‘അവൾ ഞങ്ങളെക്കൊണ്ട് സമ്മതിപ്പിച്ചു’
‘അവൾ ഞങ്ങളെക്കൊണ്ട് സമ്മതിപ്പിച്ചു’
അതിഥിസത്‌കാരം. പൗരസ്‌ത്യദേശക്കാരുടെ ഒരു മുഖമുദ്രയാണത്. ഇന്ത്യയിലെ കാര്യംതന്നെ എടുക്കുക. അവിചാരിതമായി എത്തുന്ന അതിഥിക്കുവേണ്ടി ഒരു നേരത്തെ ആഹാരം വേണ്ടെന്നുവെക്കാൻപോലും വീട്ടുകാർ തയ്യാറായേക്കും. ഇറാനിലെ ഒരു വീട്ടമ്മ എപ്പോഴും ഫ്രിഡ്‌ജിൽ വേണ്ടുവോളം ആഹാരമുണ്ടെന്ന് ഉറപ്പുവരുത്തും. എന്തിനാണെന്നോ? അപ്രതീക്ഷിതമായി വന്നെത്തുന്ന സന്ദർശകരെ സത്‌കരിക്കാൻ.
ബൈബിളിൽ പരാമർശിച്ചിരിക്കുന്ന പലരിലും ഇത്തരം ഉദാരമനസ്‌കത പ്രകടമായിരുന്നു. അതിനൊരു ഉത്തമ ഉദാഹരണമാണ് ലുദിയ. സാധ്യതയനുസരിച്ച് ഒരു യഹൂദ മതപരിവർത്തിതയായിരുന്ന അവൾ മക്കദോന്യയിലെ പ്രമുഖ നഗരമായ ഫിലിപ്പിയിലാണു താമസിച്ചിരുന്നത്. ഒരു ശബത്തുനാളിൽ അപ്പൊസ്‌തലനായ പൗലൊസും അവന്റെ സഞ്ചാര കൂട്ടാളികളും, ലുദിയയെയും മറ്റു ചില സ്‌ത്രീകളെയും ഫിലിപ്പിക്കു വെളിയിലുള്ള ഒരു പുഴക്കരയിൽ കണ്ടുമുട്ടി. പൗലൊസ് അവരോടു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ യഹോവ ലുദിയയുടെ ഹൃദയം തുറന്നു. അങ്ങനെ അവളും കുടുംബവും സ്‌നാപനമേറ്റു. തുടർന്ന് അവൾ അവരോട് ഇങ്ങനെ അപേക്ഷിച്ചു: “കർത്താവിനോട് വിശ്വസ്‌തതയുള്ളവളായി എന്നെ പരിഗണിക്കുന്നെങ്കിൽ, നിങ്ങൾ എന്റെ വീട്ടിൽ വന്നു താമസിച്ചാലും!” പൗലൊസിന്റെ കൂട്ടാളിയായ ലൂക്കൊസ് പറയുന്നു: “അവൾ ഞങ്ങളെക്കൊണ്ട് അതു സമ്മതിപ്പിച്ചു.”—പ്രവൃത്തികൾ 16:11-15, ഓശാന ബൈബിൾ.
ലുദിയയെപ്പോലെയാണ് ഇന്നുള്ള ക്രിസ്‌ത്യാനികളും. അവർ സഞ്ചാരമേൽവിചാരകന്മാരും അവരുടെ ഭാര്യമാരും ഉൾപ്പെടെയുള്ള സഹവിശ്വാസികൾക്ക് ആതിഥ്യമരുളുന്നു. ഉദാരമനസ്‌കരായ ആ ക്രിസ്‌ത്യാനികളുടെ ക്ഷണം നിരസിക്കുക അത്ര എളുപ്പമല്ല. ആതിഥേയരാണെങ്കിലോ, പരിപുഷ്ടിപ്പെടുത്തുന്ന സംഭാഷണങ്ങളാലും ആത്മീയ സഹവാസത്താലും അനുഗ്രഹിക്കപ്പെടുന്നു. യഹോവയുടെ സാക്ഷികളിൽ മിക്കവരും സമ്പന്നരൊന്നും അല്ലെങ്കിലും അവർ “അതിഥിസല്‌ക്കാരം ആചരി”ക്കുന്നു. (റോമർ 12:13; എബ്രായർ 13:2) അത്തരം ഉദാരമനസ്‌കത അവർക്കു സന്തോഷം കൈവരുത്തുന്നു. “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം” എന്ന് യേശു പറഞ്ഞത് എത്ര ശരിയാണ്!—പ്രവൃത്തികൾ 20:35.