തൃപ്‌തികരമായ ഉപദേശങ്ങൾ തേടി
തൃപ്‌തികരമായ ഉപദേശങ്ങൾ തേടി
എന്റെ ആരോഗ്യം ഞാനെങ്ങനെ സംരക്ഷിക്കും?
എന്റെ കുടുംബജീവിതം സന്തുഷ്ടമാക്കാൻ ഞാനെന്തു ചെയ്യണം?
ഈ ജോലി എനിക്കെങ്ങനെ നിലനിറുത്താം?
ഇത്തരം ചോദ്യങ്ങൾ നിങ്ങൾ എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ? എന്നിട്ട് എന്ത് ഉത്തരങ്ങളാണു നിങ്ങൾക്കു ലഭിച്ചത്? പ്രധാനപ്പെട്ട ഇത്തരം വിഷയങ്ങളിൽ മാർഗനിർദേശം നൽകുന്ന 2,000-ത്തോളം പുസ്‌തകങ്ങൾ ഓരോ വർഷവും പുറത്തിറങ്ങുന്നുണ്ട്. ജീവിതപ്രശ്‌നങ്ങളെ നേരിടേണ്ടത് എങ്ങനെയെന്ന് ഉപദേശിക്കുന്ന പുസ്‌തകങ്ങൾ ബ്രിട്ടനിൽ മാത്രം വർഷംതോറും ഏകദേശം 660 കോടി രൂപയ്‌ക്കു വിറ്റഴിയുന്നുണ്ട്. ഐക്യനാടുകളിലാണെങ്കിൽ സെൽഫ്-ഹെൽപ് പുസ്‌തകങ്ങളുടെ ഒരു വർഷത്തെ വിൽപ്പന ഏകദേശം 2,640 കോടി രൂപയ്‌ക്കാണ്. ഇതെല്ലാം കാണിക്കുന്നത് ദൈനംദിന ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതിന് ആവശ്യമായ ഉപദേശങ്ങൾ തേടുന്നത് നിങ്ങൾ മാത്രമല്ല എന്നാണ്.
എണ്ണമറ്റ ഇത്തരം പുസ്‌തകങ്ങളിൽ കാണുന്ന ഉപദേശങ്ങളെക്കുറിച്ച് ഒരു എഴുത്തുകാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “പല പുതിയ പുസ്‌തകങ്ങളും മുമ്പുള്ളവയുടെ കേവലം ഒരു ആവർത്തനം മാത്രമാണ്.” ഇത്തരം പുസ്‌തകങ്ങളിൽ കാണുന്ന ഉപദേശങ്ങളിൽ അധികവും ലോകത്തിലെതന്നെ ഏറ്റവും പഴക്കമുള്ള ഒരു പുസ്‌തകത്തിൽ നേരത്തേ രേഖപ്പെടുത്തിയിട്ടുള്ളവയാണ്. ലോകത്തിൽ ഏറ്റവും അധികം വിതരണം ചെയ്യപ്പെട്ടിട്ടുള്ള പുസ്‌തകമാണിത്. പൂർണമായോ ഭാഗികമായോ 2,400-ഓളം ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഈ പുസ്‌തകത്തിന്റെ 460 കോടിയിലധികം പ്രതികൾ ഭൂവ്യാപകമായി അച്ചടിച്ചിട്ടുണ്ട്. ഈ പുസ്‌തകം ഏതാണെന്നോ, ബൈബിൾ.
ബൈബിൾ പറയുന്നു: “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” (2 തിമൊഥെയൊസ് 3:16, 17) ഒരിക്കലും, ബൈബിൾ ഒരു സെൽഫ്-ഹെൽപ് പുസ്‌തകമല്ല. മനുഷ്യവർഗത്തെക്കുറിച്ചുള്ള ദൈവോദ്ദേശ്യം വെളിപ്പെടുത്തുക എന്നതാണ് ഇതിന്റെ മുഖ്യ ഉദ്ദേശ്യം. എന്നിരുന്നാലും നാം ഓരോരുത്തരും നേരിടുന്ന പ്രശ്‌നങ്ങളെ എങ്ങനെ തരണംചെയ്യാമെന്ന് ബൈബിൾ പറയുന്നു. കൂടാതെ അതിലെ നിർദേശങ്ങൾ പിൻപറ്റിയാൽ ജീവിതം മെച്ചപ്പെട്ടതായിത്തീരുമെന്ന് അത് ഉറപ്പുനൽകുകയും ചെയ്യുന്നു. (യെശയ്യാവു 48:17, 18) ഏതൊരു വംശീയ, സാംസ്‌കാരിക, വിദ്യാഭ്യാസ പശ്ചാത്തലത്തിൽനിന്നുള്ള ആളായാലും അതിലെ പ്രായോഗിക ബുദ്ധിയുപദേശം ബാധകമാക്കുന്നെങ്കിൽ ജീവിതത്തിൽ വിജയം കണ്ടെത്താനാകും. ആരോഗ്യസംരക്ഷണം, കുടുംബജീവിതം, തൊഴിൽ എന്നീ മണ്ഡലങ്ങളിൽ ബൈബിൾ നൽകുന്ന ബുദ്ധിയുപദേശങ്ങൾ പ്രായോഗികമാണോ എന്നറിയാൻ അടുത്ത ലേഖനം ഒന്നു വായിച്ചു നോക്കരുതോ?