വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏതു മതം തിരഞ്ഞെടുക്കുന്നു എന്നതിനു പ്രസക്തിയുണ്ടോ?

ഏതു മതം തിരഞ്ഞെടുക്കുന്നു എന്നതിനു പ്രസക്തിയുണ്ടോ?

ഏതു മതം തിരഞ്ഞെടുക്കുന്നു എന്നതിനു പ്രസക്തിയുണ്ടോ?

നല്ല സെലക്‌ഷൻ ഉള്ളിടത്തുനിന്ന്‌ സാധനങ്ങൾ വാങ്ങാനാണ്‌ നമുക്കൊക്കെ ഇഷ്ടം. ധാരാളം പഴങ്ങളും പച്ചക്കറികളും വിൽപ്പനയ്‌ക്കു വെച്ചിരിക്കുന്ന ഒരു മാർക്കറ്റിൽനിന്ന്‌ നമുക്ക്‌ ഏറ്റവും ഇഷ്ടമുള്ളതും കുടുംബാംഗങ്ങൾക്ക്‌ പ്രയോജനപ്രദവുമായ സാധനങ്ങൾ തിരഞ്ഞെടുക്കാനാകും. താങ്ങാവുന്ന വിലയുള്ളതും നമ്മുടെ അഭിരുചിക്കൊത്തതുമായ ഒരുപാടു വസ്‌ത്രങ്ങളുള്ള ഒരു കടയിൽനിന്ന്‌ നമുക്ക്‌ ഏറ്റവും ഇണങ്ങുന്നത്‌ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. ജീവിതത്തിന്റെ പല മേഖലകളിലും നാം എന്തു തിരഞ്ഞെടുക്കുന്നു എന്നത്‌ കേവലം നമ്മുടെ ഇഷ്ടാനിഷ്ടങ്ങളുടെ ഒരു പ്രതിഫലനം മാത്രമായിരിക്കാം. എന്നാൽ, നമ്മുടെ ക്ഷേമത്തെ ബാധിക്കുന്ന തിരഞ്ഞെടുപ്പുകളുമുണ്ട്‌. പോഷകഗുണമുള്ള ആഹാരം, നല്ല സുഹൃത്തുക്കൾ എന്നിവ അതിന്‌ ഉദാഹരണങ്ങളാണ്‌. അങ്ങനെയെങ്കിൽ, മതത്തിന്റെ കാര്യമോ? ഏത്‌ ആരാധനാരീതി പിൻപറ്റുന്നു എന്നത്‌ കേവലം നമ്മുടെ ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ട ഒന്നാണോ? നമ്മുടെ ക്ഷേമത്തെ ഗൗരവമായി ബാധിക്കുന്ന ഒരു തീരുമാനമാണോ അത്‌?

തിരഞ്ഞെടുക്കാൻ ഇന്നു ധാരാളം മതങ്ങളുണ്ട്‌. പല രാജ്യങ്ങളും ഇന്ന്‌ പൗരന്മാർക്ക്‌ മതസ്വാതന്ത്ര്യം നൽകുന്നുണ്ട്‌; മാതാപിതാക്കളുടെ മതം ഉപേക്ഷിച്ചുപോകാൻ പലർക്കും മടിയില്ല. 80 ശതമാനം അമേരിക്കക്കാരും “രക്ഷയിലേക്കു നയിക്കുന്ന ഒരു മതം മാത്രമല്ല ഉള്ളത്‌ എന്ന വിശ്വാസം” വെച്ചുപുലർത്തുന്നവരാണെന്ന്‌ ഐക്യനാടുകളിൽ നടത്തിയ ഒരു സർവേ കണ്ടെത്തുകയുണ്ടായി. “അവരിൽ അഞ്ചിലൊരു ഭാഗം, മുതിർന്നപ്പോൾ തങ്ങൾ മതം മാറിയെന്നു പറഞ്ഞ”തായി അതേ സർവേ കാണിക്കുന്നു. ബ്രസീലിൽ നടത്തിയ ഒരു സർവേ സൂചിപ്പിക്കുന്നത്‌ അവിടത്തെ നാലിലൊന്നോളം പേർ മതം മാറിയിട്ടുണ്ടെന്നാണ്‌.

പണ്ടൊക്കെ ഓരോ മതത്തിന്റെയും വിശ്വാസങ്ങളെപ്രതി ചൂടുപിടിച്ച തർക്കങ്ങൾ പതിവായിരുന്നു. ഇന്നിപ്പോൾ, ‘മതം ഏതായാലെന്താ?’ എന്നൊരു മനോഭാവമാണ്‌ പൊതുവേ. എന്നാൽ, മതം ഏതാണെന്നത്‌ പ്രസക്തമാണോ? നിങ്ങൾ തിരഞ്ഞെടുക്കുന്ന മതം നിങ്ങളുടെമേൽ എന്തെങ്കിലും പ്രഭാവം ചെലുത്തുമോ?

വിവരമുള്ള ഉപഭോക്താക്കൾ സാധനങ്ങളുടെ ഉറവിടം സംബന്ധിച്ച്‌ തിരക്കാറുണ്ട്‌. അതുപോലെ നിങ്ങൾക്കും പിൻവരുംവിധം ചോദിക്കാനാകും: ‘ഇത്രയധികം മതങ്ങൾ ഉണ്ടായതെങ്ങനെ, എന്തുകൊണ്ട്‌?’ ബൈബിൾ ഇവയ്‌ക്ക്‌ ഉത്തരം നൽകുന്നു.

മതങ്ങൾ ഉണ്ടായത്‌ എങ്ങനെ?

പുരാതന ഇസ്രായേലിലെ യൊരോബെയാം രാജാവ്‌ പുതിയ ഒരു മതത്തിനു തുടക്കമിട്ടു, യേശു ഭൂമിയിൽ വരുന്നതിന്‌ ഏകദേശം ആയിരം വർഷംമുമ്പ്‌. സ്വതന്ത്രമായ വടക്കേ ഇസ്രായേൽ രാജ്യത്തിന്റെ ആദ്യത്തെ രാജാവായിരുന്നു യൊരോബെയാം. തന്റെ ലക്ഷ്യപ്രാപ്‌തിക്കായി ജനങ്ങളെയെല്ലാം ഒരൊറ്റക്കുടക്കീഴിൽ അണിനിരത്താൻ അദ്ദേഹം ആഗ്രഹിച്ചു; അതത്ര എളുപ്പമല്ലായിരുന്നു. അവസാനം “രാജാവു ആലോചിച്ചു പൊന്നുകൊണ്ടു രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി; നിങ്ങൾ യെരൂശലേമിൽ പോയതു മതി; യിസ്രായേലേ, ഇതാ . . . നിന്റെ ദൈവം എന്നു അവരോടു പറഞ്ഞു.” (1 രാജാക്കന്മാർ 12:28) ജനങ്ങൾ ആരാധന കഴിച്ചിരുന്ന യെരൂശലേമിൽനിന്ന്‌ അവരുടെ വിശ്വസ്‌തതയെ ഗതിമാറ്റിവിടാൻ രാജാവ്‌ ആഗ്രഹിച്ചുവെന്നു വ്യക്തം. അതിന്‌ അദ്ദേഹം ഉപയോഗിച്ച മാർഗമോ? മതം. യൊരോബെയാം തുടങ്ങിവെച്ച ആ മതം നൂറ്റാണ്ടുകളോളം നിലനിന്നു; മാത്രമല്ല വിശ്വാസത്യാഗികളായ ഇസ്രായേൽ ജനതയെ ദൈവം ന്യായംവിധിച്ചപ്പോൾ ജീവൻ നഷ്ടമാകുകയോ പ്രവാസത്തിലാകുകയോ ചെയ്‌തത്‌ ദശലക്ഷങ്ങൾക്കാണ്‌. അന്ന്‌ യൊരോബെയാം ആവിഷ്‌കരിച്ച മതം ഒരു രാഷ്‌ട്രീയ തന്ത്രമായിരുന്നു. അതുപോലെ, രാഷ്‌ട്രീയ അധികാരം ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഫലമായിട്ടാണ്‌ ഇന്നു കാണുന്ന പല ദേശീയമതങ്ങളും ഉണ്ടായത്‌ എന്നതാണു വസ്‌തുത.

മതങ്ങളെ സൃഷ്ടിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകത്തിലേക്കു വിരൽ ചൂണ്ടിക്കൊണ്ട്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞു: “ഞാൻ പോയ ശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്‌ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്‌താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്‌ക്കും.” (പ്രവൃത്തികൾ 20:29, 30) അഹങ്കാരികളായ നേതാക്കന്മാർ പലപ്പോഴും തങ്ങളിലേക്കുതന്നെ ശ്രദ്ധയാകർഷിക്കുകയെന്ന ലക്ഷ്യത്തിലാണ്‌ മതപ്രസ്ഥാനങ്ങൾക്കു രൂപംകൊടുക്കുന്നത്‌. ക്രിസ്‌തീയമെന്ന്‌ അവകാശപ്പെടുന്ന പല സഭകളും ഇന്നു ഛിന്നഭിന്നമായിരിക്കുകയാണ്‌.

മതങ്ങൾ ആരെയാണു പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നത്‌?

പൊതുജനത്തിന്റെ ഇഷ്ടങ്ങളും താത്‌പര്യങ്ങളും മാനിക്കുന്നതിനുവേണ്ടിയാണ്‌ ചില മതങ്ങൾ പിറവിയെടുക്കുന്നത്‌. ഉദാഹരണത്തിന്‌, ഐക്യനാടുകളിലെ ‘വമ്പൻസഭ’കളെക്കുറിച്ച്‌ ഇക്കോണമിസ്റ്റ്‌ മാസിക റിപ്പോർട്ടു ചെയ്യുകയുണ്ടായി. ലേഖനം പറയുന്നതനുസരിച്ച്‌ ഈ സഭകൾ തഴച്ചുവളരുന്നതിനുള്ള കാരണം “ലാഭംകൊയ്യുന്ന വ്യവസായ സംരംഭങ്ങളുടെ അതേ ആപ്‌തവാക്യമാണ്‌: ഉപഭോക്താക്കളുടെ സംതൃപ്‌തിയാണ്‌ ഞങ്ങളുടെ സന്തോഷം.” ഈ സഭകളിൽ ചിലത്‌ “വീഡിയോകളും നാടകങ്ങളും ആധുനിക സംഗീതങ്ങളും ഒക്കെ ഇണക്കിച്ചേർത്ത തകർപ്പൻ സേവനങ്ങളാണ്‌” കാഴ്‌ചവെക്കുന്നത്‌. “സമ്പത്തും ആരോഗ്യവുമുള്ള, അല്ലലുമലച്ചിലുമില്ലാത്ത ജീവിതം” നയിക്കാൻ സഭാംഗങ്ങളെ പഠിപ്പിക്കുന്നുവെന്നാണ്‌ ഈ സഭകളിലെ ചില നേതാക്കന്മാരുടെ അവകാശവാദം. വിനോദ വ്യവസായരംഗവുമായും ‘സ്വാശ്രയ സംരംഭങ്ങളുമായും’ ഉള്ള ബന്ധം ഇത്തരം സഭകളെ വിമർശനങ്ങളുടെ പ്രതിക്കൂട്ടിലാക്കുന്നുണ്ടെങ്കിലും “അവ കേവലം അംഗങ്ങളുടെ താത്‌പര്യങ്ങൾ മാനിക്കുക മാത്രമേ ചെയ്യുന്നുള്ളൂ” എന്നാണ്‌ മേൽപ്രസ്‌താവിച്ച മാസിക പറയുന്നത്‌. റിപ്പോർട്ടിന്റെ ഉപസംഹാരവാക്കുകൾ ഇങ്ങനെയായിരുന്നു: “ബിസിനസ്സും മതവും കൈകോർത്തതിന്റെ ഫലം ഗംഭീരമാണ്‌.”

മറ്റു മതങ്ങൾ ഇത്രത്തോളം വരില്ലായിരിക്കാം എന്നതു ശരിതന്നെ. എങ്കിലും “അംഗങ്ങളുടെ താത്‌പര്യങ്ങൾ മാനിക്കു”ന്ന സഭകൾ പൗലൊസിന്റെ ഒരു മുന്നറിയിപ്പാണ്‌ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്‌. അവൻ ഇങ്ങനെ എഴുതി: “അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും.”​—⁠2 തിമൊഥെയൊസ്‌ 4:3, 4.

അതേ, പല മതങ്ങളുടെയും വേരു തേടിപ്പോയാൽ, ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹമല്ല, പകരം ദേശീയ ഐക്യം, സ്ഥാനമാനങ്ങൾ, ജനസമ്മിതി എന്നീ ആഗ്രഹങ്ങൾ തൃപ്‌തിപ്പെടുത്താനുള്ള ശ്രമങ്ങളാണ്‌ അവയുടെ സൃഷ്ടിക്കു തിരികൊളുത്തിയത്‌ എന്നു വ്യക്തമാകും. ആ സ്ഥിതിക്ക്‌ മതങ്ങൾ ബാലപീഡനം, തട്ടിപ്പ്‌, യുദ്ധം, ഭീകരത തുടങ്ങിയ ഹീനകാര്യങ്ങളിൽ ഏർപ്പെടുന്നതിൽ അതിശയിക്കാനുണ്ടോ? പലപ്പോഴും മതങ്ങൾ പുറമേ കാണുന്നതുപോലെയല്ല. അങ്ങനെയെങ്കിൽ, വഞ്ചിക്കപ്പെടാതിരിക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

[4-ാം പേജിലെ ആകർഷകവാക്യം]

ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹമല്ല, പകരം രാഷ്‌ട്രീയ ഐക്യം, സ്ഥാനമാനങ്ങൾ, ജനസമ്മിതി എന്നീ ആഗ്രഹങ്ങൾ തൃപ്‌തിപ്പെടുത്താനുള്ള ശ്രമങ്ങളാണ്‌ അനേകം മതങ്ങളുടെയും സൃഷ്ടിക്കു തിരികൊളുത്തിയത്‌