സത്യം മറ്റുള്ളവർ മാത്രം പറഞ്ഞാൽ മതിയോ?
സത്യം മറ്റുള്ളവർ മാത്രം പറഞ്ഞാൽ മതിയോ?
“നുണകൾ എനിക്കു വെറുപ്പാണ്, ആരെങ്കിലും എന്നോടു നുണ പറയുന്നതും!” ഒരു 16 വയസ്സുകാരിയുടെ വാക്കുകളാണ് അത്. നമ്മിൽ മിക്കവർക്കും അങ്ങനെയായിരിക്കാം തോന്നുന്നത്. നമുക്കു ലഭിക്കുന്ന വിവരങ്ങൾ—അതു വാക്കിലോ രേഖാമൂലമോ ഉള്ളതായിക്കൊള്ളട്ടെ—സത്യമായിരിക്കുന്നതാണു നമുക്കിഷ്ടം. എന്നാൽ മറ്റുള്ളവർക്ക് എന്തെങ്കിലും വിവരം നൽകേണ്ടി വരുമ്പോൾ നാം സത്യം പറയാറുണ്ടോ?
“സ്വയം രക്ഷിക്കുന്നതിനോ മറ്റുള്ളവരെ രക്ഷിക്കുന്നതിനോ വേണ്ടി കൊച്ചുകൊച്ചു കാര്യങ്ങളിൽ നുണ പറയുന്നതിൽ കുഴപ്പമൊന്നുമില്ല, ശരിക്കും പറഞ്ഞാൽ ആളുകളുമായി ഒത്തുപോകുന്നതിന് അത് അത്യാവശ്യമാണെന്നുതന്നെ പറയാം.” ജർമനിയിൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും ആ അഭിപ്രായക്കാരായിരുന്നു. ഇനിയും, ഒരു ജേർണലിസ്റ്റിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “എല്ലായ്‌പോഴും സത്യം മാത്രം പറയുക എന്നത് ഉദാത്തമായ ഒരു ആശയമാണ്, പക്ഷേ അത് നിങ്ങളുടെ ജീവിതം വിരസമാക്കും.”
മറ്റുള്ളവർ നമ്മോട് സത്യം പറയണമെന്ന് ആഗ്രഹിക്കുമ്പോഴും, നമ്മുടെ കാര്യം വരുമ്പോൾ ചിലപ്പോഴൊക്കെ സത്യം പറയാതിരിക്കാൻ നാം കാരണങ്ങൾ കണ്ടെത്തുന്നുണ്ടോ? നാം സത്യം പറയുന്നോ ഇല്ലയോ എന്നത് ശരിക്കും പ്രാധാന്യം അർഹിക്കുന്ന കാര്യമാണോ? നുണ പറയുന്നതിന്റെ ഭവിഷ്യത്തുകൾ എന്തെല്ലാമാണ്?
നുണ വരുത്തുന്ന വിന
നുണയുടെ ഭവിഷ്യത്തുകളെക്കുറിച്ചു ചിന്തിക്കുക. നുണ ഭാര്യാഭർത്താക്കന്മാർക്കിടയിലും കുടുംബാംഗങ്ങൾക്കിടയിലും ഉള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കുന്നു. അടിസ്ഥാനമില്ലാത്ത ഗോസിപ്പിന് ഒരാളുടെ സത്‌പേര് നശിപ്പിക്കാനാകും. തൊഴിലാളികളുടെ ഭാഗത്തെ സത്യസന്ധതയില്ലായ്‌മ ബിസിനസ്സ് നടത്തിക്കൊണ്ടുപോകുന്നതിനുള്ള ചെലവും ഉത്‌പന്നങ്ങളുടെ വിലയും വർധിക്കുന്നതിന് ഇടയാക്കിയേക്കാം. നികുതിയിൽ വെട്ടിപ്പു കാണിക്കുമ്പോൾ പൊതു സേവനങ്ങൾ നിർവഹിക്കുന്നതിന് ആവശ്യമായ പണം ഗവൺമെന്റുകൾക്ക് ലഭിക്കാതെപോകുന്നു. ഗവേഷകർ വിവരങ്ങൾ വളച്ചൊടിക്കുന്നത് അവരുടെതന്നെ തൊഴിലിനു തുരങ്കം വെക്കുകയും അവർ ഏതു സ്ഥാപനത്തിനു വേണ്ടിയാണോ ജോലി ചെയ്യുന്നത് അതിന്റെ സത്‌പേരിന് കളങ്കം ചാർത്തുകയും ചെയ്യുന്നു. പെട്ടെന്നു ധനികരാക്കാം എന്ന വാഗ്‌ദാനവുമായി എത്തുന്ന തട്ടിപ്പുപദ്ധതികൾ പാവം നിക്ഷേപകരുടെ ആജീവനാന്ത സമ്പാദ്യം മുഴുവൻ തട്ടിയെടുക്കുകയോ അതിനെക്കാൾ ഹാനികരമായ ഭവിഷ്യത്തുകൾക്ക് ഇടയാക്കുകയോ ചെയ്യുന്നു. “വ്യാജമുള്ള നാവും” “ഭോഷ്‌കു പറയുന്ന കള്ളസാക്ഷിയും” യഹോവയാം ദൈവം വെറുക്കുന്ന കാര്യങ്ങളിൽപ്പെടുന്നു എന്നു ബൈബിൾ പറയുന്നതിൽ അതിശയിക്കാനില്ല!—സദൃശവാക്യങ്ങൾ 6:16-19.
വ്യാപകമായ നുണപറയൽ വ്യക്തികൾക്കും സമൂഹത്തിനുതന്നെയും ദോഷം വരുത്തുന്നു എന്ന വസ്‌തുതയോട് എല്ലാവരുംതന്നെ യോജിക്കും. അങ്ങനെയെങ്കിൽ പിന്നെ, ആളുകൾ മനഃപൂർവം നുണ പറയുന്നത് എന്തുകൊണ്ടാണ്? എല്ലാ അസത്യങ്ങളും നുണയാണോ? ഈ ചോദ്യങ്ങൾക്കും മറ്റു ചില ചോദ്യങ്ങൾക്കും ഉള്ള ഉത്തരം അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കും.
[3-ാം പേജിലെ ചിത്രം]
നുണ ഭാര്യാഭർത്താക്കന്മാർക്കിടയിലെ വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കുന്നു