വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തുവിനോടും അവന്റെ വിശ്വസ്‌ത അടിമയോടും കൂറുപുലർത്തുന്നവർ

ക്രിസ്‌തുവിനോടും അവന്റെ വിശ്വസ്‌ത അടിമയോടും കൂറുപുലർത്തുന്നവർ

ക്രിസ്‌തുവിനോടും അവന്റെ വിശ്വസ്‌ത അടിമയോടും കൂറുപുലർത്തുന്നവർ

“യജമാനൻ . . . അവനെ തനിക്കുള്ള സകല സ്വത്തുക്കൾക്കും വിചാരകനായി നിയമിക്കും.”​—⁠മത്തായി 24:​45-47, NW.

1, 2. (എ) തിരുവെഴുത്തുകൾ സൂചിപ്പിക്കുന്ന പ്രകാരം നമ്മുടെ നായകൻ ആരാണ്‌? (ബി) ക്രിസ്‌തീയ സഭയെ ക്രിസ്‌തു സജീവമായി നയിക്കുന്നുവെന്ന്‌ എന്തു വ്യക്തമാക്കുന്നു?

ഭൂമിയിലുള്ള ഒരു മനുഷ്യനും തന്റെ ശിഷ്യന്മാർക്കു നായകനായിരിക്കുകയില്ല എന്നു വ്യക്തമാക്കിക്കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ നായകന്മാർ എന്നു . . . പേർ എടുക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്‌തു തന്നേ.” (മത്തായി 23:10) അവരുടെ ഏക നായകൻ സ്വർഗത്തിലുള്ള യേശുക്രിസ്‌തു ആയിരിക്കുമായിരുന്നു. ദൈവമാണ്‌ യേശുവിനെ ആ സ്ഥാനത്തു നിയമിച്ചിരിക്കുന്നത്‌. യഹോവ “അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കയും . . . സർവ്വത്തിന്നും മീതെ തലയാക്കി . . . അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്‌തിരിക്കുന്നു.”​—⁠എഫെസ്യർ 1:20-23.

2 സഭയോടുള്ള ബന്ധത്തിൽ ക്രിസ്‌തു “സർവ്വത്തിന്നും മീതെ” തലയായിരിക്കുന്നതിനാൽ ക്രിസ്‌തീയ സഭയ്‌ക്കുള്ളിലെ എല്ലാ കാര്യങ്ങളുടെമേലും അവന്‌ അധികാരമുണ്ട്‌. അവിടെ നടക്കുന്ന യാതൊന്നും അവനു മറഞ്ഞിരിക്കുന്നില്ല. സത്യക്രിസ്‌ത്യാനികളുടെ ഓരോ കൂട്ടത്തിന്റെയും അഥവാ പ്രാദേശിക സഭയുടെയും ആത്മീയസ്ഥിതി അവൻ ഉറ്റുനിരീക്ഷിക്കുന്നു. പൊതുയുഗം ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ യോഹന്നാൻ അപ്പൊസ്‌തലനു ലഭിച്ച വെളിപ്പാടിൽ ഈ വസ്‌തുത വ്യക്തമായി പ്രതിഫലിച്ചുകാണാം. ഏഴു സഭകൾക്കുള്ള സന്ദേശങ്ങളിൽ, അവരുടെ പ്രവൃത്തിയും സദ്‌ഗുണങ്ങളും ബലഹീനതകളും തനിക്കറിയാമെന്ന്‌ അഞ്ചു പ്രാവശ്യം യേശു പറയുകയും ഉചിതമായ ബുദ്ധിയുപദേശവും പ്രോത്സാഹനവും നൽകുകയും ചെയ്‌തു. (വെളിപ്പാടു 2:2, 3, 9, 13, 19; 3:1, 8, 15) ഏഷ്യാമൈനർ, പലസ്‌തീൻ, സിറിയ, ബാബിലോണിയ, ഗ്രീസ്‌, ഇറ്റലി തുടങ്ങിയ സ്ഥലങ്ങളിലുള്ള മറ്റു സഭകളുടെ ആത്മീയാവസ്ഥയും അവനു സുപരിചിതമായിരുന്നു എന്നു വിശ്വസിക്കാൻ നമുക്കു തക്ക കാരണമുണ്ട്‌. (പ്രവൃത്തികൾ 1:8) നമ്മുടെ കാലത്തെക്കുറിച്ച്‌ എന്തു പറയാനാകും?

ഒരു വിശ്വസ്‌ത അടിമ

3. ക്രിസ്‌തുവിനെ ഒരു ശിരസ്സിനോടും അവന്റെ സഭയെ ഒരു ശരീരത്തോടും താരതമ്യം ചെയ്യുന്നത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

3 പുനരുത്ഥാനശേഷം സ്വർഗത്തിൽ തന്റെ പിതാവിന്റെ അടുക്കലേക്കു കയറിപ്പോകുന്നതിനു തൊട്ടുമുമ്പ്‌ ശിഷ്യന്മാരോട്‌ യേശു ഇങ്ങനെ പറഞ്ഞു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്‌കപ്പെട്ടിരിക്കുന്നു.” കൂടാതെ, “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്‌” എന്നും അവൻ പറഞ്ഞു. (മത്തായി 28:18-20) ശിരസ്സെന്ന നിലയിൽ അവൻ അവരെ തുടർന്നും സജീവമായി നയിക്കുമായിരുന്നു. എഫെസൊസിലും കൊലൊസ്സ്യയിലുമുള്ള ക്രിസ്‌ത്യാനികൾക്ക്‌ എഴുതിയ ലേഖനങ്ങളിൽ പൗലൊസ്‌ അപ്പൊസ്‌തലൻ ക്രിസ്‌തീയ സഭയെ, ക്രിസ്‌തു ശിരസ്സായിട്ടുള്ള ഒരു “ശരീര”മായി വർണിച്ചു. (എഫെസ്യർ 1:22, 23; കൊലൊസ്സ്യർ 1:18) ഈ രൂപകാലങ്കാരം “അവയവങ്ങൾക്കു ശിരസ്സുമായുള്ള ജീവത്‌പ്രധാന ഐക്യത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതിനു പുറമേ, സ്വഹിതം നിറവേറ്റാൻ ശിരസ്സ്‌ അവയവങ്ങളെ ഉപയോഗിക്കുന്നു എന്ന വസ്‌തുതയ്‌ക്ക്‌ അടിവരയിടുകയും ചെയ്യുന്നു. അവ അവന്റെ ഉപകരണങ്ങളാണ്‌” എന്ന്‌ ദ കേംബ്രിഡ്‌ജ്‌ ബൈബിൾ ഫോർ സ്‌കൂൾസ്‌ ആൻഡ്‌ കോളെജസ്‌ പ്രസ്‌താവിക്കുന്നു. 1914-ൽ രാജ്യാധികാരം ഭരമേൽപ്പിക്കപ്പെട്ടതുമുതൽ ആരെയാണ്‌ ക്രിസ്‌തു തന്റെ സംയുക്ത ഉപകരണമായി അഥവാ സരണിയായി ഉപയോഗിച്ചിരിക്കുന്നത്‌?​—⁠ദാനീയേൽ 7:13, 14.

4. മലാഖിയുടെ പ്രവചനത്തിൽ മുൻകൂട്ടിപ്പറഞ്ഞതനുസരിച്ച്‌ പരിശോധനയ്‌ക്കായി ആത്മീയ മന്ദിരത്തിലേക്കു വന്നപ്പോൾ യഹോവയും ക്രിസ്‌തുയേശുവും എന്താണു കണ്ടത്‌?

4 പുതുതായി സിംഹാസനസ്ഥനാക്കപ്പെട്ട ക്രിസ്‌തുയേശുവാകുന്ന തന്റെ “നിയമദൂതനു”മൊത്ത്‌ യഹോവ ആത്മീയ ആരാധനാലയമായ “മന്ദിരത്തിലേക്കു,” അതിനെ പരിശോധിക്കാനും ന്യായംവിധിക്കാനുമായി വരുമെന്ന്‌ മലാഖി പ്രവചനം മുൻകൂട്ടിപ്പറഞ്ഞു. ‘ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാനുള്ള നിയമിതസമയം’ വ്യക്തമായും 1918-ൽ വന്നുചേർന്നു. * (മലാഖി 3:1, NW; 1 പത്രൊസ്‌ 4:17) അങ്ങനെ സത്യദൈവത്തെ ആരാധിക്കുന്നവരെന്ന്‌ അവകാശപ്പെട്ട മനുഷ്യർ പരിശോധനാവിധേയരായി. നൂറ്റാണ്ടുകളായി ദൈവനിന്ദാകരമായ ഉപദേശങ്ങൾ പഠിപ്പിക്കുകയും ഒന്നാം ലോകമഹായുദ്ധത്തോടു ബന്ധപ്പെട്ട കൂട്ടക്കൊലയിൽ സജീവ പങ്കുവഹിക്കുകയും ചെയ്‌ത ക്രൈസ്‌തവ സഭകൾ പുറന്തള്ളപ്പെട്ടു. പരിശോധിക്കപ്പെടുകയും തീയിലെന്നപോലെ ശുദ്ധീകരിക്കപ്പെടുകയും അംഗീകാരം നേടുകയും ചെയ്‌ത ആത്മാഭിഷിക്ത ക്രിസ്‌ത്യാനികളുടെ ഒരു വിശ്വസ്‌ത ശേഷിപ്പ്‌ “യഹോവയ്‌ക്കു നീതിയിൽ വഴിപാട്‌ അർപ്പിക്കുന്ന ഒരു ജനമായി”ത്തീർന്നു.​—⁠മലാഖി 3:⁠3, NW.

5. തന്റെ “സാന്നിധ്യ”ത്തെക്കുറിച്ചുള്ള പ്രവചനത്തിനു ചേർച്ചയിൽ ആരെയാണ്‌ ക്രിസ്‌തു വിശ്വസ്‌ത “അടിമ”യായി കണ്ടെത്തിയത്‌?

5 മലാഖിയുടെ പ്രവചനത്തിനു ചേർച്ചയിൽ, തന്റെ “സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും” സമയം മനസ്സിലാക്കാൻ സഹായിച്ചുകൊണ്ട്‌ ശിഷ്യന്മാർക്കു നൽകിയ സംയുക്ത അടയാളത്തിൽ യേശു ഒരു “അടിമ”വർഗത്തെ തിരിച്ചറിയിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “യജമാനൻ തന്റെ വീട്ടുകാർക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്‌ അവരുടെമേൽ ആക്കിവെച്ച വിശ്വസ്‌തനും വിവേകിയുമായ അടിമ ആർ? യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്‌തുകാണുന്ന അടിമ സന്തുഷ്ടൻ. അവൻ അവനെ തനിക്കുള്ള സകല സ്വത്തുക്കൾക്കും വിചാരകനായി നിയമിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” (മത്തായി 24:3, 45-47, NW) 1918-ൽ ‘അടിമയെ’ പരിശോധിക്കാൻ ‘വന്നപ്പോൾ,’ തന്റെ വിശ്വസ്‌ത അനുഗാമികളുടെ ഒരു ആത്മാഭിഷിക്ത ശേഷിപ്പിനെ ക്രിസ്‌തുവിനു കാണാൻ കഴിഞ്ഞു. 1879 മുതൽ ഈ മാസികയും മറ്റു ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും ഉപയോഗിച്ച്‌ “തത്സസമയത്തു [ആത്മീയ] ഭക്ഷണം” നൽകിവരികയായിരുന്ന അവരെ അവൻ തന്റെ സംയുക്ത സരണി അഥവാ “അടിമ” ആയി അംഗീകരിക്കുകയും 1919-ൽ, ഭൂമിയിൽ തനിക്കുള്ള സകല സ്വത്തുക്കളുടെയും മേൽനോട്ടം ഭരമേൽപ്പിക്കുകയും ചെയ്‌തു.

ക്രിസ്‌തുവിന്റെ ഭൗമിക സ്വത്തുക്കളുടെ മേൽനോട്ടം

6, 7. (എ) മറ്റേതു വിധത്തിൽ യേശു വിശ്വസ്‌ത ‘അടിമയെ’ വർണിക്കുന്നു? (ബി) യേശു ഉപയോഗിച്ച “ഗൃഹവിചാരകൻ” എന്ന പ്രയോഗം എന്തർഥമാക്കുന്നു?

6 ഭൂമിയിൽ യേശുവിനെ പ്രതിനിധാനം ചെയ്യുന്ന ഒരു “അടിമ”യുടെ അസ്‌തിത്വം ഉൾപ്പെടെയുള്ള, തന്റെ സാന്നിധ്യത്തിന്റെ അടയാളം സംബന്ധിച്ച പ്രവചനം നൽകിയതിന്‌ ഏതാനും മാസംമുമ്പ്‌ വ്യത്യസ്‌തമായ പദപ്രയോഗങ്ങൾ ഉപയോഗിച്ച്‌ യേശു “അടിമ”യെക്കുറിച്ചു സംസാരിക്കുകയുണ്ടായി. “അടിമ”യുടെ ഉത്തരവാദിത്വങ്ങളിലേക്ക്‌ അതു വെളിച്ചംവീശി. അവൻ ഇങ്ങനെ പറഞ്ഞു: “തക്കസമയത്തു ആഹാരവീതം കൊടുക്കേണ്ടതിന്നു യജമാനൻ തന്റെ വേലക്കാരുടെമേൽ ആക്കുന്ന വിശ്വസ്‌തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻ ആർ? അവൻ തനിക്കുള്ള സകലത്തിന്നും [“സകല സ്വത്തുക്കൾക്കും,” NW] അവനെ വിചാരകനാക്കി വെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”​—⁠ലൂക്കൊസ്‌ 12:42, 44.

7 അടിമയെ ഇവിടെ ഗൃഹവിചാരകൻ എന്നു വിളിച്ചിരിക്കുന്നു. “ഒരു ഭവനത്തിന്റെ അല്ലെങ്കിൽ സ്വത്തുക്കളുടെ കാര്യസ്ഥൻ” എന്ന്‌ അർഥംവരുന്ന ഒരു ഗ്രീക്കു പദത്തിന്റെ പരിഭാഷയാണ്‌ ആ പ്രയോഗം. ഗൃഹവിചാരകവർഗം കേവലം, ബൈബിളിൽനിന്നുള്ള രസകരമായ ആശയങ്ങൾ വിശദീകരിച്ചുകൊടുക്കുന്ന പണ്ഡിതന്മാരുടെ ഒരു സംഘം ആയിരിക്കുമായിരുന്നില്ല. പോഷകപ്രദമായ ആത്മീയ ആഹാരം “തക്കസമയത്തു” പ്രദാനം ചെയ്യുന്നതിനുപുറമേ, ക്രിസ്‌തുവിന്റെ എല്ലാ അഭിഷിക്ത “വേലക്കാരു”ടെയും മേൽവിചാരണയും ഭൂമിയിൽ അവനുള്ള “സകല സ്വത്തുക്കൾക്കും” മേൽനോട്ടം വഹിക്കാനുള്ള നിയമനവും ‘വിശ്വസ്‌ത ഗൃഹവിചാരകനു’ നൽകപ്പെടുമായിരുന്നു. ഈ സ്വത്തുക്കളിൽ എന്തെല്ലാം ഉൾപ്പെടുന്നു?

8, 9. അടിമയുടെ മേൽവിചാരണയിലുള്ള “സ്വത്തുക്കൾ” ഏവ?

8 ക്രിസ്‌തുവിന്റെ അനുഗാമികൾ തങ്ങളുടെ ശുശ്രൂഷയോടു ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർവഹിക്കാൻ ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെയും മറ്റും മേൽനോട്ടം അടിമവർഗത്തിന്റെ ഉത്തരവാദിത്വത്തിൻ കീഴിൽ വരുന്നു. യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനവും ബ്രാഞ്ചോഫീസുകളും ലോകവ്യാപകമായുള്ള ആരാധനാസ്ഥലങ്ങളായ രാജ്യഹാളുകളും സമ്മേളന ഹാളുകളും ഇതിന്‌ ഉദാഹരണങ്ങളാണ്‌. എന്നാൽ ഏറെ പ്രധാനമായി, കൺവെൻഷനുകളിലൂടെയും സമ്മേളനങ്ങളിലൂടെയും വാരംതോറുമുള്ള യോഗങ്ങളിലൂടെയും ലഭിക്കുന്ന പരിപുഷ്ടിപ്പെടുത്തുന്ന ബൈബിൾ വിദ്യാഭ്യാസ പരിപാടിക്ക്‌ അവർ മേൽനോട്ടം വഹിക്കുന്നു. ഇത്തരം കൂടിവരവുകളിൽ ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയോടു ബന്ധപ്പെട്ട വിവരങ്ങളും അനുദിന ജീവിതത്തിൽ തിരുവെഴുത്തു തത്ത്വങ്ങൾ ബാധകമാക്കുന്നതു സംബന്ധിച്ച കാലോചിത മാർഗനിർദേശങ്ങളും നൽകപ്പെടുന്നു.

9 “രാജ്യത്തിന്റെ . . . സുവിശേഷം” പ്രസംഗിക്കുകയും ‘സകലജാതികളെയും ശിഷ്യരാക്കുകയും’ ചെയ്യുകയെന്ന സർവപ്രധാന വേലയ്‌ക്കു മേൽനോട്ടം വഹിക്കുന്നതും ഗൃഹവിചാരകന്റെ ഉത്തരവാദിത്വങ്ങളിൽപ്പെടുന്നു. സഭയുടെ ശിരസ്സായ ക്രിസ്‌തുവിന്റെ സകല കൽപ്പനകളും അനുഷ്‌ഠിക്കാൻ ഈ അന്ത്യകാലത്ത്‌ ആളുകളെ പഠിപ്പിക്കുന്നത്‌ അതിന്റെ ഭാഗമാണ്‌. (മത്തായി 24:14; 28:19, 20; വെളിപ്പാടു 12:17) പ്രസംഗ-പഠിപ്പിക്കൽ വേല അഭിഷിക്ത ശേഷിപ്പിന്റെ വിശ്വസ്‌ത സഹചാരികളായ “ഒരു മഹാപുരുഷാര”ത്തിനു ജന്മം നൽകിയിരിക്കുന്നു. “സകല ജാതികളുടെയും മനോഹരവസ്‌തു”വായ ഇവർ വിശ്വസ്‌ത അടിമയുടെ മേൽവിചാരണയിലുള്ള, ക്രിസ്‌തുവിന്റെ വിലയേറിയ ‘സ്വത്തുക്കളുടെ’ ഭാഗമാണെന്നതിനു സംശയമില്ല.​—⁠വെളിപ്പാടു 7:9; ഹഗ്ഗായി 2:⁠7.

അടിമവർഗത്തെ പ്രതിനിധാനംചെയ്യുന്ന ഭരണസംഘം

10. തീരുമാനങ്ങളെടുക്കുന്നതിന്‌ ഒന്നാം നൂറ്റാണ്ടിൽ ഏതു സംഘം ഉണ്ടായിരുന്നു, സഭകളിൽ അത്‌ എന്തു പ്രഭാവംചെലുത്തി?

10 വ്യക്തമായും, അനേകം കാര്യങ്ങളോടുള്ള ബന്ധത്തിൽ തീരുമാനങ്ങളെടുക്കുന്നത്‌ വിശ്വസ്‌ത അടിമവർഗത്തിന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങളിൽ ഉൾപ്പെടുമായിരുന്നു. ഒന്നാം നൂറ്റാണ്ടിൽ, അടിമവർഗത്തെ പ്രതിനിധാനം ചെയ്‌ത യെരൂശലേമിലെ മൂപ്പന്മാരും അപ്പൊസ്‌തലന്മാരും മുഴു ക്രിസ്‌തീയ സഭയ്‌ക്കുമായി തീരുമാനങ്ങളെടുത്തിരുന്നു. (പ്രവൃത്തികൾ 15:1, 2) അന്നത്തെ ആ ഭരണസംഘത്തിന്റെ തീരുമാനങ്ങൾ കത്തുകളിലൂടെയും സഞ്ചാരപ്രതിനിധികളിലൂടെയും സഭകളിൽ എത്തിച്ചിരുന്നു. അങ്ങനെയുള്ള വ്യക്തമായ മാർഗനിർദേശം ലഭിച്ചിരുന്നതിൽ ആദിമ ക്രിസ്‌ത്യാനികൾ സന്തുഷ്ടരായിരുന്നു. ഭരണസംഘത്തിന്റെ നിർദേശങ്ങളോടു മനസ്സോടെ സഹകരിച്ച അവരുടെ സമാധാനവും ഐക്യവും ശക്തമായിത്തീരുകയും ചെയ്‌തു.​—⁠പ്രവൃത്തികൾ 15:22-31; 16:4, 5; ഫിലിപ്പിയർ 2:⁠2.

11. സഭയെ നയിക്കാൻ ക്രിസ്‌തു ഇന്ന്‌ ആരെ ഉപയോഗിക്കുന്നു, അഭിഷിക്ത ക്രിസ്‌ത്യാനികളുടെ ആ സംഘത്തെ നാം എങ്ങനെ വീക്ഷിക്കണം?

11 ആദിമ ക്രിസ്‌ത്യാനികളുടെ കാലത്തെന്നപോലെ, ആത്മാഭിഷിക്ത മേൽവിചാരകന്മാരുടെ ഒരു ചെറിയ സംഘം ഇന്ന്‌ ക്രിസ്‌തുവിന്റെ അനുഗാമികളുടെ ഭരണസംഘമായി സേവിക്കുന്നു. രാജ്യവേലയ്‌ക്കു മേൽനോട്ടം വഹിക്കുന്ന ഈ വിശ്വസ്‌ത പുരുഷന്മാരെ സഭയുടെ ശിരസ്സായ ക്രിസ്‌തു തന്റെ ‘വലങ്കയ്യാൽ’ അഥവാ താൻ പ്രയോഗിക്കുന്ന അധികാരത്താൽ വഴിനയിക്കുന്നു. (വെളിപ്പാടു 1:16, 20) ഏറെക്കാലമായി ഭരണസംഘത്തിലെ അംഗമായി സേവിച്ച്‌ ഈയിടെ ഭൗമിക ജീവിതം പൂർത്തിയാക്കിയ ആൽബർട്ട്‌ ഷ്രോഡർ തന്റെ ജീവിതകഥയിൽ ഇങ്ങനെ എഴുതിയിരുന്നു: “ഭരണസംഘം എല്ലാ ബുധനാഴ്‌ചയും കൂടിവരുന്നു, യഹോവയുടെ ആത്മാവിന്റെ വഴിനടത്തിപ്പിനായി പ്രാർഥിച്ചുകൊണ്ടാണ്‌ മീറ്റിങ്‌ ആരംഭിക്കുന്നത്‌. ദൈവവചനമായ ബൈബിളിനു ചേർച്ചയിൽ ഓരോ കാര്യവും കൈകാര്യംചെയ്യാനും ഓരോ തീരുമാനവും കൈക്കൊള്ളാനും ഭരണസംഘം പ്രത്യേകം ശ്രദ്ധിക്കുന്നു.” * വിശ്വസ്‌തരായ ഇത്തരം അഭിഷിക്ത ക്രിസ്‌ത്യാനികളിൽ നമുക്ക്‌ ആശ്രയിക്കാനാകും. പൗലൊസ്‌ അപ്പൊസ്‌തലന്റെ പിൻവരുന്ന ഉദ്‌ബോധനം ഭരണസംഘത്തോടുള്ള ബന്ധത്തിൽ നാം വിശേഷാൽ പിൻപറ്റേണ്ടതുണ്ട്‌: “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ . . . നിങ്ങളുടെ ആത്മാക്കൾക്കു വേണ്ടി ജാഗരിച്ചിരിക്കുന്നു.”—എബ്രായർ 13:17.

അടിമയോട്‌ ആദരവു കാണിക്കേണ്ടതിന്റെ കാരണങ്ങൾ

12, 13. അടിമവർഗത്തോട്‌ ആദരവുള്ളവരായിരിക്കുന്നതിന്‌ എന്തു തിരുവെഴുത്തു കാരണങ്ങളുണ്ട്‌?

12 വിശ്വസ്‌ത അടിമവർഗത്തോട്‌ ആദരവുള്ളവരായിരിക്കേണ്ടതിന്റെ ഒരു അടിസ്ഥാന കാരണം, അങ്ങനെ ചെയ്യുന്നതിലൂടെ ‘യജമാനനായ’ യേശുക്രിസ്‌തുവിനോട്‌ ആദരവു കാണിക്കാൻ നമുക്കു കഴിയുന്നു എന്നതാണ്‌. അഭിഷിക്തരെക്കുറിച്ച്‌ പൗലൊസ്‌ ഇങ്ങനെ എഴുതി: “സ്വതന്ത്രനായിരിക്കെ വിളിക്കപ്പെട്ടവൻ ക്രിസ്‌തുവിന്റെ അടിമയാകുന്നു. നിങ്ങളെ വിലകൊടുത്തു വാങ്ങിയതാണ്‌.” (1 കൊരിന്ത്യർ 7:22, 23, ഓശാന ബൈബിൾ; എഫെസ്യർ 6:6) അതുകൊണ്ട്‌ അടിമവർഗത്തിന്റെയും അതിന്റെ ഭരണസംഘത്തിന്റെയും വഴിനടത്തിപ്പിനു വിശ്വസ്‌തതയോടെ കീഴ്‌പെടുമ്പോൾ നാം അടിമയുടെ യജമാനനായ ക്രിസ്‌തുവിനാണു കീഴ്‌പെടുന്നത്‌. ഭൂമിയിലുള്ള തന്റെ സ്വത്തുക്കൾക്കു മേൽനോട്ടം വഹിക്കാൻ ക്രിസ്‌തു ഉപയോഗിക്കുന്ന സരണിയോട്‌ അർഹമായ ആദരവു കാണിക്കുന്നത്‌ ‘“യേശുക്രിസ്‌തു കർത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി [നാം] ഏറ്റുപറയുന്ന’ ഒരു വിധമാണ്‌.​—⁠ഫിലിപ്പിയർ 2:11.

13 വിശ്വസ്‌ത അടിമയോടു നാം ആദരവു കാണിക്കേണ്ടതിന്റെ തിരുവെഴുത്തധിഷ്‌ഠിതമായ മറ്റൊരു കാരണം, യഹോവ “ആത്മാവിനാൽ” വാസംചെയ്യുന്ന ഒരു “മന്ദിര”മായി അഥവാ ആലയമായി ഭൂമിയിലുള്ള അഭിഷിക്തർ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ്‌. അത്‌ അവരെ “വിശുദ്ധ”രാക്കുന്നു. (1 കൊരിന്ത്യർ 3:16, 17; എഫെസ്യർ 2:19-22) ഈ വിശുദ്ധ ആലയവർഗത്തെയാണ്‌ യേശു തന്റെ ഭൗമിക ആസ്‌തികൾ ഭരമേൽപ്പിച്ചിരിക്കുന്നത്‌. ക്രിസ്‌തീയ സഭയ്‌ക്കുള്ളിലെ ചില അവകാശങ്ങളും ഉത്തരവാദിത്വങ്ങളും അടിമവർഗത്തിനു മാത്രമുള്ളതാണെന്നാണ്‌ അതിന്റെ അർഥം. അതുകൊണ്ടുതന്നെ സഭയിലുള്ള എല്ലാവരും, അടിമവർഗത്തിൽനിന്നും അതിന്റെ ഭരണസംഘത്തിൽനിന്നും ഉള്ള മാർഗനിർദേശങ്ങൾ ആദരിക്കുന്നതും പിൻപറ്റുന്നതും തങ്ങളുടെ പവിത്ര കർത്തവ്യമായി വീക്ഷിക്കുന്നു. നിശ്ചയമായും യജമാനന്റെ വസ്‌തുവകകൾ​—⁠ഭൂമിയിൽ അവനുള്ള സകലവും​—⁠പരിപാലിക്കുന്നതിൽ വിശ്വസ്‌ത അടിമവർഗത്തെ പിന്തുണയ്‌ക്കുന്നത്‌ ഒരു യഥാർഥ പദവിയായി “വേറെ ആടുകൾ” കരുതുന്നു.​—⁠യോഹന്നാൻ 10:16.

അടിമയോടു കൂറുപുലർത്തുന്നവർ

14. യെശയ്യാവു മുൻകൂട്ടിപ്പറഞ്ഞതുപോലെ, വേറെ ആടുകൾ എങ്ങനെയാണ്‌ അഭിഷിക്ത അടിമവർഗത്തിന്റെ പിന്നാലെ നടക്കുന്നതും “പണം ലഭിക്കാതെ പണിയുന്ന”വരെന്ന നിലയിൽ സേവിക്കുന്നതും?

14 വേറെ ആടുകൾ ആത്മീയ ഇസ്രായേലിലെ അഭിഷിക്ത അംഗങ്ങൾക്ക്‌ എളിമയോടെ കീഴ്‌പെട്ടിരിക്കുമെന്നു പ്രകടമാക്കിക്കൊണ്ട്‌ യെശയ്യാ പ്രവചനം ഇങ്ങനെ മൂൻകൂട്ടിപ്പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിന്റെ അദ്ധ്വാനഫലവും [“പണം ലഭിക്കാതെ പണിയുന്ന മിസ്രയീമ്യരും,” NW] കൂശിന്റെ വ്യാപാരലാഭവും ദീർഘകായന്മാരായ സെബായരും നിന്റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; അവർ നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവർ കടന്നുവരും; അവർ നിന്നെ വണങ്ങി; നിന്റെ മദ്ധ്യേ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.” (യെശയ്യാവു 45:14) വേറെ ആടുകൾ ഇന്ന്‌ അഭിഷിക്ത അടിമവർഗത്തിന്റെയും അതിന്റെ ഭരണസംഘത്തിന്റെയും മാർഗനിർദേശം പിൻപറ്റിക്കൊണ്ട്‌ ഒരു ആലങ്കാരിക അർഥത്തിൽ അവരുടെ പിന്നാലെ നടക്കുകയാണ്‌. ഭൂമിയിലുള്ള തന്റെ അഭിഷിക്ത അനുഗാമികൾക്കു ക്രിസ്‌തു നിയമിച്ചു കൊടുത്തിരിക്കുന്ന ആഗോള പ്രസംഗവേലയെ പിന്തുണയ്‌ക്കാൻ “പണം ലഭിക്കാതെ പണിയുന്ന”വരെന്ന നിലയിൽ വേറെ ആടുകൾ തങ്ങളുടെ ആരോഗ്യവും ആസ്‌തികളും പ്രാപ്‌തികളും മനസ്സോടെ ചെലവഴിക്കുന്നു.​—⁠പ്രവൃത്തികൾ 1:8; വെളിപ്പാടു 12:17.

15. വേറെ ആടുകൾക്കും ആത്മീയ ഇസ്രായേലിനും ഇടയ്‌ക്കുള്ള ബന്ധത്തെക്കുറിച്ച്‌ യെശയ്യാവു 61:5, 6 മുൻകൂട്ടിപ്പറഞ്ഞത്‌ എങ്ങനെ?

15 അടിമവർഗത്തിന്റെയും അതിന്റെ ഭരണസംഘത്തിന്റെയും മേൽവിചാരണയിൻകീഴിൽ യഹോവയെ സേവിക്കുന്നതിൽ സന്തോഷവും നന്ദിയുമുള്ളവരാണ്‌ വേറെ ആടുകൾ. അഭിഷിക്തർ “ദൈവത്തിന്റെ യിസ്രായേലി”ൽപ്പെട്ടവരാണെന്ന്‌ അവർക്കറിയാം. (ഗലാത്യർ 6:16) ആത്മീയ ഇസ്രായേലിനോടു സഹവസിക്കുന്ന ആലങ്കാരിക “അന്യജാതി”ക്കാരും “പരദേശ”ക്കാരുമായ അവർ, ‘യഹോവയുടെ പുരോഹിതന്മാരും’ ‘ദൈവത്തിന്റെ ശുശ്രൂഷകന്മാരും’ ആയ അഭിഷിക്തരുടെ വഴിനടത്തിപ്പിൻകീഴിൽ “ഉഴവുകാരും മുന്തിരിത്തോട്ടക്കാരും” എന്ന നിലയിൽ സസന്തോഷം സേവിക്കുന്നു. (യെശയ്യാവു 61:5, 6) രാജ്യസുവാർത്ത പ്രസംഗിക്കുന്നതിലും സകല ജനതകളിലുംപെട്ടവരെ ശിഷ്യരാക്കുന്നതിലും അവർ തീക്ഷ്‌ണതയോടെ ഏർപ്പെടുന്നു. പുതുതായി കണ്ടെത്തുന്ന ചെമ്മരിയാടുതുല്യരെ മേയ്‌ക്കുകയും പാലിക്കുകയും ചെയ്യുന്നതിൽ അടിമവർഗത്തെ അവർ മുഴുഹൃദയാ പിന്തുണയ്‌ക്കുന്നു.

16. വിശ്വസ്‌തനും വിവേകിയുമായ അടിമയെ സവിശ്വസ്‌തം പിന്തുണയ്‌ക്കാൻ വേറെ ആടുകളെ എന്തു പ്രചോദിപ്പിക്കുന്നു?

16 തക്കസമയത്ത്‌ ആത്മീയ ആഹാരം നൽകുന്നതിലുള്ള വിശ്വസ്‌ത അടിമവർഗത്തിന്റെ കഠിനാധ്വാനത്തിൽനിന്നു തങ്ങൾക്കു വലിയ പ്രയോജനം ലഭിച്ചിരിക്കുന്നതായി വേറെ ആടുകൾ തിരിച്ചറിയുന്നു. വിശ്വസ്‌തനും വിവേകിയുമായ അടിമയുടെ സഹായമില്ലായിരുന്നെങ്കിൽ അമൂല്യമായ ബൈബിൾസത്യങ്ങളെക്കുറിച്ച്‌​—⁠യഹോവയുടെ പരമാധികാരം, അവന്റെ നാമത്തിന്റെ വിശുദ്ധീകരണം, ദൈവരാജ്യം, പുതിയ ആകാശവും പുതിയ ഭൂമിയും, ദേഹി, മരിച്ചവരുടെ അവസ്ഥ, യഹോവയെയും യേശുക്രിസ്‌തുവിനെയും പരിശുദ്ധാത്മാവിനെയും സംബന്ധിച്ചുള്ള സത്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌​—⁠ഒട്ടുംതന്നെ അല്ലെങ്കിൽ യാതൊന്നും തങ്ങൾ അറിയുകയില്ലായിരുന്നുവെന്ന്‌ അവർ താഴ്‌മയോടെ സമ്മതിക്കുന്നു. ഈ അന്ത്യകാലത്തു ഭൂമിയിൽ ശേഷിച്ചിരിക്കുന്ന, ക്രിസ്‌തുവിന്റെ അഭിഷിക്ത ‘സഹോദരന്മാരെ’ സവിശ്വസ്‌തം പിന്തുണയ്‌ക്കാൻ അകമഴിഞ്ഞ നന്ദിയും സ്‌നേഹവും വേറെ ആടുകളെ പ്രചോദിപ്പിക്കുന്നു.​—⁠മത്തായി 25:40.

17. എന്തു ചെയ്യേണ്ടത്‌ ആവശ്യമാണെന്നു ഭരണസംഘം മനസ്സിലാക്കിയിരിക്കുന്നു, അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

17 എണ്ണത്തിൽ ചുരുങ്ങിവന്നുകൊണ്ടിരിക്കുന്നതിനാൽ ക്രിസ്‌തുവിന്റെ സ്വത്തുക്കൾക്കു മേൽനോട്ടം വഹിക്കുന്നതിന്‌ എല്ലാ സഭകളിലും സന്നിഹിതരായിരിക്കാൻ അഭിഷിക്തർക്കാവില്ല. അതുകൊണ്ട്‌ ഭരണസംഘം വേറെ ആടുകളിൽപ്പെട്ട പുരുഷന്മാരെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസുകളിലും ഡിസ്‌ട്രിക്‌റ്റുകളിലും സർക്കിട്ടുകളിലും സഭകളിലും മേൽവിചാരക സ്ഥാനങ്ങളിൽ നിയമിക്കുന്നു. ഈ കീഴിടയന്മാരോടുള്ള നമ്മുടെ മനോഭാവത്തിനു ക്രിസ്‌തുവിനോടും അവന്റെ അടിമയോടുമുള്ള നമ്മുടെ വിശ്വസ്‌തതയുമായി ബന്ധമുണ്ടോ? അടുത്ത ലേഖനത്തിൽ ഇക്കാര്യം പരിചിന്തിക്കുന്നതായിരിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 4 ഈ വിഷയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്‌ 2004 മാർച്ച്‌ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 13-18 പേജുകളും 1993 മാർച്ച്‌ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 13-ാം പേജും കാണുക.

^ ഖ. 11 ഈ മാസികയുടെ 1988 മാർച്ച്‌ 1 ലക്കത്തിന്റെ (ഇംഗ്ലീഷ്‌) 10-17 പേജുകളിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

പുനരവലോകനം

• ആരാണു നമ്മുടെ നായകൻ, സഭകൾക്കുള്ളിലെ അവസ്ഥകൾ അവനറിയാമെന്ന്‌ എന്തു സൂചിപ്പിക്കുന്നു?

• ആലയപരിശോധനാവേളയിൽ വിശ്വസ്‌ത അടിമയെന്ന നിലയിൽ സേവിക്കുന്നതായി കണ്ടെത്തപ്പെട്ടത്‌ ആരായിരുന്നു, അവരെ എന്തു സ്വത്തുക്കൾ ഭരമേൽപ്പിച്ചു?

• വിശ്വസ്‌ത അടിമയെ സവിശ്വസ്‌തം പിന്തുണയ്‌ക്കുന്നതിനുള്ള തിരുവെഴുത്തു കാരണങ്ങൾ ഏവ?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രങ്ങൾ]

ഭൗതിക ആസ്‌തികളും ആത്മീയ പരിപാടികളും പ്രസംഗപ്രവർത്തനവും ‘ഗൃഹവിചാരകന്റെ’ മേൽവിചാരണയിലുള്ള ‘സ്വത്തുക്കളിൽ’പ്പെടുന്നു

[25-ാം പേജിലെ ചിത്രം]

തീക്ഷ്‌ണമായ പ്രസംഗപ്രവർത്തനത്തിലൂടെ വേറെ ആടുകളിൽപ്പെട്ടവർ വിശ്വസ്‌ത അടിമവർഗത്തെ പിന്തുണയ്‌ക്കുന്നു