വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ക്രിസ്‌തീയ സഭയിൽനിന്നു സഹായം ലഭിക്കുന്നതിന്‌ ഒരു വിധവ “ഏകഭർത്താവിന്റെ ഭാര്യ” ആയിരിക്കണമെന്ന പൗലൊസിന്റെ വാക്കുകളുടെ അർഥമെന്ത്‌?​—⁠1 തിമൊഥെയൊസ്‌ 5:9.

ഒരു സ്‌ത്രീ വിധവയാകുന്നതിനു മുമ്പുള്ള അവസ്ഥയെക്കുറിച്ചാണ്‌ “ഏകഭർത്താവിന്റെ ഭാര്യ” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറയുന്നതെന്നു വ്യക്തമാണ്‌. ആ സ്‌ത്രീ ഒരു പ്രാവശ്യമേ വിവാഹം കഴിച്ചുള്ളു എന്നായിരിക്കുമോ ഇത്‌ അർഥമാക്കുന്നത്‌? അതോ, പൗലൊസിന്റെ വാക്കുകൾ മറ്റെന്തെങ്കിലുമാണോ അർഥമാക്കുന്നത്‌? *

ഒരു പ്രാവശ്യം വിവാഹിതരായതിനുശേഷം വിധവമാർ ആയിത്തീർന്നവരെക്കുറിച്ചായിരിക്കാം പൗലൊസ്‌ എഴുതിയതെന്ന്‌ ചിലർ അഭിപ്രായപ്പെടുന്നു. വിധവയായിത്തീർന്ന സ്‌ത്രീ മറ്റൊരു വിവാഹം കൂടാതെ തുടരുന്നത്‌ വിശിഷ്ടകാര്യമായി പല സ്ഥലങ്ങളിലും കരുതപ്പെട്ടിരുന്നു എന്നതു ശരിയാണ്‌. എങ്കിലും, മറ്റിടങ്ങളിൽ പൗലൊസ്‌ പറഞ്ഞതുമായി ഇതു യോജിക്കുന്നില്ല. ഉദാഹരണത്തിന്‌, പുനർവിവാഹം ചെയ്യാതിരിക്കുന്നതാണ്‌ ഒരു വിധവയ്‌ക്ക്‌ ഏറെ നല്ലതെന്ന അഭിപ്രായമാണ്‌ പൗലൊസിന്‌ ഉണ്ടായിരുന്നതെങ്കിലും “മനസ്സുള്ളവനുമായി വിവാഹം കഴിവാൻ [അവൾക്കു] സ്വാതന്ത്ര്യം ഉണ്ടു; കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവൂ” എന്ന്‌ കൊരിന്ത്യ ക്രിസ്‌ത്യാനികൾക്ക്‌ അവൻ എഴുതി. (1 കൊരിന്ത്യർ 7:39, 40; റോമർ 7:2, 3) കൂടാതെ, ‘ഇളയ [വിധവമാർ] വിവാഹം ചെയ്യാൻ ഞാൻ ഇച്ഛിക്കുന്നു’ എന്ന്‌ തിമൊഥെയൊസിനുള്ള തന്റെ കത്തിൽ അവൻ പറയുകയുണ്ടായി. (1 തിമൊഥെയൊസ്‌ 5:14) ഇതെല്ലാം കാണിക്കുന്നത്‌ ഒരു വിധവ വിവാഹിതയാകുന്നതിനെ സാധാരണഗതിയിൽ ആരും പുച്ഛത്തോടെ വീക്ഷിച്ചിരുന്നില്ല എന്നാണ്‌.

അങ്ങനെയെങ്കിൽ, തിമൊഥെയൊസിനുള്ള പൗലൊസിന്റെ മേൽപ്പറഞ്ഞ വാക്കുകളുടെ അർഥമെന്താണ്‌? “ഏകഭർത്താവിന്റെ ഭാര്യ” എന്ന പദപ്രയോഗം ഈ വാക്യത്തിൽ മാത്രമേ കാണുന്നുള്ളൂ. മൂലഭാഷയനുസരിച്ച്‌ “ഏകപുരുഷന്റെ സ്‌ത്രീ” എന്നതാണ്‌ ഇതിന്റെ അക്ഷരാർഥം. പൗലൊസിന്റെ എഴുത്തുകളിൽ പലപ്രാവശ്യം കാണുന്ന ‘ഏകഭാര്യയുടെ ഭർത്താവ്‌’ (മൂലഭാഷയിൽ “ഏകസ്‌ത്രീയുടെ പുരുഷൻ”) എന്ന പദപ്രയോഗത്തോടു സമാനമാണിത്‌. (1 തിമൊഥെയൊസ്‌ 3:2, 12; തീത്തൊസ്‌ 1:6) ക്രിസ്‌തീയ മേൽവിചാരകന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും യോഗ്യതകളെക്കുറിച്ചു പറയുമ്പോഴാണ്‌ പൗലൊസ്‌ ‘ഏകഭാര്യയുടെ ഭർത്താവ്‌’ എന്ന്‌ ഉപയോഗിച്ചത്‌. ഇവിടെ പൗലൊസ്‌ പ്രധാനമായും അർഥമാക്കിയത്‌ വിവാഹിതനായ ഒരു പുരുഷൻ ക്രിസ്‌തീയ സഭയിലെ ഉത്തരവാദിത്വങ്ങൾക്കായി യോഗ്യത പ്രാപിക്കാൻ ഭാര്യയോടു വിശ്വസ്‌തനും ധാർമികമായി നിരപവാദ്യനും ആയിരിക്കണം എന്നാണ്‌. * ഇതിന്റെ വെളിച്ചത്തിൽ, 1 തിമൊഥെയൊസ്‌ 5:9-ലെ പ്രസ്‌താവന അതേ കാര്യത്തിലേക്കാവും ശ്രദ്ധ ക്ഷണിക്കുക: ഒരു വിധവയ്‌ക്കു ക്രിസ്‌തീയ സഭയിൽനിന്നു സഹായം ലഭിക്കണമെങ്കിൽ അവർ ധാർമികതയുടെ കാര്യത്തിൽ യാതൊരു പേരുദോഷവും വരുത്താതെ, ഭർത്താവു ജീവിച്ചിരുന്ന കാലത്തുടനീളം അദ്ദേഹത്തോടു പറ്റിനിന്ന വിശ്വസ്‌തയായ സ്‌ത്രീ ആയിരിക്കേണ്ടിയിരുന്നു. പൗലൊസ്‌ തുടർന്നു പറയുന്ന യോഗ്യതകളെല്ലാം അത്തരത്തിലുള്ള ഒരു വ്യക്തിയിലേക്കാണു വിരൽചൂണ്ടുന്നത്‌.​—⁠1 തിമൊഥെയൊസ്‌ 5:10.

[അടിക്കുറിപ്പുകൾ]

^ ഖ. 3 അപ്പൊസ്‌തലന്മാരുടെ സമയത്തെ ഗ്രീക്ക്‌-റോമൻ ഭരണം ബഹുഭർതൃത്വം, അതായത്‌ ഒരേസമയം ഒന്നിലധികം ഭർത്താക്കന്മാർ ഉണ്ടായിരിക്കുന്ന രീതി, അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട്‌ പൗലൊസ്‌ തിമൊഥെയൊസിനു നൽകിയ നിർദേശം ഈ രീതിയെക്കുറിച്ചോ ഈ രീതി പിൻപറ്റിയ ആരെയെങ്കിലും തിരുത്തുന്നതിനെക്കുറിച്ചോ ആയിരിക്കാൻ സാധ്യതയില്ല.

^ ഖ. 5 ഇതു സംബന്ധിച്ച വിവരങ്ങൾക്കായി 1996 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 17-ാം പേജും 1980 സെപ്‌റ്റംബർ 15 ലക്കത്തിന്റെ (ഇംഗ്ലീഷ്‌) 31-ാം പേജിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന ലേഖനവും കാണുക.