വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ശിലാഗൃഹത്തിൽ’ ആത്മീയ നിർമാണം

‘ശിലാഗൃഹത്തിൽ’ ആത്മീയ നിർമാണം

‘ശിലാഗൃഹത്തിൽ’ ആത്മീയ നിർമാണം

“ശിലാഗൃഹം.” അതാണ്‌ ഈ ആഫ്രിക്കൻ രാജ്യത്തിന്റെ പേരിനർഥം. പ്രസിദ്ധമായ വിക്ടോറിയ വെള്ളച്ചാട്ടവും വൈവിധ്യമാർന്ന മൃഗജാലങ്ങളും സ്വന്തം എന്ന്‌ അഭിമാനിക്കാവുന്ന രാജ്യം. ഒരു ശിലാപീഠഭൂമി അരയാട തീർത്തുകൊണ്ട്‌ അതിനു കുറുകെ കാണപ്പെടുന്നു. രാജ്യത്തെ ഫലഭൂയിഷ്‌ഠമാക്കി, സ്വകീയമായ ഹരിതഭംഗി ചാർത്തുന്ന മിതോഷ്‌ണ കാലാവസ്ഥ. സഹാറയ്‌ക്കു തെക്കായി പഴമയുടെ പാരമ്പര്യം അവകാശപ്പെടാവുന്ന ബൃഹത്തായ ഹർമ്യങ്ങൾ. ഒരു കോടി 20 ലക്ഷം വരുന്ന ജനതതിക്ക്‌ വാസം ഒരുക്കുന്ന രാജ്യം. അതാണ്‌ സിംബാബ്‌വേ.

ശിലാഗൃഹം എന്നൊരു പേര്‌ അതിനു സ്വന്തമാകാൻ എന്താണു കാരണം? 1867-ലായിരുന്നു അത്‌. ഒരു പര്യവേക്ഷകനും വേട്ടയിൽ തത്‌പരനുമായ ആഡം റെൻഡേഴ്‌സ്‌, തികച്ചും യാദൃച്ഛികമായിട്ടാണ്‌ 1,800 ഏക്കർ വിസ്‌തൃതിയിൽ വ്യാപിച്ചു കിടക്കുന്ന കൂറ്റൻ ശിലാ നിർമിതികളുടെ അത്ഭുതകാഴ്‌ച ദർശിക്കാനിടയായത്‌. ആഫ്രിക്കൻ പുൽപ്രദേശങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. പൊതുവേ പുല്ലുമേഞ്ഞ, മൺവീടുകളാണ്‌ അവിടെയുള്ളത്‌. അപ്പോഴാണ്‌ വൻനഗരത്തിന്റെ നഷ്ടശിഷ്ടങ്ങൾക്കിടയിൽ അദ്ദേഹം എത്തിപ്പെടുന്നത്‌. ഗ്രേറ്റ്‌ സിംബാബ്‌വേ എന്നാണ്‌ ഇതിപ്പോൾ വിളിക്കപ്പെടുന്നത്‌.

മാസ്‌വിങ്‌ഗോ എന്ന്‌ ഇപ്പോൾ അറിയപ്പെടുന്ന പട്ടണത്തിന്റെ തെക്കു ഭാഗത്താണ്‌ ഈ ശിലാവശിഷ്ടങ്ങൾ കാണപ്പെടുന്നത്‌. വെറുതെ കരിങ്കല്ലുകൾ ഒന്നിനുമേൽ ഒന്നായി അടുക്കി പണിതിരിക്കുന്ന ചില ഭിത്തികൾക്ക്‌ ഒമ്പതു മീറ്ററിലേറെ ഉയരമുണ്ട്‌. അവശിഷ്ടങ്ങൾക്കിടയിൽ ഏറെ ശ്രദ്ധേയമായത്‌ ഏകദേശം 11 മീറ്റർ ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന ഒരു സ്‌തൂപസ്‌തംഭമാണ്‌, അതിന്റെ ചുവടുഭാഗത്തെ വ്യാസം ആറു മീറ്റർ വരും. ഇതിന്റെ നിർമാണോദ്ദേശ്യം ശരിക്കും എന്തായിരുന്നുവെന്നുള്ളത്‌ ഇന്നും അജ്ഞാതമാണ്‌. പൊതുയുഗം 8-ാം നൂറ്റാണ്ടിലേതാണ്‌ ഈ ശിലാവശിഷ്ടങ്ങൾ. എന്നാൽ അതിനും നൂറ്റാണ്ടുകൾക്കു മുമ്പേതന്നെ ഇവിടെ ജനവാസമുണ്ടായിരുന്നു എന്നതിനു തെളിവുണ്ട്‌.

1980-ലാണ്‌ റൊഡേഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യം ബ്രിട്ടനിൽനിന്ന്‌ സ്വതന്ത്രയാകുന്നത്‌. അതോടെ അത്‌ സിംബാബ്‌വേ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. മുഖ്യമായും രണ്ടു വംശീയ കൂട്ടങ്ങളിൽനിന്നുള്ളവരാണ്‌ ഇവിടത്തെ നിവാസികൾ, ജനതതിയുടെ ബഹുഭൂരിപക്ഷം വരുന്ന ഷോനകളും പിന്നെ എൻഡിബെലെകളും. ഇവിടത്തുകാർ പൊതുവേ അതിഥിപ്രിയരാണ്‌, വീടുതോറുമുള്ള സുവിശേഷ വേലയിൽ ഏർപ്പെടുന്ന യഹോവയുടെ സാക്ഷികൾ അനുഭവിച്ചറിഞ്ഞിട്ടുള്ള വസ്‌തുതയാണത്‌. പലപ്പോഴും വീട്ടുവാതിൽക്കൽ മുട്ടുമ്പോൾത്തന്നെ അകത്തുനിന്ന്‌ ഒരു ക്ഷണം കേൾക്കാം, “അകത്തേക്കു വരൂ” “ഇവിടെ വന്നിരിക്കൂ” എന്ന്‌. ആരാണു വന്നിരിക്കുന്നതെന്നുപോലും അറിയേണ്ട അതിന്‌. മിക്ക സിംബാബ്‌വേക്കാരും ബൈബിളിനോട്‌ ആഴമായ ആദരവുള്ളവരാണ്‌. തിരുവെഴുത്തു ചർച്ചാവേളകളിൽ കുട്ടികളും അവിടെ വന്നിരുന്നു കേൾക്കണമെന്ന കാര്യത്തിൽ പൊതുവേ അവർക്കു നിർബന്ധമുണ്ട്‌.

ആശ്വാസദൂത്‌ എത്തിക്കുന്നു

സിംബാബ്‌വേയെക്കുറിച്ചു പറയുമ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന രണ്ടു പദങ്ങളുണ്ട്‌: “എയ്‌ഡ്‌സ്‌,” “വരൾച്ച.” എയ്‌ഡ്‌സ്‌ രോഗത്തിന്റെ വ്യാപനം സഹാറയ്‌ക്കു തെക്കുള്ള ആഫ്രിക്കൻ പ്രദേശത്തെ ജനങ്ങളെയും സാമ്പത്തികവ്യവസ്ഥയെയും കാര്യമായി ബാധിച്ചിട്ടുണ്ട്‌. എച്ച്‌ഐവി ബാധയോടു ബന്ധപ്പെട്ടാണ്‌ ഇവിടെ ആളുകൾ ഒട്ടു മിക്കപ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്‌. ഈ രോഗം അനേകം കുടുംബങ്ങളെ താറുമാറാക്കിയിരിക്കുന്നു.

സിംബാബ്‌വേക്കാർക്ക്‌ സഹായഹസ്‌തം നീട്ടിക്കൊടുക്കുന്നതിനായി യഹോവയുടെ സാക്ഷികൾ തിരക്കോടെ പ്രവർത്തിക്കുന്നു. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന ദൈവിക നിലവാരങ്ങൾക്കു ചേർച്ചയിലുള്ള ജീവിതമാണ്‌ ഏറ്റവും ഉത്തമമായത്‌ എന്നു ഘോഷിച്ചുകൊണ്ടാണ്‌ അവരതു ചെയ്യുന്നത്‌. ഉദാഹരണത്തിന്‌, ലൈംഗികത എന്ന ദിവ്യദാനം വിവാഹിതർക്കു മാത്രം ആസ്വദിക്കാനുള്ളതാണ്‌, സ്വവർഗസംഭോഗം ദൈവാംഗീകാരമുള്ളതല്ല, രക്തപ്പകർച്ചയും മയക്കുമരുന്നിന്റെ ഉപയോഗവും യഹോവയുടെ നിയമം വിലക്കുന്നവയാണ്‌ എന്നൊക്കെ ദൈവവചനം പഠിപ്പിക്കുന്നു. (പ്രവൃത്തികൾ 15:28, 29; റോമർ 1:24-27; 1 കൊരിന്ത്യർ 7:2-5; 2 കൊരിന്ത്യർ 7:1) കൂടാതെ ഉറച്ച അടിസ്ഥാനമുള്ള ഒരു പ്രത്യാശാദൂതും സാക്ഷികൾ പ്രസംഗിക്കുന്നു. സമീപഭാവിയിൽത്തന്നെ ദൈവരാജ്യം എല്ലാവിധ രോഗങ്ങളും നീക്കം ചെയ്യുമെന്ന സന്ദേശമാണത്‌.​—⁠യെശയ്യാവു 33:⁠24.

ദുരിതാശ്വാസം

കഴിഞ്ഞ ദശാബ്ദത്തിലുടനീളം വരൾച്ച സിംബാബ്‌വേയിൽ താണ്ഡവമാടിയിട്ടുണ്ട്‌. ആഹാരവും വെള്ളവും കിട്ടാതെ മൃഗജാലങ്ങൾ തളർന്നുവീണു. ലക്ഷക്കണക്കിന്‌ കന്നുകാലികൾ ചത്തൊടുങ്ങി. ഏക്കറുകണക്കിന്‌ വനവൃക്ഷങ്ങളെ അഗ്നി വിഴുങ്ങിക്കളഞ്ഞു. അനേകം കുട്ടികളും വൃദ്ധജനങ്ങളും അഷ്ടിക്കു വക കണ്ടെത്താനാകാതെ ചിറകറ്റു വീണു. എന്തിന്‌, സാംബസി നദിപോലും പിണങ്ങിമാറിയ പ്രതീതി. കാരണം, ജലവൈദ്യുത സംവിധാനങ്ങളുടെ പ്രവർത്തനത്തിന്‌ ഭീഷണി ഉയർത്തിക്കൊണ്ട്‌ ജലവിതാനം കുത്തനെ താണു.

ഇവയെ നേരിടുന്നതിന്‌ യഹോവയുടെ സാക്ഷികൾ രാജ്യമെമ്പാടുമായി എട്ടു ദുരിതാശ്വാസ കമ്മിറ്റികൾ സ്ഥാപിച്ചു. സഞ്ചാരമേൽവിചാരകന്മാർ സഭകൾ സന്ദർശിച്ച്‌ സ്ഥിതിഗതികൾ വിലയിരുത്തി. എന്നിട്ട്‌ വിവരം അതാതു പ്രദേശത്തിന്റെ മേൽനോട്ടം വഹിക്കുന്ന കമ്മിറ്റിയെ അറിയിച്ചു. ഒരു സഞ്ചാരമേൽവിചാരകൻ റിപ്പോർട്ടു ചെയ്‌തത്‌ ഇങ്ങനെയാണ്‌: “കഴിഞ്ഞ അഞ്ചിലധികം വർഷംകൊണ്ട്‌ ഞങ്ങൾ 1,000-ത്തിലേറെ ടൺ ചോളവും 10 ടൺ ഉണക്കമീനും അത്രയുംതന്നെ പയറും വിതരണം ചെയ്‌തു. ആത്മീയ സഹോദരീസഹോദരന്മാർ രണ്ടു ടൺ മഫഷ്വ [ഉണക്കിയ പച്ചക്കറികൾ] ആണു തയ്യാറാക്കിയത്‌. സംഭാവനയായി കിട്ടിയ ധാരാളം വസ്‌ത്രങ്ങളും ആവശ്യമായ പണവും ഞങ്ങൾ വിതരണം ചെയ്യുകയുണ്ടായി.” മറ്റൊരു സഞ്ചാരമേൽവിചാരകൻ പറഞ്ഞു: “ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചുകൊടുക്കുന്നതിനായി സിംബാബ്‌വേ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള അനുമതികൾ നേടിയെടുക്കുന്നതിനു നേരിട്ട പ്രയാസങ്ങളും അവശ്യ സാധനങ്ങൾ എത്തിച്ചുകൊടുക്കാൻ ബുദ്ധിമുട്ടുളവാക്കുംവിധം നിലവിലിരുന്ന ഇന്ധന ക്ഷാമവും കണക്കിലെടുക്കുമ്പോൾ ഒരു കാര്യം സമ്മതിക്കാതെ വയ്യ: ഇതൊക്കെയും നമുക്ക്‌ ആവശ്യമാണെന്ന വസ്‌തുത സ്വർഗസ്ഥനായ നമ്മുടെ പിതാവ്‌ അറിയുന്നു എന്ന്‌ യേശു നൽകിയ ഉറപ്പിന്റെ കൂടുതലായ തെളിവാണ്‌ ആ ഉദ്യമത്തിലെ ഞങ്ങളുടെ വിജയം.​—⁠മത്തായി 6:32.

വരൾച്ച ബാധിത മേഖലകളിൽ എങ്ങനെയാണ്‌ സഞ്ചാരമേൽവിചാരകന്മാർക്കു പ്രവർത്തിക്കാനായത്‌? ചിലർ തങ്ങൾക്കും തങ്ങൾ താമസിക്കാൻ പോകുന്ന വീട്ടിലുള്ളവർക്കും ആവശ്യമായ ആഹാരം കൂടെ കൊണ്ടുപോയിരുന്നു. ചില ക്രിസ്‌തീയ സഹോദരിമാർക്കിടയിൽ ഉണ്ടായ ഒരു ചർച്ചയെ സംബന്ധിച്ച്‌ ഒരു സഞ്ചാരമേൽവിചാരകൻ റിപ്പോർട്ടു ചെയ്യുന്നു. സർക്കാർ എത്തിച്ചുകൊടുക്കുമെന്നു പറഞ്ഞിരിക്കുന്ന ദുരിതാശ്വാസ സാധനങ്ങൾ കൈപ്പറ്റാനായി അന്നത്തെ പ്രസംഗവേല നിറുത്തിയിട്ട്‌ മറ്റുള്ളവരോടൊപ്പം പോകണമോ എന്നതിനെക്കുറിച്ചായിരുന്നു അത്‌. ഏതായാലും യഹോവയിൽ ആശ്രയിച്ചുകൊണ്ട്‌ പ്രസംഗവേല തുടരാനും കാര്യങ്ങൾ എങ്ങനെ പരിണമിക്കുന്നുവെന്നു കാണാനും അവർ തീരുമാനിച്ചു. അന്നേ ദിവസം സർക്കാരിൽനിന്നുള്ള സഹായം എത്തിയില്ല എന്നതാണ്‌ രസകരമായ സംഗതി.

അതിന്റെ പിറ്റേന്ന്‌ ക്രിസ്‌തീയ യോഗം ക്രമീകരിച്ചിട്ടുണ്ടായിരുന്നു. ഈ സഹോദരിമാർക്ക്‌ വീണ്ടും ഒരു തീരുമാനം എടുക്കേണ്ടി വന്നു. യോഗത്തിനു പോകണമോ അതോ ദുരിതാശ്വാസ സഹായം എത്തുന്നതും കാത്ത്‌ ഇരിക്കണമോ? അവർ ശരിയായ മുൻഗണനകൾ വെച്ചുകൊണ്ട്‌ രാജ്യഹാളിലെ യോഗത്തിനു പോയി. (മത്തായി 6:33) അവസാനത്തെ ഗീതം പാടുന്ന സമയത്ത്‌ ഒരു ട്രക്കു വരുന്ന ശബ്ദം കേട്ടു. അവശ്യവസ്‌തുക്കൾ അതാ നേരെ അവിടെ എത്തിയിരിക്കുന്നു! ദുരിതാശ്വാസ കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന ആത്മീയ സഹോദരന്മാരാണ്‌ അതവിടെ എത്തിച്ചത്‌. വിശ്വസ്‌തമായി യോഗങ്ങൾക്കു ഹാജരായ ആ സാക്ഷികളുടെ സന്തോഷവും വിലമതിപ്പും ഒന്നാലോചിച്ചുനോക്കൂ!

സ്‌നേഹം പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നു

ദയാപ്രവൃത്തികൾ ക്രിസ്‌തീയ സഭയ്‌ക്കു പുറത്തുള്ളവരിലേക്കുംകൂടി വ്യാപിപ്പിച്ചത്‌ നല്ലൊരു സാക്ഷ്യത്തിന്‌ അവസരമേകി. മാസ്‌വിങ്‌ഗോ പ്രദേശത്ത്‌ ഒരു സഞ്ചാരമേൽവിചാരകൻ പ്രാദേശിക സഭയിൽനിന്നുള്ള ചില സാക്ഷികളോടൊപ്പം സുവിശേഷവേലയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. വഴിയോരത്ത്‌ ഒരു പെൺകുട്ടി കിടക്കുന്നത്‌ അദ്ദേഹം ശ്രദ്ധിച്ചു. അവൾക്കു തീരെ വയ്യ എന്ന്‌ സാക്ഷികൾക്കു മനസ്സിലായി, കാരണം അവൾക്കു നേരാംവണ്ണം സംസാരിക്കാനാകുന്നില്ലായിരുന്നു, ശബ്ദമാകട്ടെ വിറയാർന്നതും. ഹമുന്യാരീ എന്നായിരുന്നു അവളുടെ പേര്‌, ഷോനാ ഭാഷയിൽ അതിന്റെ അർഥം “നിങ്ങൾക്കു ലജ്ജയില്ലേ?” എന്നും. മതശുശ്രൂഷയ്‌ക്കായി ഒരു മലയിലേക്കു പോയ സ്വന്തം സഭാംഗങ്ങളാണ്‌ അവളെ അവിടെ ഉപേക്ഷിച്ചു പോയതെന്ന്‌ സഹോദരങ്ങൾ മനസ്സിലാക്കി. അവർ അവളെ സമീപത്തുള്ള ഗ്രാമത്തിലേക്കു കൊണ്ടുപോയി സ്‌നേഹപൂർവം പരിചരിച്ചു.

ആ ഗ്രാമത്തിൽ ചിലർക്ക്‌ ഹമുന്യാരീയെ പരിചയമുണ്ടായിരുന്നു. അവർ അവളുടെ സ്വന്തക്കാരെ വിവരമറിയിച്ചു. സാക്ഷികളെക്കുറിച്ച്‌ ഗ്രാമവാസികൾ പറഞ്ഞതോ? “ഇതാണ്‌ സത്യമതം. ക്രിസ്‌ത്യാനികൾ പ്രകടമാക്കേണ്ട സ്‌നേഹം ഇതാണ്‌.” (യോഹന്നാൻ 13:35) സഹോദരങ്ങൾ അവിടെനിന്നു പോകുന്നതിനു മുമ്പ്‌ ഹമുന്യാരീക്ക്‌ ബൈബിളിനെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? * എന്ന ലഘുലേഖ നൽകി.

പിറ്റേ ആഴ്‌ച സഞ്ചാരമേൽവിചാരകൻ സന്ദർശിച്ചത്‌ ഹമുന്യാരീ താമസിക്കുന്ന പ്രദേശത്തെ സഭയായിരുന്നു. അവൾ സുരക്ഷിതമായി വീട്ടിലെത്തിയോ എന്നറിയാൻ അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തെയും പ്രാദേശിക സഹോദരങ്ങളെയും കണ്ടപ്പോൾ വീട്ടുകാർക്കു വലിയ സന്തോഷമായി. അവളുടെ മാതാപിതാക്കൾ പറഞ്ഞു: “നിങ്ങളാണ്‌ സത്യമതം ആചരിക്കുന്നവർ. മരിക്കാനായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഞങ്ങളുടെ മകളുടെ ജീവൻ നിങ്ങൾ രക്ഷിച്ചു.” “ഹമുന്യാരീ എന്ന പേര്‌ സൂചിപ്പിക്കുന്നതുപോലെ, മരിക്കാനായി അവളെ അങ്ങനെ വിട്ടിട്ടുപോരാൻ നിങ്ങൾക്കു ലജ്ജയില്ലായിരുന്നോ?” എന്ന്‌ അവർ സ്വന്തം സഭാംഗങ്ങളോട്‌ ചോദിച്ചിരുന്നു. സാക്ഷികൾ ഒരു ബൈബിൾ ചർച്ച ആരംഭിച്ചു, ആ കുടുംബത്തിന്‌ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ നൽകുകയും ചെയ്‌തു. ബൈബിൾ പഠിപ്പിക്കാനായി വീണ്ടും വരണമെന്ന്‌ അവർ ആവശ്യപ്പെട്ടു. സാക്ഷികളെ എതിർത്തിരുന്ന ചില കുടുംബാംഗങ്ങളുടെ വീക്ഷണത്തിലും മാറ്റം വന്നിരിക്കുന്നു. അവരിൽ ഒരാളാണ്‌ ഹമുന്യാരീയുടെ ചേച്ചിയുടെ ഭർത്താവ്‌. ആ പ്രദേശത്തെ വലിയൊരു പള്ളിപ്രമാണിയായ അദ്ദേഹം ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചിട്ടുണ്ട്‌.

ആരാധനാസ്ഥലങ്ങളുടെ നിർമാണം

നൂറ്റാണ്ടുകൾക്കു മുമ്പ്‌ ഒരു നിശ്വസ്‌ത കവി എഴുതി: “ദൈവമേ, . . . ഞാൻ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു.” (സങ്കീർത്തനം 63:1) സിംബാബ്‌വേയിലെ അനേകരെയും സംബന്ധിച്ചിടത്തോളം ഇത്‌ എത്ര സത്യമായിരുന്നിട്ടുണ്ടെന്നോ! ഭൗതികമായി വരൾച്ച അനുഭവിക്കുന്ന അവർ ആത്മീയമായി ദൈവത്തിനും അവന്റെ നന്മയ്‌ക്കുമായി ദാഹിക്കുന്നു. യഹോവയുടെ സാക്ഷികൾ ക്രിസ്‌തീയ ശുശ്രൂഷയിലൂടെ കൈവരിച്ചിരിക്കുന്ന നേട്ടങ്ങളിൽനിന്ന്‌ അതു വ്യക്തമാണ്‌. 1980-ൽ സിംബാബ്‌വേ സ്വാതന്ത്ര്യം നേടിയപ്പോൾ 476 സഭകളിലായി 10,000 സാക്ഷികളാണ്‌ ഉണ്ടായിരുന്നത്‌. ഇന്ന്‌, 27 വർഷത്തിനു ശേഷമോ? സഭകളുടെ എണ്ണം ഏകദേശം ഇരട്ടിയായി, സജീവ സാക്ഷികളുടെ എണ്ണമാകട്ടെ മൂന്നിരട്ടിയും.

ഇവയിൽ സ്വന്തമായി ആരാധനാസ്ഥലങ്ങൾ ഉണ്ടായിരുന്നത്‌ ചുരുക്കം ചില സഭകൾക്കു മാത്രമാണ്‌. 2001 ജനുവരിയിലെ കണക്കനുസരിച്ച്‌ സിംബാബ്‌വേയിലെ 800-ലധികം സഭകളിൽ 98 എണ്ണത്തിനു മാത്രമേ കൂടിവരുന്നതിനായി ഒരു ആരാധനാസ്ഥലം, അഥവാ രാജ്യഹാൾ ഉണ്ടായിരുന്നുള്ളൂ. പല സഭകളും യോഗങ്ങൾ നടത്തിയിരുന്നത്‌ ഒരു വൃക്ഷത്തണലിലോ മണ്ണു തേച്ചുണ്ടാക്കിയ പുല്ലുമേഞ്ഞ കുടിലുകളിലോ ആയിരുന്നു.

എന്നാൽ സിംബാബ്‌വേയിൽ സാക്ഷികൾ ഒരു രാജ്യഹാൾ നിർമാണ പരിപാടിക്കു തുടക്കം കുറിച്ചു. കൂടുതൽ സഭകൾക്ക്‌ ലളിതമെങ്കിലും മാന്യമായ ഒരു രാജ്യഹാൾ സ്വന്തമായി ഉണ്ടായിരിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. അതു സാധ്യമാക്കിയതാകട്ടെ ലോകവ്യാപക ക്രിസ്‌തീയ സഹോദരവർഗത്തിന്റെ ഉദാരമായ സംഭാവനകളും ഉത്സാഹപൂർവകമായ സന്നദ്ധവേലയും. നിർമാണവേലയിൽ വൈദഗ്‌ധ്യമുള്ള അനേകം സാക്ഷികൾ സിംബാബ്‌വേയിൽ പോയി അവിടത്തെ സ്വമേധയാസേവകരോടൊപ്പം പ്രവർത്തിക്കേണ്ടതിന്‌ തങ്ങളുടെ കാര്യാദികൾ ക്രമീകരിച്ചു. പ്രാദേശിക സാക്ഷികളിൽ ഒരാൾ എഴുതി: “സിംബാബ്‌വേയിൽ മനോഹരമായ രാജ്യഹാളുകൾ പണിയുന്നതിനായി നിരവധി രാജ്യങ്ങളിൽനിന്ന്‌ ഇവിടെയെത്തിയ സഹോദരീസഹോദരന്മാർക്ക്‌ ഞങ്ങളുടെ അകമഴിഞ്ഞ നന്ദി. ഈ വേല സാധ്യമാക്കുന്നതിനായി രാജ്യഹാൾ ഫണ്ടിലേക്കു സംഭാവന നൽകുന്ന മറ്റുള്ളവരോടും ഞങ്ങൾ അഗാധമായ നന്ദിയുള്ളവരാണ്‌.”

രാജ്യത്തിന്റെ പൂർവഭാഗത്ത്‌ ഒരു കൂറ്റൻ ബവോബാബ്‌ വൃക്ഷം 50 വർഷമായി യോഗം നടത്താനുള്ള തണലേകിയിരുന്നു. ആരാധനയ്‌ക്കായി അവിടെ ഒരു ഹാൾ പണിയാൻ പോകുന്നുവെന്ന്‌ അവിടത്തെ ക്രിസ്‌തീയ മൂപ്പന്മാരോടു പറഞ്ഞപ്പോൾ അവരിൽ ഒരാൾക്കെങ്കിലും തന്റെ കണ്ണീരടക്കാനായില്ല. അയൽസഭയിലെ 91 വയസ്സുള്ള ഒരു മൂപ്പൻ പറഞ്ഞു: “ഇങ്ങനെയൊന്നിനുവേണ്ടി ഞാൻ എത്രകാലമായി യഹോവയോടു കരഞ്ഞപേക്ഷിക്കുന്നതാണെന്നോ!”

ആകർഷകമായ ഈ കെട്ടിടങ്ങളുടെ നിർമാണ വേഗത്തെക്കുറിച്ചും പല അഭിപ്രായപ്രകടനങ്ങളും കേൾക്കുകയുണ്ടായി. ഒരു നിരീക്ഷകൻ പറഞ്ഞത്‌, “പകൽസമയത്തു നിങ്ങൾ പണിയുന്നു, എന്നാൽ രാത്രിയിൽ ദൈവം പണിയുന്നുണ്ടാകണം!” എന്നാണ്‌. പണിക്കാരുടെ ഇടയിലെ ഐക്യവും അവരുടെ സന്തോഷവും ശ്രദ്ധിക്കപ്പെടാതെ പോയില്ല. ഇതേവരെ രാജ്യത്തുടനീളം 350-ലേറെ പുതിയ രാജ്യഹാളുകളുടെ പണി പൂർത്തിയായിട്ടുണ്ട്‌. അങ്ങനെ 534 സഭകൾക്ക്‌ ഗുണമേന്മയുള്ള രാജ്യഹാളുകളിൽ കൂടിവരാനാകുന്നു.

ജീവത്‌പ്രധാനമായ ആത്മീയ നിർമാണവേല സിംബാബ്‌വേയിൽ ഇന്നും തുടരുന്നു. ഇതുവരെ ചെയ്യാനായതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ അത്തരം അനുഗ്രഹങ്ങളുടെ ഉറവായ യഹോവയ്‌ക്ക്‌ എല്ലാ ബഹുമതിയും കരേറ്റാൻ നാം പ്രേരിതരാകുന്നു. അതേ, “യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു.”​—⁠സങ്കീർത്തനം 127:⁠1.

[അടിക്കുറിപ്പ്‌]

^ ഖ. 16 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[9-ാം പേജിലെ ഭൂപടങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

സിംബാബ്‌വേ

ഹരാരെ

മാസ്‌വിങ്‌ഗോ

ഗ്രേറ്റ്‌ സിംബാബ്‌വേ

[9-ാം പേജിലെ ചിത്രം]

സ്‌തൂപിക

[12-ാം പേജിലെ ചിത്രം]

പുതിയ രാജ്യഹാൾ, കൺസെഷൻ സഭ

[12-ാം പേജിലെ ചിത്രം]

ലിൻഡെയിൽ സഭയിലെ സഹോദരങ്ങൾ പുതിയ രാജ്യഹാളിനു മുന്നിൽ

[9-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

നടകളോടു കൂടിയ അവശിഷ്ടങ്ങൾ: ©Chris van der Merwe/AAI Fotostock/age fotostock; ഉൾച്ചിത്രത്തിലെ ഗോപുരം: ©Ingrid van den Berg/AAI Fotostock/age fotostock