നമുക്കൊരുമിച്ച് യഹോവയുടെ നാമത്തെ സ്‌തുതിക്കാം
നമുക്കൊരുമിച്ച് യഹോവയുടെ നാമത്തെ സ്‌തുതിക്കാം
“എന്നോടൊത്തു കർത്താവിനെ [“യഹോവയെ,” NW] മഹത്വപ്പെടുത്തുവിൻ; നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്‌തുതിക്കാം.”—സങ്കീർത്തനം 34:3, പി.ഒ.സി. ബൈബിൾ.
1. യേശു തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത് എന്തു നല്ല ദൃഷ്ടാന്തം വെച്ചു?
പൊതുയുഗം 33 നീസാൻ 14 രാത്രിയിൽ യെരൂശലേമിലെ ഒരു വീടിന്റെ മാളികമുറിയിൽ കൂടിവന്ന യേശുവും അപ്പൊസ്‌തലന്മാരും യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ ആലപിച്ചു. (മത്തായി 26:30) അപ്പൊസ്‌തലന്മാരോടൊപ്പം അവൻ അങ്ങനെ ചെയ്‌ത അവസാന സന്ദർഭമായിരുന്നു അത്. എന്നിരുന്നാലും യഹോവയ്‌ക്കു സ്‌തുതി പാടിക്കൊണ്ട് അവൻ ആ കൂടിവരവ് ഉപസംഹരിച്ചതു തികച്ചും ഉചിതമായിരുന്നു. ഭൗമിക ശുശ്രൂഷയുടെ ആദിയോടന്തം യേശു തന്റെ സ്വർഗീയ പിതാവിനെ സ്‌തുതിക്കുകയും അവന്റെ നാമത്തെ സതീക്ഷ്‌ണം പ്രസിദ്ധമാക്കുകയും ചെയ്‌തു. (മത്തായി 4:10; 6:9; 22:37, 38; യോഹന്നാൻ 12:28; 17:6) ‘എന്നോടൊത്തു യഹോവയെ മഹത്വപ്പെടുത്തുവിൻ; നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്‌തുതിക്കാം’ എന്ന ഊഷ്‌മളമായ ക്ഷണം വെച്ചുനീട്ടിയ സങ്കീർത്തനക്കാരന്റെ മനോഭാവം പ്രതിഫലിപ്പിക്കുകയായിരുന്നു അവൻ. (സങ്കീർത്തനം 34:3) നമുക്ക് എത്ര നല്ലൊരു മാതൃക!
2, 3. (എ) 34-ാം സങ്കീർത്തനം പ്രാവചനിക പ്രാധാന്യമുള്ളതാണെന്നു നമുക്ക് എങ്ങനെ അറിയാം? (ബി) ഈ ലേഖനത്തിലും അടുത്തതിലും നാം എന്തു പരിചിന്തിക്കും?
2 യേശുവിനോടൊപ്പം സ്‌തുതികൾ പാടിയതിന് ഏതാനും മണിക്കൂറുകൾക്കുശേഷം തികച്ചും വ്യത്യസ്‌തമായ ഒരു രംഗത്തിനു യോഹന്നാൻ അപ്പൊസ്‌തലൻ സാക്ഷ്യംവഹിച്ചു—രണ്ടു കുറ്റപ്പുള്ളികളും തന്റെ കർത്താവും സ്‌തംഭങ്ങളിൽ തറയ്‌ക്കപ്പെട്ടിരിക്കുന്നു. കുറ്റപ്പുള്ളികൾ പെട്ടെന്നു മരിക്കേണ്ടതിന് റോമൻ പടയാളികൾ അവരുടെ കാലുകൾ ഒടിച്ചു. എന്നാൽ യേശുവിന്റെ കാര്യത്തിൽ അങ്ങനെ ചെയ്‌തില്ലെന്നു യോഹന്നാൻ റിപ്പോർട്ടു ചെയ്യുന്നു. യേശു അപ്പോഴേക്കും മരിച്ചുകഴിഞ്ഞിരുന്നു എന്നതായിരുന്നു കാരണം. ‘അവന്റെ അസ്ഥികളിലൊന്നും ഒടിഞ്ഞുപോകയില്ല’ എന്ന 34-ാം സങ്കീർത്തനത്തിലെ വാക്കുകളുടെ നിവൃത്തിയായി പ്രസ്‌തുത സംഭവത്തെ യോഹന്നാൻ തന്റെ സുവിശേഷത്തിൽ എടുത്തുകാട്ടി.—സങ്കീർത്തനം 34:20; യോഹന്നാൻ 19:32-36.
3 ക്രിസ്‌ത്യാനികൾക്കു താത്‌പര്യജനകമായ മറ്റു പല ആശയങ്ങളും 34-ാം സങ്കീർത്തനത്തിലുണ്ട്. അതുകൊണ്ട് ഈ ലേഖനത്തിലും അടുത്തതിലുമായി, ദാവീദ് ഈ സങ്കീർത്തനം എഴുതിയത് ഏതു സാഹചര്യങ്ങളിൽ ആയിരുന്നുവെന്നു നമുക്ക് അവലോകനം ചെയ്യുകയും തുടർന്ന് ഇതിന്റെ പ്രോത്സാഹജനകമായ ഉള്ളടക്കം പരിചിന്തിക്കുകയും ചെയ്യാം.
ദാവീദിന്റെ പലായനം
4. (എ) ദാവീദിനെ ഇസ്രായേലിന്റെ ഭാവി രാജാവായി അഭിഷേകം ചെയ്‌തത് എന്തുകൊണ്ട്? (ബി) ശൗലിന് ദാവീദിനോടു ‘വളരെ സ്‌നേഹം’ തോന്നിയതിന്റെ കാരണമെന്ത്?
4 ദാവീദിന്റെ ചെറുപ്പകാലത്ത് ശൗലായിരുന്നു ഇസ്രായേലിലെ രാജാവ്. എന്നാൽ അനുസരണക്കേടു കാണിച്ച ശൗലിനു യഹോവയുടെ പ്രീതി നഷ്ടമായി. തന്നിമിത്തം ശമൂവേൽ പ്രവാചകൻ അവനോട് ഇങ്ങനെ പറഞ്ഞു: “യഹോവ ഇന്നു യിസ്രായേലിന്റെ രാജത്വം നിങ്കൽ നിന്നു കീറി നിന്നെക്കാൾ ഉത്തമനായ നിന്റെ കൂട്ടുകാരന്നു കൊടുത്തിരിക്കുന്നു.” (1 ശമൂവേൽ 15:28) പിന്നീട്, യിശ്ശായിയുടെ ഏറ്റവും ഇളയ പുത്രനായ ദാവീദിനെ ഇസ്രായേലിന്റെ അടുത്ത രാജാവായി അഭിഷേകം ചെയ്യാൻ യഹോവ ശമൂവേലിനോടു നിർദേശിച്ചു. അതേസമയം ദൈവാത്മാവ് നഷ്ടപ്പെട്ട ശൗൽ വിഷാദമഗ്നനായിത്തീർന്നു. അവന്റെ മനശ്ശാന്തിക്കായി, കിന്നര വായനയിൽ സമർഥനായിരുന്ന ദാവീദിനെ ഗിബെയയിലേക്കു വിളിപ്പിച്ചു. ദാവീദിന്റെ സംഗീതത്തിൽ ആശ്വാസം കണ്ടെത്തിയ ശൗലിന് “അവനോടു വളരെ സ്‌നേഹമായി.”—1 ശമൂവേൽ 16:11, 13, 21, 23.
5. ദാവീദിനോടുള്ള ശൗലിന്റെ മനോഭാവത്തിനു മാറ്റംവന്നത് എന്തുകൊണ്ട്, ദാവീദ് എന്തു ചെയ്യാൻ നിർബന്ധിതനായി?
5 യഹോവ ദാവീദിനോടൊപ്പം ഉണ്ടായിരുന്നുവെന്നു കാലം തെളിയിച്ചു. ഫെലിസ്‌ത്യ മല്ലനായ ഗൊല്യാത്തിനെ തറപറ്റിക്കാൻ യഹോവ അവനെ സഹായിച്ചു. സമർഥമായ സൈനിക മുന്നേറ്റങ്ങളിലൂടെ ഇസ്രായേല്യരുടെ വീരപുരുഷനായി മാറിയ അവനെ യഹോവ തുടർന്നും പിന്തുണച്ചുകൊണ്ടിരുന്നു. എന്നാൽ ആ അനുഗ്രഹങ്ങളെല്ലാം കണ്ടപ്പോൾ ശൗലിന് അസൂയയായി, അവൻ ദാവീനെ വെറുക്കാൻ തുടങ്ങി. തന്റെ മുമ്പാകെ കിന്നരം വായിച്ചുകൊണ്ടിരുന്ന ദാവീദിനു നേരെ രണ്ട് അവസരങ്ങളിൽ അവൻ 1 ശമൂവേൽ 18:11; 19:9, 10.
കുന്തം എറിഞ്ഞു. രണ്ടു പ്രാവശ്യവും ദാവീദ് മാറിക്കളഞ്ഞു. മൂന്നാമതും വധശ്രമമുണ്ടായപ്പോൾ ജീവനുംകൊണ്ട് ഓടിപ്പോകുകയല്ലാതെ രക്ഷയില്ലെന്ന് ഇസ്രായേലിന്റെ ആ ഭാവി രാജാവു മനസ്സിലാക്കി. തന്നെ പിടികൂടി വധിക്കാനുള്ള ശൗലിന്റെ നിരന്തര ശ്രമം നിമിത്തം ഒടുവിൽ ഇസ്രായേലിനു വെളിയിൽ അഭയം തേടാൻ ദാവീദു തീരുമാനിച്ചു.—6. നോബ് നഗരത്തിലുള്ളവരെ കൊല്ലാൻ ശൗൽ കൽപ്പിച്ചത് എന്തുകൊണ്ടായിരുന്നു?
6 ഇസ്രായേലിന്റെ അതിർത്തിയിലേക്കു പലായനം ചെയ്യവേ ദാവീദ്, യഹോവയുടെ തിരുനിവാസം സ്ഥിതിചെയ്‌തിരുന്ന നോബ് എന്ന നഗരത്തിൽ തങ്ങി. സഹായത്തിനായി മറ്റു ചെറുപ്പക്കാരും അവനോടൊപ്പമുണ്ടായിരുന്നു. തനിക്കും സംഘത്തിനുമുള്ള ഭക്ഷണം ദാവീദ് അവിടെനിന്നു സമ്പാദിച്ചു. മഹാപുരോഹിതൻ ദാവീദിനും കൂടെയുള്ളവർക്കും ഭക്ഷണവും ഗൊല്യാത്തിന്റെ വാളും കൊടുത്തുവെന്നു ശൗൽ മനസ്സിലാക്കി. കുപിതനായിത്തീർന്ന അവൻ 85 പുരോഹിതന്മാർ ഉൾപ്പെടെ ആ പട്ടണത്തിലുള്ള എല്ലാവരെയും കൊന്നുകളയാൻ കൽപ്പിച്ചു.—1 ശമൂവേൽ 21:1, 2; 22:12, 13, 18, 19; മത്തായി 12:3, 4.
മറ്റൊരു രക്ഷപ്പെടൽ
7. ഗത്ത് ദാവീദിന് സുരക്ഷിതമായ ഒരു ഒളിസ്ഥലമല്ലാതിരുന്നത് എന്തുകൊണ്ട്?
7 നോബിൽനിന്ന് ഏകദേശം 40 കിലോമീറ്റർ പടിഞ്ഞാറുള്ള, ഗൊല്യാത്തിന്റെ സ്വദേശമായ ഗത്തിലേക്ക് ഓടിപ്പോയ ദാവീദ് അവിടെ ഫെലിസ്‌ത്യ രാജാവായ ആഖീശിന്റെ അടുക്കൽ അഭയംതേടി. ശൗൽ തന്നെത്തേടി ഗത്തിൽ വരാൻ തീരെ സാധ്യതയില്ലെന്നു ദാവീദ് ചിന്തിച്ചിരിക്കാം. ആഖീശിന്റെ സേവകർ പക്ഷേ പെട്ടെന്നുതന്നെ ദാവീദിനെ തിരിച്ചറിഞ്ഞു. അക്കാര്യം മനസ്സിലാക്കാനിടയായ അവൻ “ഗത്ത്‌രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു.”—1 ശമൂവേൽ 21:10-12.
8. (എ) ദാവീദിന് ഗത്തിലുണ്ടായ അനുഭവത്തെക്കുറിച്ച് 56-ാം സങ്കീർത്തനം നമ്മോട് എന്തു പറയുന്നു? (ബി) ദാവീദ് മരണത്തിന്റെ വായിൽനിന്നു രക്ഷപ്പെട്ടത് എങ്ങനെ?
8 ഫെലിസ്‌ത്യർ ദാവീദിനെ പിടികൂടി. “എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ” എന്ന അപേക്ഷ അടങ്ങിയ ഹൃദയസ്‌പർശിയായ 56-ാം സങ്കീർത്തനം ദാവീദ് രചിച്ചത് ഈ സമയത്തായിരിക്കാം. (8-ാം വാക്യവും മേലെഴുത്തും) യഹോവ തന്റെ സങ്കടം മറന്നുകളയില്ലെന്നും സ്‌നേഹപൂർവം തന്നെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നുമുള്ള ബോധ്യം അവൻ പ്രകടമാക്കുകയായിരുന്നു അതിലൂടെ. ഫെലിസ്‌ത്യ രാജാവിനെ കബളിപ്പിക്കാൻ അവൻ ഒരു വഴി കണ്ടെത്തുകയും ചെയ്‌തു. ബുദ്ധിഭ്രമം ഉള്ളവനെപ്പോലെ അവൻ അഭിനയിച്ചു. അതു കണ്ടപ്പോൾ ഒരു ‘ഭ്രാന്തനെ’ തന്റെ മുമ്പാകെ കൊണ്ടുവന്നത് എന്തിന് എന്നു ചോദിച്ചുകൊണ്ട് ആഖീശ് തന്റെ സേവകരെ ശകാരിച്ചു. വ്യക്തമായും 1 ശമൂവേൽ 21:13-15.
യഹോവ ദാവീദിന്റെ പദ്ധതിയെ അനുഗ്രഹിച്ചു. ആ നഗരത്തിൽനിന്ന് അവർ അവനെ ഓടിച്ചുകളഞ്ഞു, മരണത്തിന്റെ വായിൽനിന്നുള്ള മറ്റൊരു രക്ഷപ്പെടലായിരുന്നു അത്!—9, 10. എന്തു കാരണത്താലാണ് ദാവീദ് 34-ാം സങ്കീർത്തനം എഴുതിയത്, അതു രചിച്ചപ്പോൾ അവന്റെ മനസ്സിൽ ആർ ഉണ്ടായിരുന്നിരിക്കാം?
9 ദാവീദിന്റെ ആളുകൾ അവനോടൊപ്പം ഗത്തിലേക്കു പോയിരുന്നോ അതോ അവന്റെ സംരക്ഷണാർഥം സമീപത്തുള്ള ഇസ്രായേൽ ഗ്രാമങ്ങളിൽ നിലയുറപ്പിക്കുകയായിരുന്നോ എന്നു ബൈബിൾ പറയുന്നില്ല. എന്തുതന്നെയായിരുന്നാലും അവരെ കണ്ടുമുട്ടിയപ്പോൾ, യഹോവ വീണ്ടും തന്നെ വിടുവിച്ചതിനെക്കുറിച്ചുള്ള ദാവീദിന്റെ വിവരണം കേട്ട് അവരെല്ലാം വളരെ സന്തോഷിച്ചിരിക്കണം. പ്രസ്‌തുത സംഭവമാണ് 34-ാം സങ്കീർത്തനത്തിന്റെ പശ്ചാത്തലം, അതുതന്നെയാണ് അതിന്റെ മേലെഴുത്തു പ്രകടമാക്കുന്നതും. അതിന്റെ ആദ്യത്തെ ഏഴു വാക്യങ്ങളിൽ, തന്നെ വിടുവിച്ചതിന് ദാവീദ് യഹോവയെ വാഴ്‌ത്തുകയും ശക്തനായ രക്ഷകനെന്ന നിലയിൽ അവനെ തന്നോടൊപ്പം സ്‌തുതിക്കാൻ സഹചാരികളെ ക്ഷണിക്കുകയും ചെയ്യുന്നു.—സങ്കീർത്തനം 34:3, 4, 7.
10 ദാവീദും കൂട്ടുകാരും ഗത്തിൽനിന്ന് ഉദ്ദേശം 15 കിലോമീറ്റർ കിഴക്ക് ഇസ്രായേൽ മലമ്പ്രദേശങ്ങളിലുള്ള അദുല്ലാം ഗുഹയിൽ അഭയംപ്രാപിച്ചു. ശൗൽ രാജാവിന്റെ ഭരണത്തിൽ അതൃപ്‌തരായ ഇസ്രായേല്യരും അവരുടെ അടുക്കൽ വന്നുകൂടി. (1 ശമൂവേൽ 22:1, 2) സങ്കീർത്തനം 34:8-22 വരെയുള്ള ഭാഗം രചിച്ചപ്പോൾ ദാവീദിന്റെ മനസ്സിൽ അവർ ഉണ്ടായിരുന്നിരിക്കാം. ആ വാക്യങ്ങളിലുള്ള ഓർമിപ്പിക്കലുകൾ ഇന്നു നമുക്കും പ്രധാനമാണ്, മനോഹരമായ ഈ സങ്കീർത്തനത്തിന്റെ വിശദമായ ഒരു പരിചിന്തനം എന്തുകൊണ്ടും നമുക്കു പ്രയോജനം ചെയ്യും.
ദാവീദിന്റെ ഹൃദയാഭിലാഷം തന്നെയാണോ നിങ്ങൾക്കുമുള്ളത്?
11, 12. യഹോവയെ നിരന്തരം സ്‌തുതിക്കാൻ നമുക്ക് എന്തു കാരണങ്ങളുണ്ട്?
11 “ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്‌ത്തും; അവന്റെ സ്‌തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും.” (സങ്കീർത്തനം 34:1) ഭ്രഷ്ട് കൽപ്പിക്കപ്പെട്ട ഒരുവനെപ്പോലെ അലഞ്ഞുതിരിഞ്ഞ ദാവീദ്, ഉണ്ണുകയും ഉടുക്കുകയും ചെയ്യുന്നതുപോലുള്ള അടിസ്ഥാന കാര്യങ്ങൾ സംബന്ധിച്ച് ഉത്‌കണ്‌ഠപ്പെട്ടിരുന്നിരിക്കണം. എന്നാൽ അതൊന്നും, യഹോവയെ സ്‌തുതിക്കാനുള്ള അവന്റെ ദൃഢനിശ്ചയത്തിനു മങ്ങലേൽപ്പിച്ചില്ല എന്ന് മേൽപ്പറഞ്ഞ വാക്കുകൾ പ്രകടമാക്കുന്നു. ക്ലേശങ്ങൾ നേരിടുമ്പോൾ നമുക്ക് അനുകരിക്കാനാകുന്ന എത്ര നല്ല മാതൃക! സ്‌കൂളിലോ ജോലിസ്ഥലത്തോ സഹക്രിസ്‌ത്യാനികളോടൊപ്പമോ പരസ്യശുശ്രൂഷയിലോ ആയിരുന്നാലും യഹോവയെ സ്‌തുതിക്കുക എന്നതായിരിക്കണം നമ്മുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ആഗ്രഹം. നാം അങ്ങനെ ചെയ്യേണ്ടതിനുള്ള എണ്ണമറ്റ കാരണങ്ങളെക്കുറിച്ച് ഒന്നോർത്തുനോക്കൂ! ഉദാഹരണത്തിന് യഹോവയുടെ അതിശയമാർന്ന സൃഷ്ടിക്രിയകളോടുള്ള ബന്ധത്തിൽ കണ്ടെത്താനും ആസ്വദിക്കാനുമാകുന്ന കാര്യങ്ങൾക്കു യാതൊരു അന്തവുമില്ല. തന്റെ സംഘടനയുടെ ഭൗമിക ഭാഗത്തെ ഉപയോഗിച്ചുകൊണ്ട് അവൻ എന്തെല്ലാം നിറവേറ്റിയിരിക്കുന്നു എന്നതിനെക്കുറിച്ചും ചിന്തിക്കുക! ഈ ആധുനിക നാളുകളിൽ, വിശ്വസ്‌തരായ മനുഷ്യരെ—അവർ അപൂർണരാണെങ്കിലും—അതിശക്തമായ വിധങ്ങളിൽ യഹോവ ഉപയോഗിച്ചിരിക്കുന്നു. ലോകം പൂജിക്കുന്ന വ്യക്തികളുടെ നേട്ടങ്ങളുമായി യഹോവയുടെ പ്രവൃത്തികളെ നിങ്ങൾക്കു താരതമ്യം ചെയ്യാനാകുമോ? “കർത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല” എന്ന ദാവീദിന്റെ വാക്കുകളോടു നിങ്ങൾ യോജിക്കുകയില്ലേ?—സങ്കീർത്തനം 86:8.
12 യഹോവയുടെ അനുപമമായ പ്രവൃത്തികൾ, അവനെ നിരന്തരം സ്‌തുതിക്കാൻ ദാവീദിനെപ്പോലെ നമ്മെയും ശക്തമായി പ്രചോദിപ്പിക്കുന്നു. കൂടാതെ ദൈവരാജ്യം ഇപ്പോൾ ദാവീദിക രാജത്വത്തിന്റെ നിത്യാവകാശിയായ യേശുക്രിസ്‌തുവിന്റെ കരങ്ങളിലാണ് എന്നറിയുന്നതു നമ്മെ പുളകംകൊള്ളിക്കുകയും ചെയ്യുന്നു. (വെളിപ്പാടു 11:15) ഈ വ്യവസ്ഥിതിയുടെ അന്ത്യം ആസന്നമാണെന്നാണ് ഇതിന്റെയർഥം. 600 കോടിയിലേറെപ്പേരുടെ അനന്തഭാവിയാണു തുലാസ്സിൽ തൂങ്ങുന്നത്. ദൈവരാജ്യത്തെക്കുറിച്ചും മനുഷ്യവർഗത്തിനായി അതു പെട്ടെന്നുതന്നെ ചെയ്യാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും മറ്റുള്ളവരോടു പറയുന്നതും നമ്മോടൊപ്പം യഹോവയെ സ്‌തുതിക്കാൻ അവരെ സഹായിക്കുന്നതും മുമ്പെന്നത്തേതിലും അടിയന്തിരമാണിന്ന്. ഏറെ വൈകുംമുമ്പേ ഈ “സുവിശേഷം” വിലമതിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ അവസരങ്ങളും ഉപയോഗിക്കുക എന്നതായിരിക്കണം ജീവിതത്തിൽ നമ്മുടെ പ്രഥമലക്ഷ്യം.—മത്തായി 24:14.
13. (എ) ദാവീദ് പ്രശംസിച്ചത് ആരിലായിരുന്നു, എങ്ങനെയുള്ളവർ അതിനോടു പ്രതികരിച്ചു? (ബി) സൗമ്യതയുള്ളവർ ഇന്നു ക്രിസ്‌തീയ സഭയിലേക്ക് ആകർഷിക്കപ്പെടുന്നത് എങ്ങനെ?
13 “എന്റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു; എളിയവർ [“സൗമ്യതയുള്ളവർ,” NW] അതു കേട്ടു സന്തോഷിക്കും.” (സങ്കീർത്തനം 34:2) വ്യക്തിപരമായ നേട്ടങ്ങളെക്കുറിച്ച് ദാവീദ് സ്വയം പ്രശംസിക്കുകയായിരുന്നില്ല. ഉദാഹരണത്തിന് ഗത്ത് രാജാവിനെ കബളിപ്പിച്ച വിധം സംബന്ധിച്ച് അവൻ വീമ്പിളക്കിയില്ല. ഗത്തിലായിരുന്നപ്പോൾ യഹോവയുടെ സംരക്ഷണം തനിക്കുണ്ടായിരുന്നുവെന്നും അവന്റെ സഹായത്താലാണു താൻ രക്ഷപ്പെട്ടതെന്നും ദാവീദ് തിരിച്ചറിഞ്ഞു. (സദൃശവാക്യങ്ങൾ 21:1) അതുകൊണ്ട് അവൻ തന്നിൽത്തന്നെയല്ല, പിന്നെയോ യഹോവയിലാണു പ്രശംസിച്ചത്. അതുനിമിത്തം സൗമ്യതയുള്ളവർ യഹോവയിലേക്ക് ആകർഷിക്കപ്പെട്ടു. സമാനമായി യേശുവും യഹോവയുടെ നാമത്തെ മഹത്വപ്പെടുത്തി; പഠിപ്പിക്കപ്പെടാൻ ആഗ്രഹിച്ച താഴ്‌മയുള്ളവർ യഹോവയിലേക്ക് അടുത്തുവരാൻ അതിടയാക്കി. ഇന്നു സകല ജനതകളിലെയും സൗമ്യർ, യേശു ശിരസ്സായിട്ടുള്ള അഭിഷിക്ത ക്രിസ്‌ത്യാനികളുടെ അന്താരാഷ്‌ട്ര സഭയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. (കൊലൊസ്സ്യർ 1:18) ദൈവദാസർ താഴ്‌മയോടെ യഹോവയുടെ നാമത്തെ പ്രകീർത്തിക്കുന്നതു കേൾക്കുകയും അവർ പങ്കുവെക്കുന്ന ബൈബിൾസന്ദേശം പരിശുദ്ധാത്മാവിന്റെ സഹായത്താൽ ഗ്രഹിക്കുകയും ചെയ്യുമ്പോൾ സൗമ്യരുടെ ഹൃദയം ത്രസിക്കുന്നു.—യോഹന്നാൻ 6:44; പ്രവൃത്തികൾ 16:14.
യോഗങ്ങൾ നമ്മുടെ വിശ്വാസത്തെ ബലിഷ്‌ഠമാക്കുന്നു
14. (എ) സ്വകാര്യമായിമാത്രം യഹോവയെ സ്‌തുതിക്കുന്നതിൽ ദാവീദ് തൃപ്‌തനായിരുന്നോ? (ബി) ആരാധനയ്‌ക്കായുള്ള കൂടിവരവുകളുടെ കാര്യത്തിൽ യേശു എന്തു മാതൃക വെച്ചു?
14 ‘എന്നോടൊത്തു യഹോവയെ മഹത്വപ്പെടുത്തുവിൻ; നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്‌തുതിക്കാം.’ (സങ്കീർത്തനം 34:3) യഹോവയെ സ്വകാര്യമായിമാത്രം സ്‌തുതിക്കുന്നതിൽ ദാവീദ് തൃപ്‌തനായിരുന്നില്ല. ദൈവനാമത്തെ പ്രകീർത്തിക്കുന്നതിൽ തന്നോടൊപ്പം ചേരാൻ കൂടെയുള്ളവരെയും അവൻ ഹാർദമായി ക്ഷണിച്ചു. സമാനമായി വലിയ ദാവീദായ യേശുക്രിസ്‌തു യഹോവയെ പരസ്യമായി സ്‌തുതിക്കുന്നതിൽ സന്തോഷം കണ്ടെത്തി—പ്രാദേശിക സിനഗോഗിലും യെരൂശലേം ദേവാലയത്തിലെ പെരുന്നാളുകളിലും അനുഗാമികളോടൊപ്പം ആയിരുന്നപ്പോഴുമെല്ലാം അവൻ അങ്ങനെ ചെയ്‌തു. (ലൂക്കൊസ് 2:49; 4:16-19; 10:21; യോഹന്നാൻ 18:20) സാധ്യമായ എല്ലാ അവസരങ്ങളിലും സഹവിശ്വാസികളോടൊപ്പം യഹോവയെ സ്‌തുതിക്കുന്നതിൽ നമുക്കു യേശുവിന്റെ മാതൃക അനുകരിക്കാനാകുന്നത് എത്ര സന്തോഷകരമായ ഒരു പദവിയാണ്, വിശേഷിച്ച് “നാൾ സമീപിക്കുന്നു എന്നു കാണുംതോറും”!—എബ്രായർ 10:24, 25.
15. (എ) ദാവീദിന്റെ അനുഭവം അവന്റെ സഹചാരികളുടെമേൽ എന്തു ഫലം ഉളവാക്കി? (ബി) യോഗങ്ങളിൽ ഹാജരാകുന്നതിലൂടെ നാം പ്രയോജനം നേടുന്നത് എങ്ങനെ?
15 “ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.” (സങ്കീർത്തനം 34:4) ഈ അനുഭവം ദാവീദിനു നിസ്സാരമായിരുന്നില്ല. അതുകൊണ്ട് അവൻ തുടർന്ന് ഇങ്ങനെ പറഞ്ഞു: “ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.” (സങ്കീർത്തനം 34:6) സഹവിശ്വാസികളോടൊപ്പം ആയിരിക്കുമ്പോൾ, പ്രയാസകരമായ സാഹചര്യങ്ങൾ സഹിച്ചുനിൽക്കാൻ യഹോവ നമ്മെ സഹായിച്ചതു സംബന്ധിച്ച പ്രോത്സാഹജനകമായ അനുഭവങ്ങൾ പങ്കുവെക്കാൻ നമുക്കു ധാരാളം അവസരം ലഭിക്കുന്നു. അങ്ങനെ ചെയ്യുന്നതു നമ്മുടെ സഹോദരങ്ങളുടെ വിശ്വാസം ബലിഷ്‌ഠമാക്കും, ദാവീദിന്റെ വാക്കുകൾ അവന്റെ സഹായികളുടെ വിശ്വാസം ശക്തമാക്കിയതുപോലെതന്നെ. ‘യഹോവയിങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല’ എന്ന തിരുവെഴുത്ത് അവന്റെ സഹചാരികളുടെ കാര്യത്തിൽ സത്യമായിരുന്നു. (സങ്കീർത്തനം 34:5) ശൗലിനെ ഭയന്ന് ഓടിപ്പോയിരുന്ന ഒരു സാഹചര്യത്തിലായിരുന്നെങ്കിലും അവർക്കു ലജ്ജ തോന്നിയില്ല. ദാവീദിനു ദൈവത്തിന്റെ പിന്തുണയുണ്ടെന്ന് അവർക്ക് ഉറപ്പായിരുന്നു, അവരുടെ മുഖപ്രസാദം അതു പ്രതിഫലിപ്പിച്ചു. സമാനമായ ഒരു വിധത്തിൽ, ഏറെക്കാലംമുമ്പു സത്യക്രിസ്‌ത്യാനികളായിത്തീർന്നവരും പുതിയ താത്‌പര്യക്കാരും സഹായത്തിനായി ഇന്നു യഹോവയിലേക്കു നോക്കുന്നു. അവന്റെ സഹായം വ്യക്തിപരമായി അനുഭവിച്ചറിഞ്ഞിട്ടുള്ളതിനാൽ അവരുടെ പ്രശോഭിത മുഖങ്ങൾ, വിശ്വസ്‌തരായി തുടരാനുള്ള അവരുടെ നിശ്ചയദാർഢ്യം പ്രതിഫലിപ്പിക്കുന്നു.
ദൂതസഹായത്തെപ്രതി നന്ദിയുള്ളവരായിരിക്കുക
16. നമ്മുടെ രക്ഷയ്‌ക്കായി യഹോവ ദൂതന്മാരെ ഉപയോഗിച്ചിരിക്കുന്നത് എങ്ങനെ?
16 “യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും [“അവിടുത്തെ ഭയപ്പെടുന്നവർക്ക് ചുറ്റും,” ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം] പാളയമിറങ്ങി അവരെ വിടുവിക്കുന്നു.” (സങ്കീർത്തനം 34:7) യഹോവയുടെ രക്ഷാപ്രവൃത്തിയെ തന്റെ കാര്യത്തിൽമാത്രം സംഭവിക്കുന്ന ഒന്നായിട്ട് ദാവീദു വീക്ഷിച്ചില്ല. അവൻ യഹോവയുടെ അഭിഷിക്തനായിരുന്നു, ഇസ്രായേലിന്റെ ഭാവി രാജാവായിരുന്നു എന്നുള്ളതൊക്കെ ശരിതന്നെ; എന്നാൽ ഉന്നതനോ എളിയവനോ എന്നൊന്നുമില്ലാതെ തന്റെ എല്ലാ വിശ്വസ്‌ത ആരാധകരെയും കാത്തുരക്ഷിക്കാൻ യഹോവ ദൂതന്മാരെ ഉപയോഗിക്കുന്നുവെന്ന് അവനറിയാമായിരുന്നു. ഈ ആധുനിക നാളിലും സത്യാരാധകർ യഹോവയുടെ സംരക്ഷണം രുചിച്ചറിഞ്ഞിട്ടുണ്ട്. നാസി-ജർമനിയിലും അംഗോള, മലാവി, മൊസാമ്പിക് തുടങ്ങിയ മറ്റു പല ദേശങ്ങളിലും യഹോവയുടെ സാക്ഷികളെ തുടച്ചുനീക്കാൻ അധികാരികൾ പടവാളുയർത്തിയിട്ടുണ്ട്. അതെല്ലാം വെറും പാഴ്‌ശ്രമങ്ങളായിരുന്നു. യഹോവയുടെ നാമത്തെ ഒത്തൊരുമിച്ചു സ്‌തുതിക്കുന്ന അവന്റെ ജനം ഇന്നും അവിടങ്ങളിൽ അഭിവൃദ്ധി പ്രാപിക്കുകയാണ്. എന്തുകൊണ്ട്? തന്റെ ജനത്തെ സംരക്ഷിക്കാനും നയിക്കാനും യഹോവ വിശുദ്ധ ദൂതന്മാരെ ഉപയോഗിക്കുന്നു എന്നതുകൊണ്ടുതന്നെ.—എബ്രായർ 1:14.
17. ദൈവദൂതന്മാർ ഏതു വിധങ്ങളിൽ നമ്മെ സഹായിക്കുന്നു?
17 മറ്റുള്ളവരുടെ ഇടർച്ചയ്‌ക്കു കാരണമാകുന്ന ഏതൊരാളും യഹോവയുടെ ജനത്തിനിടയിൽനിന്നു നീക്കംചെയ്യപ്പെടാൻ ഇടയാകുമാറ് കാര്യങ്ങൾ നയിക്കാനും യഹോവയുടെ ദൂതന്മാർക്കു കഴിയും. (മത്തായി 13:41; 18:6, 10, 11) നാം തിരിച്ചറിഞ്ഞില്ലെങ്കിൽപ്പോലും അവർ നമ്മുടെ ദൈവസേവനത്തിനു തടസ്സമായേക്കാവുന്ന പ്രതിബന്ധങ്ങൾ നീക്കംചെയ്യുകയും യഹോവയുമായുള്ള നമ്മുടെ ബന്ധം അപകടത്തിലാക്കിയേക്കാവുന്ന കാര്യങ്ങളിൽനിന്നു നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. ഏറ്റവും പ്രധാനമായി, അപകടകരമായ സാഹചര്യങ്ങളിന്മധ്യേ പ്രസംഗപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന സ്ഥലങ്ങളിൽ ഉൾപ്പെടെ മുഴുലോകത്തിലും “നിത്യസുവിശേഷം” അറിയിക്കുന്നതിൽ അവർ നമ്മെ വഴിനടത്തുന്നു. (വെളിപ്പാടു 14:6) ദൂതപിന്തുണയുടെ തെളിവു ദർശിക്കാൻ കഴിഞ്ഞിട്ടുള്ള സംഭവങ്ങൾ യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ മിക്കപ്പോഴും വിവരിക്കാറുണ്ട്. * യാദൃച്ഛികമെന്നു പറഞ്ഞു തള്ളിക്കളയാനാവാത്തവണ്ണം അത്ര സമൃദ്ധമായി അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
18. (എ) ദൂതപിന്തുണയിൽനിന്നു പ്രയോജനം നേടാൻ നാം എന്തു ചെയ്യണം? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
18 ദൂതവഴിനടത്തിപ്പിൽനിന്നും സംരക്ഷണത്തിൽനിന്നും തുടർന്നും പ്രയോജനം നേടാൻ എതിർപ്പിന്മധ്യേയും നാം അവിരാമം യഹോവയുടെ നാമത്തെ സ്‌തുതിക്കണം. യഹോവയെ “ഭയപ്പെടുന്നവർക്ക് ചുറ്റും” മാത്രമാണ് അവന്റെ ദൂതൻ പാളയമിറങ്ങുന്നത് എന്നോർക്കുക. എന്താണ് അതിന്റെയർഥം? ദൈവഭയം എന്നാൽ എന്താണ്, നമുക്ക് അതെങ്ങനെ നട്ടുവളർത്താം? സ്‌നേഹവാനായ ഒരു ദൈവം അവനെ ഭയപ്പെടാൻ നമ്മോട് ആവശ്യപ്പെടുന്നതിന്റെ കാരണമെന്താണ്? അടുത്ത ലേഖനത്തിൽ നാം ഈ ചോദ്യങ്ങൾ പരിചിന്തിക്കുന്നതായിരിക്കും.
[അടിക്കുറിപ്പ്]
^ ഖ. 17 പിൻവരുന്ന പ്രസിദ്ധീകരണങ്ങൾ കാണുക: യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്), പേജ് 550; യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2005, പേജ് 53-54; 2000 മാർച്ച് 1 ലക്കം വീക്ഷാഗോപുരം, പേജ് 5-6; 1991 ജനുവരി 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്), പേജ് 27; 1991 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്), പേജ് 26.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• യുവപ്രായത്തിൽ ദാവീദിന് എന്തെല്ലാം പരിശോധനകൾ നേരിടേണ്ടിവന്നു?
• ദാവീദിനെപ്പോലെ നമ്മുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ആഗ്രഹം എന്താണ്?
• ക്രിസ്‌തീയ യോഗങ്ങളെ നാം എങ്ങനെ കാണുന്നു?
• നമ്മുടെ സഹായത്തിനായി യഹോവ തന്റെ ദൂതന്മാരെ എങ്ങനെ ഉപയോഗിക്കുന്നു?
[അധ്യയന ചോദ്യങ്ങൾ]
[21-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
രാമ
ഗത്ത്
സിക്ലാഗ്
ഗിബെയ
നോബ്
യെരൂശലേം
ബേത്ത്‌ലേഹെം
അദുല്ലാം
കെയീല
ഹെബ്രോൻ
സീഫ്
ഹോരേശ്
കർമ്മേൽ
മാവോൻ
ഏൻ-ഗെദി
ഉപ്പുകടൽ
[കടപ്പാട്]
Map: Based on maps copyrighted by Pictorial Archive (Near Eastern History) Est. and Survey of Israel
[21-ാം പേജിലെ ചിത്രം]
അഭയാർഥിയായി കഴിഞ്ഞപ്പോഴും ദാവീദ് യഹോവയുടെ നാമത്തെ സ്‌തുതിച്ചു
[23-ാം പേജിലെ ചിത്രം]
ക്രിസ്‌തീയ കൂടിവരവുകളിൽ ശ്രദ്ധിക്കാൻ കഴിയുന്ന പ്രോത്സാഹജനകമായ അനുഭവങ്ങൾ നമ്മുടെ വിശ്വാസം ശക്തമാക്കിത്തീർക്കുന്നു