വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്യം പറയേണ്ടത്‌ എന്തുകൊണ്ട്‌?

സത്യം പറയേണ്ടത്‌ എന്തുകൊണ്ട്‌?

സത്യം പറയേണ്ടത്‌ എന്തുകൊണ്ട്‌?

പതിനെട്ടു വയസ്സുള്ളപ്പോൾ ഒരു കമ്പനിയിൽ ട്രെയ്‌നിയായിരുന്നു മാൻഫ്രേറ്റ്‌. * മാൻഫ്രേറ്റും മറ്റു ട്രെയ്‌നികളും ആഴ്‌ചയിൽ രണ്ടു ദിവസം ഒരു വോക്കേഷനൽ കോളേജിൽ സംബന്ധിക്കാനായി കമ്പനി ക്രമീകരണം ചെയ്‌തു. ഒരു ദിവസം ക്ലാസ്സ്‌ നേരത്തേ കഴിഞ്ഞു. കമ്പനിയിലെ നിയമം അനുസരിച്ച്‌ ശേഷിച്ച സമയം ട്രെയ്‌നികൾ ജോലി ചെയ്യണമായിരുന്നു. എന്നാൽ മാൻഫ്രേറ്റ്‌ ഒഴികെ മറ്റെല്ലാവരും വീണുകിട്ടിയ സമയം ‘അടിച്ചുപൊളിക്കാൻ’ തീരുമാനിച്ചു. മാൻഫ്രേറ്റ്‌ മാത്രം ജോലിസ്ഥലത്തേക്കു തിരിച്ചുവന്നു. അപ്പോഴാണ്‌ ട്രെയ്‌നികളുടെ മേൽനോട്ടം വഹിക്കുന്ന കമ്പനി എക്‌സിക്യുട്ടിവ്‌ യാദൃച്ഛികമായി അതുവഴി വന്നത്‌. മാൻഫ്രേറ്റിനെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു: “എന്താ നീയിന്നു ക്ലാസ്സിൽ പോകാതിരുന്നത്‌? മറ്റുള്ളവരൊക്കെ എവിടെ?” മാൻഫ്രേറ്റ്‌ ഇപ്പോൾ എന്തു പറയും?

മാൻഫ്രേറ്റിന്റെ അവസ്ഥ അസാധാരണമായ ഒന്നല്ല. അവൻ സത്യം പറയണോ? അതോ സഹപാഠികളെ രക്ഷിക്കുന്നതിനായി സത്യം മറച്ചുവെക്കണോ? സത്യം പറയുന്നത്‌ മറ്റുള്ളവരെ കുഴപ്പത്തിലാക്കുകയും അവരുടെ അപ്രീതിക്ക്‌ ഇടയാക്കുകയും ചെയ്യുമായിരുന്നു. അത്തരം സാഹചര്യങ്ങളിൽ ഒരു നുണ പറയുന്നതിൽ കുഴപ്പമുണ്ടോ? മാൻഫ്രേറ്റിന്റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? തത്‌കാലം, മാൻഫ്രേറ്റിന്റെ കാര്യം അവിടെ നിൽക്കട്ടെ. ആദ്യംതന്നെ, എന്തെങ്കിലും വിവരം നൽകേണ്ടിവരുമ്പോൾ സത്യം പറയണമോ എന്നതു സംബന്ധിച്ച്‌ ഒരു തീരുമാനമെടുക്കാൻ എന്തു നമ്മെ സഹായിക്കും എന്നു പരിചിന്തിക്കാം.

സത്യവും അസത്യവും ​—⁠രണ്ടു ബദ്ധശത്രുക്കൾ

മാനവ ചരിത്രത്തിന്റെ ആരംഭത്തിൽ എല്ലാറ്റിന്റെയും അടിസ്ഥാനം സത്യമായിരുന്നു. വസ്‌തുതകൾ വളച്ചൊടിക്കലോ സത്യത്തിന്റെ ‘കഴുത്തറക്കലോ’ ഒന്നും അവിടെയില്ലായിരുന്നു. സ്രഷ്ടാവായ യഹോവ “സത്യത്തിന്റെ ദൈവ”മാണ്‌. അവന്റെ വചനം സത്യമാണ്‌; അവനു നുണ പറയാൻ കഴിയില്ല, നുണ പറയുന്നതിനെ അവൻ കുറ്റംവിധിക്കുന്നു, അതുപോലെതന്നെ നുണ പറയുന്നവരെയും.​—⁠സങ്കീർത്തനം 31:​5, ന്യൂ ഇന്ത്യ ബൈബിൾ ഭാഷാന്തരം; യോഹന്നാൻ 17:17; തീത്തൊസ്‌ 1:⁠2.

അങ്ങനെയെങ്കിൽ, അസത്യം എവിടെനിന്നു വന്നു? തന്നെ കൊല്ലാൻ തക്കം പാർത്തു നടന്നിരുന്ന മതനേതാക്കന്മാരോട്‌ പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ യേശുക്രിസ്‌തു ആ ചോദ്യത്തിന്‌ ആധികാരികമായ ഉത്തരം നൽകി: “നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‌വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്‌കകൊണ്ടു സത്യത്തിൽ നില്‌ക്കുന്നതുമില്ല. അവൻ ഭോഷ്‌കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്‌കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.” (യോഹന്നാൻ 8:44) ഏദെൻതോട്ടത്തിൽവെച്ച്‌ സാത്താൻ, ദൈവത്തോട്‌ അനുസരണക്കേടു കാണിക്കാൻ ആദ്യ മനുഷ്യജോഡിയെ പ്രേരിപ്പിക്കുകയും അങ്ങനെ അവരെ പാപത്തിന്റെയും മരണത്തിന്റെയും കയത്തിലേക്കു തള്ളിയിടുകയും ചെയ്‌ത സംഭവത്തെക്കുറിച്ചു പരാമർശിക്കുകയായിരുന്നു യേശു എന്നതു തീർച്ച.​—⁠ഉല്‌പത്തി 3:1-5; റോമർ 5:⁠12.

സാത്താനാണ്‌ ‘ഭോഷ്‌കിന്റെ അപ്പൻ’ അതായത്‌ നുണയുടെയും അസത്യത്തിന്റെയും ഉപജ്ഞാതാവ്‌ എന്ന്‌ യേശുവിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. നുണയുടെ മുഖ്യവക്താവ്‌ ഇന്നും സാത്താൻ തന്നെയാണ്‌; വാസ്‌തവത്തിൽ അവൻ “ഭൂതലത്തെ മുഴുവൻ തെറ്റിച്ചു”കൊണ്ടിരിക്കുകയാണ്‌. വ്യാപകമായ നുണ മാനവ സമുദായത്തിൽ വിതച്ചിരിക്കുന്ന നാശത്തിൽ സാത്താന്‌ വലിയൊരു പങ്കുണ്ട്‌.​—⁠വെളിപ്പാടു 12:⁠9.

ഏദെനിൽ തുടങ്ങിയ, സത്യവും അസത്യവും തമ്മിലുള്ള ആ ശത്രുത ഇന്ന്‌ കൊടുമ്പിരികൊണ്ടിരിക്കുകയാണ്‌. സമൂഹത്തിന്റെ എല്ലാ തട്ടിലും അതു വ്യാപകമാണ്‌; അതിനാൽ ബാധിക്കപ്പെടാത്ത ഒരു മനുഷ്യൻ പോലുമില്ല. ഒരു വ്യക്തി എങ്ങനെയുള്ള ജീവിതം നയിക്കുന്നു എന്നതിനനുസരിച്ച്‌, അയാൾ ഒന്നുകിൽ സത്യത്തിന്റെ പക്ഷത്തായിരിക്കും അല്ലെങ്കിൽ അസത്യത്തിന്റെ പക്ഷത്തായിരിക്കും. ദൈവത്തിന്റെ പക്ഷത്തുള്ളവർ ദൈവവചനമായ ബൈബിളിലെ സത്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ ജീവിതം നയിക്കുന്നത്‌. സത്യത്തിന്റെ പാത പിന്തുടരാത്ത ഏതൊരാളും, അറിഞ്ഞോ അറിയാതെയോ, സാത്താന്റെ കൈകളിലേക്കാണു വീഴുന്നത്‌, കാരണം “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.”​—⁠1 യോഹന്നാൻ 5:19; മത്തായി 7:13, 14.

നുണ പറയാനുള്ള പ്രവണതയ്‌ക്കു പിന്നിൽ

“സർവ്വലോകവും” സാത്താന്റെ അധീനതയിലാണ്‌ എന്ന വസ്‌തുത, നുണ പറയാനുള്ള പ്രവണത വ്യാപകമായിരിക്കുന്നതിന്റെ കാരണത്തിലേക്കു വെളിച്ചം വീശുന്നു. എന്നാൽ ‘ഭോഷ്‌കിന്റെ അപ്പനായ സാത്താൻ എന്തിനാണ്‌ അതു ചെയ്‌തത്‌?’ എന്നു നാം ചിന്തിച്ചേക്കാം. ആദ്യ മനുഷ്യ ജോഡി ഉൾപ്പെടെ യഹോവ സൃഷ്ടിച്ച എല്ലാറ്റിന്റെയും പരമാധികാരിയായിരിക്കാൻ എന്തുകൊണ്ടും യോഗ്യൻ യഹോവയാണെന്ന്‌ സാത്താന്‌ അറിയാമായിരുന്നു. എന്നിട്ടും അർഹിക്കാത്ത ആ അതുല്യ സ്ഥാനം തനിക്കു കിട്ടണമെന്ന്‌ അവൻ ആഗ്രഹിച്ചു. അത്യാഗ്രഹവും അധികാരമോഹവും നിമിത്തം യഹോവയുടെ സ്ഥാനം തട്ടിയെടുക്കാൻ അവൻ പദ്ധതിയിട്ടു. അതിനായി അവൻ നുണയും വഞ്ചനയും മെനഞ്ഞെടുത്തു.​—⁠1 തിമൊഥെയൊസ്‌ 3:⁠6.

ഇന്നത്തെ കാര്യമോ? ഇന്നും അത്യാഗ്രഹവും അതിമോഹവുമാണ്‌ നുണ പറയാൻ അനേകരെയും പ്രേരിപ്പിക്കുന്നത്‌ എന്നതിനോടു നിങ്ങൾ യോജിക്കില്ലേ? അത്യാർത്തിപൂണ്ട ബിസിനസ്സ്‌, അഴിമതിയുടെ കറ പുരണ്ട രാഷ്‌ട്രീയം, വ്യാജമതം എന്നിവയെല്ലാം വഞ്ചനയിലും അസത്യത്തിലും തട്ടിപ്പിലും വെട്ടിപ്പിലും മുങ്ങിക്കുളിച്ചു നിൽക്കുകയാണ്‌. എന്തുകൊണ്ടാണത്‌? ആളുകൾ പലപ്പോഴും അത്യാഗ്രഹവും അതിമോഹവും നിമിത്തം എങ്ങനെയും മറ്റുള്ളവരെ കടത്തിവെട്ടാൻ ശ്രമിക്കുന്നതോ, അർഹിക്കാത്ത പണമോ അധികാരമോ സ്ഥാനമാനങ്ങളോ എത്തിപ്പിടിക്കാൻ പണിപ്പെടുന്നതോ അല്ലേ അതിനു വഴിമരുന്നിടുന്നത്‌? ജ്ഞാനിയായ ഒരു ഭരണാധികാരിയായിരുന്ന, പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവ്‌ ഇങ്ങനെ മുന്നറിയിപ്പു നൽകി: “ധനവാനാകാൻ ബദ്ധപ്പെടുന്നവൻ നിർദോഷിയായി നിലകൊള്ളുകയില്ല.” (സദൃശവാക്യങ്ങൾ 28:​20, NW) അപ്പൊസ്‌തലനായ പൗലൊസ്‌ ഇപ്രകാരം എഴുതി: “ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ.” (1 തിമൊഥെയൊസ്‌ 6:10) അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള അതിമോഹത്തിന്റെ കാര്യത്തിലും ഇതുതന്നെ സത്യമാണ്‌.

നുണ പറയാൻ പലരെയും പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്‌ പേടി​—⁠പരിണതഫലങ്ങളെക്കുറിച്ചോ സത്യം പറഞ്ഞാൽ മറ്റുള്ളവർ എന്തു വിചാരിക്കും എന്നതിനെക്കുറിച്ചോ ഉള്ള പേടി. മറ്റുള്ളവർ തങ്ങളെ ഇഷ്ടപ്പെടാൻ അല്ലെങ്കിൽ അംഗീകരിക്കാൻ ആളുകൾ ആഗ്രഹിക്കുന്നതു തികച്ചും സ്വാഭാവികമാണ്‌. ഈ ആഗ്രഹം പക്ഷേ, ചെറുതായിട്ടാണെങ്കിൽ പോലും സത്യത്തെയൊന്നു വളച്ചൊടിക്കാൻ അവരെ പ്രേരിപ്പിച്ചേക്കാം; പിഴവുകൾ മൂടിവെക്കുകയോ തങ്ങൾക്ക്‌ അനുകൂലമല്ലാത്ത ചില വിശദാംശങ്ങൾ മറച്ചുവെക്കുകയോ അല്ലെങ്കിൽ കേവലം നല്ലൊരു ധാരണ ഉളവാക്കുകയോ ചെയ്യുക എന്നതായിരിക്കാം അവരുടെ ഉദ്ദേശ്യം. ശലോമോന്റെ പിൻവരുന്ന വാക്കുകൾ ഇവിടെ പ്രസക്തമാണ്‌: “മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.”​—⁠സദൃശവാക്യങ്ങൾ 29:25.

സത്യത്തിന്റെ ദൈവത്തോടുള്ള വിശ്വസ്‌തത

കമ്പനി എക്‌സിക്യുട്ടിവ്‌ വിശദീകരണം ചോദിച്ചപ്പോൾ മാൻഫ്രേറ്റ്‌ എന്താണു പറഞ്ഞത്‌? അവൻ സത്യം പറഞ്ഞു. അവന്റെ മറുപടി ഇതായിരുന്നു: “ഇന്ന്‌ അധ്യാപകൻ ക്ലാസ്സ്‌ നേരത്തേ വിട്ടു, അതുകൊണ്ട്‌ ഞാൻ ജോലിക്കു വന്നു. മറ്റുള്ളവരുടെ കാര്യം, ഒരുപക്ഷേ താങ്കൾ അവരോടു നേരിട്ടു ചോദിക്കുന്നതായിരിക്കും നല്ലത്‌.”

കൗശലപൂർവം തെറ്റായ ഒരു ഉത്തരം നൽകാനും അങ്ങനെ മറ്റു ട്രെയ്‌നികളെ പ്രീതിപ്പെടുത്താനും അവനു കഴിയുമായിരുന്നു. എന്നാൽ സത്യത്തോടു വിശ്വസ്‌തമായി പറ്റിനിൽക്കുന്നതിന്‌ അവന്‌ ന്യായമായ കാരണങ്ങൾ ഉണ്ടായിരുന്നു. മാൻഫ്രേറ്റ്‌ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്‌. സത്യസന്ധത ശുദ്ധ മനസ്സാക്ഷി നിലനിറുത്തുന്നതിന്‌ അവനെ സഹായിച്ചു. അത്‌ മുതലാളിയുടെ വിശ്വാസം നേടിക്കൊടുക്കുകയും ചെയ്‌തു. ട്രെയിനിങ്ങിന്റെ ഭാഗമായി മാൻഫ്രേറ്റിനെ ജ്വല്ലറി വിഭാഗത്തിലേക്കു നിയമിച്ചു; സാധാരണ, അവിടെ ജോലി ചെയ്യാൻ ട്രെയ്‌നികളെ അനുവദിച്ചിരുന്നില്ല. ഏകദേശം 15 വർഷത്തിനുശേഷം കമ്പനിയിലെ ഒരു ഉത്തരവാദിത്വ സ്ഥാനത്തേക്ക്‌ മാൻഫ്രേറ്റിനു പ്രമോഷൻ ലഭിച്ചപ്പോൾ അന്നത്തെ ആ എക്‌സിക്യുട്ടിവ്‌ അദ്ദേഹത്തെ ഫോണിൽ വിളിച്ച്‌ അഭിനന്ദിക്കുകയും സത്യത്തിനുവേണ്ടി നിലകൊണ്ട ഈ സംഭവത്തെക്കുറിച്ചു പറയുകയും ചെയ്‌തു.

യഹോവ സത്യത്തിന്റെ ദൈവമായതിനാൽ അവനുമായി അടുത്ത ബന്ധം ആഗ്രഹിക്കുന്ന ഏതൊരാളും ‘ഭോഷ്‌ക്‌ ഉപേക്ഷിക്കുകയും സത്യം സംസാരിക്കുകയും’ വേണം. ദൈവദാസനായ ഒരു വ്യക്തി സത്യത്തെ സ്‌നേഹിക്കേണ്ടത്‌ അനിവാര്യമാണ്‌. “വിശ്വസ്‌തസാക്ഷി ഭോഷ്‌ക്‌” അഥവാ നുണ “പറകയില്ല” എന്ന്‌ ജ്ഞാനിയായ ശലോമോൻ എഴുതി. അങ്ങനെയെങ്കിൽ, എന്താണു നുണ?​—⁠എഫെസ്യർ 4:25; സദൃശവാക്യങ്ങൾ 14:⁠5.

എന്താണു നുണ?

എല്ലാ നുണകളും അസത്യങ്ങളാണ്‌; എന്നാൽ എല്ലാ അസത്യങ്ങളും നുണകളല്ല. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌? “കേൾക്കുന്ന വ്യക്തിയെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ, സത്യമല്ലെന്നു തനിക്ക്‌ അറിയാവുന്ന അല്ലെങ്കിൽ താൻ വിശ്വസിക്കുന്ന ഒരു കാര്യം ഉറപ്പിച്ചുപറയൽ” എന്നാണ്‌ ഒരു നിഘണ്ടു നുണയെ നിർവചിക്കുന്നത്‌. അതേ, നുണയിൽ ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കുക അല്ലെങ്കിൽ കബളിപ്പിക്കുക എന്ന ഉദ്ദേശ്യം ഉൾപ്പെടുന്നുണ്ട്‌. അതുകൊണ്ടുതന്നെ അറിയാതെ ആർക്കെങ്കിലും തെറ്റായ വിവരങ്ങളോ കണക്കുകളോ കൊടുക്കുന്നതു പോലെ, മനഃപൂർവമല്ലാതെ സത്യമല്ലാത്ത പ്രസ്‌താവന നടത്തുന്നതും, നുണ പറയുന്നതും രണ്ടും രണ്ടാണ്‌.

മാത്രമല്ല, നമ്മോട്‌ വിവരങ്ങൾ ആവശ്യപ്പെടുന്ന വ്യക്തി എല്ലാ വിശദാംശങ്ങളും അറിയാൻ അർഹതയുള്ള ആളാണോ എന്നത്‌ നാം ശ്രദ്ധിക്കണം. ഉദാഹരണത്തിന്‌, മറ്റൊരു കമ്പനിയിലെ ഒരു എക്‌സിക്യുട്ടിവാണ്‌ മാൻഫ്രേറ്റിനോട്‌ ആ ചോദ്യം ചോദിച്ചതെന്നു കരുതുക. മാൻഫ്രേറ്റ്‌ അദ്ദേഹത്തോട്‌ എല്ലാം പറയേണ്ടതുണ്ടോ? ഇല്ല. ആ വിവരങ്ങൾ അറിയാൻ അധികാരപ്പെട്ട വ്യക്തിയല്ലാത്തതിനാൽ, അദ്ദേഹത്തോട്‌ അതു പറയാനുള്ള ഉത്തരവാദിത്വം മാൻഫ്രേറ്റിനില്ല. എന്നാൽ ഒരു കാര്യം തീർച്ചയാണ്‌, ഈ സാഹചര്യത്തിൽ പോലും നുണ പറയുന്നതു തെറ്റായിരിക്കും.

ഇക്കാര്യത്തിൽ യേശുക്രിസ്‌തു എന്തു മാതൃക വെച്ചു? ഒരു സന്ദർഭത്തിൽ, യേശുവിന്റെ യാത്രയോടു ബന്ധപ്പെട്ട വിശദാംശങ്ങളിൽ താത്‌പര്യം കാണിച്ച ചില അവിശ്വാസികളോടു സംസാരിക്കുകയായിരുന്നു യേശു. “ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക” എന്ന്‌ അവർ ഉപദേശിച്ചു. യേശുവിന്റെ മറുപടി എന്തായിരുന്നു? “നിങ്ങൾ [യെരൂശലേമിലെ] പെരുനാളിന്നു പോകുവിൻ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്‌കകൊണ്ടു ഞാൻ ഈ പെരുനാളിന്നു ഇപ്പോൾ പോകുന്നില്ല.” എന്നാൽ അധികം താമസിയാതെ പെരുന്നാളിൽ സംബന്ധിക്കുന്നതിനായി യേശു യെരൂശലേമിലേക്കു പോകുകതന്നെ ചെയ്‌തു. എന്തുകൊണ്ടാണ്‌ അവൻ ആ വിധത്തിൽ മറുപടി പറഞ്ഞത്‌? യേശു എവിടെ പോകുന്നു, എപ്പോൾ പോകുന്നു എന്നതു സംബന്ധിച്ച എല്ലാ വിശദാംശങ്ങളും അവർ അറിയേണ്ട ആവശ്യമില്ലായിരുന്നു. അങ്ങനെ അസത്യമായി ഒന്നും പറയാതെതന്നെ, അവൻ അപൂർണമായ ഒരു ഉത്തരം നൽകി. തനിക്കോ ശിഷ്യന്മാർക്കോ എതിരെ അവർക്ക്‌ നടത്താൻ കഴിയുമായിരുന്ന എന്തെങ്കിലും നീക്കം തടയുന്നതിനുവേണ്ടിയാണ്‌ അവൻ അങ്ങനെ ചെയ്‌തത്‌. അത്‌ ഒരു നുണയല്ലായിരുന്നു. കാരണം അപ്പൊസ്‌തലനായ പത്രൊസ്‌ ക്രിസ്‌തുവിനെക്കുറിച്ച്‌ ഇപ്രകാരം എഴുതി: “അവൻ പാപം ചെയ്‌തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.”​—⁠യോഹന്നാൻ 7:1-13; 1 പത്രൊസ്‌ 2:22.

പത്രൊസിന്റെ കാര്യമോ? യേശുവിനെ അറസ്റ്റുചെയ്‌ത രാത്രി അവനെ അറിയില്ലെന്നു പറഞ്ഞുകൊണ്ട്‌ പത്രൊസ്‌ മൂന്നു പ്രാവശ്യം നുണ പറഞ്ഞില്ലേ? ശരിയാണ്‌, മനുഷ്യഭയത്തിന്‌ വഴിപ്പെട്ട്‌ പത്രൊസ്‌ നുണ പറഞ്ഞു. എന്നാൽ അവൻ പെട്ടെന്നുതന്നെ “അതിദുഃഖത്തോടെ കര”യുകയും പശ്ചാത്തപിക്കുകയും ചെയ്‌തു; അവന്റെ പാപത്തിനു ക്ഷമ ലഭിച്ചു. മാത്രമല്ല, അവൻ തന്റെ തെറ്റിൽനിന്നു പാഠം പഠിച്ചു. ഏതാനും ദിവസങ്ങൾക്കുശേഷം അവൻ പരസ്യമായി യേശുവിനെക്കുറിച്ചു സംസാരിക്കുകയും യെരൂശലേമിലെ യഹൂദ അധികാരികൾ ഭീഷണിപ്പെടുത്തിയപ്പോൾ നിശ്ചയദാർഢ്യത്തോടെ, യേശുവിന്റെ നാമത്തിൽ സംസാരിക്കുന്നതു നിറുത്താൻ വിസമ്മതിക്കുകയും ചെയ്‌തു. പത്രൊസിനു താത്‌കാലികമായി വീഴ്‌ച സംഭവിച്ചെങ്കിലും പെട്ടെന്നുതന്നെ അവൻ തന്റെ ഗതി തിരുത്തി എന്നുള്ളത്‌, ഒരു ദുർബല നിമിഷത്തിൽ വാക്കിലോ പ്രവൃത്തിയിലോ എളുപ്പം തെറ്റിപ്പോയേക്കാവുന്ന നമുക്കെല്ലാവർക്കും ഒരു പ്രോത്സാഹനമാകണം.​—⁠മത്തായി 26:69-75; പ്രവൃത്തികൾ 4:18-20; 5:27-32; യാക്കോബ്‌ 3:⁠2.

സത്യം മാത്രമുള്ള ഒരു ലോകം തൊട്ടുമുന്നിൽ

“സത്യം പറയുന്ന അധരം എന്നേക്കും നിലനില്‌ക്കും; വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു” എന്ന്‌ സദൃശവാക്യങ്ങൾ 12:19 വിശദമാക്കുന്നു. അതേ, സത്യം അനശ്വരമാണ്‌, അതാണതിന്റെ പ്രത്യേകത. ആളുകൾ സത്യം സംസാരിക്കാനും അതിനു ചേർച്ചയിൽ പ്രവർത്തിക്കാനുമുള്ള നിശ്ചയദാർഢ്യം പ്രകടമാക്കുമ്പോൾ ബന്ധങ്ങൾ കൂടുതൽ സ്ഥിരതയുള്ളതും സന്തോഷകരവും ആയിത്തീരും. വാസ്‌തവത്തിൽ, സത്യം പറയുന്നത്‌ ഉടനടി പ്രയോജനങ്ങൾ കൈവരുത്തുന്നു; ശുദ്ധ മനസ്സാക്ഷി, നല്ല പേര്‌, വിവാഹജീവിതത്തിലും കുടുംബത്തിലും കൂട്ടുകാരോടുള്ള ബന്ധത്തിലും ബിസിനസ്സ്‌ രംഗത്തും കെട്ടുറപ്പുള്ള ബന്ധങ്ങൾ എന്നിവയൊക്കെ ഇതിൽപ്പെടും.

നേരെമറിച്ച്‌, നുണകൾക്ക്‌ കാലത്തിന്റെ പരിശോധനയെ അതിജീവിക്കാനാകില്ല; കാലാന്തരത്തിൽ അവ വെളിപ്പെട്ടുവരും. നുണ പറയുന്ന നാവിന്‌ അൽപ്പകാലത്തേക്ക്‌ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞേക്കും; എന്നാൽ നുണയ്‌ക്ക്‌ എന്നും പിടിച്ചുനിൽക്കാനാവില്ല. ഏറ്റവും പ്രധാനമായി, സത്യത്തിന്റെ ദൈവമായ യഹോവ നുണയുടെ കാര്യത്തിൽ ഒരു സമയപരിധി വെച്ചിട്ടുണ്ട്‌; നുണയെയും നുണയ്‌ക്ക്‌ വളംവെക്കുന്നവരെയും എല്ലാക്കാലത്തും അവൻ വെച്ചുപൊറുപ്പിക്കില്ല. മുഴുഭൂമിയെയും വഴിതെറ്റിച്ചുകൊണ്ടിരിക്കുന്ന, നുണയുടെ പിതാവായ പിശാചായ സാത്താന്റെ സ്വാധീനം യഹോവ പൂർണമായും ഇല്ലാതാക്കുമെന്ന്‌ ബൈബിൾ വാക്കുതരുന്നു. സകല നുണകളെയും നുണ പറയുന്നവരെയും യഹോവ പെട്ടെന്നുതന്നെ നീക്കംചെയ്യും.​—⁠വെളിപ്പാടു 21:⁠8.

ഒടുവിൽ, “സത്യം പറയുന്ന അധരം” ശാശ്വതമായി നിലനിൽക്കുമ്പോൾ അതേ, സത്യം മാത്രമുള്ള ഒരു ലോകം ആഗതമാകുമ്പോൾ, അത്‌ എത്ര ആശ്വാസമായിരിക്കും!

[അടിക്കുറിപ്പ്‌]

^ ഖ. 2 യഥാർഥ പേരല്ല.

[5-ാം പേജിലെ ആകർഷകവാക്യം]

അത്യാഗ്രഹവും അതിമോഹവുമാണ്‌ നുണ പറയാൻ അനേകരെയും പ്രേരിപ്പിക്കുന്നത്‌

[6-ാം പേജിലെ ആകർഷകവാക്യം]

എല്ലാ നുണകളും അസത്യങ്ങളാണ്‌; എന്നാൽ എല്ലാ അസത്യങ്ങളും നുണകളല്ല

[6-ാം പേജിലെ ചിത്രം]

പത്രൊസ്‌ ക്രിസ്‌തുവിനെ തള്ളിപ്പറഞ്ഞതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും?

[7-ാം പേജിലെ ചിത്രം]

സത്യം പറയുന്നത്‌ സ്ഥിരതയുള്ളതും സന്തോഷകരവുമായ ബന്ധങ്ങൾക്ക്‌ ഇടയാക്കുന്നു