ഭൂതങ്ങളെ എങ്ങനെ ചെറുത്തുനിൽക്കാം?
ഭൂതങ്ങളെ എങ്ങനെ ചെറുത്തുനിൽക്കാം?
“തങ്ങളുടെ വാഴ്‌ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.”—യൂദാ 6.
1, 2. പിശാചായ സാത്താനെയും ഭൂതങ്ങളെയും കുറിച്ച് ഏതു ചോദ്യങ്ങൾ ഉയരുന്നു?
അപ്പൊസ്‌തലനായ പത്രൊസ് നമുക്കു പിൻവരുന്ന മുന്നറിയിപ്പു നൽകുന്നു: “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.” (1 പത്രൊസ് 5:8) അതേസമയം പൗലൊസ് അപ്പൊസ്‌തലൻ ഭൂതങ്ങളെക്കുറിച്ചു ഇങ്ങനെ പറയുന്നു: “നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല. നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല.”—1 കൊരിന്ത്യർ 10:20, 21.
2 എന്നാൽ ആരാണ് പിശാചായ സാത്താൻ? ഭൂതങ്ങളെന്നു വിളിക്കപ്പെടുന്നവർ ആരാണ്? എങ്ങനെ, എപ്പോൾ അവർ അസ്‌തിത്വത്തിൽ വന്നു? ദൈവം അവരെ സൃഷ്ടിക്കുകയായിരുന്നോ? മനുഷ്യരുടെമേലുള്ള അവരുടെ സ്വാധീനം എത്ര ശക്തമാണ്? അവരെ ചെറുത്തുനിൽക്കാൻ നമുക്കാകുമോ, ആകുമെങ്കിൽ എങ്ങനെ?
സാത്താന്റെയും ഭൂതങ്ങളുടെയും ഉത്ഭവം
3. ഒരു ദൈവദൂതൻ പിശാചായ സാത്താനായിത്തീർന്നത് എങ്ങനെ?
3 ഏദെൻ തോട്ടത്തിൽ മനുഷ്യചരിത്രം ആരംഭംകണ്ട സമയത്ത് ഒരു ദൂതൻ ദൈവത്തിനെതിരെ മത്സരിച്ചു. യഹോവയുടെ സ്വർഗീയ സംഘടനയിൽ അവനുണ്ടായിരുന്ന പദവിയിലുള്ള അസംതൃപ്‌തിയായിരുന്നു കാരണം. ആദാമും ഹവ്വായും സൃഷ്ടിക്കപ്പെട്ടപ്പോൾ സത്യദൈവത്തോടുള്ള അവരുടെ അനുസരണവും ആരാധനയും തട്ടിയെടുക്കാനുള്ള ഒരു അവസരം അവന്റെ മുമ്പിൽ തെളിഞ്ഞുവന്നു. ദൈവത്തിനെതിരെ മത്സരിച്ചുകൊണ്ടും പാപപൂർണമായ ഒരു ജീവിതഗതി പിൻപറ്റാൻ ആദ്യ മനുഷ്യജോഡിയെ പ്രചോദിപ്പിച്ചുകൊണ്ടും അവൻ സ്വയം പിശാചായ സാത്താനായി മാറുകയായിരുന്നു. കാലക്രമത്തിൽ മറ്റു ചില ദൂതന്മാരും അവന്റെ മത്സരത്തിൽ പങ്കുചേർന്നു. എങ്ങനെ?—ഉല്‌പത്തി 3:1-6; റോമർ 5:12; വെളിപ്പാടു 12:9.
4. നോഹയുടെ നാളിലെ പ്രളയത്തിനുമുമ്പു ചില ദൂതന്മാർ എന്തു ചെയ്‌തു?
4 നോഹയുടെ നാളിലെ പ്രളയത്തിനു കുറച്ചുകാലംമുമ്പ് ചില ദൂതന്മാർക്ക് ഭൂമിയിലെ സ്‌ത്രീകളോട് അസാധാരണമായ താത്‌പര്യം തോന്നിത്തുടങ്ങിയെന്ന് നിശ്വസ്‌ത തിരുവെഴുത്തുകൾ നമ്മോടു പറയുന്നു. “ദൈവത്തിന്റെ [സ്വർഗീയ] പുത്രൻമാർ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഉല്‌പത്തി 6:2-4) ഈ വിധത്തിൽ ദൈവത്തോട് അനുസരണക്കേടു കാണിച്ച ആത്മസൃഷ്ടികൾ യഹോവയ്‌ക്കെതിരെയുള്ള സാത്താന്റെ മത്സരത്തിൽ കൂട്ടുചേരുകയായിരുന്നു.
ഭാര്യമാരായി എടുത്തു.” പ്രകൃതിവിരുദ്ധമായിരുന്ന ആ പ്രവൃത്തിയുടെ ഫലമായി നെഫിലിം എന്നറിയപ്പെട്ട സങ്കരസന്തതികൾ ജന്മമെടുത്തു. (5. യഹോവ ജലപ്രളയം വരുത്തിയപ്പോൾ മത്സരികൾക്ക് എന്തു സംഭവിച്ചു?
5 യഹോവ ഭൂമിയിൽ ജലപ്രളയം വരുത്തിയപ്പോൾ നെഫിലിമുകളും അവർക്കു ജന്മം നൽകിയ സ്‌ത്രീകളും മുങ്ങിമരിച്ചു. മത്സരികളായ ദൂതന്മാരാകട്ടെ, ജഡശരീരം വിലയിപ്പിച്ച് ആത്മമണ്ഡലത്തിലേക്കു മടങ്ങിപ്പോകാൻ നിർബന്ധിതരായിത്തീർന്നു. എന്നാൽ ദൈവമുമ്പാകെയുണ്ടായിരുന്ന പഴയ “നില” തിരികെപ്പിടിക്കാൻ അവർക്കായില്ല. മറിച്ച് അവർ, ടാർട്ടറസ് എന്നു വിളിക്കപ്പെടുന്ന ആത്മീയ “അന്ധതമസ്സി”ലാക്കപ്പെടുകയാണുണ്ടായത്.—യൂദാ 6, പി.ഒ.സി. ബൈബിൾ; 2 പത്രൊസ് 2:4.
6. ഭൂതങ്ങൾ മനുഷ്യരെ വഞ്ചിക്കുന്നത് എങ്ങനെ?
6 തങ്ങളുടെ പഴയ “നില” നഷ്ടമായ അന്നുമുതൽ, അനുസരണംകെട്ട ആ ദൂതന്മാർ സാത്താന്റെ ഭൂതസഹചാരികളെന്ന നിലയിൽ അവന്റെ ദുഷ്ടലക്ഷ്യങ്ങൾക്കു കൂട്ടുനിന്നിരിക്കുന്നു. ജഡശരീരം ധരിക്കാനുള്ള കഴിവും അതോടെ അവർക്കു നഷ്ടമായി. എങ്കിലും പല രീതികളിലുള്ള രതിവൈകൃതങ്ങളിൽ ഏർപ്പെടുന്നതിനു സ്‌ത്രീപുരുഷന്മാരെ പ്രലോഭിപ്പിക്കാൻ അവർക്കു കഴിയും. മന്ത്രങ്ങളും ക്ഷുദ്രപ്രയോഗവും ആത്മമധ്യവർത്തികളും മറ്റും ഉൾപ്പെട്ട ആത്മവിദ്യയിലൂടെയും ഭൂതങ്ങൾ മനുഷ്യവർഗത്തെ വിദഗ്‌ധമായി വഞ്ചിക്കുന്നു. (ആവർത്തനപുസ്‌തകം 18:10-13; 2 ദിനവൃത്താന്തം 33:6) പിശാചിനു സംഭവിക്കാനിരിക്കുന്നതുതന്നെയാണു ദുഷ്ടദൂതന്മാർക്കും സംഭവിക്കുന്നത്—അവർ എന്നേക്കുമായി നശിപ്പിക്കപ്പെടും. (മത്തായി 25:41; വെളിപ്പാടു 20:10) എന്നാൽ അതുവരേക്കും നാം അവരെ ശക്തിയുക്തം ചെറുത്തുനിൽക്കേണ്ടതുണ്ട്. സാത്താൻ എത്ര ശക്തനാണെന്നും അവനെയും ഭൂതങ്ങളെയും ഫലകരമായി എങ്ങനെ ചെറുത്തുനിൽക്കാനാകുമെന്നും നാം പരിശോധിക്കുന്നതു ബുദ്ധിയാണ്.
സാത്താൻ എത്ര ശക്തനാണ്?
7. ലോകത്തിന്മേൽ സാത്താന് എത്രമാത്രം അധികാരമുണ്ട്?
7 ചരിത്രത്തിലുടനീളം സാത്താൻ യഹോവയെ നിന്ദിച്ചിരിക്കുന്നു. (സദൃശവാക്യങ്ങൾ 27:11) മനുഷ്യവർഗത്തിന്റെ വലിയൊരു ഭാഗം അവന്റെ സ്വാധീനവലയത്തിലുമാണ്. “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന് 1 യോഹന്നാൻ 5:19 പറയുന്നു. അതുകൊണ്ടാണ് “ലോകത്തിലെ സകലരാജ്യങ്ങ”ളുടെയും അധികാരവും മഹത്ത്വവും വാഗ്‌ദാനം ചെയ്‌തുകൊണ്ട് യേശുവിനെ പരീക്ഷിക്കാൻ പിശാചിനു കഴിഞ്ഞത്. (ലൂക്കൊസ് 4:5-7) അവനെക്കുറിച്ച് പൗലൊസ് അപ്പൊസ്‌തലൻ ഇങ്ങനെ പറയുന്നു: “ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ നശിച്ചുപോകുന്നവർക്കത്രേ മറഞ്ഞിരിക്കുന്നു. ദൈവപ്രതിമയായ ക്രിസ്‌തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.” (2 കൊരിന്ത്യർ 4:3, 4) “ഭോഷ്‌കു പറയുന്നവനും അതിന്റെ അപ്പനു”മാണെങ്കിലും അവൻ ഒരു “വെളിച്ചദൂതന്റെ വേഷം ധരിക്കുന്നു.” (യോഹന്നാൻ 8:44; 2 കൊരിന്ത്യർ 11:14) ഭരണാധികാരികളുടെയും പൗരന്മാരുടെയും മനസ്സു കുരുടാക്കാനുള്ള പ്രാപ്‌തിയും മാർഗങ്ങളും അവനുണ്ട്. കുപ്രചരണങ്ങളിലൂടെയും മതപരമായ കെട്ടുകഥകളിലൂടെയും നുണകളിലൂടെയും അവൻ മനുഷ്യവർഗത്തെ വഞ്ചിച്ചിരിക്കുന്നു.
8. സാത്താന്റെ സ്വാധീനം സംബന്ധിച്ച് ബൈബിൾ എന്തു സൂചിപ്പിക്കുന്നു?
8 ഏകദേശം 2,500 വർഷംമുമ്പ് ദാനീയേൽ പ്രവാചകന്റെ കാലത്ത് സാത്താന്റെ ശക്തിയും സ്വാധീനവും ശ്രദ്ധേയമാംവണ്ണം പ്രകടമാകുകയുണ്ടായി. ദാനീയേലിനു പ്രോത്സാഹജനകമായ ഒരു സന്ദേശം കൈമാറാൻ യഹോവ ഒരു ദൂതനെ അയച്ചപ്പോൾ “പാർസിരാജ്യത്തിന്റെ [ഭൂത]പ്രഭു” അവനോട് എതിർത്തുനിന്നു. “പ്രധാനപ്രഭുക്കന്മാരിൽ ഒരുത്തനായ മീഖായേൽ” അവനെ സഹായിപ്പാൻ എത്തുന്നതുവരെ, ഇരുപത്തൊന്നു ദിവസം ആ സ്ഥിതി തുടർന്നു. പ്രസ്‌തുത വിവരണം “യവന”ദേശത്തിന്റെ “[ഭൂത]പ്രഭു”വിനെക്കുറിച്ചും പറയുന്നു. (ദാനീയേൽ 10:12, 13, 20) കൂടാതെ, രാഷ്‌ട്രീയ കാട്ടുമൃഗത്തിന് “ശക്തിയും സിംഹാസനവും വലിയ അധികാരവും” കൊടുക്കുന്ന “മഹാസർപ്പ”മായി വെളിപ്പാടു 13:1, 2 സാത്താനെ വർണിക്കുന്നു.
9. ആർക്കെതിരെയാണു ക്രിസ്‌ത്യാനികൾക്കു പോരാട്ടമുള്ളത്?
9 “നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്‌ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ” എന്ന് പൗലൊസ് അപ്പൊസ്‌തലൻ എഴുതിയതിൽ തെല്ലും അതിശയമില്ല. എഫെസ്യർ 6:12) ഭീകരപ്രവർത്തനം, കൊലപാതകം, വംശവിച്ഛേദം തുടങ്ങിയ കൊടുംക്രൂരതകൾക്കു പ്രേരിപ്പിച്ചുകൊണ്ട് പിശാചായ സാത്താന്റെ നേതൃത്വത്തിലുള്ള അദൃശ്യ ഭൂതസേനകൾ ഇന്നും മനുഷ്യ ഭരണാധികാരികളെയും പൊതുവിലുള്ള മനുഷ്യവർഗത്തെയും സ്വാധീനിക്കുന്നു. കരുത്തുറ്റ ഈ ആത്മസേനകളെ നമുക്ക് എങ്ങനെ ഫലകരമായി ചെറുത്തുനിൽക്കാമെന്നു നോക്കാം.
(പ്രതിരോധത്തിന്റെ വഴി
10, 11. സാത്താനെയും ദുഷ്ടദൂതന്മാരെയും നമുക്ക് എങ്ങനെ ചെറുത്തുനിൽക്കാം?
10 നമ്മുടെ ശാരീരികമോ മാനസികമോ ആയ പ്രാപ്‌തികൊണ്ടുമാത്രം സാത്താനെയും ദുഷ്ടദൂതന്മാരെയും ചെറുത്തുനിൽക്കാൻ നമുക്കാവില്ല, സംരക്ഷണത്തിനായി നാം ദൈവത്തിൽ ആശ്രയിക്കേണ്ടതുണ്ട്. “കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ” എന്ന് പൗലൊസ് ബുദ്ധിയുപദേശിക്കുന്നു. അവൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്‌പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ. . . . ദുർദ്ദിവസത്തിൽ എതിർപ്പാനും . . . ഉറെച്ചു നില്‌പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ.” —എഫെസ്യർ 6:10, 11, 13.
11 “ദൈവത്തിന്റെ സർവ്വായുധവർഗ്ഗം” ധരിക്കാൻ പൗലൊസ് രണ്ടുവട്ടം സഹക്രിസ്‌ത്യാനികളോടു പറഞ്ഞുവെന്നതു ശ്രദ്ധിക്കുക. ഭൂതാക്രമണങ്ങൾ ഫലകരമായി ചെറുത്തുനിൽക്കാൻ മനസ്സില്ലാമനസ്സോടെയുള്ള ഒരു സമീപനം പര്യാപ്‌തമായിരിക്കില്ലെന്നാണ് “സർവ്വായുധവർഗം” എന്ന പ്രയോഗം സൂചിപ്പിക്കുന്നത്. ഭൂതങ്ങളെ ചെറുത്തുനിൽക്കാൻ ക്രിസ്‌ത്യാനികൾ ഇന്ന് അടിയന്തിരമായി ധരിക്കേണ്ട ആത്മീയ ആയുധവർഗത്തിന്റെ നിർണായക ഘടകങ്ങൾ ഏതെല്ലാമാണ്?
നമുക്ക് ഉറച്ചുനിൽക്കാനാകുന്ന വിധം
12. അരയ്‌ക്കു സത്യംകെട്ടാൻ ക്രിസ്‌ത്യാനികൾക്ക് എങ്ങനെ കഴിയും?
12 “നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും”കൊണ്ട് ഉറച്ചുനിൽപ്പിൻ എന്ന് പൗലൊസ് വിശദീകരിക്കുന്നു. (എഫെസ്യർ 6:14) ആയുധവർഗത്തിലെ രണ്ടു ഘടകങ്ങളാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്—അരപ്പട്ടയും (ബെൽറ്റ്) കവചവും (മാർച്ചട്ട). ഇടുപ്പിന്റെയും അടിവയറിന്റെയും മറ്റും സംരക്ഷണത്തിനും വാളിന്റെ ഭാരം താങ്ങുന്നതിനുമായി പടയാളികൾ തങ്ങളുടെ അരപ്പട്ട മുറുക്കിക്കെട്ടേണ്ടിയിരുന്നു. സമാനമായി, നാം ബൈബിൾ സത്യം ഒരു ആലങ്കാരിക അർഥത്തിൽ നമുക്കു ചുറ്റും മുറുക്കിക്കെട്ടേണ്ടതുണ്ട്, ആ സത്യത്തിനു ചേർച്ചയിൽ ജീവിക്കാൻ അതു നമ്മെ സഹായിക്കും. അനുദിന ബൈബിൾ വായനയ്‌ക്കുള്ള ഒരു പട്ടിക നമുക്കുണ്ടോ? കുടുംബത്തിൽ എല്ലാവരും അതിൽ പങ്കുചേരുന്നുണ്ടോ? കുടുംബമെന്ന നിലയിൽ ദിനവാക്യം പരിചിന്തിക്കുകയെന്ന പതിവ് നമുക്കുണ്ടോ? കൂടാതെ, വിശ്വസ്‌തനും വിവേകിയുമായ അടിമ പ്രദാനം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളിലുള്ള വിശദീകരണങ്ങൾ നാം അപ്പപ്പോൾ വായിച്ചറിയുന്നുണ്ടോ? (മത്തായി 24:45) അങ്ങനെ ചെയ്യുന്നെങ്കിൽ പൗലൊസിന്റെ ബുദ്ധിയുപദേശം നാം പിൻപറ്റുകയായിരിക്കും. കൂടാതെ, ആത്മീയമായി നമ്മെ വഴിനടത്താൻ പര്യാപ്‌തമായ വീഡിയോകളും ഡിവിഡി-കളും നമുക്കുണ്ട്. സത്യത്തെ മുറുകെപ്പിടിക്കുന്നത് ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാൻ നമ്മെ സഹായിക്കുകയും തെറ്റായ ഒരു പാതയിലൂടെ സഞ്ചരിക്കുന്നതിൽനിന്നു നമ്മെ സംരക്ഷിക്കുകയും ചെയ്യും.
13. ആലങ്കാരിക ഹൃദയത്തെ സംരക്ഷിക്കാൻ നമുക്ക് എങ്ങനെ കഴിയും?
13 പടയാളിയുടെ നെഞ്ചും ഹൃദയവും മർമപ്രധാനമായ മറ്റു ഭാഗങ്ങളും സംരക്ഷിക്കാൻ മാർച്ചട്ട ഉതകിയിരുന്നു. ദൈവത്തിന്റെ നീതിയോടു സ്‌നേഹം നട്ടുവളർത്തിക്കൊണ്ടും അവന്റെ നീതിനിഷ്‌ഠമായ നിലവാരങ്ങളോടു പറ്റിനിന്നുകൊണ്ടും ക്രിസ്‌ത്യാനികൾക്ക് തങ്ങളുടെ ആലങ്കാരിക ഹൃദയത്തെ—അകമേയുള്ള മനുഷ്യനെ—സംരക്ഷിക്കാനാകും. ആലങ്കാരിക മാർച്ചട്ട ദൈവവചനത്തിൽ ആമോസ് 5:15; സങ്കീർത്തനം 119:101.
വെള്ളംചേർക്കുന്നതിൽനിന്നു നമ്മെ തടയും. ‘തിന്മ ദ്വേഷിച്ചു നന്മ ഇച്ഛിക്കുന്നത്’ ‘സകല ദുർമാർഗത്തിൽനിന്നും കാൽ വിലക്കാൻ’ നമ്മെ സഹായിക്കുന്നു.—14. ‘സമാധാന സുവിശേഷത്തിനായുള്ള ഒരുക്കം കാലിനു ചെരിപ്പാക്കുക’ എന്നതിന്റെ അർഥമെന്താണ്?
14 തലങ്ങും വിലങ്ങുമായി നൂറുകണക്കിനു കിലോമീറ്റർ നീണ്ടുകിടക്കുന്ന റോമൻ പാതകളിലൂടെ ദീർഘദൂരം കാൽനടയായി സഞ്ചരിക്കാൻ പര്യാപ്‌തമായ പാദരക്ഷകൾ സാധാരണഗതിയിൽ റോമൻ പടയാളികൾക്കുണ്ടായിരുന്നു. ‘സമാധാന സുവിശേഷത്തിനായുള്ള ഒരുക്കം കാലിനു ചെരിപ്പാക്കുക’ എന്ന പ്രയോഗം ക്രിസ്‌ത്യാനികളുടെ കാര്യത്തിൽ എന്ത് അർഥമാക്കുന്നു? (എഫെസ്യർ 6:15) പ്രവർത്തനത്തിനു നാം സജ്ജരാണ് എന്നാണ് അതിന്റെ അർഥം. അനുയോജ്യമായ എല്ലാ അവസരങ്ങളിലും ദൈവരാജ്യ സുവാർത്ത പങ്കുവെക്കാൻ നാം ഒരുങ്ങിയിരിക്കുന്നു. (റോമർ 10:13-15) ക്രിസ്‌തീയ ശുശ്രൂഷയിൽ തിരക്കുള്ളവരായിരിക്കുന്നത് സാത്താന്റെ ‘തന്ത്രങ്ങളിൽ’നിന്നു നമ്മെ സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗമാണ്.—എഫെസ്യർ 6:11.
15. (എ) വിശ്വാസം എന്ന വലിയ പരിച അതിപ്രധാനമാണെന്ന് എന്തു കാണിക്കുന്നു? (ബി) നമ്മുടെ വിശ്വാസത്തിന്മേൽ വിനാശകമായ സ്വാധീനം ചെലുത്താൻ ഏതു ‘തീയമ്പുകൾക്കു’ കഴിയും?
15 “എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച [“വലിയ പരിച,” NW] എടുത്തുകൊണ്ടും നില്‌പിൻ” എന്നു പൗലൊസ് തുടർന്നു പറയുന്നു. (എഫെസ്യർ 6:16) “എല്ലാറ്റിന്നും മീതെ” എന്ന പ്രയോഗം ആത്മീയ ആയുധവർഗത്തിലെ ഈ ഘടകം—വിശ്വാസമെന്ന വലിയ പരിച—അതിപ്രധാനമാണെന്നാണ് അർഥമാക്കുന്നത്. നമ്മുടെ വിശ്വാസം അന്യൂനമായിരിക്കണം. വലിയൊരു പരിചപോലെ അത് സാത്താന്റെ ‘തീയമ്പുകളിൽ’നിന്നു നമ്മെ സംരക്ഷിക്കുന്നു. ഈ ‘തീയമ്പുകളിൽ’ ഇന്ന് എന്തെല്ലാം ഉൾപ്പെട്ടേക്കാം? നമ്മുടെ വിശ്വാസത്തെ ദുർബലമാക്കാനുള്ള ലക്ഷ്യത്തിൽ വിശ്വാസത്യാഗികളും ശത്രുക്കളും തൊടുത്തുവിടുന്ന മൂർച്ചയുള്ള അധിക്ഷേപങ്ങളും നുണകളും അർധസത്യങ്ങളുമാണ് അവയിൽ ചിലത്. ഭൗതികാസക്തിയുള്ളവരായിരിക്കാനുള്ള പ്രലോഭനങ്ങളും ഈ ‘തീയമ്പുകളിൽ’ ഉൾപ്പെട്ടേക്കാം. ഭൗതിക വസ്‌തുക്കൾ വാരിക്കൂട്ടുന്നതിൽ ആമഗ്നരാകുന്നതിനും ആർഭാട ജീവിതം നയിക്കുന്ന വ്യക്തികളെ അനുകരിക്കുന്നതിനുംപോലും അതു നമ്മെ പ്രചോദിപ്പിച്ചേക്കാം. ആർഭാട ജീവിതം നയിക്കുന്നവർക്ക് മണിമാളികകളും പുത്തൻ വാഹനങ്ങളും വിലകൂടിയ ആഭരണങ്ങളും ഏറ്റവും പുതിയ ഫാഷനിലുള്ള വസ്‌ത്രങ്ങളും ഉണ്ടായിരുന്നേക്കാം. മറ്റുള്ളവരുടെ പ്രവണത എന്തുതന്നെ ആയിരുന്നാലും സകലവിധ ‘തീയമ്പുകളെയും’ കെടുക്കുവാന്തക്കതായ വിശ്വാസം നമുക്കുണ്ടായിരിക്കണം. ശക്തമായ വിശ്വാസം കെട്ടിപ്പടുക്കാനും നിലനിറുത്താനും നമുക്കെങ്ങനെ കഴിയും?—1 പത്രൊസ് 3:3-5; 1 യോഹന്നാൻ 2:15-17.
16. ശക്തമായ വിശ്വാസം വളർത്തിയെടുക്കാൻ നമ്മെ എന്തു സഹായിക്കും?
16 ക്രമമായി വ്യക്തിഗത ബൈബിൾ പഠനം നടത്തുന്നതിലൂടെയും ആത്മാർഥമായി പ്രാർഥിക്കുന്നതിലൂടെയും നമുക്കു യഹോവയോട് അടുത്തുചെല്ലാനാകും. ശക്തമായ വിശ്വാസത്തിനുവേണ്ടി അവനോടു പ്രാർഥിക്കാനും അതിനു ചേർച്ചയിൽ പ്രവർത്തിക്കാനും നമുക്കു കഴിയും. ഉദാഹരണത്തിന് വാരംതോറുമുള്ള വീക്ഷാഗോപുര അധ്യയനത്തിൽ സജീവമായി പങ്കെടുക്കുക എന്ന ലക്ഷ്യത്തിൽ നാം അതിനായി നല്ലവണ്ണം തയ്യാറാകുന്നുണ്ടോ? ബൈബിളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും പഠിക്കുന്ന പക്ഷം നമ്മുടെ വിശ്വാസം ശക്തമായിത്തീരും.—എബ്രായർ 10:38, 39; 11:6.
17. ‘രക്ഷ എന്ന ശിരസ്‌ത്രം കൈക്കൊള്ളാൻ’ നമുക്ക് എങ്ങനെ കഴിയും?
17 ആത്മീയ ആയുധവർഗം സംബന്ധിച്ച തന്റെ വർണന പൗലൊസ് പിൻവരുന്ന വാക്കുകളോടെ ഉപസംഹരിക്കുന്നു: “രക്ഷ എന്ന ശിരസ്‌ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ.” (എഫെസ്യർ 6:17) ശിരസ്‌ത്രം പടയാളിയുടെ ശിരസ്സിനും ചിന്താകേന്ദ്രമായ തലച്ചോറിനും സംരക്ഷണം പ്രദാനം ചെയ്‌തിരുന്നു. സമാനമായി ക്രിസ്‌തീയ പ്രത്യാശ നമ്മുടെ മാനസിക പ്രാപ്‌തികളെ സംരക്ഷിക്കുന്നു. (1 തെസ്സലൊനീക്യർ 5:8) ലൗകിക ലക്ഷ്യങ്ങളും ഭൗതികത്വ മോഹങ്ങളും മനസ്സിൽ നിറയ്‌ക്കുന്നതിനു പകരം യേശുവിനെപ്പോലെ നാം നമ്മുടെ ദൈവദത്ത പ്രത്യാശയിൽ മനസ്സുപതിപ്പിക്കണം.—എബ്രായർ 12:2.
18. ക്രമമായ ബൈബിൾ വായന നാം അവഗണിക്കരുതാത്തത് എന്തുകൊണ്ട്?
18 അവസാനമായി, സാത്താന്റെയും ഭൂതങ്ങളുടെയും സ്വാധീനത്തിൽനിന്നു നമ്മെ സംരക്ഷിക്കാനാകുന്ന ദൈവവചനത്തെക്കുറിച്ച് അഥവാ ബൈബിളിൽ അടങ്ങിയിരിക്കുന്ന സന്ദേശത്തെക്കുറിച്ചു നമുക്കു ചിന്തിക്കാം. ക്രമമായ ബൈബിൾ വായന നാം അവഗണിക്കരുതാത്തതിന്റെ മറ്റൊരു കാരണമാണിത്. സമഗ്രമായ തിരുവെഴുത്തു പരിജ്ഞാനം സാത്താന്റെ നുണകളിൽനിന്നും ഭൂതപ്രേരിത പ്രചരണങ്ങളിൽനിന്നും വിശ്വാസത്യാഗികളുടെ വിദ്വേഷപൂരിതമായ ശരവർഷങ്ങളിൽനിന്നും നമ്മെ സംരക്ഷിക്കുന്നു.
“പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ”
19, 20. (എ) സാത്താനും ഭൂതങ്ങൾക്കും പെട്ടെന്നുതന്നെ എന്തു സംഭവിക്കും? (ബി) നമ്മെ ആത്മീയമായി ശക്തരാക്കാൻ എന്തിനു കഴിയും?
19 സാത്താനും ഭൂതങ്ങളും ഈ ദുഷ്ടലോകവും ഉടൻ അരങ്ങൊഴിയും. “തനിക്കു അല്‌പകാലമേയുള്ളു” എന്ന് സാത്താന് അറിയാം. കോപാക്രാന്തനായ അവൻ “ദൈവകല്‌പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി” യുദ്ധത്തിലാണ്. (വെളിപ്പാടു 12:12, 17) സാത്താനെയും ഭൂതങ്ങളെയും നാം ചെറുത്തുനിൽക്കുന്നതു ജീവത്‌പ്രധാനമാണ്.
20 ദൈവത്തിൽനിന്നുള്ള സർവായുധവർഗം ധരിക്കാനുള്ള ഉദ്‌ബോധനത്തിനായി നാം എത്ര നന്ദിയുള്ളവരാണ്! ആത്മീയ ആയുധവർഗം സംബന്ധിച്ച തന്റെ ചർച്ച പിൻവരുന്ന ബുദ്ധിയുപദേശത്തോടെ പൗലൊസ് ഉപസംഹരിക്കുന്നു: “സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചുംകൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കുംവേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.” (എഫെസ്യർ 6:18) നമ്മെ ആത്മീയമായി ശക്തരാക്കാനും ജാഗരൂകരാക്കി നിറുത്താനും പ്രാർഥനയ്‌ക്കു കഴിയും. പൗലൊസിന്റെ വാക്കുകൾ ഗൗരവമായെടുത്തുകൊണ്ട് നമുക്ക് പ്രാർഥനയിൽ പൂർണ സ്ഥിരത കാണിക്കാം, സാത്താനെയും ഭൂതങ്ങളെയും ചെറുത്തുനിൽക്കാൻ അതു നമ്മെ സഹായിക്കും.
നിങ്ങൾ എന്തു പഠിച്ചു?
• സാത്താനും ഭൂതങ്ങളും ഉത്ഭവിച്ചത് എങ്ങനെ?
• പിശാച് എത്ര ശക്തനാണ്?
• സാത്താനെയും ഭൂതങ്ങളെയും ഏതുവിധത്തിൽ ചെറുത്തുനിൽക്കാനാകും?
• ദൈവത്തിൽനിന്നുള്ള സർവായുധവർഗം ധരിക്കാൻ നമുക്ക് എങ്ങനെ കഴിയും?
[അധ്യയന ചോദ്യങ്ങൾ]
[26-ാം പേജിലെ ചിത്രങ്ങൾ]
സത്യദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെമേൽ ദൃഷ്ടിപതിപ്പിക്കാൻ തുടങ്ങി
[28-ാം പേജിലെ ചിത്രം]
നമ്മുടെ ആത്മീയ ആയുധവർഗത്തിന്റെ ആറു ഘടകങ്ങൾ ഏതൊക്കെയാണെന്നു നിങ്ങൾക്ക് അറിയാമോ?
[29-ാം പേജിലെ ചിത്രങ്ങൾ]
സാത്താനെയും ഭൂതങ്ങളെയും ചെറുത്തുനിൽക്കാൻ ഈ കാര്യങ്ങൾ നിങ്ങളെ എങ്ങനെ സഹായിക്കും?