വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ പഠിപ്പിക്കുക

ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ പഠിപ്പിക്കുക

ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ പഠിപ്പിക്കുക

‘ഉപദേശിച്ചുകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.’​—⁠മത്തായി 28:⁠20.

1. ബൈബിളിന്റെ ലഭ്യതയെക്കുറിച്ച്‌ എന്തു പറയാൻ സാധിക്കും?

ഏറ്റവും പഴക്കമുള്ളതും ലോകവ്യാപകമായി ഏറ്റവുമധികം വിതരണം ചെയ്‌തിട്ടുള്ളതും ആയ പുസ്‌തകങ്ങളിലൊന്നാണു യഹോവയുടെ വചനമായ വിശുദ്ധ ബൈബിൾ. പൂർണമായോ ഭാഗികമായോ അത്‌ 2,300-ലേറെ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. അതിന്റെ അർഥം ഭൂവാസികളിൽ 90 ശതമാനത്തിലധികത്തിനു മാതൃഭാഷയിൽ ബൈബിൾ ലഭ്യമാണെന്നാണ്‌.

2, 3. (എ) ബൈബിൾ പഠിപ്പിക്കൽ സംബന്ധിച്ച്‌ ആശയക്കുഴപ്പം ഉള്ളത്‌ എന്തുകൊണ്ട്‌? (ബി) ഏതെല്ലാം ചോദ്യങ്ങൾ നാം പരിചിന്തിക്കുന്നതായിരിക്കും?

2 ദശലക്ഷക്കണക്കിന്‌ ആളുകൾ ദിവസവും ബൈബിൾ വായിക്കുന്നുണ്ട്‌. ചിലരാകട്ടെ മുഴു ബൈബിളും പലയാവർത്തി വായിച്ചിരിക്കുന്നു. ബൈബിളിൽ അധിഷ്‌ഠിതമാണു തങ്ങളുടെ പഠിപ്പിക്കലുകൾ എന്ന്‌ ആയിരക്കണക്കിനു മതവിഭാഗങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും അത്‌ പഠിപ്പിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച്‌ അവർ യോജിപ്പിലല്ല. ഇനി, ഒരേ മതത്തിലെതന്നെ അംഗങ്ങൾക്കിടയിലുള്ള ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾ ആശയക്കുഴപ്പം കൂട്ടുന്നതേയുള്ളു. ചിലരാകട്ടെ ബൈബിളിനെക്കുറിച്ചും അതിന്റെ ഉത്ഭവം, മൂല്യം എന്നിവയെക്കുറിച്ചും സംശയമുള്ളവരാണ്‌. പ്രതിജ്ഞ ചെയ്യുമ്പോഴും കോടതിയിൽ സത്യം ബോധിപ്പിച്ചുകൊള്ളാമെന്ന്‌ ഉറപ്പു കൊടുക്കുമ്പോഴും ഉപയോഗിക്കാനുള്ള ഒരു വിശുദ്ധഗ്രന്ഥം മാത്രമാണു പലർക്കും ഇന്നത്‌.

3 യഥാർഥത്തിൽ, മനുഷ്യവർഗത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ ശക്തമായ വചനം അഥവാ സന്ദേശം ആണ്‌ ബൈബിളിൽ അടങ്ങിയിരിക്കുന്നത്‌. (എബ്രായർ 4:12) അതുകൊണ്ടുതന്നെ യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ, ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ ആളുകൾ പഠിക്കണമെന്നു നമ്മൾ ആഗ്രഹിക്കുന്നു. “നിങ്ങൾ പുറപ്പെട്ടു . . . ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന യേശുവിന്റെ കൽപ്പന നിറവേറ്റാൻ നാം ഉത്സാഹമുള്ളവരാണ്‌. (മത്തായി 28:19, 20) ഇന്നു ലോകത്തിൽ പരക്കെയുള്ള മതപരമായ ആശയക്കുഴപ്പത്താൽ വലഞ്ഞുപോയിരിക്കുന്ന പരമാർഥഹൃദയരായ ആളുകളെ നാം പരസ്യശുശ്രൂഷയിൽ കണ്ടുമുട്ടാറുണ്ട്‌. നമ്മുടെ സ്രഷ്ടാവിനെക്കുറിച്ചുള്ള സത്യവും ജീവിതത്തിന്റെ അർഥം സംബന്ധിച്ച്‌ ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങളും അറിയാൻ അവർ ആഗ്രഹിക്കുന്നു. പലരുടെയും മനസ്സിലൂടെ കടന്നുപോയിട്ടുള്ള മൂന്നു ചോദ്യങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം. ഇവയോരോന്നിലും, മതനേതാക്കന്മാരുടെ തെറ്റായ പഠിപ്പിക്കലിനെക്കുറിച്ച്‌ നാം ആദ്യം പരിചിന്തിക്കും. തുടർന്ന്‌ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നുവെന്ന്‌ നമ്മൾ പരിശോധിക്കുന്നതായിരിക്കും. ചോദ്യങ്ങൾ ഇതാണ്‌: (1) ദൈവം നമ്മെക്കുറിച്ചു കരുതലുള്ളവനാണോ? (2) ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്‌? (3) മരിക്കുമ്പോൾ നമുക്ക്‌ എന്തു സംഭവിക്കുന്നു?

ദൈവം കരുതലുള്ളവനാണോ?

4, 5. നമ്മെക്കുറിച്ച്‌ കരുതലില്ലാത്തവനാണു ദൈവമെന്ന്‌ ആളുകൾ ചിന്തിക്കുന്നത്‌ എന്തുകൊണ്ട്‌?

4 നമുക്ക്‌ ആദ്യത്തെ ചോദ്യത്തിൽനിന്നു തുടങ്ങാം, ദൈവം നമ്മെക്കുറിച്ചു കരുതലുള്ളവനാണോ? സങ്കടകരമെന്നു പറയട്ടെ, ആ ചോദ്യത്തിന്റെ ഉത്തരം ‘അല്ല’ എന്നാണെന്നു പലരും കരുതുന്നു. എന്തുകൊണ്ടാണത്‌? ലോകം യുദ്ധത്താലും വിദ്വേഷത്താലും കഷ്ടപ്പാടുകളാലും നിറഞ്ഞിരിക്കുന്നുവെന്നതാണ്‌ ഒരു കാരണം. ‘ദൈവം യഥാർഥത്തിൽ കരുതലുള്ളവനാണെങ്കിൽ, അവൻ ദുരന്തങ്ങൾ തടയേണ്ടതല്ലേ?’ എന്ന്‌ അവർ ന്യായവാദം ചെയ്യുന്നു.

5 മറ്റൊരു കാരണം, മതനേതാക്കൾ അങ്ങനെ പഠിപ്പിച്ചിരിക്കുന്നുവെന്നതാണ്‌. ദുരന്തങ്ങൾ പ്രഹരിക്കുമ്പോൾ മിക്കപ്പോഴും പുരോഹിതന്മാർ എന്താണു പറയുന്നത്‌? ഉദാഹരണത്തിന്‌, ഒരു സ്‌ത്രീക്ക്‌ വാഹനാപകടത്തിൽ രണ്ടു കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടപ്പോൾ പുരോഹിതൻ പറഞ്ഞത്‌ “അത്‌ ദൈവഹിതമായിരുന്നു, ദൈവത്തിന്‌ രണ്ടു മാലാഖമാരെക്കൂടി ആവശ്യമുണ്ടായിരുന്നു” എന്നാണ്‌. ദുരന്തങ്ങൾ സംഭവിക്കുമ്പോൾ നടത്തുന്ന ഇത്തരം പ്രസ്‌താവനകളിലൂടെ യഥാർഥത്തിൽ ദൈവത്തെയാണ്‌ അവർ കുറ്റപ്പെടുത്തുന്നത്‌. എന്നാൽ ശിഷ്യനായ യാക്കോബ്‌ എഴുതി: “പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.” (യാക്കോബ്‌ 1:13) യഹോവയാം ദൈവം ഒരിക്കലും തിന്മ പ്രവർത്തിക്കില്ല. തീർച്ചയായും, “ദൈവം ദുഷ്ടത . . . ഒരിക്കലും ചെയ്‌കയില്ല.”​—⁠ഇയ്യോബ്‌ 34:10.

6. ഇന്നത്തെ ദുഷ്ടതയുടെയും കഷ്ടപ്പാടിന്റെയും പിന്നിലുള്ളതാരാണ്‌?

6 അങ്ങനെയെങ്കിൽ ഇത്രയധികം ദുഷ്ടതയും കഷ്ടപ്പാടും ഉള്ളത്‌ എന്തുകൊണ്ടാണ്‌? മനുഷ്യവർഗം പൊതുവേ ദൈവത്തിന്റെ നീതിനിഷ്‌ഠമായ നിയമങ്ങൾക്കും തത്ത്വങ്ങൾക്കും കീഴ്‌പെടാൻ മനസ്സില്ലാതെ അവന്റെ ഭരണാധിപത്യം നിരസിച്ചിരിക്കുന്നു എന്നതാണ്‌ ഒരു കാരണം. “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്നു ബൈബിൾ പറയുന്നു, അതുകൊണ്ട്‌ അറിയാതെയാണെങ്കിലും അവർ ദൈവത്തിന്റെ എതിരാളിയായ സാത്താന്‌ തങ്ങളെത്തന്നെ കീഴ്‌പെടുത്തിയിരിക്കുന്നു. (1 യോഹന്നാൻ 5:⁠19) ഈ വസ്‌തുത തിരിച്ചറിയുന്നത്‌ ഇന്നു നിലനിൽക്കുന്ന ദുരവസ്ഥയുടെ കാരണം മനസ്സിലാക്കാൻ നമ്മെ സഹായിക്കും. സാത്താൻ വിദ്വേഷിയും വഞ്ചകനും ക്രൂരനും ആണ്‌. അതുകൊണ്ട്‌ ലോകം അതിന്റെ ഭരണാധിപന്റെ വ്യക്തിത്വം പ്രതിഫലിപ്പിക്കുമെന്നു നാം പ്രതീക്ഷിക്കണം. ആ സ്ഥിതിക്ക്‌ ഇന്ന്‌ ലോകത്തിൽ വളരെയധികം ദുഷ്ടതയുള്ളതിൽ അതിശയിക്കേണ്ടതുണ്ടോ?

7. നാം അനുഭവിക്കുന്ന ദുരിതങ്ങൾക്കുള്ള ചില കാരണങ്ങളേവ?

7 കഷ്ടപ്പാടുകൾക്കുള്ള മറ്റൊരു കാരണം മനുഷ്യന്റെ അപൂർണതയാണ്‌. ആധിപത്യത്തിനായി പോരടിക്കുന്ന സ്വഭാവം പാപികളായ മനുഷ്യർക്കു പണ്ടേയുണ്ട്‌, അതു മിക്കപ്പോഴും യുദ്ധത്തിലും അടിച്ചമർത്തലിലും കഷ്ടപ്പാടുകളിലും കലാശിക്കുന്നു. ‘മനുഷ്യൻ മനുഷ്യന്റെമേൽ അവന്റെ ദോഷത്തിനായി അധികാരം നടത്തിയിരിക്കുന്നു’ എന്ന്‌ സഭാപ്രസംഗി 8:​9-ൽ പറഞ്ഞിരിക്കുന്നത്‌ എത്ര ശരിയാണ്‌! ഇനിയൊരു കാരണം, “കാലവും ഗതിയും” അഥവാ പുതിയലോക ഭാഷാന്തരം പറയുന്നപ്രകാരം “കാലവും മുൻകൂട്ടി കാണാൻ കഴിയാത്ത സംഭവങ്ങളും” ആണ്‌. (സഭാപ്രസംഗി 9:11) പലപ്പോഴും ആളുകൾ ദുരന്തത്തിന്‌ ഇരയാകുന്നത്‌ ഒരു പ്രത്യേക സമയത്ത്‌ ഒരു പ്രത്യേക സ്ഥലത്ത്‌ ആയിപ്പോകുന്നതുകൊണ്ടാണ്‌.

8, 9. നമ്മെക്കുറിച്ച്‌ യഥാർഥത്തിൽ കരുതലുള്ളവനാണു യഹോവയെന്നു നമുക്ക്‌ എങ്ങനെ അറിയാം?

8 ദൈവം കഷ്ടപ്പാടിന്‌ ഇടയാക്കുന്നില്ലെന്ന്‌ അറിയുന്നത്‌ തികച്ചും ആശ്വാസപ്രദമാണ്‌. എന്നിരുന്നാലും നമ്മുടെ ജീവിതത്തിൽ എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ചു ദൈവം സത്യത്തിൽ ചിന്തയുള്ളവനാണോ? ഹൃദയോഷ്‌മളമായ ഉത്തരം ഉവ്വ്‌ എന്നാണ്‌! മനുഷ്യർ തെറ്റായ ഗതി പിന്തുടരാൻ അനുവദിച്ചിരിക്കുന്നതിന്റെ കാരണങ്ങൾ, തന്റെ നിശ്വസ്‌ത വചനത്തിലൂടെ അവൻ വ്യക്തമാക്കിയിട്ടുള്ളത്‌ ദൈവം നമുക്കുവേണ്ടി കരുതുന്നു എന്നതിന്റെ തെളിവാണ്‌. ദൈവത്തിന്റെ പരമാധികാരം, മനുഷ്യന്റെ നിർമലത എന്നീ രണ്ടു വിവാദവിഷയങ്ങൾ അതിൽ ഉൾപ്പെടുന്നു. യഹോവ സർവശക്തനായ സ്രഷ്ടാവായതിനാൽ കഷ്ടപ്പാടുകൾ അനുവദിക്കുന്നതിന്റെ കാരണം നമ്മോടു വിശദീകരിക്കേണ്ട ബാധ്യതയൊന്നും അവനില്ല. എന്നിട്ടും അവൻ അതു വെളിപ്പെടുത്താൻ തയ്യാറായത്‌ നമ്മെക്കുറിച്ചു കരുതലുള്ളവൻ ആയതുകൊണ്ടാണ്‌.

9 ദൈവം നമ്മെക്കുറിച്ചു കരുതുന്നു എന്നതിനുള്ള കൂടുതലായ തെളിവുകൾ പരിചിന്തിക്കുക. നോഹയുടെ നാളിൽ ഭൂമിയിൽ ദുഷ്ടത പെരുകിയപ്പോൾ “അവന്റെ ഹൃദയത്തിന്നു ദുഃഖമായി” എന്നു ബൈബിൾ പറയുന്നു. (ഉല്‌പത്തി 6:5, 6) ഇന്നും അങ്ങനെതന്നെ ആണോ അവനു തോന്നുന്നത്‌? തീർച്ചയായും, കാരണം യഹോവയ്‌ക്കു മാറ്റമില്ല. (മലാഖി 3:6) അവൻ സകലതരം അനീതിയും വെറുക്കുന്നു, ആളുകളുടെ കഷ്ടപ്പാടുകൾ അവനിൽ വേദനയുളവാക്കുന്നു. മാനുഷ ഭരണത്തിന്റെയും പൈശാചിക സ്വാധീനത്തിന്റെയും ഫലമായുണ്ടായ സകല കേടുപാടുകളും ദൈവം പെട്ടെന്നുതന്നെ നീക്കം ചെയ്യുമെന്ന്‌ ബൈബിൾ പഠിപ്പിക്കുന്നു. ദൈവം നമ്മെ സംബന്ധിച്ചു കരുതലുള്ളവൻ ആണെന്നതിനുള്ള ശക്തമായ തെളിവല്ലേ ഇത്‌?

10. മനുഷ്യന്റെ കഷ്ടപ്പാടുകളെ യഹോവ എങ്ങനെ വീക്ഷിക്കുന്നു?

10 അതുകൊണ്ട്‌ ദുരന്തങ്ങൾ ദൈവേഷ്ടമാണെന്നു പറയുന്ന മതനേതാക്കൾ ദൈവത്തെ തികച്ചും തെറ്റായ വിധത്തിലാണു ചിത്രീകരിക്കുന്നത്‌. എന്നാൽ യഹോവയാകട്ടെ, മാനുഷ ദുരിതത്തിന്‌ അറുതിവരുത്താൻ വാഞ്‌ഛിക്കുന്നു. ‘അവൻ നിങ്ങൾക്കായി കരുതുന്നു’വെന്ന്‌ 1 പത്രൊസ്‌ 5:⁠7 പറയുന്നു. അതാണ്‌ ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്നത്‌!

ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്‌?

11. ഭൂമിയിലെ ജീവിതത്തെക്കുറിച്ച്‌ മതങ്ങൾ സാധാരണ എന്താണു പഠിപ്പിക്കുന്നത്‌?

11 പല ആളുകളെയും കുഴപ്പിക്കുന്ന രണ്ടാമത്തെ ചോദ്യം ഇതാണ്‌: ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്‌? മനുഷ്യന്റെ ഭൂമിയിലെ വാസം താത്‌കാലികം മാത്രമാണെന്നാണു മിക്കപ്പോഴും മതങ്ങൾ പഠിപ്പിക്കുന്നത്‌. മറ്റെവിടേക്കോയുള്ള യാത്രയിലെ ഒരു ഇടത്താവളം മാത്രമായി അവർ ഭൂമിയെ കണക്കാക്കുന്നു. ദൈവം ഒരിക്കൽ ഈ ഗ്രഹം നശിപ്പിച്ചുകളയുമെന്നു ചില പുരോഹിതന്മാർ തെറ്റായി പഠിപ്പിക്കുന്നു. ‘ഏതായാലും ഇന്നല്ലെങ്കിൽ നാളെ മരിക്കണം, അതുകൊണ്ട്‌ ജീവിതം പരമാവധി ആസ്വദിക്കാം’ എന്ന ചിന്താഗതിയിലാണ്‌ ഈ പഠിപ്പിക്കലുകൾ നിരവധി ആളുകളെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്‌. ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച്‌ ബൈബിൾ യഥാർഥത്തിൽ എന്താണു പഠിപ്പിക്കുന്നത്‌?

12-14. ഭൂമിയെയും മനുഷ്യവർഗത്തെയും സംബന്ധിച്ച ദൈവോദ്ദേശ്യം എന്താണെന്നാണു ബൈബിൾ പഠിപ്പിക്കുന്നത്‌?

12 ഭൂമിയെയും മനുഷ്യവർഗത്തെയും കുറിച്ച്‌ ദൈവത്തിനു മഹത്തായ ഉദ്ദേശ്യമുണ്ട്‌. അവൻ “വ്യർത്ഥമായിട്ടല്ല . . . പാർപ്പിന്നത്രേ അതിനെ [ഭൂമിയെ] നിർമിച്ചത്‌.” (യെശയ്യാവു 45:⁠18) അതിലുപരിയായി, “അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.” (സങ്കീർത്തനം 104:5) ഭൂമിയെക്കുറിച്ചും മനുഷ്യവർഗത്തെക്കുറിച്ചുമുള്ള ഈ ദൈവോദ്ദേശ്യം അറിയുന്നത്‌ ജീവിതത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കാൻ നമ്മെ സഹായിക്കും.

13 മനുഷ്യവാസത്തിനുവേണ്ടി ഭൂമിയെ ഒരുക്കുന്നതിൽ ദൈവം അതീവ ശ്രദ്ധ പുലർത്തിയെന്ന്‌ ഉല്‌പത്തിപ്പുസ്‌തകത്തിന്റെ ഒന്നും രണ്ടും അധ്യായങ്ങൾ കാണിക്കുന്നു. ആറു സൃഷ്ടിദിവസങ്ങളുടെ ഒടുവിൽ എല്ലാം ‘എത്രയും നല്ലത്‌’ ആയിരുന്നു. (ഉല്‌പത്തി 1:31) ആദ്യ മനുഷ്യനെയും സ്‌ത്രീയെയും​—⁠ആദാമിനെയും ഹവ്വായെയും​—⁠നല്ല ഭക്ഷ്യവിഭവങ്ങൾ സമൃദ്ധമായുള്ള അതിമനോഹരമായ ഏദെൻ തോട്ടത്തിൽ ദൈവം ആക്കിവെച്ചു. എന്നിട്ട്‌ “സന്താനപുഷ്‌ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി . . . വാഴുവിൻ” എന്ന്‌ അവരോടു കൽപ്പിച്ചു. തങ്ങളുടെ ഉദ്യാനഭവനത്തിന്റെ അതിർത്തികൾ ഭൂമിയിലെമ്പാടും വ്യാപിപ്പിക്കാനും ജന്തുജാലങ്ങളുടെമേൽ സ്‌നേഹപുരസ്സരമായ ആധിപത്യം പുലർത്താനും പൂർണരായ മക്കൾ അവർക്ക്‌ ഉണ്ടാകേണ്ടിയിരുന്നു.​—⁠ഉല്‌പത്തി 1:26-28.

14 പൂർണതയുള്ള മാനുഷ കുടുംബം ഭൂമിയിൽ എന്നേക്കും ജീവിക്കുകയെന്നതാണു യഹോവയുടെ ഉദ്ദേശ്യം. ദൈവത്തിന്റെ വചനം പറയുന്നു: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) അതേ, ഭൂമിയിലെ പറുദീസയിൽ മനുഷ്യവർഗം നിത്യജീവൻ ആസ്വദിക്കണമായിരുന്നു, അതാണ്‌ ദൈവോദ്ദേശ്യം, അതുതന്നെയാണ്‌ ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്നതും!

മരിക്കുമ്പോൾ നമുക്ക്‌ എന്തു സംഭവിക്കുന്നു?

15. മരിക്കുമ്പോൾ എന്തു സംഭവിക്കുന്നുവെന്നാണു മിക്ക മതങ്ങളും പഠിപ്പിക്കുന്നത്‌?

15 പലരെയും കുഴപ്പിക്കുന്ന മറ്റൊരു ചോദ്യമാണ്‌ ഇനി ചർച്ചചെയ്യാനുള്ളത്‌: മരിക്കുമ്പോൾ നമുക്ക്‌ എന്തു സംഭവിക്കുന്നു? ശരീരം മരിച്ചതിനുശേഷവും വ്യക്തിയുടെ ഉള്ളിലുള്ള എന്തോ ഒന്ന്‌ തുടർന്നും ജീവിക്കുന്നുവെന്ന്‌ ലോകത്തിലെ മിക്ക മതങ്ങളും പഠിപ്പിക്കുന്നു. ദുഷ്ടന്മാരെ ശിക്ഷിക്കുന്നതിനുവേണ്ടി ദൈവം അവരെ അഗ്നിനരകത്തിൽ എന്നേക്കും ദണ്ഡിപ്പിക്കുന്നുവെന്ന ആശയത്തെ ചില മതങ്ങൾ ഇപ്പോഴും മുറുകെപ്പിടിക്കുന്നു. അതാണോ സത്യം? മരണത്തെക്കുറിച്ചു ബൈബിൾ യഥാർഥത്തിൽ എന്താണു പഠിപ്പിക്കുന്നത്‌?

16, 17. മരിച്ചവരുടെ അവസ്ഥയെക്കുറിച്ചു ബൈബിൾ എന്തു പറയുന്നു?

16 ദൈവവചനം പ്രസ്‌താവിക്കുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല.” മരിച്ചവർ “ഒന്നും അറിയുന്നില്ല” എന്നതിനാൽ, അവർക്കു കേൾക്കാനോ കാണാനോ സംസാരിക്കാനോ സ്‌പർശിച്ചറിയാനോ ചിന്തിക്കാനോ കഴിയില്ല. അവർക്ക്‌ മേലാൽ ഒരു പ്രതിഫലവും നേടാൻ കഴിയില്ല എന്നതും ശ്രദ്ധിക്കുക. യാതൊരു പ്രവൃത്തിയും ചെയ്യാൻ കഴിയാത്തവർക്ക്‌ എങ്ങനെയാണു പ്രതിഫലം ലഭിക്കുക? കൂടാതെ, “അവരുടെ സ്‌നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി” അതായത്‌, അവർക്കു മേലാൽ യാതൊരു വികാരവും പ്രകടിപ്പിക്കാൻ കഴിയില്ല.​—⁠സഭാപ്രസംഗി 9:5, 6, 10.

17 ഇതു സംബന്ധിച്ച ബൈബിളിന്റെ വിശദീകരണം ലളിതവും വ്യക്തവും ആണ്‌. മരിച്ചവർ മറ്റൊരിടത്തും ജീവിച്ചിരിക്കുന്നില്ല. പുനർജന്മത്തിൽ വിശ്വസിക്കുന്നവർ പറയുന്നതുപോലെ മറ്റൊരു ശരീരത്തിൽ പുനർജനിക്കേണ്ടതിനു മരണത്തിങ്കൽ ശരീരംവെടിഞ്ഞ്‌ തുടർന്നു ജീവിക്കുന്ന യാതൊന്നും നമ്മിൽ ഇല്ല. ആ സംഗതി നമുക്ക്‌ ഇങ്ങനെ ദൃഷ്ടാന്തീകരിക്കാൻ കഴിഞ്ഞേക്കും: നമ്മുടെ ജീവൻ മെഴുകുതിരിനാളംപോലെയാണ്‌. നാളം കെടുത്തിക്കഴിഞ്ഞാൽ അത്‌ എങ്ങോട്ടും പോകുന്നില്ല, അത്‌ ഇല്ലാതാകുന്നു, അത്രമാത്രം.

18. മരിച്ചവർ ഒന്നും അറിയുന്നില്ലെന്നു മനസ്സിലാക്കുമ്പോൾ, അത്‌ ഒരു ബൈബിൾ വിദ്യാർഥിയെ എങ്ങനെ സഹായിക്കും?

18 ലളിതമെങ്കിലും ശക്തമായ ഈ സത്യം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചു ചിന്തിക്കുക. മരിച്ചവർ ഒന്നും അറിയുന്നില്ലെന്ന്‌ ഒരു ബൈബിൾ വിദ്യാർഥി മനസ്സിലാക്കുമ്പോൾ, അത്‌ അദ്ദേഹത്തെ എങ്ങനെ സഹായിക്കുന്നു എന്നു നോക്കുക. ജീവിച്ചിരുന്നപ്പോൾ തന്നോടു വളരെയധികം വൈരാഗ്യം ഉണ്ടായിരുന്നവർക്കുപോലും മരണശേഷം തന്നെ ദ്രോഹിക്കാൻ കഴിയില്ലെന്ന്‌ അദ്ദേഹം എളുപ്പം തിരിച്ചറിയും. മരിച്ചുപോയ തന്റെ പ്രിയപ്പെട്ടവർക്ക്‌ കേൾക്കാനോ കാണാനോ സംസാരിക്കാനോ സ്‌പർശിച്ചറിയാനോ ചിന്തിക്കാനോ കഴിയില്ലെന്നും അദ്ദേഹം പെട്ടെന്നുതന്നെ മനസ്സിലാക്കും. അപ്പോൾപ്പിന്നെ അവർക്ക്‌ ശുദ്ധീകരണസ്ഥലത്തെ കടുത്ത ഏകാന്തതയോ ഒരു അഗ്നിദണ്ഡനസ്ഥലത്തെ യാതനയോ അനുഭവിക്കാൻ കഴിയില്ല. എന്നിരുന്നാലും സ്‌മാരക കല്ലറയിലുള്ള അതായത്‌ ദൈവത്തിന്റെ ഓർമയിലുള്ള എല്ലാവരും പുനരുത്ഥാനത്തിൽ വരുമെന്നു ബൈബിൾ പഠിപ്പിക്കുന്നു. എത്ര മഹത്തായ പ്രത്യാശ!​—⁠യോഹന്നാൻ 5:28, 29, NW.

നമുക്കുവേണ്ടി ഒരു പുതിയ പുസ്‌തകം

19, 20. ക്രിസ്‌ത്യാനികൾ എന്ന നിലയിൽ നമുക്ക്‌ എന്ത്‌ ഉത്തരവാദിത്വമാണുള്ളത്‌, വിശേഷിച്ചും നമ്മുടെ ശുശ്രൂഷയിൽ ഉപയോഗിക്കുന്നതിനുവേണ്ടി തയ്യാർ ചെയ്‌തിരിക്കുന്ന ബൈബിൾപഠന സഹായി ഏതാണ്‌?

19 ആളുകളെ കുഴപ്പിക്കുന്ന മൂന്നു ചോദ്യങ്ങൾ മാത്രമേ നാം പരിചിന്തിച്ചുള്ളൂ. ഇവയിൽ ഓരോന്നിനോടുമുള്ള ബന്ധത്തിൽ ബൈബിളിന്റെ പഠിപ്പിക്കൽ വ്യക്തവും വളച്ചുകെട്ടില്ലാത്തതും ആണെന്നു നാം കണ്ടുകഴിഞ്ഞു. ബൈബിൾ എന്താണു പഠിപ്പിക്കുന്നതെന്ന്‌ അറിയാൻ ആഗ്രഹിക്കുന്ന ആളുകളുമായി ഇത്തരം സത്യങ്ങൾ പങ്കുവെക്കുന്നത്‌ എത്രയോ സന്തോഷകരമാണ്‌! എന്നാൽ പരമാർഥഹൃദയരായ ആളുകൾക്ക്‌ തൃപ്‌തികരമായ ഉത്തരം കിട്ടേണ്ട പ്രധാനപ്പെട്ട ധാരാളം ചോദ്യങ്ങൾ ഇനിയും ഉണ്ട്‌. അത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ആളുകളെ സഹായിക്കുന്നതിനുള്ള ഉത്തരവാദിത്വം ക്രിസ്‌ത്യാനികളെന്ന നിലയിൽ നമുക്കുണ്ട്‌.

20 തിരുവെഴുത്തുസത്യങ്ങൾ വ്യക്തമായും അതേസമയം ഹൃദയസ്‌പർശിയായും പഠിപ്പിക്കുകയെന്നതു വെല്ലുവിളിതന്നെയാണ്‌. ആ വെല്ലുവിളി നേരിടുന്നതിനു നമ്മെ സഹായിക്കുന്ന ഒരു പുസ്‌തകം “വിശ്വസ്‌തനും വിവേകിയുമായ അടിമ” തയ്യാറാക്കിയിട്ടുണ്ട്‌. (മത്തായി 24:45-47, NW) വിശേഷിച്ചും നമ്മുടെ ക്രിസ്‌തീയ ശുശ്രൂഷയിൽ ഉപയോഗിക്കുന്നതിനുവേണ്ടി തയ്യാർ ചെയ്‌ത, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന തലക്കെട്ടോടുകൂടിയ 224 പേജുള്ള പുസ്‌തകമാണിത്‌.

21, 22. ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ ചില ശ്രദ്ധേയമായ സവിശേഷതകൾ എന്തെല്ലാം?

21 രണ്ടായിരത്തഞ്ചിൽ നടന്ന യഹോവയുടെ സാക്ഷികളുടെ “ദൈവിക അനുസരണം” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ പ്രകാശനം ചെയ്‌ത ഈ പുസ്‌തകത്തിനു ശ്രദ്ധേയമായ പല സവിശേഷതകളുമുണ്ട്‌. ഉദാഹരണത്തിന്‌ അധ്യയനങ്ങൾ ആരംഭിക്കാൻ വളരെ സഹായകമെന്നു തെളിഞ്ഞിരിക്കുന്ന അഞ്ചു പേജുള്ള ഒരു ആമുഖം ഈ പുസ്‌തകത്തിനുണ്ട്‌. ആമുഖത്തിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങളും തിരുവെഴുത്തുകളും ചർച്ചചെയ്യുന്നത്‌ എളുപ്പമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കും. ബൈബിളിലെ അധ്യായങ്ങളും വാക്യങ്ങളും എങ്ങനെ കണ്ടുപിടിക്കാമെന്നു വിദ്യാർഥിക്കു വിശദീകരിച്ചു കൊടുക്കാൻ ഈ ഭാഗത്തുള്ള ചതുരത്തിലെ വിവരങ്ങളും ഉപയോഗിക്കാവുന്നതാണ്‌.

22 ലളിതവും വ്യക്തവുമായ ഒരു രചനാരീതിയാണ്‌ ഈ പുസ്‌തകത്തിൽ ഉപയോഗിച്ചിരിക്കുന്നത്‌. സാധ്യമാകുമ്പോഴെല്ലാം വിദ്യാർഥിയെ ഉൾപ്പെടുത്തിക്കൊണ്ട്‌ വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തിച്ചേരാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്‌. ഓരോ അധ്യായത്തിന്റെയും തുടക്കത്തിൽ ആമുഖ ചോദ്യങ്ങളും ഒടുവിൽ “ബൈബിൾ പഠിപ്പിക്കുന്നത്‌” എന്ന ശീർഷകത്തിലുള്ള ഒരു ചതുരവും ഉണ്ട്‌. ഈ ചതുരത്തിൽ ആമുഖ ചോദ്യങ്ങൾക്കുള്ള തിരുവെഴുത്ത്‌ ഉത്തരങ്ങളാണുള്ളത്‌. ഈ പുസ്‌തകത്തിലുള്ള ചിത്രങ്ങളും ചിത്രക്കുറിപ്പുകളും അതുപോലെ ദൃഷ്ടാന്തങ്ങളും ഒരു വിദ്യാർഥിക്ക്‌ പുതിയ ആശയങ്ങൾ ഗ്രഹിക്കുക എളുപ്പമാക്കിത്തീർക്കുന്നു. ഓരോ അധ്യായത്തിലെയും വിവരങ്ങൾ വളരെ ലളിതമായിട്ടാണ്‌ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും, 14 സുപ്രധാന വിഷയങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഒരു അനുബന്ധം ഈ പുസ്‌തകത്തിൽ ഉണ്ട്‌. വിദ്യാർഥി കൂടുതലായ വിവരങ്ങൾ ആവശ്യപ്പെടുന്നെങ്കിൽ അത്‌ ഉപയോഗിക്കുന്നതു സഹായകമായിരിക്കും.

23. ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം അധ്യയനങ്ങളിൽ ഉപയോഗിക്കുന്നതു സംബന്ധിച്ച്‌ എന്തു നിർദേശങ്ങൾ നൽകിയിരിക്കുന്നു?

23 ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം, വ്യത്യസ്‌ത വിദ്യാഭ്യാസ നിലവാരത്തിലും മതപശ്ചാത്തലത്തിലും ഉള്ളവരെ പഠിപ്പിക്കാൻ നമ്മെ സഹായിക്കുന്നതിനുവേണ്ടി തയ്യാർ ചെയ്‌തിട്ടുള്ളതാണ്‌. ഒരു വിദ്യാർഥിക്കു ബൈബിളിനെക്കുറിച്ച്‌ ഒന്നും അറിയില്ലെങ്കിൽ, ഒരധ്യായം പഠിച്ചുതീർക്കാൻ പലയാഴ്‌ചകൾ വേണ്ടിവന്നേക്കാം. ഓടിച്ചുതീർക്കുന്നതിനു പകരം വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തിച്ചേരാൻ ശ്രമിക്കുക. പുസ്‌തകത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ദൃഷ്ടാന്തം വിദ്യാർഥിക്കു മനസ്സിലായില്ലെങ്കിൽ അതു വിശദീകരിക്കുക അല്ലെങ്കിൽ മറ്റൊരു ദൃഷ്ടാന്തം ഉപയോഗിക്കുക. “സത്യത്തിന്റെ വചനം ശരിയായി കൈകാര്യം” ചെയ്യുന്നതിനുവേണ്ടി, നന്നായി തയ്യാറാകുക, ഈ പുസ്‌തകം ഫലപ്രദമായി ഉപയോഗിക്കാൻ പരമാവധി ശ്രമിക്കുക, സഹായത്തിനായി ദൈവത്തോടു പ്രാർഥിക്കുക.​—⁠2 തിമൊഥെയൊസ്‌ 2:​15, NW.

അമൂല്യമായ പദവികളെപ്രതി കൃതജ്ഞത ഉള്ളവരായിരിക്കുക

24, 25. അമൂല്യമായ എന്തു പദവികളാണു യഹോവ തന്റെ ജനത്തിനു നൽകിയിരിക്കുന്നത്‌?

24 യഹോവ തന്റെ ജനത്തിന്‌ അമൂല്യമായ പദവികൾ നൽകിയിട്ടുണ്ട്‌. അവനെക്കുറിച്ചുള്ള സത്യം അറിയാൻ അവൻ നമ്മെ പ്രാപ്‌തരാക്കിയിരിക്കുന്നു. നാം ഒരിക്കലും ആ പദവി വിലകുറച്ചു കാണരുത്‌! ദൈവം തന്റെ ഉദ്ദേശ്യങ്ങൾ അഹങ്കാരികളിൽനിന്നു മറച്ചു താഴ്‌മയുള്ളവർക്കു വെളിപ്പെടുത്തിയിരിക്കുന്നു. ഇതിനെ സംബന്ധിച്ച്‌ യേശു പറഞ്ഞു: “പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്‌ത്തുന്നു.” (മത്തായി 11:25) അഖിലാണ്ഡ പരമാധികാരിയായ യഹോവയെ സേവിക്കുന്ന താഴ്‌മയുള്ളവരുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നത്‌ അപൂർവമായ ഒരു പദവിയാണ്‌.

25 യഹോവയെക്കുറിച്ചു മറ്റുള്ളവരെ പഠിപ്പിക്കുകയെന്ന പദവിയും അവൻ നമുക്കു നൽകിയിരിക്കുന്നു. യഹോവയെക്കുറിച്ചു നുണകൾ പഠിപ്പിക്കുന്നവർ അവനെ തെറ്റായ വിധത്തിലാണു വരച്ചുകാട്ടിയിരിക്കുന്നതെന്ന്‌ ഓർക്കുക. അതിനാൽ, അവനെക്കുറിച്ചു തികച്ചും വികലമായ ഒരു ചിത്രമാണ്‌ അനേകരുടെയും മനസ്സിലുള്ളത്‌. അവൻ കരുതലില്ലാത്തവനും കഠിനഹൃദയനും ആണെന്നു ചിന്തിക്കാൻ അത്‌ ഇടയാക്കിയിരിക്കുന്നു. ആ തെറ്റിദ്ധാരണ തിരുത്താൻ സന്നദ്ധരും ആകാംക്ഷയുള്ളവരും ആണോ നിങ്ങൾ? പരമാർഥഹൃദയരായ സകലരും യഹോവയെക്കുറിച്ചുള്ള സത്യം അറിയണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ, ജീവത്‌പ്രധാന സംഗതികളെക്കുറിച്ച്‌ തിരുവെഴുത്തുകൾ പറയുന്ന കാര്യങ്ങൾ സതീക്ഷ്‌ണം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്‌തുകൊണ്ട്‌ ദൈവിക അനുസരണം പ്രകടമാക്കുക. ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നുവെന്ന്‌ സത്യാന്വേഷികൾ അറിയേണ്ടതുണ്ട്‌.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• ദൈവം നമ്മെക്കുറിച്ചു കരുതലുള്ളവനാണെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

• ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്‌?

• മരിക്കുമ്പോൾ നമുക്ക്‌ എന്തു സംഭവിക്കുന്നു?

• ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തിന്റെ ഏതു സവിശേഷതകളാണു നിങ്ങൾ വിശേഷിച്ചും വിലമതിക്കുന്നത്‌?

[അധ്യയന ചോദ്യങ്ങൾ]

[22-ാം പേജിലെ ചിത്രങ്ങൾ]

കഷ്ടപ്പാടുകൾ അവസാനിക്കുമെന്ന്‌ ബൈബിൾ പഠിപ്പിക്കുന്നു

[കടപ്പാട്‌]

മുകളിൽ, വലത്തുവശത്തുള്ള പെൺകുട്ടി: © Bruno Morandi/age fotostock; ഇടത്തുവശത്തുള്ള, സ്‌ത്രീ: AP Photo/Gemunu Amarasinghe; താഴെ, വലത്തുവശത്തുള്ള അഭയാർഥികൾ: © Sven Torfinn/Panos Pictures

[23-ാം പേജിലെ ചിത്രം]

നീതിമാന്മാർ പറുദീസയിൽ എന്നേക്കും ജീവിക്കും