വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്നെ ഞാനാക്കിയ ശിഷ്യരാക്കൽവേല

എന്നെ ഞാനാക്കിയ ശിഷ്യരാക്കൽവേല

ജീവിത കഥ

എന്നെ ഞാനാക്കിയ ശിഷ്യരാക്കൽവേല

ലിനെറ്റ്‌ പീറ്റേഴ്‌സ്‌ പറഞ്ഞപ്രകാരം

ഞങ്ങളെ ഒഴിപ്പിക്കാൻ എത്തിയതായിരുന്നു അവർ. ഉന്നം പിഴയ്‌ക്കാതെ വെടിവെക്കുന്നതിൽ സമർഥനായ ഒരാൾ കെട്ടിടത്തിന്റെ മുകളിൽ നിലയുറപ്പിച്ചിരുന്നു. ഏതു നിമിഷവും നിറയൊഴിക്കാൻ തയ്യാറായി സൈനികർ പുല്ലിൽ കമിഴ്‌ന്നുകിടന്നു. ഞായറാഴ്‌ചയിലെ ആ പ്രഭാതത്തിൽ ഞങ്ങളെയും കാത്തുകിടന്നിരുന്ന ഹെലിക്കോപ്‌റ്ററിലേക്കു പാഞ്ഞുകയറുമ്പോൾ ശാന്തരായിരിക്കാൻ പാടുപെടുകയായിരുന്നു ഞാനും മറ്റു മിഷനറിമാരും. കണ്ണടച്ചു തുറക്കുംമുമ്പേ ഞങ്ങൾ ആകാശത്തെത്തി. പത്തു മിനിട്ടു കഴിയേണ്ട താമസം, തീരത്തിനടുത്തായി നങ്കൂരമിട്ടിരുന്ന ഒരു നാവികസേനക്കപ്പലിൽ ഞങ്ങളിറങ്ങി. എല്ലാവരും സുരക്ഷിതരായിരുന്നു.

തലേരാത്രി ഞങ്ങൾ തങ്ങിയ ഹോട്ടൽ, വിമതർ ബോംബുവെച്ചെന്ന്‌ പിറ്റേന്നു രാവിലെ ഞങ്ങളറിഞ്ഞു. വർഷങ്ങളായി സിയെറ ലിയോണിൽ ഉരുണ്ടുകൂടിയിരുന്ന ആഭ്യന്തര പ്രശ്‌നങ്ങൾ ഒടുവിൽ ഒരു വൻയുദ്ധമായി പെയ്‌തിറങ്ങുകയായിരുന്നു. ഞങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദേശികൾക്കും ഞൊടിയിടയിൽ രാജ്യംവിടേണ്ടിവന്നു. ഞാൻ ഇത്തരമൊരു സാഹചര്യത്തിൽ എത്തിപ്പെട്ടതെങ്ങനെയെന്നല്ലേ? ഞാൻ ആദ്യം മുതലേ പറഞ്ഞു തുടങ്ങാം.

1966 മുതൽ ഗയാന എന്നറിയപ്പെടുന്ന ബ്രിട്ടിഷ്‌ ഗിയാനയിലാണു ഞാൻ വളർന്നത്‌. അല്ലലില്ലാത്ത കുട്ടിക്കാലമായിരുന്നു എന്റേത്‌, 1950-കളിൽ. മിക്ക മാതാപിതാക്കളും വിദ്യാഭ്യാസത്തിന്‌ വളരെയധികം പ്രാധാന്യം നൽകിയിരുന്നു. കുട്ടികൾ ഉയർന്ന ഗ്രേഡു വാങ്ങാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു. “കുട്ടികളുടെ റ്റ്യൂഷനായി ഇത്രയധികം പണം ചെലവാക്കേണ്ടതുണ്ടോ?” എന്ന്‌ ബാങ്കിലെ ഒരു ക്ലെർക്‌ ഡാഡിയോടു ചോദിച്ചത്‌ ഞാനിന്നും ഓർക്കുന്നു. “നല്ല വിദ്യാഭ്യാസത്തിനു മാത്രമേ വിജയം ഉറപ്പുനൽകാനാകൂ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പേരുകേട്ട സ്‌കൂളുകൾക്കേ നല്ല വിദ്യാഭ്യാസം നൽകാനാകൂ എന്നാണ്‌ അദ്ദേഹം കരുതിയിരുന്നത്‌. എന്നാൽ പെട്ടെന്നുതന്നെ അദ്ദേഹത്തിന്റെ വീക്ഷണത്തിനു മാറ്റം വരാനിരിക്കുകയായിരുന്നു.

എനിക്ക്‌ 11 വയസ്സുള്ളപ്പോൾ അമ്മ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. ഒരു അയൽക്കാരിയോടൊപ്പം അമ്മ രാജ്യഹാളിൽ പോയി. ആ വൈകുന്നേരം കേട്ട കാര്യങ്ങളിൽനിന്ന്‌ സത്യം കണ്ടെത്തിയിരിക്കുന്നുവെന്ന്‌ ഇരുവർക്കും ബോധ്യമായി. പിന്നീട്‌ ആ കാര്യങ്ങളെക്കുറിച്ച്‌ അമ്മ മറ്റൊരു അയൽക്കാരിയോടു പറഞ്ഞു. താമസിയാതെ മൂന്നുപേരും ഡാഫ്‌നി ഹാരി (പിന്നീട്‌ ബാർഡ്‌), റോസ്‌ കഫി എന്നീ മിഷനറിമാരോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. ഒരു വർഷം ആകുന്നതിനു മുമ്പേ അമ്മയും രണ്ടു കൂട്ടുകാരികളും സ്‌നാപനമേറ്റു. അഞ്ചുവർഷത്തിനുശേഷം ഡാഡി സെവൻത്‌-ഡേ അഡ്‌വെന്റിസ്റ്റ്‌ സഭയിൽനിന്നു രാജിവെച്ച്‌ യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നു.

കുട്ടികളായിരിക്കെ, ഞാനും രണ്ട്‌ അനുജത്തിമാരും​—⁠പത്തു മക്കളിൽ മൂത്തതായിരുന്നു ഞങ്ങൾ⁠—ഡാഫ്‌നിയോടും റോസിനോടുമൊപ്പം മിഷനറി ഭവനത്തിൽ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്‌. അപ്പോഴൊക്കെ വയൽസേവനത്തിൽ അവർക്കുണ്ടായ അനുഭവങ്ങൾ ഞങ്ങൾ കേട്ടിരിക്കുമായിരുന്നു. മറ്റുള്ളവരുടെ ആത്മീയ ക്ഷേമത്തിനായി അക്ഷീണം കരുതുന്നതിൽ സന്തോഷം കണ്ടെത്തിയിരുന്നു അവർ. അവരുടെ മാതൃകയാണ്‌ മിഷനറിയാകാനുള്ള ആഗ്രഹം എന്നിൽ അങ്കുരിപ്പിച്ചത്‌.

ഭാവി ഭാസുരമാക്കാനായി ഉന്നത വിദ്യാഭ്യാസം നേടാൻ യത്‌നിക്കുന്ന ബന്ധുക്കൾക്കും സഹപാഠികൾക്കും ഇടയിൽ മുഴുസമയ ശുശ്രൂഷ ജീവിതലക്ഷ്യമാക്കാൻ എന്നെ സഹായിച്ചത്‌ എന്താണ്‌? നിയമം, സംഗീതം, വൈദ്യശാസ്‌ത്രം തുടങ്ങിയവയുടെ പഠനംപോലെ, മനംമയക്കുന്ന അവസരങ്ങൾ ധാരാളം ഉണ്ടായിരുന്നു. എന്നാൽ മാതാപിതാക്കളുടെ നല്ല മാതൃകയാണ്‌ എന്നെ വഴിനയിച്ചത്‌. സത്യത്തിനു ചേർച്ചയിലുള്ളതായിരുന്നു അവരുടെ ജീവിതം; ബൈബിൾ പഠിക്കുന്നതിൽ നല്ല തീക്ഷ്‌ണത കാണിച്ചിരുന്ന അവർ യഹോവയെക്കുറിച്ചു പഠിക്കുന്നതിനായി മറ്റുള്ളവരെ സഹായിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ചവരായിരുന്നു. * മാത്രമല്ല മുഴുസമയ ശുശ്രൂഷകരെ അവർ സ്ഥിരം വീട്ടിലേക്കു ക്ഷണിച്ചിരുന്നു. ഈ സഹോദരീസഹോദരന്മാരിൽ ഞാൻ കണ്ട സന്തോഷവും സംതൃപ്‌തിയും ശിഷ്യരാക്കൽവേല ജീവിതലക്ഷ്യമാക്കാനുള്ള എന്റെ ആഗ്രഹത്തെ ഊട്ടിയുറപ്പിച്ചു.

15-ാം വയസ്സിൽ ഞാൻ സ്‌നാപനമേറ്റു. ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ ഉടനെ ഞാൻ മുഴുസമയ പയനിയർ ശുശ്രൂഷ തുടങ്ങി. സമർപ്പിച്ചു സ്‌നാപനമേൽക്കാൻ ഞാൻ സഹായിച്ച ആദ്യത്തെ വ്യക്തി ആശുപത്രി ജീവനക്കാരിയായ ഫിലോമീനായായിരുന്നു. അവർ യഹോവയെ സ്‌നേഹിക്കുന്നതു കണ്ടത്‌ മുഴുസമയ ശുശ്രൂഷയിൽ തുടരാനുള്ള എന്റെ തീരുമാനത്തെ ബലിഷ്‌ഠമാക്കി. അധികം താമസിയാതെ, ഞാൻ സെക്രട്ടറിയായി ജോലി നോക്കിക്കൊണ്ടിരുന്ന സ്ഥലത്ത്‌ എനിക്ക്‌ നല്ലൊരു ഗവൺമെന്റ്‌ ജോലിക്കുള്ള ഓഫർ കിട്ടി. പക്ഷേ പയനിയറിങ്‌ തുടരാൻ ആഗ്രഹിച്ച ഞാൻ ആ വാഗ്‌ദാനം നിരസിച്ചു.

ഞാൻ അപ്പോഴും വീട്ടിൽത്തന്നെയായിരുന്നു താമസം. മിഷനറിമാർ ഞങ്ങളെ സന്ദർശിച്ചുകൊണ്ടിരുന്നു. അവരുടെ അനുഭവങ്ങൾ കേട്ടിരിക്കുന്നത്‌ എനിക്കെന്തിഷ്ടമായിരുന്നെന്നോ! മിഷനറിയാകാനുള്ള ആഗ്രഹം എന്റെ മനസ്സിൽ വേരുപിടിക്കുകയായിരുന്നു; അതിനുള്ള സാധ്യത വിദൂരത്തിലാണെന്ന്‌ തോന്നിയെങ്കിലും. അന്ന്‌ മിഷനറിമാരെ ഗയാനയിലേക്ക്‌ അയയ്‌ക്കുമായിരുന്നു, ഇന്നത്തെപ്പോലെതന്നെ. 1969-ലെ ഒരു ദിവസം ന്യൂയോർക്കിലുള്ള ബ്രുക്ലിനിലെ വാച്ച്‌ടവർ ബൈബിൾ സ്‌കൂൾ ഓഫ്‌ ഗിലെയാദിൽ സംബന്ധിക്കാൻ ക്ഷണം ലഭിച്ചപ്പോൾ എനിക്ക്‌ അത്ഭുതവും ആഹ്ലാദവും അടക്കാനായില്ല.

പ്രതീക്ഷിക്കാത്ത ഒരിടത്തേക്ക്‌

48-ാമത്തെ ആ ഗിലെയാദ്‌ ക്ലാസ്സിൽ 21 രാജ്യങ്ങളിൽനിന്നായി 54 വിദ്യാർഥികളാണ്‌ ഉണ്ടായിരുന്നത്‌. അവിവാഹിതരായ സഹോദരിമാരായി ഞങ്ങൾ 17 പേരുണ്ടായിരുന്നു. ഇന്നു 37 വർഷത്തിനുശേഷവും ആ അഞ്ചു മാസത്തെ ഓർമകൾ എന്റെ മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്നു. തിരുവെഴുത്തു സത്യങ്ങളും ഭാവിയിലെ മിഷനറി ജീവിതത്തിനായി ഞങ്ങളെ ഒരുക്കുന്ന നിർദേശങ്ങളും ബുദ്ധിയുപദേശങ്ങളും ഉൾപ്പെടെ ധാരാളം പഠിക്കാനുണ്ടായിരുന്നു. ഉദാഹരണത്തിന്‌, നിർദേശങ്ങൾ പിൻപറ്റാനും മാറിക്കൊണ്ടിരിക്കുന്ന ഫാഷന്റെ കാര്യത്തിൽ സമനില പാലിക്കാനും സാഹചര്യങ്ങൾ മോശമായിരിക്കുമ്പോഴും പിടിച്ചുനിൽക്കാനും ഞാൻ പഠിച്ചു.

ക്രമമായി യോഗങ്ങൾക്കു ഹാജരാകുന്നതിന്‌ വലിയ പ്രാധാന്യം കൊടുത്തിരുന്നു എന്റെ മാതാപിതാക്കൾ. അസുഖം നടിച്ച്‌ ഞായറാഴ്‌ച യോഗത്തിനു പോകാതിരിക്കുന്നവർക്ക്‌ പിറ്റേ ദിവസം നടക്കുന്ന എന്തെങ്കിലും വിനോദ പരിപാടികൾക്കു പോകാൻ അനുവാദമില്ലായിരുന്നു. എന്നാൽ ഗിലെയാദ്‌ സ്‌കൂൾ നടന്നുകൊണ്ടിരിക്കെ ഞാൻ ചിലപ്പോഴൊക്കെ യോഗങ്ങൾ മുടക്കി. ഒരു വെള്ളിയാഴ്‌ച വൈകുന്നേരം യോഗത്തിനു പോകാതിരിക്കാൻ ഞാൻ തീരുമാനിച്ചു. ബെഥേലിലുള്ള ഡോൺ-ഡോലോറെസ്‌ ദമ്പതികളോട്‌ ഞാൻ പോകാതിരിക്കുന്നതിനെ ന്യായീകരിക്കാൻ ശ്രമിച്ചു; അവരാണ്‌ എന്നെ യോഗങ്ങൾക്കു കൊണ്ടുപോയിരുന്നത്‌. ‘ഹൊ, ഒത്തിരി ഹോംവർക്കുണ്ട്‌, പിന്നെ റിപ്പോർട്ടുകളും! ഇതിനിടെ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിനും സേവനയോഗത്തിനും പോകാൻ എവിടെയാ സമയം?’ അതായിരുന്നു ന്യായീകരണം. അൽപ്പസമയം എന്നോടു ന്യായവാദം ചെയ്‌തതിനുശേഷം സഹോദരൻ പറഞ്ഞു: “മനസ്സാക്ഷി എന്തു പറയുന്നോ അങ്ങനെ ചെയ്‌തോളൂ.” ഞാൻ ആ ഉപദേശം സ്വീകരിച്ചു; വൈകുന്നേരം യോഗത്തിനു പോയി. അന്നുമുതൽ ഇന്നോളം ഞാൻ യോഗങ്ങൾ മുടക്കിയിട്ടില്ല, തീരെ പറ്റാത്ത സാഹചര്യങ്ങൾ ഒഴികെ.

കോഴ്‌സ്‌ പകുതിയായപ്പോഴേക്കും എവിടെയായിരിക്കും നിയമനം എന്നതായിരുന്നു എല്ലാവരുടെയും സംസാരവിഷയം. എന്നെ ഗയാനയിലേക്കുതന്നെ നിയമിക്കും എന്നു ഞാൻ കരുതി; പ്രസംഗവേലയ്‌ക്കു ധാരാളം സഹായം ആവശ്യമുണ്ടായിരുന്നു അവിടെ. അതുകൊണ്ടുതന്നെ ഗയാനയിലേക്കു മടങ്ങിപ്പോകാനാകില്ല എന്നറിഞ്ഞപ്പോൾ എനിക്കെത്ര അതിശയം തോന്നിയെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. പശ്ചിമാഫ്രിക്കയിലെ സിയെറ ലിയോണിലേക്കായിരുന്നു എന്റെ നിയമനം. വീട്ടിൽ നിന്നകലെ ഒരു രാജ്യത്ത്‌ മിഷനറിയായി സേവിക്കുകയെന്ന ആഗ്രഹം സഫലമാക്കിത്തന്നതിന്‌ എനിക്ക്‌ യഹോവയോട്‌ എത്ര നന്ദിയുണ്ടെന്നോ!

പഠിക്കാൻ ധാരാളം

“പ്രകൃതിരമണീയം!” കുന്നുകളും മലകളും കടലിടുക്കുകളും കടൽത്തീരങ്ങളും നിറഞ്ഞ സിയെറ ലിയോൺ ആദ്യം കണ്ടപ്പോൾ എനിക്ക്‌ അങ്ങനെയാണു തോന്നിയത്‌. പക്ഷേ ഈ പശ്ചിമാഫ്രിക്കൻ രാജ്യത്തിന്റെ യഥാർഥ സൗന്ദര്യം എന്നു പറയുന്നത്‌ ഇവിടത്തെ നിവാസികളാണ്‌; ഇവരുടെ ദയയും സ്‌നേഹവും വിദേശികളെപ്പോലും ‘സ്വദേശികളാക്കുന്നു.’ വീടിനെക്കുറിച്ചുള്ള ചിന്തകളിൽനിന്ന്‌ ആശ്വാസം കണ്ടെത്താൻ ഇതു പുതിയ മിഷനറിമാരെ സഹായിക്കുന്നു. തങ്ങളുടെ ആചാരങ്ങളെയും സംസ്‌കാരത്തെയും കുറിച്ചു സംസാരിക്കാനും നാടിന്റെ വ്യവഹാരഭാഷയായ ക്രിയോ പഠിക്കാൻ പുതിയവരെ സഹായിക്കാനും ഒക്കെ പ്രിയപ്പെടുന്നവരാണ്‌ ഇവിടത്തുകാർ.

നിറപ്പകിട്ടാർന്ന ചൊല്ലുകൾ ധാരാളമുണ്ട്‌ ക്രിയോ സംസാരിക്കുന്നവർക്കിടയിൽ. ‘അധ്വാനിക്കുന്നത്‌ കുരങ്ങ്‌, തിന്നുന്നതോ ബബൂണും’ എന്ന ചൊല്ല്‌ അതിന്‌ ഒരു ഉദാഹരണമാണ്‌. വിതയ്‌ക്കുന്നവൻ കൊയ്യണമെന്നില്ല എന്നർഥം. ഇന്നത്തെ ലോകത്തിൽ നിറഞ്ഞുനിൽക്കുന്ന അനീതിയുടെ എത്ര മിഴിവാർന്ന ചിത്രം!​—⁠യെശയ്യാവു 65:22.

പ്രസംഗ പ്രവർത്തനവും ശിഷ്യരാക്കൽവേലയും ആഹ്ലാദകരമായിരുന്നു. ബൈബിളിൽ താത്‌പര്യമില്ലാത്തവരെ വിരളമായി മാത്രമേ കണ്ടുമുട്ടിയിരുന്നുള്ളൂ. മിഷനറിമാരും കാലങ്ങളായി യഹോവയെ സേവിക്കുന്നവരും വർഷങ്ങളിലുടനീളം, വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ലാതെ, ജീവിതത്തിന്റെ എല്ലാ തുറകളിലും ഗോത്രവർഗങ്ങളിലും നിന്നുള്ളവരെ സത്യം സ്വന്തമാക്കാൻ സഹായിച്ചിരിക്കുന്നു.

എന്റെ ആദ്യത്തെ മിഷനറി പങ്കാളി എർലാ സെന്റ്‌ ഹിൽ വലിയ കഠിനാധ്വാനിയായിരുന്നു. ശുശ്രൂഷ കഴിഞ്ഞാൽ പിന്നെ മിഷനറി ഭവനത്തിലെ ഉത്തരവാദിത്വങ്ങൾക്കായിരുന്നു അവരുടെ ജീവിതത്തിൽ അടുത്ത സ്ഥാനം. അയൽക്കാരുമായി അടുക്കുക, രോഗികളായ സാക്ഷികളെയും താത്‌പര്യക്കാരെയും സന്ദർശിക്കുക, ശവസംസ്‌കാര ചടങ്ങുകളിൽ സഹകരിക്കുക തുടങ്ങി പല കാര്യങ്ങളും എർലാ എന്നെ പഠിപ്പിച്ചു. വയൽസേവനത്തിനുശേഷം ഒരു പ്രദേശം വിടുന്നതിനുമുമ്പ്‌ അവിടെ താമസിക്കുന്ന സഹോദരങ്ങളെ​—⁠അൽപ്പനേരത്തേക്കാണെങ്കിൽപ്പോലും​—⁠സന്ദർശിക്കണമെന്ന്‌ എന്നെ പഠിപ്പിച്ചതും എർലായാണ്‌. ഇങ്ങനെയൊക്കെ ചെയ്‌തപ്പോൾ എനിക്ക്‌ ഒരുപാട്‌ അമ്മമാരെയും സഹോദരന്മാരെയും സഹോദരിമാരെയും കൂട്ടുകാരെയും ഒക്കെ കിട്ടി; എന്റെ നിയമനപ്രദേശം എനിക്കു വീടു പോലെയായി.​—⁠മർക്കൊസ്‌ 10:29, 30.

നല്ലവരായ സഹമിഷനറിമാരും എന്റെ അടുത്ത സുഹൃത്തുക്കളായി. എന്നോടൊപ്പം താമസിച്ച്‌, 1978 മുതൽ 1981 വരെ സിയെറ ലിയോണിൽ സേവിച്ച ആഡ്‌നാ ബിർഡ്‌, കഴിഞ്ഞ 24 വർഷമായി എന്റെകൂടെ താമസിക്കുന്ന ഷെറിൽ ഫെർഗൂസൻ എന്നിവരാണ്‌ അതിൽ ചിലർ.

ആഭ്യന്തരയുദ്ധവും പരിശോധനകളും

സിയെറ ലിയോണിലെ പുതിയ ബ്രാഞ്ചു സൗകര്യങ്ങളുടെ സമർപ്പണത്തിനുശേഷം ഒരു മാസം കഴിഞ്ഞപ്പോൾ തുടക്കത്തിൽ പറഞ്ഞതുപോലെ യുദ്ധംമൂലം ഞങ്ങൾക്കു രാജ്യം വിടേണ്ടിവന്നു, 1997-ലായിരുന്നു അത്‌. ആ സംഭവത്തിന്‌ ആറു വർഷംമുമ്പ്‌ ലൈബീരിയയിൽ യുദ്ധമുണ്ടായപ്പോൾ അവിടത്തെ സാക്ഷികൾ സിയെറ ലിയോണിലേക്ക്‌ ഓടിപ്പോന്നിരുന്നു. അവരുടെ വിശ്വാസം ഞങ്ങളിൽ വലിയ മതിപ്പുളവാക്കി. ചിലർ വെറുംകയ്യോടെയാണു വന്നത്‌. ദുഷ്‌കരമായ ആ സാഹചര്യത്തിലും അവർ എല്ലാ ദിവസവും ശുശ്രൂഷയിൽ പങ്കെടുത്തു. യഹോവയോടും സഹമനുഷ്യരോടുമുള്ള അവരുടെ സ്‌നേഹം ഞങ്ങളെ വല്ലാതെ സ്‌പർശിച്ചു.

ഇപ്പോഴിതാ ഞങ്ങൾതന്നെ ഗിനിയിൽ അഭയാർഥികളായിരിക്കുന്നു. ലൈബീരിയയിലെ സഹോദരങ്ങളെപ്പോലെ ഞങ്ങളും യഹോവയിൽ ആശ്രയിച്ചുകൊണ്ട്‌ രാജ്യതാത്‌പര്യങ്ങൾക്ക്‌ മുൻതൂക്കം നൽകി. ഒരു വർഷത്തിനുശേഷം ഞങ്ങൾക്കു സിയെറ ലിയോണിലേക്കു മടങ്ങിപ്പോകാനായി. എന്നാൽ ഏഴു മാസത്തിനുള്ളിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്‌ ഒരിക്കൽക്കൂടെ ഞങ്ങൾക്ക്‌ ഗിനിയിലേക്ക്‌ ഓടിപ്പോരേണ്ടിവന്നു.

പോരാളിസംഘത്തിൽപ്പെട്ട ഒരു കൂട്ടം, കിസിയിലെ ഞങ്ങളുടെ മിഷനറിഭവനം കയ്യേറിയെന്നും വസ്‌തുവകകൾ അപഹരിക്കുകയോ നശിപ്പിക്കുകയോ ചെയ്‌തെന്നും ഞങ്ങളറിഞ്ഞു. ഞങ്ങൾക്ക്‌ തെല്ലും നിരാശ തോന്നിയില്ല; ജീവൻ തിരിച്ചുകിട്ടിയതിലുള്ള സന്തോഷമായിരുന്നു എല്ലാവർക്കും. പലതും നഷ്ടപ്പെട്ടിരുന്നെങ്കിലും, ഉള്ളതുകൊണ്ടു കഴിഞ്ഞുകൂടാൻ ഞങ്ങൾക്കായി.

രണ്ടാം പ്രാവശ്യം ഗിനിയിലെത്തിയ ഞാനും ഷെറിലും പിന്നെ അവിടെത്തന്നെ തങ്ങി. അതുകൊണ്ട്‌ ഞങ്ങൾക്കു ഫ്രഞ്ച്‌ പഠിക്കേണ്ടിവന്നു. എന്റെ സഹമിഷനറിമാരിൽ ചിലർ പഠിക്കുന്നതനുസരിച്ച്‌ ഫ്രഞ്ചിൽ സംസാരിക്കാൻ തുടങ്ങി; തെറ്റുവരുത്തുന്നതൊന്നും അവർക്കൊരു പ്രശ്‌നമേ അല്ലായിരുന്നു. എന്നാൽ സംസാരിക്കുമ്പോൾ തെറ്റുവരുത്തുന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു; അതുകൊണ്ട്‌ ഗത്യന്തരമില്ലാതെ വരുമ്പോൾ മാത്രമേ ഞാൻ ഫ്രഞ്ച്‌ സംസാരിക്കുമായിരുന്നുള്ളൂ. അതു വലിയ പ്രയാസമായിരുന്നു. യഹോവയെക്കുറിച്ച്‌ അറിയാൻ മറ്റുള്ളവരെ സഹായിക്കുന്നതിനുവേണ്ടിയാണ്‌ ഞാൻ ഗിനിയിലായിരിക്കുന്നതെന്ന കാര്യം നിരന്തരം എന്നെ ഓർമിപ്പിക്കേണ്ടിവന്നു എനിക്ക്‌.

എന്നാൽ സ്വയം പഠിച്ചുകൊണ്ടും ഒഴുക്കോടെ ഫ്രഞ്ച്‌ സംസാരിക്കുന്നവരെ ശ്രദ്ധിച്ചുകൊണ്ടും സഭയിലെ കുട്ടികളുടെ​—⁠അവരാകുമ്പോൾ തുറന്നു സംസാരിക്കുമല്ലോ—സഹായം തേടിക്കൊണ്ടും ഞാൻ സാവധാനം പുരോഗതി പ്രാപിച്ചു. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായാണ്‌ യഹോവയുടെ സംഘടനയിൽനിന്ന്‌ സഹായമെത്തിയത്‌. 2001 സെപ്‌റ്റംബർ മുതൽ നമ്മുടെ രാജ്യ ശുശ്രൂഷയിൽ, വ്യത്യസ്‌ത മതവിശ്വാസങ്ങൾ വെച്ചുപുലർത്തുന്നവർക്ക്‌ മാസികകൾ സമർപ്പിക്കാനുള്ള അവതരണങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി; പുസ്‌തകങ്ങളും ലഘുപത്രികകളും സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങൾക്കു പുറമേയാണിത്‌. മാതൃഭാഷയോളം ഒഴുക്കോടെ ഫ്രഞ്ച്‌ സംസാരിക്കാൻ കഴിയുന്നില്ലെങ്കിലും ഇന്നിപ്പോൾ ശുശ്രൂഷയിൽ എനിക്ക്‌ കൂടുതൽ ആത്മവിശ്വാസം തോന്നുന്നു.

വലിയൊരു കുടുംബത്തിൽ വളർന്നുവന്നതുകൊണ്ട്‌ അനേകം പേരോടൊപ്പം താമസിക്കുന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്‌നമല്ലായിരുന്നു; ഒരു സമയത്ത്‌ മിഷനറിഭവനത്തിൽ ഞങ്ങൾ 17 പേരുണ്ടായിരുന്നു. 37 വർഷത്തെ മിഷനറി സേവനത്തിനിടെ നൂറോളം മിഷനറിമാരോടൊപ്പം ഞാൻ താമസിച്ചിട്ടുണ്ട്‌. വ്യത്യസ്‌ത വ്യക്തിത്വങ്ങൾ ഉള്ളവരെങ്കിലും ഒരേ ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന അനേകരെ അടുത്തറിയാൻ കഴിഞ്ഞത്‌ എത്ര അനുഗ്രഹമാണ്‌! ദൈവത്തിന്റെ കൂട്ടുവേലക്കാരിയായിരുന്നുകൊണ്ട്‌, ആളുകൾ സത്യം സ്വന്തമാക്കുന്നതു കാണാനാകുന്നതിന്റെ സന്തോഷം ഒന്നു വേറെതന്നെയാണ്‌!​—⁠1 കൊരിന്ത്യർ 3:⁠9.

വർഷങ്ങളിലുടനീളം എന്റെ കുടുംബത്തിൽ നടന്ന പല സുപ്രധാന ചടങ്ങുകളിലും പങ്കെടുക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. എന്റെ ഇളയ സഹോദരങ്ങളിൽ പലരുടെയും വിവാഹത്തിന്‌ ഞാൻ ഇല്ലായിരുന്നു. അവരുടെ കുട്ടികളെ കൂടെക്കൂടെ കാണാൻ ഞാൻ എത്ര ആഗ്രഹിച്ചിട്ടുണ്ടെന്നോ; എന്നാൽ അതിനും കഴിഞ്ഞിട്ടില്ല. എന്നെയും മിഷനറി സേവനത്തിൽ തുടരാൻ എന്നുമെന്നെ പ്രോത്സാഹിപ്പിക്കുന്ന എന്റെ കുടുംബത്തെയും സംബന്ധിച്ചിടത്തോളം അതൊക്കെ ത്യാഗങ്ങളാണ്‌.

എങ്കിലും വീട്ടിൽ എനിക്ക്‌ നഷ്ടപ്പെട്ടതൊക്കെ എന്നെങ്കിലും ഒരിക്കൽ മിഷനറി സേവനത്തിൽ ഞാൻ ആസ്വദിച്ചിട്ടുണ്ട്‌. അവിവാഹിതയായി തുടരാൻ ഞാൻ തീരുമാനിച്ചെങ്കിലും ആത്മീയ അർഥത്തിൽ എനിക്ക്‌ ധാരാളം മക്കളുണ്ട്‌; ഞാൻ ബൈബിൾ പഠിപ്പിച്ചവർ മാത്രമല്ല, ഹൃദയംകൊണ്ട്‌ എന്നോട്‌ അടുത്തവരും. എന്തിനധികം, അവർക്കു കുട്ടികൾ ഉണ്ടാകുന്നതും അവർ വളർന്ന്‌ വിവാഹം കഴിക്കുന്നതും തങ്ങളുടെ കുട്ടികളെ സത്യത്തിന്റെ പാതയിൽ വളർത്തുന്നതും ഒക്കെ ഞാൻ കണ്ടിരിക്കുന്നു. ചിലരാണെങ്കിൽ എന്നെപ്പോലെ ശിഷ്യരാക്കൽവേലയ്‌ക്കായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 9 അമ്മ 25-ലധികം വർഷം പയനിയറിങ്‌ ചെയ്‌തു; ഡാഡി റിട്ടയർ ചെയ്‌തതിനുശേഷം സഹായ പയനിയറായിത്തീർന്നു.

[15-ാം പേജിലെ ഭൂപടങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

എനിക്ക്‌ പശ്ചിമാഫ്രിക്കയിലെ സിയെറ ലിയോണിലേക്കു നിയമനം ലഭിച്ചു

ഗിനി

സിയെറ ലിയോൺ

[13-ാം പേജിലെ ചിത്രം]

എന്റെ രണ്ടനുജത്തിമാർ; 1950-കളിൽ ഞാനും ഇവരും മിഷനറിമാരോടൊപ്പം ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്‌

[14-ാം പേജിലെ ചിത്രം]

48-ാമത്തെ ഗിലെയാദ്‌ ക്ലാസ്സിലെ വിദ്യാർഥികളോടൊപ്പം

[16-ാം പേജിലെ ചിത്രം]

സിയെറ ലിയോണിലെ ബ്രാഞ്ചിന്റെ സമർപ്പണം