വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹനിധികളായ ഇടയന്മാർക്കു താഴ്‌മയോടെ കീഴ്‌പെടുന്നവർ

സ്‌നേഹനിധികളായ ഇടയന്മാർക്കു താഴ്‌മയോടെ കീഴ്‌പെടുന്നവർ

സ്‌നേഹനിധികളായ ഇടയന്മാർക്കു താഴ്‌മയോടെ കീഴ്‌പെടുന്നവർ

“നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ.”​—⁠എബ്രായർ 13:17.

1, 2. യഹോവയും യേശുവും സ്‌നേഹമുള്ള ഇടയന്മാരാണെന്ന്‌ ഏതു തിരുവെഴുത്തുകൾ പ്രകടമാക്കുന്നു?

യഹോവയാം ദൈവവും അവന്റെ പുത്രനായ യേശുക്രിസ്‌തുവും സ്‌നേഹമുള്ള ഇടയന്മാരാണ്‌. യെശയ്യാവ്‌ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ഇതാ, യഹോവയായ കർത്താവും ബലശാലിയായി വരുന്നു; അവന്റെ ഭുജം അവന്നു വേണ്ടി ഭരണം ചെയ്യുന്നു; . . . ഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു [“ഭുജത്താൽ കൂട്ടിച്ചേർത്ത്‌,” NW] മാർവ്വിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.”​—⁠യെശയ്യാവു 40:10, 11.

2 യെഹൂദന്മാരുടെ ഒരു ശേഷിപ്പ്‌ പൊതുയുഗത്തിനുമുമ്പ്‌ 537-ൽ യെഹൂദയിലേക്കു മടങ്ങിപ്പോയപ്പോൾ ആ പുനഃസ്ഥിതീകരണ പ്രവചനം ആദ്യനിവൃത്തി കണ്ടു. (2 ദിനവൃത്താന്തം 36:22, 23) 1919-ൽ വലിയ കോരെശായ യേശുക്രിസ്‌തു അഭിഷിക്ത ക്രിസ്‌ത്യാനികളിൽ ശേഷിപ്പുള്ളവരെ ‘മഹാബാബിലോണിൽനിന്നു’ സ്വതന്ത്രരാക്കിയപ്പോൾ അതിനു വീണ്ടുമൊരു നിവൃത്തിയുണ്ടായി. (വെളിപ്പാടു 18:2; യെശയ്യാവു 44:28) ഭരണം നടത്തുകയും ആടുകളെ കൂട്ടിച്ചേർക്കുകയും ആർദ്രതയോടെ പാലിച്ചു മേയിക്കുകയും ചെയ്യുന്ന, യഹോവയുടെ “ഭുജ”മാണ്‌ യേശു. “ഞാൻ നല്ല ഇടയൻ; . . . ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു” എന്ന്‌ അവൻതന്നെ പറഞ്ഞിരിക്കുന്നു.​—⁠യോഹന്നാൻ 10:14.

3. ആടുകൾ പരിപാലിക്കപ്പെടുന്ന വിധത്തിൽ താൻ അത്യന്തം ചിന്തയുള്ളവനാണെന്ന്‌ യഹോവ എങ്ങനെയാണു പ്രകടമാക്കുന്നത്‌?

3 യെശയ്യാവു 40:10, 11-ലെ പ്രവചനം യഹോവ തന്റെ ജനത്തെ എത്ര ആർദ്രതയോടെ പരിപാലിക്കുന്നുവെന്നതിന്‌ അടിവരയിടുന്നു. (സങ്കീർത്തനം 23:1-6) യേശുവും തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത്‌ ശിഷ്യന്മാരുടെയും പൊതുജനത്തിന്റെയും കാര്യത്തിൽ ആർദ്രമായ താത്‌പര്യം പ്രകടമാക്കി. (മത്തായി 11:28-30; മർക്കൊസ്‌ 6:34) ആട്ടിൻകൂട്ടത്തിന്റെ ആവശ്യങ്ങൾ നിഷ്‌കരുണം അവഗണിക്കുകയും അവയെ ചൂഷണംചെയ്യുകയും ചെയ്‌ത ഇടയന്മാരായിരുന്ന ഇസ്രായേല്യ നേതാക്കന്മാരുടെ ഹൃദയകാഠിന്യത്തെ യഹോവയും യേശുവും നിശിതമായി അപലപിച്ചു. (യെഹെസ്‌കേൽ 34:2-10; മത്തായി 23:3, 4, 14, 15) യഹോവയുടെ വാഗ്‌ദാനം ശ്രദ്ധിക്കുക: “ഞാൻ എന്റെ ആട്ടിൻകൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാൻ ആടിന്നും ആടിന്നും മദ്ധ്യേ ന്യായം വിധിക്കും. അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെസ്‌കേൽ 34:22, 23) ആത്മാഭിഷിക്ത ക്രിസ്‌ത്യാനികളും ‘വേറെ ആടുകളും’ ഉൾപ്പെട്ട, ഭൂമിയിലുള്ള തന്റെ എല്ലാ ദാസരെയും ഈ അന്ത്യകാലത്തു വഴിനയിക്കാൻ യഹോവ നിയമിച്ചിട്ടുള്ള ‘ഏക ഇടയൻ,’ വലിയ ദാവീദായ യേശുക്രിസ്‌തുവാണ്‌.​—⁠യോഹന്നാൻ 10:16.

സഭയ്‌ക്കുള്ള സ്വർഗീയ സമ്മാനങ്ങൾ

4, 5. (എ) യഹോവ ഭൂമിയിലുള്ള തന്റെ ജനത്തിന്‌ അമൂല്യമായ എന്തു സമ്മാനം നൽകിയിരിക്കുന്നു? (ബി) സഭയ്‌ക്ക്‌ യേശു എന്തു സമ്മാനം നൽകി?

4 ഭൂമിയിലുള്ള തന്റെ ദാസരെ പരിപാലിക്കാൻ ‘ഏക ഇടയനായ’ യേശുക്രിസ്‌തുവിനെ നിയമിച്ചപ്പോൾ യഹോവ ക്രിസ്‌തീയ സഭയ്‌ക്ക്‌ അമൂല്യമായ ഒരു സമ്മാനം നൽകുകയായിരുന്നു. ആ അഭൗമ നായകനെക്കുറിച്ച്‌ യെശയ്യാവു 55:4 ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ഞാൻ അവനെ ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.” അഭിഷിക്ത ക്രിസ്‌ത്യാനികളും “മഹാപുരുഷാര”ത്തിൽപ്പെട്ടവരും സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നുള്ളവരാണ്‌. (വെളിപ്പാടു 5:9, 10; 7:9) ‘ഏക ഇടയനായ’ യേശുക്രിസ്‌തുവിന്റെ കീഴിൽ അവർ ‘ഒരു ആട്ടിൻകൂട്ടമായി,’ അഥവാ ഒരു സാർവദേശീയ സഭയായി തീർന്നിരിക്കുന്നു.

5 ഭൂമിയിലുള്ള തന്റെ സഭയ്‌ക്ക്‌ യേശുവും ഒരു അമൂല്യ സമ്മാനം നൽകിയിട്ടുണ്ട്‌. യഹോവയെയും യേശുവിനെയുംപോലെ ആട്ടിൻകൂട്ടത്തെ ആർദ്രതയോടെ പരിപാലിക്കുന്ന വിശ്വസ്‌തരായ കീഴിടയന്മാരെ അവൻ പ്രദാനം ചെയ്‌തിരിക്കുന്നു. ആ സ്‌നേഹോപഹാരത്തെക്കുറിച്ച്‌ എഫെസ്യർക്കുള്ള ലേഖനത്തിൽ പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: ‘“അവൻ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി . . . മനുഷ്യർക്കു ദാനങ്ങളെ [“മനുഷ്യരാം ദാനങ്ങളെ,” NW] കൊടുത്തു” . . . അവൻ ചിലരെ അപ്പൊസ്‌തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു . . . വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്‌തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു.’​—⁠എഫെസ്യർ 4:8, 11-13.

6. മൂപ്പന്മാരുടെ സംഘങ്ങളിൽ സേവിച്ചിരുന്ന അഭിഷിക്ത മേൽവിചാരകന്മാർ വെളിപ്പാടു 1:16, 20-ൽ ചിത്രീകരിക്കപ്പെട്ടിരുന്നത്‌ എങ്ങനെ, വേറെ ആടുകളിൽപ്പെട്ട നിയമിത മൂപ്പന്മാരെക്കുറിച്ച്‌ എന്തു പറയാൻ കഴിയും?

6 ആടുകളെ ആർദ്രതയോടെ മേയ്‌ക്കാൻ യഹോവയും അവന്റെ പുത്രനും പരിശുദ്ധാത്മാവിലൂടെ നിയമിക്കുന്ന മേൽവിചാരകന്മാർ, അഥവാ മൂപ്പന്മാർ ആണ്‌ ഈ “മനുഷ്യരാം ദാനങ്ങൾ.” (പ്രവൃത്തികൾ 20:28, 29) തുടക്കത്തിൽ അഭിഷിക്ത ക്രിസ്‌ത്യാനികൾ മാത്രമേ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നുള്ളൂ. എല്ലാ അംഗങ്ങളും അഭിഷിക്തരായിരുന്ന അന്നത്തെ സഭകളിലെ മൂപ്പന്മാരുടെ സംഘങ്ങളിൽ സേവിച്ചിരുന്നവരെ ക്രിസ്‌തുവിന്റെ വലങ്കയ്യിലെ​—⁠അവന്റെ നിയന്ത്രണത്തിൻകീഴുള്ള​—⁠‘നക്ഷത്രങ്ങൾ,’ അഥവാ ‘ദൂതന്മാർ’ ആയിട്ടാണ്‌ വെളിപ്പാടു 1:16, 20-ൽ ചിത്രീകരിച്ചിരിക്കുന്നത്‌. എന്നാൽ അഭിഷിക്ത മേൽവിചാരകന്മാരുടെ എണ്ണം അനുസ്യൂതം ചുരുങ്ങിവരുന്ന ഈ അന്ത്യകാലത്ത്‌ സഭകളിൽ സേവിക്കുന്ന ക്രിസ്‌തീയ മൂപ്പന്മാരിൽ ബഹുഭൂരിപക്ഷവും വേറെ ആടുകളിൽപ്പെട്ടവരാണ്‌. പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനു ചേർച്ചയിൽ ഭരണസംഘത്തിന്റെ പ്രതിനിധികളാൽ നിയമിക്കപ്പെടുന്നതിനാൽ ഇവരും നല്ല ഇടയനായ യേശുക്രിസ്‌തുവിന്റെ വലങ്കയ്യിൽ, അഥവാ മാർഗനിർദേശത്തിൻകീഴിൽ ആണെന്നു പറയാവുന്നതാണ്‌. (യെശയ്യാവു 61:5, 6) സഭയുടെ ശിരസ്സായ ക്രിസ്‌തുവിനു കീഴ്‌പെട്ടിരിക്കുന്ന പ്രാദേശിക സഭകളിലെ മൂപ്പന്മാർ നമ്മുടെ പൂർണസഹകരണം അർഹിക്കുന്നു.—കൊലൊസ്സ്യർ 1:18.

അനുസരണവും കീഴ്‌പെടലും

7. ക്രിസ്‌തീയ മേൽവിചാരകന്മാരോട്‌ നമുക്കുണ്ടായിരിക്കേണ്ട മനോഭാവം സംബന്ധിച്ച്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എന്തു ബുദ്ധിയുപദേശം നൽകി?

7 സഭയിൽ ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ള കീഴിടയന്മാരെ നാം അനുസരിക്കണമെന്നും അവർക്കു കീഴ്‌പെട്ടിരിക്കണമെന്നുമാണ്‌ അവരെ ആ സ്ഥാനത്തു നിയമിച്ചിരിക്കുന്ന സ്വർഗീയ ഇടയന്മാരായ യഹോവയാം ദൈവവും യേശുക്രിസ്‌തുവും നമ്മിൽനിന്നു പ്രതീക്ഷിക്കുന്നത്‌. (1 പത്രൊസ്‌ 5:5) ആത്മനിശ്വസ്‌തതയിൽ പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ. നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കു വേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‌വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല.”​—⁠എബ്രായർ 13:7, 17.

8. എന്തിനെക്കുറിച്ചു ധ്യാനിക്കാനാണ്‌ പൗലൊസ്‌ നമ്മെ ക്ഷണിക്കുന്നത്‌, നാം എങ്ങനെ ‘അനുസരണം’ പ്രകടമാക്കണം?

8 മൂപ്പന്മാരുടെ ‘ജീവാവസാനം ഓർക്കാനും’ അതായത്‌ അവരുടെ വിശ്വസ്‌ത ജീവിതഗതിയുടെ അനന്തര ഫലത്തെക്കുറിച്ചു ധ്യാനിക്കാനും വിശ്വാസത്തിന്റെ അത്തരം മാതൃകകൾ അനുകരിക്കാനും പൗലൊസ്‌ നമ്മെ ക്ഷണിക്കുന്നുവെന്നതു ശ്രദ്ധിക്കുക. കൂടാതെ ഈ നിയമിത പുരുഷന്മാരോട്‌ അനുസരണമുള്ളവരായിരിക്കാനും അവരുടെ വഴിനടത്തിപ്പിനു കീഴ്‌പെട്ടിരിക്കാനും അവൻ നമ്മെ ബുദ്ധിയുപദേശിക്കുന്നു. ‘അനുസരിച്ച്‌’ എന്ന്‌ ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം, “സാധാരണ അനുസരണത്തെക്കുറിക്കുന്ന ഒന്നല്ല” എന്ന്‌ ബൈബിൾ പണ്ഡിതനായ ആർ. റ്റി. ഫ്രാൻസ്‌ വിശദീകരിക്കുന്നു. “‘ബോധ്യത്താൽ പ്രചോദിതരായിത്തീരുക’ എന്നതാണ്‌ അതിന്റെ അക്ഷരാർഥം; നേതൃത്വം മനസാ പിൻപറ്റുന്നു എന്നാണ്‌ അതിന്റെ വിവക്ഷ,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ദൈവവചനം ആവശ്യപ്പെടുന്നതുകൊണ്ടുമാത്രമല്ല പിന്നെയോ രാജ്യതാത്‌പര്യങ്ങളും നമ്മുടെ നന്മയും ലക്ഷ്യമാക്കിയാണു മൂപ്പന്മാർ പ്രവർത്തിക്കുന്നത്‌ എന്ന ബോധ്യം നമുക്കുള്ളതിനാലുമാണു നാം അവരെ അനുസരിക്കുന്നത്‌. അവരുടെ നേതൃത്വം മനസാ പിൻപറ്റുന്നപക്ഷം നാം തീർച്ചയായും സന്തുഷ്ടരായിരിക്കും.

9. അനുസണമുള്ളവരായിരിക്കുന്നതിനു പുറമേ നാം “കീഴടങ്ങിയിരി”ക്കേണ്ടതും അനിവാര്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

9 ഒരു പ്രത്യേക കാര്യത്തിൽ മൂപ്പന്മാർ കൈക്കൊള്ളുന്ന തീരുമാനം ഏറ്റവും ഉചിതമാണെന്ന്‌ നമുക്കു വിശ്വസിക്കാനാകുന്നില്ലെങ്കിലോ? അവിടെയാണു കീഴ്‌പെടലിന്റെ പ്രാധാന്യം. എല്ലാം സുവ്യക്തമായിരിക്കുകയും നമുക്കു വിയോജിപ്പൊന്നും ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ അനുസരണം പ്രകടമാക്കുക എളുപ്പമാണ്‌. എന്നാൽ മൂപ്പന്മാരുടെ നിർദേശങ്ങളും തീരുമാനങ്ങളും മനസ്സിലാക്കാൻ വ്യക്തിപരമായി ബുദ്ധിമുട്ടുള്ളപ്പോഴും അങ്ങനെ ചെയ്യുന്നെങ്കിൽ, നാം മനസ്സോടെ കീഴ്‌പെടുന്നവരാണെന്നു പ്രകടമാക്കാൻ നമുക്കാകും. അത്തരം കീഴ്‌പെടൽ പ്രകടമാക്കിയ ഒരു വ്യക്തിയായിരുന്നു പിന്നീട്‌ ക്രിസ്‌തുവിന്റെ അപ്പൊസ്‌തലനായിത്തീർന്ന പത്രൊസ്‌.​—⁠ലൂക്കൊസ്‌ 5:4, 5.

സന്മനസ്സോടെ സഹകരിക്കേണ്ടതിന്റെ നാലു കാരണങ്ങൾ

10, 11. ഏതു വിധത്തിലാണ്‌ ഒന്നാം നൂറ്റാണ്ടിലും ഇന്നും മേൽവിചാരകന്മാർ സഹക്രിസ്‌ത്യാനികളോടു “ദൈവവചനം പ്രസംഗി”ച്ചിരിക്കുന്നത്‌?

10 മേലുദ്ധരിച്ച എബ്രായർ 13:7, 17-ൽ നാം ക്രിസ്‌തീയ മേൽവിചാരകന്മാരെ അനുസരിച്ചു കീഴടങ്ങിയിരിക്കേണ്ടതിന്റെ നാലു കാരണങ്ങൾ പൗലൊസ്‌ ചൂണ്ടിക്കാട്ടുന്നു. അവർ നമ്മോടു “ദൈവവചനം പ്രസംഗി”ച്ചിരിക്കുന്നു എന്നതാണ്‌ അതിൽ ഒന്നാമത്തേത്‌. “വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നാ”യിട്ടാണ്‌ യേശു “മനുഷ്യരാം ദാനങ്ങളെ” സഭയ്‌ക്കു നൽകുന്നത്‌ എന്നോർക്കുക. (എഫെസ്യർ 4:11-13) വിശ്വസ്‌തരായ കീഴിടയന്മാരിലൂടെ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെ ചിന്തയും പ്രവൃത്തിയും അവൻ യഥാസ്ഥാനപ്പെടുത്തിയിരുന്നു, ഈ ഇടയന്മാരിൽ ചിലർ സഭകൾക്കു ലേഖനങ്ങൾ എഴുതാൻ നിശ്വസ്‌തരാക്കപ്പെടുകയുണ്ടായി. ആദിമ ക്രിസ്‌ത്യാനികളെ വഴിനടത്താനും ബലപ്പെടുത്താനും അത്തരം ആത്മനിയുക്ത മേൽവിചാരകന്മാരെ അവൻ ഉപയോഗിച്ചു.​—⁠1 കൊരിന്ത്യർ 16:15-18; 2 തിമൊഥെയൊസ്‌ 2:2; തീത്തൊസ്‌ 1:⁠5.

11 ഇന്ന്‌, ഭരണസംഘത്താലും നിയമിത മൂപ്പന്മാരാലും പ്രതിനിധാനം ചെയ്യപ്പെടുന്ന “വിശ്വസ്‌തനും വിവേകിയുമായ അടിമ”യിലൂടെ യേശു നമ്മെ വഴിനയിക്കുന്നു. (മത്തായി 24:​45, NW) ‘ഇടയശ്രേഷ്‌ഠനായ’ യേശുക്രിസ്‌തുവിനോടുള്ള ആദരവു നിമിത്തം, പൗലൊസിന്റെ പിൻവരുന്ന ബുദ്ധിയുപദേശത്തിനു നാം ചെവികൊടുക്കുന്നു: “നിങ്ങളുടെയിടയിൽ അധ്വാനിക്കുകയും കർത്താവിൽ നിങ്ങളെ നയിക്കുകയും അനുശാസിക്കുകയും ചെയ്യുന്നവരെ . . . ബഹുമാനിക്ക.”—1 പത്രൊസ്‌ 5:4; 1 തെസ്സലൊനീക്യർ 5:12, 13, പി.ഒ.സി. ബൈബിൾ; 1 തിമൊഥെയൊസ്‌ 5:17.

12. ഏതുവിധത്തിൽ മേൽവിചാരകന്മാർ നമ്മുടെ “ആത്മാക്കൾക്കു വേണ്ടി ജാഗരിച്ചിരിക്കുന്നു?”

12 ക്രിസ്‌തീയ മേൽവിചാരകന്മാർ നമ്മുടെ “ആത്മാക്കൾക്കു വേണ്ടി ജാഗരിച്ചിരിക്കുന്നു” എന്നതാണു നാം അവരോടു സഹകരിക്കേണ്ടതിന്റെ രണ്ടാമത്തെ കാരണം. നമ്മുടെ ആത്മീയത അപകടത്തിലാക്കിയേക്കാവുന്ന എന്തെങ്കിലും നമ്മുടെ മനോഭാവത്തിലോ പെരുമാറ്റത്തിലോ ഉള്ളതായി കാണുന്നപക്ഷം, യഥാസ്ഥാനപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ ആവശ്യമായ ബുദ്ധിയുപദേശം അവർ ഉടൻ നമുക്കു നൽകുന്നു. (ഗലാത്യർ 6:​1, NW) “ജാഗരിക്കുക” എന്ന പദത്തിന്റെ അർഥം ഉറക്കമിളയ്‌ക്കുക എന്നാണ്‌. “ആട്ടിടയന്റെ നിതാന്ത ജാഗ്രതയെയാണ്‌ അതു കുറിക്കുന്നത്‌” എന്ന്‌ ഒരു ബൈബിൾ പണ്ഡിതൻ അഭിപ്രായപ്പെടുന്നു. ആത്മീയമായി ഉണർന്നിരിക്കുന്നതിനു പുറമേ നമ്മുടെ ആത്മീയക്ഷേമത്തെപ്രതിയുള്ള അതീവ താത്‌പര്യത്താൽ മൂപ്പന്മാർക്ക്‌ അക്ഷരാർഥത്തിലും ഉറങ്ങാൻ കഴിയാതെവന്നേക്കാം. “ആടുകളുടെ വലിയ ഇടയനായ” യേശുക്രിസ്‌തുവിന്റെ ആർദ്രപ്രിയം അനുകരിക്കാൻ കഠിനമായി യത്‌നിക്കുന്ന സ്‌നേഹനിധികളായ അത്തരം കീഴിടയന്മാരോടു നാം മനസാ സഹകരിക്കേണ്ടതല്ലേ?​—⁠എബ്രായർ 13:⁠20.

13. മേൽവിചാരകന്മാരും എല്ലാ ക്രിസ്‌ത്യാനികളും ആരോട്‌, ഏതുവിധങ്ങളിൽ കണക്കുബോധിപ്പിക്കേണ്ടവരാണ്‌?

13 “കണക്കു ബോധിപ്പിക്കേണ്ടുന്ന”വർ എന്നനിലയിൽ മേൽവിചാരകന്മാർ നമുക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു എന്നതാണ്‌ അവരോടു മനസാ സഹകരിക്കേണ്ടതിന്റെ മൂന്നാമത്തെ കാരണം. സ്വർഗീയ ഇടയന്മാരായ യഹോവയാം ദൈവത്തിന്റെയും യേശുക്രിസ്‌തുവിന്റെയും മാർഗനിർദേശത്തിനു ചേർച്ചയിൽ സേവിക്കുന്ന കീഴിടയന്മാരാണു തങ്ങളെന്നു മേൽവിചാരകന്മാർ ഓർക്കുന്നു. (യെഹെസ്‌കേൽ 34:22-24) യഹോവയാണ്‌ ആട്ടിൻകൂട്ടത്തിന്റെ യജമാനൻ. “സ്വന്തം പുത്രന്റെ രക്തത്താൽ വിലയ്‌ക്കു വാങ്ങിയിരിക്കുന്ന” ആ ആട്ടിൻകൂട്ടത്തോടു നിയമിത മേൽവിചാരകന്മാർ എങ്ങനെ പെരുമാറുന്നു എന്നതിൽ അവൻ അവരോടു കണക്കുചോദിക്കും​—⁠അവർ “ആർദ്രതയോടെ” പെരുമാറാൻ അവൻ പ്രതീക്ഷിക്കുന്നു. (പ്രവൃത്തികൾ 20:28, 29, NW) അതുകൊണ്ട്‌ മേൽവിചാരകന്മാരിലൂടെ യഹോവ നൽകുന്ന മാർഗനിർദേശത്തോട്‌ എങ്ങനെ പ്രതികരിക്കുന്നു എന്നതിൽ നാമെല്ലാവരും അവനോടു കണക്കുബോധിപ്പിക്കേണ്ടവരാണ്‌. (റോമർ 14:10-12) സഭയുടെ ശിരസ്സായ ക്രിസ്‌തുവിനോടുള്ള നമ്മുടെ കീഴ്‌പെടലിന്റെ തെളിവുകൂടിയാണ്‌ നിയമിത മൂപ്പന്മാരോടു നാം പ്രകടമാക്കുന്ന അനുസരണം.​—⁠കൊലൊസ്സ്യർ 2:⁠19.

14. മൂപ്പന്മാർ “ഞരങ്ങി”ക്കൊണ്ട്‌ സേവനമനുഷ്‌ഠിക്കാൻ എന്ത്‌ ഇടയാക്കിയേക്കാം, അതിന്റെ ഫലമെന്തായിരിക്കും?

14 ക്രിസ്‌തീയ മേൽവിചാരകന്മാർക്കു നാം താഴ്‌മയോടെ കീഴ്‌പെട്ടിരിക്കേണ്ടതിന്റെ നാലാമത്തെ കാരണം പൗലൊസിന്റെ പിൻവരുന്ന വാക്കുകളിൽ കാണാൻ കഴിയും: “ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‌വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല.” (എബ്രായർ 13:17) പഠിപ്പിക്കൽ, ഇടയവേല, പ്രസംഗവേലയിലെ നേതൃത്വം, കുടുംബത്തിന്റെ പരിപാലനം, സഭയിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനാൽ മൂപ്പന്മാരുടെ ചുമട്‌ തീർച്ചയായും ഘനമേറിയതാണ്‌. (2 കൊരിന്ത്യർ 11:28, 29) സഹകരിക്കാതിരുന്നാൽ നാം അവരുടെ ഭാരം കൂട്ടുകയേയുള്ളൂ. അവർ കാര്യങ്ങൾ “ഞരങ്ങി”ക്കൊണ്ടു ചെയ്യാൻ അതിടയാക്കും. നിസ്സഹകരണ മനോഭാവം യഹോവയ്‌ക്കു പ്രസാദകരമല്ല, അതു നമുക്കു ഹാനികരവുമാണ്‌. നേരെമറിച്ച്‌ അർഹമായ ആദരവും സഹകരണവും നാം പ്രകടമാക്കുമ്പോൾ ഉത്തരവാദിത്വങ്ങൾ സസന്തോഷം നിറവേറ്റാൻ മൂപ്പന്മാർക്കു കഴിയും. രാജ്യപ്രസംഗവേലയിലെ സന്തോഷത്തിനും ഐക്യത്തിനും അതു സംഭാവനചെയ്യും.​—⁠റോമർ 15:5, 6.

കീഴ്‌പെടൽ പ്രകടമാക്കാനാകുന്ന വിധങ്ങൾ

15. അനുസരണവും കീഴ്‌പെടലും പ്രകടമാക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

15 നിയമിത മേൽവിചാരകന്മാരോടു സഹകരിക്കാൻ കഴിയുന്ന പ്രായോഗികമായ പല വഴികളുമുണ്ട്‌. പ്രദേശത്ത്‌ സംജാതമാകുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്‌ വയൽസേവന യോഗങ്ങളുടെ ദിവസത്തിനോ സമയത്തിനോ മൂപ്പന്മാർ വരുത്തുന്ന മാറ്റം നമ്മുടെ പട്ടികയിൽ പൊരുത്തപ്പെടുത്തൽ ആവശ്യമാക്കിത്തീർക്കുന്നുവോ? അത്തരം ക്രമീകരണങ്ങൾക്കു പിന്തുണ നൽകാൻ നമുക്ക്‌ ആത്മാർഥമായി ശ്രമിക്കാം. അപ്രതീക്ഷിതമായ അനുഗ്രഹങ്ങൾ നമുക്ക്‌ അതിലൂടെ ലഭിച്ചേക്കാം. സേവന മേൽവിചാരകൻ സഭാപുസ്‌തകാധ്യയന കൂട്ടത്തെ സന്ദർശിക്കാനിരിക്കുകയാണോ? ആണെങ്കിൽ ആ ആഴ്‌ചയിലെ പ്രസംഗവേലയിൽ കഴിവിന്റെ പരമാവധി പങ്കുചേരാൻ ശ്രമിക്കുക. അതുപോലെ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ നിയമനം ലഭിക്കുമ്പോൾ, യോഗം മുടക്കാതിരിക്കാനും നിയമനം നടത്താനും നാം പരിശ്രമിക്കണം. രാജ്യഹാൾ ശുചിയാക്കുന്നതിനുള്ള പുസ്‌തകാധ്യയന കൂട്ടത്തിന്റെ ഊഴം എത്തിയെന്ന്‌ പുസ്‌തകാധ്യയന മേൽവിചാരകൻ നമ്മെ അറിയിച്ചിരിക്കുന്നുവോ? ആരോഗ്യം അനുവദിക്കുന്നതുപോലെ നമുക്ക്‌ അദ്ദേഹത്തെ പൂർണമായി പിന്തുണയ്‌ക്കാം. ഇതുപോലുള്ള പലവിധങ്ങളിൽ, ആട്ടിൻകൂട്ടത്തിന്റെ സംരക്ഷണാർഥം യഹോവയും അവന്റെ പുത്രനും നിയമിച്ചിരിക്കുന്ന പുരുഷന്മാരോടു കീഴ്‌പെടൽ പ്രകടമാക്കാൻ നമുക്കു കഴിയും.

16. മാർഗനിർദേശത്തിനു ചേർച്ചയിൽ ഒരു മൂപ്പൻ പ്രവർത്തിക്കാത്തപക്ഷം അതു നാം മത്സരിക്കുന്നതിനുള്ള ന്യായീകരണം ആയിരിക്കുന്നില്ലാത്തത്‌ എന്തുകൊണ്ട്‌?

16 ചിലപ്പോൾ ഒരു മൂപ്പൻ വിശ്വസ്‌ത അടിമവർഗത്തിന്റെയും അതിന്റെ ഭരണസംഘത്തിന്റെയും മാർഗനിർദേശത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടേക്കാം. ആ രീതി തുടർന്നാൽ അദ്ദേഹം നമ്മുടെ “ആത്മാക്കളുടെ ഇടയനും അദ്ധ്യക്ഷനുമായ” യഹോവയോടു കണക്കുബോധിപ്പിക്കേണ്ടിവരും. (1 പത്രൊസ്‌ 2:25) എന്നിരുന്നാലും മൂപ്പന്മാരുടെ ഭാഗത്തെ ഏതെങ്കിലും തെറ്റുകളോ കുറവുകളോ നാം അവർക്കു കീഴ്‌പെടാതിരിക്കാനുള്ള ന്യായീകരണമായിരിക്കുന്നില്ല. അനുസരണക്കേടും മത്സരവും യഹോവയുടെ അനുഗ്രഹം കൈവരുത്തുകയില്ല.—സംഖ്യാപുസ്‌തകം 12:1, 2, 9-11.

സന്മനസ്സോടെ സഹകരിക്കുന്നവരെ യഹോവ അനുഗ്രഹിക്കുന്നു

17. മേൽവിചാരകന്മാരോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം?

17 മേൽവിചാരകന്മാരായി താൻ നിയമിച്ചിട്ടുള്ള പുരുഷന്മാർ അപൂർണരാണെന്നു യഹോവയ്‌ക്കറിയാം. എങ്കിലും അവൻ അവരെ ഉപയോഗിക്കുന്നു, പരിശുദ്ധാത്മാവിനാൽ ഭൂമിയിലുള്ള തന്റെ ജനത്തെ മേയ്‌ക്കുകയും ചെയ്യുന്നു. 2 കൊരിന്ത്യർ 4:​7-ലെ വാക്കുകൾ നമ്മുടെ എല്ലാവരുടെയും കാര്യത്തിലെന്നപോലെ മൂപ്പന്മാരുടെ കാര്യത്തിലും സത്യമാണ്‌. ‘അത്യന്തശക്തി നമ്മുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ’ എന്ന്‌ അതു പറയുന്നു. അതുകൊണ്ട്‌ വിശ്വസ്‌തരായ നമ്മുടെ മേൽവിചാരകന്മാരിലൂടെ യഹോവ നിറവേറ്റിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾക്കായി നാം അവനോടു നന്ദിയുള്ളവരായിരിക്കുകയും ആ മേൽവിചാരകന്മാരോടു മനസാ സഹകരിക്കുകയും ചെയ്യേണ്ടതുണ്ട്‌.

18. മേൽവിചാരകന്മാർക്കു കീഴ്‌പെടുമ്പോൾ ഫലത്തിൽ നാം എന്താണു ചെയ്യുന്നത്‌?

18 ഈ അന്ത്യനാളുകളിൽ തന്റെ ആട്ടിൻകൂട്ടത്തിന്മേൽ നിയമിക്കപ്പെടുന്ന ഇടയന്മാരെക്കുറിച്ചുള്ള യഹോവയുടെ പ്രതീക്ഷകൾക്കു ചേർച്ചയിൽ ജീവിക്കാൻ മേൽവിചാരകന്മാർ സകല ശ്രമവും ചെയ്യുന്നു. യിരെമ്യാവു 3:​15-ൽ യഹോവ അവരെ ഇങ്ങനെ വർണിച്ചിരിക്കുന്നു: “ഞാൻ നിങ്ങൾക്കു എന്റെ മനസ്സിന്നൊത്ത ഇടയന്മാരെ നല്‌കും; അവർ നിങ്ങളെ ജ്ഞാനത്തോടും ബുദ്ധിയോടും കൂടെ മേയിക്കും.” യഹോവയുടെ ആട്ടിൻകൂട്ടത്തെ പ്രബോധിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്‌തുകൊണ്ട്‌ മൂപ്പന്മാർ നിർവഹിക്കുന്ന വേല നിശ്ചയമായും അഭിനന്ദനാർഹമാണ്‌. മനസ്സോടെയുള്ള സഹകരണത്താലും അനുസരണത്താലും കീഴ്‌പെടലിനാലും അവരുടെ കഠിനാധ്വാനത്തോടുള്ള വിലമതിപ്പു നമുക്കു തുടർന്നും പ്രകടമാക്കാം. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ സ്വർഗീയ ഇടയന്മാരായ യഹോവയാം ദൈവത്തോടും യേശുക്രിസ്‌തുവിനോടുമുള്ള വിലമതിപ്പു പ്രകടിപ്പിക്കുകയായിരിക്കും നാം ചെയ്യുന്നത്‌.

പുനരവലോകനം

• യഹോവയും യേശുക്രിസ്‌തുവും സ്‌നേഹമുള്ള ഇടയന്മാരാണെന്നു തെളിയിച്ചിരിക്കുന്നത്‌ എങ്ങനെ?

• അനുസരണത്തിനു പുറമേ കീഴ്‌പെടലും ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• പ്രായോഗികമായ ഏതു വിധങ്ങളിൽ കീഴ്‌പെടൽ പ്രകടമാക്കാൻ നമുക്കു കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[27-ാം പേജിലെ ചിത്രം]

ക്രിസ്‌തീയ മൂപ്പന്മാർ ക്രിസ്‌തുവിന്റെ നേതൃത്വത്തിനു കീഴ്‌പെടുന്നു

[29-ാം പേജിലെ ചിത്രങ്ങൾ]

യഹോവയുടെ നിയമിത ഇടയന്മാരോടു പലവിധങ്ങളിൽ കീഴ്‌പെടൽ പ്രകടമാക്കാൻ നമുക്കു കഴിയും