വായിക്കാൻ എളുപ്പമാണ്, പക്ഷേ കൃത്യതയുള്ളതാണോ?
വായിക്കാൻ എളുപ്പമാണ്, പക്ഷേ കൃത്യതയുള്ളതാണോ?
ചർച്ച് ഓഫ് ഇംഗ്ലണ്ട്, 2005 സെപ്‌റ്റംബറിൽ, 100-മിനിറ്റ് ബൈബിളിന്റെ പ്രകാശനം ഹൃദ്യാ അംഗീകരിച്ചു. 100 മിനിറ്റുകൊണ്ടു വായിച്ചുതീർക്കാനാകും വിധമാണ് ഇതു രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഈ പുതിയ ബൈബിളിൽ എബ്രായ തിരുവെഴുത്തുകളെ ഒരു പേജു വീതമുള്ള 17 സെക്‌ഷനുകളായും ഗ്രീക്കു തിരുവെഴുത്തുകളെ 33 സെക്‌ഷനുകളായും ചുരുക്കിയിരിക്കുന്നു. അങ്ങനെ അത് “മുഷിപ്പൻ വിവരങ്ങൾ” എല്ലാംതന്നെ ഒഴിവാക്കിയിരിക്കുന്നു എന്ന് ഒരു നിരൂപകൻ അഭിപ്രായപ്പെടുന്നു. ശരിതന്നെ, അതു വായിക്കാൻ എളുപ്പമാണ്, എന്നാൽ അതു കൃത്യതയുള്ളതാണോ?
യഹോവ എന്ന ദിവ്യനാമം ഒഴിവാക്കിയതിനു പുറമേയുള്ള മറ്റുപല വ്യതിയാനങ്ങളും ബൈബിൾ സശ്രദ്ധം പഠിക്കുന്ന വ്യക്തികൾ ശ്രദ്ധിക്കും. (സങ്കീർത്തനം 83:18) ഉദാഹരണത്തിന് അതിന്റെ ഒന്നാമത്തെ സെക്‌ഷനിൽ ദൈവം അക്ഷരാർഥത്തിലുള്ള “ആറു ദിവസംകൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്നു പറയുന്നു. എന്നാൽ ഉല്‌പത്തി 1:1-ലെ പ്രസ്‌താവന നോക്കുക. “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു”വെന്ന് അവിടെ പറയുന്നു. അതിനുശേഷം, ഭൂമിയോടു ബന്ധപ്പെട്ട കൂടുതൽ സൃഷ്ടിക്രിയകൾ ആറു “ദിവസം”കൊണ്ട് അഥവാ കാലയളവുകൾകൊണ്ട് നടന്നതായി മൂലവിവരണം വ്യക്തമാക്കുന്നു. തുടർന്ന് ഉല്‌പത്തി 2:4-ൽ സൃഷ്ടിക്രിയകളുടെ മുഴു കാലയളവിനെയും ‘യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാൾ (അഥവാ ദിവസം)’ എന്നു വിശേഷിപ്പിക്കുന്നു.
100-മിനിറ്റ് ബൈബിൾ അനുസരിച്ച് “[ദൈവത്തിന്റെ] ദാസന്മാരിൽ ഒരാളായ, . . . മനുഷ്യവർഗത്തെ കുറ്റംചുമത്താൻ ഉത്തരവാദിത്വമുള്ള സാത്താൻ” ആണ് നിർമലനായിരുന്ന ഇയ്യോബിനെ ആക്രമിച്ചത്. ഇവിടെയുള്ള പൊരുത്തക്കേട് എന്താണെന്നു മനസ്സിലായോ? “സാത്താൻ” എന്ന വാക്കിന്റെ അർഥം “എതിരാളി” എന്നാണ്. ദൈവത്തിന്റെ ഒരു ദാസനായിരിക്കുന്നതിനു പകരം സാത്താൻ വാസ്‌തവത്തിൽ ദൈവത്തിന്റെ മുഖ്യശത്രുവും മനുഷ്യവർഗത്തെ കുറ്റംചുമത്തുക എന്ന ‘നിയമനം’ സ്വയം ഏറ്റെടുത്തവനുമാണ്.—വെളിപ്പാടു 12:7-10.
100-മിനിറ്റ് ബൈബിളിലെ ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തു ഭാഗത്തെക്കുറിച്ച് എന്തു പറയാൻ കഴിയും? ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയുടെ കാര്യമെടുക്കുക. “ഏതൊരാളെയും, അയാൾ എത്ര നിസ്സാരൻ ആയിരുന്നാലും ശരി” സഹായിക്കുന്നത് യേശുവിനെ സംപ്രീതനാക്കുന്നുവെന്നാണ് ഈ പുതിയ ബൈബിൾ പറയുന്നത്. എന്നാൽ യേശു യഥാർഥത്തിൽ പറഞ്ഞത് അവന്റെ കാലടി പിന്തുടരുന്നവർക്ക്, അവന്റെ ‘സഹോദരന്മാർക്ക്’ നന്മ ചെയ്യുന്നവരെ അവൻ അനുഗ്രഹിക്കുന്നു എന്നാണ്. (മത്തായി 25:40) വെളിപ്പാടു പുസ്‌തകത്തിന്റെ സംക്ഷേപം അതിന്റെ വായനക്കാരോടു പറയുന്നത് “റോം എന്ന മഹാബാബിലോൺ പൂർണമായും നശിപ്പിക്കപ്പെടും” എന്നാണ്. പക്ഷേ, മൂല എഴുത്തുകളിലൊന്നും ‘മഹതിയാം ബാബിലോനിനെ’ അങ്ങനെ തിരിച്ചറിയിക്കുന്ന യാതൊന്നും ഇല്ലെന്നു ബൈബിൾവിദ്യാർഥികൾക്ക് അറിയാം.—വെളിപ്പാടു 17:15-18:24.
നമ്മുടെ സ്രഷ്ടാവിനെക്കുറിച്ച് അറിയാനും അവന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു മനസ്സിലാക്കാനും ശ്രമിക്കുന്നവർക്ക് സമ്പൂർണ ബൈബിളിനു പകരമായി മറ്റൊന്നില്ല. ബൈബിൾ വായിക്കാൻ 100 മിനിറ്റിൽ കൂടുതൽ സമയം എടുക്കുമെന്നതു ശരിയാണ്. എന്നാൽ അങ്ങനെ ചെയ്യുന്നത് അമൂല്യമായ അനുഗ്രഹങ്ങൾ കൈവരുത്തും. (യോഹന്നാൻ 17:3) ഈ വെല്ലുവിളി സ്വയം ഏറ്റെടുത്ത് അതിന്റെ അനുഗ്രഹങ്ങൾ നിങ്ങൾതന്നെ ആസ്വദിക്കുക.—2 തിമൊഥെയൊസ് 3:16, 17.