വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പഠിപ്പിക്കുന്നത്‌ അനുസരിക്കാൻ മറ്റുള്ളവരെ സഹായിക്കുക

ബൈബിൾ പഠിപ്പിക്കുന്നത്‌ അനുസരിക്കാൻ മറ്റുള്ളവരെ സഹായിക്കുക

ബൈബിൾ പഠിപ്പിക്കുന്നത്‌ അനുസരിക്കാൻ മറ്റുള്ളവരെ സഹായിക്കുക

“നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെഫലം കൊടുക്കുന്നവർ തന്നേ.”​—⁠ലൂക്കൊസ്‌ 8:15.

1, 2. (എ) എന്ത്‌ ഉദ്ദേശ്യത്തിലാണു ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകം തയ്യാർ ചെയ്‌തിരിക്കുന്നത്‌? (ബി) ഇക്കഴിഞ്ഞ വർഷങ്ങളിൽ ശിഷ്യരെ ഉളവാക്കാനുള്ള തന്റെ ജനത്തിന്റെ ശ്രമങ്ങളെ യഹോവ അനുഗ്രഹിച്ചിരിക്കുന്നത്‌ എങ്ങനെ?

“വളരെ ഉത്‌കൃഷ്ടമായ ഒരു പുസ്‌തകമാണിത്‌. എന്റെ വിദ്യാർഥികൾ ഇതിന്റെ പഠനം ശരിക്കും ആസ്വദിക്കുന്നു. എന്റെ പ്രിയപ്പെട്ട പുസ്‌തകവുമാണിത്‌. ഈ പുസ്‌തകം ഉപയോഗിച്ച്‌ വീട്ടുവാതിൽക്കൽവെച്ചുതന്നെ ബൈബിളധ്യയനങ്ങൾ തുടങ്ങുക സാധ്യമാണ്‌.” യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ പയനിയർ ശുശ്രൂഷകയ്‌ക്ക്‌ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തെക്കുറിച്ചുള്ള അഭിപ്രായമാണിത്‌. * ഈ പ്രസിദ്ധീകരണത്തെക്കുറിച്ച്‌ പ്രായമുള്ള ഒരു പ്രസാധകൻ പറഞ്ഞത്‌ ഇതാണ്‌: “എന്റെ 50 വർഷത്തെ സജീവ പ്രവർത്തനത്തിനിടയിൽ യഹോവയെക്കുറിച്ച്‌ അറിയാൻ പലരെയും സഹായിക്കാൻ സാധിച്ചിട്ടുണ്ട്‌. പക്ഷേ ഈ പുസ്‌തകം വിശിഷ്ടമെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. പ്രചോദനാത്മകമായ വർണനകളും ആകർഷകങ്ങളായ ചിത്രീകരണങ്ങളും ഇതിലുണ്ട്‌.” ഇതുതന്നെയാണോ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായവും? “ആകയാൽ നിങ്ങൾ പുറപ്പെട്ടു, . . . ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന യേശുവിന്റെ കൽപ്പന നിറവേറ്റുന്നതിനു നിങ്ങളെ സഹായിക്കാൻ തയ്യാർ ചെയ്‌തിരിക്കുന്നതാണ്‌ ഈ ബൈബിൾ പഠനസഹായി.​—⁠മത്തായി 28:19, 20.

2 ഏകദേശം 66 ലക്ഷം യഹോവയുടെ സാക്ഷികൾ ശിഷ്യരെ ഉളവാക്കാനുള്ള യേശുവിന്റെ കൽപ്പന മനസ്സാ അനുസരിക്കുന്നത്‌ യഹോവയുടെ ഹൃദയത്തെ തീർച്ചയായും സന്തോഷിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 27:11) യഹോവ അവരുടെ പ്രവർത്തനത്തെ അനുഗ്രഹിക്കുന്നുവെന്നു വ്യക്തമാണ്‌. ഉദാഹരണത്തിന്‌ രണ്ടായിരത്തഞ്ചിൽ 235 രാജ്യങ്ങളിൽ സുവാർത്ത പ്രസംഗിക്കപ്പെട്ടു. ശരാശരി, 60,61,500-ലധികം ബൈബിളധ്യയനങ്ങളും നടത്തപ്പെടുകയുണ്ടായി. അതിന്റെ ഫലമായി അനേകമാളുകൾ ‘ദൈവവചനം കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടു.’ (1 തെസ്സലൊനീക്യർ 2:13) കഴിഞ്ഞ രണ്ടു വർഷങ്ങളിൽ, അഞ്ചുലക്ഷത്തിലധികം പുതിയ ശിഷ്യർ തങ്ങളുടെ ജീവിതം യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരികയും തങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കുകയും ചെയ്‌തു.

3. ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തിന്റെ ഉപയോഗം സംബന്ധിച്ച ഏതു ചോദ്യങ്ങൾ ഈ ലേഖനത്തിൽ പരിചിന്തിക്കുന്നതായിരിക്കും?

3 ഒരു ബൈബിളധ്യയനം നടത്തുന്നതിന്റെ സന്തോഷം നിങ്ങൾക്ക്‌ അടുത്തകാലത്ത്‌ ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ടോ? ദൈവവചനം കേട്ട്‌ “നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ” ലോകവ്യാപകമായി ഇപ്പോഴുമുണ്ട്‌. (ലൂക്കൊസ്‌ 8:11-15) ശിഷ്യരാക്കൽ വേലയിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം എങ്ങനെ ഉപയോഗിക്കാമെന്നു നമുക്കിപ്പോൾ പരിചിന്തിക്കാം. മൂന്നു ചോദ്യങ്ങൾ നാം ചർച്ചചെയ്യുന്നതായിരിക്കും: (1) ഒരു ബൈബിളധ്യയനം എങ്ങനെ ആരംഭിക്കാം? (2) ഏറ്റവും ഫലപ്രദമായ പഠിപ്പിക്കൽ രീതികൾ ഏവ? (3) ഒരു വ്യക്തിയെ ദൈവവചനമായ ബൈബിളിന്റെ വിദ്യാർഥി മാത്രമല്ല അധ്യാപകനുമാകാൻ എങ്ങനെ സഹായിക്കാം?

ബൈബിളധ്യയനം എങ്ങനെ ആരംഭിക്കാം?

4. ചിലർ ബൈബിൾ പഠിക്കാൻ മടികാണിച്ചേക്കാവുന്നത്‌ എന്തുകൊണ്ട്‌, വിമുഖത തരണം ചെയ്യാൻ നിങ്ങൾക്കവരെ എങ്ങനെ സഹായിക്കാനായേക്കും?

4 ഒറ്റച്ചാട്ടത്തിന്‌ വീതിയുള്ള ഒരു അരുവി കുറുകെ കടക്കാമോ എന്നു ചോദിച്ചാൽ നിങ്ങളൊന്നു മടിച്ചേക്കും. എന്നാൽ ഇടയ്‌ക്കിടെ കല്ലുകൾ ഇട്ടിട്ടുണ്ടെങ്കിൽ, അതിൽ ചവിട്ടി അക്കരെ കടക്കാൻ നിങ്ങൾ കുറേക്കൂടി സന്നദ്ധനായേക്കും. സമാനമായി, തിരക്കുള്ള ഒരു വ്യക്തി ബൈബിൾ പഠിക്കാൻ മടികാണിച്ചേക്കാം. വളരെയേറെ സമയവും അധ്വാനവും ഇതിനു വേണ്ടിവരുമെന്ന്‌ വീട്ടുകാരൻ കരുതുന്നതാകാം കാരണം. ഈ വിമുഖത തരണം ചെയ്യാൻ നിങ്ങൾക്ക്‌ അദ്ദേഹത്തെ എങ്ങനെ സഹായിക്കാനാകും? ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം ഉപയോഗിച്ചു ഹ്രസ്വവും വിജ്ഞാനപ്രദവുമായ പല ചർച്ചകളിലൂടെ ദൈവവചനത്തിന്റെ ക്രമമായ പഠനത്തിലേക്ക്‌ അദ്ദേഹത്തെ നയിക്കാൻ സാധിക്കും. നിങ്ങൾ നന്നായി തയ്യാറായാൽ, അദ്ദേഹം യഹോവയുമായി സുഹൃദ്‌ബന്ധം സ്ഥാപിക്കുന്നതിലേക്കുള്ള ചവിട്ടുകല്ലായി ഓരോ മടക്കസന്ദർശനവും ഉതകും.

5. ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം നിങ്ങൾ വായിക്കേണ്ടത്‌ എന്തുകൊണ്ട്‌?

5 എന്നാൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തിൽനിന്നു പ്രയോജനം നേടാൻ മറ്റുള്ളവരെ സഹായിക്കാൻ കഴിയണമെങ്കിൽ ഈ പുസ്‌തകവുമായി നിങ്ങൾ നല്ല പരിചയത്തിലാകേണ്ടതുണ്ട്‌. ആദിയോടന്തം നിങ്ങൾ അതു വായിച്ചു കഴിഞ്ഞോ? അവധിക്കാലം ചെലവഴിക്കാൻ പോയപ്പോൾ ഒരു ദമ്പതികൾ ഈ പുസ്‌തകവും കൂടെ കൊണ്ടുപോയി. ബീച്ചിലിരുന്ന്‌ ഇതു വായിക്കവേ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന ഇതിന്റെ തലക്കെട്ട്‌ അവിടെ ടൂറിസ്റ്റുകൾക്കു സാധനങ്ങൾ വിൽക്കുന്ന ഒരു സ്‌ത്രീയുടെ ശ്രദ്ധയിൽപ്പെട്ടു. ഏതാനും മണിക്കൂർ മുമ്പ്‌ ഇതേ ചോദ്യത്തിന്റെ ഉത്തരത്തിനായി താൻ ദൈവത്തോടു പ്രാർഥിച്ചതേയുള്ളൂവെന്ന്‌ ആ സ്‌ത്രീ ദമ്പതികളോടു പറഞ്ഞു. അവർ സന്തോഷത്തോടെ പുസ്‌തകത്തിന്റെ ഒരു കോപ്പി ആ സ്‌ത്രീക്കു കൊടുത്തു. ഈ പുസ്‌തകം, ഒരുപക്ഷേ രണ്ടാമതൊന്നുകൂടെ വായിക്കാൻ നിങ്ങൾ “സമയം തക്കത്തിൽ” ഉപയോഗിച്ചിരിക്കുന്നുവോ? (എഫെസ്യർ 5:15, 16) ആരെയെങ്കിലും കാണാൻ കാത്തുനിൽക്കുമ്പോഴോ സ്‌കൂളിലോ ജോലിസ്ഥലത്തോ ലഭിക്കുന്ന ഇടവേളയിലോ വായിക്കാനുള്ള സമയം കണ്ടെത്താൻ സാധിക്കും. അങ്ങനെ ചെയ്‌താൽ, ഈ ബൈബിൾ പഠനസഹായിയുമായി നിങ്ങൾ പരിചയത്തിലാകും. മാത്രമല്ല മറ്റുള്ളവരുമായി അതിലെ ആശയങ്ങൾ പങ്കുവെക്കാൻ സാഹചര്യം ഉണ്ടാക്കിയെടുക്കാനും സാധിച്ചേക്കും.

6, 7. ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം ഉപയോഗിച്ച്‌ അധ്യയനം എങ്ങനെ ആരംഭിക്കാം?

6 പരസ്യശുശ്രൂഷയിൽ ഈ പുസ്‌തകം സമർപ്പിക്കുമ്പോൾ, 4 മുതൽ 6 വരെയുള്ള പേജുകളിൽ കാണുന്ന ചിത്രങ്ങളും തിരുവെഴുത്തുകളും ചോദ്യങ്ങളും നന്നായി പ്രയോജനപ്പെടുത്തുക. ഉദാഹരണത്തിന്‌ ഒരു സംഭാഷണത്തിനു തുടക്കമിടാൻ എങ്ങനെ സാധിക്കും എന്നു നോക്കാം: “പ്രശ്‌നപൂരിതമായ ഇന്നത്തെ ലോകത്തിൽ, ആശ്രയയോഗ്യമായ മാർഗനിർദേശത്തിന്റെ ഉറവ്‌ എന്തായിരിക്കുമെന്നാണു നിങ്ങൾ കരുതുന്നത്‌?” എന്നു വീട്ടുകാരനോടു ചോദിക്കാൻ സാധിക്കും. വീട്ടുകാരന്റെ പ്രതികരണം ശ്രദ്ധിച്ചതിനുശേഷം, 2 തിമൊഥെയൊസ്‌ 3:16, 17 വായിച്ച്‌ മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങൾക്കുള്ള യഥാർഥ പരിഹാരം ബൈബിൾ നിർദേശിക്കുന്നുണ്ടെന്നു വിശദീകരിക്കുക. അതിനുശേഷം വീട്ടുകാരന്റെ ശ്രദ്ധ 4-ഉം 5-ഉം പേജുകളിലേക്കു ക്ഷണിച്ചുകൊണ്ട്‌ “ഈ ചിത്രീകരണങ്ങളിൽ നിങ്ങളെ ഏറ്റവും സങ്കടപ്പെടുത്തുന്ന അവസ്ഥ ഏതാണ്‌?” എന്നു ചോദിക്കുക. വീട്ടുകാരൻ ഒരെണ്ണം ചൂണ്ടിക്കാട്ടുമ്പോൾ, പുസ്‌തകം അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തിട്ട്‌ ആ ചിത്രത്തോടു ചേർന്നു കൊടുത്തിട്ടുള്ള തിരുവെഴുത്തു ബൈബിളിൽനിന്നു വായിക്കുക. തുടർന്ന്‌ 6-ാം പേജ്‌ വായിച്ച്‌ വീട്ടുകാരനോട്‌ “ഈ പേജിന്റെ ഒടുവിൽ കൊടുത്തിരിക്കുന്ന ആറു ചോദ്യങ്ങളിൽ ഉത്തരം കിട്ടാൻ നിങ്ങൾ ആഗ്രഹിക്കുന്ന ചോദ്യമേതാണ്‌?” എന്ന്‌ അന്വേഷിക്കുക. അദ്ദേഹം ചോദ്യം തിരഞ്ഞെടുത്തുകഴിഞ്ഞാൽ, ആ ചോദ്യത്തിനുത്തരം നൽകുന്ന അധ്യായം കാണിച്ചു കൊടുക്കുക. പുസ്‌തകം അദ്ദേഹത്തിനു സമർപ്പിച്ചിട്ട്‌ മടങ്ങിച്ചെന്ന്‌ ആ ചോദ്യം പരിചിന്തിക്കുന്നതിനുവേണ്ടി സുനിശ്ചിത ക്രമീകരണം ചെയ്യുക.

7 ഇപ്പോൾ പറഞ്ഞ ഈ അവതരണത്തിനു വേണ്ടത്‌ ഏകദേശം അഞ്ചു മിനിറ്റാണ്‌. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ, വീട്ടുകാരനെ അലട്ടുന്നത്‌ എന്താണെന്നു നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകും, രണ്ടു തിരുവെഴുത്തുകൾ വായിച്ചു വിശദീകരിക്കുകയും മടക്കസന്ദർശനത്തിനുള്ള അടിസ്ഥാനമിടുകയും ചെയ്‌തിട്ടുണ്ടാകും. വളരെക്കാലത്തിനുശേഷം അദ്ദേഹത്തിനു ലഭിക്കുന്ന വളരെ പ്രോത്സാഹജനകവും ആശ്വാസദായകവുമായ ഒരു അനുഭവമായിരിക്കാം നിങ്ങളുടെ ഈ ഹ്രസ്വ സംഭാഷണം. അതിന്റെ ഫലമായി നിങ്ങളുമായി അൽപ്പംകൂടെ സമയം ചെലവഴിക്കാനും അങ്ങനെ “ജീവങ്കലേക്കു പോകുന്ന . . . വഴി”യിലേക്കുള്ള അടുത്ത ചുവടുവെക്കാൻ നിങ്ങൾ നൽകുന്ന സഹായം സ്വീകരിക്കാനുമായി, തിരക്കുണ്ടെങ്കിൽപ്പോലും അദ്ദേഹം കാത്തിരുന്നേക്കാം. (മത്തായി 7:14) കാലാന്തരത്തിൽ, വീട്ടുകാരന്റെ താത്‌പര്യം വർധിക്കുന്നതനുസരിച്ച്‌ പഠനത്തിന്റെ ദൈർഘ്യം കൂട്ടാവുന്നതാണ്‌. അകത്തു കടന്നിരുന്നു കൂടുതൽ സമയം​—⁠എത്ര സമയമാണെന്നു പറയുക​—⁠ചർച്ച ചെയ്യാമെന്ന്‌ വീട്ടുകാരനോടു പറഞ്ഞുകൊണ്ട്‌ ഇതു ചെയ്യാവുന്നതാണ്‌.

ഏറ്റവും ഫലപ്രദമായ പഠിപ്പിക്കൽ രീതികൾ ഏവ?

8, 9. (എ) പ്രതിബന്ധങ്ങളെയും പരിശോധനകളെയും അഭിമുഖീകരിക്കാൻ നിങ്ങൾക്ക്‌ ബൈബിൾ വിദ്യാർഥിയെ എങ്ങനെ ഒരുക്കാൻ സാധിക്കും? (ബി) ശക്തമായ വിശ്വാസം കെട്ടുപണിചെയ്യാൻ ആവശ്യമായ അഗ്നിരോധകവസ്‌തുക്കൾ എവിടെ കണ്ടെത്താനാകും?

8 ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ അനുസരിച്ചു തുടങ്ങുമ്പോൾ ആത്മീയ പുരോഗതിയെ ബാധിക്കുന്ന തടസ്സങ്ങൾ ഒരു വ്യക്തി നേരിട്ടേക്കാം. അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞു: “ക്രിസ്‌തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.” (2 തിമൊഥെയൊസ്‌ 3:12) പൗലൊസ്‌ ഈ പരിശോധനകളെ തീയോടാണ്‌ ഉപമിച്ചത്‌. തീ താണതരം നിർമാണവസ്‌തുക്കളെ നശിപ്പിച്ചുകളയുന്നു. എന്നാൽ പൊന്ന്‌, വെള്ളി, വിലയേറിയ കല്ല്‌ എന്നിവയ്‌ക്ക്‌ നാശം സംഭവിക്കുന്നില്ല. (1 കൊരിന്ത്യർ 3:10-13; 1 പത്രൊസ്‌ 1:6, 7) പരിശോധനകളിൽ പിടിച്ചുനിൽക്കാൻ ആവശ്യമായ ഗുണങ്ങൾ വളർത്താൻ ബൈബിൾ വിദ്യാർഥിയെ സഹായിക്കുന്നതിന്‌ അഗ്നിരോധകവസ്‌തുക്കൾക്കൊണ്ട്‌ നിങ്ങൾ പണിയേണ്ടതുണ്ട്‌.

9 “യഹോവയുടെ വചനങ്ങ”ളെ സങ്കീർത്തനക്കാരൻ “നിലത്തു ഉലയിൽ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്‌ത വെള്ളി”യോട്‌ ഉപമിക്കുന്നു. (സങ്കീർത്തനം 12:6) തീർച്ചയായും, ശക്തമായ വിശ്വാസം കെട്ടുപണിചെയ്യാൻ ആവശ്യമായ എല്ലാ വിലയേറിയ വസ്‌തുക്കളും ബൈബിളിലുണ്ട്‌. (സങ്കീർത്തനം 19:7-11; സദൃശവാക്യങ്ങൾ 2:1-6) കൂടാതെ തിരുവെഴുത്തുകൾ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്ന്‌ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം നിങ്ങൾക്കു കാണിച്ചുംതരുന്നു.

10. ഒരു വിദ്യാർഥിയുടെ ശ്രദ്ധ ബൈബിളിൽ എങ്ങനെ കേന്ദ്രീകരിക്കാം?

10 അധ്യയന സമയത്ത്‌, ഓരോ ഭാഗത്തും കൊടുത്തിരിക്കുന്ന തിരുവെഴുത്തുകളിൽ വിദ്യാർഥിയുടെ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രധാന തിരുവെഴുത്തുകൾ മനസ്സിലാക്കാനും വ്യക്തിപരമായി ബാധകമാക്കാനും വിദ്യാർഥിയെ സഹായിക്കുന്നതിനുവേണ്ടി ചോദ്യങ്ങൾ ഉപയോഗിക്കുക. അദ്ദേഹം എന്തു മാറ്റങ്ങൾ വരുത്തണമെന്ന തീരുമാനം നിങ്ങളെടുക്കരുത്‌; പകരം യേശുവിന്റെ മാതൃക അനുകരിക്കുക. ന്യായപ്രമാണത്തിൽ അവഗാഹമുണ്ടായിരുന്ന ഒരു മനുഷ്യൻ യേശുവിനെ ചോദ്യം ചെയ്‌തപ്പോൾ, യേശുവിന്റെ മറുപടി, “ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു” എന്ന മറുചോദ്യമായിരുന്നു. ന്യായപ്രമാണത്തിൽനിന്ന്‌ ഉത്തരം പറഞ്ഞ ആ മനുഷ്യനെ ആ തത്ത്വം വ്യക്തിപരമായി എങ്ങനെ ബാധകമാക്കാമെന്നു കാണാൻ യേശു സഹായിച്ചു. ആ പഠിപ്പിക്കൽ അയാളെ എങ്ങനെ സ്വാധീനിക്കണമെന്നു കാണിച്ചുകൊടുക്കാൻ ഒരു ദൃഷ്ടാന്തവും അവൻ ഉപയോഗിച്ചു. (ലൂക്കൊസ്‌ 10:25-37) തിരുവെഴുത്തു തത്ത്വങ്ങൾ തനിക്കുതന്നെ എങ്ങനെ ബാധകമാക്കാമെന്നു കാണാൻ ഒരു വിദ്യാർഥിയെ സഹായിക്കുന്ന അനേകം ലളിതമായ ദൃഷ്ടാന്തങ്ങൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തിലുണ്ട്‌.

11. ഓരോ പ്രാവശ്യവും എത്ര ഖണ്ഡികകൾ പഠിക്കാം?

11 സങ്കീർണമായ ആശയങ്ങൾ യേശു വളരെ ലളിതമായി അവതരിപ്പിച്ചതുപോലെ, ഈ പുസ്‌തകവും ദൈവവചനം വിശദീകരിക്കാൻ ലളിതവും നേരിട്ടുള്ളതുമായ ഭാഷ ഉപയോഗിക്കുന്നു. (മത്തായി 7:28, 29) കൃത്യമായ വിവരങ്ങൾ ലളിതമായും വ്യക്തമായും അവതരിപ്പിച്ചുകൊണ്ട്‌ യേശുവിന്റെ മാതൃക അനുകരിക്കുക. ഓടിച്ചു തീർക്കാൻ ശ്രമിക്കുന്നതിനു പകരം, ആ വ്യക്തിയുടെ സാഹചര്യവും പ്രാപ്‌തിയും അനുസരിച്ച്‌ ഓരോ പ്രാവശ്യവും എത്ര ഖണ്ഡികകൾ പഠിക്കണമെന്നു തീരുമാനിക്കുക. തന്റെ ശിഷ്യന്മാരുടെ പരിമിതികൾ യേശുവിന്‌ അറിയാമായിരുന്നതിനാൽ അന്ന്‌ അവർക്ക്‌ ആവശ്യം ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ വിവരങ്ങൾ നൽകി അവൻ അവരെ ഭാരപ്പെടുത്തിയില്ല.​—⁠യോഹന്നാൻ 16:12.

12. അനുബന്ധം ഉപയോഗിക്കേണ്ടത്‌ എങ്ങനെ?

12 പതിന്നാലു വിഷയങ്ങളുള്ള ഒരു അനുബന്ധം ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തിലുണ്ട്‌. അധ്യാപകൻ എന്ന നിലയിൽ വിദ്യാർഥിയുടെ ആവശ്യങ്ങൾക്കനുസൃതമായി ഈ വിവരങ്ങൾ ഏറ്റവും ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നു നിങ്ങൾക്കു തീരുമാനിക്കാൻ സാധിക്കും. ഉദാഹരണത്തിന്‌ ഒരു വിദ്യാർഥി ഒരു വിഷയം മനസ്സിലാക്കാൻ ബുദ്ധിമുട്ടുന്നെങ്കിൽ, അതല്ല തന്റെ പഴയ വിശ്വാസം കാരണം ചില വിഷയങ്ങളെക്കുറിച്ച്‌ ചോദ്യങ്ങളുണ്ടെങ്കിൽ, അനുബന്ധത്തിലെ അനുയോജ്യ വിഷയം കാണിച്ചുകൊടുക്കുന്നതു മതിയായേക്കും. അദ്ദേഹം അതു സ്വയം വായിച്ചുനോക്കട്ടെ. മറിച്ച്‌ ചില സാഹചര്യങ്ങളിൽ വിദ്യാർഥിയോടൊപ്പം അതു പരിചിന്തിക്കേണ്ടതായി വന്നേക്കാം. അനുബന്ധത്തിൽ “‘ദേഹി,’ ‘ആത്മാവ്‌’​—⁠ഈ പദങ്ങൾ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്‌ ഏത്‌ അർഥത്തിൽ?” * “‘മഹാബാബിലോനെ’ തിരിച്ചറിയൽ” തുടങ്ങി പ്രധാനപ്പെട്ട പല തിരുവെഴുത്തു വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഈ വിഷയങ്ങൾ നിങ്ങളുടെ വിദ്യാർഥിയുമായി ചർച്ച ചെയ്യുന്നതു നന്നായിരിക്കും. അനുബന്ധത്തിൽ ചോദ്യങ്ങൾ കൊടുത്തിട്ടില്ലാത്തതിനാൽ, അർഥപൂർണമായ ചോദ്യങ്ങൾ ചോദിക്കാൻ കഴിയണമെങ്കിൽ നിങ്ങൾ അതു നന്നായി തയ്യാറാകേണ്ടതുണ്ട്‌.

13. വിശ്വാസം ശക്തിപ്പെടുത്തുന്നതിൽ പ്രാർഥനയ്‌ക്കുള്ള പങ്ക്‌ എന്താണ്‌?

13 സങ്കീർത്തനം 127:​1-ൽ “യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു” എന്നു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്‌ ബൈബിളധ്യയനത്തിനുവേണ്ടി തയ്യാറാകുമ്പോൾ യഹോവയുടെ സഹായത്തിനായി പ്രാർഥിക്കുക. അധ്യയനത്തിനു മുമ്പും പിമ്പുമുള്ള പ്രാർഥന യഹോവയുമായുള്ള നിങ്ങളുടെ ഊഷ്‌മള ബന്ധം പ്രതിഫലിപ്പിക്കട്ടെ. ദൈവവചനം മനസ്സിലാക്കാനുള്ള ജ്ഞാനത്തിനുവേണ്ടിയും അതിന്റെ ഉപദേശം പ്രാവർത്തികമാക്കാനുള്ള ശക്തിക്കുവേണ്ടിയും പ്രാർഥിക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. (യാക്കോബ്‌ 1:5) അങ്ങനെ ചെയ്‌താൽ, പരിശോധനകളിൽ സഹിച്ചു നിൽക്കാനാകുംവിധം വിദ്യാർഥി ശക്തീകരിക്കപ്പെടും, മാത്രവുമല്ല വിശ്വാസത്തിൽ ഉറപ്പുള്ളവനായി പുരോഗമിക്കുകയും ചെയ്യും.

ബൈബിൾ വിദ്യാർഥികളെ അധ്യാപകരാകാൻ എങ്ങനെ സഹായിക്കാം?

14. ബൈബിൾ വിദ്യാർഥികൾ എന്തു പുരോഗതി കൈവരിക്കേണ്ടതുണ്ട്‌?

14 നമ്മുടെ ബൈബിൾ വിദ്യാർഥികൾ യേശു “കല്‌പിച്ചതു ഒക്കെയും” അനുസരിക്കണമെങ്കിൽ, അവർ ദൈവവചനത്തിന്റെ വിദ്യാർഥികൾ എന്ന നിലയിൽനിന്ന്‌ അതിന്റെ അധ്യാപകരായി വളരേണ്ടതുണ്ട്‌. (മത്തായി 28:19, 20; പ്രവൃത്തികൾ 1:6-8) അത്തരത്തിലുള്ള ആത്മീയ പുരോഗതി കൈവരിക്കാൻ ഒരു വിദ്യാർഥിയെ സഹായിക്കാനായി നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

15. ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകാൻ നിങ്ങളുടെ ബൈബിൾ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കേണ്ടത്‌ എന്തുകൊണ്ട്‌?

15 ആദ്യത്തെ അധ്യയനം മുതൽത്തന്നെ വിദ്യാർഥിയെ നിങ്ങളോടൊപ്പം യോഗങ്ങൾക്കു വരാൻ ക്ഷണിക്കുക. അവിടെവെച്ചാണു ദൈവവചനം പഠിപ്പിക്കാനുള്ള പരിശീലനം നിങ്ങൾക്കു ലഭിക്കുന്നതെന്ന്‌ അദ്ദേഹത്തോടു വിശദീകരിക്കുക. ഏതാനും ആഴ്‌ചത്തേക്ക്‌, ആത്മീയ പ്രബോധനത്തിനായി ക്രമീകരിച്ചിരിക്കുന്ന ഈ യോഗങ്ങളെയും സമ്മേളനങ്ങളെയുംകുറിച്ച്‌ വിവരിക്കാൻ അധ്യയനത്തിനൊടുവിൽ അൽപ്പസമയം ചെലവഴിക്കുക. ഇത്തരം കൂടിവരവുകളിൽനിന്നു ലഭിക്കുന്ന പ്രയോജനങ്ങളെപ്പറ്റി ഉത്സാഹപൂർവം സംസാരിക്കുക. (എബ്രായർ 10:24, 25) വിദ്യാർഥി ക്രമമായി യോഗങ്ങൾക്കു വന്നു തുടങ്ങിയാൽപ്പിന്നെ ദൈവവചനത്തിന്റെ അധ്യാപകനായിത്തീരാനുള്ള സാധ്യത ഏറെയാണ്‌.

16, 17. ബൈബിൾ വിദ്യാർഥിക്കു വെക്കാനാകുന്ന ചില ലക്ഷ്യങ്ങൾ ഏവ?

16 നേടിയെടുക്കാവുന്ന ലക്ഷ്യങ്ങൾ വെക്കാൻ ബൈബിൾ വിദ്യാർഥിയെ സഹായിക്കുക. ഉദാഹരണത്തിന്‌, പഠിക്കുന്ന കാര്യങ്ങൾ ബന്ധുമിത്രാദികളുമായി പങ്കുവെക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക. മുഴു ബൈബിളും വായിക്കുകയെന്ന ലക്ഷ്യം വെക്കാനും നിർദേശിക്കാം. ക്രമമായി ബൈബിൾ വായിക്കുന്നത്‌ ഒരു പതിവാക്കാനും അതു നിലനിറുത്താനും അദ്ദേഹത്തെ സഹായിച്ചാൽ, സ്‌നാപനശേഷവും അദ്ദേഹം ആ നല്ല ശീലം തുടരും. കൂടാതെ, ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തിലെ ഓരോ അധ്യായത്തിൽനിന്നും പ്രധാനപ്പെട്ട ഒരു ചോദ്യത്തിനുത്തരം കൊടുക്കുന്ന ഒരു ബൈബിൾ വാക്യമെങ്കിലും ഓർമയിൽവെക്കാൻ നിർദേശിക്കരുതോ? അങ്ങനെ ചെയ്യുകവഴി അദ്ദേഹം “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി”ത്തീരും.​—⁠2 തിമൊഥെയൊസ്‌ 2:15.

17 തന്റെ വിശ്വാസത്തെക്കുറിച്ചു ചോദിക്കുന്നവരോട്‌ ഉത്തരം പറയുമ്പോൾ വെറുതെ തിരുവെഴുത്തുകൾ ഓർമയിൽനിന്ന്‌ ഉരുവിടുകയോ സംഗ്രഹിച്ചു പറയുകയോ ചെയ്യുന്നതിനുപകരം ചർച്ചചെയ്യുന്ന വിഷയത്തോടു ബന്ധപ്പെട്ട ബൈബിൾ വാക്യങ്ങൾ വിശദീകരിക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക. ഇത്‌ എങ്ങനെ ചെയ്യാമെന്നു ഹ്രസ്വമായി പരിശീലിക്കുന്നതു നന്നായിരിക്കും. നിങ്ങൾ സഹപ്രവർത്തകനായോ ബന്ധുവായോ അഭിനയിച്ചുകൊണ്ട്‌ വിദ്യാർഥിയോട്‌ അദ്ദേഹത്തിന്റെ വിശ്വാസം വിശദീകരിക്കാൻ ആവശ്യപ്പെടുക. വിദ്യാർഥി മറുപടി പറയുമ്പോൾ “ശാന്തതയോടും ബഹുമാനത്തോടുംകൂടെ” അതു ചെയ്യേണ്ടത്‌ എങ്ങനെയെന്നു കാണിച്ചുകൊടുക്കുക.​—⁠1 പത്രൊസ്‌ 3:​15, 16, പി.ഒ.സി. ബൈബിൾ.

18. ഒരു ബൈബിൾ വിദ്യാർഥി സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകനാകാൻ യോഗ്യത നേടിക്കഴിഞ്ഞാൽ, തുടർന്ന്‌ എന്തു സഹായം കൊടുക്കാൻ നിങ്ങൾക്കു കഴിയും?

18 കുറെനാൾ കഴിയുമ്പോൾ അദ്ദേഹം വയൽസേവനത്തിൽ പങ്കുപറ്റാൻ യോഗ്യത നേടിയേക്കാം. ഈ വേലയിൽ പങ്കുചേരാൻ സാധിക്കുന്നത്‌ ഒരു പദവിയാണെന്ന്‌ അദ്ദേഹത്തെ ബോധ്യപ്പെടുത്തണം. (2 കൊരിന്ത്യർ 4:1, 7) സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകനാകാൻ യോഗ്യതയുണ്ടെന്ന്‌ മൂപ്പന്മാർ തീരുമാനിച്ചു കഴിഞ്ഞാൽ, ലളിതമായ ഒരു അവതരണം തയ്യാറാകാൻ അദ്ദേഹത്തെ സഹായിക്കുക, എന്നിട്ട്‌ വയൽസേവനത്തിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുക. പരസ്യശുശ്രൂഷയുടെ വ്യത്യസ്‌ത മേഖലകളിൽ അദ്ദേഹത്തോടൊപ്പം ക്രമമായി പങ്കെടുക്കുക, ഫലപ്രദമായ മടക്കസന്ദർശനങ്ങൾക്കുവേണ്ടി തയ്യാറാകുന്നത്‌ എങ്ങനെയെന്നും അത്‌ നടത്തുന്നത്‌ എങ്ങനെയെന്നും പഠിപ്പിക്കുക. നിങ്ങളുടെതന്നെ നല്ല മാതൃക ഒരു വലിയ സ്വാധീനമായിരിക്കും.​—⁠ലൂക്കൊസ്‌ 6:40.

“നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്ക”

19, 20. നാം ഏതു ലക്ഷ്യം വെക്കണം, എന്തുകൊണ്ട്‌?

19 “സത്യത്തിന്റെ പരിജ്ഞാനത്തിൽ” എത്താൻ ഒരാളെ സഹായിക്കുന്നതിൽ കഠിനാധ്വാനം ഉൾപ്പെട്ടിരിക്കുന്നുവെന്നതിനു സംശയമില്ല. (1 തിമൊഥെയൊസ്‌ 2:4) എന്നിരുന്നാലും, ബൈബിൾ പഠിപ്പിക്കുന്നത്‌ അനുസരിക്കാൻ ആരെയെങ്കിലും സഹായിക്കുന്നതിന്റെ സന്തോഷം ഒന്നു വേറെതന്നെയാണ്‌. (1 തെസ്സലൊനീക്യർ 2:19, 20) തീർച്ചയായും, ഈ ലോകവ്യാപക പഠിപ്പിക്കൽ വേലയിൽ “ദൈവത്തിന്റെ കൂട്ടുവേലക്കാർ” ആയിരിക്കുകയെന്നത്‌ എത്ര വലിയ പദവിയാണ്‌.​—⁠1 കൊരിന്ത്യർ 3:⁠9.

20 യേശുക്രിസ്‌തുവിനെയും ശക്തിയുള്ള ദൂതന്മാരെയും ഉപയോഗിച്ച്‌ പെട്ടെന്നുതന്നെ യഹോവ “ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും” എതിരെ ന്യായവിധി നടപ്പാക്കും. (2 തെസ്സലൊനീക്യർ 1:6-8) ആളുകളുടെ ജീവൻ അപകടത്തിലാണ്‌. ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകം ഉപയോഗിച്ച്‌ ഒരു ബൈബിളധ്യയനം എങ്കിലും നടത്തണമെന്നുള്ളത്‌ നിങ്ങളുടെ ലക്ഷ്യമാക്കിക്കൂടേ? ഈ വേലയിൽ പങ്കുപറ്റുമ്പോൾ ‘നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കാനുള്ള’ അവസരം നിങ്ങൾക്കുണ്ട്‌. (1 തിമൊഥെയൊസ്‌ 4:16) ബൈബിൾ പഠിപ്പിക്കുന്നത്‌ അനുസരിക്കാൻ മറ്റുള്ളവരെ സഹായിക്കുകയെന്നത്‌ മുമ്പെന്നത്തെക്കാൾ അടിയന്തിരമാണിന്ന്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 1 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

^ ഖ. 12 2006-ൽ അച്ചടിച്ച പരിഷ്‌കരിച്ച പതിപ്പിൽ

നിങ്ങൾ എന്തു പഠിച്ചു?

• എന്ത്‌ ഉദ്ദേശ്യത്തിലാണു ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം തയ്യാർ ചെയ്‌തിരിക്കുന്നത്‌?

• ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം ഉപയോഗിച്ച്‌ അധ്യയനങ്ങൾ എങ്ങനെ ആരംഭിക്കാം?

• ഏറ്റവും ഫലപ്രദമായ പഠിപ്പിക്കൽ രീതികൾ ഏവ?

• ഒരു വിദ്യാർഥിയെ ദൈവവചനത്തിന്റെ അധ്യാപകനായിത്തീരാൻ എങ്ങനെ സഹായിക്കാം?

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചിത്രം]

ഈ പുസ്‌തകം നിങ്ങൾ നന്നായി ഉപയോഗിക്കുന്നുണ്ടോ?

[27-ാം പേജിലെ ചിത്രം]

ഒരു വ്യക്തിയിൽ ബൈബിൾ പരിജ്ഞാനത്തിനായുള്ള താത്‌പര്യം ഉണർത്താൻ ഹ്രസ്വമായ ഒരു ചർച്ചയ്‌ക്ക്‌ സാധിക്കും

[29-ാം പേജിലെ ചിത്രം]

വിദ്യാർഥിയുടെ ശ്രദ്ധ ബൈബിളിലേക്കു തിരിക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ സാധിക്കും?

[30-ാം പേജിലെ ചിത്രം]

ബൈബിൾ വിദ്യാർഥിയെ പുരോഗമിക്കാൻ സഹായിക്കുക