വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തെ പ്രസാദിപ്പിക്കുന്ന യാഗങ്ങൾ

ദൈവത്തെ പ്രസാദിപ്പിക്കുന്ന യാഗങ്ങൾ

ദൈവത്തെ പ്രസാദിപ്പിക്കുന്ന യാഗങ്ങൾ

“ജീവൻ വന്നത്‌ മരണത്തിലൂടെയാണ്‌, മെസോ-അമേരിക്കയിൽ വൻതോതിൽ നരബലികൾ നടത്തിയിരുന്ന ആസ്‌ടെക്കുകാർ അങ്ങനെയാണു വിശ്വസിച്ചിരുന്നത്‌,” ശക്തരായ ആസ്‌ടെക്കുകാർ (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥം പറയുന്നു. “സാമ്രാജ്യം വളർന്നതനുസരിച്ച്‌ അതിൽ ആളുകളുടെ വിശ്വാസം നേടിയെടുക്കാൻ മനുഷ്യക്കുരുതികളും വർധിച്ചു,” പ്രസ്‌തുത ഗ്രന്ഥം കൂട്ടിച്ചേർക്കുന്നു. നരബലികളുടെ എണ്ണം വർഷത്തിൽ 20,000 വരെ എത്തിയിട്ടുണ്ടെന്നാണ്‌ മറ്റൊരു പരാമർശകൃതി വെളിപ്പെടുത്തുന്നത്‌.

ഭയം, ഭാവിയെക്കുറിച്ചുള്ള അരക്ഷിതത്വം, അല്ലെങ്കിൽ കുറ്റബോധം, മനസ്സാക്ഷിക്കുത്ത്‌ എന്നിവ നിമിത്തം ചരിത്രത്തിലുടനീളം ആളുകൾ തങ്ങളുടെ ദൈവങ്ങൾക്ക്‌ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ബലികൾ അർപ്പിച്ചിട്ടുണ്ട്‌. എന്നാൽ ദിവ്യമാർഗനിർദേശപ്രകാരമുള്ള, അതായത്‌ സർവശക്തനായ യഹോവ ഏർപ്പെടുത്തിയ ചില ബലികളെക്കുറിച്ചു ബൈബിൾ പറയുന്നുണ്ട്‌. ആ സ്ഥിതിക്ക്‌, പിൻവരുന്ന ചോദ്യങ്ങൾ പ്രസക്തമാണ്‌: ഏതുതരം യാഗങ്ങളാണ്‌ ദൈവത്തിനു പ്രസാദകരം? ആരാധനയിൽ ഇന്ന്‌ യാഗങ്ങളും ബലികളും ആവശ്യമുണ്ടോ?

യാഗങ്ങളും ബലികളും സത്യാരാധനയിൽ

യിസ്രായേൽ രാഷ്‌ട്രം രൂപംകൊണ്ടപ്പോൾ ആരാധന സംബന്ധിച്ച്‌ വളരെ വ്യക്തമായ നിർദേശങ്ങൾ യഹോവ അവർക്കു നൽകുകയുണ്ടായി; അതിൽ യാഗങ്ങളും ബലികളും ഉൾപ്പെട്ടിരുന്നു. (സംഖ്യാപുസ്‌തകം 28, 29 അധ്യായങ്ങൾ) ഭൂമി നൽകുന്ന ഫലങ്ങളായിരുന്നു ചില യാഗങ്ങൾ. മറ്റുചിലത്‌ മാടുകൾ, ചെമ്മരിയാടുകൾ, കോലാടുകൾ, കുറുപ്രാവുകൾ, പ്രാവിൻകുഞ്ഞുങ്ങൾ എന്നിവയെ ബലിയർപ്പിക്കുന്നതായിരുന്നു. (ലേവ്യപുസ്‌തകം 1:3, 5, 10, 14; 23:10-18; സംഖ്യാപുസ്‌തകം 15:1-7; 28:7) യാഗവസ്‌തു പൂർണമായി അഗ്നിയിൽ ദഹിപ്പിച്ചുകൊണ്ടുള്ള ഹോമയാഗങ്ങളും ഉണ്ടായിരുന്നു. (പുറപ്പാടു 29:38-42) സമാധാനയാഗങ്ങളായിരുന്നു മറ്റൊന്ന്‌; യാഗം അർപ്പിച്ചിരുന്നവർ അതിൽനിന്ന്‌ ഭക്ഷിക്കുകയും ചെയ്‌തിരുന്നു.​—⁠ലേവ്യപുസ്‌തകം 19:5-8.

ദൈവത്തെ ആരാധിക്കുന്നതിനും അഖിലാണ്ഡ പരമാധികാരിയെന്ന നിലയിൽ അവനെ അംഗീകരിക്കുന്നതിനുമുള്ള ഒരു മാർഗമായിരുന്നു മോശൈക ന്യായപ്രമാണപ്രകാരമുള്ള യാഗങ്ങളും ബലികളും. അത്തരം യാഗങ്ങളിലൂടെ, യിസ്രായേല്യർ യഹോവ നൽകിയ അനുഗ്രഹങ്ങൾക്കും സംരക്ഷണത്തിനും നന്ദി പ്രകാശിപ്പിക്കുകയും പാപങ്ങൾക്കു ക്ഷമ നേടുകയും ചെയ്‌തു. ആരാധനയ്‌ക്കുള്ള യഹോവയുടെ നിബന്ധനകൾ വിശ്വസ്‌തമായി നിറവേറ്റിയിടത്തോളംകാലം അവർ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു.​—⁠സദൃശവാക്യങ്ങൾ 3:9, 10.

യഹോവ ഏറ്റവും പ്രാധാന്യം നൽകിയത്‌ യാഗങ്ങൾ അർപ്പിക്കുന്നവരുടെ മനോഭാവത്തിനായിരുന്നു. ഹോശേയ പ്രവാചകനിലൂടെ യഹോവ ഇപ്രകാരം പറഞ്ഞു: “യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു.” (ഹോശേയ 6:6) അതിനർഥം, ആളുകൾ സത്യാരാധനയിൽനിന്നു വ്യതിചലിച്ചുകൊണ്ട്‌ അധാർമികതയിൽ ഏർപ്പെടുകയും നിഷ്‌കളങ്കരക്തം ചൊരിയുകയും ചെയ്‌തപ്പോഴൊക്കെ യഹോവ അവരുടെ യാഗങ്ങൾക്കു യാതൊരു മൂല്യവും കൽപ്പിച്ചില്ല എന്നാണ്‌. അതുകൊണ്ടാണ്‌ യെശയ്യാവിലൂടെ യഹോവ യിസ്രായേല്യരോട്‌ ഇപ്രകാരം പ്രസ്‌താവിച്ചത്‌: “നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്കു എന്തിനു . . . മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ടു എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്കു ഇഷ്ടമല്ല.”​—⁠യെശയ്യാവു 1:11.

“അതു ഞാൻ കല്‌പിച്ചതല്ല”

യിസ്രായേല്യരുടേതിനു കടകവിരുദ്ധമായി, കാനാൻ നിവാസികൾ തങ്ങളുടെ മക്കളെ ദേവന്മാർക്കു ബലിയർപ്പിച്ചിരുന്നു​—⁠മിൽക്കോം, മൊലോക്ക്‌ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന അമോന്യദേവനായ മോലേക്കിനുൾപ്പെടെ. (1 രാജാക്കന്മാർ 11:5, 7, 33; പ്രവൃത്തികൾ 7:43) ഹാലീസ്‌ ബൈബിൾ ഹാൻഡ്‌ബുക്ക്‌ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “തങ്ങളുടെ ദൈവത്തിന്റെ മുമ്പാകെ ലൈംഗിക അധാർമികതയിൽ ഏർപ്പെടുന്നത്‌ കനാന്യരുടെ മതപരമായ ആചാരമായിരുന്നു; തുടർന്ന്‌ അതേ ദൈവങ്ങൾക്കുതന്നെ സ്വന്തം ആദ്യജാതരെ ബലിയർപ്പിച്ചിരുന്നു.”

അത്തരം ആചാരങ്ങൾ യഹോവയ്‌ക്കു പ്രസാദകരമായിരുന്നോ? തീർച്ചയായും അല്ല. കാനാനിൽ പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ്‌ യഹോവ യിസ്രായേല്യർക്കു നൽകിയ കൽപ്പന ലേവ്യപുസ്‌തകം 20:2, 3-ൽ രേഖപ്പെടുത്തിയിരിക്കുന്നത്‌ പിൻവരുംവിധമാണ്‌: “നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: യിസ്രായേൽമക്കളിലോ യിസ്രായേലിൽ വന്നു പാർക്കുന്ന പരദേശികളിലോ ആരെങ്കിലും തന്റെ സന്തതിയിൽ ഒന്നിനെ മോലെക്കിന്നു കൊടുത്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം; ദേശത്തിലെ ജനം അവനെ കല്ലെറിയേണം. അവൻ തന്റെ സന്തതിയെ മോലെക്കിന്നു കൊടുത്തതിനാൽ എന്റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്‌തതുകൊണ്ടു ഞാൻ അവന്റെ നേരെ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.”

അവിശ്വസനീയമെന്നു തോന്നിയേക്കാമെങ്കിലും, ചില യിസ്രായേല്യർ സത്യാരാധന വിട്ട്‌ വ്യാജ ദേവന്മാർക്ക്‌ മക്കളെ ബലിയർപ്പിക്കുന്ന ഈ പൈശാചികരീതി പിൻപറ്റിയെന്നതാണ്‌ വാസ്‌തവം. ഇതു സംബന്ധിച്ച്‌ സങ്കീർത്തനം 106:35-38-ൽ ഇപ്രകാരം പറയുന്നു: “അവർ ജാതിളോടു ഇടകലർന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു. അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവർക്കൊരു കെണിയായി തീർന്നു. തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവർ ഭൂതങ്ങൾക്കു ബലികഴിച്ചു. അവർ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നേ ചൊരിഞ്ഞു; അവരെ അവർ കനാന്യവിഗ്രഹങ്ങൾക്കു ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ടു അശുദ്ധമായ്‌തീർന്നു.”

ഈ ആചാരത്തെ താൻ എത്രമാത്രം വെറുക്കുന്നുവെന്നു വ്യക്തമാക്കിക്കൊണ്ട്‌ യഹൂദാപുത്രന്മാരെക്കുറിച്ച്‌ യിരെമ്യാ പ്രവാചകനിലൂടെ യഹോവ പറഞ്ഞു: “എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ മലിനമാക്കുവാൻ തക്കവണ്ണം അവർ തങ്ങളുടെ [മ്ലേ]ച്ഛവിഗ്രഹങ്ങളെ അതിൽ പ്രതിഷ്‌ഠിച്ചിരിക്കുന്നു. തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ഇട്ടു ദഹിപ്പിക്കേണ്ടതിന്നു അവർ ബെൻഹിന്നോംതാഴ്‌വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാൻ കല്‌പിച്ചതല്ല; എന്റെ മനസ്സിൽ തോന്നിയതുമല്ല.”​—⁠യിരെമ്യാവു 7:30, 31.

അത്തരം മ്ലേച്ഛതകൾ നിമിത്തം യിസ്രായേല്യർക്കു ദൈവാംഗീകാരം നഷ്ടപ്പെട്ടു. തലസ്ഥാന നഗരിയായ യെരൂശലേം നശിപ്പിക്കപ്പെട്ടു; ജനം ബാബിലോണിന്റെ അടിമത്തത്തിലുമായി. (യിരെമ്യാവു 7:32-34) നരബലികൾ ദൈവം അംഗീകരിക്കുന്നില്ലെന്നും അത്‌ സത്യാരാധനയുടെ ഭാഗമല്ലെന്നുമാണ്‌ അതിനർഥം. ഏതുതരത്തിലുള്ള നരബലിയും പൈശാചികമാണ്‌. അതുമായി ബന്ധപ്പെട്ട എന്തും സത്യാരാധകർ ഒഴിവാക്കണം.

യേശുവിന്റെ മറുവിലയാഗം

എന്നാൽ ചിലർ ഇങ്ങനെ ചോദിച്ചെന്നുവരാം: ‘അപ്പോൾപ്പിന്നെ യിസ്രായേല്യർക്കു നൽകിയ നിയമത്തിൽ യഹോവ മൃഗബലികൾ ഉൾപ്പെടുത്തിയതോ?’ ഇതേ ചോദ്യത്തിന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ നൽകിയ ഉത്തരം ശ്രദ്ധിക്കുക: “എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്‌ദത്തം ലഭിച്ച സന്തതി വരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും . . . [അ]ത്രേ. . . . ന്യായപ്രമാണം ക്രിസ്‌തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.” (ഗലാത്യർ 3:19-24) മോശൈക ന്യായപ്രമാണത്തിൻകീഴിലെ മൃഗയാഗങ്ങൾ, യഹോവ മനുഷ്യവർഗത്തിനായി നൽകാനിരുന്ന ഒരു മുന്തിയ യാഗത്തിന്റെ​—⁠തന്റെ പുത്രനായ യേശുക്രിസ്‌തുവിന്റെ യാഗത്തിന്റെ​—⁠മുൻനിഴലായിരുന്നു. സ്‌നേഹപുരസ്സരമായ ആ ക്രമീകരണത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ട്‌ യേശു പറഞ്ഞു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു.”​—⁠യോഹന്നാൻ 3:16.

ദൈവത്തോടും മനുഷ്യരോടുമുള്ള സ്‌നേഹം നിമിത്തം യേശു മനസ്സോടെ തന്റെ പൂർണ മനുഷ്യ ജീവൻ ആദാമിന്റെ സന്തതികൾക്കു മറുവിലയായി നൽകി. (റോമർ 5:12, 15) അവൻ പറഞ്ഞു: “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും” വന്നു. (മത്തായി 20:28) ആദാം മനുഷ്യവർഗത്തിനു കൈമാറിയ പാപത്തിൽനിന്നും മരണത്തിൽനിന്നും അവരെ വീണ്ടെടുക്കാൻ ഭൂമിയിലുള്ള മറ്റാർക്കും കഴിയുമായിരുന്നില്ല. (സങ്കീർത്തനം 49:7, 8) അതുകൊണ്ടാണ്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഇപ്രകാരം വിശദീകരിച്ചത്‌: “[യേശു] ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്തരക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രായർ 9:12) യേശുവിന്റെ യാഗരക്തം അംഗീകരിച്ചുകൊണ്ട്‌ ദൈവം “നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു”കളഞ്ഞു. അതായത്‌, യാഗങ്ങളും ബലികളും ആവശ്യപ്പെട്ടിരുന്ന ന്യായപ്രമാണ ഉടമ്പടി നീക്കം ചെയ്‌തുകൊണ്ട്‌ യഹോവ തന്റെ ‘കൃപാവരമായ [അഥവാ സമ്മാനമായ] നിത്യജീവൻ’ നൽകി.​—⁠കൊലൊസ്സ്യർ 2:14; റോമർ 6:23.

ആത്മീയ യാഗങ്ങളും ബലികളും

യാഗങ്ങളും മൃഗബലികളും ഇപ്പോൾ സത്യാരാധനയുടെ ഭാഗമല്ലാത്ത സ്ഥിതിക്ക്‌ മറ്റെന്തെങ്കിലും യാഗങ്ങൾ ആവശ്യമുണ്ടോ? തീർച്ചയായും. ദൈവത്തെ സേവിക്കുന്നതിനായി യേശുക്രിസ്‌തു ഒരു ആത്മത്യാഗപരമായ ജീവിതം നയിച്ചു; അവസാനം തന്റെ ജീവൻ മനുഷ്യവർഗത്തിനായി നൽകുകയും ചെയ്‌തു. അതുകൊണ്ട്‌ അവൻ പറഞ്ഞു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.” (മത്തായി 16:24) യേശുവിന്റെ അനുഗാമികളായിരിക്കാൻ ആഗ്രഹിക്കുന്നവർ ചില ത്യാഗങ്ങൾ ചെയ്യണം എന്നാണ്‌ അതിനർഥം. എന്താണ്‌ അവ?

ക്രിസ്‌തുവിന്റെ ഒരു യഥാർഥ അനുഗാമി തനിക്കുവേണ്ടിയല്ല, മറിച്ച്‌ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിനായി ജീവിക്കണം എന്നതാണ്‌ അതിലൊന്ന്‌. അത്തരമൊരു വ്യക്തി സ്വന്തം ഇഷ്ടങ്ങൾക്കും താത്‌പര്യങ്ങൾക്കും പകരം ദൈവത്തിന്റെ ഇഷ്ടത്തിനു മുൻതൂക്കം കൊടുക്കും. അപ്പൊസ്‌തലനായ പൗലൊസ്‌ അത്‌ അവതരിപ്പിക്കുന്നത്‌ എങ്ങനെയെന്നു ശ്രദ്ധിക്കുക: “സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.”​—⁠റോമർ 12:1, 2.

മാത്രമല്ല, നമ്മുടെ സ്‌തുതിവചനങ്ങളും യഹോവയ്‌ക്ക്‌ അർപ്പിക്കുന്ന യാഗങ്ങളാണെന്നാണു ബൈബിൾ സൂചിപ്പിക്കുന്നത്‌. പ്രവാചകനായ ഹോശേയ “അധരാർപ്പണമായ കാളകളെ”ക്കുറിച്ചു പറഞ്ഞു; അതു കാണിക്കുന്നത്‌ നമ്മുടെ സ്‌തുതിവചനങ്ങളെയും ഉത്തമ യാഗങ്ങളായി ദൈവം കണക്കാക്കുന്നുവെന്നാണ്‌. (ഹോശേയ 14:2) എബ്രായ ക്രിസ്‌ത്യാനികളെ അപ്പൊസ്‌തലനായ പൗലൊസ്‌ പിൻവരുംവിധം ഉദ്‌ബോധിപ്പിച്ചു: “ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്‌തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.” (എബ്രായർ 13:15) യഹോവയുടെ സാക്ഷികൾ ഇന്ന്‌ സുവാർത്ത പ്രസംഗിക്കുകയും സകല ജാതികളെയും ശിഷ്യരാക്കുകയും ചെയ്യുന്നതിൽ ഉത്സുകരാണ്‌. (മത്തായി 24:14; 28:19, 20) ഗോളമെമ്പാടുമായി അവർ രാപകൽ ദൈവത്തിനു സ്‌തോത്രയാഗം അർപ്പിക്കുന്നു.​—⁠വെളിപ്പാടു 7:15.

പ്രസംഗപ്രവർത്തനം മാത്രമല്ല മറ്റുള്ളവർക്കു നന്മ ചെയ്യുന്നതും ദൈവത്തെ പ്രസാദിപ്പിക്കുന്ന യാഗങ്ങളിൽപ്പെടുന്നു. “നന്മചെയ്‌വാനും കൂട്ടായ്‌മകാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത്‌,” പൗലൊസ്‌ പ്രബോധിപ്പിച്ചു. (എബ്രായർ 13:16) വാസ്‌തവത്തിൽ, ഒരുവൻ അർപ്പിക്കുന്ന സ്‌തോത്രയാഗങ്ങൾ ദൈവത്തിനു പ്രസാദകരമാകണമെങ്കിൽ മാതൃകായോഗ്യമായ ജീവിതരീതിയും പെരുമാറ്റവും അനിവാര്യമാണ്‌. പൗലൊസ്‌ നൽകുന്ന പ്രോത്സാഹനം ശ്രദ്ധിക്കുക: “ക്രിസ്‌തുവിന്റെ സുവിശേഷത്തിന്നു യോഗ്യമാംവണ്ണം മാത്രം നടപ്പിൻ.”​—⁠ഫിലിപ്പിയർ 1:27; യെശയ്യാവു 52:11.

സത്യാരാധനയെ പിന്തുണച്ചുകൊണ്ടുള്ള എല്ലാ യാഗങ്ങളും അതിരറ്റ സന്തോഷത്തിലും യഹോവയിൽനിന്നുള്ള സമൃദ്ധമായ അനുഗ്രഹങ്ങളിലും കലാശിക്കും, പുരാതന നാളുകളിലെപ്പോലെതന്നെ. അതുകൊണ്ട്‌ ദൈവത്തിനു യഥാർഥത്തിൽ പ്രസാദകരമായ യാഗങ്ങൾ അർപ്പിക്കാൻ നമുക്ക്‌ തീവ്രമായി യത്‌നിക്കാം!

[18-ാം പേജിലെ ചിത്രം]

“തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും . . . അവർ കനാന്യവിഗ്രഹങ്ങൾക്കു ബലികഴിച്ചു”

[20-ാം പേജിലെ ചിത്രങ്ങൾ]

സുവാർത്ത പ്രസംഗിച്ചുകൊണ്ടും മറ്റുവിധങ്ങളിൽ ആളുകളെ സഹായിച്ചുകൊണ്ടും സത്യക്രിസ്‌ത്യാനികൾ ദൈവത്തിനു പ്രസാദകരമായ യാഗങ്ങൾ അർപ്പിക്കുന്നു