വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രായോഗികമായ ഉപദേശങ്ങൾ

പ്രായോഗികമായ ഉപദേശങ്ങൾ

പ്രായോഗികമായ ഉപദേശങ്ങൾ

ജീവിതപ്രശ്‌നങ്ങളാൽ ഉഴലുന്നവരെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്‌ ഇന്നു ലഭ്യമായിരിക്കുന്ന അസംഖ്യം സെൽഫ്‌-ഹെൽപ്‌ പുസ്‌തകങ്ങൾ. എന്നാൽ ബൈബിൾ വ്യത്യസ്‌തമാണ്‌. ഇതിലെ ഉപദേശങ്ങൾ ജീവിതപ്രശ്‌നങ്ങളാൽ നട്ടംതിരിയുന്നവർക്കു സഹായകമാണ്‌. എന്നാൽ അതിലുപരിയായി അനാവശ്യമായ പ്രശ്‌നങ്ങൾക്കു വഴിവെക്കുന്ന തെറ്റുകളോ പിഴവുകളോ ഒഴിവാക്കാൻ അത്‌ ഒരുവനെ സഹായിക്കുകയും ചെയ്യുന്നു.

“അല്‌പബുദ്ധികൾക്കു സൂക്ഷ്‌മബുദ്ധിയും ബാലന്നു പരിജ്ഞാനവും വകതിരിവും നല്‌കുവാനും” ബൈബിളിനു കഴിയും. (സദൃശവാക്യങ്ങൾ 1:4) അതിലെ ഉപദേശങ്ങൾ അനുസരിക്കുന്നപക്ഷം “വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും. അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും . . . വിടുവിക്കും.” (സദൃശവാക്യങ്ങൾ 2:11, 12) അതിലെ ബുദ്ധിയുപദേശങ്ങൾ ബാധകമാക്കുന്നത്‌ ആരോഗ്യസംരക്ഷണത്തിനും കുടുംബജീവിതം മെച്ചപ്പെടുത്തുന്നതിനും ഒരു നല്ല തൊഴിലാളിയോ തൊഴിലുടമയോ ആയിത്തീരുന്നതിനും ഒരുവനെ സഹായിക്കും. ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക.

മദ്യം​—⁠മിതമായി മാത്രം

മദ്യത്തിന്റെ മിതമായ ഉപയോഗത്തെ ബൈബിൾ വിലക്കുന്നില്ല. വീഞ്ഞിന്റെ ഔഷധഗുണത്തെ പരാമർശിച്ചുകൊണ്ട്‌ അപ്പൊസ്‌തലനായ പൗലൊസ്‌ യുവാവായ തിമൊഥെയൊസിനെ ഇങ്ങനെ ഉപദേശിച്ചു: “നിന്റെ അജീർണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്‌പം വീഞ്ഞും സേവിച്ചുകൊൾക.” (1 തിമൊഥെയൊസ്‌ 5:23) എന്നാൽ ഒരു ഔഷധമായി മാത്രം വീഞ്ഞിന്റെ ഉപയോഗം പരിമിതപ്പെടുത്താൻ ദൈവം ഉദ്ദേശിച്ചിരുന്നില്ല. കാരണം “മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന” ഒന്നായി വീഞ്ഞിനെ തിരുവെഴുത്തുകൾ വിശേഷിപ്പിച്ചിരിക്കുന്നു. (സങ്കീർത്തനം 104:15) പക്ഷേ ‘വീഞ്ഞിന്നു അടിമപ്പെടുന്നതിന്‌’ എതിരെ അത്‌ മുന്നറിയിപ്പു നൽകുന്നുണ്ട്‌. (തീത്തൊസ്‌ 2:3) അത്‌ ഇങ്ങനെ പറയുന്നു: “നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു. കുടിയനും അതിഭക്ഷകനും ദരിദ്രരായ്‌തീരും.” (സദൃശവാക്യങ്ങൾ 23:20, 21) ഈ ബുദ്ധിയുപദേശം അവഗണിക്കുന്നതിന്റെ ഫലം എന്താണ്‌? ഏതാനും ചില രാജ്യങ്ങളിൽനിന്നുള്ള വസ്‌തുതകൾ പരിശോധിക്കുക.

ലോകാരോഗ്യ സംഘടനയുടെ ആഗോള മദ്യോപയോഗ സ്ഥിതിവിവരക്കണക്ക്‌-2004 (ഇംഗ്ലീഷ്‌) പറയുന്നു: “മദ്യോപയോഗത്തോടു ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മൂലം അയർലണ്ടിൽ വർഷംതോറും 13,500 കോടി രൂപയോളം ചെലവാകുന്നു.” ഈ ഭീമമായ തുകയിൽ “ചികിത്സയോടും (1,575 കോടി രൂപ) റോഡ്‌ അപകടങ്ങളോടും (1,710 കോടി രൂപ) കുറ്റകൃത്യങ്ങളോടും (567 കോടി രൂപ) ബന്ധപ്പെട്ട്‌ ഉണ്ടാകുന്ന ചെലവുകളും ജോലിക്കു വരാത്തതു മൂലം ഉണ്ടാകുന്ന ഉത്‌പാദനനഷ്ടവും (5,850 കോടി രൂപ) ഉൾപ്പെടുന്നു” എന്ന്‌ റിപ്പോർട്ട്‌ വെളിപ്പെടുത്തുകയുണ്ടായി.

മദ്യത്തിന്റെ ദുരുപയോഗത്താൽ ഉളവാകുന്ന സാമ്പത്തിക ബാധ്യതയെക്കാൾ ഗൗരവമേറിയതാണ്‌ അതു ജീവിതത്തിൽ വരുത്തിവെക്കുന്ന പ്രശ്‌നങ്ങൾ. ഉദാഹരണത്തിന്‌, ഓസ്‌ട്രേലിയയിൽ കേവലം ഒരു വർഷത്തിനുള്ളിൽ അഞ്ചു ലക്ഷത്തിലധികം ആളുകൾ മദ്യപാനികളിൽനിന്നുള്ള ശാരീരിക ഉപദ്രവത്തിന്‌ ഇരയായി. ഫ്രാൻസിൽ 30 ശതമാനം ഗാർഹിക അതിക്രമങ്ങൾക്കും വഴിമരുന്നിടുന്നത്‌ അമിത മദ്യപാനമാണ്‌. ഈ വസ്‌തുതകളുടെ വെളിച്ചത്തിൽ ബൈബിളിന്റെ ബുദ്ധിയുപദേശം യുക്തിസഹമാണെന്നു നിങ്ങൾക്കു തോന്നുന്നില്ലേ?

ദുശ്ശീലങ്ങൾ ഒഴിവാക്കുക

1942-ൽ, പുകവലി ഒരു ഫാഷനായി വീക്ഷിച്ചിരുന്ന കാലത്തുതന്നെ, പുകയിലയുടെ ഉപയോഗം ബൈബിൾ തത്ത്വങ്ങളുടെ ലംഘനമാണെന്നും അത്‌ ഒഴിവാക്കേണ്ടതാണെന്നും ഈ മാസിക വ്യക്തമാക്കി. ദൈവാംഗീകാരം ആഗ്രഹിക്കുന്നവർ “ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും,” അഥവാ അശുദ്ധിയും നീക്കണമെന്ന ബൈബിൾ തത്ത്വം പിൻപറ്റേണ്ടതുണ്ടെന്ന്‌ ആ വർഷം പ്രസിദ്ധീകരിച്ച ഒരു ലേഖനം ചൂണ്ടിക്കാണിച്ചു. (2 കൊരിന്ത്യർ 7:1) ഇപ്പോൾ ഏതാണ്ട്‌ 65 വർഷത്തിനുശേഷം, ഈ ബൈബിളധിഷ്‌ഠിത ഉപദേശം എത്രയോ ശരിയാണെന്നു തെളിഞ്ഞിരിക്കുന്നു!

“ആളുകളുടെ ജീവൻ അപഹരിക്കുന്നതിൽ രണ്ടാം സ്ഥാനത്താണ്‌” പുകയിലയുടെ ഉപയോഗമെന്ന്‌ 2006-ൽ ലോകാരോഗ്യ സംഘടന പ്രസ്‌താവിക്കുകയുണ്ടായി. പുകയിലയുടെ ഉപയോഗം മൂലം ഓരോ വർഷവും 50 ലക്ഷത്തോളം ആളുകൾ മരിക്കുന്നുണ്ട്‌. എന്നാൽ എയ്‌ഡ്‌സ്‌ മൂലമുള്ള മരണംപോലും 30 ലക്ഷത്തോളമേ ഉള്ളൂ. 20-ാം നൂറ്റാണ്ടിൽ പുകവലി പത്തു കോടി ആളുകളുടെ ജീവൻ അപഹരിച്ചതായി കണക്കാക്കപ്പെടുന്നു​—⁠ആ നൂറ്റാണ്ടിൽ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരുടെ ഏതാണ്ട്‌ അത്രയുംതന്നെ. പുകവലി ഒഴിവാക്കുന്നതാണ്‌ ബുദ്ധിയെന്ന്‌ ഇന്നു ലോകത്തിനു ബോധ്യം വന്നിരിക്കുന്നു.

“ദുർന്നടപ്പു വിട്ടു ഓടുവിൻ”

ലൈംഗിക കാര്യങ്ങളെക്കുറിച്ച്‌ ബൈബിൾ പറയുന്നത്‌ അംഗീകരിക്കാൻ പലരും വിമുഖത കാണിക്കുന്നു. അനേകരും ധരിച്ചുവെച്ചിരിക്കുന്നതുപോലെ, ലൈംഗിക വികാരങ്ങളെല്ലാം പാപമാണെന്ന്‌ ബൈബിൾ പറയുന്നില്ല. എന്നാൽ ഇതു സംബന്ധിച്ച്‌ ബൈബിൾ നൽകുന്ന മാർഗനിർദേശം വളരെ വ്യക്തമാണ്‌. വിവാഹിത ഇണയുമായി മാത്രമേ ഒരാൾ ലൈംഗികബന്ധത്തിൽ ഏർപ്പെടാവൂ എന്ന്‌ ബൈബിൾ അനുശാസിക്കുന്നു. (ഉല്‌പത്തി 2:24; മത്തായി 19:4-6; എബ്രായർ 13:4) അതിലൂടെ വിവാഹിത ഇണകൾക്ക്‌ സ്‌നേഹവും അനുരാഗവും പങ്കുവെക്കാനാകുന്നു. (1 കൊരിന്ത്യർ 7:1-5) ജനിക്കുന്ന കുട്ടികൾക്കാകട്ടെ, രണ്ടു പേരുടെയും സ്‌നേഹവും പരിലാളനയും ലഭിക്കുകയും ചെയ്യുന്നു.​—⁠കൊലൊസ്സ്യർ 3:18-21.

ലൈംഗിക അധാർമികതയുടെ കാര്യത്തിൽ ബൈബിൾ നൽകുന്ന കൽപ്പന വളരെ വ്യക്തമാണ്‌: “ദുർന്നടപ്പു വിട്ടു ഓടുവിൻ.” (1 കൊരിന്ത്യർ 6:18) എന്തുകൊണ്ടാണ്‌ അത്‌ അങ്ങനെ പറയുന്നത്‌? വാക്യം തുടരുന്നു: “മനുഷ്യൻ ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു. ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു.” എന്നാൽ ഈ ഉപദേശം അവഗണിച്ചാലോ?

ഐക്യനാടുകളുടെ കാര്യം എടുക്കുക. വ്യാവസായിക രാഷ്‌ട്രങ്ങളിൽവെച്ച്‌ ഏറ്റവും കൂടുതൽ കൗമാരഗർഭധാരണം നടക്കുന്നത്‌ ഇവിടെയാണ്‌​—⁠വർഷംതോറും ഏതാണ്ട്‌ 8,50,000. ഇവരിൽ ചിലരെങ്കിലും ഗർഭച്ഛിദ്രം നടത്താതെ കുഞ്ഞുങ്ങൾക്കു ജന്മമേകുന്നു. ഇത്തരം അവിവാഹിത അമ്മമാരിൽ പലരും തങ്ങളുടെ കുട്ടികൾക്ക്‌ സ്‌നേഹവും ശിക്ഷണവും നൽകി വളർത്താൻ പരമാവധി ശ്രമിക്കുമെന്നുള്ളത്‌ ഉറപ്പാണ്‌, ചിലർ അതിൽ വിജയിക്കുകയും ചെയ്യുന്നുണ്ട്‌. എന്നാൽ ഇങ്ങനെയുള്ള അമ്മമാരുടെ ആൺമക്കൾ കുറ്റവാളികളും പെൺമക്കൾ കൗമാരത്തിൽത്തന്നെ അമ്മമാരും ആകാനുള്ള സാധ്യത കൂടുതലാണ്‌. കഴിഞ്ഞ ചില ദശാബ്ദങ്ങളിലെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചശേഷം ഗവേഷകനായ റോബർട്ട്‌ ലെർമാൻ എഴുതി: “മാതാവോ പിതാവോ മാത്രമുള്ള കുടുംബങ്ങളുടെ വർധന മറ്റു സാമൂഹ്യപ്രശ്‌നങ്ങളും പെരുകുന്നതിന്‌, അതായത്‌ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവരുടെയും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുന്നവരുടെയും കൗമാര ഗർഭധാരണത്തിന്റെയും ബാലജന കുറ്റകൃത്യങ്ങളുടെയും എണ്ണം വർധിക്കുന്നതിന്‌ ഇടയാക്കിയിട്ടുണ്ടാകാം.”

കുത്തഴിഞ്ഞ ലൈംഗികജീവിതം നയിക്കുന്നവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം അപകടത്തിലാകുന്നു. ഉദാഹരണത്തിന്‌ പീഡിയാട്രിക്‌സ്‌ പത്രികയുടെ റിപ്പോർട്ട്‌ ശ്രദ്ധിക്കുക: “ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന കൗമാരപ്രായക്കാർക്ക്‌ വിഷാദവും ആത്മഹത്യാപ്രവണതയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു.” മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച്‌ അമേരിക്കൻ സോഷ്യൽ ഹെൽത്ത്‌ അസ്സോസിയേഷൻ പ്രസ്‌താവിച്ചത്‌ “[ഐക്യനാടുകളിലെ] പകുതിയിലധികം ആളുകൾക്കും ജീവിതത്തിൽ എന്നെങ്കിലും ലൈംഗികരോഗം പിടിപെടാനുള്ള സാധ്യതയുണ്ട്‌” എന്നാണ്‌. ബൈബിൾ ബുദ്ധിയുപദേശം പിൻപറ്റുന്നതിലൂടെ എത്രയെത്ര മനഃപ്രയാസങ്ങളും ബുദ്ധിമുട്ടുകളുമാണ്‌ ഒഴിവാക്കാനാകുക!

കുടുംബബന്ധങ്ങൾ സുദൃഢമാക്കുക

ദുശ്ശീലങ്ങൾക്കെതിരെ മുന്നറിയിപ്പു നൽകുക മാത്രമല്ല ബൈബിൾ ചെയ്യുന്നത്‌. കുടുംബജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രായോഗിക ഉപദേശങ്ങളും അതു നൽകുന്നുണ്ട്‌.

ദൈവവചനം ഇങ്ങനെ പറയുന്നു: “ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്‌നേഹിക്കേണ്ടതാകുന്നു.” (എഫെസ്യർ 5:28) ഭാര്യമാരെ വിലകുറച്ചു കാണുന്നതിനു പകരം “വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്‌ത്രീജനം ബലഹീനപാത്രം എന്നു . . . ഓർത്തു അവർക്കു ബഹുമാനം” കൊടുക്കാൻ ഭർത്താക്കന്മാരെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. (1 പത്രൊസ്‌ 3:7) അസ്വാരസ്യങ്ങൾ ഉണ്ടാകുമ്പോൾപ്പോലും “ഭാര്യമാരെ സ്‌നേഹിപ്പിൻ; അവരോടു കൈപ്പായിരിക്കയുമരുത്‌” എന്ന്‌ ഭർത്താക്കന്മാരെ ഉപദേശിച്ചിരിക്കുന്നു. (കൊലൊസ്സ്യർ 3:19) ഈ ബുദ്ധിയുപദേശം കൈക്കൊള്ളുന്ന ഭർത്താവ്‌ ഭാര്യയുടെ സ്‌നേഹവും ആദരവും പിടിച്ചുപറ്റും എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ?

ഭാര്യമാരോടായി ബൈബിൾ പറയുന്നു: “ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ. ക്രിസ്‌തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യെക്കു തലയാകുന്നു. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു [“ആഴമായി ബഹുമാനിക്കേണ്ടതാകുന്നു,” NW].” (എഫെസ്യർ 5:22, 23, 33) ഭർത്താവിനോടോ ഭർത്താവിനെക്കുറിച്ചോ സംസാരിക്കുമ്പോൾ ഈ ബുദ്ധിയുപദേശം പിൻപറ്റുന്ന ഭാര്യ, ഭർത്താവിന്റെ സ്‌നേഹത്തിനു പാത്രമാകും എന്നു നിങ്ങൾക്കു തോന്നുന്നില്ലേ?

കുട്ടികളെ പരിശീലിപ്പിക്കുന്നതിനെ സംബന്ധിച്ചെന്ത്‌? “വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും” മക്കളുമായി ആശയവിനിമയം നടത്തണമെന്ന്‌ ബൈബിൾ മാതാപിതാക്കളെ ഉപദേശിക്കുന്നു. (ആവർത്തനപുസ്‌തകം 6:7) മക്കൾക്ക്‌ ധാർമിക മാർഗനിർദേശവും സ്‌നേഹപൂർവകമായ ശിക്ഷണവും നൽകാൻ വിശേഷാൽ പിതാക്കന്മാരെയാണ്‌ ഉദ്‌ബോധിപ്പിച്ചിരിക്കുന്നത്‌. “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ” എന്ന്‌ ദൈവവചനം പറയുന്നു. (എഫെസ്യർ 6:4) ഇനി, കുട്ടികളോടാണെങ്കിൽ “മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ” എന്നും “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നും പറഞ്ഞിട്ടുണ്ട്‌. *​—⁠എഫെസ്യർ 6:​1-3.

ഈ ഉപദേശം ബാധകമാക്കുന്നത്‌ കുടുംബങ്ങൾക്കു പ്രയോജനം ചെയ്യുമെന്ന്‌ നിങ്ങൾ കരുതുന്നുണ്ടോ? ‘കൊള്ളാം, ഇതൊക്കെ കേൾക്കാൻ സുഖമുണ്ട്‌, പക്ഷേ എത്രത്തോളം പ്രായോഗികമാണെന്നു കണ്ടറിയണം’ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്‌. എങ്കിൽ, യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ ഒന്നു വന്നു നോക്കൂ. ബൈബിളിലെ ബുദ്ധിയുപദേശം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന കുടുംബങ്ങളെ നിങ്ങൾക്ക്‌ അവിടെ കാണാനാകും. അവരോടു സംസാരിക്കൂ. അവർ പരസ്‌പരം ഇടപെടുന്നത്‌ നിരീക്ഷിക്കൂ. ബൈബിൾ തത്ത്വങ്ങൾ അനുസരിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ സന്തോഷം നിങ്ങൾക്കവിടെ കണ്ടറിയാനാകും.

ആത്മാർഥതയുള്ള തൊഴിലാളിയും നീതിപാലിക്കുന്ന തൊഴിലുടമയും

ഒരു ജോലി കളയാതെ നോക്കുക എന്നത്‌ ഒരു വെല്ലുവിളിതന്നെയാണ്‌. ഇക്കാര്യത്തിൽ ബൈബിൾ എന്താണ്‌ പറയുന്നത്‌ എന്നു ശ്രദ്ധിക്കുക. തന്റെ ജോലിയിൽ വിദഗ്‌ധനായ ഒരുവൻ വിലമതിക്കപ്പെടുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യും എന്ന്‌ അത്‌ പ്രസ്‌താവിക്കുന്നു. “പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്‌ക്കും” എന്ന്‌ ജ്ഞാനിയായ ശലോമോൻ രാജാവ്‌ പറഞ്ഞു. (സദൃശവാക്യങ്ങൾ 22:29) നേരെമറിച്ച്‌ മടിയനായ ഒരുവൻ തന്റെ തൊഴിലുടമയ്‌ക്ക്‌ ‘കണ്ണിൽ പുക’ പോയാൽ എന്നപോലെ അസ്വസ്ഥത ഉളവാക്കുന്നു. (സദൃശവാക്യങ്ങൾ 10:26) സത്യസന്ധരും കഠിനാധ്വാനികളും ആയിരിക്കാൻ ബൈബിൾ ജോലിക്കാരെ പ്രോത്സാഹിപ്പിക്കുന്നു. “കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‌വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു.” (എഫെസ്യർ 4:28) ആരും നിരീക്ഷിക്കാൻ ഇല്ലാത്തപ്പോൾപ്പോലും ഇതു ബാധകമാണ്‌. “ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിൻ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കർത്താവിനെ ഭയപ്പെട്ടുകൊണ്ടു ഹൃദയത്തിന്റെ ഏകാഗ്രതയോടെ അത്രേ അനുസരിക്കേണ്ടത്‌.” (കൊലൊസ്സ്യർ 3:22) നിങ്ങൾ ഒരു തൊഴിലുടമയാണെങ്കിൽ ഈ ഉപദേശം പ്രാവർത്തികമാക്കുന്ന ഒരു തൊഴിലാളിയെ നിങ്ങൾ വിലമതിക്കില്ലേ?

“വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ” ആണെന്ന്‌ തൊഴിലുടമകളെ ബൈബിൾ ഓർമിപ്പിക്കുന്നു. (1 തിമൊഥെയൊസ്‌ 5:18) തൊഴിലാളികൾക്ക്‌ കൃത്യസമയത്ത്‌, ന്യായമായ കൂലി കൊടുക്കണമെന്ന്‌ ഇസ്രായേല്യർക്കുള്ള ദൈവനിയമം അനുശാസിച്ചിരുന്നു. “കൂട്ടുകാരനെ പീഡിപ്പിക്കരുതു; അവന്റെ വസ്‌തു കവർച്ച ചെയ്‌കയും അരുതു; കൂലിക്കാരന്റെ കൂലി പിറ്റേന്നു രാവിലെവരെ നിന്റെ പക്കൽ ഇരിക്കരുത്‌” എന്ന്‌ മോശെ എഴുതി. (ലേവ്യപുസ്‌തകം 19:13) നിങ്ങൾ ഒരു തൊഴിലാളിയാണെങ്കിൽ ഈ ബൈബിൾ ഉപദേശം അനുസരിച്ച്‌ കൃത്യസമയത്തും ന്യായമായും കൂലിതരുന്ന ഒരു തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യാൻ നിങ്ങൾക്ക്‌ ഇഷ്ടമായിരിക്കില്ലേ?

ഒരു ഉന്നത ഉറവിൽനിന്നുള്ള ജ്ഞാനം

ബൈബിൾപോലെ വളരെ പുരാതനമായ ഒരു പുസ്‌തകത്തിൽ ഇന്നുപോലും പ്രാവർത്തികമാക്കാവുന്ന ഉപദേശങ്ങൾ അടങ്ങിയിരിക്കുന്നു എന്നത്‌ നിങ്ങളെ അതിശയിപ്പിക്കുന്നുവോ? പല പുസ്‌തകങ്ങളും കാലഹരണപ്പെട്ടപ്പോഴും ബൈബിൾ കാലത്തെ അതിജീവിച്ചത്‌ എന്തുകൊണ്ടാണ്‌? എന്തുകൊണ്ടെന്നാൽ അത്‌ മനുഷ്യന്റെ വചനം അല്ല, ‘ദൈവത്തിന്റെ വചനം’ ആണ്‌.​—⁠1 തെസ്സലൊനീക്യർ 2:⁠13.

ദൈവവചനവുമായി കൂടുതൽ പരിചിതരാകാൻ ഞങ്ങൾ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. അങ്ങനെ ചെയ്‌താൽ ബൈബിളിന്റെ രചയിതാവായ യഹോവയാം ദൈവത്തോടു നിങ്ങൾക്ക്‌ അടുപ്പം തോന്നിത്തുടങ്ങും. അവൻ നൽകുന്ന ബുദ്ധിയുപദേശം പ്രാവർത്തികമാക്കുക. അങ്ങനെ, അതു നിങ്ങളെ ദോഷത്തിൽനിന്നു സംരക്ഷിക്കുന്നതും നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്നതും എങ്ങനെയെന്ന്‌ അനുഭവിച്ചറിയുക. അതുവഴി നിങ്ങൾ ‘ദൈവത്തോട്‌ അടുത്തു ചെല്ലുകയും അവൻ നിങ്ങളോടു അടുത്തുവരുകയും’ ചെയ്യും. (യാക്കോബ്‌ 4:8) ഇത്തരത്തിൽ നിങ്ങളെ സഹായിക്കാൻ കഴിയുന്ന മറ്റൊരു പുസ്‌തകവും ഇല്ലെന്നുറപ്പാണ്‌.

[അടിക്കുറിപ്പ്‌]

^ ഖ. 20 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകത്തിൽ, കുടുംബജീവിതത്തിൽ സഹായകമാകുന്ന ബൈബിൾ തത്ത്വങ്ങളുടെ വിശദീകരണം കാണാം.

[4-ാം പേജിലെ ചിത്രം]

മദ്യത്തിന്റെ ഉപയോഗം സംബന്ധിച്ച ബൈബിൾ വീക്ഷണം ശരിയാണെന്നു നിങ്ങൾ കരുതുന്നുവോ?

[5-ാം പേജിലെ ചിത്രം]

പുകയില ഒഴിവാക്കാനുള്ള ബൈബിളധിഷ്‌ഠിത ഉപദേശത്തോട്‌ നിങ്ങൾ യോജിക്കുന്നുവോ?

[7-ാം പേജിലെ ചിത്രങ്ങൾ]

ബൈബിളുപദേശം പിൻപറ്റുന്നത്‌ കുടുംബജീവിതം സന്തുഷ്ടമാക്കും

[5-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

ഭൂഗോളം: Based on NASA photo