വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വെളിപ്പാടു 7:3-ൽ പരാമർശിച്ചിരിക്കുന്ന മുദ്രയിടൽ എന്താണ്?
വെളിപ്പാടു 7:1-3-ൽ പറയുന്നു: “ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റു ഊതാതിരിക്കേണ്ടതിന്നു നാലു ദൂതന്മാർ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലും കോണിലും നില്‌ക്കുന്നതു ഞാൻ കണ്ടു. മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവൻ ഭൂമിക്കും സമുദ്രത്തിന്നും കേടു വരുത്തുവാൻ അധികാരം ലഭിച്ച നാലു ദൂതന്മാരോടു; നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമുദ്രത്തിന്നും വൃക്ഷങ്ങൾക്കും കേടു വരുത്തരുതു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.”
ദൂതന്മാർ “നാലുകാറ്റു”കളും അഴിച്ചുവിടുമ്പോൾ ഫലം മഹോപദ്രവമായിരിക്കും, അതായത് വ്യാജമതത്തിന്റെയും ശേഷം ദുഷ്ടവ്യവസ്ഥിതിയുടെയും നാശം. (വെളിപ്പാടു 7:14) ക്രിസ്‌തുവിന്റെ ഭൂമിയിലുള്ള അഭിഷിക്ത സഹോദരന്മാരാണ് “ദൈവത്തിന്റെ ദാസന്മാ[ർ].” (1 പത്രൊസ് 2:9, 16) അതുകൊണ്ട്, മഹോപദ്രവം ആരംഭിക്കുമ്പോൾ ക്രിസ്‌തുവിന്റെ സഹോദരന്മാരുടെ മുദ്രയിടൽ പൂർത്തിയായിരിക്കും എന്ന് പ്രസ്‌തുത പ്രവചനം സൂചിപ്പിക്കുന്നു. എന്നാൽ, അഭിഷിക്തരുടെ ഒരു പ്രാഥമിക മുദ്രയിടലിനെക്കുറിച്ച് മറ്റു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നുണ്ട്. ആയതിനാൽ, ചിലപ്പോഴൊക്കെ നാം ഒരു പ്രാഥമിക മുദ്രയിടലിനെയും ഒരു അന്തിമമുദ്രയിടലിനെയും കുറിച്ചു പറയാറുണ്ട്. അവ തമ്മിലുള്ള വ്യത്യാസം എന്താണ്?
മുദ്രയിടൽ എന്നതിന്റെ അർഥം എന്താണെന്നു നോക്കുക. പുരാതന കാലത്ത് ഒരു പ്രമാണത്തിന്റെയോ മറ്റ് എന്തിന്റെയെങ്കിലുമോ ആധികാരികതയെയോ ഉടമസ്ഥതയെയോ സൂചിപ്പിക്കുന്നതിന് അതിൽ ഒരു അടയാളം കുത്തുന്ന രീതിയുണ്ടായിരുന്നു. ആ അടയാളത്തിന് മുദ്ര എന്നാണു പറഞ്ഞിരുന്നത്. കൂടാതെ അതു കുത്താൻ ഉപയോഗിക്കുന്ന ഉപകരണത്തെയും മുദ്ര എന്നു വിളിച്ചിരുന്നു.—1 രാജാക്കന്മാർ 21:8; ഇയ്യോബ് 14:17.
2 കൊരിന്ത്യർ 1:21, 22) അതുകൊണ്ട്, ഈ ക്രിസ്‌ത്യാനികൾ തന്റെ ഉടമസ്ഥതയിലുള്ളവരാണെന്നു കാണിക്കാൻ യഹോവ അവരെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യുന്നു.
പരിശുദ്ധാത്മാവിനെ ഒരു മുദ്രയോടു താരതമ്യം ചെയ്‌തുകൊണ്ട് പൗലൊസ് എഴുതുകയുണ്ടായി. “ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്‌തുവിൽ ഉറപ്പിക്കുന്നതും,” അതായത് ക്രിസ്‌തുവിനുള്ളവർ എന്ന് ഉറപ്പുതരുന്നതും “നമ്മെ അഭിഷേകം ചെയ്‌തതും ദൈവമല്ലോ. അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു” എന്ന് അവൻ പറഞ്ഞു. (എന്നാൽ അഭിഷിക്തരുടെ ഈ മുദ്രയിടലിനു രണ്ടു ഘട്ടങ്ങളുണ്ട്. പ്രാഥമിക മുദ്രയിടലും അന്തിമ മുദ്രയിടലും. അവ (1) ഉദ്ദേശ്യത്തിലും (2) സമയത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അഭിഷിക്ത ക്രിസ്‌ത്യാനികളുടെ നിരയിലേക്കു പുതിയ ഒരംഗത്തെ ചേർക്കാനുള്ളതാണ് പ്രാഥമിക മുദ്രയിടൽ. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുകയും മുദ്രയിടപ്പെടുകയും ചെയ്‌ത വ്യക്തി തന്റെ വിശ്വസ്‌തത പൂർണമായ അളവിൽ പ്രകടമാക്കിയിരിക്കുന്നു എന്നതിന്റെ സ്ഥിരീകരണമാണ് അന്തിമ മുദ്രയിടൽ. അന്തിമ മുദ്രയിടലിന്റെ സമയത്താണ് അഭിഷിക്തർക്ക് “നെറ്റിയിൽ” സ്ഥിരമായ ഒരു മുദ്ര ലഭിക്കുന്നത്. അവർ പരിശോധിക്കപ്പെട്ട് വിശ്വസ്‌തത തെളിയിച്ചവരായ ദൈവദാസരാണെന്ന് അഖണ്ഡനീയമായി തിരിച്ചറിയിക്കുന്നതാണ് അത്. മുദ്രയിടലിന്റെ ഈ അന്തിമ ഘട്ടമാണ് വെളിപ്പാടു 7-ാം അധ്യായത്തിൽ പരാമർശിച്ചിരിക്കുന്നത്.—വെളിപ്പാടു 7:3.
പ്രാഥമിക മുദ്രയിടലിന്റെ സമയത്തെക്കുറിച്ച് അപ്പൊസ്‌തലനായ പൗലൊസ് അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക് ഇപ്രകാരം എഴുതി: “രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്‌തിട്ടു, . . . വാഗ്‌ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു [“മുദ്രയിടപ്പെട്ടിരിക്കുന്നു,” NW].” (എഫെസ്യർ 1:13, 14) ഒന്നാം നൂറ്റാണ്ടിലെ പല ക്രിസ്‌ത്യാനികളുടെയും കാര്യത്തിൽ, സുവാർത്ത കേൾക്കുകയും ക്രിസ്‌തുവിശ്വാസികൾ ആയിത്തീരുകയും ചെയ്‌ത് ഏറെ താമസിയാതെതന്നെ അവർ മുദ്രയിടപ്പെട്ടു എന്ന് ബൈബിൾ വ്യക്തമായി പ്രകടമാക്കുന്നു. (പ്രവൃത്തികൾ 8:15-17; 10:44) ആ മുദ്രയിടൽ അവർക്കുള്ള ദൈവാംഗീകാരത്തിന്റെ തെളിവായിരുന്നു. എന്നിരുന്നാലും അവർക്കു ദൈവത്തിന്റെ അന്തിമ അംഗീകാരം ലഭിച്ചു എന്ന് അത് അർഥമാക്കിയില്ല. എന്തുകൊണ്ട്?
അഭിഷിക്ത ക്രിസ്‌ത്യാനികളെ “വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കു”ന്നുവെന്ന് പൗലൊസ് പ്രസ്‌താവിച്ചു. (എഫെസ്യർ 4:30) പ്രാഥമിക മുദ്രയിടലിനെ തുടർന്ന് ഒരു കാലഘട്ടം, സാധാരണഗതിയിൽ പല വർഷങ്ങൾ, കഴിഞ്ഞാണ് അന്തിമ മുദ്രയിടൽ നടക്കുന്നതെന്ന് അതു സൂചിപ്പിക്കുന്നു. പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെടുന്ന നാൾ മുതൽ ജഡികശരീരത്തിൽനിന്നുള്ള ‘വീണ്ടെടുപ്പുനാൾ’വരെ, അതായത് മരണംവരെ അഭിഷിക്തർ വിശ്വസ്‌തരായി തുടരേണ്ടതുണ്ട്. (റോമർ 8:23; ഫിലിപ്പിയർ 1:23; 2 പത്രൊസ് 1:10) അതുകൊണ്ട് പൗലൊസിന് തന്റെ ജീവിതത്തിന്റെ പരമാന്ത്യത്തിൽ മാത്രമാണ് ഇപ്രകാരം പറയാനായത്: “ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു.” (2 തിമൊഥെയൊസ് 4:6-8) കൂടാതെ, അഭിഷിക്ത ക്രിസ്‌ത്യാനികളുടെ ഒരു സഭയോട് യേശു പിൻവരുംവിധം പറഞ്ഞു: “മരണപര്യന്തം വിശ്വസ്‌തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും.”—വെളിപ്പാടു 2:10; 17:14.
പ്രാഥമിക മുദ്രയിടലിനും അന്തിമ മുദ്രയിടലിനും ഇടയ്‌ക്ക് ഒരു കാലഘട്ടം ഉണ്ട് എന്നതിന് കൂടുതലായ തെളിവു നൽകുന്നതാണ് “കിരീടം” എന്ന പ്രയോഗം. അതെങ്ങനെ? പുരാതന നാളുകളിൽ വിജയംവരിക്കുന്ന ഓട്ടക്കാരന് ഒരു കിരീടം നൽകുന്ന രീതിയുണ്ടായിരുന്നു. ആ കിരീടം ലഭിക്കുന്നതിന് അയാൾ ഓട്ടം തുടങ്ങിയാൽ പോരായിരുന്നു, മുഴുദൂരവും ഓടി അതു പൂർത്തിയാക്കേണ്ടിയിരുന്നു. സമാനമായി, അഭിഷിക്ത ക്രിസ്‌ത്യാനികളും തങ്ങളുടെ ഗതി പൂർത്തിയാക്കുന്നതുവരെ—പ്രാഥമിക മുദ്രയിടൽമുതൽ അന്തിമ മുദ്രയിടൽവരെ—സഹിച്ചുനിന്നെങ്കിൽ മാത്രമേ സ്വർഗത്തിലെ അമർത്യജീവനാകുന്ന കിരീടം അവർക്കു ലഭിക്കുകയുള്ളൂ.—മത്തായി 10:22; യാക്കോബ് 1:12.
പ്രാഥമിക മുദ്രയിടൽ ലഭിച്ച അഭിഷിക്ത ക്രിസ്‌ത്യാനികളുടെ ശേഷിപ്പിന്റെ അന്തിമ മുദ്രയിടൽ എപ്പോഴായിരിക്കും? മഹോപദ്രവം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പായി ഭൂമിയിൽ അപ്പോഴും ശേഷിച്ചിരിക്കുന്നവരുടെ “നെറ്റിയിൽ” മുദ്രയിടപ്പെടും. ഉപദ്രവത്തിന്റെ നാലു കാറ്റുകൾ അഴിച്ചുവിടപ്പെടുമ്പോൾ ആത്മീയ ഇസ്രായേലിലെ എല്ലാവരും അന്തിമ മുദ്ര ഏറ്റവരായിരിക്കും, അവരിൽ ചിലർ അപ്പോഴും തങ്ങളുടെ ഭൗമിക ജീവിതഗതി പൂർത്തിയാക്കാതെ ഇവിടെത്തന്നെ ഉണ്ടായിരിക്കുമെങ്കിൽപ്പോലും.