യഹോവയ്‌ക്കായി കാത്തിരിക്കുന്നതിൽ സന്തുഷ്ടർ
യഹോവയ്‌ക്കായി കാത്തിരിക്കുന്നതിൽ സന്തുഷ്ടർ
ഏതെങ്കിലും ഫലം പഴുക്കുന്നതിനു മുമ്പു നിങ്ങൾ കഴിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് ഇഷ്ടപ്പെട്ടിരിക്കാൻ സാധ്യതയില്ല. ഏതു ഫലവും നന്നായി പഴുക്കുന്നതിനു സമയമെടുക്കും, അതുവരെ കാത്തിരിക്കുന്നതുകൊണ്ട് യാതൊരു നഷ്ടവുമില്ല. കാത്തിരിക്കുന്നതു പ്രതിഫലദായകമായിരിക്കുന്ന മറ്റു സാഹചര്യങ്ങളുമുണ്ട്. “യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലത്” എന്നു ബൈബിൾ പറയുന്നു. (വിലാപങ്ങൾ 3:26; തീത്തൊസ് 2:12,13) ഏതെല്ലാം വിധങ്ങളിൽ ക്രിസ്‌ത്യാനികൾ യഹോവയ്‌ക്കായി കാത്തിരിക്കണം? അതിൽനിന്നു നമുക്കെങ്ങനെ പ്രയോജനം നേടാം?
ദൈവത്തിനായി കാത്തിരിക്കുകയെന്നാൽ . . .
ക്രിസ്‌ത്യാനികളെന്ന നിലയിൽ നാം “ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു” ജീവിക്കുന്നു. ആശ്വാസം ലഭിക്കാൻ, ദൈവം “ഭക്തികെട്ട മനുഷ്യരുടെ നാശ”ത്തിന് ഇടയാക്കുന്ന സമയത്തിനായി നാം നോക്കിപ്പാർത്തിരിക്കുന്നു. (2 പത്രൊസ് 3:7, 11) സകല ദുഷ്ടതയ്‌ക്കും അറുതിവരുത്താൻ യഹോവയും അതിയായി ആഗ്രഹിക്കുന്നു. എന്നാൽ തന്റെ നാമത്തിനു മഹത്ത്വം കരേറ്റുന്ന ഒരു വിധത്തിൽ ക്രിസ്‌ത്യാനികൾക്കു രക്ഷ പ്രദാനം ചെയ്യാനായി അവൻ ആത്മസംയമം പാലിക്കുകയാണ്. “ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും . . . കരുണാപാത്രങ്ങളായ നമ്മിൽ തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു” എന്നു ബൈബിൾ പറയുന്നു. (റോമർ 9:22-24) നോഹയുടെ കാലത്തെന്നപോലെ ഇന്നും തന്റെ ജനത്തെ രക്ഷിക്കുന്നതിനുള്ള തക്ക സമയം യഹോവയ്‌ക്കറിയാം. (1 പത്രൊസ് 3:19, 20) അതുകൊണ്ട്, ദൈവത്തിനായി കാത്തിരിക്കുന്നതിൽ അവൻ നടപടിയെടുക്കുന്ന സമയത്തിനായി കാത്തിരിക്കുന്നത് ഉൾപ്പെടുന്നു.
യഹോവയുടെ ദിവസത്തിനായി കാത്തിരിക്കവേ, ചുറ്റുമുള്ള ലോകത്തിന്റെ ഒന്നിനൊന്നു അധഃപതിച്ചുവരുന്ന ധാർമിക നിലവാരങ്ങൾ നമ്മെ അസ്വസ്ഥരാക്കിയേക്കാം. അപ്പോൾ, മീഖാ പ്രവാചകന്റെ വാക്കുകൾ പരിചിന്തിക്കുന്നതു നന്നായിരിക്കും. അവൻ എഴുതി: “ഭക്തിമാൻ ഭൂമിയിൽനിന്നു നശിച്ചുപോയി, മനുഷ്യരുടെ ഇടയിൽ നേരുള്ളവൻ ആരുമില്ല.” തുടർന്ന് അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും.” (മീഖാ 7:2, 7) നാം വളർത്തിയെടുക്കേണ്ട ഈ ‘കാത്തിരിപ്പിൻ മനോഭാവം’ എന്താണ്? കാത്തിരിപ്പ് പലപ്പോഴും മുഷിപ്പും നിരാശയും ഉളവാക്കുന്നതിനാൽ, ദൈവത്തിനായുള്ള കാത്തിരിപ്പ് ആനന്ദകരമാക്കാൻ നമുക്കെങ്ങനെ കഴിയും?
കാത്തിരിക്കവേ സന്തുഷ്ടർ
ശരിയായ മനോഭാവം നമുക്ക് യഹോവയിൽനിന്നു പഠിക്കാനാകും. “ധന്യനായ ദൈവ”മായിരിക്കുന്നതിൽ അഥവാ സന്തുഷ്ടനായിരിക്കുന്നതിൽ അവൻ ഒരിക്കലും മടുത്തുപോയിട്ടില്ല. (1 തിമൊഥെയൊസ് 1:11) കാത്തിരിക്കവേ അവൻ സന്തുഷ്ടനാണ്. എന്തെന്നാൽ, മനുഷ്യരെ സൃഷ്ടിച്ചപ്പോൾ അവർക്കായി അവൻ ഉദ്ദേശിച്ചിരുന്ന ആ പൂർണതയിലേക്ക് തന്നെ സ്‌നേഹിക്കുന്നവരെ ഉയർത്തുക എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിനായി അവൻ സദാ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. (റോമർ 5:12; 6:23) തന്റെ പ്രവർത്തനത്തിന്റെ സത്‌ഫലങ്ങൾ, അതായത് ദശലക്ഷങ്ങൾ സത്യാരാധനയിലേക്ക് ആകർഷിക്കപ്പെട്ടിരിക്കുന്നത് അവനു കാണാൻ കഴിയുന്നുണ്ട്. യേശു പറഞ്ഞു: “എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു.” (യോഹന്നാൻ 5:17) അതുകൊണ്ട്, മറ്റുള്ളവർക്കുവേണ്ടി സത്‌പ്രവൃത്തികൾ ചെയ്യുന്നതാണ് സന്തുഷ്ടർ ആയിരിക്കുന്നതിനുള്ള അടിസ്ഥാന ഘടകം. (പ്രവൃത്തികൾ 20:35) സത്യക്രിസ്‌ത്യാനികളും വെറുതെ കൈയുംകെട്ടി കാത്തിരിക്കുകയല്ല. പകരം, മനുഷ്യവർഗത്തെക്കുറിച്ചുള്ള ദൈവേഷ്ടം എന്തെന്നു പഠിക്കാൻ അവർ മറ്റുള്ളവരെ തിരക്കിട്ടു സഹായിച്ചുകൊണ്ടിരിക്കുകയാണ്.
പ്രവർത്തിക്കാനുള്ള ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കവേ എല്ലായ്‌പോഴും, വിശ്വസ്‌തരായ ആളുകൾ അവനെ സ്‌തുതിക്കുന്നതിൽ സന്തുഷ്ടരും സംതൃപ്‌തരുമാണ്. ഉദാഹരണത്തിന്, സങ്കീർത്തനക്കാരനായ ദാവീദിന്റെ കാര്യമെടുക്കുക. അവന് രാജാവിൽനിന്നുള്ള പീഡനം സഹിക്കേണ്ടിവന്നു; ഉറ്റ സുഹൃത്ത് അവനെ ഒറ്റിക്കൊടുത്തു, സ്വന്തം മകൻതന്നെ അവനെ വഞ്ചിച്ചു. ഈ ഓരോ സാഹചര്യത്തിലും യഹോവയിൽനിന്നുള്ള സങ്കീർത്തനം 71:14, 15) കാത്തിരുന്നു മുഷിയുന്നതിന് പകരം, യഹോവയെ സ്‌തുതിക്കുന്നതിലും മറ്റുള്ളവരെ സത്യാരാധനയിൽ ബലപ്പെടുത്തുന്നതിലും തിരക്കോടെ ഏർപ്പെട്ടിരുന്നതിനാൽ ദാവീദ് സന്തുഷ്ടനായിരുന്നു.—സങ്കീർത്തനം 71:23.
തക്ക സമയത്തെ ആശ്വാസത്തിനായി കാത്തിരിക്കവേ ദാവീദിനു സന്തുഷ്ടനായിരിക്കാൻ കഴിയുമായിരുന്നോ? ദാവീദ് എഴുതിയെന്ന് കരുതപ്പെടുന്ന 71-ാം സങ്കീർത്തനം പറയുന്നു: “ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്‌ക്കുമേൽ നിന്നെ സ്‌തുതിക്കും. എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണ്ണിക്കും.” (വൈകിയോടുന്ന ഒരു ബസ്സിനായി കാത്തിരുന്നു മുഷിയുന്നതുപോലെയല്ല യഹോവയ്‌ക്കായി കാത്തിരിക്കുന്നത്. പകരം, തങ്ങൾക്ക് അഭിമാനം കൊള്ളാനാകുന്ന ഒരു വ്യക്തിയായി കുട്ടി വളരുന്നതും കാത്ത് ഇരിക്കുന്ന മാതാപിതാക്കളുടെ സന്തോഷത്തോടാണ് ഇതിനു സമാനത. അവരെ സംബന്ധിച്ചിടത്തോളം, കടന്നു പോകുന്ന വർഷങ്ങൾ തിരക്കേറിയതാണ്—പഠിപ്പിക്കുക, പരിശീലിപ്പിക്കുക, ഉപദേശിക്കുക എന്നുവേണ്ട എല്ലാം ആ ഉദ്ദേശ്യസാക്ഷാത്‌ക്കാരത്തെ ഉന്നം വെച്ചുകൊണ്ടുള്ളതാണ്. അങ്ങനെതന്നെയാണ് നാമും: യഹോവയോട് അടുത്തുചെല്ലാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ നാം സന്തോഷം കണ്ടെത്തുന്നു. ദൈവത്തിന്റെ അംഗീകാരവും അന്തിമമായി രക്ഷയും നേടിയെടുക്കാൻ നാമും ആഗ്രഹിക്കുന്നു.
പ്രത്യാശ കൈവെടിയാതെ
പ്രത്യാശ കൈവെടിയാതെ അവനെ സദാ സ്‌നേഹിച്ചും സേവിച്ചുംകൊണ്ടിരിക്കുന്നത് യഹോവയ്‌ക്കായി കാത്തിരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നു. ഇത് അത്ര എളുപ്പമല്ലായിരിക്കാം. ദിവ്യവാഗ്‌ദാനങ്ങളിലുള്ള വിശ്വാസത്തെ ആസ്‌പദമാക്കി ജീവിതം നയിക്കുന്നവരെ പുച്ഛത്തോടെ വീക്ഷിക്കുന്നവർക്കിടയിലാണ് അനേകം ദൈവദാസന്മാർ ഇന്നു ജീവിക്കുന്നത്. എന്നാൽ, 70-വർഷത്തെ ബാബിലോണ്യ പ്രവാസകാലത്തുടനീളം തങ്ങളുടെ പ്രത്യാശ മങ്ങലേൽക്കാതെ കാത്ത വിശ്വസ്‌ത ഇസ്രായേല്യരുടെ ദൃഷ്ടാന്തം പരിചിന്തിക്കുക. അവരെ എന്താണ് അതിനു സഹായിച്ചത്? സങ്കീർത്തനങ്ങളുടെ വായന അവരെ ബലപ്പെടുത്തി എന്നതിനു സംശയമില്ല. ആ സമയത്തോടെ എഴുതപ്പെട്ടിരിക്കാൻ സാധ്യതയുള്ള ഒരു പ്രോത്സാഹജനകമായ സങ്കീർത്തനം പറയുന്നു: “ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു. ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു. യിസ്രായേലേ, യഹോവയിൽ പ്രത്യാശവെച്ചു കൊൾക.”—സങ്കീർത്തനം 130:5-7.
തങ്ങളുടെ പ്രത്യാശയെക്കുറിച്ചു വായിക്കുകയും സംസാരിക്കുകയും ചെയ്‌തുകൊണ്ട് അതു കൈവെടിയാതിരുന്ന യഹൂദന്മാർക്ക് അവസാനം ആക്രമണകാരികൾക്കു മുന്നിൽ ബാബിലോൺ മുട്ടുകുത്തിയപ്പോൾ പ്രതിഫലം ലഭിച്ചു. താമസംവിനാ വിശ്വസ്‌തരായ ആയിരക്കണക്കിനു യഹൂദന്മാർ യെരൂശലേമിലേക്കു തിരിച്ചു. ആ സമയത്തെക്കുറിച്ച് രേഖ പറയുന്നു: “യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ . . . ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു.” (സങ്കീർത്തനം 126:1, 2) ആ യഹൂദന്മാർ മടുത്തുപോയില്ല, പകരം തങ്ങളുടെ വിശ്വാസത്തെ സദാ പരിപോഷിപ്പിച്ചുകൊണ്ടിരുന്നു. യഹോവയ്‌ക്കു സ്‌തുതി പാടുന്നതിലും അവർ ഒരിക്കലും മടുത്തുപോയില്ല.
സമാനമായി, “ലോകാവസാന” കാലത്തു ദൈവത്തിനായി കാത്തിരിക്കുന്ന സത്യക്രിസ്‌ത്യാനികൾ, തങ്ങളുടെ വിശ്വാസം സജീവമാക്കി നിലനിറുത്താൻ അക്ഷീണം ശ്രമിക്കുന്നു. അവർ ദൈവവചനം പഠിക്കുകയും പരസ്‌പരം പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം ദൈവരാജ്യ സുവാർത്ത പ്രസംഗിച്ചുകൊണ്ട് യഹോവയെ ഇടവിടാതെ സ്‌തുതിക്കുകയും ചെയ്യുന്നു—മത്തായി 24:3, 14.
കാത്തിരിക്കുക, ശിക്ഷണത്തിൽനിന്നു പ്രയോജനം നേടുക
ദൈവത്തിന്റെ പ്രവാചകനായ യിരെമ്യാവ് എഴുതി: “യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലത്.” (വിലാപങ്ങൾ 3:26) യെരൂശലേം നശിപ്പിക്കപ്പെടാൻ അനുവദിച്ചുകൊണ്ട് യഹോവ തന്റെ ജനത്തിനു ശിക്ഷണം നൽകിയ വിധത്തെക്കുറിച്ചു പരാതിപറയാതിരിക്കുന്നതാണ് അവർക്കു നല്ലത് എന്നായിരുന്നു യിരെമ്യാവ് അർഥമാക്കിയത്. തങ്ങളുടെ അനുസരണക്കേടിനെക്കുറിച്ചും മാറ്റം വരുത്തേണ്ട മനോഭാവത്തെക്കുറിച്ചും വിചിന്തനം ചെയ്‌തുകൊണ്ട് അവർ അനുഭവത്തിൽനിന്ന് പഠിക്കുകയാണ് വേണ്ടിയിരുന്നത്.—വിലാപങ്ങൾ 3:40, 42.
യഹോവ നൽകുന്ന ശിക്ഷണം നമുക്കു പ്രയോജനം ചെയ്യുന്ന വിധത്തെ ഒരു ഫലം വളർന്നു പാകമാകുന്നതിനോട് ഉപമിക്കാം. ദൈവത്തിൽനിന്നുള്ള ശിക്ഷണത്തെക്കുറിച്ചു ബൈബിൾ പറയുന്നു: “അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാനഫലം ലഭിക്കും.” (എബ്രായർ 12:11) ഒരു ഫലം വളർന്നു പാകമാകാൻ സമയമെടുക്കുന്നതുപോലെതന്നെ, ദൈവം നൽകുന്ന പരിശീലനത്തിനു വിധേയരായി നമ്മുടെ മനോഭാവത്തിനു മാറ്റം വരുത്താൻ സമയമെടുക്കും. ഉദാഹരണത്തിന്, സ്വഭാവദൂഷ്യം മൂലം സഭയിലെ ചില പദവികൾ നമുക്കു നഷ്ടമാകുന്നെന്നു കരുതുക. ദൈവത്തിനായി കാത്തിരിക്കാനുള്ള മനസ്സൊരുക്കം നിരുത്സാഹിതരായി പിന്മാറുന്നതിൽനിന്നു നമ്മെ തടയും. അത്തരം സാഹചര്യങ്ങളിൽ ദാവീദിന്റെ നിശ്വസ്‌ത മൊഴികൾ പ്രോത്സാഹജനകമാണ്: “അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.” (സങ്കീർത്തനം 30:5) കാത്തിരിപ്പിൻ മനോഭാവം നാം വളർത്തിയെടുക്കുകയും ദൈവവചനത്തിൽനിന്നും സംഘടനയിൽനിന്നും ലഭിക്കുന്ന ബുദ്ധിയുപദേശം ബാധകമാക്കുകയും ചെയ്യുന്നെങ്കിൽ “ആനന്ദഘോഷ”ത്തിനുള്ള നമ്മുടെ സമയം ആഗതമാകും.
പക്വത പ്രാപിക്കുന്നതിനു സമയമെടുക്കും
നിങ്ങൾ ഒരു യുവാവോ അടുത്തകാലത്തു സ്‌നാപനമേറ്റ വ്യക്തിയോ ആണെന്നിരിക്കട്ടെ. ക്രിസ്‌തീയ സഭയിലെ ചില പദവികൾ ലഭിക്കാൻ നിങ്ങൾക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നേക്കാം. എന്നാൽ അത്തരം ഉത്തരവാദിത്തങ്ങൾ വഹിക്കുന്നതിന് ആവശ്യമായ ആത്മീയ പക്വത നേടാൻ സമയമെടുക്കും. ആയതിനാൽ, നിങ്ങളുടെ ആദ്യ വർഷങ്ങൾ നന്നായി ഉപയോഗിച്ചുകൊണ്ട് ഒരു ആത്മീയ വ്യക്തിയായി വളരുക. ഉദാഹരണത്തിന്, നിങ്ങൾ ഒരു യുവവ്യക്തിയാണെങ്കിൽ ബൈബിൾ വായിച്ചുതീർക്കുന്നതിനും ക്രിസ്‌തീയ ഗുണങ്ങൾ വളർത്തിയെടുക്കുന്നതിനും ശിഷ്യരെ ഉളവാക്കുന്നതിൽ വൈദഗ്‌ധ്യം നേടുന്നതിനും പറ്റിയ സമയമാണിത്. (സഭാപ്രസംഗി 12:1) താഴ്‌മയോടെ കാത്തിരിപ്പിൻ മനോഭാവം പ്രകടമാക്കുന്നെങ്കിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ നിങ്ങളെ ഭരമേൽപ്പിക്കുന്നതിനുള്ള യഹോവയുടെ സമയം നിശ്ചയമായും വന്നെത്തും.
ശിഷ്യരാക്കൽ വേലയും ക്ഷമ ആവശ്യമാക്കിത്തീർക്കുന്നു. വിത്തു മുളച്ചു വളരാൻ ദൈവം ഇടയാക്കുന്നതുവരെ ഒരു കർഷകൻ നനെച്ചുകൊണ്ടിരിക്കേണ്ടതുപോലെതന്നെയാണ് ശിഷ്യരെ ഉളവാക്കുന്ന വേലയും. (1 കൊരിന്ത്യർ 3:7; യാക്കോബ് 5:7) മറ്റുള്ളവരുടെ ഹൃദയത്തിൽ യഹോവയിലുള്ള വിശ്വാസവും അവനോടുള്ള വിലമതിപ്പും നട്ടുവളർത്താൻ ക്ഷമയോടെ ബൈബിളധ്യയനങ്ങൾ നടത്തേണ്ടതുണ്ട്—മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ പോലും. പഠിക്കുന്ന കാര്യങ്ങളോട് ആദ്യമൊക്കെ വിദ്യാർഥികൾ പ്രതികരിച്ചില്ലെങ്കിൽപ്പോലും ക്ഷമയോടെ അധ്യയനം തുടരുന്നത് യഹോവയ്‌ക്കായി കാത്തിരിക്കുന്നതിൽ ഉൾപ്പെടുന്നു. അവർ അൽപ്പമെങ്കിലും വിലമതിപ്പ് പ്രകടിപ്പിക്കുന്നെങ്കിൽ യഹോവയുടെ ആത്മാവിനോട് അവർ പ്രതികരിക്കുന്നു എന്നതിന്റെ ഒരു സൂചനയായിരിക്കാം അത്. ക്ഷമയോടെ കാത്തിരിക്കുന്നപക്ഷം, ക്രിസ്‌തുവിന്റെ ഒരു ശിഷ്യനായി നിങ്ങളുടെ വിദ്യാർഥിയെ യഹോവ വളർത്തിക്കൊണ്ടുവരുന്നതു കാണുന്നതിലെ സന്തോഷം നിങ്ങൾക്ക് ആസ്വദിക്കാനാകും.—മത്തായി 28:20.
കാത്തിരിപ്പിൻ മനോഭാവം —സ്‌നേഹത്തിന്റെ പ്രകടനം
കാത്തിരിപ്പിൻ മനോഭാവം സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതിഫലനമാണെന്നതിന്റെ ഒരു ഉദാഹരണമാണ് തെക്കേ അമേരിക്കയിലെ ആൻഡീസ് പർവതനിരകളിലെ മരുപ്രദേശത്തു വസിക്കുന്ന ഒരു വല്യമ്മയുടേത്. അവരും മറ്റൊരു സഹോദരിയും മാത്രമാണ് യഹോവയുടെ സാക്ഷികളായി ആ ഗ്രാമത്തിൽ ഉള്ളത്. സഹക്രിസ്‌ത്യാനികളുടെ സന്ദർശനത്തിനായി എത്ര ആവേശത്തോടെയാകും അവർ കാത്തിരിക്കുക എന്നു നിങ്ങൾക്ക് ഊഹിക്കാനാകുമോ? ഒരിക്കൽ, ആദ്യമായി അവരെ സന്ദർശിക്കാൻ പോയ ഒരു സഞ്ചാര മേൽവിചാരകനു വഴിതെറ്റിപ്പോയി. തിരിച്ചുവന്ന് ശരിയായ വഴിയെ യാത്ര ആരംഭിച്ച അദ്ദേഹത്തിന് വിദൂരതയിൽ ആ ഗ്രാമം കാണാനായതുതന്നെ പല മണിക്കുറുകൾ വൈകി പാതിരാത്രി കഴിഞ്ഞാണ്. ആ പ്രദേശത്തു വൈദ്യുതി ഇല്ലാതിരിക്കെ അസമയത്ത് അവിടെ ഒരു വെളിച്ചം കാണാനായതിൽ അദ്ദേഹം അത്ഭുതപ്പെട്ടു. അവസാനം അദ്ദേഹം ആ ഗ്രാമത്തിന് അടുത്തെത്തിയപ്പോൾ, അതാ! ആ വല്യമ്മ ഒരു എണ്ണവിളക്കും ഉയർത്തിപ്പിടിച്ചു നിൽക്കുന്നു! അതായിരുന്നു അദ്ദേഹം കണ്ട വെളിച്ചം! അദ്ദേഹം വരുമെന്ന് ഉറപ്പുണ്ടായിരുന്ന അവർ കാത്തിരിക്കുകയായിരുന്നു.
ഇതേ ക്ഷമയോടെ, യഹോവയ്‌ക്കായി കാത്തിരിക്കുന്നതിൽ നാം സന്തുഷ്ടരാണ്. അവൻ തന്റെ വാഗ്‌ദാനങ്ങൾ നിറവേറ്റുമെന്നു നമുക്ക് ഉറപ്പുണ്ട്. ആ സഞ്ചാര മേൽവിചാരകനെപ്പോലെ, നമുക്കായി സ്‌നേഹപൂർവം കാത്തിരിക്കുന്നവരെ നാം വിലമതിക്കുന്നു. അതുകൊണ്ട്, യഹോവയ്‌ക്കായി കാത്തിരിക്കുന്നവനെ അവനും വിലമതിക്കുന്നു എന്നതിൽ അതിശയിക്കാനില്ല. “തന്റെ ദയയിൽ പ്രത്യാശ വെക്കു”ന്നവരിൽ, അതായത് അവന്റെ ദയയ്‌ക്കായി കാത്തിരിക്കുന്നവരിൽ “യഹോവ പ്രസാദിക്കുന്നു” എന്ന് ബൈബിൾ പറയുന്നു.—സങ്കീർത്തനം 147:11.
[18-ാം പേജിലെ ചിത്രം]
യഹോവയെ സ്‌തുതിക്കുന്നതിൽ തിരക്കോടെ ഏർപ്പെടുന്നവർ അവനായി കാത്തിരിക്കുന്നതിൽ സന്തുഷ്ടരാണ്