വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടികളിൽനിന്നു നിങ്ങൾക്ക്‌ എന്തു പഠിക്കാൻ കഴിയും?

കുട്ടികളിൽനിന്നു നിങ്ങൾക്ക്‌ എന്തു പഠിക്കാൻ കഴിയും?

കുട്ടികളിൽനിന്നു നിങ്ങൾക്ക്‌ എന്തു പഠിക്കാൻ കഴിയും?

“നിങ്ങളൊരു കുട്ടിയെപ്പോലെയാണു പെരുമാറുന്നത്‌!” മുതിർന്നവരായ നമ്മോട്‌ ആരെങ്കിലും അങ്ങനെ പറഞ്ഞാൽ നമുക്ക്‌ വിഷമം തോന്നാനിടയുണ്ട്‌. കൊച്ചുകുട്ടികളെ എല്ലാവർക്കും ഇഷ്ടമാണെങ്കിലും, പ്രായമായവർക്കുള്ള പക്വതയോ അനുഭവസമ്പത്തോ ജ്ഞാനമോ അവർക്കില്ല.​—⁠ഇയ്യോബ്‌ 12:12.

എന്നിരുന്നാലും ഒരു സന്ദർഭത്തിൽ യേശു ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‌വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്തായി 18:3) യേശു എന്താണ്‌ അർഥമാക്കിയത്‌? മുതിർന്നവർ അനുകരിക്കേണ്ട എന്തു ഗുണങ്ങളാണ്‌ കുട്ടികൾക്കുള്ളത്‌?

കുട്ടികളുടേതുപോലുള്ള താഴ്‌മ നട്ടുവളർത്തുക

യേശു ആ വാക്കുകൾ പറയാനിടയായ സാഹചര്യം പരിചിന്തിക്കുക. ഒരു നീണ്ട യാത്രയ്‌ക്കുശേഷം കഫർന്നഹൂമിൽ എത്തിച്ചേർന്ന യേശു, “നിങ്ങൾ വഴിയിൽവെച്ചു തമ്മിൽ വാദിച്ചതു എന്തു” എന്നു ശിഷ്യന്മാരോടു ചോദിച്ചു. പരിഭ്രമം നിമിത്തം അവർ ഒന്നും മിണ്ടിയില്ല. കാരണം തങ്ങളുടെ കൂട്ടത്തിൽ ആരാണു വലിയവൻ എന്നതിനെച്ചൊല്ലി അവർ തർക്കിച്ചിരുന്നു. ഒടുവിൽ, ധൈര്യം സംഭരിച്ച്‌ “സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആർ” എന്ന്‌ അവർ യേശുവിനോടു ചോദിച്ചു.​—⁠മർക്കൊസ്‌ 9:33, 34; മത്തായി 18:⁠1.

മൂന്നു വർഷത്തോളം യേശുവിനോടുകൂടെ ആയിരുന്ന ഈ ശിഷ്യന്മാർ സ്ഥാനത്തെച്ചൊല്ലി തർക്കിക്കുന്നു എന്നത്‌ നമ്മെ അതിശയിപ്പിച്ചേക്കാം. എന്നാൽ ഇത്തരം കാര്യങ്ങൾക്കു വലിയ പ്രാധാന്യം കൽപ്പിച്ചിരുന്ന യഹൂദ മതപശ്ചാത്തലത്തിലാണ്‌ അവർ വളർന്നുവന്നത്‌. ഈ പശ്ചാത്തലവും മാനുഷ അപൂർണതയും ചേർന്ന്‌ ശിഷ്യന്മാരുടെ ചിന്താഗതിയെ സ്വാധീനിച്ചിരിക്കാം.

യേശു ഇരുന്നിട്ട്‌ ശിഷ്യന്മാരെ അടുത്തേക്കു വിളിച്ചു, എന്നിട്ടു പറഞ്ഞു: “ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം.” (മർക്കൊസ്‌ 9:35) ഈ വാക്കുകൾ അവരെ അത്ഭുതസ്‌തബ്ധരാക്കിയിരിക്കണം. ഒരുവനെ മഹാനാക്കുന്നതെന്ത്‌ എന്നതു സംബന്ധിച്ച യഹൂദ ധാരണകൾക്ക്‌ നേർവിപരീതമായിരുന്നു യേശുവിന്റെ പ്രസ്‌താവന! തുടർന്ന്‌ യേശു ഒരു കൊച്ചുകുട്ടിയെ തന്റെ അടുത്തേക്കു വിളിച്ചു. അവനെ ആർദ്രമായി കെട്ടിപ്പിടിച്ചുകൊണ്ട്‌ യേശു തനിക്കു പറയാനുണ്ടായിരുന്ന സംഗതി വ്യക്തമാക്കി: “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‌വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു . . . ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്‌ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.”​—⁠മത്തായി 18:3, 4.

താഴ്‌മ സംബന്ധിച്ച എത്ര മഹത്തായ പാഠം! ആ രംഗം ഒന്നു ഭാവനയിൽ കാണുക. ഗൗരവമുള്ള മുഖഭാവത്തോടുകൂടിയ ഒരു കൂട്ടം മുതിർന്നവരുടെ നടുവിൽ നിൽക്കുന്ന ഒരു കൊച്ചുകുട്ടി. എല്ലാ കണ്ണുകളും അവന്റെ മേലാണ്‌. അമ്പരന്നുനിൽക്കുകയാണ്‌ ആ പാവം. മറ്റുള്ളവരെ ആശ്രയിക്കാനുള്ള മനസ്സൊരുക്കമുണ്ടവന്‌! മത്സരബുദ്ധിയോ ദ്രോഹചിന്തയോ ഇല്ല! താൻ പ്രധാനപ്പെട്ട ആരോ ആണെന്ന്‌ അവൻ കരുതുന്നില്ല; ആർക്കും കീഴ്‌പെടാനുള്ള മനസ്സുമുണ്ട്‌! അതേ, താഴ്‌മയെന്ന ദൈവികഗുണത്തിന്റെ എത്ര മനോഹരമായ പ്രതിഫലനമാണ്‌ അവൻ.

യേശുവിന്റെ ആശയം വ്യക്തമാണ്‌. ദൈവരാജ്യം അവകാശമാക്കണമെങ്കിൽ നാം എല്ലാവരും കുട്ടികളുടേതുപോലുള്ള താഴ്‌മ വളർത്തിയെടുക്കണം. സത്യക്രിസ്‌ത്യാനികൾ ഒരു കുടുംബംപോലെയാണ്‌; യഹോവ വെച്ച ആ കുടുംബ ക്രമീകരണത്തിൽ മത്സരത്തിനോ കലഹത്തിനോ അഹങ്കാരത്തിനോ ഇടമില്ല. (ഗലാത്യർ 5:26) വാസ്‌തവത്തിൽ ദൈവത്തിനെതിരെ തിരിയാൻ പിശാചായ സാത്താനെ പ്രേരിപ്പിച്ചത്‌ ഈ ഘടകങ്ങളാണ്‌. വെറുതെയല്ല, യഹോവ ഇത്തരം സ്വഭാവവിശേഷതകളെ വെറുക്കുന്നത്‌!​—⁠സദൃശവാക്യങ്ങൾ 8:13.

മറ്റുള്ളവരെ സേവിക്കാനാണ്‌ സത്യക്രിസ്‌ത്യാനികൾ ആഗ്രഹിക്കുന്നത്‌, അല്ലാതെ മറ്റുള്ളവരുടെമേൽ അധികാരം പ്രയോഗിക്കാനല്ല. നാം ചെയ്യുന്ന സേവനം നമുക്ക്‌ ഇഷ്ടമില്ലാത്തതോ നാം സേവിക്കുന്ന വ്യക്തി അങ്ങേയറ്റം എളിയവനോ ആണെങ്കിലും, യഥാർഥ താഴ്‌മ മറ്റുള്ളവരെ സേവിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. അത്തരം സേവനം വലിയ പ്രയോജനങ്ങൾ കൈവരുത്തും. യേശു പറയുന്നു: “ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.” (മർക്കൊസ്‌ 9:37) ഉദാരമായ, താഴ്‌മയോടുകൂടിയ, കുട്ടികളുടേതുപോലുള്ള മനോഭാവം വളർത്തിയെടുക്കുമ്പോൾ അഖിലാണ്ഡത്തിലെ പരമോന്നത വ്യക്തിയുമായും അവന്റെ പുത്രനുമായും നാം ഐക്യത്തിൽ വരുന്നു. (യോഹന്നാൻ 17:20, 21; 1 പത്രൊസ്‌ 5:5) ദാനശീലം കൈവരുത്തുന്ന സന്തോഷവും നാം ആസ്വദിക്കും. (പ്രവൃത്തികൾ 20:35) ദൈവജനത്തിനിടയിൽ നിലനിൽക്കുന്ന സമാധാനത്തിനും ഐക്യത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യവും നമുക്കുണ്ടായിരിക്കും.​—⁠എഫെസ്യർ 4:1-3.

പഠിക്കാനുള്ള മനസ്സും ആശ്രയത്വവും

അടുത്തതായി, മുതിർന്നവർക്ക്‌ കുട്ടികളിൽനിന്നു പഠിക്കാൻ കഴിയുന്ന മറ്റൊരു പാഠം എടുത്തുപറയുകയാണ്‌ യേശു. “ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല.” (മർക്കൊസ്‌ 10:15) കുട്ടികൾക്ക്‌ താഴ്‌മ മാത്രമല്ല, പഠിക്കാനുള്ള മനസ്സുമുണ്ട്‌. “സ്‌പഞ്ച്‌ വെള്ളം വലിച്ചെടുക്കുന്നതുപോലെയാണ്‌ കുട്ടികൾ വിവരങ്ങൾ ഗ്രഹിക്കുന്നത്‌” എന്ന്‌ ഒരു അമ്മ അഭിപ്രായപ്പെടുന്നു.

അതുകൊണ്ട്‌ ദൈവരാജ്യം അവകാശമാക്കുന്നതിന്‌ നാം രാജ്യസന്ദേശം സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതുണ്ട്‌. (1 തെസ്സലൊനീക്യർ 2:13) നവജാത ശിശുക്കളെപ്പോലെ നാം “രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്‌ഛി”ക്കണം; അതേ, അതിനുള്ള തീവ്രമായ ആഗ്രഹം വളർത്തിയെടുക്കണം. (1 പത്രൊസ്‌ 2:2, 3) ബൈബിളിലെ ഏതെങ്കിലും ഉപദേശം മനസ്സിലാക്കാൻ ബുദ്ധിമുട്ടായിത്തോന്നുന്നു എങ്കിലോ? “തങ്ങളുടെ ചോദ്യത്തിന്‌ തൃപ്‌തികരമായ ഉത്തരം കിട്ടുന്നതുവരെ കുട്ടികൾ ‘അതെന്താ’ എന്ന ചോദ്യം ആവർത്തിച്ചുകൊണ്ടേയിരിക്കും,” ശിശുപരിപാലകയായി ജോലി നോക്കുന്ന ഒരു സ്‌ത്രീ പറയുന്നു. നാം കുട്ടികളുടെ മാതൃക അനുകരിക്കണം. അതുകൊണ്ട്‌ പഠിക്കുന്നതിൽ തുടരുക; അനുഭവസമ്പന്നരായ ക്രിസ്‌ത്യാനികളോടു സംസാരിക്കുക; ജ്ഞാനത്തിനായി യഹോവയോട്‌ അപേക്ഷിക്കുക. (യാക്കോബ്‌ 1:5) നിങ്ങളുടെ സ്ഥിരോത്സാഹത്തിനും പ്രാർഥനയ്‌ക്കും തക്കസമയത്ത്‌ പ്രതിഫലം ലഭിക്കും എന്നതിൽ സംശയം വേണ്ട.​—⁠മത്തായി 7:7-11, NW.

‘മറ്റുള്ളവരിൽനിന്നു പഠിക്കാൻ മനസ്സു കാണിക്കുന്നവർ എളുപ്പം വഴിതെറ്റിക്കപ്പെടില്ലേ?’ എന്ന്‌ ചിലർ ചിന്തിച്ചേക്കാം. അവർക്ക്‌ ആശ്രയയോഗ്യമായ മാർഗനിർദേശം ലഭ്യമാണെങ്കിൽ അങ്ങനെ സംഭവിക്കില്ല. ഉദാഹരണത്തിന്‌ കുട്ടികൾ മാർഗദർശനത്തിനായി സ്വാഭാവികമായും മാതാപിതാക്കളെയാണ്‌ ആശ്രയിക്കുന്നത്‌. “ദിവസവും കുട്ടികളെ പരിപാലിക്കുകയും അവർക്കായി കരുതുകയും ചെയ്‌തുകൊണ്ട്‌ ആശ്രയിക്കാൻ കൊള്ളാവുന്നവരാണ്‌ തങ്ങളെന്ന്‌ മാതാപിതാക്കൾ പ്രകടമാക്കുന്നു” എന്ന്‌ ഒരു പിതാവ്‌ പറയുന്നു. തീർച്ചയായും, നമ്മുടെ സ്വർഗീയ പിതാവായ യഹോവയെ ആശ്രയിക്കുന്നതിന്‌ നമുക്കും സമാനമായ കാരണങ്ങളുണ്ട്‌. (യാക്കോബ്‌ 1:17; 1 യോഹന്നാൻ 4:9, 10) തന്റെ വചനമായ ബൈബിളിലൂടെ ദൈവം നമുക്ക്‌ ആശ്രയയോഗ്യമായ മാർഗനിർദേശം നൽകുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവും സംഘടനയും നമ്മെ ആശ്വസിപ്പിക്കുകയും താങ്ങുകയും ചെയ്യുന്നു. (മത്തായി 24:45-47; യോഹന്നാൻ 14:26) ഈ കരുതലുകൾ പ്രയോജനപ്പെടുത്തുന്നത്‌ ആത്മീയ ഹാനിയിൽനിന്നു നമ്മെ സംരക്ഷിക്കും.​—⁠സങ്കീർത്തനം 91:1-16.

ദൈവത്തിൽ ആശ്രയിക്കുന്നത്‌ നമുക്കു മനസ്സമാധാനം നൽകും. ഒരു ബൈബിൾ പണ്ഡിതന്റെ വാക്കുകൾ ശ്രദ്ധിക്കുക: “കുട്ടിക്കാലത്തു മാതാപിതാക്കളോടൊപ്പം യാത്ര പോകുമ്പോൾ നമ്മുടെ കയ്യിൽ വണ്ടിക്കൂലി കാണില്ല, ലക്ഷ്യസ്ഥാനത്ത്‌ എങ്ങനെയെത്തും എന്നതിനെക്കുറിച്ചു ധാരണയും ഉണ്ടാവില്ല. ഇതൊക്കെയാണെങ്കിലും മാതാപിതാക്കൾ നമ്മെ ലക്ഷ്യസ്ഥാനത്ത്‌ സുരക്ഷിതമായി എത്തിക്കുമോ എന്നതിനെക്കുറിച്ചു നാം സംശയിക്കാറില്ല.” ജീവിതപാതയിലൂടെ മുന്നോട്ടു പോകവേ, യഹോവയിൽ നമുക്ക്‌ അതേ ആശ്രയത്വമുണ്ടോ?​—⁠യെശയ്യാവു 41:10.

യഹോവയിലുള്ള പരിപൂർണ ആശ്രയം നമ്മുടെ ആത്മീയതയെ അപകടപ്പെടുത്തിയേക്കാവുന്ന മനോഭാവങ്ങളും പ്രവൃത്തികളും ഒഴിവാക്കാൻ നമ്മെ സഹായിക്കും. മാത്രമല്ല, നമ്മുടെ സ്വർഗീയ പിതാവ്‌ നമ്മുടെ പ്രവൃത്തികൾ കാണുന്നുണ്ടെന്നും ഒന്നാമതു ദൈവത്തിന്റെ രാജ്യവും അവന്റെ നീതിയും അന്വേഷിക്കുന്നിടത്തോളം അവൻ നമ്മെ പരിപാലിക്കുമെന്നും ഉള്ള യേശുവിന്റെ വാക്കുകളിൽ പൂർണ വിശ്വാസം അർപ്പിക്കാനും അത്‌ നമ്മെ സഹായിക്കും. ഇത്‌, ആത്മീയ ഉത്തരവാദിത്വങ്ങൾ ബലികഴിച്ചുകൊണ്ട്‌ ഭൗതിക സംഗതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള പ്രലോഭനത്തെ ചെറുത്തുനിൽക്കാൻ നമ്മെ സഹായിക്കും.​—⁠മത്തായി 6:19-34.

“തിന്മെക്കു ശിശുക്കൾ ആയിരിപ്പിൻ”

അപൂർണരായിട്ടാണ്‌ ജനിക്കുന്നതെങ്കിലും കുഞ്ഞുങ്ങൾ ഹൃദയംകൊണ്ടും മനസ്സുകൊണ്ടും നിഷ്‌കളങ്കരാണ്‌. അതുകൊണ്ടാണ്‌ “തിന്മെക്കു ശിശുക്കൾ ആയിരിപ്പിൻ” എന്ന്‌ ബൈബിൾ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിക്കുന്നത്‌.​—⁠1 കൊരിന്ത്യർ 14:20.

അഞ്ചു വയസ്സുകാരിയായ മോനിക്കിന്റെ വാക്കുകൾ ശ്രദ്ധിക്കുക. അവൾ ഉത്സാഹത്തോടെ അമ്മയോട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ പുതിയ കൂട്ടുകാരി സേറയ്‌ക്ക്‌ എന്റെ പോലത്തെ ചുരുണ്ട മുടിയാണ്‌!” സേറയുടെ നിറത്തിന്റെയും വർഗത്തിന്റെയും വ്യത്യാസത്തെക്കുറിച്ച്‌ അവൾ പരാമർശിച്ചുപോലുമില്ല. ഒരു അമ്മ പറയുന്നതു കേൾക്കുക: “കൊച്ചു കുട്ടികൾ ത്വക്കിന്റെ നിറം നോക്കാറില്ല; വർഗം, മുൻവിധി എന്നൊക്കെ പറഞ്ഞാൽ എന്താണെന്നുപോലും അവർക്കറിയില്ല.” ഈ സംഗതിയിൽ, പക്ഷപാതിത്വമില്ലാതെ എല്ലാ ജനതകളിൽനിന്നുമുള്ള ആളുകളെ സ്‌നേഹിക്കുന്ന നമ്മുടെ ദൈവത്തിന്റെ വീക്ഷണത്തെ കുട്ടികൾ എത്ര മനോഹരമായിട്ടാണ്‌ പ്രതിഫലിപ്പിക്കുന്നത്‌.​—⁠പ്രവൃത്തികൾ 10:34, 35.

ക്ഷമിക്കുന്നതിനുള്ള കുട്ടികളുടെ കഴിവ്‌ അപാരമാണ്‌. ഒരമ്മ പറയുന്നതു ശ്രദ്ധിക്കുക: “കുഞ്ഞു ജാക്കും ലിവൈയും വഴക്കുണ്ടാക്കുമ്പോൾ ക്ഷമ ചോദിക്കാൻ ഞങ്ങൾ അവരോടു പറയും; പെട്ടെന്നുതന്നെ അവർ എല്ലാം മറന്ന്‌ വീണ്ടും കളി തുടങ്ങും. അവർ നടന്ന കാര്യത്തെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കുകയോ കഴിഞ്ഞ കാര്യങ്ങൾ കുത്തിപ്പൊക്കുകയോ ക്ഷമിക്കുന്നതിന്‌ വ്യവസ്ഥകൾ വെക്കുകയോ ഒന്നും ചെയ്യില്ല.” മുതിർന്നവർക്ക്‌ അനുകരിക്കാൻ കഴിയുന്ന എത്ര നല്ല മാതൃക!​—⁠കൊലൊസ്സ്യർ 3:13.

കൂടാതെ, ദൈവമുണ്ടെന്ന കാര്യം കൊച്ചുകുട്ടികൾ പെട്ടെന്ന്‌ അംഗീകരിക്കും. (എബ്രായർ 11:6) മനസ്സിൽ തോന്നുന്ന കാര്യങ്ങൾ തുറന്നുപറയാൻ സ്വതവേ മടിയില്ലാത്തവരാണു കുട്ടികൾ; ഇത്‌ മറ്റുള്ളവരോടു ധൈര്യത്തോടെ സാക്ഷീകരിക്കാൻ പലപ്പോഴും അവരെ പ്രചോദിപ്പിക്കുന്നു. (2 രാജാക്കന്മാർ 5:2, 3) ലളിതമായ, ഹൃദയപൂർവമായ അവരുടെ പ്രാർഥനകൾക്ക്‌, കരിങ്കല്ലുപോലെ കഠിനമായ ഹൃദയത്തെപ്പോലും തരളമാക്കാനാകും. പ്രലോഭനത്തിൻ കീഴിലായിരിക്കുമ്പോൾ ശരിയായ കാര്യങ്ങൾക്കുവേണ്ടി ഉറച്ച നിലപാട്‌ സ്വീകരിക്കാൻ അവർക്കു കഴിയും. കുട്ടികൾ എത്ര അമൂല്യമായ സമ്മാനമാണ്‌!​—⁠സങ്കീർത്തനം 127:3, 4.

മനോഹാരിത വീണ്ടെടുക്കുന്നു

‘കുട്ടിത്തത്തിന്റെ സവിശേഷതയായിരിക്കുന്ന ആ മനോഹര ഗുണങ്ങൾ വീണ്ടെടുക്കാൻ മുതിർന്നവർക്കു സാധിക്കുമോ?’ എന്ന്‌ നിങ്ങൾ ചിന്തിച്ചേക്കാം. സാധിക്കും എന്നതിനു സംശയം വേണ്ട! ‘ശിശുക്കളെപ്പോലെ ആകാനുള്ള’ യേശുവിന്റെ കൽപ്പന കാണിക്കുന്നത്‌ അതു സാധ്യമാണെന്നാണ്‌.​—⁠മത്തായി 18:⁠3.

ഈ ദൃഷ്ടാന്തം പരിചിന്തിക്കുക: കലാസൃഷ്ടികളുടെ കേടുപാടു തീർക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സംഘം വില മതിക്കാനാകാത്ത ഒരു ഉത്‌കൃഷ്ട കലാസൃഷ്ടിയുടെ കേടുപോക്കാൻ ശ്രമിക്കുകയാണ്‌. ഇതിന്റെ ഭാഗമായി, അവർ അതിൽ കട്ടിപിടിച്ചിരിക്കുന്ന അഴുക്കും മറ്റും നീക്കംചെയ്യും; അതിനുശേഷം ശ്രദ്ധാപൂർവം ഒറിജിനൽ കലാസൃഷ്ടിയുടെ നിറവും സൗന്ദര്യവും വീണ്ടെടുക്കാൻ ശ്രമിക്കും. ദീർഘനേരത്തെ കഠിന ശ്രമത്തിനുശേഷം, കലാസൃഷ്ടിയുടെ സ്വാഭാവിക മനോഹാരിത എല്ലാവർക്കും കാണാൻ കഴിയുംവിധം വ്യക്തമായിവരും. സമാനമായി സ്ഥിരപരിശ്രമത്താലും യഹോവയുടെ പരിശുദ്ധാത്മാവിന്റെ സഹായത്താലും ക്രിസ്‌തീയ സഭയുടെ സ്‌നേഹപുരസ്സരമായ പിന്തുണയാലും നമ്മുടെ കുട്ടിക്കാലത്തിന്റെ സവിശേഷതയായിരുന്ന ഗുണങ്ങൾ നമുക്കു വീണ്ടെടുക്കാം​—⁠അതേ, നമ്മുടെ കുട്ടിത്തത്തെ ആകർഷകമാക്കിത്തീർത്ത ആ മനോഹരഗുണങ്ങൾ.​—⁠എഫെസ്യർ 5:⁠1, NW.

[9-ാം പേജിലെ ചിത്രം]

കുട്ടികൾ സ്വതവേ താഴ്‌മയുള്ളവരാണ്‌

[10-ാം പേജിലെ ചിത്രം]

കൊച്ചുകുട്ടികൾക്കു മുൻവിധിയില്ല; അവർ എളുപ്പം പൊറുക്കുകയും മറക്കുകയും ചെയ്യുന്നു