ധൈര്യം ദൈവദാസർക്ക് അനിവാര്യം
ധൈര്യം ദൈവദാസർക്ക് അനിവാര്യം
മനക്കരുത്ത്, നിർഭയത്വം, ശൂരത തുടങ്ങിയ ഗുണങ്ങൾ പ്രകടമാക്കുന്നതിനെയാണ് ധൈര്യം എന്നു പറയുന്നത്. ഇതാകട്ടെ ഭയത്തിന്റെയും ഭീരുത്വത്തിന്റെയും ഒക്കെ നേർവിപരീതവും. (മർക്കൊസ് 6:49, 50; 2 തിമൊഥെയൊസ് 1:7) എക്കാലത്തും ദൈവദാസർ അവശ്യം പ്രകടമാക്കേണ്ട ഒരു ഗുണമായിരുന്നിട്ടുണ്ട് ഇത്, ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യകാലത്ത് വിശേഷിച്ചും.
ധൈര്യം ഉണ്ടായിരിക്കുന്നതിനെ സൂചിപ്പിക്കാൻ മിക്കപ്പോഴും ഉപയോഗിക്കുന്ന എബ്രായ ക്രിയാപദം ചസക് ആണ്. ‘ഉറപ്പുള്ളവരായിരിക്കുക’ എന്നാണ് അടിസ്ഥാനപരമായി ഇതിന്റെ അർഥം. പലപ്പോഴും ഒരു പ്രവൃത്തിയോടു ബന്ധപ്പെട്ടാണ് ഇത് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് 2 ദിനവൃത്താന്തം 19:11-ൽ “ധൈര്യപ്പെട്ടു (“ഉറപ്പോടെ,” NW) പ്രവർത്തിച്ചുകൊൾവിൻ; യഹോവ നല്ലവരോടുകൂടെ ഇരിക്കും” എന്നു പറഞ്ഞിരിക്കുന്നു. മിക്കപ്പോഴും ചസക് എന്ന പദത്തോടു ചേർത്ത് ‘ഉറപ്പുള്ളവരായിരിക്കുക’ എന്നുതന്നെ അർഥമുള്ള അമറ്റ്സ് എന്ന പദവും ഉപയോഗിക്കാറുണ്ട്. “ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ” (യോശുവ 10:25), “ധൈര്യപ്പെട്ടിരിപ്പിൻ; നിങ്ങളുടെ ഹൃദയം ഉറെച്ചിരിക്കട്ടെ” (സങ്കീർത്തനം 31:24) എന്നീ വാക്യങ്ങളിൽ ഈ രണ്ടു ക്രിയാപദങ്ങളും ഒരുമിച്ച് ഉപയോഗിച്ചിരിക്കുന്നതു കാണാം.
ധൈര്യം ഉണ്ടായിരിക്കുന്നതിനെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന രണ്ടു ഗ്രീക്ക് ക്രിയാപദങ്ങളാണ് താറിയോ, താർസിയോ എന്നിവ. ഉദാഹരണത്തിന് 2 കൊരിന്ത്യർ 5:8-ൽ “ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ടു” (താറിയോ) എന്നും മത്തായി 9:2-ൽ “മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു” (താർസിയോ) എന്നും കാണാവുന്നതാണ്. ഇനി ടോൾമയോ എന്ന മറ്റൊരു ക്രിയാപദവും ഉണ്ട്. ഏതെങ്കിലും ഒരു ദൗത്യത്തോടു ബന്ധപ്പെട്ട് ധൈര്യം പ്രകടമാക്കുന്നതിനെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. ‘തുനിയുക’ (റോമർ 15:18; യൂദാ 9), ‘മുതിരുക’ (മർക്കൊസ് 12:34, ഓശാന), ‘ധൈര്യപ്പെടുക’ (2 കൊരിന്ത്യർ 11:21) എന്നിങ്ങനെ വ്യത്യസ്തരീതിയിൽ ഇതു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
വിശ്വസ്തരായി നിലനിൽക്കുന്നതിന് ധൈര്യം ആവശ്യം
അത്യുന്നതനോടു വിശ്വസ്തരായിരിക്കാൻ ദൈവദാസർക്ക് എന്നും ധൈര്യം ആവശ്യമായിരുന്നിട്ടുണ്ട്. ഇസ്രായേല്യർ വാഗ്ദത്തദേശത്തേക്കു കടക്കാൻ തയ്യാറെടുക്കുമ്പോൾ മോശെ അവരോടു പറഞ്ഞു: “ബലവും ധൈര്യവുമുള്ളവരായിരിപ്പിൻ.” ഇതേ വാക്കുകൾതന്നെ തന്റെ പിൻഗാമിയായ യോശുവയോടും അവൻ ആവർത്തിക്കുകയുണ്ടായി. (ആവർത്തനപുസ്തകം 31:6, 7) മോശെയുടെ ഈ വാക്കുകൾക്ക് ഊന്നൽ നൽകിക്കൊണ്ട് യഹോവ പിന്നീട് യോശുവയോടു പറഞ്ഞു: “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക . . . നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക.” (യോശുവ 1:6, 7, 9) ആവശ്യമായ ധൈര്യം ലഭിക്കേണ്ടതിന് ജനം യഹോവയുടെ ന്യായപ്രമാണം കേട്ടു പഠിച്ച് അതനുസരിച്ചു നടക്കേണ്ടിയിരുന്നു. (ആവർത്തനപുസ്തകം 31:9-12) സമാനമായി ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കേണ്ടതിന് ന്യായപ്രമാണം ക്രമമായി വായിച്ച് അത് അനുവർത്തിക്കാൻ യോശുവയ്ക്കു നിർദേശം ലഭിച്ചു. “ഈ ന്യായപ്രമാണപുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും.” (യോശുവ 1:8) ധൈര്യത്തോടും വിശ്വസ്തതയോടും ജ്ഞാനത്തോടും കൂടെ പ്രവർത്തിച്ചുകൊണ്ട് വിജയത്തിലെത്താനാകുന്ന അതേ പാതതന്നെയാണ് ഇന്നും ദൈവദാസന്മാരുടെ മുമ്പാകെയുള്ളത്.
ധൈര്യം സംഭരിക്കാനുള്ള ഉപാധികൾ
ധൈര്യപ്പെട്ടിരിപ്പിൻ എന്ന ആഹ്വാനം ബൈബിളിൽ പലയിടങ്ങളിൽ കാണാം. കൂടാതെ ധൈര്യം ആർജിക്കാനുള്ള വിധവും അതിൽ വിവരിച്ചിരിക്കുന്നു. (സങ്കീർത്തനം 31:24) സഹാരാധകരുമായുള്ള സഹവാസം ഒരു വലിയ സഹായമാണ്. ദുഷ്കര സാഹചര്യങ്ങളിൽ ആയിരുന്ന പൗലൊസ് ക്രിസ്തീയ സഹോദരങ്ങളെ കണ്ട മാത്രയിൽ “ദൈവത്തെ വാഴ്ത്തി ധൈര്യം പ്രാപിച്ചു.” (പ്രവൃത്തികൾ 28:15) ഇനി, ധൈര്യശാലിയായ ദാവീദ് സങ്കീർത്തനം 27:14-ൽ ഇങ്ങനെ പറഞ്ഞു: “ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ.” ധൈര്യശാലിയായിരിക്കാൻ തന്നെ സഹായിച്ചത് എന്താണെന്ന് അതിനു മുമ്പുള്ള വാക്യങ്ങളിൽ അവൻ വെളിപ്പെടുത്തുന്നു: “ജീവന്റെ ബലം” ആയ യഹോവയിൽ ഉള്ള ആശ്രയം (വാക്യം 1), തന്റെ ശത്രുക്കളെ യഹോവ കൈകാര്യം ചെയ്തതിന്റെ മുൻകാല അനുഭവങ്ങൾ (വാക്യങ്ങൾ 2, 3), യഹോവയുടെ ആരാധനാലയത്തോടുള്ള വിലമതിപ്പ് (വാക്യം 4), സംരക്ഷിക്കാനും സഹായിക്കാനും വിടുവിക്കാനും ഉള്ള യഹോവയുടെ പ്രാപ്തിയിലുള്ള വിശ്വാസം (വാക്യങ്ങൾ 5-10), ദൈവത്തിന്റെ നീതിയുള്ള തത്ത്വങ്ങളെക്കുറിച്ചുള്ള തുടർച്ചയായ പഠനം (വാക്യം 11), വിശ്വാസം പ്രത്യാശ എന്നീ ഗുണങ്ങൾ (വാക്യങ്ങൾ 13, 14).
ക്രിസ്ത്യാനികൾക്കു ധൈര്യം ആവശ്യം
യഹോവയാം ദൈവവുമായി ശത്രുത്വം പുലർത്തുന്ന ഒരു ലോകത്തിന്റെ മനോഭാവങ്ങളാലും പ്രവർത്തനങ്ങളാലും കളങ്കപ്പെടാതിരിക്കാൻ ക്രിസ്ത്യാനികൾക്കു ധൈര്യം ആവശ്യമാണ്. ലോകത്തിന്റെ വിദ്വേഷത്തിനു പാത്രമാകേണ്ടി വരുമ്പോൾ യഹോവയോടു വിശ്വസ്തരായി തുടരുന്നതിനും യോഹന്നാൻ 16:33) ദൈവപുത്രൻ ഒരിക്കലും ലോകത്തിന്റെ സ്വാധീനങ്ങൾക്കു വഴങ്ങിയില്ല. ഒരുപ്രകാരത്തിലും ലോകത്തിന് അനുരൂപപ്പെടാതെ അവൻ ലോകത്തെ ജയിച്ചു. അവന് അത് എങ്ങനെ സാധ്യമായി, കളങ്കരഹിതമായ ജീവിതം നയിച്ചതിന് അവന് എന്തു പ്രതിഫലം ലഭിച്ചു എന്നതിനെക്കുറിച്ചൊക്കെ ധ്യാനിക്കുമ്പോൾ അവനെ അനുകരിക്കാനുള്ള ധൈര്യം നമുക്കു ലഭിക്കും.—യോഹന്നാൻ 17:16.
ധൈര്യം കൂടിയേ തീരൂ. യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.” (യേശു തന്റെ അനുഗാമികളെ ഭരമേൽപ്പിച്ച വേല നിർവഹിക്കുന്നതിനും ധൈര്യം ആവശ്യമാണ്. “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും” എന്നും “ഭൂമിയുടെ അറ്റത്തോളവും [നിങ്ങൾ] എന്റെ സാക്ഷികൾ ആകും” എന്നും അവൻ അവരോടു പറഞ്ഞു.—മത്തായി 24:14; പ്രവൃത്തികൾ 1:8.
പ്രസംഗവേലയിലെ തങ്ങളുടെ പ്രയത്നത്തിന് ക്രിസ്ത്യാനികൾ എന്തു ഫലം പ്രതീക്ഷിക്കണം? പൗലൊസിന്റെ അനുഭവം ഇങ്ങനെയായിരുന്നു: “അവൻ പറഞ്ഞതു ചിലർ സമ്മതിച്ചു; ചിലർ വിശ്വസിച്ചില്ല.” (പ്രവൃത്തികൾ 28:24) ദൈവവചനത്തിൽ അധിഷ്ഠിതമായ യഥാർഥ ക്രിസ്തീയ പ്രസംഗവേല ഏതെങ്കിലും തരത്തിലുള്ള ഒരു പ്രതികരണം ഉളവാക്കുമെന്നതിൽ സംശയമില്ല. അത് ശക്തിചെലുത്തുന്നതും ജീവസ്സുറ്റതും ആണെന്നു മാത്രമല്ല ആളുകൾ ഒരു നിലപാട് എടുക്കേണ്ട വിഷയങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. ചിലർ രാജ്യസന്ദേശത്തോട് കടുത്ത എതിർപ്പു പ്രകടിപ്പിക്കുന്നു. (പ്രവൃത്തികൾ 13:50; 18:5, 6) മറ്റുചിലരാകട്ടെ കുറെക്കാലത്തേക്ക് അനുകൂലമായി പ്രതികരിക്കുകയും വ്യത്യസ്ത കാരണങ്ങളാൽ പിന്നീട് പിൻവാങ്ങിപ്പോകുകയും ചെയ്യുന്നു. (യോഹന്നാൻ 6:65, 66) ഇനിയും ചിലർ സുവാർത്ത സ്വീകരിക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. (പ്രവൃത്തികൾ 17:11; ലൂക്കൊസ് 8:15) തീർച്ചയായും, എതിർപ്പിനെയും നിസ്സംഗതയെയും തരണംചെയ്ത് മുന്നേറാൻ രാജ്യസുവാർത്താ ഘോഷകർക്ക് ധൈര്യം ആവശ്യമാണ്.
പീഡനങ്ങളോട് ഉചിതമായ മനോഭാവം
ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്ന ക്രിസ്ത്യാനികൾക്ക് പീഡനം പ്രതീക്ഷിക്കാം. കാരണം “ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും” എന്ന് ബൈബിൾ പറയുന്നു. (2 തിമൊഥെയൊസ് 3:12) എന്നിരുന്നാലും കൊടിയ പീഡനം സധൈര്യം സഹിച്ചുനിൽക്കാനും അതേസമയം പീഡകരോട് വിദ്വേഷവും പകയും ഒന്നും വെച്ചുപുലർത്താതെ സന്തോഷനിർഭരമായ ഒരു മനോഭാവം നിലനിറുത്താനും അവർക്കാകുന്നു. അതിന്റെ കാരണം പീഡനങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെന്നും അത് അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നും അവർക്ക് അറിയാം എന്നതാണ്. ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ അന്ധാളിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നതിനു പകരം സഹിച്ചുനിന്നുകൊണ്ട് വിശ്വസ്തതയുടെ പരിശോധനയിൽ ക്രിസ്തുവിനോടൊപ്പം പങ്കാളികളാകുന്നതിൽ അവർ സന്തോഷിക്കുന്നു.—1 പത്രൊസ് 4:12-14.
ധീരരായ ജേതാക്കൾ
“ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” എന്ന് യേശു തന്റെ അനുഗാമികളോടു പറഞ്ഞു. അവന്റെ മാതൃക വിശ്വസ്തതയോടെ പിൻപറ്റുകയും അതുപോലെതന്നെ ദൈവവചനമായ ബൈബിളിലൂടെയും യഹോവയുടെ ആത്മാവിനാൽ നയിക്കപ്പെടുന്ന സംഘടനയിലൂടെയും ലഭിക്കുന്ന എല്ലാ സഹായങ്ങളും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നവർക്ക് അതു സാധ്യമാണ്. എബ്രായർ 13:5, 6-ൽ “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്ന ഉറപ്പ് യഹോവ നൽകിയിരിക്കുന്നു. അതുകൊണ്ട് നമുക്ക് സധൈര്യം ഇങ്ങനെ പറയാം: “കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും.”
[31-ാം പേജിലെ ചതുരം]
യഹോവയുടെ സാക്ഷികളുടെ 2007-ലെ “ക്രിസ്തുവിനെ അനുഗമിക്കുക!” ഡിസ്ട്രിക്റ്റ് കൺവെൻഷൻ
തീയതികൾ നഗരം ഭാഷ
1. ആഗ. 31-സെപ്റ്റ. 2 ചെന്നൈ-1 തമിഴ്
2. ആഗ. 31-സെപ്റ്റ. 2 കൊച്ചി-1 മലയാളം
3. ആഗ. 31-സെപ്റ്റ. 2 കോഴിക്കോട് മലയാളം
4. സെപ്റ്റ. 7-9 ഗാങ്ടോക് നേപ്പാളി
5. സെപ്റ്റ. 21-23 കൊച്ചി-2 മലയാളം
6. സെപ്റ്റ. 28-30 ചെന്നൈ-2 തമിഴ്
7. സെപ്റ്റ. 28-30 കോയമ്പത്തൂർ തമിഴ്
8. ഒക്ടോ. 5-7 ദുലിയാജാൻ ഹിന്ദി
9. ഒക്ടോ. 5-7 മധുര തമിഴ്
10. ഒക്ടോ. 5-7 തിരുച്ചിറപ്പള്ളി തമിഴ്
11. ഒക്ടോ. 13-14 ഐസോൾ മിസോ
12. ഒക്ടോ. 12-14 ബാംഗളൂർ ഇംഗ്ലീഷ്
13. ഒക്ടോ. 12-14 ജംഷഡ്പൂർ ഹിന്ദി
14. ഒക്ടോ. 12-14 മാംഗളൂർ കന്നഡ
15. ഒക്ടോ. 12-14 മുംബൈ ഹിന്ദി
16. ഒക്ടോ. 12-14 വിജയവാഡ തെലുങ്ക്
17. ഒക്ടോ. 19-21 ബാംഗളൂർ തമിഴ്
18. ഒക്ടോ. 19-21 ചിഞ്ച്വഡ് ഹിന്ദി
19. ഒക്ടോ. 19-21 ജലന്തർ പഞ്ചാബി
20. ഒക്ടോ. 19-21 ന്യൂഡൽഹി ഹിന്ദി
21. ഒക്ടോ. 19-21 പോർട്ട്ബ്ലെയർ ഹിന്ദി
22. ഒക്ടോ. 19-21 സെക്കന്തരാബാദ് തെലുങ്ക്
23. ഒക്ടോ. 26-28 ആനന്ദ് ഗുജറാത്തി
24. ഒക്ടോ. 26-28 കൊൽക്കത്ത ബംഗാളി