ശരിയായ തീരുമാനങ്ങൾ ആജീവനാന്ത അനുഗ്രഹങ്ങളിലേക്കു നയിച്ചു
ജീവിത കഥ
ശരിയായ തീരുമാനങ്ങൾ ആജീവനാന്ത അനുഗ്രഹങ്ങളിലേക്കു നയിച്ചു
പോൾ കുശ്‌നിർ പറഞ്ഞപ്രകാരം
എന്റെ വല്യപ്പച്ചനും വല്യമ്മച്ചിയും യൂക്രെയിനിൽനിന്ന് കാനഡയിലേക്കു കുടിയേറി. 1897-ലായിരുന്നു അത്. സസ്‌കാചെവാനിലുള്ള യോർക്‌ടെൻ പട്ടണത്തിനടുത്താണ് അവർ താമസമാക്കിയത്. അവരോടൊപ്പം നാലു മക്കളും ഉണ്ടായിരുന്നു, മൂന്ന് ആണും ഒരു പെണ്ണും. മരിങ്ക എന്നായിരുന്നു മകളുടെ പേര്. 1923-ൽ മരിങ്കയുടെ ഏഴാമത്തെ കുട്ടിയായി ഞാൻ ജനിച്ചു. അന്നൊക്കെ ജീവിതം വളരെ ലളിതവും പൊതുവേ സമാധാനപൂർണവുമായിരുന്നു. ഞങ്ങൾക്ക് വേണ്ടത്ര ആഹാരവും കമ്പിളിവസ്‌ത്രങ്ങളും ഉണ്ടായിരുന്നു. മറ്റ് അവശ്യസേവനങ്ങൾ സർക്കാരും ചെയ്‌തുതന്നിരുന്നു. അതിനുപുറമേ, കഠിനാധ്വാനം ഉൾപ്പെട്ട ജോലികൾ ചെയ്‌തുതീർക്കേണ്ട സമയങ്ങളിൽ സഹായിക്കാൻ സന്നദ്ധരായി സൗഹാർദമനസ്‌കരായ അയൽക്കാർ ഉണ്ടായിരുന്നു. 1925-ലെ ശൈത്യകാലത്ത് ഒരു ബൈബിൾ വിദ്യാർഥി, യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്, ഞങ്ങളെ സന്ദർശിച്ചു. അതാണ് സുപ്രധാനമായ ചില തിരഞ്ഞെടുപ്പുകൾ നടത്താൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ഞാൻ ഇപ്പോഴും നന്ദിപൂർവം അതേക്കുറിച്ചു സ്‌മരിക്കാറുണ്ട്.
ബൈബിൾസത്യം ഞങ്ങളുടെ ഭവനത്തിലേക്ക്
ആ ബൈബിൾ വിദ്യാർഥിയിൽനിന്ന് ചില ചെറുപുസ്‌തകങ്ങൾ സ്വീകരിച്ച അമ്മയ്‌ക്ക് അതിലെ സത്യത്തിന്റെ ധ്വനി പെട്ടെന്നുതന്നെ തിരിച്ചറിയാനായി. ത്വരിതഗതിയിൽ ആത്മീയപുരോഗതി വരുത്തിയ അമ്മ 1926-ൽ സ്‌നാപനമേറ്റു. അമ്മ ബൈബിൾ വിദ്യാർഥിനി ആയിത്തീർന്നതോടെ ഞങ്ങളുടെ കുടുംബത്തിന് ജീവിതത്തെക്കുറിച്ച് തികച്ചും പുതിയ ഒരു കാഴ്‌ചപ്പാട് ഉണ്ടായി. ഞങ്ങളുടെ ഭവനം അതിഥികൾക്കായി എപ്പോഴും മലർക്കെ തുറന്നിട്ടിരുന്നു. പിൽഗ്രിംസ് എന്ന് അറിയപ്പെട്ടിരുന്ന സഞ്ചാരമേൽവിചാരകന്മാരും മറ്റു ബൈബിൾ വിദ്യാർഥികളും മിക്കപ്പോഴും ഞങ്ങളോടൊപ്പം താമസിക്കുമായിരുന്നു. 1928-ൽ ഒരു സഞ്ചാരമേൽവിചാരകൻ ഞങ്ങളെ “യൂറീക്കാ നാടകം” കാണിച്ചു, “സൃഷ്ടിപ്പിൻ ഫോട്ടോ നാടക”ത്തിന്റെ ഒരു ലളിതരൂപമായിരുന്നു അത്. കുട്ടികളായ ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഒരു കളിപ്പാട്ടം അദ്ദേഹം വാങ്ങിച്ചു, ‘ക്ലിക്’ ശബ്ദം ഉണ്ടാക്കുന്ന ഒരു തവള. ആ ‘ക്ലിക്’ ശബ്ദം കേൾക്കുമ്പോൾ സ്ലൈഡ് മാറ്റണമായിരുന്നു. ഡ്രാമ കാണിക്കാൻ ഞങ്ങളുടെ കളിപ്പാട്ടം ഉപയോഗിക്കുന്നതിൽ ഞങ്ങൾക്ക് എത്ര അഭിമാനം തോന്നിയെന്നോ!
ഈമിൽ സാരിസ്‌കീ എന്നൊരു സഞ്ചാരമേൽവിചാരകൻ തന്റെ ട്രെയിലറിൽ കൂടെക്കൂടെ ഞങ്ങളെ സന്ദർശിക്കാറുണ്ടായിരുന്നു. ചിലപ്പോൾ അദ്ദേഹത്തിന്റെ മുതിർന്ന മകനും കൂടെക്കാണും. ആ മകൻ മുഴുസമയ ശുശ്രൂഷകർ അഥവാ പയനിയർമാർ ആകുന്നതിനെക്കുറിച്ചു ചിന്തിക്കാൻ കുട്ടികളായ ഞങ്ങളെ പ്രോത്സാഹിപ്പിക്കുമായിരുന്നു. 1 പത്രൊസ് 4:8, 9.
അനേകം പയനിയർമാരും ഞങ്ങളുടെ വീട്ടിൽ താമസിച്ചിട്ടുണ്ട്. ഒരിക്കൽ അമ്മ ഒരു പയനിയറുടെ ഷർട്ടിൽ എന്തോ തുന്നൽപ്പണി ചെയ്യുന്നതിനിടയിൽ മാറിയിടാൻ മറ്റൊന്നു നൽകി. പോകുമ്പോൾ ഓർക്കാതെ അദ്ദേഹം അതും കൂടെ കൊണ്ടുപോയി. കുറെനാൾ കഴിഞ്ഞ് അദ്ദേഹം അത് മടക്കി അയച്ചു, താമസിച്ചതിനുള്ള ക്ഷമാപണത്തോടെ. “അയയ്‌ക്കകൂലിയായ പത്തു സെന്റ് [ഏകദേശം അഞ്ച് രൂപ] എന്റെ കൈവശം ഇല്ലായിരുന്നു,” താമസിച്ചതിനുള്ള കാരണമായി അദ്ദേഹം എഴുതി. അദ്ദേഹം അത് മടക്കി അയയ്‌ക്കാതിരുന്നിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആശിച്ചു! ഇത്തരം ആത്മത്യാഗ മനോഭാവം പ്രകടമാക്കുന്ന പയനിയർമാരെപ്പോലെ ഒരിക്കൽ ആയിത്തീരണമെന്ന് ഞാനും ആഗ്രഹിച്ചു. അമ്മയുടെ ആതിഥ്യത്തെപ്രതി ഞാൻ അത്യന്തം നന്ദിയുള്ളവനാണ്. അതു ഞങ്ങളുടെ ജീവിതത്തെ ധന്യമാക്കിയെന്നു മാത്രമല്ല, സഹോദരവർഗത്തോടുള്ള സ്‌നേഹം വർധിപ്പിക്കുകയും ചെയ്‌തു.—ഡാഡി ഒരു ബൈബിൾ വിദ്യാർഥി ആയിത്തീർന്നില്ലെങ്കിലും ഞങ്ങളോട് എതിർപ്പൊന്നുമില്ലായിരുന്നു. 1930-ൽ ഒരു ഏകദിന സമ്മേളനത്തിനായി തന്റെ വലിയ ഒരു ഷെഡ്ഡ് ഉപയോഗിക്കുന്നതിന് അദ്ദേഹം സഹോദരന്മാരെ അനുവദിക്കുകപോലും ചെയ്‌തു. എനിക്കന്ന് വെറും ഏഴു വയസ്സ്. എന്നിരുന്നാലും ആ സന്ദർഭത്തിന്റെ സന്തോഷവും മാന്യതയും എന്നിൽ ആഴമായ ഫലം ഉളവാക്കി. 1933-ൽ ഡാഡി മരിച്ചു. വിധവയായ അമ്മയ്‌ക്ക് എട്ടു കുട്ടികളെ പരിപാലിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം ഉണ്ടായിരുന്നു. എങ്കിലും സത്യമാർഗത്തിൽ ഞങ്ങളെ വളർത്തിക്കൊണ്ടു വരുക എന്ന ഉറച്ച തീരുമാനത്തിൽനിന്ന് അമ്മ ‘കടുകിട’ വ്യതിചലിച്ചില്ല. ഞാൻ എല്ലാ യോഗങ്ങൾക്കും ഹാജരാകണമെന്ന കാര്യത്തിൽ അമ്മയ്‌ക്കു നിർബന്ധമുണ്ടായിരുന്നു. പല കുട്ടികളും യോഗസമയത്ത് പുറത്തു കളിച്ചു നടക്കുമായിരുന്നു, അവരോടൊപ്പം ആയിരിക്കാൻ ഞാനും ആഗ്രഹിച്ചു. അതുകൊണ്ട് യോഗങ്ങൾ ഒരിക്കലും അവസാനിക്കാത്തതുപോലെ ചിലപ്പോൾ എനിക്കു തോന്നി. എന്നിരുന്നാലും അമ്മയോടുള്ള ആദരവു നിമിത്തം ഞാൻ അവിടെത്തന്നെ ഇരിക്കുമായിരുന്നു. ആഹാരം ഉണ്ടാക്കുന്നതിനിടയിൽ ഒരു തിരുവെഴുത്ത് ഉദ്ധരിച്ചിട്ട് അത് ബൈബിളിൽ എവിടെയാണെന്ന് ചോദിക്കുന്ന പതിവുണ്ടായിരുന്നു അമ്മയ്‌ക്ക്. 1933-ൽ നല്ല വിളവെടുപ്പായിരുന്നു, അങ്ങനെ കൂടുതലായി കിട്ടിയ പണംകൊണ്ട് അമ്മ ഒരു കാർ വാങ്ങി. പണം ദുർവിനിയോഗം ചെയ്യുകയാണെന്ന് അയൽക്കാരിൽ പലരും അമ്മയെ കുറ്റപ്പെടുത്തി, എന്നാൽ ദിവ്യാധിപത്യ പ്രവർത്തനങ്ങളിൽ ആ കാർ വലിയൊരു സഹായമായിരിക്കുമെന്ന് അമ്മയ്‌ക്കു തോന്നി. അത് ശരിയുമായിരുന്നു.
ശരിയായ തീരുമാനമെടുക്കാൻ മറ്റുള്ളവരിൽനിന്ന് സഹായം
ഓരോ യുവവ്യക്തിയെയും സംബന്ധിച്ച്, തന്റെ ഭാവിയെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കേണ്ട ഒരു സമയമുണ്ട്. എന്റെ ചേച്ചിമാരായ ഹെലെന്റെയും കേയുടെയും കാര്യത്തിൽ ആ സമയം വന്നപ്പോൾ അവർ പയനിയർ സേവനം ആരംഭിച്ചു. ഞങ്ങളുടെ വീട്ടിൽ ആതിഥ്യം ആസ്വദിച്ചിരുന്ന നല്ലൊരു യുവ പയനിയറായിരുന്നു ജോൺ ജസൂസ്‌കി. ഫാമിലെ ജോലികളിൽ അൽപ്പം സഹായിക്കുന്നതിന് കുറച്ചുകാലം ഞങ്ങളോടൊപ്പം കഴിയാൻ അമ്മ ജോണിനോട് ആവശ്യപ്പെട്ടു. പിന്നീട് ജോൺ കേയെ കല്യാണം കഴിച്ചു, ഞങ്ങളുടെ വീട്ടിൽനിന്ന് അത്ര ദൂരെയല്ലാതെ ഇരുവരും പയനിയറിങ് ചെയ്‌തു. എനിക്ക് 12 വയസ്സുള്ളപ്പോൾ സ്‌കൂൾ അവധിക്കാലത്ത് തങ്ങളോടൊപ്പം വയൽസേവനത്തിനു വരാൻ അവർ എന്നെ ക്ഷണിച്ചു. അത് പയനിയറിങ്ങിന്റെ രുചി അറിയാൻ എനിക്ക് അവസരമേകി.
ക്രമേണ എന്റെ ചേട്ടനായ ജോണിനും എനിക്കും പരസഹായം കൂടാതെ ഫാമിലെ കാര്യങ്ങൾ നോക്കിനടത്താമെന്നായി. അങ്ങനെ അമ്മയ്‌ക്ക് വേനൽക്കാല മാസങ്ങളിൽ, ഇന്നത്തെ സഹായപയനിയറിങ്ങിനു സമാനമായ ഒരു സേവനപദവി ആസ്വദിക്കാൻ കഴിഞ്ഞു. ഒരു വയസ്സൻ കുതിര വലിക്കുന്ന ഇരുചക്ര വണ്ടിയാണ് അമ്മ ഉപയോഗിച്ചിരുന്നത്. അത്ര മെരുക്കമില്ലാത്ത ആ കുതിരയ്‌ക്ക് സോൾ എന്നാണ് ഡാഡി പേരിട്ടിരുന്നത്. എന്നാൽ അമ്മയ്‌ക്ക് അവൻ അനുസരണമുള്ള കൊണ്ടുനടക്കാനാകുന്ന ഒരു ഓമനമൃഗമായിരുന്നു. ജോണിനും എനിക്കും ഞങ്ങളുടെ ഫാം വലിയ ഇഷ്ടമായിരുന്നു, പക്ഷേ ഓരോ തവണയും അമ്മ വയൽസേവനം കഴിഞ്ഞുവന്ന് ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കാൻ തുടങ്ങിയതോടെ ഫാമിനോടുള്ള ഞങ്ങളുടെ ഇഷ്ടം കുറഞ്ഞുകുറഞ്ഞ് അതു മെല്ലെ പയനിയർ ശുശ്രൂഷയിലേക്കു തിരിയാൻ തുടങ്ങി. 1938-ൽ ഞാൻ എന്റെ ക്രിസ്‌തീയ പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടി, 1940 ഫെബ്രുവരി 9-ന് സ്‌നാപനമേൽക്കുകയും ചെയ്‌തു.
കുറെനാൾ കഴിഞ്ഞ് എന്നെ സഭയിൽ സേവകനായി നിയമിച്ചു. സഭാരേഖകൾ സൂക്ഷിക്കുന്ന ചുമതല എനിക്കായിരുന്നു, ഓരോ തവണ വർധന ഉണ്ടായപ്പോഴും അതെന്നെ അത്യന്തം പുളകിതനാക്കി. വീട്ടിൽനിന്ന് ഏകദേശം 16 കിലോമീറ്റർ അകലെയുള്ള ഒരു പട്ടണത്തിലായിരുന്നു എന്റെ വ്യക്തിപരമായ പ്രവർത്തന പ്രദേശം. ശൈത്യകാലത്ത് ഞാൻ ആഴ്‌ചതോറും അവിടെ പോകുകയും ഒന്നോ രണ്ടോ ദിവസം അവിടെയുള്ള ഒരു താത്‌പര്യക്കാരന്റെ വീടിന്റെ മുകളിലത്തെ നിലയിലുള്ള ഇടുങ്ങിയ മുറിയിൽ താമസിക്കുകയും ചെയ്യുമായിരുന്നു. ലൂഥറൻ സഭയിലെ ഒരു
പാതിരിയുമായി ഒരിക്കൽ നടന്ന ചർച്ചയെ തുടർന്ന്, അയാളുടെ ആടുകളെ വെറുതെ വിടാത്തപക്ഷം പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഞാൻ അത്ര നയപരമായിട്ടല്ല കാര്യങ്ങൾ അവതരിപ്പിച്ചത് എന്നതും ഒരു വസ്‌തുതയാണ്. ഏതായാലും ആ സംഭവം ഉത്സാഹത്തോടെ പ്രവർത്തിക്കാനുള്ള എന്റെ തീരുമാനത്തെ ഒന്നുകൂടി ഊട്ടിയുറപ്പിച്ചതേയുള്ളൂ.1942-ൽ എന്റെ ചേച്ചി കേയും ഭർത്താവ് ജോണും ഐക്യനാടുകളിലുള്ള ഒഹായോവിലെ ക്ലീവ്‌ലൻഡിൽ ഒരു കൺവെൻഷനു പോകാൻ തീരുമാനിച്ചു. അവരോടൊപ്പം പോകാൻ ക്ഷണം ലഭിച്ചപ്പോൾ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു കൺവെൻഷനായിരുന്നു അത്. എന്റെ ഭാവി പരിപാടികളെക്കുറിച്ച് കുറച്ചുകൂടി വ്യക്തമായ ഒരു കാഴ്‌ചപ്പാട് ഉണ്ടാകാൻ അതു സഹായിച്ചു. അക്കാലത്ത് ലോകവ്യാപക വേലയ്‌ക്കു നേതൃത്വം വഹിച്ചിരുന്ന നേഥൻ നോർ സഹോദരൻ 10,000 പയനിയർമാരെ ആവശ്യമുണ്ട് എന്ന പ്രചോദനാത്മകമായ ഒരു അറിയിപ്പു നടത്തി, ഞാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല, അവരിൽ ഒരാളായിരിക്കാൻ തീരുമാനിച്ചു!
1943 ജനുവരിയിൽ ഒരു സഞ്ചാര ശുശ്രൂഷകനായ ഹെൻറി ഞങ്ങളുടെ സഭ സന്ദർശിച്ചു. അത്യന്തം ഉത്സാഹംപകരുന്ന ഒരു ഉഗ്രൻ പ്രസംഗമാണ് അദ്ദേഹം നടത്തിയത്. അതിന്റെ പിറ്റേന്ന് താപനില പൂജ്യത്തിനും 40 ഡിഗ്രി സെൽഷ്യസ് താഴെയായിരുന്നു, ശക്തമായ ഉത്തരപശ്ചിമ കാറ്റുമൂലം തണുപ്പ് കൂടുതൽ രൂക്ഷമായി. അങ്ങനെയൊരു കാലാവസ്ഥയിൽ വീട്ടിൽത്തന്നെ കഴിയുകയായിരുന്നു ഞങ്ങളുടെ പതിവ്. പക്ഷേ സേവനത്തിനു പോകാൻ ഹെൻറി വലിയ ഉത്സാഹം കാട്ടി. മഞ്ഞിനു മുകളിലൂടെ തെന്നിനീങ്ങുന്ന, മേൽക്കൂരയും വിറക് അടുപ്പും ഒക്കെയുള്ള ഒരു കുതിരവണ്ടിയിൽ അദ്ദേഹവും മറ്റുള്ളവരും 11 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിലേക്കു പോയി. ഞാൻ തനിയെ അഞ്ച് ആൺകുട്ടികളുള്ള ഒരു കുടുംബത്തെ സന്ദർശിച്ചു. അവർ ബൈബിളധ്യയനത്തിനു സമ്മതിച്ചു, സത്യം സ്വീകരിക്കുകയും ചെയ്‌തു.
നിരോധനത്തിൻ കീഴിലെ പ്രസംഗവേല
രണ്ടാം ലോകമഹായുദ്ധ കാലത്ത് കാനഡയിൽ രാജ്യവേല നിരോധിച്ചിരുന്നു. ബൈബിൾ സാഹിത്യങ്ങൾ ഞങ്ങൾ ഒളിച്ചു സൂക്ഷിക്കണമായിരുന്നു, അതിനു പറ്റിയ ഒരു സ്ഥലമായിരുന്നു ഞങ്ങളുടെ ഫാം. കൂടെക്കൂടെ പോലീസ് അവിടെ വന്നിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ്രസംഗവേലയിൽ ഞങ്ങൾ ബൈബിൾ മാത്രമേ ഉപയോഗിച്ചുള്ളൂ. ചെറിയ കൂട്ടങ്ങളായി ഞങ്ങൾ കൂടിവന്നിരുന്നു, എന്റെ ചേട്ടൻ ജോണിനെയും എന്നെയുമാണ് കത്തുകളും പാഴ്‌സലുകളും രഹസ്യമായി കൈമാറുന്ന വേലയ്‌ക്കായി തിരഞ്ഞെടുത്തത്.
യുദ്ധകാലത്ത് നാസിഭരണത്തിന്റെ അവസാനം (ഇംഗ്ലീഷ്) എന്നൊരു ചെറുപുസ്‌തകത്തിന്റെ രാജ്യമെമ്പാടുമുള്ള വിതരണത്തിൽ ഞങ്ങളുടെ സഭയും പങ്കെടുത്തു. അർധരാത്രിയിലാണ് ഞങ്ങൾ അതു നിർവഹിച്ചത്, എനിക്ക് ആകെപ്പാടെ ഭയം തോന്നി. ഞങ്ങൾ പമ്മിപമ്മി ഓരോ വീട്ടുവാതിൽക്കലും ചെന്ന് ചെറുപുസ്‌തകം അവിടെ വെച്ചിട്ടു പോന്നു. ജീവിതത്തിൽ ഞാൻ ചെയ്‌തിട്ടുള്ളതിലേക്കും ഏറ്റവും ഭയാനകമായ സംഗതിയായിരുന്നു അത്. ചെറുപുസ്‌തകത്തിന്റെ അവസാനത്തെ പ്രതിയും വീട്ടുവാതിൽക്കൽ വെച്ചു കഴിഞ്ഞപ്പോൾ എന്തൊരു ആശ്വാസം തോന്നിയെന്നോ! ഒട്ടും സമയംകളയാതെ ഞങ്ങൾ കാറിനടുത്ത് എത്തി, എല്ലാവരും എത്തിയെന്ന് ഉറപ്പുവരുത്തിയിട്ട് ഇരുളിന്റെ മറവിൽ രക്ഷപ്പെട്ടു.
പയനിയറിങ്, ജയിലുകൾ, സമ്മേളനങ്ങൾ
1943 മേയ് 1-ന് ഞാൻ അമ്മയോടു യാത്ര പറഞ്ഞ് ഇറങ്ങി. എന്റെ പക്കൽ ആകെ ഉണ്ടായിരുന്നത് 20 ഡോളറും [ഏകദേശം 800 രൂപ] ചെറിയ ഒരു സ്യൂട്ട്‌കേസും. അങ്ങനെ ഞാൻ എന്റെ ആദ്യ പയനിയർ നിയമന സ്ഥലത്തേക്ക് യാത്രയായി. സസ്‌കാചെവാനിലുള്ള ക്വിൽ ലേക് പട്ടണത്തിൽ താമസിച്ചിരുന്ന ടോം ട്രൂപ് സഹോദരനും കുടുംബവും എന്നെ സന്തോഷപൂർവം സ്വീകരിച്ചു. പിറ്റേ വർഷം ഞാൻ സസ്‌കാചെവാനിൽത്തന്നെയുള്ള വേബൺ എന്ന ഒറ്റപ്പെട്ട പ്രദേശത്തു പ്രവർത്തിക്കാൻ തുടങ്ങി. 1944 ഡിസംബർ 24-ന് അവിടെ തെരുവു സാക്ഷീകരണം ചെയ്യുമ്പോൾ ഞാൻ അറസ്റ്റിലായി. അവിടത്തെ ജയിലിൽ കുറച്ചുകാലം കഴിഞ്ഞശേഷം എന്നെ ആൽബെർട്ടയിലുള്ള ജാസ്‌പർ തൊഴിൽപ്പാളയത്തിലേക്കു കൊണ്ടുപോയി. അവിടെ വേറെയും സാക്ഷികളുണ്ടായിരുന്നു, കൂടാതെ യഹോവയുടെ മഹത്ത്വത്തെ വിളിച്ചോതുന്ന കനേഡിയൻ പർവതനിരകളും. 1945-ന്റെ പ്രാരംഭ ഭാഗത്ത് ആൽബെർട്ടയിലെ എഡ്‌മണ്ടണിലുള്ള ഒരു യോഗത്തിനു പോകാൻ അധികാരികൾ ഞങ്ങളെ അനുവദിച്ചു. ലോകവ്യാപക വേലയുടെ പുരോഗതിയെക്കുറിച്ചുള്ള ആവേശജനകമായ ഒരു റിപ്പോർട്ട് നോർ സഹോദരൻ അവതരിപ്പിച്ചു. ഞങ്ങളുടെമേലുള്ള നിയന്ത്രണമൊക്കെ നീങ്ങി വീണ്ടും ശുശ്രൂഷയിൽ പൂർണമായ ഒരു പങ്ക് ഉണ്ടായിരിക്കാനാകുന്ന ആ നാളേക്കായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരുന്നു.
പുറത്തുവന്ന ഉടനെ ഞാൻ പയനിയറിങ് പുനരാരംഭിച്ചു. ഏതാണ്ട് ആ സമയത്താണ് കാലിഫോർണിയയിലെ ലോസാഞ്ചലസിൽവെച്ച് നടക്കാനിരിക്കുന്ന “സകല ജനതകളുടെയും വികസനം” എന്ന സമ്മേളനത്തെക്കുറിച്ചുള്ള അറിയിപ്പുണ്ടായത്. എന്റെ പുതിയ പയനിയർ നിയമന സ്ഥലത്തുള്ള ഒരു സഹോദരൻ തന്റെ ട്രക്കിൽ ബെഞ്ചുകൾ നിരത്തി 20 യാത്രക്കാരെ അതിൽ കൊള്ളിച്ചു. 1947 ആഗസ്റ്റ് 1-ന് ഞങ്ങൾ യാത്ര പുറപ്പെട്ടു. വിശാലമായ പുൽപ്പരപ്പുകളും മരുഭൂമികളും യെല്ലോസ്റ്റോൺ-യോസെമിറ്റ് നാഷണൽ പാർക്കുകൾ ഉൾപ്പെടെയുള്ള ഗംഭീര പ്രകൃതിദൃശ്യങ്ങൾ വിരുന്നേകുന്ന പ്രദേശങ്ങളും എല്ലാം താണ്ടിയുള്ള 7,200 കിലോമീറ്റർ ദീർഘിക്കുന്ന അവിസ്‌മരണീയമായ ഒരു യാത്ര. 27 ദിവസം വേണ്ടിവന്നു യാത്രയ്‌ക്കുതന്നെ—അതിമഹത്തായ ഒരു അനുഭവമായിരുന്നു അത്!
ഒരിക്കലും മറക്കാനാകാത്ത ഒന്നായിരുന്നു ആ സമ്മേളനം. യെശയ്യാവു 6:8.
അതിൽ പൂർണപങ്ക് ഉണ്ടായിരിക്കുന്നതിന് ഞാൻ പകൽ സമയത്ത് അറ്റൻഡന്റായും രാത്രിയിൽ വാച്ച്‌മാനായും സേവിച്ചു. മിഷനറി സേവനത്തിൽ താത്‌പര്യമുള്ളവർക്കായുള്ള യോഗത്തിൽ സംബന്ധിച്ചശേഷം ഞാനും ഒരു അപേക്ഷ അയച്ചു, അത്ര വലിയ പ്രതീക്ഷയോടെയൊന്നും അല്ലെങ്കിലും. അതിനിടെ 1948-ൽ കാനഡയുടെ ക്വിബെക് പ്രവിശ്യയിൽ പയനിയറായി സേവിക്കുന്നതിനുള്ള ക്ഷണം ഞാൻ സ്വീകരിച്ചു.—ഗിലെയാദ് പരിശീലനവും അതേത്തുടർന്നും
സന്തോഷകരമെന്നുപറയട്ടെ, 1949-ൽ വാച്ച്‌ടവർ ഗിലെയാദ് ബൈബിൾ സ്‌കൂളിന്റെ 14-ാം ക്ലാസ്സിൽ സംബന്ധിക്കുന്നതിനുള്ള ക്ഷണം എനിക്കു ലഭിച്ചു. ആ പരിശീലനം എന്റെ വിശ്വാസത്തെ ബലിഷ്‌ഠമാക്കുകയും യഹോവയുമായി കൂടുതൽ അടുത്ത ബന്ധത്തിലേക്കു വരാൻ എന്നെ സഹായിക്കുകയും ചെയ്‌തു. ജോണും കേയും 11-ാം ക്ലാസ്സിൽനിന്ന് ബിരുദം നേടിയിട്ട് ഉത്തര റോഡേഷ്യയിൽ (ഇപ്പോഴത്തെ സാംബിയ) മിഷനറിമാരായി സേവിക്കുകയായിരുന്നു. എന്റെ ചേട്ടൻ ജോൺ 1956-ൽ ഗിലെയാദ് ബിരുദം നേടി. അദ്ദേഹം ഭാര്യ ഫ്രീഡയോടൊപ്പം മരണംവരെ 32 വർഷക്കാലം ബ്രസീലിൽ സേവിച്ചു.
1950 ഫെബ്രുവരിയിൽ ഞങ്ങളുടെ ബിരുദദാന ചടങ്ങിന്റെ അന്ന് എനിക്ക് രണ്ടു ടെലിഗ്രാമുകൾ ലഭിച്ചു, ഒന്ന് എന്റെ അമ്മയിൽനിന്നും മറ്റേത് ക്വിൽ ലേക്കിലെ ട്രൂപ് കുടുംബത്തിൽനിന്നും. എത്ര പ്രോത്സാഹജനകമായിരുന്നുവെന്നോ അവ! “ബിരുദധാരിക്കുള്ള ഉപദേശം” എന്ന ശീർഷകത്തോടു കൂടെ ട്രൂപ് കുടുംബം അയച്ച ടെലിഗ്രാം കവിതാരൂപത്തിലുള്ളതായിരുന്നു: “മഹത്താം സുദിനമല്ലോ. അമൂല്യമാം ഒന്ന്; വിജയസന്തോഷങ്ങളോ എന്നേക്കും നേരുന്നു.”
ക്വിബെക് നഗരത്തിൽ സേവിക്കാൻ എനിക്കു നിയമനം ലഭിച്ചു. എന്നാൽ കുറച്ചുകാലം ഞാൻ ന്യൂയോർക്കിൽ ഗിലെയാദ് സ്‌കൂൾ നടന്നിരുന്ന കിങ്‌ഡം ഫാമിൽത്തന്നെ കഴിഞ്ഞു. ഒരു ദിവസം നോർ സഹോദരൻ ചോദിച്ചു, ബെൽജിയത്തിലേക്കു പോകാൻ തയ്യാറാണോ എന്ന്. എന്നാൽ ഏതാനും ദിവസം കഴിഞ്ഞപ്പോൾ നെതർലൻഡ്‌സിലേക്കു പോകാമോ എന്നു ചോദിച്ചു. നിയമനക്കത്ത് ലഭിച്ചപ്പോഴാണ് അറിയുന്നത്, അവിടെ “ബ്രാഞ്ച് സേവകനായിട്ടു പ്രവർത്തിക്കാൻ” ആണ് ആവശ്യപ്പെടുന്നതെന്ന്. എന്തു ചെയ്യുമെന്നറിയാതെ ഞാൻ ആകെപ്പാടെ പകച്ചുപോയി.
1950 ആഗസ്റ്റ് 24-ന് ഞാൻ നെതർലൻഡ്‌സിലേക്കുള്ള കപ്പൽ കയറി, 11 ദിവസം ദീർഘിക്കുന്ന യാത്ര. പുതുതായി പ്രകാശനം ചെയ്‌ത ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം മുഴുവൻ വായിച്ചു തീർക്കാനുള്ള സമയം കിട്ടി ആ യാത്രയിൽ. 1950 സെപ്‌റ്റംബർ 5-ന് ഞാൻ റോട്ടർഡാമിൽ എത്തി. എത്ര ഊഷ്‌മളമായ സ്വാഗതമാണ് ബെഥേൽ കുടുംബം എനിക്കു നൽകിയതെന്നോ! രണ്ടാം ലോകമഹായുദ്ധം വളരെയേറെ കെടുതികൾ വരുത്തിയെങ്കിലും സഹോദരങ്ങൾ ക്രിസ്‌തീയ പ്രവർത്തനങ്ങളിൽ വീണ്ടും ശുഷ്‌കാന്തിയോടെ ഏർപ്പെടാൻ തുടങ്ങിയിരുന്നു. കഠിന പീഡനങ്ങളിൻ മധ്യേ നിർമലത കാത്തതിനെക്കുറിച്ചുള്ള അവരുടെ വിവരണങ്ങൾ കേട്ടപ്പോൾ, യാതൊരു അനുഭവപരിചയവും ഇല്ലാത്ത ചെറുപ്പക്കാരനായ ഒരു ബ്രാഞ്ച് സേവകന്റെ കീഴിൽ സേവിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം എത്ര പ്രയാസകരമായിരിക്കുമെന്ന് ഞാൻ ചിന്തിച്ചു. എന്നിരുന്നാലും അത്തരം ആശങ്കകൾ അസ്ഥാനത്താണെന്ന് പെട്ടെന്നുതന്നെ വ്യക്തമായി.
ചില കാര്യങ്ങൾക്കു ശ്രദ്ധ നൽകേണ്ടത് ആവശ്യമാണെന്നത് വ്യക്തമായിരുന്നു. കൺവെൻഷനു തൊട്ടു മുമ്പാണ് ഞാൻ അവിടെ എത്തിച്ചേർന്നത്, കൺവെൻഷൻ നടക്കുന്ന സ്ഥലത്തുതന്നെ ആയിരക്കണക്കിന് ആളുകൾക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നതു കണ്ട് ഞാൻ അതിശയിച്ചുപോയി. എന്നാൽ അടുത്ത കൺവെൻഷന് സ്വകാര്യഭവനങ്ങളിൽ താമസം ക്രമീകരിച്ചാലോ എന്നു ഞാനൊരു നിർദേശംവെച്ചു. ആശയം കൊള്ളാം, പക്ഷേ തങ്ങളുടെ രാജ്യത്ത് നടക്കില്ല എന്നായിരുന്നു സഹോദരങ്ങളുടെ നിലപാട്. ന്യായാന്യായങ്ങളെക്കുറിച്ച് ദീർഘമായി സംസാരിച്ച് അവസാനം ഒരു ഒത്തുതീർപ്പിൽ എത്തി—പകുതിപ്പേർക്കുള്ള താമസം കൺവെൻഷൻ സ്ഥലത്തും ബാക്കിയുള്ളവർക്ക്
കൺവെൻഷൻ നഗരത്തിലുള്ള സാക്ഷികളല്ലാത്തവരുടെ വീടുകളിലും. നോർ സഹോദരൻ കൺവെൻഷനു വന്നപ്പോൾ അഭിമാനത്തോടെ ഞാൻ ഇക്കാര്യം അദ്ദേഹത്തോടു പറഞ്ഞു. എന്നാൽ ഞങ്ങളുടെ കൺവെൻഷനെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് വാച്ച്‌ടവറിൽ വായിച്ചപ്പോൾ എന്തോ വലിയ കാര്യം നേടി എന്ന എല്ലാ തോന്നലും പൊയ്‌പ്പോയി. അവിടെ ഇങ്ങനെ പറഞ്ഞിരുന്നു: “അടുത്ത പ്രാവശ്യം, സാക്ഷീകരിക്കാൻ ഏറ്റവും ഫലപ്രദമായ സ്ഥലത്ത്, അതായത് ആളുകളുടെ വീടുകളിൽ താമസസൗകര്യം ക്രമീകരിക്കാൻപോന്ന വിശ്വാസം സഹോദരങ്ങൾ പ്രകടമാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.” “അടുത്ത പ്രാവശ്യം” അതുതന്നെയാണ് ഞങ്ങൾ ചെയ്‌തതും!1961 ജൂലൈയിൽ ഞങ്ങളുടെ ബ്രാഞ്ചിൽനിന്നുള്ള രണ്ടു പ്രതിനിധികൾക്ക് മറ്റു ബ്രാഞ്ച് പ്രതിനിധികളോടൊപ്പം ലണ്ടനിൽ ഒരു യോഗത്തിൽ സംബന്ധിക്കുന്നതിനുള്ള ക്ഷണം ലഭിക്കുകയുണ്ടായി. ഡച്ച് ഉൾപ്പെടെ കൂടുതൽ ഭാഷകളിൽ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം ലഭ്യമാക്കുമെന്ന് നോർ സഹോദരൻ തദവസരത്തിൽ അറിയിച്ചു. എത്ര ആവേശജനകമായ വാർത്തയായിരുന്നു അത്! ബൃഹത്തായ ഒരു വേലയാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് ഞങ്ങൾക്ക് യാതൊരു ഊഹവും ഇല്ലായിരുന്നു. രണ്ടു വർഷം കഴിഞ്ഞ് 1963-ൽ ന്യൂയോർക്കിലെ ഒരു കൺവെൻഷനിൽ വെച്ചാണ് ഡച്ച് ഭാഷയിലുള്ള ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം പ്രകാശനം ചെയ്യുന്നത്, ആ കൺവെൻഷൻ പരിപാടിയിൽ പങ്കെടുക്കാനുള്ള പദവി എനിക്കുണ്ടായി.
തീരുമാനങ്ങളും പുതിയ നിയമനങ്ങളും
1961 ആഗസ്റ്റിൽ ഞാൻ ലീഡ വാംലിങ്കിനെ വിവാഹം ചെയ്‌തു. 1942-ൽ നാസി പീഡനകാലത്താണ് അവളുടെ വീട്ടുകാർ എല്ലാവരും സത്യം സ്വീകരിച്ചത്. 1950-ൽ പയനിയറിങ് തുടങ്ങിയ ലീഡ 1953-ൽ ബെഥേൽ സേവനം ആരംഭിച്ചു. ബെഥേലിലും സഭയിലുമുള്ള അവളുടെ പ്രവർത്തന വിധത്തിൽനിന്നും ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു, എന്റെ ശുശ്രൂഷയിൽ ലീഡ ഒരു വിശ്വസ്‌ത പങ്കാളിയായിരിക്കുമെന്ന്.
ഞങ്ങൾ വിവാഹിതരായി ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ പത്തു മാസത്തെ കൂടുതലായ പരിശീലനത്തിനായി എന്നെ ബ്രുക്ലിനിലേക്കു ക്ഷണിച്ചു. ഭാര്യമാർക്ക് കൂടെ പോകുന്നതിനുള്ള ക്രമീകരണം ഉണ്ടായിരുന്നില്ല. ലീഡയുടെ ആരോഗ്യസ്ഥിതി അൽപ്പം മോശമായിരുന്നെങ്കിൽപ്പോലും ഞാൻ ആ ക്ഷണം സ്വീകരിക്കാൻ അവൾ സ്‌നേഹപൂർവം സമ്മതിച്ചു. പിന്നീട് ലീഡയുടെ ആരോഗ്യപ്രശ്‌നങ്ങൾ കൂടുതൽ വഷളായി. ബെഥേൽ സേവനത്തിൽ തുടരാൻ ശ്രമിച്ചെങ്കിലും വയലിൽ മുഴുസമയ ശുശ്രൂഷയിൽ തുടരുന്നതായിരിക്കും ഏറെ പ്രായോഗികം എന്നു ഞങ്ങൾ പിന്നീട് തീരുമാനിച്ചു. അതുകൊണ്ട് സഞ്ചാരവേല ഏറ്റെടുത്തു. ഏറെ താമസിയാതെ ലീഡയ്‌ക്ക് വലിയ ഒരു ശസ്‌ത്രക്രിയയ്‌ക്കു വിധേയയാകേണ്ടി വന്നു. സ്‌നേഹനിധികളായ സുഹൃത്തുക്കളുടെ സഹായത്താൽ ആ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ ഞങ്ങൾക്കായി, എന്തിന് ഒരു വർഷത്തിനു ശേഷം ഡിസ്‌ട്രിക്‌റ്റ് വേലയ്‌ക്കുള്ള നിയമനം സ്വീകരിക്കുന്നതിനുപോലും സാധിച്ചു.
ഏഴു വർഷം ഞങ്ങൾ ഉന്മേഷദായകമായ സഞ്ചാരവേല ആസ്വദിച്ചു. പിന്നീട് ബെഥേലിൽ രാജ്യശുശ്രൂഷാസ്‌കൂളിൽ പഠിപ്പിക്കാനുള്ള ക്ഷണം ലഭിച്ചപ്പോൾ ഞങ്ങൾക്ക് വീണ്ടും ഗൗരവമുള്ള ഒരു തീരുമാനം എടുക്കേണ്ടിവന്നു. സഞ്ചാരവേല ഞങ്ങൾ അത്യധികം ആസ്വദിച്ചിരുന്നതിനാൽ, വളരെ വിഷമംപിടിച്ച ഒരു മാറ്റമായിരുന്നു ഇത്; എങ്കിലും ഞങ്ങൾ അതിനു സമ്മതിച്ചു. രണ്ടാഴ്‌ച വീതമുള്ള 47 ക്ലാസ്സുകൾ, സഭാ മൂപ്പന്മാരുമായി ആത്മീയാനുഗ്രഹങ്ങൾ പങ്കുവെക്കുന്നതിനുള്ള മഹത്തായ അവസരം പ്രദാനം ചെയ്‌തു.
ആ സമയത്ത്, 1978-ൽ അമ്മയെ ഒന്നു പോയി കാണണം എന്നു കരുതി ഞാൻ വേണ്ട ഒരുക്കങ്ങൾ ചെയ്യാൻ തുടങ്ങി. അങ്ങനെയിരിക്കെ പെട്ടെന്ന് 1977 ഏപ്രിൽ 29-ന് ഒരു ടെലിഗ്രാം കിട്ടി, അമ്മ മരിച്ചുപോയി എന്നു പറഞ്ഞ്. അമ്മയുടെ സ്‌നേഹംതുളുമ്പുന്ന ആ ശബ്ദം മേലാൽ കേൾക്കാനാവില്ലല്ലോ, അമ്മ എനിക്കുവേണ്ടി ചെയ്‌തതിനെല്ലാം ഒരിക്കൽക്കൂടി നന്ദി പ്രകാശിപ്പിക്കാനാവില്ലല്ലോ എന്നെല്ലാം ഓർത്ത് ഞാൻ അതീവ ദുഃഖിതനായി.
രാജ്യശുശ്രൂഷാസ്‌കൂൾ അവസാനിച്ചപ്പോൾ ഞങ്ങളോട് ബെഥേലിൽ സേവിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പത്തു വർഷക്കാലത്തോളം ഞാൻ ബ്രാഞ്ച് കോ-ഓർഡിനേറ്ററായി സേവിച്ചു. അതിനുശേഷം കുറച്ചുകൂടി മെച്ചമായി ആ ഉത്തരവാദിത്വം നിർവഹിക്കാൻ കഴിയുന്ന ഒരു പുതിയ കോ-ഓർഡിനേറ്ററെ ഭരണസംഘം നിയമിച്ചു. അക്കാര്യത്തിൽ എനിക്ക് അത്യന്തം നന്ദിയുണ്ട്.
പ്രായാധിക്യത്തിലും എന്നാലാവുന്നത് ചെയ്‌തുകൊണ്ട്
ലീഡയ്‌ക്കും എനിക്കും ഇപ്പോൾ വയസ്സ് 83 ആയി. ഞാൻ 60 വർഷത്തിലേറെയായി മുഴുസമയ സേവനത്തിലാണ്, അതിൽ കഴിഞ്ഞ 45 വർഷം എന്റെ വിശ്വസ്‌ത ഭാര്യയോടൊപ്പമാണു പ്രവർത്തിച്ചത്. ദിവ്യാധിപത്യനിയമനങ്ങളിൽ ഉടനീളം എനിക്കു നൽകിയ പിന്തുണയെ യഹോവയ്‌ക്കുള്ള സമർപ്പിത സേവനത്തിന്റെ ഭാഗമായാണ് ലീഡ വീക്ഷിച്ചിട്ടുള്ളത്. ഇപ്പോൾ, ബെഥേലിലും സഭയിലും ഞങ്ങളാൽ ആവുന്നത് ഞങ്ങൾ ചെയ്യുന്നു.—യെശയ്യാവു 46:4.
ജീവിതത്തിലെ ചില ധന്യനിമിഷങ്ങളെക്കുറിച്ച് ഞങ്ങൾ ഇടയ്‌ക്കിടെ അയവിറക്കാറുണ്ട്. യഹോവയുടെ സേവനത്തിനായി ഞങ്ങളെത്തന്നെ വിട്ടുകൊടുത്തതിൽ ഞങ്ങൾക്ക് യാതൊരു നഷ്ടബോധവും തോന്നിയിട്ടില്ല. ചെറുപ്പകാലത്ത് എടുത്ത തീരുമാനങ്ങൾ ഏറ്റവും ഉത്തമമായിരുന്നു എന്ന ബോധ്യം ഞങ്ങൾക്കുണ്ട്. ഞങ്ങളുടെ മുഴു ശക്തിയോടെ യഹോവയെ സേവിക്കുന്നതിലും മഹത്ത്വപ്പെടുത്തുന്നതിലും തുടരാൻ ഞങ്ങൾ ദൃഢചിത്തരാണ്.
[13-ാം പേജിലെ ചിത്രം]
എന്റെ ചേട്ടൻ ബില്ലിനോടും സോൾ എന്ന കുതിരയോടും ഒപ്പം
[15-ാം പേജിലെ ചിത്രം]
വിവാഹനാളിൽ, 1961 ആഗസ്റ്റ്
[15-ാം പേജിലെ ചിത്രം]
ലീഡയോടൊപ്പം ഇന്ന്