വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹൃദയസ്‌പർശിയായ പ്രബോധനങ്ങളുമായി മറ്റൊരു ബിരുദദാനം

ഹൃദയസ്‌പർശിയായ പ്രബോധനങ്ങളുമായി മറ്റൊരു ബിരുദദാനം

ഹൃദയസ്‌പർശിയായ പ്രബോധനങ്ങളുമായി മറ്റൊരു ബിരുദദാനം

വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്റെ 121-ാം ക്ലാസ്സിലെ വിദ്യാർഥികളുടെ ബിരുദദാനം 2006 സെപ്‌റ്റംബർ 9-ന്‌ ന്യൂയോർക്കിലെ പാറ്റേഴ്‌സണിലുള്ള വാച്ച്‌ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽവെച്ചു നടന്നു. ഹൃദയോഷ്‌മളമായ ഒരു പരിപാടിയായിരുന്നു അത്‌.

യഹോവയുടെ സാക്ഷികളുടെ ഭരണസംഘാംഗമായ ജെഫ്രി ജാക്‌സൺ, 56 വിദ്യാർഥികളെയും ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുമായി എത്തിയ 6,366 പേരെയും സ്വാഗതം ചെയ്‌തുകൊണ്ട്‌ പരിപാടിക്ക്‌ ആരംഭം കുറിച്ചു. സങ്കീർത്തനം 86:11 അദ്ദേഹം ചർച്ചാവിഷയമാക്കി. “യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ” എന്ന്‌ ആ വാക്യം പറയുന്നു. ഇതിൽ ഊന്നിപ്പറഞ്ഞിരിക്കുന്ന മൂന്നു കാര്യങ്ങൾ ജാക്‌സൺ സഹോദരൻ ചൂണ്ടിക്കാണിച്ചു. “ആദ്യം പ്രബോധനവും രണ്ടാമത്‌ ബാധകമാക്കലും മൂന്നാമത്‌ പ്രചോദനവും പരാമർശിക്കപ്പെട്ടിരിക്കുന്നു. ഈ മൂന്നു കാര്യങ്ങളും, നിയമനം ഏറ്റെടുക്കുന്ന മിഷനറിമാരായ നിങ്ങൾക്കു വിശേഷാൽ പ്രധാനമാണ്‌,” അദ്ദേഹം പറഞ്ഞു. ഇവ മൂന്നിനും ഊന്നൽനൽകുന്ന, കാര്യപരിപാടിയിലെ മറ്റു പ്രസംഗങ്ങളും അഭിമുഖങ്ങളും അദ്ദേഹം പരാമർശിക്കുകയുണ്ടായി.

ഹൃദയോഷ്‌മളമായ ഉദ്‌ബോധനങ്ങൾ

“സാധ്യമായതിലേക്കും നല്ല ജീവിതം” എന്നതായിരുന്നു ഹെഡ്‌ക്വാർട്ടേഴ്‌സിൽനിന്നുള്ള വില്യം മാലെൻഫോന്റിന്റെ പ്രസംഗവിഷയം. മാർത്തയുടെ സഹോദരിയായ മറിയയുടെ ദൃഷ്ടാന്തത്തിലേക്ക്‌ അദ്ദേഹം സദസ്സിന്റെ ശ്രദ്ധ ക്ഷണിച്ചു. യേശു ഒരിക്കൽ അവരുടെ വീടു സന്ദർശിച്ചപ്പോൾ മറിയ അവന്റെ കാൽക്കലിരുന്ന്‌ അവൻ പറഞ്ഞതെല്ലാം ശ്രദ്ധിച്ചു; അതായിരുന്നു അവൾക്കു മറ്റെല്ലാറ്റിലും പ്രധാനം. യേശു മാർത്തയോട്‌ ഇങ്ങനെ പറഞ്ഞു: “മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.” (ലൂക്കൊസ്‌ 10:38-42) “മറിയ നടത്തിയ ഉചിതമായ തിരഞ്ഞെടുപ്പിനെക്കുറിച്ച്‌ ഒന്നു ചിന്തിച്ചുനോക്കൂ, യേശുവിന്റെ കാൽക്കലിരുന്നുകൊണ്ട്‌ അത്ഭുതകരമായ ആത്മീയ സത്യങ്ങൾ നേരിട്ടുകേൾക്കാൻ കഴിഞ്ഞത്‌ അവൾ ഒരിക്കലും മറക്കില്ല,” പ്രസംഗകൻ പറഞ്ഞു. ആത്മീയമായി നല്ല തിരഞ്ഞെടുപ്പുകൾ നടത്തിയിരിക്കുന്നതിൽ വിദ്യാർഥികളെ അഭിനന്ദിച്ചശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ, സാധ്യമായതിലേക്കും നല്ല ജീവിതം നിങ്ങൾക്കു സമ്മാനിച്ചിരിക്കുന്നു.”

തുടർന്ന്‌ ഭരണസംഘാംഗമായ ആന്തൊണി മോറിസ്‌, റോമർ 13:14 അടിസ്ഥാനമാക്കിയുള്ള “കർത്താവായ യേശുക്രിസ്‌തുവിനെത്തന്നേ ധരിച്ചുകൊൾവിൻ” എന്ന വിഷയം വികസിപ്പിച്ചു. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാൻ കഴിയും? ‘കർത്താവായ യേശുക്രിസ്‌തുവിനെ ധരിക്കുന്നതിൽ’ അവനെ അനുകരിക്കുന്നത്‌ ഉൾപ്പെട്ടിരിക്കുന്നുവെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. യേശുവിന്റെ ദൃഷ്ടാന്തവും പ്രകൃതവും അനുകരിക്കുക എന്നതാണ്‌ അതിന്റെ അർഥം. “യേശുവിന്റെ അടുക്കൽ ആയിരിക്കാൻ ആളുകൾ പ്രിയപ്പെട്ടു, കാരണം തങ്ങളിൽ അവന്‌ ആത്മാർഥ താത്‌പര്യം ഉണ്ടെന്ന്‌ അവർക്കു തിരിച്ചറിയാൻ കഴിഞ്ഞു,” പ്രസംഗകൻ പറഞ്ഞു. എഫെസ്യർ 3:​18-നു ചേർച്ചയിൽ, സത്യത്തിന്റെ “വീതിയും നീളവും ഉയരവും ആഴവും” ഗ്രഹിക്കാൻ സഹായിക്കുന്ന വിപുലമായ പരിജ്ഞാനം വിദ്യാർഥികൾ ഗിലെയാദ്‌ സ്‌കൂളിലൂടെ സമ്പാദിച്ചിരിക്കുന്നുവെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ “പരിജ്ഞാനത്തെ കവിയുന്ന ക്രിസ്‌തുവിൻ സ്‌നേഹത്തെ അറിവാനും” എന്നു തുടങ്ങുന്ന, 19-ാം വാക്യവും അദ്ദേഹം പരാമർശിച്ചു. “വ്യക്തിപരമായ പഠനം നടത്തുന്നതിൽ തുടരവേ, ക്രിസ്‌തുവിന്റെ സ്‌നേഹാർദ്രമായ അനുകമ്പ അനുകരിക്കാനും കർത്താവായ യേശുക്രിസ്‌തുവിനെ യഥാർഥമായി ധരിക്കാനും എങ്ങനെ കഴിയുമെന്നു ചിന്തിക്കുക” എന്ന്‌ അദ്ദേഹം വിദ്യാർഥികളെ ഉദ്‌ബോധിപ്പിച്ചു.

ഗിലെയാദ്‌ അധ്യാപകരുടെ അന്തിമ പ്രബോധനം

അടുത്ത പ്രസംഗം ഗിലെയാദ്‌ അധ്യാപകനായിരുന്ന വാലസ്‌ ലിവറൻസിന്റേതായിരുന്നു. സദൃശവാക്യങ്ങൾ 4:​7-ന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസംഗം. ദൈവിക ജ്ഞാനം പരമ പ്രധാനമാണെങ്കിലും, നാം ‘വിവേകവും [“ഗ്രാഹ്യം,” NW] നേടേണ്ടതുണ്ട്‌’ എന്ന്‌ അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട വസ്‌തുതകൾ കൂട്ടിച്ചേർക്കുകയും അവ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെയെന്നു തിരിച്ചറിയുകയും ചെയ്‌തുകൊണ്ട്‌ ഒരു കാര്യത്തിന്റെ അർഥം മനസ്സിലാക്കുന്നത്‌ അതിൽ ഉൾപ്പെട്ടിരിക്കുന്നു. ഗ്രാഹ്യം നേടുന്നത്‌ നമുക്കു സന്തോഷം കൈവരുത്തുമെന്ന്‌ പ്രസംഗകൻ ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന്‌ നെഹെമ്യാവിന്റെ നാളിൽ ലേവ്യർ, “ന്യായപ്രമാണത്തെ പൊരുൾ തിരിച്ചു”കൊടുക്കുകയും അങ്ങനെ അതു “ഗ്രഹിപ്പാൻ” ജനത്തെ സഹായിക്കുകയും ചെയ്‌തു. ഫലമോ? “തങ്ങളോടു പറഞ്ഞ വചനം ബോദ്ധ്യമായതുകൊണ്ട്‌” അഥവാ ഗ്രഹിച്ചതുകൊണ്ട്‌ ‘ജനമെല്ലാം അത്യന്തം സന്തോഷിച്ചു.’ (നെഹെമ്യാവു 8:7, 8, 12) ഉപസംഹാരമായി ലിവറൻസ്‌ സഹോദരൻ ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്റെ നിശ്വസ്‌ത വചനം ഗ്രഹിക്കുന്നതിന്റെ ഒരു ഉപോത്‌പന്നമാണ്‌ സന്തോഷം.”

“ആരാണ്‌ നിങ്ങളുടെ യഥാർഥ ശത്രു?” എന്നതായിരുന്നു, മറ്റൊരു അധ്യാപകനായിരുന്ന മാർക്‌ നൂമാറിന്റെ പ്രതിപാദ്യ വിഷയം. യുദ്ധത്തിൽ പല പട്ടാളക്കാരും സ്വന്തം അണിയുടെ കയ്യാൽ യാദൃച്ഛികമായി കൊല്ലപ്പെടുന്നു. “നാം ഏർപ്പെട്ടിരിക്കുന്ന ആത്മീയ യുദ്ധം സംബന്ധിച്ചെന്ത്‌?” എന്നു ചോദിച്ചശേഷം അദ്ദേഹം പറഞ്ഞു: “ശ്രദ്ധിക്കാത്തപക്ഷം, യഥാർഥ ശത്രു ആരാണെന്നു തിരിച്ചറിയാൻ കഴിയാതെ സ്വന്തം അണികളെത്തന്നെ നാം അപായപ്പെടുത്തിയേക്കാം.” അസൂയയായിരിക്കാം ചിലരെ ചിന്താക്കുഴപ്പത്തിലാക്കുന്നത്‌. യഥാർഥ ശത്രു ഫെലിസ്‌ത്യരായിരുന്നിട്ടും സഹാരാധകനായ ദാവീദിനെ കൊല്ലാൻ ശൗൽ രാജാവ്‌ ശ്രമിച്ചത്‌ അസൂയ നിമിത്തമായിരുന്നു. (1 ശമൂവേൽ 18:7-9; 23:27, 28) പ്രസംഗകൻ തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “പല വിധങ്ങളിലും മികച്ചുനിൽക്കുന്ന ഒരു മിഷനറിയോടൊപ്പമാണു നിങ്ങൾ സേവിക്കുന്നതെങ്കിലോ? വിമർശന ശരങ്ങൾ തൊടുത്തുവിട്ടുകൊണ്ട്‌ നിങ്ങൾ നിങ്ങളുടെ സഹ പോരാളിയെ അപായപ്പെടുത്തുമോ, അതോ മറ്റുള്ളവർ വ്യത്യസ്‌ത വിധങ്ങളിൽ നിങ്ങളെക്കാൾ മികച്ചുനിൽക്കുമെന്ന സത്യം നീരസം കൂടാതെ നിങ്ങൾ അംഗീകരിക്കുമോ? മറ്റുള്ളവരുടെ അപൂർണതകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്‌ യഥാർഥ ശത്രുവിനെ സംബന്ധിച്ച നമ്മുടെ കാഴ്‌ചപ്പാടിനു മങ്ങലേൽപ്പിച്ചേക്കാം. യഥാർഥ ശത്രുവായ സാത്താനോടു പൊരുതുക.”

രസകരമായ അനുഭവങ്ങളും വിജ്ഞാനപ്രദമായ അഭിമുഖങ്ങളും

“സുവിശേഷകന്റെ പ്രവൃത്തി ചെയ്യുക” എന്ന, അഭിമുഖങ്ങളും അനുഭവങ്ങളും ഉൾപ്പെട്ട അടുത്ത ഭാഗം നിർവഹിച്ചത്‌ ഗിലെയാദ്‌ അധ്യാപകനായ ലോറൻസ്‌ ബോവെൻ ആയിരുന്നു. റഫറൻസ്‌ ബൈബിൾ രണ്ടു തിമൊഥെയൊസ്‌ 4:​5-ന്റെ അടിക്കുറിപ്പിൽ “ഒരു മിഷനറിയുടെ” പ്രവൃത്തി ചെയ്യുക എന്നു പറയുന്നതായി അദ്ദേഹം വിശദീകരിച്ചു. “ഈ പ്രയോഗം സമുചിതമാണ്‌, കാരണം ഗിലെയാദ്‌ പരിശീലനം നേടുന്ന ഒരു മിഷനറിയുടെ പ്രധാന വേല സുവാർത്ത വ്യാപിപ്പിക്കുക എന്നതാണ്‌, ആളുകളെ കണ്ടെത്താനായ സ്ഥലങ്ങളിലെല്ലാം ഈ ക്ലാസ്സിലെ വിദ്യാർഥികൾ അങ്ങനെ ചെയ്‌തുമിരിക്കുന്നു,” അദ്ദേഹം പറഞ്ഞു. രസകരമായ ചില അനുഭവങ്ങൾ പുനരവതരിപ്പിക്കപ്പെടുകയുണ്ടായി.

ബെഥേൽ കുടുംബാംഗങ്ങളായ മൈക്കിൾ ബർണെറ്റും സ്‌കോട്ട്‌ ഷോഫ്‌നറുമാണ്‌ അടുത്ത രണ്ടു പരിപാടികൾ നടത്തിയത്‌. ഉഗാണ്ട, ഓസ്‌ട്രേലിയ, കൊറിയ, ബാർബഡോസ്‌ എന്നിവിടങ്ങളിൽനിന്നുള്ള ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങളുമായി അവർ അഭിമുഖം നടത്തി. മിഷനറിമാരുടെ താമസസൗകര്യം, ആരോഗ്യ പരിപാലനം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ നിവർത്തിക്കുന്നതിൽ എന്തുമാത്രം ശ്രമം ഉൾപ്പെട്ടിരിക്കുന്നുവെന്ന്‌ കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായങ്ങൾ വെളിപ്പെടുത്തി. പ്രാദേശിക സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള മനസ്സൊരുക്കമാണ്‌ മിഷനറിമാരുടെ വിജയരഹസ്യമെന്ന്‌ കമ്മിറ്റി അംഗങ്ങൾ എടുത്തുപറഞ്ഞു.

ആവേശഭരിതവും പ്രചോദനാത്മകവുമായ പരിസമാപ്‌തി

“ദൈവത്തെ ഭയപ്പെട്ട്‌ അവനു മഹത്ത്വം കൊടുപ്പിൻ” എന്നതായിരുന്നു പരിപാടിയിലെ മുഖ്യ പ്രസംഗം. ഒരു ദീർഘകാല ഭരണസംഘാംഗമായ ജോൺ ഇ. ബാർ ആയിരുന്നു പ്രസംഗകൻ. അദ്ദേഹം വെളിപ്പാടു 14:6, 7 ചർച്ചചെയ്‌തു. അത്‌ ഇങ്ങനെ പറയുന്നു: “വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു; ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു. ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു . . . എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.”

ആ ദൂതനോടു ബന്ധപ്പെട്ട മൂന്നു കാര്യങ്ങൾ മനസ്സിൽപ്പിടിക്കാൻ ബാർ സഹോദരൻ വിദ്യാർഥികളെ ഉദ്‌ബോധിപ്പിച്ചു. (1) ക്രിസ്‌തു ഇപ്പോൾ സമ്പൂർണ രാജ്യാധികാരത്തോടെ വാഴുന്നു എന്ന നിത്യസുവിശേഷം അവൻ അറിയിക്കേണ്ടിയിരുന്നു. “യേശു 1914-ൽ സിംഹാസനസ്ഥനായെന്ന്‌ നമുക്കു പൂർണ ബോധ്യമുണ്ട്‌. അതുകൊണ്ട്‌ ഈ സദ്വർത്തമാനം ഭൂമിയിലെങ്ങും ഘോഷിക്കപ്പെടണം,” പ്രസംഗകൻ പ്രസ്‌താവിച്ചു. (2) ദൂതൻ ഇങ്ങനെ പറഞ്ഞു: ‘ദൈവത്തെ ഭയപ്പെടുക.’ ദൈവത്തെ അപ്രീതിപ്പെടുത്തുന്ന യാതൊന്നും ബൈബിൾവിദ്യാർഥികൾ ചെയ്യാതിരിക്കാൻ തക്കവണ്ണം അവനോടുള്ള ഭയാദരവു വളർത്തിയെടുക്കാൻ ബിരുദധാരികൾ അവരെ സഹായിക്കേണ്ടതുണ്ടെന്ന്‌ പ്രസംഗകൻ വിശദീകരിച്ചു. (3) ദൂതൻ ഇങ്ങനെ കൽപ്പിച്ചു: ‘ദൈവത്തിനു മഹത്ത്വം കൊടുപ്പിൻ.’ അതിനു ചേർച്ചയിൽ വിദ്യാർഥികൾ ഇങ്ങനെ ഉദ്‌ബോധിപ്പിക്കപ്പെട്ടു: “നാം നമ്മുടെയല്ല, ദൈവത്തിന്റെ മഹത്ത്വത്തിനായിട്ടാണു സേവിക്കുന്നതെന്ന്‌ ഒരിക്കലും മറക്കരുത്‌.” തുടർന്ന്‌ “ന്യായവിധിയുടെ നാഴിക”യെക്കുറിച്ചു ചർച്ചചെയ്‌തുകൊണ്ട്‌ ബാർ സഹോദരൻ പറഞ്ഞു: “അന്തിമ ന്യായവിധി പ്രഖ്യാപിക്കപ്പെടുന്നതിനുള്ള സമയം ആസന്നമാണ്‌. നമ്മുടെ പ്രദേശത്തുള്ള പലരും ഇനിയും സുവാർത്ത കേൾക്കേണ്ടതുണ്ട്‌, ഏറെ വൈകുംമുമ്പേ.”

ഈ വാക്കുകൾ കാതുകളിൽ അലയടിക്കവെ, 56 വിദ്യാർഥികൾക്കും ബിരുദ സർട്ടിഫിക്കറ്റുകൾ ലഭിച്ചു; അവർ ഭൂമിയുടെ അറുതികളിലേക്ക്‌ നിയമിക്കപ്പെട്ടു. ആഹ്ലാദഭരിതമായിരുന്ന ആ ദിവസത്തെ പ്രചോദനാത്മകമായ ബുദ്ധിയുപദേശങ്ങൾ ബിരുദധാരികളുടെയും സന്നിഹിതരായിരുന്ന മറ്റെല്ലാവരുടെയും ഹൃദയങ്ങളെ ആഴത്തിൽ സ്‌പർശിച്ചു.

[17-ാം പേജിലെ ചതുരം]

ക്ലാസ്സിന്റെ സ്ഥിതിവിവരക്കണക്ക്‌

പ്രതിനിധാനംചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 6

നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 25

വിദ്യാർഥികളുടെ എണ്ണം: 56

ശരാശരി വയസ്സ്‌: 35.1

സത്യത്തിലായിരുന്ന ശരാശരി വർഷം: 18.3

മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷം: 13.9

[18-ാം പേജിലെ ചിത്രം]

വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിൽനിന്നു ബിരുദം നേടുന്ന 121-ാമത്തെ ക്ലാസ്സ്‌

ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുന്നിൽനിന്നു പിന്നിലേക്ക്‌ എണ്ണുന്നു, പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.

(1) യുക്കോ ഫോക്‌സ്‌, ഡോൺ കനിക്കി, സേറ വിൽക്കിൻസൺ, സാച്ചിയോ കാവാമോട്ടോ, ജിനേ കോൺസോലാണ്ടി, ക്രിസ്റ്റി മായൻ (2) നാഥലി സാന്റിയാഗോ, റേച്ചൽ ക്ലാൻസി, മിഖായേലാ ഫിഷർ, ലെസ്‌ലി ഡെ അബ്രെയു, എറിക്കാ ഡേവിസ്‌ (3) ജെയ്‌ൻ ഹ്വാങ്‌, ഡാർലിൻ ഹോഫ്‌മാൻ, ലിയോനി റിജ്‌വേ, ജോ ഇബ്രാഹിം, ആന്യാ ഡാബൽഷ്‌റ്റൈൻ, മിരിയം ബാക്കാബക്ക്‌ (4) മാർലിസ്‌ പേറ്റഴ്‌സ്‌, ക്രിസ്റ്റൽ ജോൺസ്‌, ഷാനൻ ഫോർഡ്‌, സാലി പാരാ, ഡയാന റോത്‌റോക്ക്‌, മുയെരിയെൽ റ്റാറ്റ്‌ലോ, എലിസബെത്ത്‌ പെരെസ്‌ (5) ഫെർനാൻഡോ ഡെ അബ്രെയു, ഷിൻസുകെ കാവാമോട്ടോ, സൂസാന്ന ഐവെസ്‌, ജെനിഫർ ബർഡോ, ജെയിംസ്‌ ഹ്വാങ്‌, ഡി വിൽക്കിൻസൺ (6) ആൻഡി ഫോക്‌സ്‌, ജെറ്റ്‌ ബാക്കാബക്ക്‌, പിയിലാനി സിക്കൗസ്‌കി, ക്രിസ്റ്റെൽ ഫോറിയേ, സ്റ്റീഫൻ മായൻ, എൻസോ കോൺസോലാണ്ടി, വെയ്‌ൻ റിജ്‌വേ (7) ബെൻ പാരാ, ബെൻ പെരെസ്‌, ഫിലിപ്പ്‌ റ്റാറ്റ്‌ലോ, മാർക്കസ്‌ സാന്റിയാഗോ, യൂജൽ ഇബ്രാഹിം, ക്രിസ്‌ കനിക്കി (8) കോളിൻ ബർഡോ, ബ്രൈയൻ സിക്കൗസ്‌കി, കെൻ ഐവെസ്‌, അലൻ ഫോർഡ്‌, ജിം റോത്‌റോക്ക്‌, ഡസ്റ്റൻ ഹോഫ്‌മാൻ, മാർക്കസ്‌ ഡേവിസ്‌ (9) ക്രിസ്റ്റ്യാൻ പേറ്റഴ്‌സ്‌, ക്രിസ്‌ ഡാബൽഷ്‌റ്റൈൻ, കിത്‌ ജോൺസ്‌, സ്റ്റീഫൻ ക്ലാൻസി, യോക്കൻ ഫിഷർ, സിൽവെൻ ഫോറിയേ