വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആമോസ്‌ അത്തിപ്പഴം പെറുക്കുന്നവനോ? അത്തിക്കായ്‌ ഒരുക്കുന്നവനോ?

ആമോസ്‌ അത്തിപ്പഴം പെറുക്കുന്നവനോ? അത്തിക്കായ്‌ ഒരുക്കുന്നവനോ?

ആമോസ്‌ അത്തിപ്പഴം പെറുക്കുന്നവനോ? അത്തിക്കായ്‌ ഒരുക്കുന്നവനോ?

പൊതുയുഗത്തിനുമുമ്പ്‌ ഒമ്പതാം നൂറ്റാണ്ട്‌. ആമോസ്‌ ഇസ്രായേലിൽ ഒരു പ്രവാചകനായി സേവിക്കുന്ന കാലം. കാളക്കുട്ടി ആരാധകനും ദുഷ്ടപുരോഹിതനുമായ അമസ്യാവ്‌ അവനോട്‌ മേലാൽ പ്രവചിക്കരുതെന്നു കൽപ്പിച്ചു. എന്നാൽ പിൻവരുംവിധം പറഞ്ഞുകൊണ്ട്‌ ആമോസ്‌ പ്രതിഷേധം പ്രകടമാക്കി: “ഞാൻ . . . ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ. ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്നു എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്‌പിച്ചു.” (ആമോസ്‌ 7:14, 15) സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല ആമോസ്‌ ഒരു പ്രവാചകനായി സേവിച്ചത്‌, പകരം യഹോവയായിരുന്നു അവനെ നിയമിച്ചത്‌. എന്നാൽ, താൻ കാട്ടത്തിപ്പഴം ‘പെറുക്കുന്നവനാണ്‌’ എന്നു പറഞ്ഞപ്പോൾ അവൻ എന്താണ്‌ അർഥമാക്കിയത്‌?

കാട്ടത്തിപ്പഴം ‘പെറുക്കുന്നവൻ’ എന്ന്‌ സത്യവേദപുസ്‌തകത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദം മൂലകൃതിയിൽ ഒരിടത്തു മാത്രമേ കാണുന്നുള്ളൂ. മറ്റു ഭാഷാന്തരങ്ങൾ ആ പദത്തെ കാട്ടത്തിമരം ‘സംരക്ഷിക്കുന്നവൻ,’ കാട്ടത്തിമരം ‘വെട്ടിയൊരുക്കുന്ന ജോലി ചെയ്യുന്നവൻ,’ സിക്കമൂർമരം ‘വെട്ടിയൊരുക്കുന്നവൻ’ എന്നെല്ലാമാണു വിവർത്തനം ചെയ്‌തിരിക്കുന്നത്‌. എന്നാൽ, അതിന്റെ കൃത്യമായ വിവർത്തനം “ചെറുതായി വരയുക” എന്നാണെന്ന്‌ ഇക്കണോമിക്‌ ബോട്ടണി പറയുന്നു. കാരണം അത്തിക്കൃഷിക്കാർ ചെയ്‌തിരുന്ന ഒരു പ്രത്യേക പ്രവർത്തനമായിരുന്നത്രേ അത്‌.

അത്തിക്കായ്‌കളിൽ ചെറുതായി വരയുന്ന ഒരു രീതി പുരാതനകാലം മുതൽക്കേ ഈജിപ്‌തിലും സൈപ്രസിലും പ്രചാരത്തിലുണ്ടായിരുന്നു. ആമോസിന്റെ കാലത്ത്‌ ഈജിപ്‌ഷ്യൻ ഇനത്തിൽപ്പെട്ട അത്തിയാണ്‌ ഇസ്രായേലിൽ കൃഷി ചെയ്‌തിരുന്നത്‌. അതുകൊണ്ട്‌ അത്തിക്കായ്‌കളിൽ ചെറുതായി വരയുന്ന രീതി അന്നാളിൽ അവിടെയുണ്ടായിരുന്നു. എന്നാൽ ഇസ്രായേലിൽ ഇപ്പോൾ മറ്റിനം അത്തികൾ കൃഷി ചെയ്യുന്നതിനാൽ ആ രീതി നിലവിലില്ല.

സാധ്യതയനുസരിച്ച്‌, അത്തിക്കായ്‌കളിൽ ഇങ്ങനെ വരയുന്നതിന്റെ ഫലമായി അവ വെള്ളം വലിച്ചെടുത്ത്‌ നല്ല നീരുള്ളതായിത്തീരുന്നു. കൂടാതെ, അത്‌ എത്തലീൻ വാതകത്തിന്റെ ഉത്‌പാദനം ത്വരിതപ്പെടുത്തുകയും കായ്‌കൾ എളുപ്പം പഴുക്കാൻ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ നല്ല വലുപ്പവും മധുരവുമുള്ള പഴങ്ങൾ ലഭിക്കുന്നു. മാത്രമല്ല, പ്രാണികളുടെയും മറ്റും ആക്രമണം ഉണ്ടാകുന്നതിനു മുമ്പുതന്നെ കായ്‌കൾ പഴുത്തു പാകമാകുകയും ചെയ്യുന്നു.

ആട്ടിടയനും അത്തിക്കായ്‌കൾ ഒരുക്കുന്നവനുമെന്ന നിലയിൽ ആമോസ്‌ ഒരു എളിയ പശ്ചാത്തലത്തിൽ നിന്നുള്ളവൻ ആയിരുന്നെങ്കിലും, എതിരാളികളുടെ ഭീഷണിക്കു മുമ്പിൽ അവൻ പതറിയില്ല. പകരം, ഇസ്രായേലിനെതിരെയുള്ള യഹോവയുടെ ന്യായവിധിദൂതുകൾ അവൻ സധൈര്യം പ്രഖ്യാപിച്ചു. ജനരഞ്‌ജകമല്ലാത്ത ഒരു ദൂത്‌ പ്രഖ്യാപിക്കുന്ന ഇന്നത്തെ ദൈവദാസർക്കുള്ള എത്ര ഉത്തമമായ മാതൃക!​—⁠മത്തായി 5:11, 12; 10:⁠22.