വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശമൂവേൽ സത്യാരാധനയെ ഉന്നമിപ്പിക്കുന്നു

ശമൂവേൽ സത്യാരാധനയെ ഉന്നമിപ്പിക്കുന്നു

ശമൂവേൽ സത്യാരാധനയെ ഉന്നമിപ്പിക്കുന്നു

ശമൂവേൽ. ഒരു മാനുഷ രാജാവിനെ ആവശ്യപ്പെട്ട സഹവിശ്വാസികളെ ശാസിക്കയും ദൈവത്തെ അനുസരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌ത ധീരനായ ഒരു പ്രവാചകൻ. ദൈവത്തിന്റെ പ്രവാചകനെന്ന നിലയിലുള്ള തന്റെ അധികാരം സ്ഥാപിക്കാൻ അവൻ യഹോവയോട്‌ കൊടുങ്കാറ്റിന്റെ രൂപത്തിലുള്ള അടയാളം ആവശ്യപ്പെടുന്നു. ഗോതമ്പു കൊയ്‌ത്തിന്റെ ആ സമയത്ത്‌ ഇസ്രായേലിൽ കൊടുങ്കാറ്റും പേമാരിയും ഒരു അപൂർവ സംഭവമാണ്‌. എന്നിരുന്നാലും ദൈവം ഇടിയും മഴയും അയയ്‌ക്കുന്നു. ഇതിന്റെയെല്ലാം ഫലമായി ജനങ്ങൾ യഹോവയെയും അവന്റെ പ്രതിനിധിയായ ശമൂവേലിനെയും അത്യന്തം ഭയപ്പെടുന്നു.​—⁠1 ശമൂവേൽ 12:11-19.

പ്രവാചകനായ ശമൂവേൽ ഒരു എഴുത്തുകാരനും ആയിരുന്നു. ആവേശജനകമായ പല സംഭവങ്ങളും ഉൾക്കൊള്ളുന്ന അവന്റെ വിവരണത്തിൽ ഏകദേശം 330 വർഷത്തെ ചരിത്രമാണ്‌ ഉള്ളത്‌. ഇസ്രായേലിലെ ന്യായാധിപന്മാരുടെ വീര്യപ്രവൃത്തികളും അതിൽപ്പെടുന്നു. ശിംശോന്റെ കാര്യംതന്നെ എടുക്കുക. ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും ശക്തനായിരുന്ന ശിംശോന്റെ ജീവിതകഥ കവിതകൾക്കും ഓപ്പറകൾക്കും നാടകങ്ങൾക്കും സിനിമകൾക്കും വിഷയീഭവിച്ചിട്ടുണ്ട്‌. (ന്യായാധിപന്മാർ 13-16 അധ്യായങ്ങൾ) രൂത്തിനെയും അവളുടെ അമ്മാവിയമ്മയായ നവോമിയെയും കുറിച്ചും ശമൂവേൽ എഴുതിയിട്ടുണ്ട്‌, ഇരുവരും വിധവമാരും ദരിദ്രരും ആയിരുന്നു. ശുഭപര്യവസായി ആയ ആ ജീവിതകഥയും അത്യന്തം രസകരമായ ഒന്നാണ്‌.​—⁠രൂത്ത്‌ 1-4 അധ്യായങ്ങൾ.

ശമൂവേലിന്റെ എഴുത്തുകളിൽനിന്നും ജീവിതത്തിൽനിന്നും എന്തെല്ലാം പാഠങ്ങളാണ്‌ നമുക്കു പഠിക്കാനാകുന്നത്‌? അവൻ എങ്ങനെയാണ്‌ സത്യാരാധനയെ ഉന്നമിപ്പിച്ചത്‌?

ചെറുപ്പകാലം

ശമൂവേലിന്റെ പിതാവായ എൽക്കാനാ യഹോവയുടെ ഒരു ആരാധകനായിരുന്നു, ഒപ്പം സ്‌നേഹവാനായ ഒരു ഭർത്താവും. അമ്മയായ ഹന്നാ ആകട്ടെ, നല്ല ആത്മീയ കരുത്തുള്ള സ്‌ത്രീയും. ശീലോവിൽ യഹോവയുടെ ആലയത്തിൽവെച്ച്‌ മച്ചിയായ ഹന്നാ ഉള്ളുരുകി പ്രാർഥിക്കുകയും യഹോവയ്‌ക്ക്‌ ഒരു നേർച്ച നേരുകയും ചെയ്‌തു: “സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്‌കുകയും ചെയ്‌താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവെക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുകയുമില്ല.” (1 ശമൂവേൽ 1:1-11) അതിന്റെ അർഥം ആ കുട്ടിയെ യഹോവയുടെ സേവനത്തിനായി വിട്ടുകൊടുക്കും എന്നായിരുന്നു.

ഹന്നാ മൗനമായിട്ടാണ്‌ പ്രാർഥിച്ചത്‌. തിരുവെഴുത്തു രേഖ വ്യക്തമാക്കുന്നതുപോലെ “അവളുടെ അധരം അന”ങ്ങുന്നതല്ലാതെ ശബ്ദം പുറത്തുവരുന്നില്ലായിരുന്നു. മഹാപുരോഹിതനായ ഏലി അതു കണ്ടപ്പോൾ അവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു തെറ്റിദ്ധരിച്ച്‌ അവളെ ശാസിച്ചു. എന്നാൽ ഹന്നാ ആദരവോടെ തന്റെ സാഹചര്യം വിശദീകരിച്ചപ്പോൾ, “സമാധാനത്തോടെ പൊയ്‌ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്‌കുമാറാകട്ടെ” എന്ന്‌ ഏലി പറഞ്ഞു. യഹോവ അവളുടെ പ്രാർഥനയ്‌ക്ക്‌ ഉത്തരമരുളുകതന്നെ ചെയ്‌തു. രേഖ തുടർന്നു പറയുന്നു: “ഒരു ആണ്ടു കഴിഞ്ഞിട്ടു ഹന്നാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോടു അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞു അവന്നു ശമൂവേൽ എന്നു പേരിട്ടു.”​—⁠1 ശമൂവേൽ 1:12-20.

ശമൂവേലിനെ “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്‌കരണത്തിലും” ആണ്‌ വളർത്തിക്കൊണ്ടുവന്നത്‌. (എഫെസ്യർ 6:​4, NW) ശമൂവേലിന്റെ മുലകുടി മാറിയ ഉടനെതന്നെ ഹന്നാ അവനെ ശീലോവിൽ യഹോവയുടെ ആലയത്തിൽ കൊണ്ടുവന്ന്‌ മഹാപുരോഹിതനായ ഏലിയെ ഏൽപ്പിച്ചു. ഏലിയുടെ പരിപാലനത്തിൽ ബാലൻ “യഹോവെക്കു ശുശ്രൂഷ ചെയ്‌തുപോന്നു.” ഹന്നായുടെ അത്യധികമായ സന്തോഷം അവളുടെ ഹൃദയസ്‌പൃക്കായ നന്ദിപ്രകടനങ്ങളിൽ കാണാവുന്നതാണ്‌, ശമൂവേൽതന്നെ പിന്നീട്‌ അതു രേഖപ്പെടുത്തിയിട്ടുമുണ്ട്‌.​—⁠1 ശമൂവേൽ 2:1-11.

നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ, യഹോവയുടെ സേവനത്തെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കാൻ നിങ്ങൾ നിങ്ങളുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? ഒരുവനു തന്റെ ഊർജം വിനിയോഗിക്കാനാകുന്ന ഏറ്റവും ഉത്തമമായ മാർഗം സത്യാരാധനയുടെ ഉന്നമനത്തിനായി അത്‌ ഉപയോഗിക്കുക എന്നതാണ്‌.

വിശുദ്ധമന്ദിരത്തിലെ ജീവിതവുമായി ശമൂവേൽ നന്നായി പൊരുത്തപ്പെട്ടു. അവൻ “യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു.” കൂടാതെ “യഹോവെക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി”ത്തീരുകയും ചെയ്‌തു. അവൻ പ്രകടമാക്കിയ ദൈവികഗുണങ്ങൾ അവനെ ഏവർക്കും പ്രിയങ്കരനാക്കി.​—⁠1 ശമൂവേൽ 2:21, 26.

എന്നാൽ തികച്ചും വ്യത്യസ്‌തരായിരുന്നു ഏലിയുടെ പുത്രന്മാരായ ഹൊഫ്‌നിയും ഫീനെഹാസും. നീചന്മാരായ അവർ “യഹോവയെ ഓർക്കാത്ത”വരായിരുന്നു. അവർ ലൈംഗിക അധാർമികതയിൽ ഏർപ്പെട്ടിരുന്നു. കൂടാതെ ആളുകൾ വിശുദ്ധമന്ദിരത്തിൽ കൊണ്ടുവന്നിരുന്ന യാഗമൃഗത്തിന്റെ ഏറ്റവും നല്ല ഭാഗം അവർ തങ്ങൾക്കായി എടുക്കുകയും ചെയ്‌തിരുന്നു. പുത്രന്മാരുടെ മരണം ഉൾപ്പെടെ ഏലിക്കു ലഭിക്കാൻ പോകുന്ന ശിക്ഷയെക്കുറിച്ച്‌ അറിയിക്കുന്നതിന്‌ ദൈവം ഒരു പ്രവാചകനെ അതിനോടകം അയച്ചിരുന്നു. (1 ശമൂവേൽ 2:12, 15-17, 22-25, 27, 30-34) മറ്റൊരു ന്യായവിധിദൂത്‌ അറിയിക്കുന്നതിന്‌ യഹോവ ശമൂവേലിനെയും ഉപയോഗിക്കുമായിരുന്നു.

ശമൂവേൽ പ്രവാചകവൃത്തിയിൽ

ഏലിയോട്‌ ഇപ്രകാരം പറയാൻ ദൈവം ശമൂവേലിനോട്‌ ആവശ്യപ്പെട്ടു: “അവന്റെ [ഏലിയുടെ] പുത്രന്മാർ ദൈവദൂഷണം പറയുന്ന അകൃത്യം അവൻ അറിഞ്ഞിട്ടും അവരെ ശാസിച്ചമർത്തായ്‌കകൊണ്ടു ഞാൻ അവന്റെ ഭവനത്തിന്നു എന്നേക്കും ശിക്ഷവിധിക്കും.” ആ സന്ദേശം അറിയിക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നാൽ യഹോവ അരുളിച്ചെയ്‌തതിൽ ഒരു വാക്കുപോലും മറച്ചുവെക്കാതെ പറയാൻ ഏലി ശമൂവേലിനെ നിർബന്ധിച്ചു. അതുകൊണ്ട്‌ ശമൂവേൽ എല്ലാം പറഞ്ഞു. അതിനു നല്ല ധൈര്യം വേണമായിരുന്നു!​—⁠1 ശമൂവേൽ 3:10-18.

ശമൂവേൽ വളർന്നു വലുതായപ്പോൾ അവൻ ദൈവത്തിന്റെ പ്രവാചകനാണെന്ന്‌ എല്ലാ ഇസ്രായേല്യരും തിരിച്ചറിഞ്ഞു. (1 ശമൂവേൽ 3:19, 20) ഇസ്രായേല്യർ ഫെലിസ്‌ത്യരുടെ കൈയാലുള്ള പരാജയം ഏറ്റുവാങ്ങിയപ്പോൾ ശമൂവേൽ മുൻകൂട്ടിപ്പറഞ്ഞ ആ ന്യായവിധി തുടങ്ങി. ഹൊഫ്‌നിയും ഫീനെഹാസും യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഫെലിസ്‌ത്യർ യഹോവയുടെ നിയമപെട്ടകം അപഹരിച്ചു കൊണ്ടുപോയി. തന്റെ പുത്രന്മാർക്കും പെട്ടകത്തിനും സംഭവിച്ചത്‌ അറിഞ്ഞ ഏലി ഇരിപ്പിടത്തിൽനിന്ന്‌ പുറകോട്ടു മറിഞ്ഞുവീണ്‌ കഴുത്തൊടിഞ്ഞു മരിച്ചു.​—⁠1 ശമൂവേൽ 4:1-18.

20 വർഷം കടന്നുപോയി. വ്യാജാരാധന ഉപേക്ഷിക്കാൻ ശമൂവേൽ ഇസ്രായേല്യരെ ഉദ്‌ബോധിപ്പിച്ചു. അവർ തങ്ങളുടെ വിഗ്രഹങ്ങളെ നീക്കിക്കളയുകയും ഉപവസിക്കുകയും പാപങ്ങൾ ഏറ്റു പറകയും ചെയ്‌തുകൊണ്ട്‌ പ്രതികരിച്ചു. ശമൂവേൽ അവർക്കായി പ്രാർഥിച്ചു, ഒരു ഹോമയാഗവും അർപ്പിച്ചു. ഫലമോ? ഇസ്രായേല്യരെ ആക്രമിക്കാൻ വന്ന ഫെലിസ്‌ത്യർക്ക്‌ ദൈവം പരിഭ്രമം വരുത്തി. അങ്ങനെ ഇസ്രായേല്യർ അവരെ ആക്രമിച്ച്‌ സംഹരിച്ചു. യഹോവയുടെ അനുഗ്രഹത്താൽ ഇസ്രായേല്യരുടെ അവസ്ഥ വളരെയധികം മെച്ചപ്പെട്ടു. മാത്രമല്ല ഫെലിസ്‌ത്യർ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം തിരിച്ചുപിടിക്കാനും അവർക്കു സാധിച്ചു.​—⁠1 ശമൂവേൽ 7:3-14.

ശമൂവേൽ സത്യാരാധന ഉന്നമിപ്പിക്കുകതന്നെ ചെയ്‌തു. ഉദാഹരണത്തിന്‌, യുദ്ധത്തിൽ കവർച്ചയായി കിട്ടിയ ചില വസ്‌തുക്കൾ വിശുദ്ധമന്ദിരത്തിന്റെ അറ്റകുറ്റപ്പണിക്കായി ഉപയോഗിക്കുന്നുവെന്ന്‌ അവൻ ഉറപ്പുവരുത്തി. പെസഹാ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ചെയ്‌തു; ലേവ്യരായ കാവൽക്കാരെ പ്രസ്‌തുത ഉദ്യോഗത്തിൽ നിയമിച്ചു. (1 ദിനവൃത്താന്തം 9:22; 26:​27, 28; 2 ദിനവൃത്താന്തം 35:18) രാമയിലുള്ള തന്റെ ഭവനത്തിൽനിന്ന്‌ ന്യായപാലനം നടത്തുന്നതിനായി വർഷംതോറും പല നഗരങ്ങളും സന്ദർശിക്കുന്ന പതിവും അവനുണ്ടായിരുന്നു. സത്യസന്ധനും മുഖപക്ഷം കാണിക്കാത്തവനും എന്ന ഖ്യാതി അവൻ സമ്പാദിച്ചു. ജനങ്ങൾ ശമൂവേലിനെ ആദരിച്ചതിനാൽ ആത്മീയമായി അവരെ സഹായിക്കാൻ അവനു കഴിഞ്ഞു. (1 ശമൂവേൽ 7:15-17; 9:6-14; 12:2-5) അവന്റെ സത്യസന്ധതയും ആത്മീയതയും ആ മാതൃക പിൻപറ്റാൻ അനേകരെ പ്രേരിപ്പിച്ചു എന്നതിനു തർക്കമില്ല. ശമൂവേലിന്റെ ജീവിതം നിങ്ങളുടെമേൽ അതേ സ്വാധീനം ചെലുത്തുന്നുണ്ടോ?

ഇസ്രായേല്യർ ഒരു രാജാവിനെ ആവശ്യപ്പെടുന്നു

തനിക്കു വയസ്സായപ്പോൾ ശമൂവേൽ പുത്രന്മാരായ യോവേലിനെയും അബീയാവിനെയും ന്യായാധിപന്മാരായി നിയമിച്ചു. അവർ “അവന്റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.” അവരുടെ ഈ പ്രവൃത്തിമൂലം ഇസ്രായേലിലെ പ്രായമേറിയ പുരുഷന്മാർ തങ്ങൾക്ക്‌ ഒരു രാജാവിനെ വേണമെന്ന്‌ ആവശ്യപ്പെട്ടു. (1 ശമൂവേൽ 8:1-5) ശമൂവേലിന്‌ അതു തീരെ ഇഷ്ടമായില്ല. എന്നാൽ അവൻ അതു സംബന്ധിച്ച്‌ പ്രാർഥിച്ചപ്പോൾ യഹോവ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.” (1 ശമൂവേൽ 8:6, 7) ജനത്തിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ദൈവം ശമൂവേലിനോട്‌ പറഞ്ഞു, ഒപ്പം ഒരു മാനുഷ രാജാവിന്റെ കീഴിൽ അവരുടെ അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യവും ഹനിക്കപ്പെടുമെന്ന്‌ മുന്നറിയിപ്പു നൽകാനും. ജനങ്ങൾ വാശിപിടിച്ചപ്പോൾ രാജാവായി ശൗലിനെ അഭിഷേകം ചെയ്യാൻ യഹോവ ശമൂവേലിനെ ഏർപ്പാടാക്കി.​—⁠1 ശമൂവേൽ 8:6-22; 9:15-17; 10:⁠1.

ആശങ്ക ഉണ്ടായിരുന്നെങ്കിലും ശമൂവേൽ ഈ ക്രമീകരണത്തെ പിന്തുണച്ചു. ഇസ്രായേല്യർ അമ്മോന്യരുടെമേൽ വിജയം വരിച്ചശേഷം അവൻ ജനത്തെ ഗിൽഗാലിൽ കൂട്ടിവരുത്തി ശൗലിന്റെ രാജത്വം ഉറപ്പാക്കി. (1 ശമൂവേൽ 10:17-24; 11:11-15) ശമൂവേൽ ഇസ്രായേലിന്റെ ചരിത്രം ഒന്നു പുനരവലോകനം ചെയ്‌തിട്ട്‌ യഹോവയോട്‌ അനുസരണമുള്ളവരായിരിക്കാൻ രാജാവിനെയും ജനത്തെയും ഉദ്‌ബോധിപ്പിച്ചു. തുടക്കത്തിൽ പരാമർശിച്ചതുപോലെ ഇടിയും മഴയും അയച്ചുകൊണ്ട്‌ ദൈവം ശമൂവേലിന്റെ പ്രാർഥനയ്‌ക്ക്‌ ഉത്തരമരുളി. യഹോവയെ തള്ളിക്കളഞ്ഞത്‌ തെറ്റായിപ്പോയി എന്ന്‌ ജനങ്ങൾ സമ്മതിക്കാൻ അത്‌ ഇടയാക്കിത്തീർത്തു. തങ്ങൾക്കായി പ്രാർഥിക്കാൻ ജനങ്ങൾ ശമൂവേലിനോട്‌ ആവശ്യപ്പെട്ടപ്പോൾ അവൻ പറഞ്ഞു: “ഞാനോ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്‌വാൻ ഇടവരരുതേ; ഞാൻ നിങ്ങൾക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും.” യഹോവയോടും അവന്റെ ജനത്തോടുമുള്ള വിശ്വസ്‌തസ്‌നേഹത്തിന്റെ എത്ര നല്ല മാതൃക! (1 ശമൂവേൽ 12:6-24) ദിവ്യാധിപത്യ ക്രമീകരണങ്ങളെ പിന്തുണയ്‌ക്കാനും സഹവിശ്വാസികൾക്കായി പ്രാർഥിക്കാനും നിങ്ങളും അത്രതന്നെ മനസ്സൊരുക്കമുള്ളവരാണോ?

ഇസ്രായേലിലെ ആദ്യത്തെ രണ്ടു മാനുഷ രാജാക്കന്മാർ

ദൈവാംഗീകാരം ഉണ്ടായിരുന്ന വിനയമുള്ള ഒരുവനായിരുന്നു ശൗൽ. (1 ശമൂവേൽ 9:21; 11:6) എന്നിരുന്നാലും കാലക്രമേണ അവൻ ദിവ്യമാർഗനിർദേശം തള്ളിക്കളഞ്ഞു. ഉദാഹരണത്തിന്‌, ഒരിക്കൽ അവൻ ശമൂവേലിനായി കാത്തിരിക്കുന്നതിനു പകരം അക്ഷമനായിത്തീർന്നിട്ട്‌ യാഗം അർപ്പിച്ചു. വ്യക്തമായ നിർദേശം ഉണ്ടായിരുന്നിട്ടും ധിക്കാരപൂർവം ആ വിധത്തിൽ പ്രവർത്തിച്ചതിന്‌ ശമൂവേൽ അവനെ ശാസിക്കുകയുണ്ടായി. (1 ശമൂവേൽ 13:10-14) അമാലേക്യ രാജാവായ ആഗാഗിനെ സംരക്ഷിച്ചുകൊണ്ട്‌ ശൗൽ അനുസരണക്കേടു കാണിച്ചപ്പോൾ ശമൂവേൽ ഇപ്രകാരം പറഞ്ഞു: “യഹോവ ഇന്നു യിസ്രായേലിന്റെ രാജത്വം നിങ്കൽ നിന്നു കീറി നിന്നെക്കാൾ ഉത്തമനായ നിന്റെ കൂട്ടുകാരന്നു കൊടുത്തിരിക്കുന്നു.” ശമൂവേൽതന്നെ ആഗാഗിനെ കൊന്നു, ശൗലിനെക്കുറിച്ചു ദുഃഖിക്കുകയും ചെയ്‌തു.​—⁠1 ശമൂവേൽ 15:1-35.

തുടർന്ന്‌ യഹോവ ശമൂവേലിനോടു പറഞ്ഞു: “യിസ്രായേലിലെ രാജസ്ഥാനത്തിൽനിന്നു ഞാൻ ശൌലിനെ തള്ളിയെന്നറിഞ്ഞിരിക്കെ നീ അവനെക്കുറിച്ചു എത്രത്തോളം ദുഃഖിക്കും?” എന്നിട്ട്‌ ശമൂവേലിനെ യഹോവ ബേത്ത്‌ലേഹെമിലേക്ക്‌ അയച്ചു, യിശ്ശായിയുടെ പുത്രന്മാരിൽ ഒരാളെ രാജാവായി അഭിഷേകം ചെയ്യുന്നതിനായിരുന്നു അത്‌. ശമൂവേൽ യിശ്ശായി പുത്രന്മാരെ ഓരോരുത്തരെയായി വിലയിരുത്തി, അവസാനം ഏറ്റവും ഇളയവനായ ദാവീദിനാണ്‌ യഹോവയുടെ അംഗീകാരം ഉള്ളതായി തെളിഞ്ഞത്‌. അന്ന്‌ ശമൂവേൽ ഒരു സുപ്രധാന പാഠം പഠിച്ചു: ദൈവം കാര്യങ്ങളെ വീക്ഷിക്കുന്നത്‌ “മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.”​—⁠1 ശമൂവേൽ 16:1-13.

ശൗൽ അനുസരണക്കേടു കാണിച്ചപ്പോൾത്തന്നെ ശമൂവേലിനു വളരെയേറെ മനോവിഷമം തോന്നിയതാണ്‌. അങ്ങനെയെങ്കിൽ ദാവീദിനെ കൊല്ലാൻ തക്ക വിദ്വേഷം അവൻ വെച്ചുപുലർത്തിയപ്പോൾ അത്‌ ശമൂവേലിനെ എത്രമാത്രം ദുഃഖിപ്പിച്ചിരിക്കണം! ഇത്രയേറെ പരിശോധനകളൊക്കെ ഉണ്ടായിട്ടും തന്റെ വാർധക്യത്തിലും ശമൂവേൽ യഹോവയുടെ സേവനത്തിൽ തന്നാൽ ആകുന്നതെല്ലാം ചെയ്‌തുകൊണ്ട്‌ ശുഷ്‌കാന്തിയോടെ പ്രവർത്തിക്കുന്നതിൽ തുടർന്നു.​—⁠1 ശമൂവേൽ 19:18-20.

മാതൃകായോഗ്യനായ ശമൂവേൽ

ശമൂവേൽ മരിച്ചപ്പോൾ, അനേകരുടെ ജീവിതത്തെ സ്‌പർശിച്ച താഴ്‌മയും ധീരതയും ഉള്ള ആ പ്രവാചകനെപ്രതി ഇസ്രായേല്യർ വിലപിച്ചു. (1 ശമൂവേൽ 25:1) ശമൂവേൽ അപൂർണനായിരുന്നു, ന്യായംവിധിക്കുന്നതിൽ അവൻ പിഴവുകൾ വരുത്തിയിട്ടുമുണ്ട്‌. എന്നാൽ എന്തൊക്കെ കുറവുകൾ ഉണ്ടായിരുന്നാലും ശരി, ശമൂവേൽ യഹോവയ്‌ക്ക്‌ സമ്പൂർണ ഭക്തി നൽകി. അതുതന്നെ ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുന്നതിന്‌ അവൻ അക്ഷീണം പ്രയത്‌നിക്കുകയും ചെയ്‌തു.

അന്നത്തേതിൽനിന്ന്‌ വ്യത്യസ്‌തമാണ്‌ നമ്മുടെ കാലം എന്നതിനു സംശയമില്ല. എന്നിരുന്നാലും അവന്റെ ജീവിതത്തിൽനിന്ന്‌ വിലയേറിയ പാഠങ്ങൾ നമുക്കു പഠിക്കാനാകും. എല്ലാറ്റിലുമുപരിയായി, ശമൂവേൽ യഹോവയുടെ സത്യാരാധനയിൽ തുടരുകയും അതിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്‌തു. അതുതന്നെയാണോ നിങ്ങളും ചെയ്യുന്നത്‌?

[16-ാം പേജിലെ ചതുരം]

വിചിന്തനാർഹമായ ജീവിതമാതൃക

ശമൂവേലിന്റെ മാതാപിതാക്കൾ അവനെ ദൈവവചനം പഠിപ്പിച്ചതുപോലെ നിങ്ങളുടെ മക്കളെയും “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്‌കരണത്തിലും” വളർത്തിക്കൊണ്ടു വരിക.​—⁠എഫെസ്യർ 6:​4, NW.

യഹോവയുടെ സേവനം തങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കിക്കൊണ്ട്‌ ശമൂവേലിനെപ്പോലെ ആയിരിക്കാൻ നിങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കുക.

ശമൂവേൽ പ്രകടമാക്കിയ ദൈവിക ഗുണങ്ങൾ അവനെ ഏവർക്കും പ്രിയങ്കരനാക്കിത്തീർത്തു; അത്‌ നമുക്കെല്ലാം നല്ലൊരു മാതൃകയാണ്‌.

സത്യാരാധനയുടെ ഉന്നമനത്തിനായി ശമൂവേൽ അവിരാമം പ്രയത്‌നിച്ചു, നാമും അതുതന്നെയാണു ചെയ്യേണ്ടത്‌.

[15-ാം പേജിലെ ചിത്രം]

ശമൂവേൽ സത്യാരാധനയെ ഉന്നമിപ്പിക്കുകയും മനസ്സോടെ ആത്മീയസഹായം നൽകുകയും ചെയ്‌തു