വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ വിലമതിപ്പ്‌ വർധിച്ചുവരുമാറാകട്ടെ

നിങ്ങളുടെ വിലമതിപ്പ്‌ വർധിച്ചുവരുമാറാകട്ടെ

നിങ്ങളുടെ വിലമതിപ്പ്‌ വർധിച്ചുവരുമാറാകട്ടെ

“ദൈവമേ, നിന്റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയത്‌!”—⁠സങ്കീർത്തനം 139:17.

1, 2. നാം ദൈവവചനം വിലമതിക്കേണ്ടതിന്റെ കാരണമെന്ത്‌, സങ്കീർത്തനക്കാരൻ തന്റെ വിലമതിപ്പു പ്രകടമാക്കിയത്‌ എങ്ങനെ?

ഉദ്വേഗജനകമായ ഒരു കണ്ടെത്തലായിരുന്നു അത്‌. യെരൂശലേമിലുള്ള യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾക്കിടെ, മഹാപുരോഹിതനായ ഹിൽക്കീയാവ്‌ “യഹോവ മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്‌തകം” കണ്ടെത്തുകയായിരുന്നു. അന്നേക്ക്‌ ഏകദേശം 800 വർഷംമുമ്പ്‌ എഴുതപ്പെട്ട മൂല പ്രതിയായിരുന്നു അത്‌! ദൈവദാസനായ യോശീയാ രാജാവിന്റെ മുമ്പാകെ അതു കൊണ്ടുവന്നപ്പോൾ അവന്‌ എന്തു തോന്നിക്കാണും എന്നു നിങ്ങൾക്കു സങ്കൽപ്പിക്കാനാകുമോ? അത്യന്തം വിലമതിപ്പോടെ അവൻ, ഉടൻതന്നെ അത്‌ ഉറക്കെ വായിച്ചുകേൾപ്പിക്കാൻ സെക്രട്ടറിയായ ശാഫാനോട്‌ ആവശ്യപ്പെട്ടു.—⁠2 ദിനവൃത്താന്തം 34:14-18.

2 ഇന്നു കോടിക്കണക്കിനാളുകൾക്ക്‌ ദൈവവചനം പൂർണമായോ ഭാഗികമായോ മാതൃഭാഷയിൽ ലഭ്യമാണ്‌. എന്നാൽ അതുകൊണ്ട്‌ തിരുവെഴുത്തുകളുടെ മൂല്യവും പ്രാധാന്യവും കുറയുന്നുണ്ടോ? തീർച്ചയായുമില്ല! എന്തിന്‌, സർവശക്തന്റെ ചിന്തകളാണ്‌ അതിൽ അടങ്ങിയിരിക്കുന്നത്‌; അവ രേഖപ്പെടുത്തിയിരിക്കുന്നത്‌ നമ്മുടെ പ്രയോജനത്തിനുമാണ്‌. (2 തിമൊഥെയൊസ്‌ 3:16) ദൈവവചനത്തോടുള്ള തന്റെ വീക്ഷണം പ്രകടമാക്കിക്കൊണ്ട്‌ സങ്കീർത്തനക്കാരനായ ദാവീദ്‌ ഇങ്ങനെ എഴുതി: “ദൈവമേ, നിന്റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയത്‌!”—⁠സങ്കീർത്തനം 139:17.

3. ദൈവവുമായുള്ള ബന്ധത്തെ ആഴമായി വിലമതിച്ച വ്യക്തിയായിരുന്നു ദാവീദ്‌ എന്ന്‌ എന്തു പ്രകടമാക്കുന്നു?

3 യഹോവയോടും അവന്റെ വചനത്തോടും സത്യാരാധനയ്‌ക്കായുള്ള അവന്റെ ക്രമീകരണങ്ങളോടുമുള്ള ദാവീദിന്റെ വിലമതിപ്പിന്‌ ഒരിക്കലും മങ്ങലേറ്റില്ല. അവൻ രചിച്ച മനോഹരമായ അനേകം സങ്കീർത്തനങ്ങൾ അവന്റെ മനോവികാരം വെളിപ്പെടുത്തി. ഉദാഹരണത്തിന്‌ സങ്കീർത്തനം 27:4-ൽ അവൻ ഇങ്ങനെ എഴുതി: “ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും [“മന്ദിരത്തെ വിലമതിപ്പോടെ വീക്ഷിക്കാനും,” NW] എന്റെ ആയുഷ്‌കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ.” മൂല എബ്രായയിൽ, ‘വിലമതിപ്പോടെ വീക്ഷിക്കുക’ എന്ന പദപ്രയോഗത്തിന്റെ അർഥം ധ്യാനത്തിൽ മുഴുകുക, സുസൂക്ഷ്‌മം പരിശോധിക്കുക, താത്‌പര്യത്തോടും പ്രമോദത്തോടും ഭക്തിയോടുംകൂടെ വീക്ഷിക്കുക എന്നൊക്കെയാണ്‌. വിശ്വാസം ശക്തമാക്കാൻ യഹോവ പ്രദാനം ചെയ്‌ത സകല കാര്യങ്ങളോടും ദാവീദിന്‌ ആത്മാർഥമായ വിലമതിപ്പുണ്ടായിരുന്നു. ദൈവം വെളിപ്പെടുത്തിക്കൊടുത്ത ആത്മീയ സത്യങ്ങളുടെ നുറുങ്ങുകൾപോലും അവന്‌ അത്യാനന്ദം പകർന്നു. വ്യക്തമായും, ദൈവവുമായുള്ള ബന്ധത്തെ ആഴമായി വിലമതിച്ച വ്യക്തിയായിരുന്നു ദാവീദ്‌. വിലമതിപ്പു മുറ്റിനിന്ന അവന്റെ ജീവിതം നമുക്കു നല്ലൊരു മാതൃകയാണ്‌.—⁠സങ്കീർത്തനം 19:7-11.

ബൈബിൾസത്യം അറിയാൻ കഴിയുന്നതിൽ വിലമതിപ്പുള്ളവരായിരിക്കുക

4. യേശു “പരിശുദ്ധാത്മാവിൽ ആനന്ദി”ക്കാൻ ഇടയായത്‌ എന്തുകൊണ്ട്‌?

4 സാധാരണഗതിയിൽ മനുഷ്യരെ അഹങ്കാരികളാക്കിത്തീർക്കുന്ന ബൗദ്ധിക പ്രാപ്‌തികളോ ലൗകിക വിദ്യാഭ്യാസമോ അല്ല ഒരുവനു ദൈവവചനത്തിന്റെ ആഴമായ പരിജ്ഞാനം നേടിക്കൊടുക്കുന്നത്‌. മറിച്ച്‌ ആത്മീയ ആവശ്യങ്ങൾ സംബന്ധിച്ചു ബോധമുള്ളവരും ആത്മാർഥ ഹൃദയരുമായ താഴ്‌മയുമുള്ള മനുഷ്യരോടു യഹോവ പ്രകടമാക്കുന്ന അനർഹദയയാണ്‌ അതിന്‌ ആധാരം. (മത്തായി 5:3; 1 യോഹന്നാൻ 5:20) അപൂർണ മനുഷ്യരിൽ ചിലരുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നതിനെക്കുറിച്ചു സംസാരിക്കവേ “പരിശുദ്ധാത്മാവിൽ ആനന്ദിച്ചു”കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്‌ത്തുന്നു.”—⁠ലൂക്കൊസ്‌ 10:17-21.

5. യേശുവിന്റെ ശിഷ്യന്മാർ, വെളിപ്പെടുത്തിക്കിട്ടിയ രാജ്യസത്യങ്ങൾ നിസ്സാരമായി വീക്ഷിക്കരുതാഞ്ഞത്‌ എന്തുകൊണ്ട്‌?

5 ഹൃദയംഗമമായ ആ പ്രാർഥനയ്‌ക്കുശേഷം ശിഷ്യന്മാരുടെനേരെ തിരിഞ്ഞ്‌ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ കാണുന്നതിനെ കാണുന്ന കണ്ണു ഭാഗ്യമുള്ളതു. നിങ്ങൾ കാണുന്നതിനെ കാണ്മാൻ ഏറിയ പ്രവാചകന്മാരും രാജാക്കന്മാരും ഇച്ഛിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതിനെ കേൾപ്പാൻ ഇച്ഛിച്ചിട്ടും കേട്ടില്ല.” വെളിപ്പെടുത്തിക്കിട്ടിക്കൊണ്ടിരുന്ന അമൂല്യമായ രാജ്യസത്യങ്ങൾ നിസ്സാരമായി വീക്ഷിക്കരുതെന്ന്‌ യേശു തന്റെ വിശ്വസ്‌ത അനുഗാമികളെ ഓർമിപ്പിക്കുകയായിരുന്നു. മുൻ തലമുറകളിലെ ദൈവദാസന്മാർക്ക്‌ ഈ സത്യങ്ങൾ വെളിപ്പെടുത്തപ്പെട്ടിരുന്നില്ല, കൂടാതെ, യേശുവിന്റെ നാളിലെ “ജ്ഞാനികൾക്കും വിവേകികൾക്കും” അതു നിശ്ചയമായും വെളിപ്പെടുത്തപ്പെട്ടിരുന്നില്ല!—⁠ലൂക്കൊസ്‌ 10:23, 24.

6, 7. (എ) ദിവ്യസത്യത്തോടു വിലമതിപ്പുള്ളവരായിരിക്കാൻ നമുക്ക്‌ എന്തെല്ലാം കാരണങ്ങളുണ്ട്‌? (ബി) സത്യമതത്തിനും വ്യാജമതത്തിനുമിടയിൽ ഇന്നു നാം എന്തു വ്യത്യാസം കാണുന്നു?

6 ദിവ്യസത്യത്തോടു വിലമതിപ്പുള്ളവരായിരിക്കാൻ ഇന്നു നമുക്കു കൂടുതലായ കാരണമുണ്ട്‌—⁠“വിശ്വസ്‌തനും വിവേകിയുമായ അടിമ”യിലൂടെ യഹോവ തന്റെ ജനത്തിന്‌ അവന്റെ വചനത്തിന്റെ കൂടുതൽ ആഴത്തിലുള്ള ഉൾക്കാഴ്‌ച നൽകിയിരിക്കുന്നു. (മത്തായി 24:45, NW; ദാനീയേൽ 12:10) അന്ത്യകാലത്തെക്കുറിച്ച്‌ ദാനീയേൽ പ്രവാചകൻ ഇങ്ങനെ എഴുതി: “പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.” (ദാനീയേൽ 12:4) ഇന്ന്‌ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം ‘വർധിച്ചിരിക്കുന്നു’ എന്നതിനോടും സമൃദ്ധമായ ആത്മീയ ആഹാരത്താൽ യഹോവയുടെ ദാസർ പോഷിപ്പിക്കപ്പെടുന്നു എന്നതിനോടും നിങ്ങൾ യോജിക്കുന്നില്ലേ?

7 ആത്മീയ സമൃദ്ധി ആസ്വദിക്കുന്ന ദൈവജനത്തിനും ആത്മീയ ദാരിദ്ര്യത്തിലായിരിക്കുന്ന മഹാബാബിലോണിനും ഇടയിൽ എന്തൊരു അന്തരമാണു നാം കാണുന്നത്‌! ഇച്ഛാഭംഗവും വ്യാജമതത്തോടുള്ള വിരക്തിയും നിമിത്തം അനേകരും ഇന്നു സത്യാരാധനയിലേക്കു തിരിയുകയാണ്‌. “[മഹാബാബിലോണിന്റെ] പാപങ്ങളിൽ കൂട്ടാളികളാ”കാനോ “അവളുടെ ബാധകളിൽ ഓഹരിക്കാരാ”കാനോ ആഗ്രഹമില്ലാത്ത ചെമ്മരിയാടുതുല്യരാണ്‌ അവർ. അങ്ങനെയുള്ള എല്ലാവരെയും യഹോവയും അവന്റെ ദാസരും സത്യക്രിസ്‌തീയ സഭയിലേക്കു സ്വാഗതം ചെയ്യുന്നു.—⁠വെളിപ്പാടു 18:2-4; 22:17.

വിലമതിപ്പുള്ളവർ സത്യാരാധനയിലേക്കു പ്രവഹിക്കുന്നു

8, 9. ഹഗ്ഗായി 2:7-ലെ വാക്കുകൾ ഇന്നു നിവൃത്തിയേറിക്കൊണ്ടിരിക്കുന്നത്‌ എങ്ങനെ?

8 യഹോവ തന്റെ ആത്മീയ ആലയത്തോടുള്ള ബന്ധത്തിൽ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ഞാൻ സകല ജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹരവസ്‌തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും.” (ഹഗ്ഗായി 2:7) ഹഗ്ഗായിയുടെ നാളിൽ, ദൈവജനത്തിന്റെ പുനഃസ്ഥിതീകരിക്കപ്പെട്ട ശേഷിപ്പ്‌ യെരൂശലേമിലെ ആലയം പുനർനിർമിച്ചപ്പോൾ വിസ്‌മയാവഹമായ ഈ പ്രവചനത്തിന്‌ ഒരു നിവൃത്തിയുണ്ടായി. ഹഗ്ഗായിയുടെ ആ വാക്കുകൾ ഇന്ന്‌ യഹോവയുടെ വലിയ ആത്മീയ ആലയത്തോടുള്ള ബന്ധത്തിൽ കൂടുതലായ നിവൃത്തി കാണുകയാണ്‌.

9 ദൈവത്തെ “ആത്മാവിലും സത്യത്തിലും” ആരാധിക്കാൻ ദശലക്ഷങ്ങൾ ഇപ്പോൾത്തന്നെ അവന്റെ ആലങ്കാരിക ആലയത്തിൽ കൂടിവന്നിരിക്കുകയാണ്‌. കൂടാതെ “സകല ജാതികളുടെയും മനോഹരവസ്‌തു” എന്ന നിലയിൽ വർഷംതോറും പതിനായിരങ്ങൾ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയുമാണ്‌. (യോഹന്നാൻ 4:23, 24) ഉദാഹരണത്തിന്‌ യഹോവയ്‌ക്കുള്ള സമർപ്പണത്തിന്റെ അടയാളമായി 2,48,327 പേർ സ്‌നാപനമേറ്റുവെന്ന്‌ സേവനവർഷം 2006-ലെ ലോകവ്യാപക റിപ്പോർട്ട്‌ പ്രകടമാക്കുന്നു. ദിവസവും ശരാശരി 680 പേർ സ്‌നാപനമേൽക്കുന്നുവെന്നാണ്‌ അതിന്റെ അർഥം! സത്യത്തോടുള്ള അവരുടെ സ്‌നേഹവും രാജ്യഘോഷകരെന്ന നിലയിൽ യഹോവയെ സേവിക്കാനുള്ള അവരുടെ ആഗ്രഹവും അവർ യഥാർഥത്തിൽ ദൈവത്താൽ ആകർഷിക്കപ്പെട്ടവരാണെന്നു തെളിയിക്കുന്നു.—⁠യോഹന്നാൻ 6:44, 65.

10, 11. ആളുകൾ ദൈവവചനത്തിലെ സത്യം വിലമതിക്കാൻ ഇടയായിത്തീർന്നിരിക്കുന്നത്‌ എങ്ങനെയെന്നു കാണിക്കുന്ന ഒരു അനുഭവം വിവരിക്കുക.

10 “നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലു[മു]ള്ള വ്യത്യാസം” മനസ്സിലാക്കിയതിനാലാണ്‌ ആത്മാർഥഹൃദയരായ ഇവരിൽ പലരും സത്യത്തിലേക്ക്‌ ആകർഷിക്കപ്പെട്ടത്‌. (മലാഖി 3:18) വേൻ-വെർജിന്യ ദമ്പതികളുടെ അനുഭവം നോക്കുക. പ്രൊട്ടസ്റ്റന്റ്‌ വിശ്വാസികളായിരുന്ന അവർക്ക്‌ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഉണ്ടായിരുന്നു. യുദ്ധങ്ങൾ അവരിരുവരെയും ദുഃഖിപ്പിച്ചിരുന്നു. വൈദികർ പട്ടാളക്കാരെ അനുഗ്രഹിക്കുകയും ആയുധങ്ങൾ വെഞ്ചരിക്കുകയും ചെയ്യുന്ന കാഴ്‌ച അവരെ അന്ധാളിപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്‌തു. വർഷങ്ങളോളം വേദപാഠം പഠിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു വെർജിന്യ. എന്നിട്ടും, പ്രായമായിക്കഴിഞ്ഞപ്പോൾ മറ്റു സഭാംഗങ്ങൾ തങ്ങളെ അവഗണിക്കുന്നതായി അവർ തിരിച്ചറിഞ്ഞു. “ആരും ഞങ്ങളെ സന്ദർശിക്കുകയോ ഞങ്ങളുടെ ആത്മീയ ക്ഷേമത്തിൽ താത്‌പര്യം പ്രകടിപ്പിക്കുകയോ ചെയ്‌തില്ല. സഭയ്‌ക്ക്‌ ആവശ്യം ഞങ്ങളുടെ പണം മാത്രമായിരുന്നു. ഞങ്ങൾക്ക്‌ ആകെ വിഷമമായി,” അവർ പറഞ്ഞു. സ്വവർഗസംഭോഗത്തിന്റെ കാര്യത്തിൽ സഭ അനുവാദാത്മക നിലപാടു സ്വീകരിച്ചപ്പോൾ അവർ പിന്നെയും നിരാശരായിത്തീർന്നു.

11 അതിനിടെ വേൻ-വെർജിന്യ ദമ്പതികളുടെ കൊച്ചുമകളും തുടർന്ന്‌ മകളും യഹോവയുടെ സാക്ഷികളായിത്തീർന്നു. അത്‌ ആദ്യം അവരെ വ്യാകുലപ്പെടുത്തിയെങ്കിലും പിന്നീട്‌ അവരുടെ മനോഭാവത്തിനു മാറ്റംവരുകയും അവർ ഒരു ബൈബിളധ്യയനം സ്വീകരിക്കുകയും ചെയ്‌തു. വേൻ പറയുന്നു: “ബൈബിളിനെക്കുറിച്ച്‌ കഴിഞ്ഞ 70 വർഷം പഠിച്ചതിലും കൂടുതൽ കാര്യങ്ങൾ വെറും മൂന്നു മാസത്തിനുള്ളിൽ ഞങ്ങൾ പഠിച്ചു! ദൈവത്തിന്റെ പേര്‌ യഹോവ എന്നാണെന്നു ഞങ്ങൾ ഒരിക്കലും കേട്ടിരുന്നില്ല, ദൈവരാജ്യത്തെയും പറുദീസാഭൂമിയെയും കുറിച്ച്‌ യാതൊന്നും ഞങ്ങൾക്ക്‌ അറിയില്ലായിരുന്നു.” ആത്മാർഥഹൃദയരായ ഈ ദമ്പതികൾ ഏറെത്താമസിയാതെ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കാനും ശുശ്രൂഷയിൽ ഏർപ്പെടാനും തുടങ്ങി. “സത്യത്തെക്കുറിച്ച്‌ എല്ലാവരോടും പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” വെർജിന്യ പറഞ്ഞു. 80-കളിൽ എത്തിനിൽക്കുന്ന ഇരുവരും 2005-ൽ സ്‌നാപനമേറ്റു. “സ്‌നേഹവും കരുതലുമുള്ള ഒരു യഥാർഥ ക്രിസ്‌തീയ കൂട്ടായ്‌മ ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു,” അവർ പറഞ്ഞു.

“സകല സൽപ്രവൃത്തിക്കും” സജ്ജരാക്കപ്പെടുന്നതിൽ വിലമതിപ്പുള്ളവരായിരിക്കുക

12. യഹോവ എല്ലായ്‌പോഴും തന്റെ ദാസർക്ക്‌ എന്തു പ്രദാനം ചെയ്യുന്നു, അതിൽനിന്നു പ്രയോജനം നേടാൻ നാം എന്തു ചെയ്യണം?

12 ദൈവേഷ്ടം ചെയ്യാൻ യഹോവ എല്ലായ്‌പോഴും തന്റെ ദാസരെ സഹായിക്കുന്നു. ഉദാഹരണത്തിന്‌ അവൻ നോഹയ്‌ക്ക്‌, പെട്ടകത്തിന്റെ നിർമാണത്തോടുള്ള ബന്ധത്തിൽ വ്യക്തവും കൃത്യവുമായ നിർദേശങ്ങൾ നൽകി. ആദ്യ ഉദ്യമത്തിൽത്തന്നെ പാളിച്ചകളൊന്നും വരുത്താതെ പൂർത്തിയാക്കേണ്ടിയിരുന്ന ഒരു സംരംഭമായിരുന്നു അത്‌! അതു സാക്ഷാത്‌കരിക്കപ്പെടുകയും ചെയ്‌തു. എന്തുകൊണ്ടെന്നാൽ “ദൈവം തന്നോടു കല്‌പിച്ചതൊക്കെയും നോഹ ചെയ്‌തു; അങ്ങനെ തന്നേ അവൻ ചെയ്‌തു.” (ഉല്‌പത്തി 6:14-22) ഇന്നും ദൈവേഷ്ടം ചെയ്യാൻ യഹോവ തന്റെ ദാസരെ സജ്ജരാക്കുന്നു. തീർച്ചയായും, ദൈവത്തിന്റെ സ്ഥാപിത രാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുകയും അർഹരായവരെ യേശുക്രിസ്‌തുവിന്റെ ശിഷ്യരാകാൻ സഹായിക്കുകയും ചെയ്യുക എന്നതാണു നമ്മുടെ മുഖ്യ വേല. നോഹയുടെ കാര്യത്തിലെന്നപോലെ നമ്മുടെ വിജയവും അനുസരണത്തെ ആശ്രയിച്ചിരിക്കുന്നു. യഹോവ തന്റെ വചനത്തിലൂടെയും സംഘടനയിലൂടെയും പ്രദാനം ചെയ്യുന്ന മാർഗനിർദേശങ്ങൾ നാം മനസ്സോടെ അനുസരിക്കണം.—⁠മത്തായി 24:14; 28:19, 20.

13. ഏതു വിധങ്ങളിലാണു യഹോവ നമ്മെ പരിശീലിപ്പിക്കുന്നത്‌?

13 ആ വേല നിർവഹിക്കാൻ, നമ്മുടെ പ്രധാന ഉപകരണമായ ദൈവവചനം ശരിയായി ഉപയോഗിക്കാൻ നാം പഠിക്കണം. “ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ള”താണ്‌ തിരുവെഴുത്തുകൾ. (2 തിമൊഥെയൊസ്‌ 2:15; 3:16, 17) ഒന്നാം നൂറ്റാണ്ടിലെപ്പോലെ ഇന്നും ക്രിസ്‌തീയ സഭയിലൂടെ യഹോവ നമുക്കു മൂല്യവത്തായ പരിശീലനം നൽകുന്നു. ശുശ്രൂഷ നിർവഹിക്കാൻ നമ്മെ സജ്ജരാക്കുന്നതിനായി ലോകവ്യാപകമായുള്ള 99,770 സഭകളിൽ വാരംതോറും ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളും സേവനയോഗവും നടത്തപ്പെടുന്നു. ക്രമമായി അവയിൽ സംബന്ധിച്ചുകൊണ്ടും പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കിക്കൊണ്ടും പ്രധാനപ്പെട്ട ഈ യോഗങ്ങളോടു നിങ്ങൾ വിലമതിപ്പു പ്രകടമാക്കുന്നുണ്ടോ?—⁠എബ്രായർ 10:24, 25.

14. ദൈവത്തെ സേവിക്കാനുള്ള പദവിയോട്‌ യഹോവയുടെ ദാസർ വിലമതിപ്പു പ്രകടമാക്കുന്നത്‌ എങ്ങനെ? (27-30 പേജുകളിലെ ചാർട്ടിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഉൾപ്പെടുത്തുക.)

14 ശുശ്രൂഷയിൽ പരമാവധി പ്രവർത്തിച്ചുകൊണ്ട്‌ ലോകമെങ്ങുമുള്ള ലക്ഷക്കണക്കിനുവരുന്ന ദൈവജനം തങ്ങൾക്കു ലഭിക്കുന്ന പരിശീലനത്തോടു വിലമതിപ്പു പ്രകടമാക്കുന്നു. ഉദാഹരണത്തിന്‌ സേവനവർഷം 2006-ൽ 67,41,444 രാജ്യപ്രസാധകർ ഭവന ബൈബിളധ്യയനം ഉൾപ്പെടെ പ്രസംഗവേലയുടെ എല്ലാ മണ്ഡലങ്ങളിലുമായി മൊത്തം 133,39,66,199 മണിക്കൂർ ചെലവഴിച്ചു. അവർ മൊത്തം 62,86,618 ഭവന ബൈബിളധ്യയനങ്ങൾ നടത്തുകയുണ്ടായി. 2006-ലെ ലോകവ്യാപക റിപ്പോർട്ടിലുള്ള പ്രോത്സാഹജനകമായ വിവരങ്ങളിൽ ചിലതു മാത്രമാണിത്‌. പ്രസംഗവേലയുടെ വളർച്ചയെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽനിന്നും ഒന്നാം നൂറ്റാണ്ടിലെ സഹോദരങ്ങൾക്കു പ്രോത്സാഹനം ലഭിച്ചതുപോലെ നിങ്ങളും പ്രോത്സാഹിതരായിത്തീരേണ്ടതിന്‌ ഈ റിപ്പോർട്ട്‌ വിശദമായി പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്‌.—⁠പ്രവൃത്തികൾ 1:15; 2:5-11, 41, 47; 4:4; 6:⁠7.

15. സർവാത്മനാ യഹോവയെ സേവിക്കുന്നവർക്കു നിരുത്സാഹം തോന്നേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌?

15 യഹോവയെ അറിയുകയും അവനു സാക്ഷ്യം വഹിക്കുകയും ചെയ്യുകയെന്ന പദവിയോട്‌ അവന്റെ ദാസർക്കുള്ള ആഴമായ വിലമതിപ്പിന്റെ പ്രതിഫലനമാണ്‌ ഓരോ വർഷവും അവനിലേക്കുയരുന്ന വൻ സ്‌തുതിഘോഷം. (യെശയ്യാവു 43:10) പ്രായംചെന്നവരോ രോഗികളോ അശക്തരോ ആയ നമ്മുടെ ചില സഹോദരീസഹോദരന്മാർ അർപ്പിക്കുന്ന സ്‌തുതിയാഗം, ദരിദ്രയായ വിധവയുടെ ചില്ലിക്കാശു പോലെയായിരുന്നേക്കാം. എന്നാൽ കഴിവിന്റെ പരമാവധി പ്രവർത്തിച്ചുകൊണ്ട്‌ ദൈവത്തെ സർവാത്മനാ സേവിക്കുന്നവരെ യഹോവയും അവന്റെ പുത്രനും ആത്മാർഥമായി വിലമതിക്കുന്നുവെന്ന കാര്യം നമുക്കു മറക്കാതിരിക്കാം.—⁠ലൂക്കൊസ്‌ 21:1-4; ഗലാത്യർ 6:⁠4.

16. സമീപകാലത്ത്‌ ദൈവം ഏതെല്ലാം പഠന സഹായികൾ പ്രദാനം ചെയ്‌തിരിക്കുന്നു?

16 ശുശ്രൂഷ നിർവഹിക്കാൻ നമ്മെ പരിശീലിപ്പിക്കുന്നതിനുപുറമേ മികച്ച പഠന സഹായികളും യഹോവ തന്റെ സംഘടനയിലൂടെ പ്രദാനം ചെയ്‌തിരിക്കുന്നു. നിത്യജീവനിലേക്കു നയിക്കുന്ന സത്യം, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്നിവയും ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ട ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകവും സമീപ ദശകങ്ങളിൽ പുറത്തിറങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ചിലതാണ്‌. ആ സാഹിത്യങ്ങളോടു യഥാർഥ വിലമതിപ്പുള്ളവർ ശുശ്രൂഷയിൽ അവ നന്നായി പ്രയോജനപ്പെടുത്തുന്നു.

ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം നന്നായി ഉപയോഗിക്കുക

17, 18. (എ) ശുശ്രൂഷയിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തിന്റെ ഏതു ഭാഗങ്ങൾ പ്രദീപ്‌തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു? (ബി) ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തെക്കുറിച്ച്‌ ഒരു സർക്കിട്ട്‌ മേൽവിചാരകൻ എന്തു പറഞ്ഞു?

17 വ്യക്തവും ലളിതവുമായ രചനയും വിശദാംശങ്ങളടങ്ങിയ അനുബന്ധവും 19 അധ്യായങ്ങളുമുള്ള, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകം ശുശ്രൂഷയിൽ ഒരു അനുഗ്രഹമായിത്തീരുകയാണ്‌. ഉദാഹരണത്തിന്‌ “ദൈവത്തിനു പ്രസാദകരമായ ജീവിതം നയിക്കൽ” എന്ന 12-ാം അധ്യായം, ദൈവത്തിന്റെ സ്‌നേഹിതനാകാൻ എങ്ങനെ കഴിയുമെന്നു വിദ്യാർഥിക്കു കാണിച്ചുകൊടുക്കുന്നു; അനേകരും ഒരിക്കൽപ്പോലും ചിന്തിക്കുകയോ സംഭവ്യമെന്നു കരുതുകയോ ചെയ്‌തിട്ടില്ലാത്ത ഒരു കാര്യമാണ്‌ അത്‌. (യാക്കോബ്‌ 2:23) ഈ ബൈബിൾ പഠനസഹായിക്ക്‌ എങ്ങനെയുള്ള സ്വീകരണമാണു ലഭിച്ചുകൊണ്ടിരിക്കുന്നത്‌?

18 “നിമിഷങ്ങൾക്കകം വീട്ടുകാരുടെ ശ്രദ്ധകവരുന്ന ഈ പുസ്‌തകം സംഭാഷണത്തിൽ ഏർപ്പെടാൻ അവരെ തത്‌ക്ഷണം പ്രചോദിപ്പിക്കുന്നു”വെന്ന്‌ ഓസ്‌ട്രേലിയയിലുള്ള ഒരു സർക്കിട്ട്‌ മേൽവിചാരകൻ റിപ്പോർട്ടു ചെയ്യുന്നു. ഉപയോഗിക്കാൻ വളരെ എളുപ്പമായ ഈ പുസ്‌തകം, “ശുശ്രൂഷയിൽ അനേകം രാജ്യപ്രസാധകരുടെ ആത്മവിശ്വാസവും സന്തോഷവും പുനരുജ്ജീവിപ്പിച്ചിരിക്കുന്നു”വെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “ചിലർ ഇതിനെ സ്വർണക്കട്ടി എന്നു വിളിക്കുന്നതിൽ തെല്ലും അതിശയമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു!

19-21. ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തിന്റെ മൂല്യം എടുത്തുകാട്ടുന്ന ചില അനുഭവങ്ങൾ വിവരിക്കുക.

19 ഗയാനയിലെ ഒരു സ്‌ത്രീ, തന്നെ സന്ദർശിച്ച ഒരു പയനിയറോട്‌ ഇങ്ങനെ പറഞ്ഞു: “ദൈവമായിരിക്കണം നിങ്ങളെ എന്റെയടുക്കലേക്ക്‌ അയച്ചത്‌.” ആ സ്‌ത്രീയോടൊപ്പം കഴിഞ്ഞിരുന്ന വ്യക്തി അവരെയും അവരിലുണ്ടായ രണ്ടു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചുപോയിട്ട്‌ ഏറെ നാൾ കഴിഞ്ഞിരുന്നില്ല. അപ്പോൾ ആ പയനിയർ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം തുറന്ന്‌ ഒന്നാം അധ്യായത്തിലെ “നാം അനുഭവിക്കുന്ന അനീതി സംബന്ധിച്ച്‌ ദൈവത്തിന്‌ എന്തു തോന്നുന്നു?” എന്ന ഉപതലക്കെട്ടിനുകീഴിലുള്ള 11-ാം ഖണ്ഡിക വായിച്ചുകേൾപ്പിച്ചു. “അതിലെ വിവരങ്ങൾ അവരെ ആഴത്തിൽ സ്‌പർശിച്ചു. കണ്ണുകൾ നിറഞ്ഞുതുളുമ്പിയ അവർ കടയുടെ പുറകിൽ ചെന്നുനിന്നു കരഞ്ഞു,” ആ പയനിയർ പറഞ്ഞു. ആ സ്ഥലത്തു തന്നെയുള്ള ഒരു സഹോദരിയോടൊപ്പം ക്രമമായ ബൈബിളധ്യയനം ആരംഭിച്ച ഈ സ്‌ത്രീ ആത്മീയമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

20 റോഡപകടത്തിൽ ഭാര്യയെ നഷ്ടപ്പെട്ട വ്യക്തിയാണ്‌ സ്‌പെയിനിൽ താമസിക്കുന്ന ഹോസെ. ആശ്വാസത്തിനായി അദ്ദേഹം മയക്കുമരുന്നിലേക്കും മനശ്ശാസ്‌ത്രജ്ഞരിലേക്കും തിരിഞ്ഞു. “എന്റെ ഭാര്യ മരിക്കാൻ ദൈവം അനുവദിച്ചത്‌ എന്തുകൊണ്ട്‌?” എന്ന ചോദ്യം ഹോസെയുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. എന്നാൽ അതിനു മറുപടി നൽകാൻ മനശ്ശാസ്‌ത്രജ്ഞർക്കു കഴിഞ്ഞില്ല. ഹോസെ ഒരിക്കൽ, അദ്ദേഹം ജോലിനോക്കിയിരുന്ന കമ്പനിയിലെ മറ്റൊരു ജോലിക്കാരനായ ഫ്രാൻചെസ്‌ക്കിനെ സമീപിച്ചു. ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?” എന്ന, ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തിന്റെ 11-ാം അധ്യായം ചർച്ച ചെയ്യാമെന്ന്‌ ഫ്രാൻചെസ്‌ക്‌ അഭിപ്രായപ്പെട്ടു. അതിലെ തിരുവെഴുത്തു വിശദീകരണവും ഒരു അധ്യാപകനും വിദ്യാർഥിയും ഉൾപ്പെട്ട ദൃഷ്ടാന്തവും ഹോസെയിൽ ആഴമായ മതിപ്പുളവാക്കി. ഊർജിതമായ പഠനം ആരംഭിക്കുകയും ഒരു സർക്കിട്ട്‌ സമ്മേളനത്തിൽ ഹാജരാകുകയും ചെയ്‌ത അദ്ദേഹം ഇപ്പോൾ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിച്ചുകൊണ്ടിരിക്കുന്നു.

21 ദൈവവചനത്തോട്‌ എന്നും ആദരവുണ്ടായിരുന്ന, പോളണ്ടിലെ ഒരു ബിസിനസ്സുകാരനാണ്‌ 40 വയസ്സുള്ള റോമാൻ. എന്നാൽ ജോലിത്തിരക്കു നിമിത്തം അദ്ദേഹത്തിന്റെ ബൈബിളധ്യയനം പാതിവഴിക്കു നിന്നുപോയി. എന്നിരുന്നാലും ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ സംബന്ധിച്ച അദ്ദേഹത്തിന്‌ അവിടെനിന്ന്‌ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തിന്റെ ഒരു കോപ്പി ലഭിച്ചു. പിന്നീടങ്ങോട്ട്‌ ശ്രദ്ധേയമായ പല മാറ്റങ്ങളും അദ്ദേഹം വരുത്തി. “ബൈബിളിലെ എല്ലാ അടിസ്ഥാന പഠിപ്പിക്കലുകളും കൃത്യമായി ഒത്തുചേർന്ന്‌ ഒരു സമ്പൂർണ ചിത്രം ഉരുത്തിരിയുന്ന പ്രതീതിയാണ്‌ ഈ പുസ്‌തകം നൽകുന്നത്‌” എന്ന്‌ അദ്ദേഹം പറയുന്നു. ഇപ്പോൾ ക്രമമായി ബൈബിൾ പഠിക്കുന്ന റോമാൻ നല്ല നിലയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

വിലമതിപ്പ്‌ വർധിപ്പിക്കുന്നതിൽ തുടരുക

22, 23. നമുക്കുള്ള പ്രത്യാശയ്‌ക്കായി തുടർന്നും വിലമതിപ്പ്‌ പ്രകടമാക്കാൻ എങ്ങനെ കഴിയും?

22 “വിടുതൽ സമീപം!” എന്ന അഭിധാനത്തിൽ നടന്ന പുളകപ്രദമായ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ വിശദമാക്കപ്പെട്ടതുപോലെ, ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്നതും യേശുക്രിസ്‌തുവിന്റെ ചൊരിയപ്പെട്ട രക്തത്താൽ സാധ്യമാക്കപ്പെട്ടിരിക്കുന്നതുമായ ‘എന്നേക്കുമുള്ള വീണ്ടെടുപ്പിനായി’ അഥവാ വിടുതലിനായി സത്യക്രിസ്‌ത്യാനികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഈ അമൂല്യ പ്രത്യാശയ്‌ക്കായുള്ള ഹൃദയംഗമമായ വിലമതിപ്പു പ്രകടമാക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? “ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ” തക്കവണ്ണം നിർജ്ജീവപ്രവൃത്തികളിൽനിന്നും നമ്മെത്തന്നെ ശുദ്ധരായി കാത്തുസൂക്ഷിക്കുക, വിലമതിപ്പു പ്രകടമാക്കാൻ അതിനെക്കാൾ മികച്ച ഒരു മാർഗം ഇല്ല.—⁠എബ്രായർ 9:12, 14.

23 സ്വാർഥതാത്‌പര്യങ്ങളിൽ ആമഗ്നരായിരിക്കാനുള്ള സമ്മർദ്ദം മുമ്പെന്നത്തെക്കാൾ അധികമായിരിക്കുന്ന ഇക്കാലത്ത്‌, ആറു ദശലക്ഷത്തിലധികം രാജ്യഘോഷകർ ദൈവസേവനത്തിൽ വിശ്വസ്‌തതയോടെ മുന്നേറുന്നുവെന്നത്‌ ഒരു അത്ഭുതം തന്നെയാണ്‌. യഹോവയെ സേവിക്കാൻ കഴിയുക എന്ന ബഹുമതി, അവന്റെ ദാസർ ആഴമായി വിലമതിക്കുന്നുവെന്നതിന്റെ തെളിവു കൂടിയാണ്‌ അത്‌. തങ്ങളുടെ “പ്രയത്‌നം കർത്താവിൽ വ്യർത്ഥമല്ല” എന്ന്‌ അവർക്ക്‌ ഉത്തമ ബോധ്യമുണ്ട്‌. ആ വിലമതിപ്പ്‌ വർധിച്ചുവരുമാറാകട്ടെ!—⁠1 കൊരിന്ത്യർ 15:58; സങ്കീർത്തനം 110:⁠3.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• ദൈവത്തോടും അവൻ പ്രദാനം ചെയ്‌തിരിക്കുന്ന ആത്മീയ കരുതലുകളോടും വിലമതിപ്പു പ്രകടമാക്കുന്നതു സംബന്ധിച്ച്‌ സങ്കീർത്തനക്കാരൻ നമ്മെ എന്തു പഠിപ്പിക്കുന്നു?

ഹഗ്ഗായി 2:7-ലെ വാക്കുകൾ ഇന്നു നിവൃത്തിയേറിക്കൊണ്ടിരിക്കുന്നത്‌ എങ്ങനെ?

• യഹോവയെ ഫലകരമായി സേവിക്കാൻ അവൻ തന്റെ ദാസരെ സജ്ജരാക്കിയിരിക്കുന്നത്‌ എങ്ങനെ?

• യഹോവയുടെ നന്മയെപ്രതി വിലമതിപ്പു പ്രകടമാക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[27-30 പേജുകളിലെ ചാർട്ട്‌]

2006 സേവനവർഷത്തിലെ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപകറിപ്പോർട്ട്‌

(അച്ചടിച്ച മാസിക കാണുക)

[25-ാം പേജിലെ ചിത്രങ്ങൾ]

ദൈവേഷ്ടം ചെയ്യാൻ യഹോവ നമ്മെ പൂർണമായി സജ്ജരാക്കുന്നു