വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പ്രവചനത്തിലുള്ള വിശ്വാസം ജീവൻ രക്ഷിക്കുന്നു

ബൈബിൾ പ്രവചനത്തിലുള്ള വിശ്വാസം ജീവൻ രക്ഷിക്കുന്നു

ബൈബിൾ പ്രവചനത്തിലുള്ള വിശ്വാസം ജീവൻ രക്ഷിക്കുന്നു

യെരൂശലേമിലെ ആലയം അവസാനമായി സന്ദർശിച്ചിട്ട്‌ യേശു പുറത്തേക്കു വരുകയാണ്‌. അപ്പോൾ ഒരു ശിഷ്യൻ, “ഗുരോ, ഇതാ, എങ്ങനെയുള്ള കല്ലു, എങ്ങനെയുള്ള പണി” എന്ന്‌ അവനോടു പറയുന്നു. ഈ ആലയം യഹൂദ ജനതയുടെ അഭിമാനവും ഐശ്വര്യവും ആണെന്നോർക്കണം. എന്നാൽ യേശു പറയുന്നു: “നീ ഈ വലിയ പണി കാണുന്നുവോ? ഇടിക്കാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല.”​—⁠മർക്കൊസ്‌ 13:1, 2.

യെഹൂദ്യയുടെ ആത്മീയ കേന്ദ്രമായ ആലയം നശിപ്പിക്കപ്പെടുന്നതിനെപ്പറ്റി സ്വപ്‌നേപി ചിന്തിക്കാനാവില്ല! അതിബൃഹത്താണ്‌ അതു പണിയാൻ ഉപയോഗിച്ചിരിക്കുന്ന ചില കല്ലുകൾ. തന്നെയുമല്ല, യേശുവിന്റെ വാക്കുകൾക്ക്‌ യെരൂശലേമിന്റെ, ഒരുപക്ഷേ യഹൂദജനതയുടെതന്നെ നാശത്തെ അർഥമാക്കാനും കഴിയും. അതുകൊണ്ട്‌ ശിഷ്യന്മാർ യേശുവിനെ നിർബന്ധിക്കുന്നു: “അതു എപ്പോൾ സംഭവിക്കും? അതിന്നു എല്ലാം നിവൃത്തി വരുന്ന കാലത്തിന്റെ ലക്ഷണം എന്തു എന്നു ഞങ്ങളോടു പറഞ്ഞാലും.”​—⁠മർക്കൊസ്‌ 13:3, 4.

“എന്നാൽ അവസാനം ഇനിയും ആയിട്ടില്ല,” യേശു മുന്നറിയിപ്പു നൽകുന്നു. യുദ്ധം, ഭൂകമ്പം, ക്ഷാമം, പകർച്ചവ്യാധി എന്നിവയെല്ലാം അവിടവിടെ ഉണ്ടാകും. അതിനുശേഷം ഭീതിജനകമായ സംഭവങ്ങൾ യഹൂദജനതയെ നാളിതുവരെ കാണാത്ത ദുരിതത്തിലേക്ക്‌, ഒരു ‘വലിയ കഷ്ടത്തിലേക്ക്‌’ ആഴ്‌ത്തിക്കളയും. എന്നാൽ ‘വൃതന്മാരെ,’ അഥവാ വിശ്വസ്‌തക്രിസ്‌ത്യാനികളെ രക്ഷിക്കേണ്ടതിന്‌ ദൈവം ഇടപെടും. എങ്ങനെയായിരിക്കും അത്‌?​—⁠മർക്കൊസ്‌ 13:​7, ഓശാന ബൈബിൾ; മത്തായി 24:7, 21, 22; ലൂക്കൊസ്‌ 21:10, 11.

റോമിനെതിരെ കലാപം അഴിച്ചുവിടുന്നു

28 വർഷം കടന്നുപോകുന്നു. യെരൂശലേമിലെ ക്രിസ്‌ത്യാനികൾ ഇപ്പോഴും അന്ത്യത്തിനായി കാത്തിരിക്കുകയാണ്‌. യുദ്ധം, ഭൂകമ്പം, ക്ഷാമം, പകർച്ചവ്യാധി ഇവയെല്ലാം റോമാസാമ്രാജ്യത്തെ പിടിച്ചുലയ്‌ക്കുന്നുണ്ട്‌. (9-ാം പേജിലെ ചതുരം കാണുക.) യെഹൂദ്യയാകട്ടെ, ആഭ്യന്തര-വംശീയ കലാപങ്ങളാൽ കലുഷിതവും. എന്നാൽ യെരൂശലേം മതിലുകൾക്കുള്ളിൽ ജീവിതം താരതമ്യേന ശാന്തമാണ്‌. തങ്ങളുടെ കുടുംബവും ജോലിയുമൊക്കെയായി ആളുകൾ ഒരു സാധാരണ ജീവിതം നയിക്കുന്നു. ആലയത്തിന്റെ പ്രൗഢ-ഗാംഭീര്യ സാന്നിധ്യം നിമിത്തം, ഈ നഗരം എന്തിനെയും അതിജീവിക്കും എന്നൊരു വിശ്വാസത്തിലാണ്‌ അവർ.

പൊതുയുഗം (പൊ.യു.) 61-ഓടെ യെരൂശലേമിലെ ക്രിസ്‌ത്യാനികൾക്ക്‌ അപ്പൊസ്‌തലനായ പൗലൊസിൽനിന്ന്‌ ഒരു എഴുത്തു ലഭിക്കുന്നു. അവരുടെ സഹിഷ്‌ണുതയെ അവൻ അഭിനന്ദിക്കുന്നുണ്ടെങ്കിലും ചിലർക്കെങ്കിലും അടിയന്തിരതാബോധം നഷ്ടമാകുന്നതിൽ അവൻ ആശങ്കാകുലനാണ്‌. ക്രിസ്‌തീയ വിശ്വാസത്തിൽനിന്നു വ്യതിചലിക്കുന്നവരോ ക്രിസ്‌തീയ പക്വതയിൽ എത്താതെ പിൻവാങ്ങി നിൽക്കുന്നവരോ ആയ ചിലരെ പൗലൊസ്‌ ഉദ്‌ബോധിപ്പിക്കുന്നു. (എബ്രായർ 2:1; 5:11, 12) “നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു. . . . ഇനി എത്രയും അല്‌പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല.” ‘എന്നാൽ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല.”’ (എബ്രായർ 10:35-38) എത്ര സമയോചിതമായ ഉപദേശം! എന്നാൽ അവർ യേശുവിന്റെ പ്രവചനത്തിൽ വിശ്വാസം അർപ്പിച്ചുകൊണ്ട്‌ ഉണർന്നു പ്രവർത്തിക്കുമോ? യെരൂശലേമിന്റെ നാശം ശരിക്കും ആസന്നമാണോ?

തുടർന്നുള്ള അഞ്ചു വർഷക്കാലത്ത്‌ യെരൂശലേമിന്റെ അവസ്ഥ ഒന്നിനൊന്നു വഷളാകുകയാണ്‌. ഒടുവിൽ പൊ.യു. 66-ൽ അഴിമതിക്കാരനായ റോമൻ ഗവർണർ ഫ്‌ളോറസ്‌, നികുതി കുടിശ്ശികയായി 17 താലന്ത്‌ ആലയഭണ്ഡാരത്തിൽനിന്നു പിടിച്ചെടുക്കുന്നു. ഇതിൽ പ്രകോപിതരായ യഹൂദർ റോമാക്കാർക്ക്‌ എതിരെ കലാപം അഴിച്ചുവിടുന്നു. യെരൂശലേമിലേക്ക്‌ ഇരച്ചുകയറി റോമൻ പടയാളികളെ കൊന്നൊടുക്കുന്ന പ്രക്ഷോഭകാരികൾ യെഹൂദ്യ റോമിൽനിന്ന്‌ സ്വതന്ത്രയായതായി സധൈര്യം പ്രഖ്യാപിക്കുന്നു. യെഹൂദ്യ ഇപ്പോൾ റോമിന്‌ എതിരെ ഒരു തുറന്ന യുദ്ധത്തിലാണ്‌.

മൂന്നു മാസത്തിനുള്ളിൽ, ഈ പ്രക്ഷോഭം അടിച്ചമർത്താൻ സിറിയയിലെ റോമൻ ഗവർണറായ സെസ്റ്റ്യയസ്‌ ഗാലസ്‌ 30,000 പടയാളികളുമായി പുറപ്പെടുന്നു. കൂടാരപ്പെരുന്നാളിന്റെ സമയത്താണ്‌ അവന്റെ സൈന്യം യെരൂശലേമിൽ എത്തുന്നത്‌. താമസംവിനാ അതിന്റെ ചുറ്റുപാടുകളിലെല്ലാം അവൻ സൈന്യത്തെ വിന്യസിക്കുമ്പോൾ എണ്ണത്തിൽ കുറവായ കലാപകാരികൾ ആലയമതിൽക്കെട്ടിനുള്ളിൽ അഭയംതേടുന്നു. ഇത്‌ അറിയുന്ന റോമൻ പടയാളികൾ മതിൽ തകർക്കാൻ ആരംഭിക്കുകയായി. ഇത്‌ യഹൂദരെ ശരിക്കും ഞെട്ടിക്കുന്നു. കാരണം പുറജാതി പടയാളികൾ യഹൂദമതത്തിന്റെ ഏറ്റവും വിശുദ്ധമായ സ്ഥലത്തെയാണ്‌ മ്ലേച്ഛമാക്കുന്നത്‌! എന്നാലിപ്പോൾ അവിടത്തെ ക്രിസ്‌ത്യാനികളുടെ മനസ്സിലേക്കു വരുന്നത്‌ യേശുവിന്റെ വാക്കുകളാണ്‌: “മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നില്‌ക്കുന്നതു നിങ്ങൾ കാണുമ്പോൾ . . . അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.” (മത്തായി 24:15, 16) ശരി, അവർ യേശുവിന്റെ ഈ പ്രാവചനിക വാക്കുകളിൽ വിശ്വാസമർപ്പിച്ചുകൊണ്ട്‌ അതിനു ചേർച്ചയിൽ പ്രവർത്തിക്കുമോ? കാലക്രമത്തിൽ സംഭവങ്ങൾ ഉരുത്തിരിയുമ്പോൾ, അങ്ങനെ ചെയ്യുന്നതിൽ ആശ്രയിച്ചിരിക്കുന്നു അവരുടെ ജീവൻ. എന്നാൽ അവർക്ക്‌ രക്ഷപ്പെടാനുള്ള അവസരം എങ്ങനെ ലഭിക്കും?

പ്രത്യക്ഷത്തിൽ യാതൊരു കാരണവും കൂടാതെ, സെസ്റ്റ്യയസ്‌ ഗാലസ്‌ തന്റെ സൈന്യത്തെ പെട്ടെന്നു പിൻവലിച്ച്‌ തീരദേശങ്ങളിലേക്കു പിൻവാങ്ങുകയാണ്‌. എന്നാൽ യഹൂദ പ്രക്ഷോഭകാരികൾ അവരെ അടുത്തു പിന്തുടരുന്നു. അത്ഭുതമെന്നുതന്നെ പറയാം, യെരൂശലേമിന്റെ കഷ്ടതയുടെ നാളുകൾ വെട്ടിച്ചുരുക്കപ്പെട്ടു. യേശുവിന്റെ പ്രാവചനിക മുന്നറിയിപ്പിനു ചെവികൊടുത്തുകൊണ്ട്‌ ക്രിസ്‌ത്യാനികൾ യെരൂശലേമിൽനിന്ന്‌ പെല്ലയിലേക്ക്‌ പലായനം ചെയ്യുന്നു. യോർദ്ദാന്‌ അക്കരെയുള്ള മലനിരകളിൽ സ്ഥിതിചെയ്യുന്ന ഒരു നിഷ്‌പക്ഷ പട്ടണമാണിത്‌. അവരുടെ പലായനം തികച്ചും സമയോചിതമാണ്‌. പ്രക്ഷോഭകാരികൾ യെരൂശലേമിലേക്കു പെട്ടെന്നു മടങ്ങിവരുകയും അവിടെയുണ്ടായിരുന്നവരെ തങ്ങളോടൊപ്പം ചേരാൻ നിർബന്ധിക്കുകയും ചെയ്യുന്നു. * ഇതേസമയം പെല്ലയുടെ സുരക്ഷിതത്വത്തിൽനിന്നുകൊണ്ട്‌ ക്രിസ്‌ത്യാനികൾ ഭാവി സംഭവവികാസങ്ങൾക്കായി ഉറ്റുനോക്കുകയാണ്‌.

അരാജകത്വത്തിലേക്ക്‌ കൂപ്പുകുത്തുന്നു

മാസങ്ങൾക്കുള്ളിൽത്തന്നെ റോമാക്കാർ യെരൂശലേമിന്‌ എതിരെ അടുത്ത സൈനികനീക്കത്തിനുള്ള പുറപ്പാടിലാണ്‌. പൊ.യു. 67-ൽ ജനറൽ വെസ്‌പാസിയനും അദ്ദേഹത്തിന്റെ പുത്രനായ ടൈറ്റസും 60,000 പേർ അടങ്ങുന്ന ഒരു സൈന്യത്തെ സജ്ജമാക്കുന്നു. അടുത്ത രണ്ടു വർഷക്കാലം ഈ സൈനികശക്തി മാർഗമധ്യേയുള്ള സകല പ്രതിബന്ധങ്ങളെയും തച്ചുടച്ചുകൊണ്ട്‌ യെരൂശലേമിലേക്കു മുന്നേറുന്നു. ഇതേസമയം യെരൂശലേമിൽ വിവിധ യഹൂദ വിഭാഗങ്ങൾ തമ്മിൽ കടുത്ത പോരാട്ടത്തിലാണ്‌. അവർ ധാന്യശേഖരം നശിപ്പിക്കുകയും ആലയത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളെല്ലാം അടിച്ചുനിരപ്പാക്കുകയും ചെയ്യുന്നു. ഈ പോരാട്ടത്തിൽ കൊല്ലപ്പെടുന്നത്‌ 20,000-ത്തിലധികം യഹൂദന്മാരാണ്‌. സാഹചര്യം മനസ്സിലാക്കുന്ന വെസ്‌പാസിയൻ ‘എന്നെക്കാൾ നല്ലൊരു റോമൻ ജനറലാണ്‌ ദൈവം. നമ്മുടെ ശത്രുക്കൾ അന്യോന്യം കൊന്നൊടുക്കുകയാണ്‌’ എന്നു പറഞ്ഞ്‌ തന്റെ സൈനിക മുന്നേറ്റം മന്ദഗതിയിലാക്കുന്നു.

നീറോ ചക്രവർത്തി മരിച്ചതിനെ തുടർന്ന്‌, യഹൂദ പ്രക്ഷോഭകാരികളെ അമർച്ചചെയ്യാനുള്ള ദൗത്യം ടൈറ്റസിനെ ഏൽപ്പിച്ച്‌, അധികാരം കൈയടക്കാനായി വെസ്‌പാസിയൻ റോമിലേക്കു മടങ്ങുന്നു. പൊ.യു. 70-ലെ പെസഹായോട്‌ അടുത്താണ്‌ ടൈറ്റസ്‌ യെരൂശലേമിൽ എത്തുന്നത്‌. നഗരവാസികളും തീർഥാടകരായി വന്നവരും എല്ലാം ഉണ്ട്‌ നഗരത്തിലിപ്പോൾ. ആർക്കും പുറത്തുകടക്കാനാവാത്ത സ്ഥിതിയാണ്‌. അവന്റെ സൈന്യം യെഹൂദ്യയുടെ പ്രാന്തപ്രദേശങ്ങളിൽനിന്നു മരങ്ങൾ മുറിച്ചെടുത്തു കൂർപ്പിച്ച്‌, നഗരത്തിനു ചുറ്റും ഏഴു കിലോമീറ്റർ ചുറ്റളവിൽ കോട്ട നിർമിക്കുന്നു. “നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും കൂർപ്പിച്ച മരത്തൂണുകൾകൊണ്ടു കോട്ടയുണ്ടാക്കി നിന്നെ വളഞ്ഞ്‌ എല്ലാവശത്തുനിന്നും നിന്നെ ഞെരുക്കുന്ന കാലംവരും” എന്ന്‌ യേശു പറഞ്ഞതിനോടു തികച്ചും യോജിപ്പിലാണിത്‌.​—⁠ലൂക്കൊസ്‌ 19:⁠43, NW.

നഗരം മുഴുവൻ ക്ഷാമത്തിന്റെ പിടിയിലമരുന്നു. മരിച്ചവരുടെയും മരിച്ചുകൊണ്ടിരിക്കുന്നവരുടെയും വീടുകൾ സായുധസംഘങ്ങൾ കൊള്ളയിടുകയാണ്‌. ചുരുങ്ങിയപക്ഷം പൊറുതിമുട്ടിയ ഒരു സ്‌ത്രീയെങ്കിലും തന്റെ കുഞ്ഞിനെ കൊന്നു തിന്നുന്നു. അത്‌ പിൻവരുന്ന പ്രവചനത്തിന്റെ നിവൃത്തിയാണ്‌: “ശത്രു നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും . . . നിന്റെ ഗർഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ തിന്നും.”​—⁠ആവർത്തനപുസ്‌തകം 28:53-57.

അവസാനം, അഞ്ചു മാസത്തെ ഉപരോധത്തിനുശേഷം യെരൂശലേം നിലംപൊത്തുന്നു. ആ നഗരവും അതിലെ പ്രൗഢ ആലയവും കൊള്ളയടിച്ച്‌ തീവെക്കുന്നു. കല്ലിന്മേൽ കല്ലു ശേഷിക്കാതെ ആലയം തകർന്നടിയുന്നു, യേശു പ്രവചിച്ചതുപോലെതന്നെ. (ദാനീയേൽ 9:26) ഏതാണ്ട്‌ 11 ലക്ഷം പേർ കൊല്ലപ്പെടുകയും 97,000 പേർ അടിമകളായി വിൽക്കപ്പെടുകയും ചെയ്യുന്നു. * (ആവർത്തനപുസ്‌തകം 28:68) യെഹൂദ്യയിൽ യഹൂദന്മാർ ഇല്ലാതായി എന്നുതന്നെ പറയാം. അതേ, സമാനതകളില്ലാത്ത ഒരു ദേശീയ ദുരന്തംതന്നെ ആയിരുന്നു അത്‌, യഹൂദരുടെ രാഷ്‌ട്രീയ-മത-സാംസ്‌കാരിക ജീവിതത്തിലെ ഒരു വഴിത്തിരിവ്‌. *

അതേസമയം പെല്ലയിലേക്ക്‌ ഓടി രക്ഷപ്പെട്ട ക്രിസ്‌ത്യാനികൾ തങ്ങൾ സുരക്ഷിതരായിരിക്കുന്നതിൽ നന്ദിയും വിലമതിപ്പും നിറഞ്ഞ ഹൃദയത്തോടെ ദൈവത്തിനു സ്‌തുതി കരേറ്റുന്നു. എന്തായിരുന്നു അവരുടെ ജീവൻ രക്ഷിച്ചത്‌? ബൈബിൾ പ്രവചനത്തിലുള്ള അടിയുറച്ച വിശ്വാസം!

സംഭവബഹുലമായ ആ കാലത്തേക്കൊന്നു തിരിഞ്ഞുനോക്കിക്കൊണ്ട്‌ നമുക്കേവർക്കും ഇങ്ങനെ ചോദിക്കാം: ‘വളരെ ആസന്നമായിരിക്കുന്ന മഹോപദ്രവത്തിൽ എന്റെ ജീവൻ രക്ഷിക്കാനാവശ്യമായത്ര വിശ്വാസം എനിക്കുണ്ടോ? “വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ” കൂട്ടത്തിലാണോ ഞാനും?’​—⁠എബ്രായർ 10:39; വെളിപ്പാടു 7:⁠14.

[അടിക്കുറിപ്പുകൾ]

^ ഖ. 10 റോമൻ സൈന്യത്തെ ഏഴു ദിവസം പിന്തുടർന്ന ശേഷം പ്രക്ഷോഭകാരികൾ യെരൂശലേമിലേക്കു മടങ്ങിയെന്ന്‌ യഹൂദചരിത്രകാരനായ ജോസീഫസ്‌ റിപ്പോർട്ടു ചെയ്യുന്നു.

^ ഖ. 15 ഒരു കണക്കനുസരിച്ച്‌ റോമാസാമ്രാജ്യത്തിലെ മൊത്തം യഹൂദരുടെ ഏഴിലൊന്നിലധികം അന്നു കൊല്ലപ്പെട്ടു.

^ ഖ. 15 യഹൂദ ബൈബിൾപണ്ഡിതനായ ആൽഫ്രെഡ്‌ എഡർഷൈം എഴുതി: “ഇസ്രായേലിന്റെ കലുഷിതമായ ചരിത്രത്തിൽ ഇതുപോലൊരു ദുരന്തം മുമ്പ്‌ ഉണ്ടായിട്ടില്ല. അതിന്റെ രക്തപങ്കിലമായ പിൽക്കാല ചരിത്രത്തിലും ഇതുപോലൊന്ന്‌ കാണുന്നില്ല.”

[9-ാം പേജിലെ ചാർട്ട്‌]

അടയാള നിവൃത്തി ​—⁠ഒന്നാം നൂറ്റാണ്ടിൽ

യുദ്ധം:

ഗോൾ (പൊ.യു. 39-40)

വടക്കേ ആഫ്രിക്ക (പൊ.യു. 41)

ബ്രിട്ടൻ (പൊ.യു. 43, 60)

അർമേനിയ (പൊ.യു. 58-62)

യെഹൂദ്യയിലെ ആഭ്യന്തര-വംശീയ പോരാട്ടങ്ങൾ (പൊ.യു. 50-66)

ഭൂകമ്പം:

റോം (പൊ.യു. 54)

പോംപെയ്‌ (പൊ.യു. 62)

ഏഷ്യാമൈനർ (പൊ.യു. 53, 62)

ക്രേത്ത (പൊ.യു. 62)

ക്ഷാമം:

റോം, ഗ്രീസ്‌, ഈജിപ്‌ത്‌ (പൊ.യു. ഏകദേശം 42)

യെഹൂദ്യ (പൊ.യു. ഏകദേശം 46)

പകർച്ചവ്യാധി:

ബാബിലോണിയ (പൊ.യു. 40)

റോം (പൊ.യു. 60, 65)

കള്ളപ്രവാചകന്മാർ:

യെഹൂദ്യ (പൊ.യു. ഏകദേശം 56)

[10-ാം പേജിലെ ഭൂപടം/ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

പാലസ്‌തീനിലെ റോമൻ പടയോട്ടം, പൊ.യു. 67-70

പ്‌തൊലെ മായിസ്‌

ഗലീല ക്കടൽ

പെല്ല

പെരിയ

ശമര്യ

യെരൂശലേം

ഉപ്പു കടൽ

യെഹൂദ്യ

കൈസര്യ

[കടപ്പാട്‌]

Map only: Based on maps copyrighted by Pictorial Archive (Near Eastern History) Est. and Survey of Israel

[11-ാം പേജിലെ ചിത്രം]

‘നമ്മുടെ ശത്രുക്കൾ അന്യോന്യം കൊന്നൊടുക്കുകയാണ്‌.’​—⁠വെസ്‌പാസിയൻ

[11-ാം പേജിലെ ചിത്രങ്ങൾ]

പൊ.യു. 70-ൽ റോമൻസൈന്യം യെരൂശലേം നശിപ്പിച്ചു

[11-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Relief: Soprintendenza Archeologica di Roma; Vespasian: Bildarchiv Preussischer Kulturbesitz/Art Resource, NY