വെസെൽ കാങ്‌സ്‌ഫോർട്ട് “മതനവീകരണത്തിനു മുമ്പുള്ള പരിഷ്‌കർത്താവ്”
വെസെൽ കാങ്‌സ്‌ഫോർട്ട് “മതനവീകരണത്തിനു മുമ്പുള്ള പരിഷ്‌കർത്താവ്”
ലൂഥർ, ടിൻഡെയ്‌ൽ, കാൽവിൻ എന്നീ പേരുകൾ 1517-ൽ ആരംഭിച്ച പ്രൊട്ടസ്റ്റന്റ് മതനവീകരണത്തെക്കുറിച്ചു പഠിക്കുന്ന ഏവർക്കും സുപരിചിതമാണ്. എന്നാൽ, വെസെൽ കാങ്‌സ്‌ഫോർട്ട് എന്ന പേര് അധികമാർക്കും അറിയില്ല. “മതനവീകരണത്തിനുമുമ്പുള്ള പരിഷ്‌കർത്താവ്” എന്ന് വിശേഷിപ്പിച്ചിട്ടുള്ള അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?
നെതർലൻഡ്‌സിലെ ഗ്രോണിങ്ങൻ എന്ന സ്ഥലത്ത് 1419-ൽ ആയിരുന്നു ജനനം. പള്ളിക്കൂടത്തിൽ പോയി പഠിക്കാവുന്ന ഒരു സ്ഥിതിയായിരുന്നില്ല 15-ാം നൂറ്റാണ്ടിൽ മിക്കവർക്കും. എന്നാൽ, വെസെലിന് അതിനു കഴിഞ്ഞു. പഠിക്കാൻ മിടുക്കനായിരുന്നെങ്കിലും വീട്ടിലെ ദാരിദ്ര്യം നിമിത്തം ഒമ്പതാം വയസ്സിൽ പഠിത്തം നിറുത്തേണ്ടിവന്നു. വെസെലിന്റെ കഴിവിനെക്കുറിച്ച് അറിയാനിടയായ, ധനികയായ ഒരു വിധവ അവന്റെ പഠനത്തിനുള്ള ചെലവ് വഹിക്കാമെന്നേറ്റു. അങ്ങനെ, പഠനം തുടർന്നു. ക്രമേണ, ആർട്‌സ് വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട്, അദ്ദേഹം ദൈവശാസ്‌ത്രത്തിൽ ഡോക്ടറേറ്റ് നേടിയതായും കരുതപ്പെടുന്നു.
ഒരു വിജ്ഞാന ദാഹിയായിരുന്നു അദ്ദേഹം. എന്നാൽ, അന്നാളിൽ ലൈബ്രറികൾ നന്നേ കുറവായിരുന്നു. അച്ച് നിരത്തിയുള്ള പ്രിന്റിങ് കണ്ടുപിടിച്ചിരുന്നെങ്കിലും മിക്ക പുസ്‌തകങ്ങളും കൈകൊണ്ട് എഴുതിയുണ്ടാക്കിയവയായിരുന്നു, അവയ്‌ക്കാകട്ടെ നല്ലവിലയും. മൂല്യവത്തായ കൈയെഴുത്തുപ്രതികളും നഷ്ടപ്പെട്ടുപോയ കൃതികളും തേടി ലൈബ്രറികളും ആശ്രമങ്ങളും കയറിയിറങ്ങിയിരുന്ന പണ്ഡിതഗണത്തിലെ ഒരംഗമായിരുന്നു വെസെൽ. അങ്ങനെ കണ്ടെത്തുന്ന വിജ്ഞാനശകലങ്ങൾ അവർ പരസ്‌പരം കൈമാറിയിരുന്നു. അറിവിന്റെ ഒരു കലവറതന്നെ സ്വന്തമാക്കിയ അദ്ദേഹം വിശ്വസാഹിത്യ കൃതികളിൽനിന്നുള്ള ഉദ്ധരണികളും മറ്റുംകൊണ്ട് തന്റെ നോട്ടുബുക്ക് നിറച്ചു. മറ്റു ദൈവശാസ്‌ത്രജ്ഞന്മാർ മിക്കപ്പോഴും അദ്ദേഹത്തെ സംശയദൃഷ്ടിയോടെയാണു കണ്ടിരുന്നത്. അവർ അതുവരെ കേട്ടിട്ടില്ലാത്ത പലതും അദ്ദേഹത്തിന് അറിയാമായിരുന്നു എന്നതുതന്നെ കാരണം. മാജിസ്റ്റർ കോൺട്രഡിക്ഷനിസ്, അല്ലെങ്കിൽ വൈരുധ്യങ്ങളുടെ ആശാൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
“താങ്കൾ എന്നെ യേശുവിലേക്ക് നയിക്കാത്തത് എന്തുകൊണ്ടാണ്?”
മതനവീകരണത്തിന് ഏകദേശം 50 വർഷംമുമ്പ് തോമസ് എ കെമ്പിസിനെ (ഏകദേശം 1379—1471) വെസെൽ കാണുകയുണ്ടായി. വിഖ്യാതമായ ദി ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ് എന്ന കൃതിയുടെ രചയിതാവായി പൊതുവേ ആദരിക്കപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. ആത്മീയ ജീവിതം നയിക്കണമെന്നു നിഷ്‌കർഷിക്കുന്ന ബ്രദ്‌റൻ ഓഫ് ദി കോമൺ ലൈഫ് എന്ന സന്ന്യാസ സമൂഹത്തിൽപ്പെട്ട ഒരാളുമായിരുന്നു. വെസെലിന്റെ ജീവചരിത്രം എഴുതിയ ഒരു വ്യക്തി പറഞ്ഞത്, സഹായത്തിനായി യേശുവിന്റെ അമ്മയായ മറിയയോടു പ്രാർഥിക്കാൻ തോമസ് എ കെമ്പിസ് നിരവധി തവണ വെസെലിനെ പ്രോത്സാഹിപ്പിച്ചു എന്നാണ്. എന്നാൽ, വെസെലിന്റെ പ്രതികരണം, “ഭാരം
ചുമക്കുന്ന ഏവരെയും ദയാപൂർവം ക്ഷണിക്കുന്ന യേശുവിലേക്ക് താങ്കൾ എന്നെ നയിക്കാത്തത് എന്തുകൊണ്ടാണ്” എന്നായിരുന്നു.പുരോഹിതനാകാൻ ക്ഷണം ലഭിച്ച വെസെൽ അതു നിരസിച്ചതായി പറയപ്പെടുന്നു. ക്ഷൗരം ചെയ്‌ത് പൗരോഹിത്യ പട്ടം സ്വീകരിക്കാത്തത് എന്തുകൊണ്ടാണ് എന്നു ചോദിച്ചപ്പോൾ തന്റെ ചിന്താപ്രാപ്‌തി തകരാറിലാകാത്തിടത്തോളം മരണം വരിക്കാൻ താൻ ഭയക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുരോഹിതന്മാർ ചെയ്‌ത കുറ്റങ്ങൾക്ക് അവരെ കോടതികയറ്റാൻ കഴിയാഞ്ഞതിനെ ആയിരിക്കാം അദ്ദേഹം പരാമർശിച്ചത്. കാരണം, പൗരോഹിത്യ പട്ടം പല പുരോഹിതന്മാരെയും മരണശിക്ഷാകരമായ തെറ്റുകൾക്ക് ശിക്ഷിക്കപ്പെടുന്നതിൽനിന്നു സംരക്ഷിച്ചിരുന്നു. മതപരമായ മറ്റുചില കീഴ്‌വഴക്കങ്ങൾക്കും എതിരായിരുന്നു അദ്ദേഹം. ഉദാഹരണത്തിന്, അക്കാലത്ത് വളരെ ജനപ്രീതിയാർജിച്ച ഡയലോഗസ് മിറാക്കുലോറം എന്ന ഗ്രന്ഥത്തിലെ അത്ഭുതങ്ങൾ വിശ്വസിക്കാൻ കൂട്ടാക്കാതിരുന്നതിന്റെ പേരിൽ അദ്ദേഹം വിമർശിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണമോ? “വിശുദ്ധ തിരുവെഴുത്തുകൾ വായിക്കുന്നതാണ് ഏറെ മെച്ചം.”
“എത്ര ചോദിക്കുന്നുവോ അത്ര അറിയാനാകും”
എബ്രായയും ഗ്രീക്കും വശമാക്കിയ അദ്ദേഹം ആദിമ സഭാപിതാക്കന്മാരുടെ കൃതികളിൽനിന്ന് അഗാധമായ ജ്ഞാനം സമ്പാദിച്ചു. ഇറാസ്‌മസിനും റോയിക്ലിനും മുമ്പാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്ന വസ്‌തുത കണക്കിലെടുക്കുമ്പോൾ ബൈബിളിന്റെ മൂല ഭാഷകളിലുള്ള അദ്ദേഹത്തിന്റെ താത്‌പര്യം തികച്ചും ശ്രദ്ധേയമാണ്. * മതനവീകരണത്തിനുമുമ്പ് ഗ്രീക്കുഭാഷയെക്കുറിച്ചുള്ള അറിവ് പൊതുവേ പരിമിതമായിരുന്നു. കാരണം ജർമനിയിൽ വളരെക്കുറച്ച് പണ്ഡിതന്മാർക്കേ ഗ്രീക്ക് അറിയാമായിരുന്നുള്ളൂ. കൂടാതെ, ഭാഷാപഠന സഹായികളും ലഭ്യമല്ലായിരുന്നു. 1453-ലെ കോൺസ്റ്റാന്റിനോപ്പിളിന്റെ പതനത്തിനുശേഷം പാശ്ചാത്യ രാജ്യങ്ങളിലേക്കു പലായനം ചെയ്‌ത ഗ്രീക്കു സന്ന്യാസിമാരുമായി വെസെൽ സമ്പർക്കത്തിൽ വരുകയും ഗ്രീക്കുഭാഷയുടെ അടിസ്ഥാന വശങ്ങൾ പഠിച്ചെടുക്കുകയും ചെയ്‌തു. ആ കാലത്ത് യഹൂദന്മാരാണ് മുഖ്യമായും എബ്രായ ഭാഷ സംസാരിച്ചിരുന്നത്. എങ്കിലും, വെസെൽ എബ്രായ ഭാഷയുടെ അടിസ്ഥാന കാര്യങ്ങൾ പഠിച്ചത് മതപരിവർത്തിതരായ യഹൂദന്മാരിൽനിന്നാണെന്നു തോന്നുന്നു.
വെസെലിന് ബൈബിളിനോട് എന്തെന്നില്ലാത്ത താത്‌പര്യം ഉണ്ടായിരുന്നു. അത് ദൈവനിശ്വസ്‌ത ഗ്രന്ഥമാണെന്നും അതിലെ മുഴു പുസ്‌തകങ്ങളും പൂർവാപര യോജിപ്പിലാണെന്നുമുള്ള ഉറച്ച ബോധ്യം ഉണ്ടായിരുന്നു അദ്ദേഹത്തിന്. ബൈബിൾ വാക്യങ്ങളുടെ വിശദീകരണം അതിന്റെ സാഹചര്യവുമായി പൂർണ യോജിപ്പിലായിരിക്കണമെന്നും അത് വളച്ചൊടിക്കപ്പെടരുതെന്നും വെസെലിന് നിർബന്ധമുണ്ടായിരുന്നു. വളച്ചൊടിക്കപ്പെട്ട ഏതു വിശദീകരണവും ദൈവനിന്ദയായി കണക്കാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ട ഒരു വാക്യമായിരുന്നു മത്തായി 7:7. ഈ വാക്യത്തിന്റെ വെളിച്ചത്തിൽ, ചോദ്യങ്ങൾ ചോദിക്കുന്നത് നല്ലതാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ നിഗമനം ഇതായിരുന്നു: “എത്ര ചോദിക്കുന്നുവോ അത്ര അറിയാനാകും.”
“അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും” എന്നു പറയുന്നഅസാധാരണമായ അഭ്യർഥന
1473-ൽ, വെസെൽ റോം സന്ദർശിക്കുകയുണ്ടായി. പ്രസ്‌തുത വേളയിൽ സിക്‌സ്റ്റസ് നാലാമൻ പാപ്പായുമായി കൂടിക്കാണുന്നതിനുള്ള അവസരം ലഭിച്ചു. അധാർമിക ജീവിതത്തിന്റെ ഫലമായി പ്രൊട്ടസ്റ്റന്റ് മതനവീകരണത്തിനു കാരണമായ ആദ്യത്തെ ആറു പാപ്പാമാരിൽ തുടക്കക്കാരനായിരുന്നു ഇദ്ദേഹം. “വ്യക്തിപരവും രാഷ്‌ട്രീയവുമായ നേട്ടങ്ങൾക്കുവേണ്ടി യാതൊരു ലജ്ജയുമില്ലാതെ പരസ്യമായി ഹീനകാര്യങ്ങൾ” ചെയ്യുന്ന ഒരു കാലഘട്ടത്തിനു തുടക്കം കുറിച്ച വ്യക്തിയായിരുന്നു സിക്‌സ്റ്റസ് നാലാമൻ എന്ന് ചരിത്രകാരിയായ ബാർബറ ടക്‌മൻ പ്രസ്‌താവിക്കുന്നു. യാതൊരു മറയുമില്ലാത്ത അദ്ദേഹത്തിന്റെ സ്വജനപക്ഷപാതം സഭാംഗങ്ങളുടെയും പൊതുജനങ്ങളുടെയും വികാരത്തെ വ്രണപ്പെടുത്തി. പാപ്പാസ്ഥാനം കുടുംബവകയാക്കാൻ സിക്‌സ്റ്റസ് ആഗ്രഹിച്ചിരുന്നതായി ഒരു ചരിത്രകാരൻ പറയുന്നു. അതിനെതിരെ ശബ്ദമുയർത്താൻ ആരും ധൈര്യപ്പെട്ടിരുന്നില്ല.
എന്നിരുന്നാലും, വെസെൽ കാങ്‌സ്‌ഫോർട്ട് വ്യത്യസ്‌തനായിരുന്നു. സിക്‌സ്റ്റസ് ഒരിക്കൽ അദ്ദേഹത്തോട് പറഞ്ഞു: “മകനേ, എന്തുവേണമെങ്കിലും ചോദിച്ചോളൂ, തരാം.” വെസെലിന്റെ പ്രതികരണം ഇതായിരുന്നു: “പരിശുദ്ധ പിതാവേ, . . . അങ്ങ് ഭൂമിയിലെ പുരോഹിതന്മാരിലും ഇടയന്മാരിലും ശ്രേഷ്‌ഠസ്ഥാനം വഹിക്കുന്നു എന്നതിനാലാണ് ഞാനിതു പറയുന്നത്, . . . മഹാ ഇടയൻ . . . വരുമ്പോൾ ‘കൊള്ളാം, നല്ലവനും വിശ്വസ്‌തനുമായ ദാസനേ, നിങ്ങളുടെ യജമാനന്റെ സന്തോഷത്തിൽ പങ്കുചേരുവിൻ’ എന്നു പറയത്തക്കവിധം താങ്കളുടെ സമുന്നതമായ നിയമനം നിറവേറ്റുക.” സിക്‌സ്റ്റസ് അതിനു നൽകിയ മറുപടി, “എന്റെ ഉത്തരവാദിത്വം ഞാൻ നോക്കിക്കൊള്ളാം. വെസെലിന് എന്തെങ്കിലും വേണമെങ്കിൽ ചോദിച്ചോളൂ” എന്നായിരുന്നു. അപ്പോൾ വെസെൽ ഇപ്രകാരം അഭ്യർഥിച്ചു: “എങ്കിൽ വത്തിക്കാൻ ലൈബ്രറിയിൽനിന്ന് ഒരു എബ്രായ-ഗ്രീക്കു ബൈബിൾ എനിക്കു തരാമോ?” അത് അനുവദിച്ച പാപ്പാ, വെസെൽ ബുദ്ധിശൂന്യമായിട്ടാണു പ്രവർത്തിച്ചതെന്നും ഒരു ബിഷപ്പാക്കണമെന്നെങ്കിലും അഭ്യർഥിക്കാമായിരുന്നെന്നും അഭിപ്രായപ്പെട്ടു.
“വഞ്ചനയും അപരാധവും”
ഇന്നത്തെ പ്രസിദ്ധമായ സിസ്റ്റിൻ ചാപ്പലിന്റെ നിർമാണത്തിനുള്ള ധനശേഖരാർഥം സിക്‌സ്റ്റസ് മരിച്ചവർക്കായി പാപമോചന പത്രത്തിന്റെ വിൽപ്പന തുടങ്ങി. അത് ഏറെ പ്രചാരം സിദ്ധിച്ചു. ക്രിസ്‌തുവിന്റെ വികാരിമാർ—പാപ്പാധിപത്യത്തിന്റെ ഇരുണ്ട വശം
(ഇംഗ്ലീഷ്) എന്ന ഗ്രന്ഥം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “വിധവമാരും വിഭാര്യരും മക്കളുടെ വേർപാടിൽ ദുഃഖാർഥരായ മാതാപിതാക്കളും തങ്ങളുടെ പ്രിയപ്പെട്ടവർ ശുദ്ധീകരണസ്ഥലത്തുനിന്നു പുറത്തു വരുന്നതിന് പണം വാരിയെറിഞ്ഞു.” സാധാരണക്കാർ ഇതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു, തങ്ങളുടെ പ്രിയപ്പെട്ടവർ സ്വർഗത്തിലേക്കു പോകുന്നുവെന്ന് ഉറപ്പാക്കാൻ പാപ്പായ്‌ക്കു കഴിയുമെന്ന പൂർണ വിശ്വാസത്തോടെ.എന്നാൽ, കത്തോലിക്കാ സഭയ്‌ക്കോ പാപ്പായ്‌ക്കോ പാപമോചനത്തിനുള്ള അധികാരമില്ലെന്ന് വെസെലിനു നല്ല ബോധ്യമുണ്ടായിരുന്നു. പാപമോചന പത്രത്തിന്റെ വിൽപ്പന “വഞ്ചനയും അപരാധവും” ആണെന്ന് വെസെൽ തുറന്നടിച്ചു. പാപമോചനത്തിനായി പുരോഹിതന്മാരോടു കുമ്പസാരിക്കുന്നതിലും വെസെലിനു വിശ്വാസമില്ലായിരുന്നു.
പാപ്പായുടെ അപ്രമാദിത്വത്തെയും വെസെൽ ചോദ്യംചെയ്‌തു. പാപപങ്കിലരായ പാപ്പാമാരെ കണ്ണുമടച്ച് വിശ്വസിക്കാനാണു പ്രതീക്ഷിക്കുന്നതെങ്കിൽ സഭയുടെ വിശ്വാസത്തിന്റെ അടിത്തറയ്‌ക്ക് ഇളക്കംതട്ടുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഇപ്രകാരം എഴുതി: “ദൈവിക കൽപ്പനകൾക്കു പകരം ബിഷപ്പുവർഗം മനുഷ്യ കൽപ്പനകൾ അടിച്ചേൽപ്പിക്കുകയാണെങ്കിൽ . . . അവർ ചെയ്യുന്നതും കൽപ്പിക്കുന്നതും വ്യർഥമാണ്.”
നവീകരണത്തിനു വഴിതെളിക്കുന്നു
സഭയുടെ ചില തെറ്റായ നടപടികളെ എതിർത്തിരുന്നെങ്കിലും വെസെൽ ഒരു കത്തോലിക്കനായിത്തന്നെ തുടർന്നു. 1489-ൽ അദ്ദേഹം മരണമടഞ്ഞു. സഭ അദ്ദേഹത്തെ ഒരു പാഷണ്ഡിയായി കണക്കാക്കിയില്ലെങ്കിലും മരണശേഷം മതഭ്രാന്തരായ കത്തോലിക്കാ സന്ന്യാസിമാർ അദ്ദേഹത്തിന്റെ കൃതികൾ സഭാപഠിപ്പിക്കലുകൾക്കു നിരക്കുന്നതല്ല എന്നുപറഞ്ഞ് നശിപ്പിക്കാൻ ശ്രമിച്ചു. ലൂഥറിന്റെ സമയമായപ്പോഴേക്കും വെസെൽ ഏതാണ്ട് വിസ്‌മൃതിയിലാണ്ടിരുന്നു. അദ്ദേഹത്തിന്റെ പുസ്‌തകങ്ങളൊന്നും അച്ചടിക്കപ്പെട്ടില്ലെന്നു മാത്രമല്ല കൈയെഴുത്തുപ്രതികളിൽ മിക്കവയും നശിപ്പിക്കപ്പെടുകയും ചെയ്‌തിരുന്നു. അദ്ദേഹത്തിന്റെ കൃതികളുടെ ആദ്യപതിപ്പ് 1520-നും 1522-നും ഇടയ്‌ക്കു പ്രസിദ്ധീകരിക്കുകയുണ്ടായി. വെസെലിന്റെ എഴുത്തുകളെ വ്യക്തിപരമായി പിന്തുണച്ചുകൊണ്ടുള്ള ലൂഥറിന്റെ ഒരു കത്തും അതിൽ ഉണ്ടായിരുന്നു.
ലൂഥറിനെപ്പോലെ വെസെൽ ഒരു പരിഷ്‌കർത്താവല്ലായിരുന്നെങ്കിലും സഭയുടെ ചില തെറ്റായ നടപടികളെ അദ്ദേഹം പരസ്യമായി അപലപിച്ചു. അത് മതനവീകരണത്തിനു വഴിതെളിച്ചു. മക്ലിന്റോക്കിന്റെയും സ്‌ട്രോങ്ങിന്റെയും വിജ്ഞാനകോശം (ഇംഗ്ലീഷ്) അദ്ദേഹത്തെ “മതനവീകരണത്തിനു വഴിയൊരുക്കിയ ജർമൻകാരിൽ മുഖ്യൻ” എന്നാണു വിശേഷിപ്പിക്കുന്നത്.
തന്റെ ആശയങ്ങളെ പിന്തുണച്ച ഒരു വ്യക്തിയായിട്ടാണ് ലൂഥർ അദ്ദേഹത്തെ വീക്ഷിച്ചത്. സി. ഔകസ്റ്റിൻ ഇപ്രകാരം എഴുതി: “ഏലിയാവിന്റെ സമയത്തോടാണ് ലൂഥർ തന്റെ കാലഘട്ടത്തെ ഉപമിച്ചത്. ഒരു പ്രവാചകനെന്ന നിലയിൽ ദൈവത്തിന്റെ യുദ്ധത്തിനായി താൻ തനിച്ചാണെന്ന് ഏലിയാവിനു തോന്നി. സമാനമായി, സഭയുമായുള്ള പോരാട്ടത്തിൽ താൻ ഒറ്റയ്‌ക്കാണെന്നു ലൂഥറിനും തോന്നി. എന്നാൽ, വെസെലിന്റെ കൃതികൾ വായിച്ചപ്പോൾ ‘ഇസ്രായേലിൽ ഒരു ശേഷിപ്പിനെ’ കർത്താവ് നിലനിറുത്തിയിരുന്നതായി ലൂഥർ തിരിച്ചറിഞ്ഞു.” “ലൂഥർ ഇങ്ങനെപോലും പറഞ്ഞു: ‘വെസെലിന്റെ കൃതികൾ ഞാൻ നേരത്തേ വായിച്ചിരുന്നെങ്കിൽ അദ്ദേഹത്തിൽനിന്നാണ് എല്ലാം പഠിച്ചതെന്നേ എന്റെ വൈരികൾക്കു തോന്നുമായിരുന്നുള്ളൂ. കാരണം എന്റെ ചിന്തകൾ അദ്ദേഹത്തിന്റേതുമായി അത്ര യോജിപ്പിലാണ്.’” *
“നിങ്ങൾ കണ്ടെത്തും”
മതനവീകരണ പ്രസ്ഥാനം ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ല. കാലങ്ങൾകൊണ്ട് ഉരുത്തിരിഞ്ഞ ആശയസംഹിതകളാണ് അതിന്റെ പിറവിക്കു തിരികൊളുത്തിയത്. പാപ്പാമാരുടെ ധാർമിക അധഃപതനം ആത്യന്തികമായി മതനവീകരണത്തിൽ കലാശിക്കുമെന്ന് വെസെൽ തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം തന്റെ സമർഥനായ ഒരു ശിഷ്യനോട് ഒരിക്കൽ ഇപ്രകാരം പറഞ്ഞു: “യഥാർഥ ക്രൈസ്‌തവ പണ്ഡിതന്മാർ വഴക്കാളികളായ ദൈവശാസ്‌ത്രജ്ഞന്മാരുടെ . . . പഠിപ്പിക്കലുകളെ ചവറ്റുകൊട്ടയിലിടുന്നത് നീ ഒരിക്കൽ കാണും.”
തന്റെ നാളിലെ ചില കൊള്ളരുതായ്‌മകൾ മനസ്സിലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞെങ്കിലും ബൈബിളിലെ എല്ലാ സത്യങ്ങളും അപ്പാടെ വെളിച്ചത്തു കൊണ്ടുവരാനായില്ല. എന്നിരുന്നാലും, വായിക്കുകയും പഠിക്കുകയും ചെയ്യേണ്ട ഒരു ഗ്രന്ഥമാണു ബൈബിൾ എന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ക്രിസ്‌ത്യാനിത്വത്തിന്റെ ഒരു ചരിത്രം (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: “ബൈബിൾ ദൈവാത്മാവിനാൽ നിശ്വസ്‌തമാക്കപ്പെട്ടതായതിനാൽ അതായിരിക്കണം വിശ്വാസത്തിന്റെ കാര്യത്തിൽ ആത്യന്തിക പ്രമാണം എന്ന പക്ഷക്കാരനായിരുന്നു” വെസെൽ. ഈ ആധുനിക യുഗത്തിലും, ബൈബിളിനെ ഒരു ദൈവനിശ്വസ്‌ത ഗ്രന്ഥമായിട്ടാണ് സത്യക്രിസ്‌ത്യാനികൾ കാണുന്നത്. (2 തിമൊഥെയൊസ് 3:16) എന്നാൽ, ഇപ്പോൾ ബൈബിൾ സത്യങ്ങൾ ഗ്രഹിക്കാനാവാത്തതോ കണ്ടെത്താൻ പ്രയാസമുള്ളതോ അല്ല. മുമ്പെന്നത്തെക്കാളുപരി പിൻവരുന്ന ബൈബിൾ തത്ത്വം ഇന്നു സത്യമാണ്: “അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും.”—മത്തായി 7:7; സദൃശവാക്യങ്ങൾ 2:1-6.
[അടിക്കുറിപ്പുകൾ]
^ ഖ. 9 ബൈബിളിന്റെ മൂലഭാഷകളുടെ പഠനത്തെ ഉന്നമിപ്പിച്ച വ്യക്തികളാണവർ. റോയിക്ലിൻ 1506-ൽ എബ്രായ വ്യാകരണം പ്രസിദ്ധീകരിച്ചു. അത് എബ്രായ തിരുവെഴുത്തുകളുടെ ഗഹനമായ പഠനം സാധ്യമാക്കിത്തീർത്തു. ഇറാസ്‌മസ്, 1516-ൽ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ഒരു അടിസ്ഥാന കൃതി ഗ്രീക്കിൽ പ്രസിദ്ധീകരിച്ചു.
^ ഖ. 21 വെസെൽ കാങ്‌സ്‌ഫോർട്ടും (1419-1489) വടക്കേ യൂറോപ്പിലെ മാനുഷിക മൂല്യങ്ങളും (ഇംഗ്ലീഷ്), 9, 15 പേജുകൾ കാണുക.
[14-ാം പേജിലെ ചതുരം/ചിത്രം]
വെസെലും ദൈവനാമവും
വെസെലിന്റെ കൃതികളിൽ ദൈവനാമം സാധാരണമായി ‘യോഹാവാ’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ, രണ്ടു പ്രാവശ്യമെങ്കിലും ‘യഹോവ’ എന്ന് കാണുന്നുണ്ട്. തോമസ് അക്വിനാസിനും മറ്റും എബ്രായ അറിയാമായിരുന്നെങ്കിൽ “മോശെയ്‌ക്ക് വെളിപ്പെടുത്തിക്കൊടുത്ത ദൈവനാമം ‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു’ എന്നല്ല പകരം ‘ഞാൻ ആയിരിക്കുന്നവൻ ഞാൻ ആയിരിക്കും’ എന്നാണെന്നു തിരിച്ചറിയുമായിരുന്നു”വെന്ന് വെസെൽ നിഗമനം ചെയ്‌തിരുന്നതായി എഴുത്തുകാരനായ എച്ച്. എ. ഓബെർമാൻ ദൈവനാമത്തോടുള്ള വെസെലിന്റെ വീക്ഷണത്തെക്കുറിച്ച് സംസാരിക്കവേ പറയുകയുണ്ടായി. * മൂലഭാഷയനുസരിച്ച് അത് ഇപ്രകാരമാണ്: “ഞാൻ ആരായിത്തീരണമോ അതായിത്തീരും.”—പുറപ്പാടു 3:13, 14.
[അടിക്കുറിപ്പ്]
^ ഖ. 30 വെസെൽ കാങ്‌സ്‌ഫോർട്ടും (1419-1489) വടക്കേ യൂറോപ്പിലെ മാനുഷിക മൂല്യങ്ങളും, പേജ് 105.
[കടപ്പാട്]
കൈയെഴുത്തുപ്രതി: Universiteitsbibliotheek, Utrecht
[15-ാം പേജിലെ ചിത്രങ്ങൾ]
സിക്‌സ്റ്റസ് നാലാമൻ പാപ്പാ അംഗീകരിച്ച പാപമോചന പത്രത്തിന്റെ വിൽപ്പനയെ വെസെൽ ചോദ്യംചെയ്‌തു