വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹിക്കുന്നതിൽ നിങ്ങൾക്കു വിശാലരാകാനാകുമോ?

സ്‌നേഹിക്കുന്നതിൽ നിങ്ങൾക്കു വിശാലരാകാനാകുമോ?

സ്‌നേഹിക്കുന്നതിൽ നിങ്ങൾക്കു വിശാലരാകാനാകുമോ?

നങ്കൂരമടിച്ചിരിക്കുന്ന ഒരു കപ്പൽ ഒഴുകിപ്പോകാതിരിക്കണമെങ്കിൽ നങ്കൂരം ഉറപ്പിച്ചിരിക്കുന്ന ചങ്ങല അതിശക്തമായ വലിവിനെ ചെറുക്കാൻ പോന്നതായിരിക്കണം. അതിലെ ഓരോ കണ്ണിയും ഉറപ്പും ബലവും ഉള്ളതാണെങ്കിൽ മാത്രമേ അതു സാധ്യമാകൂ. അല്ലാത്തപക്ഷം ചങ്ങല പൊട്ടിപ്പോകും.

ക്രിസ്‌തീയ സഭയെക്കുറിച്ചും ഏതാണ്ട്‌ അതുതന്നെ പറയാവുന്നതാണ്‌. ഒരു സഭ ഉറപ്പും ബലവും ഉള്ളതായിരിക്കണമെങ്കിൽ അതിലെ അംഗങ്ങൾക്കിടയിൽ നല്ല ഐക്യം ഉണ്ടായിരിക്കണം. അതിന്‌ അവരെ സഹായിക്കുന്നത്‌ എന്താണ്‌? സ്‌നേഹം. ഐക്യത്തിന്‌ ഇടയാക്കുന്ന ഏറ്റവും വലിയ ശക്തിയാണത്‌. യേശുക്രിസ്‌തു തന്റെ ശിഷ്യന്മാരോട്‌ പിൻവരുംവിധം പറഞ്ഞതിൽ ഒട്ടും അതിശയിക്കാനില്ല: “നിങ്ങൾ തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നു പുതിയോരു കല്‌പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നു തന്നേ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” സത്യക്രിസ്‌ത്യാനികൾക്കിടയിൽ ഉള്ള സ്‌നേഹം കേവലം സൗഹൃദത്തിലും പരസ്‌പരമുള്ള ആദരവിലും കവിഞ്ഞതാണ്‌. ആത്മത്യാഗപരമായ സ്‌നേഹമാണ്‌ അവർ വളർത്തിയെടുക്കുന്നത്‌.​—⁠യോഹന്നാൻ 13:34, 35.

സഹവിശ്വാസികൾക്കു മൂല്യംകൽപ്പിക്കുക

പല സഭകളിലും വ്യത്യസ്‌ത പ്രായത്തിലും വർഗത്തിലും ദേശത്തിലും സംസ്‌കാരത്തിലും ഭാഷകളിലും സാമൂഹിക പശ്ചാത്തലത്തിലും പെട്ട ആളുകളാണുള്ളത്‌. സഭയിലെ ഓരോ അംഗത്തിനും തന്റേതായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ആശകളും ആശങ്കകളും ഉണ്ടായിരിക്കുന്നതിനു പുറമേ സാധാരണഗതിയിൽ വ്യക്തിപരമായ മറ്റു പ്രശ്‌നങ്ങളും ഉണ്ട്‌, ഒരുപക്ഷേ ആരോഗ്യത്തോടോ പണത്തോടോ ബന്ധപ്പെട്ടവ. ഈ വൈവിധ്യം ക്രിസ്‌തീയ ഐക്യത്തിനു തുരങ്കംവെച്ചേക്കാം. ഇത്തരം വെല്ലുവിളികളൊക്കെ ഉണ്ടെങ്കിൽപ്പോലും സ്‌നേഹിക്കുന്നതിൽ വിശാലരാകാനും ഐക്യം നിലനിറുത്താനും നമുക്ക്‌ എങ്ങനെ സാധിക്കും? സഭയിലെ എല്ലാവരോടുമുള്ള ഹൃദയംഗമമായ വിലമതിപ്പ്‌ അന്യോന്യമുള്ള സ്‌നേഹം ആഴമുള്ളതാക്കിത്തീർക്കാൻ സഹായിക്കും.

നമുക്ക്‌ എങ്ങനെയാണ്‌ മറ്റുള്ളവർക്കു മൂല്യംകൽപ്പിക്കാനാകുന്നത്‌? സഹവിശ്വാസികൾക്കു നാം മൂല്യംകൽപ്പിക്കുമ്പോൾ അവരുടെ ആവശ്യങ്ങൾ സംബന്ധിച്ച്‌ നാം ചിന്തയുള്ളവരായിരിക്കും, അവരെ വളരെ വിലപ്പെട്ടവരായി കാണും, അവരുടെ നല്ല വശങ്ങൾ തിരിച്ചറിയും, സത്യാരാധനയിൽ അവർ നമ്മോടൊപ്പം ചേരുന്നതിൽ നാം നന്ദിയുള്ളവർ ആയിരിക്കുകയും ചെയ്യും. തത്‌ഫലമായി അവരോടുള്ള നമ്മുടെ സ്‌നേഹം വളരെയധികമായി വർധിക്കും. ക്രിസ്‌തീയ സ്‌നേഹം പൂർണമായ അളവിൽ പ്രകടമാക്കാൻ എങ്ങനെ സാധിക്കുമെന്നറിയാൻ കൊരിന്ത്യ ക്രിസ്‌ത്യാനികൾക്ക്‌ ഒന്നാം നൂറ്റാണ്ടിൽ പൗലൊസ്‌ എഴുതിയ ഒരു കാര്യം നമുക്ക്‌ ഹ്രസ്വമായൊന്നു പരിശോധിക്കാം.

കൊരിന്ത്യരുടെ ‘ഹൃദയങ്ങളിൽ ഇടുക്കം’ ഉണ്ടായിരുന്നു

പൊ.യു. (പൊതുയുഗം) 55-ലാണ്‌ പൗലൊസ്‌ കൊരിന്ത്യർക്കുള്ള തന്റെ ഒന്നാം ലേഖനം എഴുതിയത്‌. രണ്ടാം ലേഖനം എഴുതിയതും അതേവർഷംതന്നെയായിരുന്നു. കൊരിന്ത്യ സഭയിലെ ചിലർക്ക്‌ തങ്ങളുടെ സഹവിശ്വാസികളോട്‌ വിലമതിപ്പ്‌ ഇല്ലായിരുന്നുവെന്ന്‌ അപ്പൊസ്‌തലന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. ആ സാഹചര്യത്തെ പൗലൊസ്‌ ഇങ്ങനെയാണു വിവരിക്കുന്നത്‌: “അല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായി നിങ്ങളോടു തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു. ഞങ്ങളുടെ ഉള്ളിൽ നിങ്ങൾക്കു ഇടുക്കമില്ല, നിങ്ങളുടെ ഹൃദയങ്ങളിൽ അത്രേ ഇടുക്കമുള്ളത്‌.” (2 കൊരിന്ത്യർ 6:11, 12) അവരുടെ ‘ഹൃദയങ്ങളിൽ ഇടുക്കമുണ്ട്‌’ എന്നു പറഞ്ഞപ്പോൾ പൗലൊസ്‌ എന്താണ്‌ അർഥമാക്കിയത്‌?

അവർ സങ്കുചിത മനസ്‌കരും ഹൃദയവിശാലതയില്ലാത്തവരും ആയിരുന്നുവെന്നാണ്‌ പൗലൊസ്‌ ഉദ്ദേശിച്ചത്‌. “അടിസ്ഥാനരഹിതമായ സംശയവും . . . അഭിമാനക്ഷതവും നിമിത്തം ഉണ്ടായ ഒരു സ്ഥിതിവിശേഷം” പൗലൊസിനോടുള്ള കൊരിന്ത്യരുടെ സ്‌നേഹത്തിന്‌ “വിഘാത”മായി നിലകൊണ്ടിരിക്കാം എന്ന്‌ ഒരു ബൈബിൾ പണ്ഡിതൻ അഭിപ്രായപ്പെടുന്നു.

പൗലൊസ്‌ അവർക്കു നൽകിയ ബുദ്ധിയുപദേശം ശ്രദ്ധിക്കുക: “ഇതിന്നു പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിൻ എന്നു ഞാൻ മക്കളോടു എന്നപോലെ നിങ്ങളോടു പറയുന്നു.” (2 കൊരിന്ത്യർ 6:13) സഹവിശ്വാസികളെ സ്‌നേഹിക്കുന്നതിൽ വിശാലരാകാനാണ്‌ പൗലൊസ്‌ കൊരിന്ത്യരെ പ്രോത്സാഹിപ്പിച്ചത്‌. അതിന്റെ അർഥം, മറ്റുള്ളവരെ സംശയദൃഷ്ടിയോടെ കാണുന്നതിനുള്ള പ്രവണതയും ചെറിയചെറിയ പ്രശ്‌നങ്ങളും തങ്ങളെ സ്വാധീനിക്കാൻ അനുവദിക്കുന്നതിനു പകരം അവർ ക്രിയാത്മക മനോഭാവവും ഹൃദയവിശാലതയും പ്രകടമാക്കണമായിരുന്നു എന്നാണ്‌.

സ്‌നേഹിക്കുന്നതിൽ വിശാലരാകൽ​—⁠ഇക്കാലത്ത്‌

അന്യോന്യം സ്‌നേഹിക്കുന്നതിൽ വിശാലരാകാൻ ദൈവത്തിന്റെ സത്യാരാധകർ ഇക്കാലത്തു ചെയ്യുന്ന വലിയ ശ്രമം പ്രോത്സാഹജനകമാണ്‌. വിശാലരാകുന്നതിന്‌ ശ്രമം ആവശ്യമാണ്‌ എന്നതിൽ തർക്കമില്ല. അതിന്‌ നാം എന്തു ചെയ്യണം എന്ന്‌ വെറുതെ അറിഞ്ഞിരുന്നാൽ പോരാ. മറിച്ച്‌ ബൈബിളിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാത്തവരുടേതിൽനിന്നു വ്യത്യസ്‌തമായ ഒരു പെരുമാറ്റരീതി നമുക്ക്‌ ഉണ്ടായിരിക്കേണ്ടതുണ്ട്‌. ബൈബിൾ തത്ത്വങ്ങളെ ആദരിക്കാത്തവർ മിക്കപ്പോഴും മറ്റുള്ളവർക്ക്‌ വലിയ വില കൽപ്പിക്കില്ല. അവർ ചിന്താശൂന്യരും മറ്റുള്ളവരെ ആദരിക്കാത്തവരും പരിഹാസികളും ആയിരുന്നേക്കാം. അതുകൊണ്ട്‌ ഇത്തരം മനോഭാവങ്ങൾ നമ്മെ സ്വാധീനിക്കാൻ ഒരിക്കലും അനുവദിക്കരുത്‌. കൊരിന്ത്യരുടെ കാര്യത്തിൽ സംഭവിച്ചതുപോലെ മറ്റുള്ളവരെ സംശയദൃഷ്ടിയോടെ വീക്ഷിക്കാനുള്ള പ്രവണത നമ്മുടെ സ്‌നേഹത്തിന്‌ വിലങ്ങുതടിയായിത്തീരുന്നെങ്കിൽ അത്‌ എത്ര സങ്കടകരമായിരിക്കും! നമ്മുടെ ക്രിസ്‌തീയ സഹോദരങ്ങളുടെ കുറ്റങ്ങളും കുറവുകളുമൊക്കെ കണ്ടുപിടിക്കാൻ നല്ല ഉത്സാഹം കാണിക്കുകയും എന്നാൽ അവരുടെ നല്ല ഗുണങ്ങൾ കാണാനും വിലമതിക്കാനും അമാന്തം പ്രകടമാക്കുകയും ചെയ്‌താൽ ഇതു സംഭവിച്ചേക്കാം. ഒരു വ്യക്തി മറ്റൊരു സംസ്‌കാരത്തിൽപ്പെട്ടയാളാണ്‌ എന്നതിന്റെ പേരിൽ ‘നമ്മുടെ ഹൃദയത്തിൽ ഇടുക്കമുണ്ടെങ്കിലും’ അതുതന്നെയായിരിക്കാം ഫലം.

എന്നാൽ, സ്‌നേഹിക്കുന്നതിൽ വിശാലനാകുന്ന ഒരു ദൈവദാസന്‌ സഹവിശ്വാസികളോട്‌ യഥാർഥ വിലമതിപ്പുണ്ടായിരിക്കും. അദ്ദേഹം അവർക്ക്‌ ഉയർന്ന മൂല്യം കൽപ്പിക്കുകയും അവരുടെ അന്തസ്സിനെ ആദരിക്കുകയും ചെയ്യും. മാത്രമല്ല അവരുടെ ആവശ്യങ്ങൾ സംബന്ധിച്ച്‌ അദ്ദേഹം ചിന്തയുള്ളവനും ആയിരിക്കും. പരാതിപ്പെടാനുള്ള ഈടുറ്റ കാരണമുള്ളപ്പോൾപ്പോലും അദ്ദേഹം ക്ഷമിക്കാൻ നൂറുവട്ടം മനസ്സുള്ളവനായിരിക്കുകയും നീരസം വെച്ചുപുലർത്താതിരിക്കുകയും ചെയ്യും. മറ്റുള്ളവരിൽ മോശമായ ആന്തരം ആരോപിക്കാൻ ധൃതികൂട്ടാതെ അയാൾ തന്റെ സഹവിശ്വാസികൾക്കു സംശയത്തിന്റെ ആനുകൂല്യം നൽകും. “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും” എന്നു പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്ന തരം സ്‌നേഹം പ്രകടമാക്കാൻ ഹൃദയവിശാലത അദ്ദേഹത്തെ സഹായിക്കുന്നു.​—⁠യോഹന്നാൻ 13:35.

സുഹൃദ്‌വലയം വിശാലമാക്കുക

നമ്മുടെ സുഹൃദ്‌വലയത്തിനുള്ളിൽ ഒതുങ്ങിക്കൂടാതെ സഭയിലെ മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കാൻ ഹൃദയംഗമമായ സ്‌നേഹം നമ്മെ സഹായിക്കും. ആരാണ്‌ ഈ മറ്റുള്ളവർ? നമ്മുടെ ചില സഹോദരീസഹോദരന്മാർ ലജ്ജാശീലമുള്ളവരോ ഏതെങ്കിലും കാരണത്താൽ വളരെക്കുറച്ചു സുഹൃത്തുക്കൾ മാത്രം ഉള്ളവരോ ആണ്‌. ആരാധനയുടെ കാര്യത്തിലല്ലാതെ അത്തരക്കാരുമായി നമുക്കു പൊതുവായി ഒന്നും ഇല്ലെന്ന്‌ ആദ്യമൊക്കെ തോന്നിയേക്കാം. എന്നാൽ അടുത്ത സൗഹൃദം ആസ്വദിച്ചിരുന്നവരായി ബൈബിൾ പറയുന്ന ചില വ്യക്തികൾക്കിടയിൽ പുറമേ നോക്കിയാൽ പൊതുവായി ഒന്നുംതന്നെ ഇല്ലായിരുന്നു എന്നതു സത്യമല്ലേ?

ഉദാഹരണത്തിന്‌ രൂത്തിന്റെയും നവോമിയുടെയും കാര്യമെടുക്കുക. രണ്ടു പേരുടെയും പ്രായം, ദേശം, സംസ്‌കാരം, മാതൃഭാഷ എന്നിവയെല്ലാം വ്യത്യസ്‌തമായിരുന്നു. എന്നാൽ ഇതൊന്നും അവരുടെ സൗഹൃദത്തിന്‌ ഒരു തടസ്സമായിരുന്നില്ല. ഇനി, ഒരു രാജകുമാരനായിരുന്ന യോനാഥാന്റെയും ഒരു ആട്ടിടയനായിരുന്ന ദാവീദിന്റെയും ഉദാഹരണം നോക്കുക. അവർ തമ്മിൽ പ്രായത്തിന്റെ കാര്യത്തിൽ വലിയ അന്തരമുണ്ടായിരുന്നു. എങ്കിലും വിശുദ്ധതിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്ന അതിശക്തമായ സുഹൃദ്‌ബന്ധങ്ങളിലൊന്ന്‌ അവരുടേതാണ്‌. ഈ രണ്ടു സുഹൃദ്‌ബന്ധങ്ങളിലും അവർ അന്യോന്യം സന്തോഷത്തിന്റെയും ആത്മീയ സഹായത്തിന്റെയും ഉറവായി വർത്തിച്ചു.​—⁠രൂത്ത്‌ 1:16; 4:15; 1 ശമൂവേൽ 18:3; 2 ശമൂവേൽ 1:26.

വ്യത്യസ്‌ത പ്രായക്കാരോ ജീവിതസാഹചര്യങ്ങളിലുള്ളവരോ ആയ സത്യക്രിസ്‌ത്യാനികൾക്കിടയിൽ ഇക്കാലത്തും ഉറ്റ സുഹൃദ്‌ബന്ധങ്ങൾ വികാസംപ്രാപിക്കുന്നുണ്ട്‌. റെജീന എന്ന സ്‌ത്രീയുടെ കാര്യമെടുക്കുക. കൗമാരപ്രായക്കാരായ രണ്ടു മക്കളുള്ള, ഒറ്റയ്‌ക്കുള്ള മാതാവാണ്‌ അവർ. * തിരക്കേറിയ ഒരു ദിനചര്യയുള്ള അവർക്ക്‌ മറ്റുള്ളവരുമായി ഇടപഴകാനുള്ള സമയം ഇല്ലെന്നുതന്നെ പറയാം. ഹാരാൾട്ടും യൂറ്റും ജോലിയിൽനിന്നു വിരമിച്ച, കുട്ടികളില്ലാത്ത ദമ്പതികളാണ്‌. പുറമേ നോക്കിയാൽ, ഈ രണ്ടു കുടുംബങ്ങൾക്കും തമ്മിൽ പൊതുവായി ഒന്നുംതന്നെയില്ല. എന്നാൽ വിശാലരാകാനുള്ള ബൈബിളിന്റെ ബുദ്ധിയുപദേശം ഹാരാൾട്ടും യൂറ്റും ബാധകമാക്കി. അവർ റെജീനയോടും മക്കളോടുമൊപ്പം പരസ്യ ശുശ്രൂഷയിലും വിനോദങ്ങളിലും ഏർപ്പെടുന്നതുപോലുള്ള തങ്ങളുടെ പല പ്രവർത്തനങ്ങളിലും അവരെ ഉൾപ്പെടുത്താൻ തക്കവിധം വിശാലത പ്രകടമാക്കി.

നമ്മുടെ പതിവു സുഹൃദ്‌വലയം ഭേദിച്ചു പുറത്തു കടക്കാൻ നമുക്കാകുമോ? വേറൊരു ദേശത്തിലോ സംസ്‌കാരത്തിലോ പ്രായപരിധിയിലോ പെട്ട സഹവിശ്വാസികളുമായി ഉറ്റബന്ധം സ്ഥാപിക്കാൻ എന്തുകൊണ്ട്‌ ശ്രമിച്ചുകൂടാ?

മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുക

മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കാൻ ഹൃദയവിശാലത നമ്മെ പ്രേരിപ്പിക്കും. ഏതുതരം ആവശ്യങ്ങളാണത്‌? ആദ്യംതന്നെ, ക്രിസ്‌തീയ സഭയിലുള്ളവരെയൊക്കെ ഒന്നു നിരീക്ഷിക്കുക. ചെറുപ്പക്കാർക്ക്‌ മാർഗനിർദേശവും പ്രായാധിക്യമുള്ളവർക്ക്‌ പ്രോത്സാഹനവും മുഴുസമയ ശുശ്രൂഷകർക്ക്‌ അഭിനന്ദനവും പിന്തുണയും ആവശ്യമാണ്‌. അതുപോലെ നിരുത്സാഹം അനുഭവിക്കുന്ന ഒരു സഹവിശ്വാസിക്ക്‌ തന്റെ മനസ്സുതുറക്കാൻ ആരെയെങ്കിലും വേണം. എന്തെങ്കിലുമൊക്കെ ആവശ്യങ്ങൾ ഇല്ലാത്തവരായി ആരുമില്ല. അവ നിവർത്തിച്ചുകൊടുക്കുന്നതിനായി ആകുന്നതു ചെയ്യാൻ നാം ആഗ്രഹിക്കുന്നു.

വിശാലരാകുന്നതിൽ, പ്രത്യേക ആവശ്യങ്ങൾ ഉള്ളവരുടെ സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കുന്നതും ഉൾപ്പെട്ടിരിക്കുന്നു. ഏതെങ്കിലും മാറാരോഗം ബാധിച്ചവരോ ജീവിതത്തിൽ മറ്റേതെങ്കിലും പരിശോധനകളെ നേരിടുന്നവരോ ആയ ആരെയെങ്കിലും നിങ്ങൾക്ക്‌ അറിയാമോ? സ്‌നേഹം പ്രകടമാക്കുന്നതിൽ വിശാലരാകുകയും ഹൃദയവിശാലത വളർത്തിയെടുക്കുകയും ചെയ്യുന്നത്‌ മറ്റുള്ളവരുടെ സാഹചര്യം മനസ്സിലാക്കി വേണ്ടതു ചെയ്യാൻ നിങ്ങളെ സഹായിക്കും.

സമീപഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ സംബന്ധിച്ച ബൈബിൾ പ്രവചനങ്ങൾ അതിന്റെ നിവൃത്തിയോട്‌ അടുത്തുവരവേ വസ്‌തുവകകളെക്കാളും കഴിവുകളെക്കാളും നേട്ടങ്ങളെക്കാളും ഏറെ മൂല്യമുള്ളത്‌ സഭയ്‌ക്കുള്ളിലെ ഐക്യത്തിനാണ്‌. (1 പത്രൊസ്‌ 4:7, 8) സഹവിശ്വാസികളെ സ്‌നേഹിക്കുന്നതിൽ വിശാലരായിക്കൊണ്ട്‌ ക്രിസ്‌തീയ സഭയിലെ ഐക്യം ഉന്നമിപ്പിക്കുന്നതിന്‌ നമ്മുടെ പങ്കു നിർവഹിക്കാവുന്നതാണ്‌. യഹോവയുടെ പുത്രനായ യേശുക്രിസ്‌തുവിന്റെ പിൻവരുന്ന വാക്കുകൾക്ക്‌ ചേർച്ചയിൽ പ്രവർത്തിച്ചാൽ അവൻ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കുമെന്നതിൽ യാതൊരു സംശയവുമില്ല: “നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നാകുന്നു എന്റെ കല്‌പന.”​—⁠യോഹന്നാൻ 15:12.

[അടിക്കുറിപ്പ്‌]

^ ഖ. 17 ചില പേരുകൾ മാറ്റിയിട്ടുണ്ട്‌.

[10-ാം പേജിലെ ആകർഷകവാക്യം]

നമ്മുടെ മുഴു സഹോദരങ്ങൾക്കും നാം ഉചിതമായ വിലകൽപ്പിക്കുകയും അവരുടെ അന്തസ്സിനെ ആദരിക്കുകയും അവരുടെ ആവശ്യങ്ങളോടു പ്രതികരിക്കുകയും വേണം