വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവർ ആ പണം തിരികെക്കൊടുത്തു

അവർ ആ പണം തിരികെക്കൊടുത്തു

അവർ ആ പണം തിരികെക്കൊടുത്തു

ബ്രസീലിലെ ക്രൂസേരൂ ഡൂ സൂലിലുള്ള ഒരു ബ്യൂട്ടി പാർലറിലാണ്‌ നെൽമാ ജോലിചെയ്യുന്നത്‌. അടുത്തയിടെ അവരുടെ ക്രിസ്‌തീയ നിർമലതയുടെ മാറ്റുരയ്‌ക്കുന്ന ഒരു സംഭവമുണ്ടായി. ആ പ്രദേശം ഒരു വെള്ളപ്പൊക്ക കെടുതിക്ക്‌ ഇരയായതിനെത്തുടർന്ന്‌, അവരുടെ കടയിൽ പതിവായി വരാറുള്ള ഒരു സ്‌ത്രീ നെൽമായ്‌ക്ക്‌ സംഭാവനയായി കുറച്ചു വസ്‌ത്രങ്ങൾ നൽകി. അവ തരംതിരിക്കവേ ഒരു പാന്റിന്റെ പോക്കറ്റിൽനിന്ന്‌ ഏകദേശം 45,000 രൂപയ്‌ക്കു തുല്യമായ പണം കിട്ടി.

അവരുടെ ഏഴു മാസത്തെ ശമ്പളത്തിനു തുല്യമായിരുന്നു ഈ പണം. അവർക്കാണെങ്കിൽ പണത്തിന്റെ അത്യാവശ്യവുമുണ്ടായിരുന്നു. വെള്ളപ്പൊക്കത്തിൽ അവരുടെ വീടിന്‌ കേടുപാടു സംഭവിച്ചിരുന്നു. മറ്റൊരിടത്തു താമസിച്ചിരുന്ന പിതാവിന്റെയും സഹോദരങ്ങളുടെയും മിക്ക വസ്‌തുവകകളും നഷ്ടപ്പെടുകയും ചെയ്‌തിരുന്നു. ഈ പണംകൊണ്ട്‌ നെൽമായ്‌ക്ക്‌ തന്റെ വീടിന്റെ കേടുപാടു തീർക്കാൻ കഴിയുമായിരുന്നെന്നു മാത്രമല്ല, കുടുംബാംഗങ്ങളെ സഹായിക്കാനും സാധിക്കുമായിരുന്നു. പക്ഷേ അത്‌ എടുക്കാൻ നെൽമായുടെ ബൈബിൾ പരിശീലിത മനസ്സാക്ഷി അവരെ അനുവദിച്ചില്ല.​—⁠എബ്രായർ 13:⁠18.

പിറ്റേന്ന്‌ പുലർച്ചെ, വസ്‌ത്രങ്ങൾ തന്ന സ്‌ത്രീയെ കാണുന്നതിനായി സാധാരണ ജോലിക്കു പോകുന്നതിനെക്കാൾ നേരത്തേ അവർ വീട്ടിൽനിന്ന്‌ ഇറങ്ങി. നെൽമാ വസ്‌ത്രങ്ങൾക്കായി അവരോടു നന്ദി പറഞ്ഞു, എന്നാൽ അതിൽനിന്നു കിട്ടിയ പണം തിരിച്ചുതരാൻ ആഗ്രഹിക്കുന്നുവെന്ന്‌ കൂട്ടിച്ചേർത്തു. പണം തിരികെക്കിട്ടിയപ്പോൾ ആ സ്‌ത്രീക്ക്‌ സന്തോഷം അടക്കാനായില്ല. ജോലിക്കാർക്കു നൽകാനായി വെച്ചിരുന്നതായിരുന്നു അത്‌. “സത്യസന്ധരായവർ ഇക്കാലത്ത്‌ വിരളമാണ്‌” എന്ന്‌ ബിസിനസ്സുകാരിയായ ആ സ്‌ത്രീ പറഞ്ഞു.

സത്യസന്ധരായിരിക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല എന്നു ചിലർ കരുതിയേക്കാം എന്നതു ശരിതന്നെ. എങ്കിലും സത്യദൈവമായ യഹോവയെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവർ സത്യസന്ധതയെ അങ്ങേയറ്റം മൂല്യമുള്ളതായി കണക്കാക്കുന്നു. (എഫെസ്യർ 4:​25, 28) “ആ പണം തിരികെ കൊടുക്കാതെ എനിക്ക്‌ ഉറക്കം വരില്ലായിരുന്നു,” നെൽമാ പറഞ്ഞു.