സത്യാരാധന എങ്ങനെ തിരിച്ചറിയാം?
സത്യാരാധന എങ്ങനെ തിരിച്ചറിയാം?
ദൈവത്തിൽനിന്നുള്ള കാര്യങ്ങളാണ് തങ്ങൾ പഠിപ്പിക്കുന്നത് എന്നാണ് മിക്കവാറും എല്ലാ മതങ്ങളും അവകാശപ്പെടുന്നത്. അതുകൊണ്ട്, നാം യേശുവിന്റെ ഒരു അപ്പൊസ്‌തലനായ യോഹന്നാന്റെ പിൻവരുന്ന വാക്കുകൾക്കു ശ്രദ്ധ നൽകണം: “പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും [“നിശ്വസ്‌ത മൊഴിയും,” NW] വിശ്വസിക്കാതെ ആത്മാക്കൾ [“നിശ്വസ്‌ത മൊഴികൾ,” NW] ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‌വിൻ.” (1 യോഹന്നാൻ 4:1) ഏതെങ്കിലും ഒരു കാര്യം ദൈവത്തിൽനിന്നുള്ളതാണോ എന്നു പരിശോധിച്ചു നോക്കാൻ നമുക്ക് എങ്ങനെ കഴിയും?
ദൈവത്തിൽനിന്നുള്ളതെന്തും അവന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കും, പ്രത്യേകിച്ച് അവന്റെ മുന്തിയ ഗുണമായ സ്‌നേഹത്തെ. ഉദാഹരണത്തിന്, നമ്മുടെ ഘ്രാണശക്തി ദൈവസ്‌നേഹത്തിന്റെ ഒരു പ്രകടനമാണ്. ഓഷധികൾ, പൂക്കൾ എന്നിവയുടെ നറുമണം അല്ലെങ്കിൽ കൊതിയൂറും വിഭവങ്ങളുടെ ഗന്ധം എന്നിവ ആസ്വദിക്കാൻ അതിലൂടെ നമുക്കു കഴിയുന്നു. സൂര്യാസ്‌തമയമോ ഒരു കുഞ്ഞിന്റെ പുഞ്ചിരിയോ മനോഹരമായ ഒരു പൂമ്പാറ്റയെയോ ഒക്കെ കണ്ടാസ്വദിക്കാൻ നമ്മെ സഹായിക്കുന്ന കാഴ്‌ചശക്തിയും ദൈവസ്‌നേഹത്തെ വിളിച്ചോതുന്നതാണ്. പക്ഷികളുടെ മധുര സംഗീതമോ പ്രിയപ്പെട്ടവരുടെ ശബ്ദമോ മറ്റും കേൾക്കാനുള്ള പ്രാപ്‌തിയുടെ കാര്യത്തിലും അതുതന്നെ സത്യമാണ്. അപൂർണരാണെങ്കിൽപ്പോലും, മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ പ്രകൃതംതന്നെ ദൈവസ്‌നേഹത്തിന്റെ പ്രകടനമാണ്. അതുകൊണ്ടാണ്, യേശുവിന്റെ വാക്കുകളുടെ സത്യത നമുക്ക് മിക്കപ്പോഴും അനുഭവവേദ്യമാകുന്നത്: “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്.” (പ്രവൃത്തികൾ 20:35, NW) സ്‌നേഹം പ്രകടിപ്പിക്കുന്നത് നാം ആസ്വദിക്കുന്നു: കാരണം നാം ‘ദൈവത്തിന്റെ സ്വരൂപത്തിലാണ്’ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. (ഉല്‌പത്തി 1:27) യഹോവയ്‌ക്ക് മറ്റനവധി ഗുണങ്ങൾ ഉണ്ടെങ്കിലും അവന്റെ വ്യക്തിത്വത്തിൽ ഏറ്റവും മുന്തിനിൽക്കുന്നത് സ്‌നേഹമാണ്.
ദൈവത്തിൽനിന്നുള്ള ലിഖിതങ്ങൾ അവന്റെ സ്‌നേഹം പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ലോകമതങ്ങൾക്ക് ധാരാളം പൗരാണിക ലിഖിതങ്ങൾ ഉണ്ട്. ദൈവസ്‌നേഹം പ്രതിഫലിപ്പിക്കുന്ന കാര്യത്തിൽ ആ ലിഖിതങ്ങൾ എങ്ങനെയാണ്?
അത്തരം മിക്ക ലിഖിതങ്ങളിലും ദൈവം നമ്മെ എങ്ങനെയാണ് സ്‌നേഹിക്കുന്നത്, നമുക്ക് ദൈവത്തെ എങ്ങനെ സ്‌നേഹിക്കാം എന്നിവ സംബന്ധിച്ച് വളരെ കുറച്ചു വിശദീകരണമേയുള്ളൂ എന്നതാണ് വാസ്‌തവം. അതുകൊണ്ടുതന്നെ, ദശലക്ഷങ്ങൾ ചോദിക്കുന്ന പിൻവരുന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നില്ല: “സൃഷ്ടിയിൽ ദൈവസ്‌നേഹത്തിനുള്ള തെളിവുകൾ ഉള്ളപ്പോൾത്തന്നെ കഷ്ടപ്പാടും ദുഷ്ടതയും നടമാടുന്നത് എന്തുകൊണ്ടാണ്?” എന്നാൽ, പൗരാണിക മതലിഖിതങ്ങളിൽവെച്ച് ബൈബിൾ മാത്രമാണ് ദൈവസ്‌നേഹത്തെക്കുറിച്ചുള്ള പൂർണഗ്രാഹ്യം നമുക്ക് നൽകുന്നത്. സ്‌നേഹം പ്രകടമാക്കാനാകുന്നത് എങ്ങനെയെന്നും അത് പഠിപ്പിക്കുന്നു.
സ്‌നേഹം തുടിക്കുന്ന ഒരു ഗ്രന്ഥം
ദൈവവചനമായ ബൈബിൾ യഹോവയെ ‘സ്‌നേഹത്തിന്റെ ദൈവമായിട്ടാണ്’ വെളിപ്പെടുത്തുന്നത്. (2 കൊരിന്ത്യർ 13:11) ആദ്യമനുഷ്യജോഡിക്ക് രോഗത്തിൽനിന്നും മരണത്തിൽനിന്നും വിമുക്തമായ ഒരു ജീവിതം നൽകാൻ സ്‌നേഹം അവനെ പ്രേരിപ്പിച്ചതെങ്ങനെയെന്ന് ബൈബിൾ വിശദീകരിക്കുന്നു. പക്ഷേ, ദൈവത്തിന്റെ അധികാരത്തിനെതിരെയുള്ള മത്സരത്തിന്റെ ഫലമായിട്ടാണ് കഷ്ടപ്പാടുകൾ മനുഷ്യജീവിതത്തിന്റെ ഭാഗമായിത്തീർന്നത്. (ആവർത്തനപുസ്‌തകം 32:4, 5; റോമർ 5:12) നഷ്ടപ്പെട്ടത് പുനഃസ്ഥാപിക്കാനായി യഹോവ നടപടി സ്വീകരിച്ചു. ദൈവവചനം പറയുന്നു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു.” (യോഹന്നാൻ 3:16) അനുസരണമുള്ള മനുഷ്യവർഗത്തിന് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി യേശു രാജാവായുള്ള തികവുറ്റ ഒരു ഗവൺമെന്റ് യഹോവ സ്ഥാപിച്ചിരിക്കുന്നത് എങ്ങനെയെന്നു വിശദീകരിച്ചുകൊണ്ട് ദൈവസ്‌നേഹത്തിലേക്ക് തിരുവചനം കൂടുതലായ വെളിച്ചം വീശുന്നു.—ദാനീയേൽ 7:13, 14; 2 പത്രൊസ് 3:13.
മനുഷ്യന്റെ കടപ്പാട് ബൈബിൾ ഇപ്രകാരം സംഗ്രഹിക്കുന്നു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്‌പന. രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം. ഈ രണ്ടു കല്‌പനകളിൽ സകലന്യായപ്രമാണവും . . . അടങ്ങിയിരിക്കുന്നു.” (മത്തായി 22:37-40) ബൈബിൾ ദൈവനിശ്വസ്‌തമാണെന്ന് അതു പ്രസ്‌താവിക്കുന്നു. ദൈവത്തിന്റെ വ്യക്തിത്വം ബൈബിൾ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന സ്ഥിതിക്ക് അത് ‘സ്‌നേഹത്തിന്റെ ദൈവത്തിൽനിന്നു’ള്ളതാണെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്.—2 തിമൊഥെയൊസ് 3:16.
ഈ ഒരു അടിസ്ഥാനത്തിൽനിന്നുകൊണ്ട് ഏതു പൗരാണിക ലിഖിതമാണ് ദൈവത്തിൽനിന്നുള്ളതെന്നു നമുക്ക് മനസ്സിലാക്കാനാകും. സ്‌നേഹം സത്യാരാധകരെയും തിരിച്ചറിയിക്കുന്നു. കാരണം സ്‌നേഹം പ്രകടമാക്കുന്ന കാര്യത്തിൽ അവർ ദൈവത്തെ അനുകരിക്കുന്നു.
ദൈവത്തെ സ്‌നേഹിക്കുന്നവരെ എങ്ങനെ തിരിച്ചറിയാം?
ദൈവത്തെ യഥാർഥമായി സ്‌നേഹിക്കുന്നവരെ എളുപ്പത്തിൽ നമുക്ക് തിരിച്ചറിയാനാകും. പ്രത്യേകിച്ച്, “അന്ത്യകാലം” എന്ന് ബൈബിൾ വിശേഷിപ്പിക്കുന്ന ഇക്കാലത്ത്. ആളുകൾ മുൻകാലത്തെ അപേക്ഷിച്ച് ‘സ്വസ്‌നേഹികളും ദ്രവ്യാഗ്രഹികളും ദൈവപ്രിയമില്ലാത്ത ഭോഗപ്രിയരും’ അഥവാ ഉല്ലാസപ്രിയരും ആണ്.—2 തിമൊഥെയൊസ് 3:1-5.
ദൈവത്തെ സ്‌നേഹിക്കുന്നവരെ നിങ്ങൾക്ക് എങ്ങനെ തിരിച്ചറിയാനാകും? ബൈബിൾ ഇപ്രകാരം പറയുന്നു: “അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്‌നേഹം.” (1 യോഹന്നാൻ 5:3) ബൈബിളിന്റെ ധാർമിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ ദൈവത്തോടുള്ള സ്‌നേഹം ആളുകളെ പ്രേരിപ്പിക്കുന്നു. ഉദാഹരണമായി, ദൈവവചനം ലൈംഗികതയെയും വിവാഹത്തെയും സംബന്ധിച്ച് നിയമങ്ങൾ വെക്കുന്നു. ലൈംഗികബന്ധങ്ങൾ വിവാഹത്തിനുള്ളിൽ മാത്രമേ ആകാവൂ, മാത്രമല്ല വിവാഹം ശാശ്വതവുമായിരിക്കണം. (മത്തായി 19:9; എബ്രായർ 13:4) സ്‌പെയിനിലുള്ള, ദൈവശാസ്‌ത്രം പഠിച്ച ഒരു സ്‌ത്രീ യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിൽ സംബന്ധിക്കാനിടയായി. ബൈബിളിന്റെ ധാർമിക നിയമങ്ങളെക്കുറിച്ചായിരുന്നു അന്ന് അവിടെ ചർച്ച ചെയ്‌തത്. ആ യോഗത്തെക്കുറിച്ച് അവർ പറയുന്നു: “തികഞ്ഞ സംതൃപ്‌തിയോടെയാണ് ഞാൻ അവിടം വിട്ടത്. വിജ്ഞാനപ്രദമായ തിരുവെഴുത്തധിഷ്‌ഠിത പ്രസംഗങ്ങളും അവർക്കിടയിലെ ഐക്യവും ഉയർന്ന ധാർമിക മൂല്യങ്ങളും അവരുടെ നല്ല പെരുമാറ്റവും ആയിരുന്നു കാരണം.”
ദൈവത്തോടുള്ള സ്‌നേഹത്തിനുപുറമേ, അയൽക്കാരോട് കാണിക്കുന്ന സ്‌നേഹത്താലും സത്യക്രിസ്‌ത്യാനികളെ എളുപ്പം തിരിച്ചറിയാം. മനുഷ്യരുടെ ഏക പ്രത്യാശയായ ദൈവരാജ്യത്തെക്കുറിച്ച് മറ്റുള്ളവരോടു സംസാരിക്കുക എന്നതാണ് അവരുടെ ഏറ്റവും മുഖ്യ പ്രവർത്തനം. (മത്തായി 24:14) ദൈവത്തെക്കുറിച്ചുള്ള അറിവ് സമ്പാദിക്കാൻ അയൽക്കാരെ സഹായിക്കുന്നതാണ് അവർക്ക് ശാശ്വതമായ അനുഗ്രഹങ്ങൾ കൈവരുത്തുന്നത്. (യോഹന്നാൻ 17:3) യഥാർഥ ക്രിസ്‌ത്യാനികൾ മറ്റുവിധങ്ങളിലും സ്‌നേഹം പ്രകടമാക്കുന്നു. ദുരിതം അനുഭവിക്കുന്നവരെ അവർ സഹായിക്കുന്നു. ഉദാഹരണത്തിന്, ഭൂകമ്പം ഇറ്റലിയിൽ നാശം വിതറിയപ്പോൾ യഹോവയുടെ സാക്ഷികൾ “ജാതിമതഭേദമന്യേ ദുരിതാശ്വാസം എത്തിക്കുന്നതായി” ഒരു പ്രാദേശിക ദിനപ്പത്രം റിപ്പോർട്ടു ചെയ്‌തു.
ദൈവത്തെയും അയൽക്കാരെയും സ്‌നേഹിക്കുന്നതിനു പുറമേ, സത്യക്രിസ്‌ത്യാനികൾ പരസ്‌പരം സ്‌നേഹിക്കുന്നു. യേശു ഇപ്രകാരം പറഞ്ഞു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നു പുതിയോരു കല്‌പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നു തന്നേ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.”—യോഹന്നാൻ 13:34, 35.
സത്യക്രിസ്‌ത്യാനികൾക്കിടയിലെ സ്‌നേഹം അത്ര പ്രകടമാണോ? ഇമാ എന്നു പേരായ ഒരു കുടുംബിനി അങ്ങനെ ചിന്തിച്ചു. ബൊളീവിയയിലെ ലാപാസിലാണ് അവർ ജോലി ചെയ്യുന്നത്. വംശീയമതിൽ പണക്കാരെയും പാവപ്പെട്ടവരെയും വേർതിരിച്ചുനിറുത്തുന്ന സ്ഥലമാണത്. അവർ പറയുന്നു: “യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിനു പോയപ്പോൾ നന്നായി വസ്‌ത്രം ധരിച്ച ഒരു മാന്യവ്യക്തി ഒരു ഇന്ത്യക്കാരിയുടെ അടുത്തിരുന്നു സംസാരിക്കുന്നത് ഞാൻ കണ്ടു. അങ്ങനെയൊന്ന് മുമ്പു കണ്ടിട്ടേയില്ലായിരുന്നു. ഇത് ദൈവത്തിന്റെ ജനമാണെന്ന് ആ നിമിഷം എനിക്കുറപ്പായി.” അതുപോലെതന്നെ, മിരിയം എന്നു പേരായ ഒരു ബ്രസീലിയൻ യുവതി ഇപ്രകാരം പറഞ്ഞു: “സന്തോഷം എന്തെന്ന് എനിക്കറിയില്ലായിരുന്നു, എന്റെ
കുടുംബത്തിൽപ്പോലും അതില്ലായിരുന്നു. യഹോവയുടെ സാക്ഷികൾക്കിടയിലാണ് ഞാനത് ആദ്യമായി കാണുന്നത്.” അമേരിക്കൻ ഐക്യനാടുകളിലെ ഒരു ടെലിവിഷൻ സ്റ്റേഷന്റെ ന്യൂസ് ഡയറക്ടർ ഇപ്രകാരം എഴുതി: “ഭൂരിപക്ഷം ആളുകളും നിങ്ങളുടെ മതം പറയുന്നതുപോലെ ജീവിച്ചിരുന്നെങ്കിൽ ഈ രാഷ്‌ട്രത്തിന്റെ സ്ഥിതി ഇതായിരിക്കുമായിരുന്നില്ല. നിങ്ങളുടെ സംഘടന സ്‌നേഹത്തിലും സ്രഷ്ടാവിലുള്ള അടിയുറച്ച വിശ്വാസത്തിലും അധിഷ്‌ഠിതമാണെന്ന് എനിക്കറിയാം.”സത്യാരാധന അന്വേഷിപ്പിൻ
സത്യാരാധനയുടെ മുഖമുദ്രയാണ് സ്‌നേഹം. ശരിയായ വഴി കണ്ടെത്തി അതിലൂടെ സഞ്ചരിക്കുന്നതിനോടാണ് യേശു സത്യാരാധനയെ ഉപമിച്ചത്. നിത്യജീവനിലേക്കു നയിക്കുന്ന ഒരേയൊരു പാത അതുമാത്രമാണ്. യേശു ഇപ്രകാരം പറഞ്ഞു: “ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.” (മത്തായി 7:13, 14) സത്യാരാധനയാകുന്ന വഴിയിലൂടെ ദൈവത്തോടൊപ്പം ഏകീകൃതരായി നടക്കുന്ന സത്യക്രിസ്‌ത്യാനികളുടെ ഒരു കൂട്ടമേയുള്ളൂ. അതുകൊണ്ട്, നിങ്ങൾ ഏതു മതം തിരഞ്ഞെടുക്കുന്നു എന്നത് തീർച്ചയായും പ്രാധാന്യമർഹിക്കുന്നു. ആ വഴി കണ്ടെത്തി അതിൽ നടന്നാൽ നിങ്ങൾ ജീവിതത്തിലെ ഏറ്റവും നല്ല വഴിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കാരണം അത് സ്‌നേഹത്തിന്റെ വഴിയാണ്.—എഫെസ്യർ 4:1-4.
സത്യാരാധനയുടെ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങൾക്കു ലഭിക്കുന്ന ആ സന്തോഷമൊന്നു വിഭാവന ചെയ്‌തു നോക്കൂ! അത് ദൈവത്തോടൊത്തു നടക്കുന്നതുപോലെയാണ്. ദൈവത്തിൽനിന്ന് ജ്ഞാനം നേടാനും സ്‌നേഹത്തെക്കുറിച്ചു പഠിക്കാനും അതുവഴി മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ ആസ്വദിക്കാനും നിങ്ങൾക്കു കഴിയും. കൂടാതെ, ജീവിതത്തിന്റെ ഉദ്ദേശ്യത്തെയും ദിവ്യവാഗ്‌ദാനങ്ങളെയും കുറിച്ചു മനസ്സിലാക്കാനും. അത് നല്ലൊരു ഭാവിപ്രത്യാശ നേടിത്തരുകയും ചെയ്യും. സത്യാരാധന തിരഞ്ഞെടുത്തതിൽ നിങ്ങൾക്ക് ഒരിക്കലും ഖേദിക്കേണ്ടിവരില്ല.
[5-ാം പേജിലെ ചിത്രം]
പൗരാണിക മതലിഖിതങ്ങളിൽ ബൈബിൾ മാത്രമാണ് ദൈവസ്‌നേഹം വെളിപ്പെടുത്തുന്നത്
[7-ാം പേജിലെ ചിത്രങ്ങൾ]
സ്‌നേഹം സത്യക്രിസ്‌ത്യാനികളെ തിരിച്ചറിയിക്കുന്നു