‘ഈ ലോകത്തിന്റെ ഭാഗമല്ലാത്ത’ ഒരു രാജ്യത്തിനായി
ജീവിത കഥ
‘ഈ ലോകത്തിന്റെ ഭാഗമല്ലാത്ത’ ഒരു രാജ്യത്തിനായി
നിക്കലായ് ഗെസുല്യാക്ക് പറഞ്ഞപ്രകാരം
നാൽപ്പത്തൊന്നു ദിവസത്തേക്ക് ഞാൻ ഒരു ജയിൽ കലാപത്തിൽ അകപ്പെട്ടുപോയി. പീരങ്കിയുടെ ഗർജനം കേട്ട് ഞാൻ ഒരു രാത്രിയിൽ ഞെട്ടിയുണർന്നു. അപ്പോൾ കണ്ട കാഴ്‌ചയോ? തടവുകാരെ ആക്രമിച്ചുകൊണ്ട് പടയാളികളും ടാങ്കുകളും തടങ്കൽപ്പാളയത്തിലേക്ക് ഇരച്ചുകയറുന്നു. ഞാൻ മരണത്തെ മുഖാമുഖം കണ്ടു.
ഇത്തരമൊരു അവസ്ഥയിൽ ഞാൻ എങ്ങനെയാണ് എത്തിപ്പെട്ടത്? ഞാൻ വിശദീകരിക്കാം. 1954-ലായിരുന്നു അത്. അന്നെനിക്ക് 30 വയസ്സ്. രാഷ്‌ട്രീയ കാര്യങ്ങളിൽ നിഷ്‌പക്ഷത പാലിച്ചതിനാലും ദൈവരാജ്യത്തെക്കുറിച്ചു മറ്റുള്ളവരോടു സംസാരിച്ചതിനാലും സോവിയറ്റ് ഭരണത്തിൻകീഴിൽ ആയിരുന്ന യഹോവയുടെ സാക്ഷികളിൽ അനേകരെപ്പോലെ ഞാനും ജയിലിൽ അടയ്‌ക്കപ്പെട്ടു. 46 പുരുഷന്മാരും 34 സ്‌ത്രീകളും അടങ്ങുന്ന സാക്ഷികളുടെ ഒരു കൂട്ടമായിരുന്നു ഞങ്ങളുടേത്. മധ്യ കസാഖ്‌സ്ഥാനിലെ കെങ്‌ഗീർ എന്ന ഗ്രാമത്തിനടുത്തുള്ള ഒരു തൊഴിൽപ്പാളയത്തിലാണ് ഞങ്ങളെ പാർപ്പിച്ചിരുന്നത്. ആയിരക്കണക്കിനു വരുന്ന മറ്റു തടവുകാരും അവിടെ ഉണ്ടായിരുന്നു.
സോവിയറ്റ് യൂണിയന്റെ നേതാവായ ജോസഫ് സ്റ്റാലിൻ തലേവർഷമാണ് മരിച്ചത്. ജയിലിലെ ദുരിതപൂർണമായ അവസ്ഥയെക്കുറിച്ചുള്ള തങ്ങളുടെ നിലവിളിയ്‌ക്ക് മോസ്‌കോയിലെ പുതിയ ഭരണകൂടം ചെവികൊടുക്കുമെന്നു പല തടവുകാരും പ്രത്യാശിച്ചു. തടവുകാരുടെ അതൃപ്‌തി അവസാനം ഒരു കാലാപത്തിലേക്കു നയിച്ചു. തുടർന്നുണ്ടായ സംഘർഷപൂരിതമായ സമയത്ത്, ക്ഷുഭിതരായ കലാപകാരികളോടും അതുപോലെതന്നെ കാവൽനിന്ന പട്ടാളക്കാരോടും സാക്ഷികളായ ഞങ്ങൾക്ക് ഞങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടിവന്നു. അത്തരമൊരു നിഷ്‌പക്ഷ നിലപാടു സ്വീകരിക്കാൻ ഞങ്ങൾ ദൈവത്തിൽ വിശ്വാസം അർപ്പിക്കേണ്ടിയിരുന്നു.
കലാപം!
മേയ് 16-ന് തടങ്കൽപ്പാളയത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ, പാളയത്തിൽ മെച്ചപ്പെട്ട സൗകര്യങ്ങളും രാഷ്‌ട്രീയ തടവുകാർക്ക് പ്രത്യേക പരിഗണനയും ആവശ്യപ്പെട്ടുകൊണ്ട് 3,200-ലധികം തടവുകാർ ജോലിക്കു പോകാൻ വിസമ്മതിച്ചു. പെട്ടെന്നാണ് സ്ഥിതിഗതികൾ മാറിമറിഞ്ഞത്. കലാപകാരികൾ ആദ്യം കാവൽഭടന്മാരെ പുറത്തു ചാടിച്ചു, പിന്നെ ചുറ്റുമുള്ള വേലിയുടെ ചില ഭാഗങ്ങൾ പൊളിച്ചു. എന്നിട്ട് പുരുഷന്മാരുടെയും സ്‌ത്രീകളുടെയും വാർഡുകൾ വേർതിരിക്കുന്ന ഭിത്തി തകർത്ത് ‘കുടുംബ ബാരക്ക്’ സൃഷ്ടിച്ചു. തുടർന്നുവന്ന ആവേശകരമായ ദിനങ്ങളിൽ ചിലർ വിവാഹിതരാകുകപോലും ചെയ്‌തു; അവിടെ തടവിലാക്കപ്പെട്ടിരുന്ന ചില വൈദികർ വിവാഹ കർമങ്ങൾ നടത്തിക്കൊടുത്തു. കലാപം നടന്ന മൂന്നു വാർഡുകളിലുമായി മൊത്തം 14,000 പേർ ഉണ്ടായിരുന്നു. അവരിൽ മിക്കവരും പ്രക്ഷോഭത്തിൽ പങ്കെടുത്തു.
സൈന്യവുമായി ചർച്ചകൾ നടത്താൻ കലാപകാരികൾ ഒരു കമ്മിറ്റി രൂപീകരിച്ചു. എന്നാൽ, താമസിയാതെ കമ്മിറ്റി അംഗങ്ങൾക്കിടയിൽ ഉണ്ടായ വാഗ്വാദത്തെത്തുടർന്ന് തടങ്കൽപ്പാളയത്തിന്റെ നിയന്ത്രണം എന്തിനും മടിക്കാത്ത ചുരുക്കം ചിലരുടെ കൈകളിലായി. സാഹചര്യം മുമ്പെന്നത്തേതിലും അക്രമാസക്തമായിത്തീർന്നു. വിപ്ലവത്തലവന്മാർ ‘ക്രമസമാധാനം’ നിലനിറുത്താനായി ഒരു സുരക്ഷാ വകുപ്പും ഒരു സൈനിക വകുപ്പും ഒരു പ്രചരണ വകുപ്പും രൂപീകരിച്ചു. വിപ്ലവത്തിന്റെ ചൂടു കുറയാതിരിക്കാനായി പാളയത്തിൽ പലയിടങ്ങളിലുള്ള തൂണുകളിൽ സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണികളിലൂടെ നേതാക്കന്മാർ തീപ്പൊരി പ്രസംഗങ്ങൾ നടത്തി. പാളയത്തിൽനിന്നു രക്ഷപ്പെടാൻ കലാപകാരികൾ ആരെയും അനുവദിച്ചില്ല, എതിർത്തവരെ ശിക്ഷിച്ചു; തങ്ങളുടെ അംഗീകാരമില്ലാത്തവരെ വധിക്കാൻപോലും മടിക്കില്ലെന്ന് അവർ പ്രഖ്യാപിച്ചു. ചില തടവുകാരെ വധിച്ചെന്ന കിംവദന്തിയും ഉണ്ടായിരുന്നു.
ഒരു സൈനിക ആക്രമണം പ്രതീക്ഷിച്ചിരുന്ന കലാപകാരികൾ എല്ലാ മുൻകരുതലുകളും എടുത്തിരുന്നു. ആക്രമണത്തെ ചെറുക്കാൻ സുസജ്ജരായിരിക്കാനായി എല്ലാ തടവുകാരും ആയുധമേന്താൻ നേതാക്കന്മാർ ആജ്ഞാപിച്ചു. അതിനായി അവർ ജനാലകളുടെ ഇരുമ്പഴികൾ ഊരിയെടുത്ത് കത്തിയും മറ്റ് ആയുധങ്ങളും നിർമിച്ചു. തോക്കുകളും സ്‌ഫോടകവസ്‌തുക്കളും പോലും അവർ സംഘടിപ്പിച്ചു.
സമ്മർദം
അങ്ങനെയിരിക്കെ രണ്ടു കലാപകാരികൾ എന്നെ സമീപിച്ചു. തേച്ചു മിനുക്കിയ ഒരു കത്തി എന്റെ നേർക്കു നീട്ടിക്കൊണ്ട് അവരിൽ ഒരാൾ അധികാര സ്വരത്തിൽ പറഞ്ഞു: “ഇതു പിടിച്ചോ, നിനക്കിത് ആവശ്യം വരും. ” ധൈര്യത്തിനായി ഞാൻ യഹോവയോടു മൗനമായി പ്രാർഥിച്ചു. എന്നിട്ട് അവരോടു പറഞ്ഞു: “ഞാൻ ഒരു ക്രിസ്‌ത്യാനിയാണ്, യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാൾ. മനുഷ്യരോടല്ല അദൃശ്യ ആത്മ ശക്തികളോട് പോരാടുന്നതിനാലാണ് ഞാനും മറ്റു സാക്ഷികളും തടവിലായിരിക്കുന്നത്. ആ പോരാട്ടത്തിനുള്ള ആയുധങ്ങൾ ഞങ്ങളുടെ വിശ്വാസവും ദൈവരാജ്യത്തിലുള്ള പ്രത്യാശയുമാണ്.”—എഫെസ്യർ 6:12
അതിശയകരമെന്നു പറയട്ടെ, പറഞ്ഞതു മനസ്സിലായതായി അതിലൊരാൾ തലകുലുക്കി. എന്നാൽ കൂടെയുണ്ടായിരുന്ന ആൾ ശക്തിയോടെ എന്നെ അടിച്ചു, തുടർന്ന് ഇരുവരും സ്ഥലംവിട്ടു. കലാപകാരികൾ ഓരോ ബാരക്കിലും ചെന്ന് കലാപത്തിൽ പങ്കെടുക്കാൻ സാക്ഷികളെ നിർബന്ധിച്ചു. എന്നാൽ ക്രിസ്‌തീയ സഹോദരീ സഹോദരന്മാരാരും വഴങ്ങിയില്ല.
കലാപകാരികളുടെ ഒരു കമ്മിറ്റിയോഗത്തിൽ യഹോവയുടെ സാക്ഷികളുടെ നിഷ്‌പക്ഷ നിലപാടു ചർച്ച ചെയ്യപ്പെട്ടു. “പെന്തെക്കൊസ്‌ത്, അഡ്‌വെന്റിസ്റ്റ്, ബാപ്‌റ്റിസ്റ്റ് എന്നിങ്ങനെ എല്ലാ സഭക്കാരും കലാപത്തിൽ പങ്കെടുക്കുന്നു. യഹോവയുടെ സാക്ഷികൾ മാത്രമാണ് ചേരാത്തത്! അവരെ നാം എന്തു ചെയ്യണം?” ‘സാക്ഷികളിൽ ഒരാളെ ജയിലിലെ വലിയ അടുപ്പിൽ പിടിച്ചിടുകയും അങ്ങനെ അവരിൽ ഭീതി പരത്തുകയും ചെയ്‌താലോ?’ എന്നൊരു നിർദേശം അതിൽ ഒരാൾ മുന്നോട്ടുവെച്ചു. എന്നാൽ തടവിലുള്ള ആദരണീയനായ ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ എഴുന്നേറ്റുനിന്നു പറഞ്ഞു: “അങ്ങനെ ചെയ്യുന്നത് ബുദ്ധിമോശമാണ്. പകരം, പാളയത്തിന്റെ അറ്റത്ത് ഗേറ്റിനോടു ചേർന്നുള്ള ഒരു ബാരക്കിൽ അവരെയെല്ലാം ഇടുക. സൈന്യം ആക്രമിക്കുന്നപക്ഷം ടാങ്കുകൾക്കടിയിൽ ആദ്യം ചതഞ്ഞരയുന്നത് അവർ ആയിരിക്കും. അങ്ങനെ, ആ കുറ്റം നമ്മുടെ തലയിൽനിന്ന് ഒഴിഞ്ഞുകിട്ടും.” ഈ നിർദേശം എല്ലാവർക്കും ഇഷ്ടപ്പെട്ടു.
അപകടം!
“യഹോവയുടെ സാക്ഷികൾ, കടക്കു പുറത്ത്” എന്ന് ആക്രോശിച്ചുകൊണ്ട് താമസിയാതെ തടവുകാർ പാളയത്തിനു ചുറ്റും നടന്നു. പാളയത്തിന്റെ അറ്റത്തുള്ള ബാരക്കിലേക്ക് 80 പേരെയും കൊണ്ടുപോയി. ബാരക്കിനുള്ളിൽ കൂടുതൽ സ്ഥലമുണ്ടാക്കുന്നതിനായി അവിടെ സ്ഥാപിച്ചിരുന്ന കിടക്കകളെല്ലാം അവർ വലിച്ചു പുറത്തിട്ടു. എന്നിട്ട് ഉള്ളിലേക്ക് കയറാൻ ഞങ്ങളോട് ആജ്ഞാപിച്ചു. നിന്നുതിരിയാൻ ഇടംപോരാതെവന്ന ആ ബാരക്ക് ജയിലിനുള്ളിലെ ഞങ്ങളുടെ ജയിലായി.
ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ക്രിസ്‌തീയ സഹോദരിമാർ കുറെ തുണികൾ കൂട്ടിത്തുന്നി; അതുപയോഗിച്ച് ബാരക്കിനെ രണ്ടായി വിഭജിച്ചു—ഒന്ന് പുരുഷന്മാർക്കും മറ്റൊന്ന് സ്‌ത്രീകൾക്കും. (പിന്നീട് റഷ്യയിലെ ഒരു സാക്ഷി വരച്ച ചിത്രമാണ് താഴെ.) അവിടെയായിരിക്കെ ഞങ്ങൾ ജ്ഞാനത്തിനും “അത്യന്തശക്തി”ക്കുമായി ഒരുമിച്ച് യഹോവയോടു മുട്ടിപ്പായി പ്രാർഥിക്കുമായിരുന്നു.—2 കൊരിന്ത്യർ 4:7.
സോവിയറ്റ് സൈന്യത്തിനും കലാപകാരികൾക്കും ഇടയിൽ കഴിയുന്ന ഞങ്ങളുടെ ജീവൻ എപ്പോഴും അപകടത്തിലായിരുന്നു. അവർ അടുത്തതായി എന്തു ചെയ്യുമെന്ന് ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു. “എന്തു സംഭവിക്കുമെന്ന് വെറുതെ ഊഹിക്കേണ്ട. യഹോവ നമ്മെ കൈവിടില്ല,” പ്രായമുള്ള വിശ്വസ്‌തനായ ഒരു ക്രിസ്‌തീയ സഹോദരൻ പറഞ്ഞു.
പ്രായഭേദമെന്യേ നമ്മുടെ ക്രിസ്‌തീയ സഹോദരിമാർ ശ്രദ്ധേയമായ സഹിഷ്‌ണുത പ്രകടമാക്കി. അവരിൽ ഒരാളായിരുന്നു ഏകദേശം 80 വയസ്സുള്ള ഒരു സഹോദരി, അവർക്കു പ്രത്യേക സഹായം
ആവശ്യമുണ്ടായിരുന്നു. മറ്റുള്ളവരാകട്ടെ രോഗികളായിരുന്നു, അവർക്കെല്ലാം വൈദ്യസഹായം വേണ്ടിയിരുന്നു. കലാപാകാരികൾക്കു സദാസമയം ഞങ്ങളുടെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനായി എപ്പോഴും ബാരക്കിന്റെ വാതിൽ തുറന്നിടണമായിരുന്നു. രാത്രിയാകുമ്പോൾ ആയുധധാരികളായ തടവുകാർ ബാരക്കിലേക്കു വരും. “ദൈവത്തിന്റെ രാജ്യം ഉറക്കംപിടിച്ചു” എന്ന് ചിലപ്പോൾ അവർ പറയുന്നതു കേൾക്കാം. പകൽ സമയത്ത്, ഭക്ഷണശാലയിൽ പോകാൻ അനുവദിക്കുമ്പോഴൊക്കെ ഞങ്ങൾ ഒന്നിച്ചായിരിക്കുകയും ക്രൂരരായ മനുഷ്യരുടെ കൈയിൽനിന്നു സംരക്ഷിക്കാൻ യഹോവയോട് പ്രാർഥിക്കുകയും ചെയ്‌തിരുന്നു.ബാരക്കിലായിരിക്കെ, അത്മീയമായി പരസ്‌പരം സഹായിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ഉദാഹരണത്തിന്, ഞങ്ങൾക്കു കേൾക്കാൻമാത്രം ശബ്ദത്തിൽ ഏതെങ്കിലും ഒരു സഹോദരൻ ഒരു ബൈബിൾ ഭാഗം വിവരിക്കുക പതിവായിരുന്നു. തുടർന്ന്, ഞങ്ങളുടെ സാഹചര്യത്തിന് ഇതെങ്ങനെ ബാധകമാകുന്നെന്ന് അദ്ദേഹം വിശദീകരിക്കും. പ്രായമുള്ള ഒരു സഹോദരന് ഗിദെയോന്റെ സൈന്യത്തെപ്പറ്റി പറയാൻ വലിയ ഇഷ്ടമായിരുന്നു. “വാദ്യോപകരണങ്ങൾ കൈയിലേന്തിയ 300 പേർ യഹോവയുടെ നാമത്തിൽ സായുധരായ 1,35,000 സൈനികർക്കെതിരെ പോരാടി” എന്ന് അദ്ദേഹം ഞങ്ങളെ ഓർമിപ്പിച്ചു. “ആ 300 പേരും സുരക്ഷിതരായി തിരിച്ചെത്തി.” (ന്യായാധിപന്മാർ 7:16, 22; 8:10) ഇതും ഇത്തരത്തിലുള്ള മറ്റു ബൈബിൾ വിവരണങ്ങളും ഞങ്ങളെ ആത്മീയമായി ബലിഷ്‌ഠരാക്കി. ഞാൻ സത്യത്തിൽ വന്നിട്ട് അധികകാലം ആയിരുന്നില്ലെങ്കിലും അനുഭവപരിചയമുള്ള മറ്റു സഹോദരീ സഹോദരന്മാരുടെ ദൃഢവിശ്വാസം എനിക്കു വളരെയേറെ പ്രോത്സാഹനമേകി. യഹോവ തീർച്ചയായും ഞങ്ങളോടൊപ്പമുണ്ട് എന്നെനിക്ക് ഉറപ്പായിരുന്നു.
പോരാട്ടം തുടങ്ങുന്നു
ആഴ്‌ചകൾ കടന്നുപോയി, പാളയത്തിലെ അവസ്ഥ അടിക്കടി സമ്മർദപൂരിതമായിക്കൊണ്ടിരുന്നു. ഒപ്പം, അധികാരികളും കലാപകാരികളും തമ്മിലുള്ള ചർച്ചയ്‌ക്കും ചൂടേറി. കലാപകാരികളുമായി കൂടിക്കാണുന്നതിന് മോസ്‌കോയിലുള്ള കേന്ദ്ര ഗവൺമെന്റ് ഒരു പ്രതിനിധിയെ അയയ്‌ക്കണമെന്ന് അവർ ശഠിച്ചു; എന്നാൽ അധികാരികളാകട്ടെ, കലാപകാരികൾ ആയുധംവെച്ചു കീഴടങ്ങി ജോലിചെയ്യണമെന്നും. വിട്ടുവീഴ്‌ചയ്‌ക്ക് ഇരുകൂട്ടരും തയ്യാറായില്ല. ഇതിനിടയിൽ, സൈന്യം പാളയം വളഞ്ഞു, ആജ്ഞ കിട്ടിയാൽ ആ നിമിഷം ആക്രമിക്കാൻ തയ്യാറായിനിന്നു. കലാപകാരികളും ഒട്ടും പിന്നിലല്ലായിരുന്നു. മാർഗതടസ്സങ്ങൾ സൃഷ്ടിക്കുകയും ആയുധങ്ങൾ ശേഖരിക്കുകയും ചെയ്‌തുകൊണ്ട് പോരാട്ടത്തിന് അവരും തയ്യാറെടുത്തു. സൈന്യവും തടവുകാരും തമ്മിലുള്ള ഒരു ഏറ്റുമുട്ടൽ പ്രതീക്ഷിച്ച് എല്ലാവരും നിമിഷങ്ങൾ തള്ളിനീക്കി.
ചീറിപ്പായുന്ന പീരങ്കിഷെല്ലുകളുടെ കാതടപ്പിക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് ജൂൺ 26-ന് ഞങ്ങൾ ഞെട്ടിയുണർന്നത്. മതിൽ തകർത്ത് ടാങ്കുകൾ പാളയത്തിലേക്ക് ഇരച്ചുകയറി, പിന്നാലെ വെടിയുണ്ടകൾ ഉതിർത്തുകൊണ്ട് യന്ത്രത്തോക്കുകളുമായി സൈന്യവും. ജയിൽവാസികളായ സ്‌ത്രീപുരുഷന്മാർ വലിയ ആരവത്തോടെ എതിരെ പാഞ്ഞുചെന്നു. കല്ലും ബോംബും മാത്രമല്ല കൈയിൽകിട്ടിയതെന്തും അവർക്കുനേരെ എറിഞ്ഞു. പിന്നെ നടന്നത് ഒരു ഉഗ്രപോരാട്ടമായിരുന്നു, ഞങ്ങൾ അതിന്റെ നടുവിലും. സഹായത്തിനായുള്ള ഞങ്ങളുടെ പ്രാർഥനയ്‌ക്ക് യഹോവ എങ്ങനെ ഉത്തരം നൽകും?
പെട്ടെന്ന്, പടയാളികൾ ഞങ്ങളുടെ ബാരക്കിലേക്ക് പാഞ്ഞുവന്ന് “പരിശുദ്ധരായവരേ, പുറത്തു വരൂ, വേഗം മതിലിനു പുറത്തു കടക്ക്!” എന്നു വിളിച്ചുപറഞ്ഞു. ഞങ്ങളെ വെടിവെക്കരുതെന്നും ഞങ്ങളെ സംരക്ഷിച്ചുകൊണ്ട് കൂടെത്തന്നെ കാണമെന്നും മേൽനോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ അവർക്കു
നിർദേശം നൽകിയിട്ടുണ്ടായിരുന്നു. പോരാട്ടം കൊടുമ്പിരികൊണ്ടിരിക്കെ ഞങ്ങൾ പാളയത്തിനു തൊട്ടുപുറത്തുള്ള പുൽത്തകിടിയിൽ ഇരുന്നു. നാലു മണിക്കൂർ നേരത്തേക്ക് സ്‌ഫോടനവും വെടിയൊച്ചയും അലർച്ചയും ദീനരോദനവും പാളയത്തിനുള്ളിൽനിന്നു കേൾക്കാമായിരുന്നു. പതിയെ എല്ലാം കെട്ടടങ്ങി. പടയാളികൾ മരിച്ചവരെ പാളയത്തിൽനിന്നു പുറത്തേക്കു കൊണ്ടുവരുന്നത് പിന്നീട് പ്രഭാത വെളിച്ചത്തിൽ ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. നൂറുകണക്കിന് ആളുകൾക്കു മുറിവേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്‌തു.കുറേ കഴിഞ്ഞപ്പോൾ, എനിക്കു പരിചയമുള്ള ഒരു ഉദ്യോഗസ്ഥൻ ഞങ്ങളുടെ അടുക്കൽ വന്ന് അഭിമാനത്തോടെ ചോദിച്ചു: “നിക്കലായ്, ആരാ നിങ്ങളെ രക്ഷിച്ചത്? ഞങ്ങളോ അതോ യഹോവയോ?” ജീവൻ രക്ഷിച്ചതിന് ഞങ്ങൾ അദ്ദേഹത്തോടു ഹൃദയംഗമമായ നന്ദി പറഞ്ഞു. തുടർന്ന് ഇപ്രകാരവും കൂട്ടിച്ചേർത്തു: “സർവശക്തിയുള്ള ദൈവമായ യഹോവ, ബൈബിൾ കാലങ്ങളിൽ തന്റെ ദാസന്മാരെ വിടുവിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചതുപോലെ ഇന്നു നിങ്ങളുടെ കൈയാൽ ഞങ്ങൾക്കു സംരക്ഷണമേകിയിരിക്കുന്നു എന്നു ഞങ്ങൾ വിശ്വസിക്കുന്നു.”—എസ്രാ 1:1, 2.
ഞങ്ങൾ ആരാണെന്നും എവിടെയാണു ഞങ്ങളെ പാർപ്പിച്ചിരുന്നതെന്നും പടയാളികൾ അറിഞ്ഞതെങ്ങനെയെന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞു. സൈന്യവും കലാപകാരികളും തമ്മിലുള്ള ഒരു ചർച്ചക്കിടയിൽ, തങ്ങളെ പിന്തുണയ്‌ക്കാത്തവരെ കലാപകാരികൾ കൊല്ലുന്നുവെന്നു സൈന്യം ആരോപിച്ചു. എന്നാൽ കലാപകാരികളാകട്ടെ, അതു ശരിയല്ലെന്നും യഹോവയുടെ സാക്ഷികൾ കലാപത്തെ പിന്തുണക്കുന്നില്ലെങ്കിലും അവരിലാരെയും കൊലചെയ്‌തിട്ടില്ലെന്നും ഉദാഹരണമായി ചൂണ്ടിക്കാട്ടി. മാത്രമല്ല, അതിനു ശിക്ഷയായി അവരെയെല്ലാം ഒരു ബാരക്കിൽ അടച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു. അക്കാര്യം സൈനിക ഉദ്യോഗസ്ഥരുടെ മനസ്സിലുണ്ടായിരുന്നു.
ദൈവരാജ്യത്തിനായി ഉറച്ചുനിൽക്കുന്നു
ഞങ്ങൾ സാക്ഷ്യംവഹിച്ച ഈ ജയിൽ വിപ്ലവത്തെക്കുറിച്ച് പ്രശസ്‌ത റഷ്യൻ എഴുത്തുകാരനായ അല്‌യിക്‌സാണ്ടർ സോൾഷനിറ്റ്‌സൺ ദ ഗൂലാഗ് ആർക്കിപ്പെലഗോ എന്ന തന്റെ പുസ്‌തകത്തിൽ പ്രസ്‌താവിച്ചിട്ടുണ്ട്. ആ കലാപത്തിന്റെ കാരണത്തെപ്പറ്റി അദ്ദേഹം എഴുതിയത് ശ്രദ്ധിക്കുക: “അതേ, ഞങ്ങൾക്കു സ്വാതന്ത്ര്യം വേണം, . . . എന്നാൽ അതു നൽകാൻ ആർക്കു കഴിയും?” വാസ്‌തവത്തിൽ, തടങ്കൽപ്പാളയത്തിൽ കഴിയുന്ന യഹോവയുടെ സാക്ഷികളായ ഞങ്ങളും സ്വാതന്ത്ര്യത്തിനായി കേഴുകയായിരുന്നു, തടവിൽനിന്നുമുള്ള സ്വാതന്ത്ര്യത്തിനായി മാത്രല്ല, ദൈവരാജ്യത്തിനു മാത്രം നൽകാൻ കഴിയുന്ന സ്വാതന്ത്ര്യത്തിനായും. എന്നാൽ ആ രാജ്യത്തിനായി നിലകൊള്ളാൻ ദൈവത്തിൽനിന്നുള്ള ശക്തി ആവശ്യമാണെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം യഹോവ പ്രദാനം ചെയ്‌തു. കത്തിയും കൈബോംബുമില്ലാതെ അവൻ ഞങ്ങൾക്കു വിജയം നൽകി.—2 കൊരിന്ത്യർ 10:3.
“എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ . . . എന്റെ ചേവകർ പോരാടുമായിരുന്നു” എന്ന് യേശുക്രിസ്‌തു പീലാത്തൊസിനോടു പറയുകയുണ്ടായി. (യോഹന്നാൻ 18:36) അതുകൊണ്ട്, ക്രിസ്‌തുവിന്റെ അനുഗാമികളായ ഞങ്ങൾ രാഷ്‌ട്രീയ പോരാട്ടങ്ങളിൽ പങ്കെടുത്തില്ല. കലാപസമയത്തും അതിനുശേഷവും, ഞങ്ങളുടെ കൂറ് ദൈവരാജ്യത്തോടാണെന്ന് മറ്റുള്ളവർക്കു വ്യക്തമായി മനസ്സിലായതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ആ സമയത്തെ ഞങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് സോൾഷനിറ്റ്‌സൺ എഴുതി: “യഹോവയുടെ സാക്ഷികൾക്ക് തങ്ങളുടെ നിയമങ്ങൾ പാലിക്കുന്നതിന് യാതൊരു സങ്കോചവും ഇല്ലായിരുന്നു, സുരക്ഷാപരിപാടികളിൽ ഏർപ്പെടുന്നതിനും കാവൽനിൽക്കുന്നതിനും അവർ വിസമ്മതിച്ചു.”
പ്രക്ഷുബ്ധമായ ആ സംഭവങ്ങൾ നടന്നിട്ട് ഇപ്പോൾ 50-തിലധികം വർഷം പിന്നിട്ടിരിക്കുന്നു. ആ കാലങ്ങളെക്കുറച്ച് മിക്കപ്പോഴും ഞാൻ നന്ദിപൂർവം സ്‌മരിക്കാറുണ്ട്. എന്തെന്നാൽ, യഹോവയ്‌ക്കായി കാത്തിരിക്കുക, അവന്റെ ബലമുള്ള കൈകളിൽ പൂർണമായി ആശ്രയിക്കുക, എന്നിങ്ങനെയുള്ള അവിസ്‌മരണീയമായ പാഠങ്ങൾ ഞാൻ പഠിച്ചു. അതേ, ‘ഐഹികമല്ലാത്ത,’ അതായത് ഈ ലോകത്തിന്റെ ഭാഗമല്ലാത്ത ഒരു രാജ്യത്തിനായി കാത്തിരിക്കുന്നവർക്ക് യഹോവ സ്വാതന്ത്ര്യവും സംരക്ഷണവും വിടുതലും പ്രദാനം ചെയ്യുന്നുവെന്ന സത്യം മുൻ സോവിയറ്റ് യൂണിയനിലെ മറ്റനേകം സാക്ഷികളെപ്പോലെ ഞാനും അനുഭവിച്ചറിഞ്ഞിരിക്കുന്നു.
[8, 9 പേജുകളിലെ ചിത്രങ്ങൾ]
ഞങ്ങളെ തടവിലാക്കിയിരുന്ന കസാഖ്‌സ്ഥാനിലെ തൊഴിൽപ്പാളയം
[10-ാം പേജിലെ ചിത്രം]
സാക്ഷികളുടെ ബാരക്കിന്റെ ചിത്രീകരണം, സ്‌ത്രീകളുടെ വിഭാഗം
[11-ാം പേജിലെ ചിത്രം]
മോചിതരായപ്പോൾ ക്രിസ്‌തീയ സഹോദരങ്ങളോടൊപ്പം