വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തുലിത വീക്ഷണം ഉള്ളവരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

സന്തുലിത വീക്ഷണം ഉള്ളവരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

സന്തുലിത വീക്ഷണം ഉള്ളവരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

സന്തുലിതമായ വീക്ഷണം. യഹോവയാണ്‌ അതിന്റെ ഉത്‌കൃഷ്ട മാതൃക. “അവന്റെ പ്രവൃത്തി അത്യുത്തമ”വും അവന്റെ ന്യായം കർക്കശരഹിതവുമാണ്‌. കാരണം അവൻ എല്ലായ്‌പോഴും കരുണയോടു കൂടിയാണ്‌ ഇടപെടുന്നത്‌. (ആവർത്തനപുസ്‌തകം 32:4) അവൻ തന്റെ തികവുറ്റ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിനാൽ അവന്റെ സ്‌നേഹം തത്ത്വദീക്ഷയില്ലാത്തയതല്ല. (സങ്കീർത്തനം 89:14; 103:13, 14) നമ്മുടെ ആദ്യമാതാപിതാക്കൾ എല്ലാ അർഥത്തിലും സന്തുലിതരായിട്ടാണ്‌ സൃഷ്ടിക്കപ്പെട്ടത്‌. അവർ യാതൊരുവിധ അമിതത്വങ്ങൾക്കും വശംവദരല്ലായിരുന്നു. എന്നാൽ, അവർ പാപം ചെയ്‌ത്‌ “കളങ്ക”മുള്ളവർ അതായത്‌ അപൂർണർ ആയിത്തീർന്നു. അതിന്റെ ഫലമായി അവരുടെ സന്തുലിതമായ അവസ്ഥയ്‌ക്കു കോട്ടംതട്ടി.​—⁠ആവർത്തനപുസ്‌തകം 32:⁠5.

നമുക്കത്‌ ഇങ്ങനെ ദൃഷ്ടാന്തീകരിക്കാം. ടയറിൽ വലിയ മുഴയുള്ള ഒരു സൈക്കിളോ കാറോ നിങ്ങൾ എപ്പോഴെങ്കിലും ഓടിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളുടെ യാത്ര അസ്വസ്ഥതപൂർണവും അപകട സാധ്യതയുള്ളതും ആയിരുന്നു എന്നതിന്‌ സംശയമില്ല. നില വഷളാകുകയോ പഞ്ചറാകുകയോ ചെയ്യുന്നതിനുമുമ്പ്‌ ടയറിന്റെ കേടുപോക്കേണ്ടതുണ്ട്‌. നമ്മുടെ അപൂർണ വ്യക്തിത്വഗുണങ്ങളും അതുപോലെതന്നെ ചൊവ്വും നേരുമില്ലാത്തതാണ്‌. അത്തരം ‘മുഴകൾ’ വലുതാകാൻ അനുവദിച്ചാൽ ജീവിതമാകുന്ന നമ്മുടെ യാത്ര ക്ലേശകരവും അപകടകരംപോലും ആയിത്തീർന്നേക്കാം.

ചിലപ്പോൾ നമ്മുടെ നല്ല ഗുണങ്ങളും പ്രാപ്‌തികളും അസന്തുലിതമായിത്തീർന്നേക്കാം. ഉദാഹരണത്തിന്‌, വസ്‌ത്രത്തിൽ തൊങ്ങൽ പിടിപ്പിക്കാൻ മോശൈക ന്യായപ്രമാണം ഇസ്രായേല്യരോട്‌ ആവശ്യപ്പെടുകയുണ്ടായി. യേശുവിന്റെ നാളിലെ പരീശന്മാരാകട്ടെ, അതിന്റെ അതിർവരമ്പുകൾ ലംഘിച്ചു. മറ്റുള്ളവരുടെ ഇടയിൽ തങ്ങളെത്തന്നെ ഉയർത്തിക്കാട്ടുന്നതിനായി അവർ ‘തൊങ്ങൽ വലുതാക്കിയിരുന്നു.’ സഹമനുഷ്യരെക്കാളും വിശുദ്ധരാണ്‌ തങ്ങളെന്ന്‌ മറ്റുള്ളവരെ കാണിക്കുകയെന്ന ലക്ഷ്യമായിരുന്നു അതിനുപിന്നിൽ.​—⁠മത്തായി 23:​4, 5; സംഖ്യാപുസ്‌തകം 15:38-40.

ഇന്ന്‌, ഏതുവിധേനയും​—⁠ഒരുപക്ഷേ മറ്റുള്ളവരെ ഞെട്ടിച്ചുകൊണ്ടുപോലും​—⁠ശ്രദ്ധപിടിച്ചുപറ്റുന്നതിനു ചിലർ ശ്രമിക്കുന്നു. ഫലത്തിൽ അവർ ഇങ്ങനെ പരിതപിക്കുകയാകാം: “എന്നെയൊന്നു ശ്രദ്ധിക്കൂ! ഞാനുമൊരു മനുഷ്യനാണ്‌!” എന്നാൽ വസ്‌ത്രധാരണം, മനോഭാവം, പ്രവർത്തനങ്ങൾ എന്നിവയോടുള്ള ബന്ധത്തിൽ അതിർവരമ്പുകൾ ലംഘിക്കുന്നത്‌ ഒരു ക്രിസ്‌ത്യാനിയുടെ യഥാർഥ ആവശ്യങ്ങളെ തൃപ്‌തിപ്പെടുത്തുകയില്ല.

ജോലികാര്യങ്ങളിൽ

നാം ആരായിരുന്നാലും എവിടെ താമസിച്ചാലും നല്ലൊരു ജോലി ഉണ്ടായിരിക്കുന്നത്‌ അർഥവത്തായ ഒരു ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്നു. വാസ്‌തവത്തിൽ, ജോലിയിൽ സംതൃപ്‌തി കണ്ടെത്താവുന്ന വിധത്തിലാണ്‌ നമ്മെ സൃഷ്ടിച്ചിരിക്കുന്നത്‌. (ഉല്‌പത്തി 2:15) അക്കാരണത്താൽത്തന്നെ, ബൈബിൾ അലസതയെ കുറ്റംവിധിക്കുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌ വ്യക്തമായി ഇപ്രകാരം പറഞ്ഞു: “വേലചെയ്‌വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത്‌.” (2 തെസ്സലൊനീക്യർ 3:10) ജോലികാര്യങ്ങളിലെ അലസത ദാരിദ്ര്യവും അസംതൃപ്‌തിയും കൈവരുത്തിയേക്കാം, ഒപ്പം ദൈവത്തിന്റെ അപ്രീതിയും.

എന്നാൽ, മറ്റുചിലരാകട്ടെ തൊഴിലാസക്തരായിത്തീരുന്നു, ‘ജോലിയേ ജീവിതം’ എന്ന നിലപാടുകാരാണ്‌ ഇവർ. ജോലിക്കായി വീട്ടിൽനിന്ന്‌ അതിരാവിലെ ഇറങ്ങി, നന്നേ വൈകി തിരിച്ചെത്തുന്ന അവരുടെ ന്യായവാദമോ, ‘എല്ലാം കുടുംബത്തിന്റെ നന്മയ്‌ക്കുവേണ്ടി.’ എന്നാൽ, അത്തരത്തിൽ ജോലി ചെയ്യുന്നത്‌ പലപ്പോഴും കുടുംബാഗങ്ങളുടെ ദോഷത്തിലാണ്‌ കലാശിക്കുക. ജോലിയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുന്ന ഒരു വ്യക്തിയുടെ ഭാര്യ പറയുന്നു: “എന്റെ ഭർത്താവ്‌ എന്നോടും കുട്ടികളോടും ഒപ്പം ഉണ്ടായിരുന്നാൽ മാത്രം മതി; അതിനുവേണ്ടി ഈ വീട്ടിലെ സകല ആഡംബരങ്ങളും വേണ്ടെന്നുവെക്കാൻ എനിക്കു സന്തോഷമേയുള്ളൂ.” ജോലിയിൽ അമിതമായി ആമഗ്നരായിരിക്കുന്നവർ ശലോമോൻ രാജാവിന്റെ വ്യക്തിപരമായ അനുഭവത്തിന്‌ ഗൗരവാവഹമായ ചിന്ത നൽകേണ്ടതുണ്ട്‌. അവൻ പറഞ്ഞു: “ഞാൻ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും ഞാൻ ചെയ്‌വാൻ ശ്രമിച്ച സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്‌നവും അത്രേ.”​—⁠സഭാപ്രസംഗി 2:11.

ജോലി സംബന്ധമായി നാം രണ്ട്‌ അമിതത്വങ്ങളും ഒഴിവാക്കണം. നമുക്ക്‌ അധ്വാന ശീലമുള്ളവരായിരിക്കാം. അതോടൊപ്പംതന്നെ ജോലിയിൽ അമിതമായി ആമഗ്നരാകുന്നത്‌ നമ്മുടെ സന്തോഷവും അതുപോലെ മറ്റുപലതും കവർന്നെടുത്തേക്കാമെന്നത്‌ മനസ്സിൽപ്പിടിക്കുകയും ചെയ്യാം.​—⁠സഭാപ്രസംഗി 4:5, 6.

ഉല്ലാസ പ്രവർത്തനങ്ങളിൽ

നമ്മുടെ നാളിനെക്കുറിച്ച്‌ ബൈബിൾ ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “മനുഷ്യർ . . . ദൈവത്തെ സ്‌നേഹിക്കുന്നതിലുപരി സുഖഭോഗങ്ങളെ സ്‌നേഹിക്കുന്നവരും ആയിരിക്കും.” (2 തിമൊഥെയൊസ്‌ 3:2, 4, ഓശാനാ ബൈബിൾ) നമ്മെ ദൈവത്തിൽനിന്ന്‌ അകറ്റാനുള്ള സാത്താന്റെ ഏറ്റവും ഫലകരമായ ഒരു ഉപാധിയാണ്‌ ഉല്ലാസ പ്രവർത്തനങ്ങൾ. അങ്ങേയറ്റം അപകടകരമായ കായിക വിനോദങ്ങളിലുള്ള ഭ്രമം ഏറിവരികയാണ്‌. അത്തരം കായിക വിനോദങ്ങളുടെയും അതിൽ പങ്കെടുക്കുന്നവരുടെയും എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്‌. അതിനു കാരണം എന്താണ്‌? ദൈനംദിന ജീവിതത്തോടു വിരക്തിതോന്നുന്ന അനേകരും കൂടുതൽ കൂടുതൽ ആവേശം പകരുന്ന മേഖലകൾ തേടിപ്പോകുന്നു. അതിനായി, ഏതു സാഹസത്തിനും അവർ മുതിരുന്നു. ദൈവികനിലവാരങ്ങളോട്‌ ആദരവുള്ള ക്രിസ്‌ത്യാനികൾ ജീവനെന്ന ദാനത്തോടും അതിന്റെ ദാതാവിനോടുമുള്ള വിലമതിപ്പു നിമിത്തം അത്തരം അപകടകരമായ കായിക വിനോദങ്ങൾ ഒഴിവാക്കും.​—⁠സങ്കീർത്തനം 36:⁠9.

ആദ്യ മനുഷ്യജോഡിയെ സൃഷ്ടിച്ചശേഷം യഹോവ അവരെ എവിടെയാണ്‌ ആക്കിവെച്ചത്‌? ഏദെൻ തോട്ടത്തിൽ. ഉല്ലാസം, സന്തോഷം എന്നെല്ലാമാണ്‌ മൂലഭാഷയിൽ അതിനർഥം. ആ സ്ഥിതിക്ക്‌, ഉല്ലാസവും ആനന്ദവും കളിയാടുന്ന ഒരു ജീവിതം മനുഷ്യരെ സംബന്ധിച്ചുള്ള ദൈവോദ്ദേശ്യത്തിന്റെ ഭാഗമായിരുന്നുവെന്നു പറയാം.

ഉല്ലാസ പ്രവർത്തനങ്ങളിൽ സന്തുലിതമായ ഒരു വീക്ഷണം വെച്ചുപുലർത്തിയതിന്റെ ശ്രേഷ്‌ഠമായ മാതൃക യേശുവിന്റേതാണ്‌. യഹോവയുടെ ഇഷ്ടം നിറവേറ്റുന്നതിനായി അവൻ തന്നെത്തന്നെ പൂർണമായി സമർപ്പിച്ചിരുന്നു. കൂടാതെ, ദൈവിക നിയമങ്ങളും തത്ത്വങ്ങളും ബലികഴിച്ചുകൊണ്ടുള്ള യാതൊരു പ്രവർത്തനങ്ങളും അവന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. അവൻ മറ്റുള്ളവരെ സഹായിക്കാനായി സമയം ചെലവഴിച്ചു, വളരെ ക്ഷീണിതനായിരുന്നപ്പോൾപ്പോലും. (മത്തായി 14:13, 14) യേശു ഭക്ഷണത്തിനായുള്ള ക്ഷണം സ്വീകരിക്കുകയും വിശ്രമത്തിനും ഉന്മേഷത്തിനുമായി സമയം ചെലവഴിക്കുകയും ചെയ്‌തു. ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നതു നിമിത്തം താൻ ചില വിരോധികളുടെ വിമർശനത്തിനു പാത്രമാകുമെന്ന്‌ അവന്‌ അറിയാമായിരുന്നു. അവർ യേശുവിനെക്കുറിച്ച്‌ പിൻവരുംവിധം പറഞ്ഞു: “തിന്നിയും കുടിയനും ആയ മനുഷ്യൻ.” (ലൂക്കൊസ്‌ 7:34; 10:38; 11:37) പക്ഷേ യഥാർഥ ഭക്തി സകല ജീവിത സുഖങ്ങളും വെടിഞ്ഞുകൊണ്ടുള്ളതാണെന്ന്‌ യേശു ചിന്തിച്ചില്ല.

ഉല്ലാസ പ്രവർത്തനങ്ങൾ സംബന്ധിച്ച ഏതുതരം അസുന്തലിത വീക്ഷണവും ഒഴിവാക്കാൻ നാം സദാ ശ്രദ്ധയുള്ളവരായിരിക്കണം. ഉല്ലാസത്തിനും വിനോദത്തിനും ജീവിതത്തിൽ മുഖ്യസ്ഥാനം നൽകുന്നത്‌ ഒരിക്കലും യഥാർഥ സന്തുഷ്ടി കൈവരുത്തില്ല. പകരം, അത്‌ ദൈവവുമായുള്ള നമ്മുടെ ബന്ധംപോലുള്ള സുപ്രധാനകാര്യങ്ങൾ അവഗണിക്കുന്നതിന്‌ ഇടയാക്കിയേക്കാം. എങ്കിലും, നാം ഉല്ലാസ പ്രവർത്തനങ്ങൾ പാടേ ഉപേക്ഷിക്കുന്നതോ സന്തുലിതമായ രീതിയിലുള്ള വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മറ്റുള്ളവരെ വിമർശിക്കുന്നതോ ഒഴിവാക്കണം.​—⁠സഭാപ്രസംഗി 2:24; 3:1-4.

സന്തുലിതമായ ജീവിതം സന്തോഷത്തോടെ

ശിഷ്യനായ യാക്കോബ്‌ എഴുതി: “നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു.” (യാക്കോബ്‌ 3:2) സന്തുലിതമായ ഒരു ജീവിതം നയിക്കാൻ ശ്രമിക്കവേ നമുക്കും അതു സംഭവിച്ചേക്കാം. എന്നാൽ ഇക്കാര്യത്തിൽ നമ്മെ എന്തു സഹായിക്കും? നാം നമ്മുടെ കഴിവുകളും കഴിവുകേടുകളും മനസ്സിലാക്കേണ്ടതുണ്ട്‌. വസ്‌തുനിഷ്‌ഠമായ അത്തരം വീക്ഷണം ഉണ്ടായിരിക്കുക എളുപ്പമല്ല. അറിയാതെതന്നെ പലപ്പോഴും അസന്തുലിതമായ വീക്ഷണങ്ങളിലേക്ക്‌ നാം വഴുതിവീണേക്കാം. അതുകൊണ്ടുതന്നെ പക്വതയുള്ള മറ്റു ക്രിസ്‌ത്യാനികളുമായി നാം നല്ല അടുപ്പം നട്ടുവളർത്തുകയും അവർ നൽകുന്ന സമനിലയോടുകൂടിയ ബുദ്ധിയുപദേശങ്ങൾ ചെവിക്കൊള്ളുകയും വേണം. (ഗലാത്യർ 6:1) ആ ലക്ഷ്യത്തോടെ ഒരു വിശ്വസ്‌ത സുഹൃത്തിനോടോ അനുഭവ സമ്പന്നനായ ഒരു മൂപ്പനോടോ നമുക്ക്‌ കാര്യങ്ങൾ ആരായാവുന്നതാണ്‌. തിരുവെഴുത്തുകളെപ്പോലെതന്നെ, അത്തരം തിരുവെഴുത്തു ബുദ്ധിയുപദേശങ്ങൾക്കും ദൈവമുമ്പാകെയുള്ള നമ്മുടെ നില വെളിപ്പെടുത്തിത്തരുന്ന ‘ഒരു കണ്ണാടി’പോലെ വർത്തിക്കാനാകും.​—⁠യാക്കോബ്‌ 1:22-25.

അസന്തുലിതമായ വീക്ഷണങ്ങളുടെ ഭാണ്ഡവും പേറി നാം മുന്നോട്ടുപോകേണ്ടതില്ല എന്നതു സന്തോഷകരമാണ്‌. അക്ഷീണ പരിശ്രമത്താലും യഹോവയുടെ അനുഗ്രഹത്താലും നമുക്ക്‌ സന്തുലിതമായ ഒരു വീക്ഷണം നട്ടുവളർത്താനും അങ്ങനെ സന്തുഷ്ടരായിരിക്കാനും കഴിയും. അങ്ങനെ, ക്രിസ്‌തീയ സഹോദരങ്ങളുമായി മെച്ചമായ സുഹൃദ്‌ബന്ധങ്ങൾ നമുക്ക്‌ ആസ്വദിക്കാനാകും. മാത്രമല്ല, നാം പ്രസംഗിക്കുന്ന ആളുകൾക്ക്‌ നല്ലൊരു മാതൃകയായി വർത്തിക്കാനും നമുക്കാകും. എല്ലാറ്റിലുമുപരി, സ്‌നേഹത്തിന്റെയും സന്തുലിത വീക്ഷണങ്ങളുടെയും മൂർത്തിമത്‌ഭാവമായ യഹോവയെ അടുത്തുപിൻപറ്റാൻ നമുക്കു കഴിയും.​—⁠എഫെസ്യർ 5:⁠1.

[28-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

©Greg Epperson/age fotostock