യെശയ്യാവിൽനിന്നുള്ള വിശേഷാശയങ്ങൾ—ഭാഗം 2
യഹോവയുടെ വചനം ജീവനുള്ളത്
യെശയ്യാവിൽനിന്നുള്ള വിശേഷാശയങ്ങൾ—ഭാഗം 2
യെശയ്യാവ് ഒരു പ്രവാചകനെന്ന നിലയിലുള്ള തന്റെ ദൗത്യം വിശ്വസ്‌തമായി നിർവഹിക്കുകയാണ്. പത്തുഗോത്ര ഇസ്രായേൽ രാജ്യത്തിനെതിരെ അവൻ പ്രഖ്യാപിച്ച ന്യായവിധികൾ അതിനോടകം നിവൃത്തിയേറിയിരുന്നു. ഇപ്പോൾ അവൻ പ്രഖ്യാപിക്കാൻ പോകുന്നത് യെരൂശലേമിന് എന്തു സംഭവിക്കും എന്നതിനെക്കുറിച്ചാണ്.
യെരൂശലേം നഗരം നശിപ്പിക്കപ്പെടുകയും അതിലെ നിവാസികളെ ബദ്ധന്മാരായി പിടിച്ചുകൊണ്ടു പോകുകയും ചെയ്യും. എന്നിരുന്നാലും ആ ശൂന്യമാക്കൽ ശാശ്വതമായിരിക്കില്ല. കുറെക്കാലത്തിനു ശേഷം സത്യാരാധന പുനഃസ്ഥാപിക്കപ്പെടും. ഇതാണ് യെശയ്യാവു 36:1–66:24-ലെ * അടിസ്ഥാന സന്ദേശം. ഈ അധ്യായങ്ങളുടെ പരിചിന്തനം നമുക്കു പ്രയോജനം ചെയ്യും. കാരണം ഈ ഭാഗത്തു കാണുന്ന പ്രവചനങ്ങളിൽ പലതിനും ഒന്നുകിൽ നമ്മുടെ നാളിൽ അല്ലെങ്കിൽ സമീപഭാവിയിൽ ഏറെ പ്രധാനപ്പെട്ടതോ അന്തിമമോ ആയ ഒരു നിവൃത്തിയുണ്ട്. യെശയ്യാ പുസ്‌തകത്തിന്റെ ഈ ഭാഗത്ത് മിശിഹായെ സംബന്ധിച്ച ശ്രദ്ധേയമായ പ്രവചനങ്ങളും അടങ്ങിയിരിക്കുന്നു.
“കാലം വരുന്നു!”
ഹിസ്‌കീയാ രാജാവിന്റെ ഭരണത്തിന്റെ 14-ാം ആണ്ടിൽ (പൊതുയുഗത്തിനുമുമ്പ് 732) അസ്സീറിയക്കാർ യെഹൂദായ്‌ക്കെതിരെ വന്നു. യെരൂശലേമിനെ സംരക്ഷിക്കുമെന്ന് യഹോവ വാഗ്‌ദാനം ചെയ്യുന്നു. യഹോവയുടെ ഒരു ദൂതൻ ഒറ്റയ്‌ക്ക് 1,85,000 അസ്സീറിയൻ പടയാളികളെ വധിക്കുന്നതോടെ ആക്രമണഭീഷണി അവസാനിക്കുന്നു.
ഹിസ്‌കീയാവ് രോഗിയായിത്തീരുന്നു. യഹോവ അവന്റെ പ്രാർഥനയ്‌ക്ക് ഉത്തരമരുളുന്നു. അവന്റെ രോഗം സൗഖ്യമാക്കുകയും ആയുസ്സിനോട് 15 വർഷം കൂട്ടിക്കൊടുക്കുകയും ചെയ്‌തുകൊണ്ടാണ് ദൈവം അതു ചെയ്യുന്നത്. അവന് ആശംസകൾ നേരുന്നതിനായി ബാബിലോൺ രാജാവ് പ്രതിനിധികളെ അയയ്‌ക്കുമ്പോൾ ഹിസ്‌കീയാവ് തന്റെ ഭണ്ഡാരഗൃഹം മുഴുവൻ അവരെ കാണിച്ചുകൊണ്ട് ബുദ്ധിശൂന്യമായി പ്രവർത്തിക്കുന്നു. യഹോവയുടെ ദൂത് യെശയ്യാവ് ഹിസ്‌കീയാവിനെ അറിയിക്കുന്നു. അവൻ പറയുന്നു: “നിന്റെ രാജധാനിയിൽ ഉള്ളതൊക്കെയും നിന്റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവെച്ചിട്ടുള്ളതും ഒട്ടൊഴിയാതെ ബാബേലിലേക്കു എടുത്തു കൊണ്ടുപോകുന്ന കാലം വരുന്നു!” (യെശയ്യാവു 39:5, 6) നൂറുവർഷവും അൽപ്പവുംകൂടി പിന്നിടുമ്പോൾ ആ പ്രവചനം നിവൃത്തിയേറുന്നു.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
38:8—“നിഴലിനെ . . . പത്തു പടി പിന്നോക്കം തിരിയുമാറാക്കും.” എന്താണ് ഈ “പടി?” പൊതുയുഗത്തിനുമുമ്പ് (പൊ.യു.മു.) 8-ാം നൂറ്റാണ്ടോടെ ഈജിപ്‌തിലും ബാബിലോണിലും സൂര്യഘടികാരങ്ങളുടെ ഉപയോഗം നിലവിലിരുന്നു. അതുകൊണ്ട് ഹിസ്‌കീയാവിന്റെ പിതാവായ ആഹാസിന്റെ പക്കൽ ഉണ്ടായിരുന്നിരിക്കാൻ ഇടയുള്ള സൂര്യഘടികാരത്തിലെ അളവുകളെ ആയിരിക്കാം പടികൾ പരാമർശിക്കുന്നത്. അതല്ലെങ്കിൽ ഒരുപക്ഷേ രാജകൊട്ടാരത്തിനുള്ളിൽ ഉണ്ടായിരുന്ന നടകളെ ആയിരിക്കാം ഇതു സൂചിപ്പിക്കുന്നത്. ഈ നടകളുടെ അടുത്തായി ഉണ്ടായിരുന്ന ഒരു തൂണിന്റെ നിഴൽ ക്രമേണ പടികളിൽ വീഴുകയും അതിനെ അടിസ്ഥാനമാക്കി സമയം അളക്കുകയും ചെയ്‌തിരുന്നിരിക്കാം.
നമുക്കുള്ള പാഠങ്ങൾ:
36:2, 3, 22. രാജധാനിവിചാരകന്റെ സ്ഥാനത്തുനിന്ന് ശെബ്‌നയെ നീക്കിയെങ്കിലും ആ സ്ഥാനത്തു പുതുതായി നിയമിതനായ ആളിന്റെ രായസക്കാരൻ (സെക്രട്ടറി) ആയിരുന്നുകൊണ്ട് രാജസേവനത്തിൽ തുടരാൻ അവനെ അനുവദിച്ചു. (യെശയ്യാവു 22:15, 19) ഏതെങ്കിലും കാരണത്താൽ യഹോവയുടെ സംഘടനയിലെ ഒരു ഉത്തരവാദിത്വസ്ഥാനത്തുനിന്ന് നാം നീക്കപ്പെടുന്നെങ്കിൽ അവൻ അനുവദിക്കുന്ന ഏതൊരു സ്ഥാനത്തും ആയിരുന്നുകൊണ്ട് അവനെ സേവിക്കുന്നതിൽ നാം തുടരേണ്ടതല്ലേ?
37:1, 14, 15; 38:1, 2. ക്ലേശപൂർണമായ സമയങ്ങളിൽ പ്രാർഥനയിൽ യഹോവയിലേക്കു തിരിയുന്നതും അവനിൽ പൂർണ ആശ്രയം അർപ്പിക്കുന്നതുമായിരിക്കും ജ്ഞാനപൂർവകമായ ഗതി.
37:15-20; 38:2, 3. യെരൂശലേമിനു നേരെ അസ്സീറിയയുടെ ഭീഷണി ഉണ്ടായപ്പോൾ യെരൂശലേമിന്റെ വീഴ്‌ച യഹോവയുടെ നാമത്തിന്മേൽ ഉളവാക്കുന്ന നിന്ദയെക്കുറിച്ചായിരുന്നു ഹിസ്‌കീയാവിന്റെ മുഖ്യ ചിന്ത. തനിക്കു പിടിപെട്ടിരിക്കുന്ന രോഗം മരണകാരണമായിത്തീരും എന്നറിഞ്ഞ ഹിസ്‌കീയാവ് തന്റെ വ്യക്തിപരമായ താത്‌പര്യങ്ങൾക്ക് ഉപരിയായി ചിന്തിച്ചു. ഒരു അവകാശിയില്ലാതെ താൻ മരിച്ചാൽ ദാവീദിന്റെ രാജവംശത്തെ അത് എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചായിരുന്നു അവന്റെ വിഷമം മുഴുവൻ. അസ്സീറിയയ്‌ക്ക് എതിരെയുള്ള പോരാട്ടത്തെ ആർ നയിക്കും എന്നതു സംബന്ധിച്ചും അവൻ ചിന്തയുള്ളവനായിരുന്നു. ഹിസ്‌കീയാവിനെപ്പോലെതന്നെ ആയിരിക്കണം നാമും; സ്വന്തം രക്ഷയെക്കാൾ യഹോവയുടെ നാമവിശുദ്ധീകരണവും ഉദ്ദേശ്യനിവൃത്തിയുമായിരിക്കണം നമ്മുടെയും മുഖ്യ താത്‌പര്യം.
38:9-20. യഹോവയ്‌ക്കു സ്‌തുതി കരേറ്റുന്നതിനെക്കാൾ പ്രധാനമായി ജീവിതത്തിൽ യാതൊന്നുമില്ല എന്നാണ് ഹിസ്‌കീയാവിന്റെ ഗീതം നമ്മെ പഠിപ്പിക്കുന്നത്.
“യെരൂശലേം പണിയപ്പെടും”
യെരൂശലേമിന്റെ നാശത്തെയും തുടർന്നുള്ള ബാബിലോൺ പ്രവാസത്തെയും കുറിച്ച് മുൻകൂട്ടിപ്പറഞ്ഞശേഷം ഉടനെതന്നെ യെശയ്യാവ് പുനഃസ്ഥിതീകരണത്തെ സംബന്ധിച്ച് പ്രവചിക്കുന്നു. (യെശയ്യാവു 40:1, 2) “യെരൂശലേം പണിയപ്പെടും” എന്ന് യെശയ്യാവു 44:28-ൽ പറയുന്നു. ബാബിലോണ്യ ദൈവങ്ങളുടെ വിഗ്രഹങ്ങൾ വെറും “ഒരു ചുമട്” എന്നപോലെ വഹിച്ചുകൊണ്ടു പോകപ്പെടും. (യെശയ്യാവു 46:1) ബാബിലോൺ നശിപ്പിക്കപ്പെടും. രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം ഇവയെല്ലാം നിവൃത്തിയേറുന്നു.
യഹോവ തന്റെ ദാസനെ “ജാതികൾക്കു പ്രകാശമാ”യി നൽകും. (യെശയ്യാവു 49:6) ബാബിലോണിയൻ “ആകാശം,” അഥവാ ഭരണവർഗം “പുകപോലെ പോയ്‌പോകും.” അതിലെ നിവാസികൾ “കൊതുകുപോലെ ചത്തുപോകും.” എന്നാൽ ‘ബദ്ധയായ സീയോൻപുത്രി, തന്റെ കഴുത്തിലെ ബന്ധനങ്ങളെ അഴിച്ചുകളയും.’ (യെശയ്യാവു 51:6; 52:2) തന്റെ അടുക്കൽ വരുകയും തന്നെ ശ്രദ്ധിക്കുകയും ചെയ്യുന്നവരോട് യഹോവ പറയുന്നു: “ദാവീദിന്റെ നിശ്ചലകൃപകൾ എന്ന ഒരു ശാശ്വതനിയമം ഞാൻ നിങ്ങളോടു ചെയ്യും.” (യെശയ്യാവു 55:3) ദൈവത്തിന്റെ നീതിയുള്ള വ്യവസ്ഥകൾക്കു ചേർച്ചയിൽ ജീവിക്കുന്നത് ‘യഹോവയിൽ പ്രമോദം’ കണ്ടെത്തുന്നതിലേക്കു നയിക്കുന്നു. (യെശയ്യാവു 58:13) അതേസമയം ആളുകളുടെ അകൃത്യങ്ങൾ ‘അവരെയും അവരുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിക്കുന്നു.’—യെശയ്യാവു 59:2.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
40:27, 28—“എന്റെ വഴി യഹോവെക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു” എന്ന് ഇസ്രായേൽ പറഞ്ഞത് എന്തുകൊണ്ട്? തങ്ങൾ അനുഭവിക്കുന്ന അനീതി യഹോവയ്‌ക്കു മറഞ്ഞിരിക്കുന്നു, അല്ലെങ്കിൽ അവൻ കാണുന്നില്ല എന്ന് ബാബിലോണിലായിരുന്ന ചില യഹൂദന്മാർ വിചാരിച്ചിട്ടുണ്ടാകണം. എന്നാൽ ഒരിക്കലും ക്ഷീണിച്ചുപോകുകയോ തളരുകയോ ചെയ്യാത്ത, ഭൂമിയുടെതന്നെ സ്രഷ്ടാവായ ദൈവത്തിന്റെ എത്തുപാടിന് അപ്പുറമല്ല ബാബിലോൺ എന്ന് അവരെ ഓർമിപ്പിക്കുകയുണ്ടായി.
43:18-21—പ്രവാസത്തിൽനിന്നു മടങ്ങിവരുന്നവരോട് ‘പണ്ടുള്ളവയെ ഓർക്കേണ്ടാ’ എന്നു പറയാൻ കാരണമെന്ത്? യഹോവ അവർക്കായി മുമ്പു ചെയ്‌ത രക്ഷാപ്രവൃത്തികൾ അവർ മറന്നുകളയണം എന്ന് അതർഥമാക്കിയില്ല. പകരം, അവർ നേരിട്ട് അനുഭവിക്കാനിരുന്ന ‘പുതിയ ഒന്നിന്റെ’ അടിസ്ഥാനത്തിൽ അവർ തന്നെ സ്‌തുതിക്കാൻ യഹോവ ആഗ്രഹിച്ചു. യെരൂശലേമിലേക്കുള്ള അവരുടെ സുരക്ഷിതമായ യാത്രയും മറ്റും അതിൽ ഉൾപ്പെട്ടിരുന്നു, അതും ഒരുപക്ഷേ മരുഭൂമിയിലൂടെയുള്ള ദൈർഘ്യം കുറഞ്ഞ മാർഗത്തിലൂടെയുള്ളത്. “മഹാകഷ്ടത്തിൽനിന്ന്” അഥവാ മഹോപദ്രവത്തിൽനിന്ന് പുറത്തുവരുന്ന “മഹാപുരുഷാര”ത്തിനും യഹോവയെ മഹത്ത്വപ്പെടുത്തുന്നതിന് പുതിയതും വ്യക്തിപരവുമായ കാരണങ്ങൾ ഉണ്ടായിരിക്കും.—വെളിപ്പാടു 7:9, 14.
49:6—മിശിഹായുടെ ഭൗമിക ശുശ്രൂഷ ഇസ്രായേൽ പുത്രന്മാരിൽ പരിമിതപ്പെട്ടിരുന്നെങ്കിലും അവൻ “ജാതികൾക്കു പ്രകാശമാ”യിരിക്കുന്നത് എങ്ങനെ? യേശുവിന്റെ മരണാനന്തരം സംഭവിച്ച കാര്യങ്ങൾ നിമിത്തമാണത്. യെശയ്യാവു 49:6 ബൈബിൾ അവന്റെ ശിഷ്യന്മാർക്കു ബാധകമാക്കുന്നു. (പ്രവൃത്തികൾ 13:46, 47) ഇന്ന്, അഭിഷിക്തക്രിസ്‌ത്യാനികൾ മഹാപുരുഷാരത്തിൽപ്പെട്ട സത്യാരാധകരുടെ സഹായത്തോടെ “ഭൂമിയുടെ അറ്റത്തോളം” ആളുകളെ പ്രബുദ്ധരാക്കിക്കൊണ്ട് “ജാതികൾക്കു പ്രകാശമാ”യി സേവിക്കുന്നു.—മത്തായി 24:14; 28:19, 20.
53:10—തന്റെ പുത്രനെ തകർത്തുകളയാൻ യഹോവയ്‌ക്ക് ഇഷ്ടം തോന്നി എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥമെന്താണ്? അനുകമ്പയും സമാനുഭാവവും ഉള്ള ദൈവമായ യഹോവയ്‌ക്ക് തന്റെ പുത്രൻ കഷ്ടം സഹിക്കുന്നതു കണ്ടപ്പോൾ ഹൃദയവേദന ഉണ്ടായി എന്നതിനു സംശയമില്ല. എന്നിരുന്നാലും യേശുവിന്റെ മനസ്സോടെയുള്ള അനുസരണത്തിലും അവന്റെ കഷ്ടാനുഭവവും മരണവും മൂലം കൈവരാൻ പോകുന്ന അനുഗ്രഹങ്ങളിലും യഹോവയ്‌ക്ക് ഇഷ്ടം തോന്നി, അഥവാ അത് അവനെ സന്തോഷിപ്പിച്ചു.—സദൃശവാക്യങ്ങൾ 27:11; യെശയ്യാവു 63:9.
53:11—“പലരെയും നീതീകരിക്കു”ന്നതിനായി മിശിഹാ ഉപയോഗിക്കുന്ന പരിജ്ഞാനം എന്താണ്? യേശു മനുഷ്യനായി ഭൂമിയിൽ വരുകയും അന്യായമായി മരണത്തോളംപോലും കഷ്ടം സഹിക്കുകയും ചെയ്‌തതിലൂടെ നേടിയ പരിജ്ഞാനമാണത്. (എബ്രായർ 4:15) യേശു അങ്ങനെ ഒരു മറുവില പ്രദാനം ചെയ്‌തു, അത് അഭിഷിക്ത ക്രിസ്‌ത്യാനികൾക്കും മഹാപുരുഷാരത്തിനും ദൈവമുമ്പാകെ നീതിപൂർവകമായ ഒരു നില ലഭിക്കുന്നതിന് ആവശ്യമായിരുന്നു.—റോമർ 5:19; യാക്കോബ് 2:23, 25.
56:6—ആരാണ് ‘അന്യജാതിക്കാർ,’ ഏതെല്ലാം വിധങ്ങളിലാണ് അവർ “എന്റെ [യഹോവയുടെ] നിയമം [ഉടമ്പടി] പ്രമാണിച്ചു നട”ക്കുന്നത്? യേശുവിന്റെ “വേറെ ആടുക”ളാണ് ‘അന്യജാതിക്കാർ.’ (യോഹന്നാൻ 10:16) അവർ പുതിയ ഉടമ്പടി പ്രമാണിച്ചു നടക്കുന്നത്, അഥവാ അതിനോടു പറ്റിനിൽക്കുന്നത്, ആ ഉടമ്പടിയോടു ബന്ധപ്പെട്ട നിയമങ്ങൾ അനുസരിക്കുകയും അതു മുഖാന്തരം ചെയ്‌തിരിക്കുന്ന ക്രമീകരണങ്ങളോട് പൂർണമായി സഹകരിക്കുകയും അഭിഷിക്തർ ഭക്ഷിക്കുന്ന അതേ ആത്മീയ ആഹാരം ഭക്ഷിക്കുകയും രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയിൽ അവരെ പിന്തുണയ്‌ക്കുകയും ചെയ്‌തുകൊണ്ടാണ്.
നമുക്കുള്ള പാഠങ്ങൾ:
40:10-14, 26, 28. യഹോവ ബലശാലിയും ആർദ്രതയുള്ളവനും സർവശക്തനും സർവജ്ഞാനിയും നമുക്ക് ഉൾക്കൊള്ളാവുന്നതിനും അതീതമായി ഗ്രാഹ്യമുള്ളവനും ആണ്.
40:17, 23; 41:29; 44:9; 59:4. രാഷ്‌ട്രീയ സഖ്യങ്ങളും വിഗ്രഹങ്ങളും “ശൂന്യ”മോ “വ്യാജ”മോ ആണ്, അഥവാ മിഥ്യയാണ്. അവയിൽ ആശ്രയിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.
42:18, 19; 43:8. ദൈവത്തിന്റെ എഴുതപ്പെട്ട വചനത്തെ അവഗണിച്ചുകൊണ്ട് നമ്മുടെ കണ്ണുകളെയും “വിശ്വസ്‌തനും വിവേകിയുമായ അടിമ”യിലൂടെ അവൻ നൽകുന്ന നിർദേശങ്ങൾ കേൾക്കാൻ വിസമ്മതിച്ചുകൊണ്ട് നമ്മുടെ ചെവികളെയും അടച്ചുകളയുന്നത് നമ്മെ ആത്മീയമായി അന്ധരും ബധിരരും ആക്കിത്തീർക്കും.—മത്തായി 24:45, NW.
43:25. യഹോവ അതിക്രമങ്ങളെ മായിച്ചുകളയുന്നത് തന്റെ നിമിത്തം, അതായത് തനിക്കുവേണ്ടിത്തന്നെയാണ്. യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തോടുള്ള ബന്ധത്തിൽ, പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നു നാം മോചിതരാകുന്നതിനും നിത്യജീവൻ നേടുന്നതിനും രണ്ടാം സ്ഥാനമേ ഉള്ളൂ.
44:8. ഒരു കൂറ്റൻ പാറപോലെ സുദൃഢനും സുസ്ഥിരനുമായ യഹോവയുടെ പിന്തുണ നമുക്കുണ്ട്. അവന്റെ ദൈവത്വത്തെക്കുറിച്ചു സാക്ഷ്യം വഹിക്കാൻ നാം ഒരിക്കലും ഭയമുള്ളവരായിരിക്കരുത്!—2 ശമൂവേൽ 22:31, 32.
44:18-20. ഹൃദയം ദുഷിച്ചിരിക്കുന്നു എന്നതിന്റെ ഒരു അടയാളമാണ് വിഗ്രഹാരാധന. നമ്മുടെ ഹൃദയത്തിൽ യഹോവയ്‌ക്ക് അർഹമായ സ്ഥാനം കൈയടക്കാൻ യാതൊന്നിനെയും അനുവദിക്കരുത്.
46:10, 11. ‘തന്റെ ആലോചന നിവൃത്തിക്കാൻ,’ അതായത് തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റാനുള്ള യഹോവയുടെ കഴിവ് അവന്റെ ദൈവത്വത്തിന്റെ സുവ്യക്തമായ തെളിവാണ്.
48:17, 18; 57:19-21. രക്ഷയ്‌ക്കായി യഹോവയിലേക്കു നോക്കുകയും അവനോട് അടുത്തു ചെല്ലുകയും അവന്റെ കൽപ്പനകൾക്ക് അടുത്ത ശ്രദ്ധ നൽകുകയും ചെയ്‌താൽ നമ്മുടെ സമാധാനം ഒഴുക്കുള്ള നദിയിലെ ജലംപോലെയും നമ്മുടെ നീതിപ്രവൃത്തികൾ സമുദ്രത്തിലെ തിരകൾപോലെയും സമൃദ്ധമായിരിക്കും. ദൈവവചനത്തിനു ശ്രദ്ധ നൽകാത്തവർ “കലങ്ങിമറിയുന്ന കടൽ”പോലെയാണ്. അവർക്കു സമാധാനം ഇല്ല.
52:5, 6. സത്യദൈവം അശക്തനാണെന്ന് ബാബിലോണിയർ തെറ്റായി നിഗമനം ചെയ്‌തു. ഇസ്രായേലിന്റെ അടിമത്തത്തിനു കാരണം തന്റെ ജനത്തോടുള്ള യഹോവയുടെ അപ്രീതിയാണെന്നു തിരിച്ചറിയാൻ അവർ പരാജയപ്പെട്ടു. ആർക്കെങ്കിലും ദുരന്തം സംഭവിക്കുമ്പോൾ അതിന്റെ കാരണം സംബന്ധിച്ച് ധൃതികൂട്ടി ഓരോരോ നിഗമനങ്ങളിൽ എത്തിച്ചേരുന്നത് ബുദ്ധിയായിരിക്കില്ല.
52:7-9; 55:12, 13. രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയിൽ സന്തോഷത്തോടെ പങ്കെടുക്കുന്നതിന് മൂന്നു കാരണങ്ങളെങ്കിലും നമുക്ക് ഉണ്ട്. ആത്മീയവിശപ്പ് അനുഭവിക്കുന്ന താഴ്‌മയുള്ളവർക്ക് നമ്മുടെ പാദങ്ങൾ മനോഹരമാണ്. നാം യഹോവയെ “അഭിമുഖമായി” കാണുന്നു, അഥവാ അവനുമായി ഒരു അടുത്ത ബന്ധം വെച്ചുപുലർത്തുന്നു. ആത്മീയ സമൃദ്ധിയും നാം ആസ്വദിക്കുന്നുണ്ട്.
52:11, 12. “യഹോവയുടെ ഉപകരണങ്ങ”ൾ ചുമക്കാൻ, അതായത് വിശുദ്ധസേവനം അർപ്പിക്കുന്നതിനായി അവൻ ചെയ്‌തിരിക്കുന്ന ക്രമീകരണങ്ങളിൽ പങ്കുപറ്റാൻ, യോഗ്യരായിരിക്കുന്നതിന് നാം ആത്മീയമായും ധാർമികമായും ശുദ്ധരായിരിക്കണം.
58:1-14. ഭക്തിയുടെയും നീതിയുടെയും കപടമായ പ്രകടനങ്ങൾകൊണ്ട് യാതൊരു പ്രയോജനവുമില്ല. സത്യാരാധകർ യഥാർഥ ദൈവികഭക്തിയും സഹോദരസ്‌നേഹവും പ്രകടിപ്പിക്കുന്നതിൽ അത്യധികം ഉത്സാഹമുള്ളവരായിരിക്കണം.—യോഹന്നാൻ 13:35; 2 പത്രൊസ് 3:12.
59:15ബി-19. യഹോവ മനുഷ്യ കാര്യാദികൾ നിരീക്ഷിക്കുകയും തന്റെ തക്ക സമയത്ത് അതിൽ ഇടപെടുകയും ചെയ്യുന്നു.
‘അവൾ ഭംഗിയുള്ള കിരീടം ആയിരിക്കും’
പുരാതന നാളിലെയും നമ്മുടെ നാളിലെയും സത്യാരാധനയുടെ പുനഃസ്ഥിതീകരണത്തിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട് യെശയ്യാവു 60:1 പ്രസ്‌താവിക്കുന്നു: “എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.” സീയോൻ “യഹോവയുടെ കയ്യിൽ . . . ഭംഗിയുള്ള കിരീടവും” ആയിത്തീരണം.—യെശയ്യാവു 62:3.
ബാബിലോണിലെ പ്രവാസകാലത്ത് അനുതാപം പ്രകടമാക്കുമായിരുന്ന തന്റെ ജനത്തിനായി യെശയ്യാവ് യഹോവയോടു പ്രാർഥിക്കുന്നു. (യെശയ്യാവു 63:15–64:12) യഥാർഥ ദാസന്മാരും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം എടുത്തുകാണിച്ചശേഷം, യഹോവ തന്നെ സേവിക്കുന്നവരെ എങ്ങനെ അനുഗ്രഹിക്കുമെന്ന് പ്രവാചകൻ പ്രഖ്യാപിക്കുന്നു.—യെശയ്യാവു 65:1-66:24.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
61:8, 9—“ശാശ്വത നിയമം,” അഥവാ ഉടമ്പടി എന്താണ്? ആരാണ് “സന്തതി”? അഭിഷിക്ത ക്രിസ്‌ത്യാനികളുമായി യഹോവ ചെയ്‌തിരിക്കുന്ന പുതിയ ഉടമ്പടിയാണിത്. അവരുടെ സന്ദേശത്തോടു പ്രതികരിക്കുന്ന ദശലക്ഷക്കണക്കിന് “വേറെ ആടുകൾ” ആണ് “സന്തതി.”—യോഹന്നാൻ 10:16.
63:5—ദൈവത്തിന്റെ ക്രോധം അവനു തുണനിൽക്കുന്നത് എങ്ങനെ? ദൈവത്തിന്റെ ക്രോധം അനിയന്ത്രിതമായ ഒരു വികാരമല്ല, മറിച്ച് നീതിനിഷ്‌ഠമായ അമർഷമാണ്. നീതിപൂർവകമായ ന്യായവിധി നിർവഹിക്കാൻ ആ ക്രോധം അവനെ പിന്തുണയ്‌ക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നു.
നമുക്കുള്ള പാഠങ്ങൾ:
64:6. അപൂർണ മനുഷ്യർക്ക് തങ്ങളെത്തന്നെ രക്ഷിക്കാനാവില്ല. പാപപരിഹാരത്തിന്റെ കാര്യത്തിൽ അവരുടെ നീതിപ്രവൃത്തികൾ കറപുരണ്ട വസ്‌ത്രത്തെക്കാൾ ഒട്ടും മെച്ചമല്ല.—റോമർ 3:23, 24.
65:13, 14. യഹോവ തന്റെ വിശ്വസ്‌ത ദാസന്മാരുടെ ആത്മീയാവശ്യങ്ങൾ തൃപ്‌തിപ്പെടുത്തുന്നതിൽ ഔദാര്യം കാണിച്ചുകൊണ്ട് അവരെ അനുഗ്രഹിക്കുന്നു.
66:3-5. യഹോവ കാപട്യം വെറുക്കുന്നു.
“ഘോഷിച്ചുല്ലസിപ്പിൻ”
ബാബിലോണിൽ പ്രവാസത്തിലായിരുന്ന വിശ്വസ്‌ത യഹൂദന്മാരെ സംബന്ധിച്ചിടത്തോളം പുനഃസ്ഥിതീകരണ പ്രവചനങ്ങൾ എത്ര ആശ്വാസദായകമായിരുന്നിരിക്കണം! “ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ; ഇതാ, ഞാൻ യെരൂശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു” എന്ന് യഹോവ പറയുന്നു.—യെശയ്യാവു 65:18.
അന്ധകാരം ഭൂമിയെ മൂടുകയും ജനതകൾ കൂരിരുട്ടിൽ ആയിരിക്കുകയും ചെയ്യുന്ന ഒരു കാലത്താണ് നാമും ജീവിക്കുന്നത്. (യെശയ്യാവു 60:2) ഇടപെടാൻ പ്രയാസമായ “ദുർഘടസമയങ്ങൾ” ആണ് നിലവിലുള്ളത്. (2 തിമൊഥെയൊസ് 3:1) അതുകൊണ്ട് യെശയ്യാവിന്റെ പുസ്‌തകത്തിൽ കൊടുത്തിരിക്കുന്ന യഹോവയുടെ രക്ഷാസന്ദേശം നമുക്കു വലിയ പ്രോത്സാഹനമാണ്.—എബ്രായർ 4:12.
[അടിക്കുറിപ്പ്]
^ ഖ. 4 യെശയ്യാവു 1:1–35:10-ന്റെ ചർച്ചയ്‌ക്ക് 2006 ഡിസംബർ 1 ലക്കം വീക്ഷാഗോപുരത്തിൽ “യഹോവയുടെ വചനം ജീവനുള്ളത്—യെശയ്യാവിൽനിന്നുള്ള വിശേഷാശയങ്ങൾ—ഭാഗം 1” കാണുക.
[8-ാം പേജിലെ ചിത്രം]
അസ്സീറിയക്കാരിൽനിന്ന് രക്ഷിക്കേണമേ എന്ന് ഹിസ്‌കീയാവ് പ്രാർഥിച്ചതിന്റെ മുഖ്യ കാരണം നിങ്ങൾക്ക് അറിയാമോ?
[11-ാം പേജിലെ ചിത്രം]
“സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!”