വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൂതന്മാർ മനുഷ്യവർഗത്തെ സ്വാധീനിക്കുന്ന വിധം

ദൂതന്മാർ മനുഷ്യവർഗത്തെ സ്വാധീനിക്കുന്ന വിധം

ദൂതന്മാർ മനുഷ്യവർഗത്തെ സ്വാധീനിക്കുന്ന വിധം

“അനന്തരം ഞാൻ വലിയ അധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്നതു കണ്ടു; . . . അവൻ ഉറക്കെ വിളിച്ചുപറഞ്ഞതു: വീണുപോയി; മഹതിയാം ബാബിലോൻ വീണുപോയി.”​—⁠വെളിപ്പാടു 18:1, 2.

1, 2. തന്റെ ഇഷ്ടം നിറവേറ്റാൻ യഹോവ ദൂതന്മാരെ ഉപയോഗിക്കുന്നുവെന്ന്‌ എന്തു പ്രകടമാക്കുന്നു?

പത്മൊസ്‌ ദ്വീപിൽ പ്രവാസത്തിലായിരിക്കെ വൃദ്ധനായ യോഹന്നാൻ അപ്പൊസ്‌തലനു പ്രാവചനിക ദർശനങ്ങൾ ലഭിക്കുന്നു. നിശ്വസ്‌തതയിൽ “കർത്തൃദിവസ”ത്തിലായ അവൻ കോൾമയിർക്കൊള്ളിക്കുന്ന സംഭവങ്ങൾ ദർശിക്കുന്നു. 1914-ൽ യേശുക്രിസ്‌തു സിംഹാസനസ്ഥനായതുമുതൽ അവന്റെ ആയിരവർഷ വാഴ്‌ചയുടെ പരിസമാപ്‌തിവരെയും നീളുന്നതാണ്‌ ആ ദിവസം.​—⁠വെളിപ്പാടു 1:⁠10.

2 പ്രസ്‌തുത വെളിപ്പാട്‌ യഹോവയാം ദൈവം യോഹന്നാന്‌ നേരിട്ടു നൽകുകയായിരുന്നില്ല. അതിനായി അവൻ ഉപയോഗിച്ച സരണിയെക്കുറിച്ച്‌ വെളിപ്പാടു 1:1 ഇങ്ങനെ പറയുന്നു: “യേശുക്രിസ്‌തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.” “കർത്തൃദിവസ”ത്തോടു ബന്ധപ്പെട്ട്‌ യഹോവ വെളിപ്പെടുത്തിയ അത്ഭുതകരമായ കാര്യങ്ങൾ യോഹന്നാനെ അറിയിക്കാൻ യേശു ഒരു ദൂതനെ ഉപയോഗിച്ചു. ഒരു സന്ദർഭത്തിൽ ‘വലിയ അധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്നതും’ യോഹന്നാൻ കണ്ടു. എന്തായിരുന്നു ഈ ദൂതന്റെ നിയമനം? “വീണുപോയി; മഹതിയാം ബാബിലോൻ വീണുപോയി” എന്ന്‌ ‘അവൻ ഉറക്കെ വിളിച്ചുപറഞ്ഞു.’ (വെളിപ്പാടു 18:1, 2) വ്യാജമത ലോകസാമ്രാജ്യമായ മഹാബാബിലോണിന്റെ വീഴ്‌ചയെക്കുറിച്ച്‌ അറിയിക്കാനുള്ള പദവിയായിരുന്നു ശക്തനായ ആ ദൂതന്‌ ഉണ്ടായിരുന്നത്‌. അതുകൊണ്ട്‌, തന്റെ ഇഷ്ടം നിറവേറ്റുന്നതിൽ യഹോവ ദൂതന്മാരെ ഒരു സുപ്രധാന വിധത്തിൽ ഉപയോഗിക്കുന്നുവെന്നതിനു സംശയമില്ല. ദൈവോദ്ദേശ്യത്തിലും നമ്മുടെ ജീവിതത്തിലും ദൂതന്മാർക്കുള്ള പങ്കിനെക്കുറിച്ചു വിശദമായി പരിശോധിക്കുന്നതിനുമുമ്പായി ഈ ആത്മ സൃഷ്ടികളുടെ ഉത്ഭവം നമുക്കു പരിചിന്തിക്കാം.

ദൂതന്മാരുടെ ഉത്ഭവം

3. ദൂതന്മാരെക്കുറിച്ച്‌ അനേകരും എന്തു തെറ്റിദ്ധാരണ വെച്ചുപുലർത്തുന്നു?

3 ഇന്നു ദശലക്ഷങ്ങൾ ദൂതന്മാരുടെ അസ്‌തിത്വത്തിൽ വിശ്വസിക്കുന്നു. എന്നാൽ ദൂതന്മാരെക്കുറിച്ചും അവരുടെ ഉത്ഭവത്തെക്കുറിച്ചും അനേകർക്കും തെറ്റായ ധാരണകളാണുള്ളത്‌. ഉദാഹരണത്തിന്‌ പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ ആ വ്യക്തി സ്വർഗത്തിലേക്കു പോകുന്നുവെന്നും ഒരു മാലാഖ, അഥവാ ദൂതൻ ആയിത്തീരുന്നുവെന്നുമാണു ചില ആളുകൾ വിശ്വസിക്കുന്നത്‌. ദൂതന്മാരുടെ ഉത്ഭവത്തെയും ഭാഗധേയത്തെയും കുറിച്ചു ദൈവവചനം പഠിപ്പിക്കുന്നത്‌ അതാണോ?

4. ദൂതന്മാരുടെ ഉത്ഭവം സംബന്ധിച്ചു ബൈബിൾ നമ്മോട്‌ എന്തു പറയുന്നു?

4 ഏറ്റവും ശക്തിയും അധികാരവുമുള്ള പ്രമുഖ ദൂതൻ “പ്രധാനദൂതനായ മീഖായേൽ” എന്നറിയപ്പെടുന്നു. (യൂദാ 9) അതു യേശുക്രിസ്‌തുവല്ലാതെ മറ്റാരുമല്ല. (1 തെസ്സലൊനീക്യർ 4:16) അസംഖ്യം യുഗങ്ങൾക്കുമുമ്പ്‌ തന്റെ സൃഷ്ടിക്രിയകളുടെ ആരംഭമായി യഹോവ ഈ ദൂതപുത്രനെ ഉളവാക്കി. (വെളിപ്പാടു 3:14) പിന്നീട്‌ ഈ ആദ്യജാത പുത്രനിലൂടെ മറ്റെല്ലാ ആത്മവ്യക്തികളെയും യഹോവ സൃഷ്ടിച്ചു. (കൊലൊസ്സ്യർ 1:15-17) അവരെ തന്റെ പുത്രന്മാർ എന്നു പരാമർശിച്ചുകൊണ്ട്‌ ഗോത്രപിതാവായ ഇയ്യോബിനോട്‌ അവൻ ഇങ്ങനെ ചോദിച്ചു: “ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്‌താവിക്ക. പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്‌തപ്പോൾ . . . അതിന്റെ മൂലക്കല്ലിട്ടവൻ ആർ?” (ഇയ്യോബ്‌ 38:4, 6, 7) ദൂതന്മാർ ദൈവത്തിന്റെ സൃഷ്ടിയാണെന്നതും മനുഷ്യർ ഉണ്ടാകുന്നതിനു വളരെമുമ്പേ അവർ സൃഷ്ടിക്കപ്പെട്ടുവെന്നതും വ്യക്തമാണ്‌.

5. ദൂതന്മാർ എങ്ങനെ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു?

5 “ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ” എന്ന്‌ 1 കൊരിന്ത്യർ 14:33 പറയുന്നു. അതിനുചേർച്ചയിൽ യഹോവ തന്റെ ആത്മപുത്രന്മാരെ പിൻവരുന്ന മൂന്ന്‌ അടിസ്ഥാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: (1) ദൈവസിംഹാസനത്തിനു സമീപം സേവകരായി പ്രവർത്തിക്കുകയും ദൈവത്തിന്റെ പരിശുദ്ധി വിളിച്ചറിയിക്കുകയും ദൈവജനത്തിന്റെ ആത്മീയശുദ്ധി സംരക്ഷിക്കുകയും ചെയ്യുന്ന സാറാഫുകൾ; (2) യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കുന്ന കെരൂബുകൾ; (3) ദൈവേഷ്ടം അനുഷ്‌ഠിക്കുന്ന മറ്റു ദൂതന്മാർ. (സങ്കീർത്തനം 103:20; യെശയ്യാവു 6:1-3; യെഹെസ്‌കേൽ 10:3-5; ദാനീയേൽ 7:⁠10) ഈ ആത്മസൃഷ്ടികൾ മനുഷ്യരെ സാധീനിക്കുന്ന ചില വിധങ്ങൾ ഏതെല്ലാമാണ്‌?​—⁠വെളിപ്പാടു 5:⁠11.

ദൂതന്മാരുടെ ഭാഗധേയം

6. ഏദെൻതോട്ടത്തോടുള്ള ബന്ധത്തിൽ യഹോവ കെരൂബുകളെ ഉപയോഗിച്ചത്‌ എങ്ങനെ?

6 ഉല്‌പത്തി 3:​24-ലാണ്‌ ആത്മസൃഷ്ടികളെക്കുറിച്ചു നേരിട്ടുള്ള ആദ്യ പരാമർശം നാം കാണുന്നത്‌. അവിടെ ഇങ്ങനെ പറയുന്നു: “അവൻ [യഹോവ] മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻതോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.” ഈ കെരൂബുകൾ ആദാമും ഹവ്വായും ഏദെൻതോട്ടത്തിലേക്കു തിരികെ പ്രവേശിക്കാതെ തടഞ്ഞു. മനുഷ്യ ചരിത്രത്തിന്റെ തുടക്കത്തിലായിരുന്നു ഈ സംഭവം. അന്നുമുതൽ ദൂതന്മാർ ഏതെല്ലാം വിധങ്ങളിൽ പ്രവർത്തിച്ചിരിക്കുന്നു?

7. “ദൂതൻ” എന്ന വാക്കിന്റെ അർഥം ദൂതന്മാരുടെ പ്രവർത്തനങ്ങളിലൊന്നിനെക്കുറിച്ച്‌ എന്തു സൂചിപ്പിക്കുന്നു?

7 നാനൂറോളം പ്രാവശ്യം ബൈബിൾ ദൂതന്മാരെ പരാമർശിക്കുന്നുണ്ട്‌. “ദൂതൻ” എന്ന വാക്കിന്റെ അർഥം “സന്ദേശവാഹകൻ” എന്നാണ്‌. അങ്ങനെ ദൂതന്മാർ ദൈവത്തിനും മനുഷ്യർക്കും ഇടയിലെ ആശയവിനിമയ മാധ്യമമായി സേവിച്ചിരിക്കുന്നു. ആദ്യത്തെ രണ്ടു ഖണ്ഡികകളിൽ പരാമർശിച്ചതുപോലെ, യോഹന്നാൻ അപ്പൊസ്‌തലനു സന്ദേശങ്ങൾ കൈമാറാൻ യഹോവ ഉപയോഗിച്ചത്‌ ഒരു ദൂതനെയാണ്‌.

8, 9. (എ) ഒരു ദൂതന്റെ സന്ദർശനങ്ങൾ മാനോഹയെയും ഭാര്യയെയും സ്വാധീനിച്ചത്‌ എങ്ങനെ? (ബി) ദൈവദൂതനും മാനോഹയും ഉൾപ്പെട്ട സംഭവത്തിൽനിന്നു മാതാപിതാക്കൾക്ക്‌ എന്തു പഠിക്കാനാകും?

8 യഹോവ ഭൂമിയിലുള്ള തന്റെ ദാസർക്കു സഹായവും പ്രോത്സാഹനവും നൽകാനും ദൂതന്മാരെ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്‌ ഇസ്രായേല്യ ന്യായാധിപന്മാരുടെ നാളിൽ, മക്കളില്ലാതെ ദുഃഖിച്ചിരുന്ന രണ്ടുപേരായിരുന്നു മാനോഹയും വന്ധ്യയായ അവന്റെ ഭാര്യയും. അവൾക്ക്‌ ഒരു മകൻ ജനിക്കുമെന്ന്‌ അറിയിക്കാൻ യഹോവ ഒരു ദൂതനെ അവളുടെ അടുക്കലേക്ക്‌ അയച്ചു. ബൈബിൾ ഇങ്ങനെ പറയുന്നു: “നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലൻ ഗർഭംമുതൽ ദൈവത്തിന്നു നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്‌ത്യരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ തുടങ്ങും.”​—⁠ന്യായാധിപന്മാർ 13:1-5.

9 അങ്ങനെ മാനോഹയുടെ ഭാര്യ ഒരു ആൺകുഞ്ഞിനു ജന്മംനൽകി. സുപ്രസിദ്ധ ബൈബിൾ കഥാപാത്രമായിത്തീർന്ന ശിംശോനായിരുന്നു അത്‌. (ന്യായാധിപന്മാർ 13:24) മകനെ വളർത്തിക്കൊണ്ടുവരേണ്ടത്‌ എങ്ങനെയാണെന്നതു സംബന്ധിച്ചു തങ്ങൾക്കു മാർഗനിർദേശം നൽകേണ്ടതിന്‌ ആ ദൂതനെ വീണ്ടും അയയ്‌ക്കണമേയെന്ന്‌, കുട്ടി പിറക്കുന്നതിനുമുമ്പുതന്നെ മാനോഹ യഹോവയോട്‌ അഭ്യർഥിച്ചു. മടങ്ങിവന്ന ദൂതനോട്‌ അവൻ ഇങ്ങനെ ചോദിച്ചു: “കുട്ടി ഏതു തരം ജീവിതമായിരിക്കും നയിക്കുക? എന്തായിരിക്കും അവന്റെ പ്രവൃത്തി?” (NW) മാനോഹയുടെ ഭാര്യയോടു പറഞ്ഞിരുന്ന കാര്യങ്ങൾതന്നെ ആ ദൂതൻ അവനോടും പറഞ്ഞു. (ന്യായാധിപന്മാർ 13:6-14) പ്രസ്‌തുത സംഭവം അവന്‌ എത്ര പ്രോത്സാഹനം പകർന്നിരിക്കണം! സമാനമായ ഒരു വിധത്തിൽ ദൂതന്മാർ ഇന്നു വ്യക്തികളെ സന്ദർശിക്കുന്നില്ലെങ്കിലും മാനോഹയെപ്പോലെ, മക്കളെ പരിശീലിപ്പിക്കുന്നതിൽ മാതാപിതാക്കൾക്കു യഹോവയുടെ ആലോചന തേടാനാകും.​—⁠എഫെസ്യർ 6:⁠4.

10, 11. (എ) അരാംസൈന്യത്തിന്റെ പടനീക്കം കണ്ട എലീശായും സേവകനും എങ്ങനെ പ്രതികരിച്ചു? (ബി) ഈ സംഭവത്തെക്കുറിച്ചു ധ്യാനിക്കുന്നത്‌ നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യും?

10 എലീശാ പ്രവാചകന്റെ നാളിൽ ദൂതപിന്തുണയുടെ ഉജ്ജ്വലമായ ഒരു പ്രകടനം അരങ്ങേറി. ഇസ്രായേല്യ പട്ടണമായ ദോഥാനിലായിരുന്നു അവന്റെ താമസം. ഒരു ദിവസം വെളുപ്പിന്‌ അവന്റെ സേവകൻ ഉറക്കമുണർന്നു നോക്കിയപ്പോൾ, കുതിരകളുടെയും യുദ്ധരഥങ്ങളുടെയും ഒരു വൻ സന്നാഹം പട്ടണത്തെ വളഞ്ഞിരിക്കുന്നതാണു കണ്ടത്‌! എലീശായെ പിടിച്ചുകൊണ്ടുവരാൻ അരാംരാജാവ്‌ അയച്ച സൈന്യമായിരുന്നു അത്‌. പ്രവാചകസേവകൻ എങ്ങനെയാണു പ്രതികരിച്ചത്‌? ഭയന്നുപോയ അവൻ ആലിലപോലെ വിറച്ചുകൊണ്ട്‌ ഇങ്ങനെ വിളിച്ചുപറഞ്ഞു: “അയ്യോ യജമാനനേ, നാം എന്തു ചെയ്യും.” എല്ലാം അവസാനിച്ചു എന്നായിരുന്നു അവന്റെ ചിന്ത. എന്നാൽ “പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടുകൂടെയുള്ളവരെക്കാൾ അധികം” എന്നായിരുന്നു എലീശായുടെ മറുപടി. അവൻ എന്താണ്‌ അർഥമാക്കിയത്‌?​—⁠2 രാജാക്കന്മാർ 6:11-16.

11 തന്നെ സഹായിക്കാൻ ദൂതവൃന്ദങ്ങൾ ഒരുങ്ങിനിൽക്കുന്ന കാര്യം എലീശായ്‌ക്ക്‌ അറിയാമായിരുന്നു. എന്നാൽ സേവകനു യാതൊന്നും കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട്‌ “യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ” എന്ന്‌ എലീശാ പ്രാർഥിച്ചു. അപ്പോൾ “യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവൻ കണ്ടു.” (2 രാജാക്കന്മാർ 6:17) അങ്ങനെ ആ സേവകന്‌ ദൂതന്മാരുടെ വൻസംഘത്തെ കാണാൻ കഴിഞ്ഞു. യഹോവയുടെ ജനത്തിനു സഹായവും സംരക്ഷണവും നൽകിക്കൊണ്ട്‌ അവന്റെയും ക്രിസ്‌തുവിന്റെയും മാർഗനിർദേശത്തിൻകീഴിൽ ദൂതന്മാർ പ്രവർത്തിക്കുന്നതു ‘കാണാൻ’ ആത്മീയ ഉൾക്കാഴ്‌ച നമ്മെയും സഹായിക്കും.

ദൂതപിന്തുണ ക്രിസ്‌തുവിന്റെ നാളിൽ

12. ഗബ്രീയേൽ ദൂതൻ മറിയയെ ഏതു വിധത്തിൽ പിന്തുണച്ചു?

12 “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം” എന്ന സന്ദേശം ഗബ്രീയേൽ ദൂതൻ യെഹൂദ കന്യകയായ മറിയയെ അറിയിച്ച വിധം ശ്രദ്ധിക്കുക. അത്യന്തം ആശ്ചര്യകരമായ ആ വാർത്ത അറിയിക്കുന്നതിനു തൊട്ടുമുമ്പ്‌ അവൻ അവളോട്‌ ഇങ്ങനെ പറഞ്ഞു: “മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.” (ലൂക്കൊസ്‌ 1:26, 27, 30, 31) തനിക്കു ദൈവപ്രീതി ഉണ്ടെന്ന്‌ ഉറപ്പുനൽകിക്കൊണ്ടുള്ള ആ വാക്കുകൾ മറിയയെ എത്രമാത്രം പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്‌തിരിക്കണം!

13. ദൂതന്മാർ യേശുവിനെ പിന്തുണച്ചത്‌ എങ്ങനെ?

13 മരുഭൂമിയിൽവെച്ച്‌ സാത്താൻ യേശുവിനു മുമ്പാകെ കൊണ്ടുവന്ന മൂന്നു പ്രലോഭനങ്ങളെ അവൻ ചെറുത്തുനിന്നതിനുശേഷം ദൂതപിന്തുണയുടെ മറ്റൊരു സംഭവം ഉണ്ടായി. പ്രലോഭനങ്ങൾക്കൊടുവിൽ “പിശാചു അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു” എന്നു വിവരണം പറയുന്നു. (മത്തായി 4:1-11) യേശുവിന്റെ മരണത്തിനു മുമ്പുള്ള രാത്രിയിൽ സമാനമായൊരു കാര്യം സംഭവിച്ചു. “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നേ ആകട്ടെ” എന്ന്‌ ഹൃദയവ്യഥയോടെ യേശു മുട്ടുകുത്തി പ്രാർഥിച്ചപ്പോൾ “അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.” (ലൂക്കൊസ്‌ 22:42, 43) എന്നാൽ ഇന്നു നമുക്ക്‌ എങ്ങനെയുള്ള ദൂതസഹായമാണു ലഭിക്കുന്നത്‌?

ദൂതപിന്തുണ ആധുനിക നാളിൽ

14. ആധുനികനാളിൽ യഹോവയുടെ സാക്ഷികൾ എന്തെല്ലാം പീഡനങ്ങൾ നേരിട്ടിരിക്കുന്നു, അതിന്റെയെല്ലാം ഫലം എന്താണ്‌?

14 യഹോവയുടെ സാക്ഷികളുടെ പ്രസംഗപ്രവർത്തനത്തിന്റെ ആധുനിക ചരിത്രം പരിചിന്തിക്കുമ്പോൾ നാം ദൂതപിന്തുണയുടെ തെളിവു കാണുന്നില്ലേ? ഉദാഹരണത്തിന്‌, രണ്ടാം ലോകമഹായുദ്ധകാലത്തും (1939-45) അതിനുമുമ്പും ജർമനിയിലും പശ്ചിമ യൂറോപ്പിലും യഹോവയുടെ സാക്ഷികൾക്ക്‌ നാസി ഭരണകൂടത്തിന്റെ ക്രൂരമായ ആക്രമണം സഹിച്ചുനിൽക്കാൻ കഴിഞ്ഞിട്ടുണ്ട്‌. ഇറ്റലി, സ്‌പെയിൻ, പോർട്ടുഗൽ എന്നിവിടങ്ങളിൽ കത്തോലിക്കാ-ഫാസിസ്റ്റ്‌ ഭരണകൂടങ്ങൾക്കു കീഴിൽ അവർ അതിലും കൂടുതൽ കാലം പീഡനം സഹിച്ചുനിന്നു. മുൻ സോവിയറ്റ്‌ യൂണിയനിലും അതിന്റെ ഉപഗ്രഹ രാഷ്‌ട്രങ്ങളിലും പതിറ്റാണ്ടുകളോളം അവർക്കു സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്‌. ചില ആഫ്രിക്കൻ നാടുകളിൽ സാക്ഷികൾ സഹിച്ചുനിന്ന പീഡനങ്ങളുടെ കഥയും വിസ്‌മരിക്കാവുന്നതല്ല. * കൂടുതൽ അടുത്ത കാലങ്ങളിൽ ജോർജിയയിലുള്ള യഹോവയുടെ ദാസർ മൃഗീയമായ പീഡനത്തിനു വിധേയരാകുകയുണ്ടായി. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനു തടയിടാൻ ആവുന്നതെല്ലാം സാത്താൻ ചെയ്‌തിരിക്കുന്നു. എങ്കിലും ഒരു സംഘടനയെന്ന നിലയിൽ അവർ അത്തരം പീഡനങ്ങളെല്ലാം അതിജീവിക്കുകയും കൂടുതൽ കരുത്ത്‌ ആർജിക്കുകയും ചെയ്‌തിരിക്കുന്നു. ദൂതന്മാരുടെ സംരക്ഷണവലയമാണു ഭാഗികമായി ഇതിനു കാരണം.​—⁠സങ്കീർത്തനം 34:7; ദാനീയേൽ 3:28; 6:⁠22.

15, 16. ആഗോള ശുശ്രൂഷ നിറവേറ്റുന്നതിൽ ദൂതന്മാർ യഹോവയുടെ സാക്ഷികളെ എങ്ങനെ സഹായിക്കുന്നു?

15 ദൈവരാജ്യത്തിന്റെ സുവാർത്ത ഭൂവിലെങ്ങും പ്രസംഗിക്കാനും താത്‌പര്യം പ്രകടമാക്കുന്ന എല്ലാവരെയും ബൈബിൾസത്യം പഠിപ്പിച്ചുകൊണ്ട്‌ ശിഷ്യരാക്കാനുമുള്ള തങ്ങളുടെ നിയോഗത്തിനു യഹോവയുടെ സാക്ഷികൾ വളരെ പ്രാധാന്യം കൽപ്പിക്കുന്നു. (മത്തായി 28:19, 20) എന്നാൽ ദൂതന്മാരുടെ പിന്തുണയില്ലാതെ ഈ നിയോഗം നിറവേറ്റാനാവില്ലെന്ന്‌ അവർക്കു നല്ല ബോധ്യമുണ്ട്‌. അതുകൊണ്ട്‌ വെളിപ്പാടു 14:6, 7-ൽ കാണപ്പെടുന്ന വാക്കുകൾ അവർക്ക്‌ എന്നും പ്രോത്സാഹനമായിരുന്നിട്ടുണ്ട്‌. അവിടെ ഇങ്ങനെ പറയുന്നു: “വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ [യോഹന്നാൻ] കണ്ടു; ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു. ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു; ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും ഉണ്ടാക്കിയവനെ നമസ്‌കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.”

16 യഹോവയുടെ സാക്ഷികൾ നിർവഹിക്കുന്ന ബൃഹത്തായ ആഗോള സുവിശേഷ വേലയെ ദൂതന്മാർ പിന്തുണയ്‌ക്കുകയും നയിക്കുകയും ചെയ്യുന്നുവെന്ന്‌ ഈ വാക്കുകൾ വ്യക്തമായി പ്രകടമാക്കുന്നു. ആത്മാർഥഹൃദയരെ തന്റെ സാക്ഷികളുടെ അടുക്കലേക്കു നയിക്കാൻ യഹോവ ദൂതന്മാരെ ഉപയോഗിക്കുന്നു. അതുപോലെതന്നെ ദൂതന്മാരെ ഉപയോഗിച്ചുകൊണ്ട്‌ സാക്ഷികളെ യോഗ്യരായവരുടെ അടുത്തേക്കും അവൻ വഴിനടത്തിയിട്ടുണ്ട്‌. കടുത്ത പ്രതിസന്ധിയിലും ആത്മീയ സഹായം ആവശ്യമുള്ള സാഹചര്യത്തിലും ആയിരിക്കുന്ന ചില വ്യക്തികളെ യഹോവയുടെ സാക്ഷികളിൽപ്പെട്ടവർ ആ കൃത്യസമയത്തുതന്നെ കണ്ടുമുട്ടുന്നതിന്റെ ധാരാളം അനുഭവങ്ങൾ​—⁠യാദൃച്ഛികമെന്നു കരുതാൻ കഴിയാത്തവിധം അത്ര കൂടെക്കൂടെ​—⁠ഉണ്ടാകുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ഇതു വിശദീകരിക്കുന്നു.

ആസന്നഭാവിയിൽ ഒരു നിർണായക റോളിൽ

17. ഒരൊറ്റ ദൂതൻ അസ്സീറിയൻ സൈന്യത്തെ നേരിട്ടതിന്റെ ഫലം എന്തായിരുന്നു?

17 സന്ദേശവാഹകരും യഹോവയുടെ ആരാധകരെ ബലപ്പെടുത്തുന്നവരും എന്ന നിലയിൽ സേവിക്കുന്നതിനു പുറമേ, ദൂതന്മാർ മറ്റൊരു വിധത്തിലും പ്രവർത്തിക്കുന്നു. മുൻകാലങ്ങളിൽ അവർ ദിവ്യ ന്യായവിധികൾ നടപ്പാക്കിയിട്ടുണ്ട്‌. ഉദാഹരണത്തിന്‌ പൊതുയുഗത്തിനുമുമ്പ്‌ എട്ടാം നൂറ്റാണ്ടിൽ അസ്സീറിയയുടെ ഒരു വൻ സൈന്യം യെരൂശലേമിനു ഭീഷണിയുയർത്തിയ സന്ദർഭം പരിചിന്തിക്കുക. യഹോവ എങ്ങനെയാണു പ്രതികരിച്ചത്‌? “എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും,” അവൻ പറഞ്ഞു. എന്താണു സംഭവിച്ചതെന്നു വിവരിച്ചുകൊണ്ട്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “അന്നു രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ ഒരുലക്ഷത്തെൺപത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.” (2 രാജാക്കന്മാർ 19:34, 35) ഒരൊറ്റ ദൂതന്റെ ശക്തിയോടുള്ള താരതമ്യത്തിൽപ്പോലും മനുഷ്യന്റെ സൈന്യങ്ങൾ എത്ര നിഷ്‌പ്രഭമാണ്‌!

18, 19. സമീപഭാവിയിൽ ദൂതന്മാർ നിർണായകമായ ഏതു വിധത്തിൽ പ്രവർത്തിക്കും, അതു മനുഷ്യവർഗത്തെ എങ്ങനെ ബാധിക്കും?

18 സമീപഭാവിയിൽ ദൂതന്മാർ ദൈവത്തിന്റെ വധാധികൃത സേനകളായി പ്രവർത്തിക്കും. വളരെ പെട്ടെന്നുതന്നെ “യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി . . . അഗ്നിജ്വാലയിൽ പ്രത്യക്ഷ”നാകും. “ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടു”ക്കുക എന്നതായിരിക്കും അവരുടെ ദൗത്യം. (2 തെസ്സലൊനീക്യർ 1:​6-8) മനുഷ്യവർഗത്തിന്മേലുള്ള അതിന്റെ ഫലം എത്ര ശക്തമായിരിക്കും! ഇന്നു ഭൂവ്യാപകമായി പ്രസംഗിക്കപ്പെടുന്ന ദൈവരാജ്യത്തിന്റെ സുവാർത്തയോട്‌ അനുകൂലമായി പ്രതികരിക്കാൻ വിസമ്മതിക്കുന്നവർ നശിപ്പിക്കപ്പെടും. യഹോവയെ അന്വേഷിക്കുകയും നീതി അന്വേഷിക്കുകയും സൗമ്യത അന്വേഷിക്കുകയും ചെയ്യുന്നവർ മാത്രമേ “യഹോവയുടെ കോപദിവസത്തിൽ” മറയ്‌ക്കപ്പെടുകയും സുരക്ഷിതരായിരിക്കുകയും ചെയ്യുകയുള്ളൂ.​—⁠സെഫന്യാവു 2:⁠3.

19 ഭൂമിയിലുള്ള ആരാധകരെ പിന്തുണയ്‌ക്കാനും ബലപ്പെടുത്താനും യഹോവ തന്റെ ശക്തിയുള്ള ദൂതന്മാരെ ഉപയോഗിക്കുന്നതിൽ നമുക്കു നന്ദിയുള്ളവരായിരിക്കാം. ദൂതന്മാർ ദൈവോദ്ദേശ്യത്തിൽ സുപ്രധാന പങ്കു വഹിക്കുന്നുവെന്ന വസ്‌തുത നാം തിരിച്ചറിയുന്നതു വിശേഷാൽ ആശ്വാസദായകമാണ്‌. എന്തുകൊണ്ടെന്നാൽ യഹോവയോടു മത്സരിച്ചുകൊണ്ട്‌ സാത്താന്റെ നേതൃത്വത്തിൽ കീഴിലായിരിക്കുന്ന മറ്റു ദൂതന്മാരും ഉണ്ട്‌. പിശാചായ സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും ശക്തമായ സ്വാധീനത്തിൽനിന്നു തങ്ങളെത്തന്നെ സംരക്ഷിക്കാൻ സത്യക്രിസ്‌ത്യാനികൾക്ക്‌ എന്തു നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന്‌ അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 14 ഈ പീഡന പരമ്പരയെക്കുറിച്ചുള്ള കൂടുതലായ വിവരങ്ങൾക്കു പിൻവരുന്ന വർഷങ്ങളിലെ, യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകങ്ങൾ കാണുക: 1999 (മലാവി); 1999 (ജർമനി); 2000 (ചെക്ക്‌ റിപ്പബ്ലിക്ക്‌); 2002 (യൂക്രെയിൻ); 2004 (മൊൾഡോവ); 2006 (സാംബിയ). പിൻവരുന്ന വർഷങ്ങളിലെ, ഇംഗ്ലീഷ്‌ വാർഷികപുസ്‌തകങ്ങളും കാണുക: 1972 (ചെക്കോസ്ലോവാക്യ); 1974 (ജർമനി); 1978 (സ്‌പെയിൻ); 1982 (ഇറ്റലി); 1983 (അംഗോള); 1983 (പോർട്ടുഗൽ); 1992 (എത്യോപ്യ); 1994 (പോളണ്ട്‌); 1996 (മൊസാമ്പിക്ക്‌).

നിങ്ങൾ എന്തു പഠിച്ചു?

• ദൂതന്മാർ അസ്‌തിത്വത്തിൽ വന്നത്‌ എങ്ങനെ?

• ബൈബിൾ കാലങ്ങളിൽ ദൂതന്മാർ ഏതെല്ലാം വിധങ്ങളിൽ ഉപയോഗിക്കപ്പെട്ടു?

• ദൂതന്മാരുടെ ഇന്നത്തെ പ്രവർത്തനത്തിലേക്ക്‌ വെളിപ്പാടു 14:​6, 7 വെളിച്ചംവീശുന്നത്‌ എങ്ങനെ?

• ആസന്ന ഭാവിയിൽ ദൂതന്മാർ എന്തു നിർണായക പങ്കുവഹിക്കും?

[അധ്യയന ചോദ്യങ്ങൾ]

[22-ാം പേജിലെ ചിത്രം]

ഒരു ദൂതന്റെ സന്ദർശനം മാനോഹയ്‌ക്കും ഭാര്യക്കും പ്രോത്സാഹനം പകർന്നു

[23-ാം പേജിലെ ചിത്രം]

“നമ്മോടുകൂടെയുള്ളവർ അവരോടുകൂടെയുള്ളവരെക്കാൾ അധികം”