വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാര്യമാരേ, ഭർത്താക്കന്മാരോട്‌ ആഴമായ ആദരവു പ്രകടമാക്കുക

ഭാര്യമാരേ, ഭർത്താക്കന്മാരോട്‌ ആഴമായ ആദരവു പ്രകടമാക്കുക

ഭാര്യമാരേ, ഭർത്താക്കന്മാരോട്‌ ആഴമായ ആദരവു പ്രകടമാക്കുക

“ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ.” —⁠എഫെസ്യർ 5:22.

1. ഭർത്താവിനെ ആദരിക്കുന്നതു മിക്കപ്പോഴും പ്രയാസമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ഭർത്താവിനെ ആഴമായി ബഹുമാനിക്കുമെന്നു പ്രസ്‌താവിച്ചുകൊണ്ട്‌ വിവാഹവേളയിൽ വധു പ്രതിജ്ഞ ചെയ്യുന്നത്‌ പല നാടുകളിലും സാധാരണമാണ്‌. എന്നാൽ ഭർത്താവ്‌ ഭാര്യയോടു പെരുമാറുന്ന വിധം പലപ്പോഴും ആ പ്രതിജ്ഞയ്‌ക്കു ചേർച്ചയിൽ ജീവിക്കുക ബുദ്ധിമുട്ടായിരിക്കുമോ അല്ലയോ എന്നതിന്മേൽ സ്വാധീനം ചെലുത്തുന്നു. എന്നിരുന്നാലും ദാമ്പത്യത്തിന്റെ തുടക്കം അതിശ്രേഷ്‌ഠമായിരുന്നു. ആദ്യ മനുഷ്യനായ ആദാമിന്റെ ഒരു വാരിയെല്ല്‌ ഉപയോഗിച്ചാണ്‌ ദൈവം സ്‌ത്രീയെ സൃഷ്ടിച്ചത്‌. അവളെ കണ്ടപ്പോൾ ആഹ്ലാദഭരിതനായി ആദാം ഇങ്ങനെ പറഞ്ഞു: “ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു.”​—⁠ഉല്‌പത്തി 2:19-23.

2. അടുത്ത കാലത്ത്‌ സ്‌ത്രീകളോടും വിവാഹത്തോടും ബന്ധപ്പെട്ട്‌ എന്തു സ്ഥിതിവിശേഷം വികാസം പ്രാപിച്ചിരിക്കുന്നു?

2 വിവാഹ ക്രമീകരണത്തിന്റെ തുടക്കം അതിശ്രേഷ്‌ഠമായിരുന്നെങ്കിലും 1960-കളുടെ പ്രാരംഭത്തിൽ ഐക്യനാടുകളിൽ സ്‌ത്രീവിമോചന പ്രസ്ഥാനം തലപൊക്കി. പുരുഷ മേധാവിത്വത്തിൽനിന്നു സ്വതന്ത്രരാകാൻ സ്‌ത്രീകൾ കണ്ടുപിടിച്ച ഒരു മാർഗമായിരുന്നു അത്‌. അക്കാലത്ത്‌ കുടുംബത്തെ ഉപേക്ഷിച്ചുപോയിരുന്ന ഭർത്താക്കന്മാരുടെയും ഭാര്യമാരുടെയും എണ്ണം ഏകദേശം 300-ന്‌ 1 എന്ന അനുപാതത്തിലായിരുന്നെങ്കിൽ ആ പതിറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും അത്‌ ഏകദേശം 100-ന്‌ 1 ആയിത്തീർന്നു. മദ്യപിക്കുകയും പുകവലിക്കുകയും ചീത്ത പറയുകയും അധാർമിക ജീവിതം നയിക്കുകയും ചെയ്യുന്നതിൽ സ്‌ത്രീകൾ ഇന്നു പുരുഷന്മാരെക്കാൾ ഒട്ടുംതന്നെ പിന്നിലല്ലെന്നു പറയാം. ഇതെല്ലാം സ്‌ത്രീകളുടെ ജീവിതം സന്തോഷപ്രദമാക്കിയിരിക്കുന്നുവോ? ഇല്ല. ചില രാജ്യങ്ങളിൽ, വിവാഹിതരാകുന്നവരിൽ പകുതിയോളം പേർ കാലക്രമത്തിൽ വിവാഹമോചനം നേടുന്നു. ദാമ്പത്യത്തിലെ തങ്ങളുടെ ഭാഗധേയത്തിനു മാറ്റുകൂട്ടാൻ ചില സ്‌ത്രീകൾ നടത്തിയിട്ടുള്ള ശ്രമങ്ങൾ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുകയാണോ അതോ കൂടുതൽ വഷളാക്കുകയാണോ ചെയ്‌തിരിക്കുന്നത്‌?​—⁠2 തിമൊഥെയൊസ്‌ 3:1-5.

3. വിവാഹ ബന്ധങ്ങളുടെ തകർച്ചയ്‌ക്കുള്ള അടിസ്ഥാന കാരണമെന്ത്‌?

3 എന്താണ്‌ അടിസ്ഥാന പ്രശ്‌നം? ഒരു പരിധിവരെ, മത്സരിയായ ഒരു ദൂതൻ ഹവ്വായെ വഞ്ചിച്ചതുമുതൽ നിലനിന്നുപോന്നിട്ടുള്ള പ്രശ്‌നമാണിത്‌​—⁠‘പിശാചും സാത്താനും എന്ന പഴയ പാമ്പ്‌’ എന്നാണു ബൈബിൾ ആ ദൂതനെ വിശേഷിപ്പിക്കുന്നത്‌. (വെളിപ്പാടു 12:⁠9; 1 തിമൊഥെയൊസ്‌ 2:13, 14) ദൈവം പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ തകിടംമറിക്കാൻ അവൻ ശ്രമിച്ചിരിക്കുന്നു. ഉദാഹരണത്തിന്‌, വിവാഹ ക്രമീകരണം അസഹ്യവും വരിഞ്ഞുമുറുക്കുന്നതുമായ ഒരു ഏർപ്പാടായി കാണപ്പെടാൻ പിശാച്‌ ഇടയാക്കിയിരിക്കുന്നു. അവൻ ഭരണാധികാരിയായിരിക്കുന്ന ഈ ലോകത്തിന്റെ മാധ്യമങ്ങളിലൂടെയുള്ള അവന്റെ പ്രചരണങ്ങൾ, ദൈവത്തിന്റെ മാർഗനിർദേശങ്ങൾ പക്ഷപാതപരവും പഴഞ്ചനുമാണെന്ന ധാരണയുളവാക്കാൻ ഉദ്ദേശിച്ചുള്ളവയാണ്‌. (2 കൊരിന്ത്യർ 4:3, 4) എന്നാൽ വിവാഹത്തിൽ ഒരു സ്‌ത്രീക്കുള്ള പങ്കിനെക്കുറിച്ചു ദൈവം തന്റെ വചനത്തിൽ പറയുന്നത്‌ എന്താണെന്നു വസ്‌തുനിഷ്‌ഠമായി പരിശോധിക്കുന്നപക്ഷം അത്‌ എത്ര ജ്ഞാനപൂർവകവും പ്രായോഗികവുമാണെന്നു നമുക്കു കാണാൻ കഴിയും.

വിവാഹം കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്‌

4, 5. (എ) വിവാഹം കഴിക്കുന്നതിനോടുള്ള ബന്ധത്തിൽ ഒരു സ്‌ത്രീ ജാഗ്രതപാലിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) വിവാഹത്തിനു സമ്മതിക്കുന്നതിനു മുമ്പ്‌ ഒരു സ്‌ത്രീ എന്തു ചെയ്യണം?

4 വിവാഹം ഒരു ദിവ്യക്രമീകരണമാണെങ്കിലും അതിലേക്കു പ്രവേശിക്കുന്നവർക്കു ബൈബിൾ ഒരു മുന്നറിയിപ്പു നൽകുന്നു. സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുന്നവർക്കുപോലും, പിശാചിന്റെ ആധിപത്യത്തിലുള്ള ഈ ലോകത്തിൽ “കഷ്ടത” ഉണ്ടാകുമെന്ന്‌ അതു പറയുന്നു. ഭർത്താവ്‌ മരിച്ചുപോകുകയും തത്‌ഫലമായി പുനർവിവാഹത്തിനു സ്വതന്ത്രയായിത്തീരുകയും ചെയ്യുന്ന സ്‌ത്രീയെക്കുറിച്ച്‌ ഒരു നിശ്വസ്‌ത ബൈബിളെഴുത്തുകാരൻ ഇങ്ങനെ പറഞ്ഞു: “അവൾ അങ്ങനെതന്നേ പാർത്തുകൊണ്ടാൽ ഭാഗ്യമേറിയവൾ.” ഏകാകികളായിത്തുടരാൻ കഴിയുന്നവരോട്‌ അങ്ങനെ ചെയ്യാൻ യേശുവും പ്രോത്സാഹിപ്പിച്ചു. എന്നാൽ ആരെങ്കിലും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നപക്ഷം, “കർത്താവിൽ വിശ്വസിക്കുന്ന” അഥവാ ദൈവത്തിനു സമർപ്പിച്ചു സ്‌നാപനമേറ്റിട്ടുള്ള ഒരു വ്യക്തിയുമായി മാത്രമേ ആകാവൂ.​—⁠1 കൊരിന്ത്യർ 7:28, 36-40, NW; മത്തായി 19:10-12.

5 ആരെ വിവാഹം കഴിക്കുന്നു എന്ന കാര്യത്തിന്‌ ഒരു സ്‌ത്രീ വിശേഷാൽ ശ്രദ്ധകൊടുക്കേണ്ടതിന്റെ കാരണത്തിലേക്കു വെളിച്ചം വീശുന്നതാണു പിൻവരുന്ന ബൈബിൾ മുന്നറിയിപ്പ്‌: “ഭർത്താവുള്ള സ്‌ത്രീ . . . ഭർത്താവിനോടു ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.” ഭർത്താവ്‌ മരിച്ചുപോകുകയോ അദ്ദേഹത്തിന്റെ അധാർമിക ജീവിതം നിമിത്തം ദമ്പതികൾ വിവാഹബന്ധം നിയമപരമായി വേർപെടുത്തുകയോ ചെയ്യുന്നെങ്കിൽ മാത്രമേ അവൾ “ഭർത്തൃന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവളാ”കുന്നുള്ളൂ. (റോമർ 7:2, 3) കാണുന്ന മാത്രയിൽ തോന്നുന്ന അനുരാഗം അനുഭൂതിദായകമായ ഒരു പ്രേമബന്ധത്തിനു പര്യാപ്‌തമായിരിക്കാമെങ്കിലും സന്തുഷ്ടമായ വിവാഹത്തിന്‌ അത്‌ മതിയായ ഒരു അടിസ്ഥാനമല്ല. അതുകൊണ്ട്‌ അവിവാഹിതയായ ഒരു സ്‌ത്രീ തന്നോടുതന്നെ ഇങ്ങനെ ചോദിക്കേണ്ടതുണ്ട്‌: ‘ഈ വ്യക്തിയുടെ “ഭർത്തൃന്യായപ്രമാണ”ത്തിൻകീഴിൽ ആയിരിക്കേണ്ടിവരുന്ന ഒരു ക്രമീകരണത്തിലേക്കു പ്രവേശിക്കാൻ ഞാൻ തയ്യാറാണോ?’ ഈ ചോദ്യം പരിചിന്തിക്കേണ്ടത്‌ വിവാഹത്തിനു മുമ്പാണ്‌, അതിനു ശേഷമല്ല.

6. ഏതു കാര്യത്തിൽ തീരുമാനം എടുക്കാൻ ഇന്ന്‌ മിക്ക പെൺകുട്ടികൾക്കും സ്വാതന്ത്ര്യമുണ്ട്‌, ഇത്‌ വളരെ പ്രധാനപ്പെട്ട ഒന്നായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

6 ഒരു വിവാഹാലോചന സ്വീകരിക്കണമോ നിരസിക്കണമോ എന്നു തീരുമാനിക്കാൻ ഇന്ന്‌ അനേകം നാടുകളിലും പെൺകുട്ടികൾക്കു സ്വാതന്ത്ര്യമുണ്ട്‌. എന്നിരുന്നാലും ദാമ്പത്യജീവിതം സമ്മാനിക്കുന്ന ഉറ്റബന്ധത്തിനും സ്‌നേഹത്തിനുമായുള്ള ആഗ്രഹം തീവ്രമായിരുന്നേക്കാമെന്നതിനാൽ ഇക്കാര്യത്തിൽ ജ്ഞാനപൂർവം ഒരു തീരുമാനം എടുക്കുകയെന്നത്‌ ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെതന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നേക്കാം. “വിവാഹം കഴിക്കുന്നതോ പർവതം കയറുന്നതോ പോലുള്ള ഏതൊരു കാര്യമായിരുന്നാലും അതു ചെയ്യാൻ നാം അതിയായി ആഗ്രഹിക്കുമ്പോൾ, കാര്യങ്ങളെല്ലാം സുഗമമായി പോകുമെന്ന്‌ കണ്ണുമടച്ചു വിശ്വസിക്കാനും കേൾക്കാൻ ആഗ്രഹിക്കുന്ന വിവരങ്ങൾക്കുമാത്രം ശ്രദ്ധകൊടുക്കാനും നാം പ്രവണതയുള്ളവരായിരിക്കും” എന്ന്‌ ഒരു ലേഖകൻ പറഞ്ഞു. ഒരു പർവതാരോഹകന്റെ തീരുമാനങ്ങൾക്കു പിഴവുപറ്റിയാൽ അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലായേക്കാം; സമാനമായി വിവാഹ ഇണയെ ജ്ഞാനപൂർവം തിരഞ്ഞെടുക്കാതിരിക്കുന്നതു വിപത്‌കരമായിരിക്കും.

7. വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനോടുള്ള ബന്ധത്തിൽ ജ്ഞാനപൂർവകമായ എന്തു ബുദ്ധിയുപദേശം നൽകപ്പെട്ടിരിക്കുന്നു?

7 തന്റെ ഭർത്താവായിത്തീരാൻ ആഗ്രഹിക്കുന്ന പുരുഷന്റെ “ഭർത്തൃന്യായപ്രമാണ”ത്തിൽ ഉൾപ്പെട്ടിരുന്നേക്കാവുന്ന കാര്യങ്ങളെക്കുറിച്ച്‌ ഒരു പെൺകുട്ടി ഗഹനമായി ചിന്തിക്കണം. ഏതാനും വർഷംമുമ്പ്‌ ഇന്ത്യയിലെ ഒരു പെൺകുട്ടി ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “നമ്മുടെ മാതാപിതാക്കൾ പ്രായത്തിലും അറിവിലും മുതിർന്നവരാണ്‌. നമ്മെപ്പോലെ അവർ എളുപ്പത്തിൽ കബളിപ്പിക്കപ്പെടുകയില്ല. . . . ഞാൻ സ്വന്തമായി തീരുമാനമെടുക്കുന്നപക്ഷം, അതു തെറ്റിപ്പോകാനുള്ള സാധ്യത ഏറെയാണ്‌.” മാതാപിതാക്കളും മറ്റും നൽകുന്ന സഹായം വിലപ്പെട്ടതായിരുന്നേക്കാം. ജ്ഞാനവും പക്വതയുമുള്ള ഒരു ക്രിസ്‌ത്യാനി യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചത്‌ ഇങ്ങനെയായിരുന്നു: ‘ഭാവി ഇണയുടെ മാതാപിതാക്കളുമായി പരിചയത്തിലാകുക; അവരോടും മറ്റു കുടുംബാംഗങ്ങളോടും ആ വ്യക്തി ഇടപെടുന്നത്‌ എങ്ങനെയെന്നു സുസൂക്ഷ്‌മം നിരീക്ഷിക്കുക.’

യേശു കീഴ്‌പെടൽ പ്രകടമാക്കിയ വിധം

8, 9. (എ) ദൈവത്തോടുള്ള കീഴ്‌പെടലിനെ യേശു വീക്ഷിച്ചത്‌ എങ്ങനെ? (ബി) കീഴ്‌പെട്ടിരിക്കുന്നത്‌ എന്തു പ്രയോജനം കൈവരുത്തും?

8 കീഴ്‌പെട്ടിരിക്കുന്നത്‌ ഒരു വെല്ലുവിളി ആയിരുന്നേക്കാമെങ്കിലും യേശുവിനെപ്പോലെ സ്‌ത്രീകൾക്ക്‌ അതിനെ ആദരാർഹമായ ഒരു സംഗതിയായി വീക്ഷിക്കാൻ കഴിയും. ദൈവത്തിനു കീഴ്‌പെട്ടിരിക്കുന്നതിൽ ഒരു ദണ്ഡനസ്‌തംഭത്തിലെ മരണവും മറ്റു യാതനകളും ഉൾപ്പെട്ടിരുന്നെങ്കിലും യേശു അതിൽ സന്തോഷം കണ്ടെത്തി. (ലൂക്കൊസ്‌ 22:41-44; എബ്രായർ 5:7, 8; 12:3) സ്‌ത്രീകൾക്ക്‌ അവനെ ഒരു മാതൃകയായി വീക്ഷിക്കാനാകും. എന്തെന്നാൽ, “സ്‌ത്രീയുടെ തല പുരുഷൻ” എന്നു പറഞ്ഞതിനുശേഷം “ക്രിസ്‌തുവിന്റെ തല ദൈവം” എന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 11:3) എന്നിരുന്നാലും വിവാഹത്തിലൂടെ മാത്രമല്ല സ്‌ത്രീകൾ പുരുഷന്മാരുടെ ശിരസ്ഥാനത്തിൻകീഴിൽ വരുന്നത്‌ എന്നതു ശ്രദ്ധേയമാണ്‌.

9 വിവാഹിതരാണെങ്കിലും അല്ലെങ്കിലും സ്‌ത്രീകൾ, ക്രിസ്‌തീയ സഭയിൽ നേതൃത്വം വഹിക്കുന്ന ആത്മീയ പുരുഷന്മാരുടെ ശിരസ്ഥാനത്തിനു കീഴ്‌പെട്ടിരിക്കണമെന്നു ബൈബിൾ വ്യക്തമാക്കുന്നു. (1 തിമൊഥെയൊസ്‌ 2:12, 13; എബ്രായർ 13:17) അങ്ങനെ ചെയ്യാനുള്ള ദൈവത്തിന്റെ മാർഗനിർദേശം പിൻപറ്റുമ്പോൾ ദൈവത്തിന്റെ സംഘടനാ ക്രമീകരണത്തിനു കീഴ്‌പെട്ടിരിക്കുന്നതിൽ ദൂതന്മാർക്ക്‌ അവർ ഒരു മാതൃകവെക്കുകയാണ്‌. (1 കൊരിന്ത്യർ 11:8-10) കൂടാതെ, വിവാഹിതരായ പ്രായമേറിയ സ്‌ത്രീകൾ തങ്ങളുടെ നല്ല മാതൃകയാലും നിർദേശങ്ങളാലും, ‘ഭർത്താക്കന്മാർക്കു കീഴ്‌പെട്ടിരിക്കാൻ’ ചെറുപ്പക്കാരികളെ പഠിപ്പിക്കുന്നു.​—⁠തീത്തൊസ്‌ 2:3-5.

10. കീഴ്‌പെടൽ പ്രകടമാക്കുന്നതിൽ യേശു മാതൃകവെച്ചത്‌ എങ്ങനെ?

10 കീഴ്‌പെട്ടിരിക്കുന്നതിന്റെ മൂല്യം യേശുവിന്‌ അറിയാമായിരുന്നു. ഒരിക്കൽ അവൻ പത്രൊസിനോട്‌ തങ്ങൾക്കിരുവർക്കുമുള്ള നികുതി കൊടുക്കാൻ നിർദേശിക്കുകയും അതിനുള്ള പണം കണ്ടെത്താൻ അവനെ സഹായിക്കുകയും ചെയ്‌തു. പത്രൊസ്‌ പിന്നീട്‌ ഇങ്ങനെ എഴുതി: “സകല മാനുഷനിയമത്തിന്നും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ.” (1 പത്രൊസ്‌ 2:13; മത്തായി 17:24-27) കീഴ്‌പെടലിന്റെ കാര്യത്തിൽ യേശു വെച്ച അതിശ്രേഷ്‌ഠ മാതൃകയെക്കുറിച്ച്‌ നാം ഇങ്ങനെ വായിക്കുന്നു: “അവൻ . . . ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്‌ത്തി മരണത്തോളം . . . അനുസരണമുള്ളവനായിത്തീർന്നു.”​—⁠ഫിലിപ്പിയർ 2:5-8.

11. അവിശ്വാസികളായ ഭർത്താക്കന്മാർക്കുപോലും കീഴ്‌പെട്ടിരിക്കാൻ പത്രൊസ്‌ ഭാര്യമാരെ പ്രോത്സാഹിപ്പിച്ചത്‌ എന്തുകൊണ്ട്‌?

11 ദയയോ നീതിയോ ഇല്ലാത്ത ലൗകിക അധികാരികൾക്കുപോലും കീഴ്‌പെട്ടിരിക്കാൻ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കവേ പത്രൊസ്‌ ഇങ്ങനെ പറഞ്ഞു: “അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്‌തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.” (1 പത്രൊസ്‌ 2:21) യേശു അനുഭവിച്ച നിരവധി കഷ്ടപ്പാടുകളെക്കുറിച്ചും അതെല്ലാം അവൻ മനസ്സോടെ സഹിച്ചതിനെക്കുറിച്ചും വിശദീകരിച്ചശേഷം അവിശ്വാസിയായ ഭർത്താവുള്ള ഭാര്യമാരെ പത്രൊസ്‌ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “അതുപോലെ, ഭാര്യമാരേ, ഭർത്താക്കന്മാർക്കു നിങ്ങൾ വിധേയരായിരിക്കുക. അവരിൽ വല്ലവരും വചനം അനുസരിക്കാത്തവരാണെങ്കിൽതന്നെ, ഒരു വാക്കുപോലും ഉരിയാടാതെ, . . . ഭാര്യമാരുടെ പെരുമാറ്റംകൊണ്ട്‌ അവരെ നേടാൻ കഴിയും. നിങ്ങളുടെ ആദരപൂർവവും നിർമലവുമായ പെരുമാറ്റം കണ്ടിട്ടാണ്‌ ഇതു സാധിക്കേണ്ടത്‌.”​—⁠1 പത്രൊസ്‌ 3:1, 2, ഓശാന ബൈബിൾ.

12. യേശുവിന്റെ കീഴ്‌പെടൽ മനോഭാവം എന്തു പ്രയോജനങ്ങൾ കൈവരുത്തി?

12 പരിഹാസത്തിനും നിന്ദയ്‌ക്കും പാത്രമാകുമ്പോഴും കീഴ്‌പെടൽ പ്രകടമാക്കുന്നത്‌ ബലഹീനതയുടെ തെളിവായി വീക്ഷിക്കപ്പെട്ടേക്കാം. എന്നാൽ യേശുവിന്റെ കാഴ്‌ചപ്പാടു വ്യത്യസ്‌തമായിരുന്നു. “ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും” അവൻ നിലകൊണ്ടുവെന്ന്‌ പത്രൊസ്‌ എഴുതി. (1 പത്രൊസ്‌ 2:23) യേശുവിന്റെ കഷ്ടപ്പാടുകൾ നിരീക്ഷിച്ച ചിലർ അവനിൽ വിശ്വസിക്കാനിടയായി. അവനോടൊപ്പം സ്‌തംഭത്തിൽ തറയ്‌ക്കപ്പെട്ട കള്ളനും അവിടെ സന്നിഹിതനായിരുന്ന സൈനികോദ്യോഗസ്ഥനും അതിൽപ്പെടുന്നു. (മത്തായി 27:38-44, 54; മർക്കൊസ്‌ 15:39; ലൂക്കൊസ്‌ 23:39-43) സമാനമായി അവിശ്വാസികളും ദ്രോഹികളും പോലുമായ ചില ഭർത്താക്കന്മാർ ഭാര്യയുടെ വിധേയത്വത്തോടുകൂടിയ പെരുമാറ്റം നിരീക്ഷിച്ചിട്ട്‌ ക്രിസ്‌ത്യാനികളായിത്തീരുമെന്നു പത്രൊസ്‌ സൂചിപ്പിച്ചു. ഇന്ന്‌ ഇതു സംഭവിക്കുന്നതിന്റെ തെളിവുകൾ നാം കാണുന്നു.

ഭർത്താവിനെ നേടാനാകുന്ന വിധം

13, 14. അവിശ്വാസികളായ ഭർത്താക്കന്മാരോടുള്ള കീഴ്‌പെടൽ പ്രയോജനകരമെന്നു തെളിഞ്ഞിരിക്കുന്നത്‌ എങ്ങനെ?

13 വിശ്വാസികളായിത്തീർന്ന ഭാര്യമാർ തങ്ങളുടെ ക്രിസ്‌തുതുല്യ പെരുമാറ്റത്താൽ ഭർത്താക്കന്മാരെ നേടിയിട്ടുണ്ട്‌. യഹോവയുടെ സാക്ഷികളുടെ അടുത്തയിടെ നടന്ന ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ, ക്രിസ്‌ത്യാനിയായ തന്റെ ഭാര്യയെക്കുറിച്ച്‌ ഒരു ഭർത്താവ്‌ ഇങ്ങനെ പറഞ്ഞു: “ഭാര്യയോടുള്ള എന്റെ പെരുമാറ്റം വളരെ മോശമായിരുന്നെന്നുവേണം പറയാൻ. എന്നിട്ടും തികഞ്ഞ ആദരവോടെയാണ്‌ എന്റെ ഭാര്യ എന്നോടു പെരുമാറിയിരുന്നത്‌. ഒരിക്കൽപ്പോലും എന്നെ അവമതിക്കുകയോ ക്രിസ്‌തീയ വിശ്വാസം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയോ ചെയ്‌തിട്ടില്ല. പകരം സ്‌നേഹപൂർവം എന്റെ കാര്യങ്ങളെല്ലാം നോക്കിനടത്തുമായിരുന്നു. ഒരിക്കൽ ഒരു സമ്മേളനത്തിനു പോയപ്പോൾ വളരെ കഷ്ടപ്പെട്ട്‌ എനിക്കുവേണ്ടി നേരത്തേതന്നെ ആഹാരം തയ്യാറാക്കിവെക്കുകയും വീട്ടുജോലികളെല്ലാം തീർക്കുകയും ചെയ്‌തു. ഇതെല്ലാം ബൈബിളിലുള്ള എന്റെ താത്‌പര്യം ഉണർത്തി. ഫലമോ, ഞാനും ഇന്ന്‌ ഒരു സാക്ഷിയായിത്തീർന്നിരിക്കുന്നു!” അങ്ങനെ ആ ക്രിസ്‌തീയ ഭാര്യക്ക്‌ തന്റെ ഭർത്താവിനെ “ഒരു വാക്കുപോലും ഉരിയാടാതെ, . . . പെരുമാറ്റംകൊണ്ട്‌ . . . നേടാൻ” കഴിഞ്ഞു.

14 പത്രൊസ്‌ ഊന്നിപ്പറഞ്ഞതുപോലെ, ഒരു ഭാര്യ എന്തു പറയുന്നു എന്നതിനെക്കാൾ എന്തു ചെയ്യുന്നു എന്നതാണു സത്‌ഫലങ്ങൾ ഉളവാക്കുന്നത്‌. ബൈബിൾസത്യം പഠിക്കുകയും ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കാൻ ദൃഢനിശ്ചയമെടുക്കുകയും ചെയ്‌ത ഒരു ഭാര്യയുടെ അനുഭവം ഇതാണു കാണിക്കുന്നത്‌. “ആഗ്നസ്‌, ആ വാതിൽ കടന്ന്‌ പുറത്തുപോയാൽ പിന്നെ നീ ഇങ്ങോട്ടു കയറിപ്പോകരുത്‌!” ഭർത്താവ്‌ ആക്രോശിച്ചു. ആഗ്നസ്‌ ‘ആ വാതിലിലൂടെ’ പോകുന്നതിനു പകരം മറ്റൊരു വാതിലിലൂടെ ഇറങ്ങി യോഗത്തിനുപോയി. അടുത്ത യോഗദിവസം, അദ്ദേഹം ഇങ്ങനെ ഭീഷണി മുഴക്കി: “നീ മടങ്ങിവരുമ്പോൾ എന്നെ കാണാമെന്നു പ്രതീക്ഷിക്കേണ്ട.” അതുതന്നെയാണു സംഭവിച്ചതും. മൂന്നു ദിവസത്തേക്ക്‌ ആളെക്കുറിച്ച്‌ ഒരു വിവരവും ഇല്ലായിരുന്നു. ഒടുവിൽ മടങ്ങിവന്നപ്പോൾ ആഗ്നസ്‌ സ്‌നേഹപൂർവം ഇങ്ങനെ ചോദിച്ചു: “കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ?” യഹോവയോടുള്ള ഭക്തിയിൽനിന്ന്‌ ആഗ്നസ്‌ അണുവിട വ്യതിചലിച്ചില്ല. ഒടുവിൽ ഭർത്താവ്‌ ബൈബിൾ പഠിക്കാൻ തുടങ്ങുകയും ജീവിതം യഹോവയ്‌ക്കു സമർപ്പിക്കുകയും ചെയ്‌തു. പിന്നീട്‌ ഒരു മേൽവിചാരകനായി സേവിച്ച അദ്ദേഹം അനേകം ഉത്തരവാദിത്വങ്ങൾ നിറവേറ്റിയിരുന്നു.

15. തങ്ങളെത്തന്നെ എങ്ങനെ ‘അലങ്കരിക്കാൻ’ ക്രിസ്‌തീയ ഭാര്യമാരെ ഉദ്‌ബോധിപ്പിച്ചിരിക്കുന്നു?

15 പത്രൊസ്‌ അപ്പൊസ്‌തലന്റെ ഉദ്‌ബോധനത്തിനു ചേർച്ചയിൽ തങ്ങളെത്തന്നെ ‘അലങ്കരിച്ചവർ’ ആയിരുന്നു മുകളിൽ പരാമർശിച്ച സ്‌ത്രീകൾ. ‘തലമുടി പിന്നുന്നതിനും വസ്‌ത്രം ധരിക്കുന്നതിനും’ അതിരുകവിഞ്ഞ ശ്രദ്ധ നൽകിക്കൊണ്ടുള്ള അലങ്കാരത്തെയല്ല അവൻ അർഥമാക്കിയത്‌. മറിച്ച്‌, “[നിങ്ങളുടെ അലങ്കാരം] സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു” എന്ന്‌ അവൻ പറഞ്ഞു. വെല്ലുവിളിക്കുന്ന രീതിയിലോ ധിക്കാരത്തോടെയോ അല്ല, പിന്നെയോ ഹൃദ്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നതിലൂടെ ഭാര്യമാർക്ക്‌ ഇത്തരമൊരു മനോഭാവം പ്രകടിപ്പിക്കാനാകും. അങ്ങനെ ഒരു ക്രിസ്‌തീയ ഭാര്യ ഭർത്താവിനോടുള്ള ആഴമായ ആദരവു കാണിക്കുന്നു.​—⁠1 പത്രൊസ്‌ 3:​3, 4.

അനുകരണയോഗ്യരായ സ്‌ത്രീകൾ

16. ഏതു വിധങ്ങളിലാണ്‌ സാറാ ക്രിസ്‌തീയ ഭാര്യമാർക്ക്‌ ഉത്തമ മാതൃകയായിരിക്കുന്നത്‌?

16 “പണ്ടു ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന വിശുദ്ധ സ്‌ത്രീകൾ തങ്ങളെത്തന്നേ അലങ്കരിച്ചു ഭർത്താക്കന്മാർക്കു കീഴടങ്ങി”യിരുന്നു എന്ന്‌ പത്രൊസ്‌ എഴുതി. (1 പത്രൊസ്‌ 3:5) യഹോവയുടെ ബുദ്ധിയുപദേശത്തിനു ചെവികൊടുത്തുകൊണ്ട്‌ അവനെ പ്രസാദിപ്പിക്കുന്നത്‌ ആത്യന്തികമായി കുടുംബസന്തുഷ്ടിയും നിത്യജീവനെന്ന പ്രതിഫലവും സമ്മാനിക്കുമെന്ന്‌ അവർ തിരിച്ചറിഞ്ഞിരുന്നു. “സാറാ അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ചു അനുസരിച്ചിരുന്നു” എന്നു പറഞ്ഞുകൊണ്ട്‌ അബ്രാഹാമിന്റെ സുന്ദരിയായ ഭാര്യയുടെ ദൃഷ്ടാന്തം പത്രൊസ്‌ എടുത്തുകാട്ടി. ഒരു ദൂരദേശത്തു സേവിക്കാൻ ദൈവത്തിൽനിന്നു നിയമനം ലഭിച്ച ദൈവഭക്തനായ തന്റെ ഭർത്താവിനെ സാറാ പിന്തുണച്ചു. അതിനായി അവൾ സുഖസൗകര്യങ്ങൾ ത്യജിക്കുകയും തന്റെ ജീവിതം അപകടത്തിലാക്കുകയുംപോലും ചെയ്‌തു. (ഉല്‌പത്തി 12:1, 10-13) സാറായുടെ സുധീര മാതൃക അനുകരിക്കാൻ പത്രൊസ്‌ ഭാര്യമാരെ പ്രോത്സാഹിപ്പിച്ചു. “നന്മ ചെയ്‌തു യാതൊരു ഭീഷണിയും പേടിക്കാതിരുന്നാൽ നിങ്ങൾ അവളുടെ മക്കൾ ആയിത്തീർന്നു,” അവൻ പറഞ്ഞു. .​—⁠1 പത്രൊസ്‌ 3:⁠6.

17. ക്രിസ്‌തീയ ഭാര്യമാർക്കു മാതൃകയായ സ്‌ത്രീകളെ പരാമർശിച്ചപ്പോൾ അബീഗയിലിന്റെ കാര്യവും പത്രൊസിന്റെ മനസ്സിൽ ഉണ്ടായിരുന്നിരിക്കാം എന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

17 ദൈവത്തിൽ പ്രത്യാശ വെച്ചിരുന്ന ധീരയായ മറ്റൊരു സ്‌ത്രീയായിരുന്നു അബീഗയിൽ. അവളുടെ കാര്യവും പത്രൊസിന്റെ മനസ്സിൽ ഉണ്ടായിരുന്നിരിക്കാം. അവൾ “നല്ല വിവേകമുള്ള”വൾ ആയിരുന്നെങ്കിലും ഭർത്താവായ നാബാൽ “നിഷ്‌ഠുരനും ദുഷ്‌കർമ്മിയും” ആയിരുന്നു. ദാവീദിനും ഒപ്പം ഉണ്ടായിരുന്നവർക്കും ഭക്ഷണവും മറ്റും നൽകാൻ നാബാൽ വിസമ്മതിച്ചപ്പോൾ അവനെയും മുഴു കുടുംബത്തെയും തുടച്ചുനീക്കാൻ അവർ ഒരുമ്പെട്ടു. എന്നാൽ അത്‌ ഒഴിവാക്കാൻ അബീഗയിൽ സത്വരം പ്രവർത്തിച്ചു. ധാരാളം ഭക്ഷ്യവസ്‌തുക്കൾ കഴുതപ്പുറത്തു കയറ്റി യാത്രതിരിച്ച അവൾ, പ്രതികാരം ചെയ്യാൻ പുറപ്പെട്ട ദാവീദിനെയും സായുധസംഘത്തെയും മാർഗമധ്യേ കണ്ടുമുട്ടി. ക്ഷണത്തിൽ അവൾ കഴുതപ്പുറത്തുനിന്ന്‌ ഇറങ്ങി ദാവീദിന്റെ കാൽക്കൽ വീഴുകയും തിടുക്കത്തിൽ ഒന്നും ചെയ്യരുതേയെന്ന്‌ അപേക്ഷിക്കുകയും ചെയ്‌തു. അവളുടെ പ്രവൃത്തിയിൽ ആഴമായ മതിപ്പുതോന്നിയ ദാവീദ്‌ ഇങ്ങനെ പറഞ്ഞു: “എന്നെ എതിരേല്‌പാൻ നിന്നെ ഇന്നു അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവെക്കു സ്‌തോത്രം. നിന്റെ വിവേകം സ്‌തുത്യം.”​—⁠1 ശമൂവേൽ 25:2-33.

18. മറ്റൊരു പുരുഷനിൽനിന്നു പ്രണയാത്മക മുന്നേറ്റങ്ങൾ ഉണ്ടാകുന്നപക്ഷം ഭാര്യമാർക്ക്‌ ആരുടെ ദൃഷ്ടാന്തം അനുസ്‌മരിക്കാൻ കഴിയും, എന്തുകൊണ്ട്‌?

18 ശൂലേമ്യ പെൺകുട്ടിയാണ്‌ ഭാര്യമാർക്കുള്ള മറ്റൊരു ശ്രേഷ്‌ഠ ദൃഷ്ടാന്തം. എളിയ ഒരു ആട്ടിടയനുമായി വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന അവൾ അവനോട്‌ അചഞ്ചലമായ വിശ്വസ്‌തത പ്രകടമാക്കി. പ്രതാപശാലിയായ ഒരു പ്രജാപതിയുടെ പ്രണയാർദ്രമായ മുന്നേറ്റങ്ങളിന്മധ്യേയും അവനോടുള്ള അവളുടെ സ്‌നേഹത്തിന്‌ ഇളക്കംതട്ടിയില്ല. ആ യുവഇടയനോടുള്ള വികാരം വെളിപ്പെടുത്തിക്കൊണ്ട്‌ അവൾ ഇങ്ങനെ പറഞ്ഞു: “എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും . . . ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതു . . . ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ; നദികൾ അതിനെ മുക്കിക്കളകയില്ല.” (ഉത്തമഗീതം 8:6, 7) സമാനമായി, ഭർത്താവിനോടു വിശ്വസ്‌തയായിരിക്കുകയും അദ്ദേഹത്തോട്‌ ആഴമായ ആദരവു പ്രകടമാക്കുകയും ചെയ്യും എന്നതായിരിക്കട്ടെ വിവാഹത്തിനു സമ്മതിക്കുന്ന എല്ലാ പെൺകുട്ടികളുടെയും ദൃഢനിശ്ചയം.

കൂടുതലായ ദിവ്യ ബുദ്ധിയുപദേശങ്ങൾ

19, 20. (എ) എന്തുകൊണ്ടാണ്‌ ഭാര്യ ഭർത്താവിനു കീഴ്‌പെട്ടിരിക്കേണ്ടത്‌? (ബി) ഭാര്യമാർക്ക്‌ അനുകരിക്കാൻ കഴിയുന്ന ഒരു ഉത്തമ ദൃഷ്ടാന്തം ഏത്‌?

19 അവസാനമായി, “ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ” എന്ന, ഈ ലേഖനത്തിന്റെ ആധാരവാക്യത്തിന്റെ സന്ദർഭം ശ്രദ്ധിക്കുക. (എഫെസ്യർ 5:22) എന്തുകൊണ്ടാണ്‌ ഈ കീഴ്‌പെടൽ ആവശ്യമായിരിക്കുന്നത്‌? ഉത്തരമായി അടുത്ത വാക്യം പറയുന്നു: “ക്രിസ്‌തു . . . സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യെക്കു തലയാകുന്നു.” അതിനാൽ തുടർന്നുള്ള വാക്യം ഇങ്ങനെ പറയുന്നു: “സഭ ക്രിസ്‌തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം.”​—⁠എഫെസ്യർ 5:23, 24, 32.

20 ഈ കൽപ്പന അനുസരിക്കാൻ ഭാര്യമാർ ക്രിസ്‌തുവിന്റെ അഭിഷിക്ത അനുഗാമികൾ ഉൾപ്പെടുന്ന സഭയുടെ ദൃഷ്ടാന്തം അപഗ്രഥിക്കുകയും അനുകരിക്കുകയും ചെയ്യേണ്ടതുണ്ട്‌. ദയവായി 2 കൊരിന്ത്യർ 11:23-28 വായിക്കുകയും ആ സഭയുടെ ഒരംഗമായ പൗലൊസ്‌ അപ്പൊസ്‌തലൻ തന്റെ ശിരസ്സായ യേശുക്രിസ്‌തുവിനോടുള്ള വിശ്വസ്‌തതയിൽ നിലകൊള്ളവേ എന്തെല്ലാം സഹിച്ചുവെന്നു ശ്രദ്ധിക്കുകയും ചെയ്യുക. ഭാര്യമാരും സഭയിലെ മറ്റെല്ലാവരും പൗലൊസിനെപ്പോലെ യേശുവിനോടു സവിശ്വസ്‌തം കീഴ്‌പെട്ടിരിക്കേണ്ടതുണ്ട്‌. ഭർത്താവിനു കീഴ്‌പെട്ടിരിക്കുന്നതിലൂടെ ഭാര്യ ഇതു പ്രകടമാക്കുന്നു.

21. ഭർത്താക്കന്മാർക്കു കീഴ്‌പെട്ടിരിക്കാൻ ഏതെല്ലാം കാര്യങ്ങൾ ഭാര്യമാരെ പ്രചോദിപ്പിക്കും?

21 കീഴ്‌പെട്ടിരിക്കുക എന്ന ആശയംതന്നെ ഇന്ന്‌ അനേകം ഭാര്യമാർക്കും വിരക്തി ഉളവാക്കിയേക്കാമെങ്കിലും അങ്ങനെ ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ ജ്ഞാനമുള്ള ഒരു ഭാര്യ ഓർമിക്കും. ഉദാഹരണത്തിന്‌, ദൈവനിയമങ്ങളുടെയോ തത്ത്വങ്ങളുടെയോ ലംഘനം ഉൾപ്പെട്ടിട്ടില്ലാത്ത എല്ലാ കാര്യങ്ങളിലും, അവിശ്വാസിയായ ഭർത്താവിന്റെ ശിരസ്ഥാനത്തിനു കീഴ്‌പെട്ടിരിക്കുന്നത്‌ “ഭർത്താവിന്നു രക്ഷ വരുത്തു”ന്നതിന്‌ ഇടയാക്കിയേക്കാം. (1 കൊരിന്ത്യർ 7:13, 16) എത്ര മഹത്തായ പ്രതിഫലം! കൂടാതെ, യഹോവ തന്റെ പ്രവർത്തനഗതിയെ അംഗീകരിക്കുന്നുവെന്നും അവന്റെ പ്രിയ പുത്രന്റെ മാതൃക അനുകരിക്കുന്നതിന്‌ അവൻ തനിക്കു സമൃദ്ധമായ പ്രതിഫലം നൽകുമെന്നുമുള്ള അറിവ്‌ അവൾക്കു ചാരിതാർഥ്യവും കൈവരുത്തും.

നിങ്ങൾ ഓർമിക്കുന്നുവോ?

• ഭർത്താവിനോട്‌ ആദരവു പ്രകടമാക്കുന്നത്‌ ഭാര്യക്ക്‌ ഒരു വെല്ലുവിളി ആയിരുന്നേക്കാവുന്നത്‌ എന്തുകൊണ്ട്‌?

• വിവാഹത്തിനു സമ്മതിക്കുന്നത്‌ ഗൗരവാർഹമായ ഒരു തീരുമാനം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• യേശു ഭാര്യമാർക്ക്‌ ഒരു മാതൃകയായിരുന്നത്‌ എങ്ങനെ, അവന്റെ ദൃഷ്ടാന്തം അനുകരിക്കുന്നത്‌ എന്തു പ്രയോജനങ്ങൾ കൈവരുത്തിയേക്കാം?

[അധ്യയന ചോദ്യങ്ങൾ]

[19-ാം പേജിലെ ചിത്രം]

ഒരു വിവാഹാലോചന സ്വീകരിക്കണമോ എന്ന തീരുമാനം ഗൗരവാർഹമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

[21-ാം പേജിലെ ചിത്രം]

അബീഗയിലിനെപ്പോലുള്ള ബൈബിൾ കഥാപാത്രങ്ങളിൽനിന്ന്‌ ഭാര്യമാർക്ക്‌ എന്തു പഠിക്കാനാകും?