൻ നൽകിയ പൂർവവീക്ഷണം പരിശോധിക്കുന്നത്‌ അങ്ങേയറ്റം പുളകപ്രദമാണ്‌. കൂടാതെ അതിന്റെ യഥാർഥ നിവൃത്തി ക്രമാനുഗതമായി സംഭവിക്കുന്നത്‌ നേരിൽ കാണുന്നതും ഏറെ ഉദ്വേഗജനകമാണ്‌. സന്തതി വന്നെന്നും അവന്റെ കുതികാൽ തകർക്കപ്പെട്ടെന്നും ഇന്നു നമുക്കറിയാം. ഇപ്പോൾ അവൻ സ്വർഗീയ രാജാവാണ്‌. മാത്രമല്ല, 1,44,000-ത്തിൽ മിക്കവരും മരണത്തോളം തങ്ങളുടെ വിശ്വസ്‌തത തെളിയിക്കുകയും ചെയ്‌തിരിക്കുന്നു. എന്താണ്‌ ഇനിയും നിവൃത്തിയേറാനുള്ളത്‌? പ്രവചനത്തിന്റെ പൂർണമായ നിവൃത്തി എത്ര പെട്ടെന്ന്‌ നമുക്കു പ്രതീക്ഷിക്കാനാകും? ഈ ആശയങ്ങൾക്കായി അടുത്ത ലേഖനം കാണുക.

[അടിക്കുറിപ്പുകൾ]

^ ഖ. 4 നീസാൻ നമ്മുടെ ഇന്നത്തെ കലണ്ടറിലെ മാർച്ച്‌/ഏപ്രിൽ ആണ്‌.

^ ഖ. 7 പുളിപ്പിച്ച രണ്ട്‌ അപ്പംകൊണ്ടുള്ള നീരാജനത്തിൽ സാധാരണഗതിയിൽ പുരോഹിതൻ അവ ഉള്ളംകൈയിൽ വെച്ചിട്ട്‌ കൈകൾ ഉയർത്തി അങ്ങോട്ടും ഇങ്ങോട്ടും ആട്ടിയിരുന്നു. ഇങ്ങനെ ഇരുവശങ്ങളിലേക്കും ആട്ടുന്നത്‌ യാഗവസ്‌തു യഹോവയ്‌ക്ക്‌ അർപ്പിക്കുന്നതിനെ ചിത്രീകരിച്ചു.​—⁠യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌), വാല്യം 2, പേജ്‌ 528 കാണുക.

^ ഖ. 11 ഏഥാനീം അല്ലെങ്കിൽ തിസ്രി നമ്മുടെ ഇന്നത്തെ കലണ്ടറിലെ സെപ്‌റ്റംബർ/ഒക്ടോബർ ആണ്‌.

നിങ്ങൾക്കു വിശദീകരിക്കാമോ?

• പെസഹാക്കുഞ്ഞാട്‌ എന്തിനെ മുൻനിഴലാക്കി?

• പെന്തെക്കൊസ്‌ത്‌ പെരുന്നാൾ ഏതു കൂട്ടിച്ചേർക്കലിനെ മുൻനിഴലാക്കി?

• പാപപരിഹാരദിവസത്തിലെ ഏതെല്ലാം സംഗതികളാണ്‌ യേശുവിന്റെ മറുവിലയാഗം ബാധകമാക്കപ്പെടുന്ന വിധത്തെ സൂചിപ്പിച്ചത്‌?

• കൂടാരപ്പെരുന്നാൾ ഏതു വിധത്തിലാണ്‌ ക്രിസ്‌ത്യാനികളുടെ കൂട്ടിച്ചേർക്കലിനെ മുൻനിഴലാക്കിയത്‌?

[അധ്യയന ചോദ്യങ്ങൾ]

[22, 23 പേജുകളിലെ ചാർട്ട്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

സംഭവം: മുൻനിഴലാക്കിയത്‌:

പെസഹാ നീസാൻ 14 പെസഹാക്കുഞ്ഞാട്‌ യേശുവിന്റെ യാഗം

അറുക്കപ്പെട്ടു

പുളിപ്പില്ലാത്ത നീസാൻ 15 ശബ്ബത്ത്‌

അപ്പത്തിന്റെ

പെരുന്നാൾ നീസാൻ 16 യവം അർപ്പിച്ചു യേശുവിന്റെ പുനരുത്ഥാനം

(നീസാൻ 15-21)

50 ദിവസം

വാരോത്സവം സീവാൻ 6 രണ്ട്‌ അപ്പങ്ങൾ യേശു തന്റെ അഭിഷിക്ത

(പെന്തെക്കൊസ്‌ത്‌) അർപ്പിച്ചു സഹോദരന്മാരെ യഹോവയ്‌ക്കു

സമർപ്പിച്ചു

പാപപരിഹാരദിവസം തിസ്രി 10 ഒരു കാളക്കുട്ടിയെയും യേശു തന്റെ രക്തത്തിന്റെ

രണ്ടു മൂല്യം മുഴുമനുഷ്യവർഗത്തിനും

കോലാട്ടുകൊറ്റന്മാരെയും വേണ്ടി അർപ്പിച്ചു

യാഗം അർപ്പിച്ചു

കൂടാരപ്പെരുന്നാൾ തിസ്രി 15-21 ഇസ്രായേല്യർ കൂടാരങ്ങളിൽ അഭിഷിക്തരുടെയും

(കായ്‌കനിപ്പെരുന്നാൾ) പാർത്തു, വിളവെടുപ്പിൽ “മഹാപുരുഷാര”

സന്തോഷിച്ചു, ത്തിന്റെയും കൂട്ടിച്ചേർക്കൽ

70 കാളകളെ അർപ്പിച്ചു

[21-ാം പേജിലെ ചിത്രങ്ങൾ]

പെസഹാക്കുഞ്ഞാടിന്റെ രക്തംപോലെ, യേശുവിന്റെ ചൊരിയപ്പെട്ട രക്തം അനേകർക്കു രക്ഷ പ്രദാനം ചെയ്യുന്നു

[22-ാം പേജിലെ ചിത്രങ്ങൾ]

നീസാൻ 16-ന്‌ യവക്കൊയ്‌ത്തിലെ ആദ്യഫലം അർപ്പിച്ചത്‌ യേശുവിന്റെ പുനരുത്ഥാനത്തെ മുൻനിഴലാക്കി

[23-ാം പേജിലെ ചിത്രങ്ങൾ]

പെന്തെക്കൊസ്‌തിൽ അർപ്പിച്ചിരുന്ന രണ്ട്‌ അപ്പങ്ങൾ അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സഭയെ മുൻനിഴലാക്കി

[24-ാം പേജിലെ ചിത്രങ്ങൾ]

കൂടാരപ്പെരുന്നാൾ അഭിഷിക്തരുടെയും സകല ജനതകളിൽനിന്നുമുള്ള ഒരു “മഹാപുരുഷാര”ത്തിന്റെയും കൂട്ടിച്ചേർക്കലിനെ മുൻനിഴലാക്കി