വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ശുദ്ധിയുള്ള ഓരോ മൃഗങ്ങളിൽനിന്നും എത്ര എണ്ണത്തെയാണ് നോഹ പെട്ടകത്തിൽ കയറ്റിയത്—ഏഴു വീതമോ ഏഴു ജോഡി വീതമോ?
പെട്ടകം പണിതു കഴിഞ്ഞപ്പോൾ യഹോവ നോഹയോടു പറഞ്ഞു: “നീയും സർവ്വകുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു. ശുദ്ധിയുള്ള സകലമൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നു ആണും പെണ്ണുമായി ഈരണ്ടും” നീ ചേർത്തുകൊള്ളേണം. (ഉല്‌പത്തി 7:1, 2) പി.ഒ.സി. ബൈബിൾ, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം, ഓശാന ബൈബിൾ തുടങ്ങിയ ചില ഭാഷാന്തരങ്ങൾ “ഏഴേഴും” എന്നതിന്റെ മൂല എബ്രായ പദത്തെ “ഏഴു ജോഡി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു.
“ഏഴേഴും” എന്ന വാക്കിന്റെ മൂല ഭാഷയിലെ അക്ഷരാർഥം “ഏഴ് ഏഴ്” എന്നാണ്. (ഉല്‌പത്തി 7:2) എബ്രായ ഭാഷയിൽ ഒരു സംഖ്യ ആവർത്തിക്കുന്നത് എല്ലായ്‌പോഴും ആ സംഖ്യകൾ തമ്മിൽ കൂട്ടുന്നതിനുവേണ്ടിയല്ല. ഉദാഹരണത്തിന്, 2 ശമൂവേൽ 21:20-ൽ “ഓരോകൈക്കു ആറാറുവിരലും ഓരോ കാലിന്നു ആറാറുവിരലും” ഉണ്ടായിരുന്ന “ഒരു ദീർഘകായ”നെപ്പറ്റി പറയുന്നു. ഇവിടെ ആറ് എന്ന സംഖ്യ ആവർത്തിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. അതിന്റെ അർഥം ആ അതികായന് ഓരോ കൈയിലും ആറു ജോഡി വിരലുകളും (അതായത് 12 എണ്ണം) ഓരോ കാലിലും ആറു ജോഡി വിരലുകളും ഉണ്ടായിരുന്നു എന്നാണോ? തീർച്ചയായും അല്ല. പകരം, ഓരോ കൈയിലും ആറു വിരലുകളും ഓരോ കാലിലും ആറു വിരലുകളും ഉണ്ടെന്ന അർഥത്തിലാണ് ആറ് എന്ന സംഖ്യ ആവർത്തിച്ചിരിക്കുന്നത്.
സംഖ്യകൾ ആവർത്തിക്കുന്നതു സംബന്ധിച്ച് എബ്രായ ഭാഷയുടെ വ്യാകരണ നിയമങ്ങൾ എന്തു വെളിപ്പെടുത്തുന്നു? ഉല്‌പത്തി 7:2, 9 ചർച്ചചെയ്യവേ, വില്യം ആർ. ഹാർപ്പറിന്റെ ഇൻട്രൊഡക്‌റ്ററി ഹീബ്രൂ മെത്തെഡ് ആന്റ് മാന്യുവൽ പ്രസ്‌താവിക്കുന്നു: “വിഭാജക ബന്ധത്തെ [അതായത് ഓരോരുത്തർക്കും അല്ലെങ്കിൽ ഓരോന്നിനും എന്ന അർഥത്തെ] കുറിക്കുന്നതിന് വാക്കുകൾ പലപ്പോഴും ആവർത്തിക്കുന്നു.” ഗെസെനീയസിന്റെ എബ്രായ വ്യാകരണം (ഇംഗ്ലീഷിലെ രണ്ടാം പതിപ്പ്) പറയുന്നു: “വിഭാജകങ്ങളെ കാണിക്കുന്നതിന് . . . എത്ര എണ്ണം എന്നതിനെ കുറിക്കുന്ന സംഖ്യ ആവർത്തിക്കുന്നു.” യഥാക്രമം രണ്ടും ആറും സംഖ്യകൾ ആവർത്തിച്ചിരിക്കുന്ന ഉല്‌പത്തി 7:9, 15-ഉം 2 ശമൂവേൽ 21:20-ഉം ഉദാഹരണമായി ഇതിൽ നൽകിയിരിക്കുന്നു.
ഉല്‌പത്തി 7:9, 15-ൽ “രണ്ട്” എന്ന സംഖ്യയുടെ ആവർത്തനം രണ്ടു ജോഡിയെ, അഥവാ നാലെണ്ണത്തെ കുറിക്കാത്തതുപോലെതന്നെ ഉല്‌പത്തി 7:2-ലെ ‘ഏഴേഴ്,’ ഏഴു ജോഡിയെ, അഥവാ 14 എണ്ണത്തെ, കുറിക്കുന്നില്ല. അങ്ങനെ, ശുദ്ധിയുള്ള “ഏഴേഴു” മൃഗങ്ങളെ പെട്ടകത്തിൽ കയറ്റിയപ്പോൾ ശുദ്ധിയില്ലാത്തവയിൽ “ഈരണ്ടു” മൃഗങ്ങളെയാണ് പെട്ടകത്തിൽ കയറ്റിയത്.
ഉല്‌പത്തി 7:2-ൽ “ഏഴേഴും” എന്നതിനു മുമ്പ് “ആണും പെണ്ണുമായി” എന്നു പറഞ്ഞിരിക്കുന്നതോ? ശുദ്ധിയുള്ള എല്ലാത്തരം മൃഗത്തിന്റെയും ഏഴു ജോഡി വീതം എടുക്കാൻ നോഹയോടു കൽപ്പിച്ചിരുന്നു എന്നു ചിലർ നിഗമനം ചെയ്യാൻ ഇത് ഇടയാക്കിയിരിക്കുന്നു. എന്നാൽ, പ്രജനനത്തിനുവേണ്ടി മാത്രമായിരുന്നില്ല ശുദ്ധിയുള്ള മൃഗങ്ങളെ സംരക്ഷിച്ചത്. ഉല്‌പത്തി 8:20 പറയുന്നതനുസരിച്ച്, പെട്ടകത്തിൽനിന്നു പുറത്തുവന്നശേഷം “നോഹ യഹോവെക്കു ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലതു എടുത്തു യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിച്ചു.” ശുദ്ധിയുള്ളവയുടെ ഓരോ ഇനത്തിലും ഏഴാമതൊന്ന് ഉണ്ടായിരുന്നതിനാൽ യാഗമർപ്പിക്കാനായി നോഹയ്‌ക്ക് അതിനെ ഉപയോഗിക്കാമായിരുന്നു. അപ്പോഴും വംശവർധനയ്‌ക്കായി ഓരോന്നിന്റെയും മൂന്നു ജോഡികൾ അവശേഷിച്ചിരുന്നു.