ശിഷ്യരെ ഉളവാക്കുന്നതിൽ സന്തോഷത്തോടെ
ജീവിത കഥ
ശിഷ്യരെ ഉളവാക്കുന്നതിൽ സന്തോഷത്തോടെ
പമല മോസ്‌ലി പറഞ്ഞപ്രകാരം
വർഷം 1941. ഇംഗ്ലണ്ടിൽ രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയം. ലെസ്റ്ററിൽ നടക്കുന്ന യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷനു പോയപ്പോൾ അമ്മ എന്നെയും കൊണ്ടുപോയി. അവിടെ ജോസഫ് റഥർഫോർഡ് കുട്ടികളെക്കുറിച്ചു നടത്തിയ പ്രസംഗം ഞങ്ങൾ കേട്ടു. ആ കൺവെൻഷനിൽവെച്ച് അമ്മയും ഞാനും സ്‌നാപനമേറ്റു. തദവസരത്തിൽ, ആത്മീയമായി പുരോഗമിക്കാൻ ഞങ്ങളെ സഹായിച്ചവരുടെ മുഖത്ത് അലയടിച്ച സന്തോഷം ഞാൻ ശ്രദ്ധിച്ചു. യേശുക്രിസ്‌തുവിന്റെ ശിഷ്യരായിത്തീരാൻ ആളുകളെ സഹായിക്കുന്നതിൽനിന്നു ലഭിക്കുന്ന സന്തോഷം എത്രമാത്രമെന്ന് അന്ന് എനിക്കറിയില്ലായിരുന്നു.
അതിന്റെ തലേവർഷമാണ് ക്രിസ്‌തുശിഷ്യരായിത്തീരാൻ ഞങ്ങൾ പുരോഗതിപ്രാപിച്ചു തുടങ്ങിയത്. 1939 സെപ്‌റ്റംബറിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട ആ കറുത്തദിനം ഞാൻ ഇന്നും മറന്നിട്ടില്ല. അമ്മയുടെ കവിൾത്തടങ്ങളിലൂടെ കണ്ണീർ ധാരധാരയായി ഒഴുകുന്ന രംഗം ഇന്നും എന്റെ മനോമുകുരത്തിൽ തെളിഞ്ഞു നിൽക്കുന്നു. “എന്തുകൊണ്ട് മനുഷ്യർക്ക് സമാധാനത്തിൽ ജീവിച്ചു കൂടാ?” എന്ന് അമ്മ കൂടെക്കൂടെ ചോദിക്കുമായിരുന്നു. ഒന്നാം ലോകമഹായുദ്ധ കാലത്ത് സൈന്യത്തിൽ സേവിച്ചിരുന്ന എന്റെ മാതാപിതാക്കൾ അതിന്റെ ഭീകരത നേരിട്ടു കണ്ടറിഞ്ഞതാണ്. അമ്മ തന്റെ ചോദ്യവുമായി ബ്രിസ്റ്റലിലെ ആംഗ്ലിക്കൻ മതശുശ്രൂഷകനെ സമീപിച്ചു. ഒഴുക്കൻ മട്ടിൽ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: “യുദ്ധം എന്നും ഉണ്ടായിരുന്നിട്ടുണ്ട്, ഉണ്ടായിരിക്കുകയും ചെയ്യും.”
ഏറെ താമസിയാതെ, പ്രായംചെന്ന ഒരു സ്‌ത്രീ ഞങ്ങളെ സന്ദർശിച്ചു. യഹോവയുടെ സാക്ഷികളിൽ ഒരാളായിരുന്നു അവർ. അവരോടും അമ്മ തന്റെ ചോദ്യം ആവർത്തിച്ചു: “എന്തുകൊണ്ട് മനുഷ്യർക്ക് സമാധാനത്തിൽ ജീവിച്ചു കൂടാ?” ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യം ആസന്നമാണ് എന്നതിന്റെ തെളിവാണ് യുദ്ധങ്ങളെന്ന് സാക്ഷി വിശദീകരിച്ചു. (മത്തായി 24:3-14) പെട്ടെന്നുതന്നെ അവരുടെ മകൾ ഞങ്ങളുമായി ഒരു ബൈബിളധ്യയനം ആരംഭിച്ചു. ഞങ്ങളുടെ സ്‌നാപനസമയത്ത് സുസ്‌മേരവദനരായി സന്നിഹിതരായിരുന്നവരിൽ ആ അമ്മയും മകളും ഉണ്ടായിരുന്നു. ശിഷ്യരെ ഉളവാക്കുന്നത് ആളുകൾക്ക് ഇത്രമാത്രം സന്തോഷം പകരുന്നത് എന്തുകൊണ്ടാണ്? അതിന്റെ കാരണം ഞാൻ ശരിക്കും മനസ്സിലാക്കിയത് പിന്നീടാണ്. 65 വർഷം ശിഷ്യരാക്കൽ വേലയിൽ പങ്കെടുത്തതിലൂടെ എന്തെല്ലാം പഠിക്കാനായെന്ന് ഞാൻ വിശദീകരിക്കട്ടെ.
പഠിപ്പിക്കുന്നതിന്റെ സന്തോഷം അനുഭവിച്ചറിയുന്നു
11-ാം വയസ്സിലാണ് ഞാൻ പ്രസംഗവേല തുടങ്ങുന്നത്. ഒരു സഹോദരൻ എനിക്ക് ഒരു ഗ്രാമഫോണും സാക്ഷ്യക്കാർഡും നൽകിയിട്ട് ഇങ്ങനെ പറഞ്ഞു: “റോഡിന്റെ ആ വശത്തുള്ള വീടുകളെല്ലാം സന്ദർശിച്ചു കൊള്ളൂ.” അങ്ങനെ ഞാൻ ഒറ്റയ്‌ക്ക് സാക്ഷീകരണം ആരംഭിച്ചു. ഉള്ളിൽ നല്ല പേടിയുണ്ടായിരുന്നു. റെക്കോർഡു ചെയ്‌ത ബൈബിൾ പ്രസംഗം കേൾപ്പിച്ചശേഷം ബൈബിൾ സാഹിത്യങ്ങൾ സ്വീകരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സാക്ഷ്യക്കാർഡ് ഞാൻ വീട്ടുകാരെ കാണിക്കുകയും ചെയ്‌തു.
1950-കളുടെ ആരംഭത്തിൽ വീടുതോറുമുള്ള വേലയിൽ തിരുവെഴുത്തുകൾ ഉപയോഗിക്കുന്നതിന് കൂടുതൽ ഊന്നൽ നൽകപ്പെട്ടു. എന്റെ ലജ്ജാപ്രകൃതം, ആദ്യമൊക്കെ അപരിചിതരോടു സംസാരിക്കുന്നതും തിരുവെഴുത്തുകൾ വിശദീകരിച്ചു കൊടുക്കുന്നതും പ്രയാസമാക്കിത്തീർത്തു. എന്നാൽ കാലക്രമേണ ഞാൻ ആത്മവിശ്വാസം നേടിയെടുത്തു. അതോടെ ശുശ്രൂഷ വളരെ ആസ്വാദ്യമായിത്തീർന്നു. ചിലർ ഞങ്ങളെ വെറും പുസ്‌തകക്കച്ചവടക്കാരായാണു വീക്ഷിച്ചത്. എന്നാൽ തിരുവെഴുത്തുകൾ വായിച്ചു വിശദീകരിച്ചപ്പോൾ ഞങ്ങൾ യഥാർഥത്തിൽ ദൈവവചനം പഠിപ്പിക്കുന്നവരാണെന്ന് അവർ തിരിച്ചറിഞ്ഞു. ശുശ്രൂഷയിൽ കൂടുതൽ കൂടുതൽ ഏർപ്പെടാൻ ഞാൻ ആഗ്രഹിച്ചു, അത്രയ്‌ക്കു ഞാനത് ആസ്വദിച്ചിരുന്നു. അതുകൊണ്ട് 1955 സെപ്‌റ്റംബറിൽ പയനിയറെന്ന നിലയിൽ ഞാൻ മുഴുസമയ ശുശ്രൂഷ ഏറ്റെടുത്തു.
സ്ഥിരോത്സാഹം അനുഗ്രഹങ്ങൾ കൈവരുത്തുന്നു
ദയാപൂർവകമായ സ്ഥിരോത്സാഹം പ്രതിഫലദായകമാണ് എന്നതാണ് ഞാൻ പഠിച്ച ആദ്യപാഠങ്ങളിൽ ഒന്ന്. ഒരിക്കൽ വയലറ്റ് മോറിസ് എന്നൊരു സ്‌ത്രീക്ക് ഞാൻ വീക്ഷാഗോപുരം മാസികയുടെ ഒരു പ്രതി നൽകി. അവരെ കാണാൻ മടങ്ങിച്ചെന്നപ്പോൾ അവർ നിസ്സങ്കോചം വാതിൽ തുറന്നു; എന്നിട്ട് തിരുവെഴുത്തുകളിൽനിന്നു ഞാൻ പറഞ്ഞതത്രയും കൈയും കെട്ടിനിന്ന് സശ്രദ്ധം കേട്ടു. ഓരോതവണ മടങ്ങിച്ചെന്നപ്പോഴും അവർ അതീവ താത്‌പര്യം പ്രകടമാക്കി. എന്നിരുന്നാലും ക്രമമായ ഒരു ബൈബിളധ്യയനത്തിന്റെ കാര്യം പറഞ്ഞപ്പോൾ അവർ ഇങ്ങനെ പറഞ്ഞു: “മക്കളൊക്കെ ഒന്നു വലുതാകട്ടെ. അപ്പോൾ ആലോചിക്കാം.” എനിക്ക് എത്ര നിരാശ തോന്നിയെന്നോ! ‘സമ്പാദിക്കാൻ ഒരു കാലവും നഷ്ടമാകാൻ ഒരു കാലവും’ ഉള്ളതായി ബൈബിൾ പറയുന്നു. (സഭാപ്രസംഗി 3:6) ശ്രമം തുടരാൻതന്നെ ഞാൻ തീരുമാനിച്ചു.
ഒരു മാസം കഴിഞ്ഞ് ഞാൻ മടങ്ങിച്ചെന്നു. ഏതാനും തിരുവെഴുത്ത് ആശയങ്ങൾ കൂടി വയലറ്റുമായി പങ്കുവെച്ചു. ഏറെ താമസിയാതെതന്നെ അതൊരു പ്രതിവാര ബൈബിളധ്യയനമായിത്തീർന്നു, വീട്ടുവാതിൽക്കൽവെച്ചുള്ളത് ആയിരുന്നെങ്കിലും. ഒടുവിൽ അവർ പറഞ്ഞു: “എന്തുകൊണ്ട് അകത്തേക്കു വന്നു കൂടാ?” കാലാന്തരത്തിൽ, വയലറ്റ് ഒരു ഉത്തമ സഹവിശ്വാസിയും ഉറ്റ മിത്രവും ആയിത്തീർന്നു!
ഒരിക്കൽ, വയലറ്റിന്റെ ഭർത്താവ് ആരോടും പറയാതെ അവരുടെ വീടു വിറ്റുകളഞ്ഞു, ഒപ്പം ഭാര്യയെ ഉപേക്ഷിക്കുകയും ചെയ്‌തു. വിവരമറിഞ്ഞ വയലറ്റ് ഞെട്ടിപ്പോയി. സന്തോഷകരമെന്നുപറയട്ടെ, അന്നേ ദിവസംതന്നെ ഉച്ചകഴിഞ്ഞ് സാക്ഷിയായ ഒരു സുഹൃത്ത് അവർക്ക് ഒരു വീടു തരപ്പെടുത്തിക്കൊടുത്തു. യഹോവയോടുള്ള നന്ദി സൂചകമായി ശിഷ്ടകാലം മുഴുവൻ ഒരു പയനിയറായി സേവിക്കാൻ വയലറ്റ് തീരുമാനിച്ചു. ദൈവാത്മാവിന്റെ സഹായത്താൽ അവർ തീക്ഷ്‌ണതയുള്ള ഒരു സാക്ഷിയായിത്തീർന്നതു കണ്ടപ്പോൾ, ശിഷ്യരാക്കൽ വേല എത്ര പ്രതിഫലദായകമാണെന്നു ഞാൻ തിരിച്ചറിഞ്ഞു. എന്നെന്നും ഒരു മുഴുസമയ ശുശ്രൂഷകയായി തുടരാൻ ഞാൻ ദൃഢനിശ്ചയം ചെയ്‌തു.
1957-ൽ, മേരി റോബിൻസണെയും എന്നെയും സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലുള്ള റഥർഗ്ലെനിലെ വ്യവസായ മേഖലയിൽ പയനിയർമാരായി നിയമിച്ചു. മഞ്ഞോ മഴയോ കാറ്റോ ഒന്നും ഗണ്യമാക്കാതെ ഞങ്ങൾ പ്രസംഗവേലയിൽ ഏർപ്പെട്ടു. അത് വൃഥാവായില്ല. ഒരു ദിവസം ഞാൻ ജെസ്സി എന്നു പേരുള്ള ഒരു സ്‌ത്രീയെ കണ്ടുമുട്ടി. ബൈബിൾ പഠിക്കാൻ അവർക്ക് ഇഷ്ടമായിരുന്നു. അവരുടെ ഭർത്താവായ വാലീ ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു. ആദ്യമൊന്നും അദ്ദേഹത്തിന് ഇത്തരം കാര്യങ്ങളിൽ ഒട്ടും താത്‌പര്യമില്ലായിരുന്നു. എന്നാൽ ബൈബിൾ പഠിക്കുകയും ദൈവരാജ്യം മാത്രമേ ജനങ്ങളുടെ ഭാവി ഭാസുരമാക്കുകയുള്ളു എന്നു തിരിച്ചറിയുകയും ചെയ്‌തപ്പോഴുള്ള അദ്ദേഹത്തിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. കാലാന്തരത്തിൽ ഇരുവരും ശിഷ്യരാക്കൽ വേലയിൽ ഏർപ്പെടാൻ തുടങ്ങി.
ആദ്യ പ്രതികരണത്താൽ നിരാശിതരാകരുത്
പിന്നീട് സ്‌കോട്ട്‌ലൻഡിലെ പെയ്‌സ്‌ലിയിൽ ഞങ്ങൾ നിയമിതരായി. ഒരിക്കൽ അവിടെയുള്ള ഒരു വീട്ടിൽ ചെന്നപ്പോൾ വീട്ടുകാരി വാതിൽ കൊട്ടിയടച്ചു. എന്നാൽ പെട്ടെന്നുതന്നെ ക്ഷമ ചോദിക്കാനായി അവർ എന്നെ തേടിയെത്തി. പിറ്റേ ആഴ്‌ചയിൽ മടങ്ങിച്ചെന്നപ്പോൾ അവർ പറഞ്ഞു: “ദൈവത്തിനു നേരേ വാതിൽ കൊട്ടിയടച്ചതുപോലെയാണ് എനിക്കു തോന്നിയത്. എങ്ങനെയും നിങ്ങളെ തേടിപ്പിടിക്കാൻ ഞാൻ ആഗ്രഹിച്ചു.” പേൾ എന്നായിരുന്നു ആ വീട്ടുകാരിയുടെ പേര്. സുഹൃത്തുക്കളാലും ബന്ധുക്കളാലും പൊറുതിമുട്ടിയ അവർ ഒരു യഥാർഥ സുഹൃത്തിനായി ദൈവത്തോടു പ്രാർഥിച്ചിരുന്നു. “അപ്പോഴാണ് നിങ്ങൾ എന്റെ വാതിൽക്കൽ മുട്ടിയത്,” അവർ പറഞ്ഞു. “ആ യഥാർഥ സുഹൃത്ത് നിങ്ങൾതന്നെയായിരിക്കണം.”
പേളിന്റെ സുഹൃത്ത് ആയിരിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. കിഴുക്കാംതൂക്കായ ഒരു മലയുടെ മുകളിലായിരുന്നു അവരുടെ താമസം. ആ ദൂരം മുഴുവൻ ഞാൻ നടന്നു കയറണമായിരുന്നു. ആദ്യമായി അവരെ ഒരു യോഗത്തിനു കൂട്ടിക്കൊണ്ടു പോകാൻ അവിടെയെത്തിയപ്പോൾ മഴ കോരിച്ചൊരിയാൻ തുടങ്ങി. അതിശക്തമായ കാറ്റിൽ ഒടിഞ്ഞുപറിഞ്ഞ കുട എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. എന്റെ നേരേ വാതിൽ കൊട്ടിയടച്ച് ആറു മാസത്തിനുശേഷം പേൾ യഹോവയുടെ ഒരു സമർപ്പിത സാക്ഷിയായിത്തീർന്നു.
താമസിയാതെ അവരുടെ ഭർത്താവും ബൈബിൾ പഠിക്കാൻ ആരംഭിച്ചു. പെട്ടെന്നുതന്നെ അദ്ദേഹം എന്നോടൊപ്പം വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുക്കാനും തുടങ്ങി. പതിവുപോലെ അന്നും മഴയായിരുന്നു. “ഇതൊന്നും എനിക്കൊരു പ്രശ്‌നമല്ല,” അദ്ദേഹം പറഞ്ഞു. “ഫുട്‌ബോൾ കളി കാണാനായി എത്രവട്ടം ഞാനിങ്ങനെ മഴ നനഞ്ഞിരിക്കുന്നു, പിന്നെ യഹോവയ്‌ക്കായി അൽപ്പം നനഞ്ഞാലെന്താ?” സ്‌കോട്ട്‌ലൻഡുകാരുടെ നിശ്ചയദാർഢ്യം എന്നും എന്നിൽ ആശ്ചര്യം ജനിപ്പിച്ചിട്ടുണ്ട്.
പതിറ്റാണ്ടുകൾക്കുശേഷം സ്‌കോട്ട്‌ലൻഡിൽ മടങ്ങിച്ചെന്നപ്പോൾ, ബൈബിൾ പഠിക്കാൻ ഞാൻ സഹായിച്ചവരിൽ മിക്കവരും വിശ്വാസത്തിൽ ശക്തരായി നിലകൊള്ളുന്നത് എനിക്കു കാണാനായി. എത്ര പ്രതിഫലദായകം! അതാണ് ശിഷ്യരാക്കൽ വേലയുടെ സന്തോഷവും. (1 തെസ്സലൊനീക്യർ 2:17-20) 1966-ൽ മിഷനറി പരിശീലനത്തിനായി വാച്ച്‌ടവർ ഗിലെയാദ് ബൈബിൾ സ്‌കൂളിലേക്ക് എന്നെ ക്ഷണിച്ചു. അപ്പോഴേക്കും സ്‌കോട്ട്‌ലൻഡിൽ എട്ടിലധികം വർഷത്തെ പയനിയർ സേവനം ഞാൻ പൂർത്തിയാക്കിയിരുന്നു.
വിദേശത്തേക്ക്
ബൊളീവിയയിലെ സാന്താക്രൂസിൽ എന്നെ നിയമിച്ചു. ആ ഉഷ്‌ണമേഖല പ്രദേശത്ത് ഏകദേശം 50 പേരുള്ള ഒരു സഭയുണ്ടായിരുന്നു. സിനിമകളിലും മറ്റും കണ്ടിട്ടുള്ള, നിയമരാഹിത്യം നടമാടിയിരുന്ന പൂർവകാലത്തെ പശ്ചിമ അമേരിക്കയെ അനുസ്‌മരിപ്പിക്കുന്നതായിരുന്നു ഈ പട്ടണം. പിന്തിരിഞ്ഞു നോക്കുമ്പോൾ ഞാൻ വെറുമൊരു സാധാരണ മിഷനറിയായിരുന്നു എന്നു വേണം കരുതാൻ. ഞാൻ മുതലകളുടെ വായിൽ അകപ്പെടുകയോ ക്ഷുഭിതരായ ജനക്കൂട്ടത്തിന്റെ ആക്രമണത്തിനു വിധേയയാകുകയോ മരുഭൂമിയിൽ അലയുകയോ നടുക്കടലിൽ കപ്പൽച്ചേതത്തിൽപ്പെടുകയോ ഒന്നും ചെയ്‌തിട്ടില്ല. എന്നിരുന്നാലും എന്നെ സംബന്ധിച്ചിടത്തോളം അതിനെക്കാളെല്ലാം ആവേശജനകമായിരുന്നു ശിഷ്യരെ ഉളവാക്കുന്നത്.
സാന്താക്രൂസിൽ ആദ്യകാലത്തു ഞാൻ ബൈബിളധ്യയനം നടത്തിയ സ്‌ത്രീകളിൽ ഒരാളായിരുന്നു ആന്റോണ്യാ. സ്‌പാനീഷിൽ അധ്യയനം നടത്തുന്നത് എനിക്കൊരു വെല്ലുവിളിതന്നെയായിരുന്നു. ഒരിക്കൽ അവരുടെ കൊച്ചുകുട്ടി ഇങ്ങനെ പറഞ്ഞു: “മമ്മീ, ആന്റി നമ്മളെ ചിരിപ്പിക്കാൻ വേണ്ടി മനപ്പൂർവം തെറ്റുവരുത്തുന്നതാണോ?” കാലക്രമത്തിൽ ആന്റോണ്യായും മകൾ യോലാൻഡായും ശിഷ്യരായിത്തീർന്നു. യോലാൻഡായ്‌ക്ക് ഡീറ്റോ എന്നു വിളിച്ചിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. നിയമവിദ്യാർഥിയായിരുന്ന അദ്ദേഹവും ബൈബിൾ പഠിക്കാനും യോഗങ്ങൾക്കു ഹാജരാകാനും തുടങ്ങി. അദ്ദേഹത്തിന് അധ്യയനം എടുത്തപ്പോഴാണ് ബൈബിൾ സത്യം പഠിപ്പിക്കുന്നതിനോടുള്ള ബന്ധത്തിൽ പുതിയൊരു കാര്യം ഞാൻ പഠിച്ചത്: ചിലപ്പോഴൊക്കെ ആളുകളോട് കാര്യങ്ങൾ മയത്തോടെയെങ്കിലും വെട്ടിത്തുറന്നുപറയേണ്ടതുണ്ട്.
അദ്ദേഹം അധ്യയനം മുടക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു: “ഡീറ്റോ, ദൈവരാജ്യത്തെ പിന്തുണയ്‌ക്കാൻ യഹോവ നിങ്ങളെ നിർബന്ധിക്കുന്നില്ല. മറിച്ച് എന്തുചെയ്യണമെന്നു തീരുമാനിക്കാനുള്ള അവകാശം അവൻ നിങ്ങൾക്കു തന്നിരിക്കുന്നു.” ദൈവത്തെ സേവിക്കാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ തുടർന്നു: “ഒരു വിപ്ലവ നേതാവിന്റെ പടമാണല്ലോ ഇവിടെയെല്ലാം. ഇതു കാണുന്ന ആരെങ്കിലും, ദൈവരാജ്യത്തെ പിന്തുണയ്‌ക്കുന്ന ഒരു വ്യക്തിയാണു നിങ്ങളെന്നു വിചാരിക്കുമോ?” അങ്ങനെ കാര്യം വെട്ടിത്തുറന്നുപറഞ്ഞത് ഫലം കണ്ടു.
വെറും രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. സർവകലാശാലാ വിദ്യാർഥികളും പോലീസും തമ്മിലുള്ള വെടിവെപ്പും ആരംഭിച്ചു. “നമുക്ക് എവിടെയെങ്കിലും പോയി രക്ഷപ്പെടാം!” ഡീറ്റോ തന്റെ സുഹൃത്തിനോടു വിളിച്ചുപറഞ്ഞു. “ഇല്ല! ഈയൊരു ദിവസത്തിനു വേണ്ടിയായിരുന്നില്ലേ നമ്മൾ ഇത്രകാലം കാത്തിരുന്നത്?” എന്നായിരുന്നു സ്‌നേഹിതന്റെ മറുപടി. എന്നിട്ട് അയാൾ തോക്കുമെടുത്ത് ടെറസ്സിലേക്കു പാഞ്ഞു. ഡീറ്റോയുടെ എട്ടു സുഹൃത്തുക്കൾക്കാണ് അന്നു ജീവൻ നഷ്ടമായത്, അവരിൽ ഈ സ്‌നേഹിതനും ഉണ്ടായിരുന്നു. ഒരു സത്യക്രിസ്‌ത്യാനിയായിത്തീരാൻ തീരുമാനിച്ചതുകൊണ്ടു മാത്രമാണ് ഡീറ്റോ രക്ഷപ്പെട്ടത്. അദ്ദേഹത്തെ കാണുമ്പോഴെല്ലാം എനിക്ക് എന്തുമാത്രം സന്തോഷം തോന്നുന്നുവെന്ന് നിങ്ങൾക്ക് ഊഹിക്കാനാകുമോ?
ദൈവാത്മാവിന്റെ പ്രവർത്തനം കണ്ടറിയുന്നു
ഒരിക്കൽ വയൽസേവനത്തിൽ ഏർപ്പെട്ടിരിക്കെ ഒരു വീട്ടുകാരി എന്നെ അവരുടെ വീട്ടിലേക്കു വിളിച്ചു. ആ വീടു സന്ദർശിച്ചു കഴിഞ്ഞെന്നു കരുതി ഞാൻ അവിടെ കയറാതെ പോകുകയായിരുന്നു. ഇഗ്നാസ്യാ എന്നായിരുന്നു
വീട്ടുകാരിയുടെ പേര്. യഹോവയുടെ സാക്ഷികളെക്കുറിച്ച് അറിയാമായിരുന്നെങ്കിലും ഭർത്താവിന്റെ കടുത്ത എതിർപ്പു നിമിത്തം അവർക്ക് ആത്മീയമായി പുരോഗമിക്കാൻ കഴിഞ്ഞിരുന്നില്ല. ആജാനുബാഹുവായ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു ഭർത്താവ്, പേര് ആഡാൽബെർട്ടോ. ഇഗ്നാസ്യാക്ക് അടിസ്ഥാന ബൈബിൾ ഉപദേശങ്ങൾ സംബന്ധിച്ച് പല സംശയങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ അവരുമായി ഒരു ബൈബിളധ്യയനം ആരംഭിച്ചു. എങ്ങനെയും അധ്യയനം നിറുത്തിക്കാൻ ആഡാൽബെർട്ടോ തീരുമാനിച്ചുറച്ചിരുന്നെങ്കിലും മറ്റു വിഷയങ്ങളെക്കുറിച്ച് അദ്ദേഹവുമായി ദീർഘനേരം സംഭാഷണം നടത്താൻ എനിക്കു കഴിഞ്ഞിരുന്നു. അത് നല്ലൊരു സൗഹൃദത്തിലേക്കു നയിച്ചു.ഇഗ്നാസ്യാ സഭയിലെ സ്‌നേഹനിധിയായ ഒരു സഹോദരിയായിത്തീർന്നപ്പോൾ എന്റെ മനസ്സിൽ അലതല്ലിയ സന്തോഷത്തിന് അതിരില്ലായിരുന്നു. സഹോദരങ്ങളുടെ ആത്മീയവും ശാരീരികവുമായ ആവശ്യങ്ങൾക്കായി കരുതിക്കൊണ്ട് അവർ ആശ്വാസത്തിന്റെ വലിയൊരു ഉറവായി മാറി. കാലക്രമത്തിൽ അവരുടെ മൂന്നു മക്കളും ഭർത്താവും സാക്ഷികളായിത്തീർന്നു. സുവാർത്തയുടെ മൂല്യം തിരിച്ചറിഞ്ഞ ആഡാൽബെർട്ടോ പോലീസ് സ്റ്റേഷനിൽപ്പോലും ചെന്ന് ഉത്സാഹപൂർവം സാക്ഷീകരിച്ചു. വീക്ഷാഗോപുരത്തിനും ഉണരുക!യ്‌ക്കുമായി പോലീസുകാരിൽനിന്ന് 200 വരിസംഖ്യകളും സമ്പാദിച്ചു.
യഹോവ വളരുമാറാക്കുന്നു
സാന്താക്രൂസിൽ ഞാൻ ആറു വർഷം സേവിച്ചു. തുടർന്ന് ബൊളീവിയയിലെ പ്രധാന നഗരമായ ലാപാസിൽ നിയമിക്കപ്പെട്ട ഞാൻ അവിടെ 25 വർഷം ചെലവഴിച്ചു. 1970-കളുടെ പ്രാരംഭത്തിൽ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസ് ലാപാസിലേക്കു മാറ്റുകയുണ്ടായി. അന്ന് അവിടെ 12 പേരേ ഉണ്ടായിരുന്നുള്ളൂ. പ്രസംഗവേല പുരോഗമിച്ചതോടെ കൂടുതൽ സ്ഥലസൗകര്യം ആവശ്യമായിത്തീർന്നു. അങ്ങനെ ത്വരിതഗതിയിൽ വികസിച്ചുകൊണ്ടിരുന്ന സാന്താക്രൂസിൽ അതിനായി പുതിയൊരു കെട്ടിടം പണിതു. 1998-ൽ ബ്രാഞ്ച് ഈ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. അവിടെ സേവിക്കാൻ എനിക്കും ക്ഷണം ലഭിച്ചു. ഇപ്പോൾ 50-ലേറെ അംഗങ്ങളാണ് ഇവിടെയുള്ളത്.
1966-ൽ സാന്താക്രൂസിൽ ഒരു സഭയാണ് ഉണ്ടായിരുന്നത്. ഇപ്പോഴാകട്ടെ 50-ലേറെയും. കൂടാതെ ബൊളീവിയയിലെ സാക്ഷികളുടെ എണ്ണം 640-ൽനിന്ന് ഏകദേശം 18,000 ആയും വർധിച്ചിരിക്കുന്നു!
സന്തോഷകരമെന്നു പറയട്ടെ, ബൊളീവിയയിലെ എന്റെ സേവനം ഫലപ്രദമായിരുന്നു. എന്നിരുന്നാലും ലോകമെമ്പാടുമുള്ള സഹക്രിസ്‌ത്യാനികളുടെ വിശ്വസ്‌തസേവനം എനിക്ക് എന്നും ഒരു പ്രോത്സാഹനം ആയിരുന്നിട്ടുണ്ട്. രാജ്യവേലയിന്മേലുള്ള യഹോവയുടെ അനുഗ്രഹം കാണുന്നത് നമ്മെയെല്ലാം ആഹ്ലാദചിത്തരാക്കുന്നു. ശിഷ്യരാക്കൽ വേലയിൽ ഒരു പങ്കുണ്ടായിരിക്കുന്നതിന്റെ സന്തോഷം ഒന്നു വേറെതന്നെയാണ്!—മത്തായി 28:19, 20.
[13-ാം പേജിലെ ചിത്രം]
പയനിയർ സേവനത്തിൽ, സ്‌കോട്ട്‌ലൻഡ്
[15-ാം പേജിലെ ചിത്രങ്ങൾ]
ബൊളീവിയ ബ്രാഞ്ച് ഓഫീസിൽ; (ഉൾച്ചിത്രം) 42-ാം ഗിലെയാദ് സ്‌കൂൾ